scorecardresearch
Latest News

നെഞ്ചിലൂടെ കയറിയിറങ്ങട്ടെ വികസനം!

“കമ്യൂണിസത്തിന്റെ എ ബി സി ഡി അറിയാത്ത, മാനവികതയിൽ വിശ്വാസമില്ലാത്ത അഭിനവ കമ്യൂണിസ്റ്റുകളാണ് പിണറായി വിജയനും കൂട്ടുസംഘവും. അവർ തെരുവിൽ മനുഷ്യനെ ചവിട്ടിക്കൂട്ടും. നാട്ടുകാരുടെ നെഞ്ചത്തുകൂടി പൊലീസിനെ കയറ്റിയിറക്കും. പ്രശ്‌നങ്ങളെ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ, താൻപോരിമയിൽ മാത്രം ഊന്നി പ്രവർത്തിക്കും. അവർക്കെന്ത് മനസ്സാക്ഷി, എന്ത് മനുഷ്യത്വം, എന്ത് ജനത! അധികാരം അവരെ അന്ധരാക്കിയിരിക്കുന്നു!”

puthuvyp, ioc plant, pinarayi vijayan

ചില ദൃശ്യങ്ങൾ നമ്മുടെ ഞരമ്പുകൾ വരിഞ്ഞുമുറുക്കും. ഉറക്കം കെടുത്തും. ഒരു വയസ്സുപോലുമാകാത്ത, മുലകുടി മാറാത്ത കുഞ്ഞിനെ അമ്മയിൽ നിന്ന് വലിച്ചെടുത്ത് പൊലീസ് ജീപ്പു ലക്ഷ്യമാക്കി നീങ്ങുന്ന ആ പൊലീസുകാരിയും അവർക്കു പിന്നാലെ വാവിട്ടുകരഞ്ഞുകൊണ്ടോടുന്ന ആ അമ്മയും  എന്റെ ഉറക്കം കെടുത്തിയിരുന്നു. എന്തൊരു ക്രൂരതയാണത്. അമ്മയെ പ്രതിഷേധസ്ഥലത്തു നിന്നും നീക്കാൻ കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിപ്പറിക്കുക! ഏത് അമ്മ സഹിക്കും അത്? തീർന്നില്ല. സമാധാനപരമായി ന്യായമായ ഒരാവശ്യത്തിനുവേണ്ടി പ്രതിഷേധിക്കുന്ന നാട്ടുകാർക്കുനേരെ പൊലീസ് അതിമൃഗീയമായ പീഡനം അഴിച്ചുവിടുന്ന കാഴ്ചയും കണ്ടു ഇന്നു ടെലിവിഷനിൽ.

വികസന നായകനാകാൻ ഉമ്മൻ ചാണ്ടിക്കുള്ള പഠനത്തിലാണ് പിണറായി വിജയൻ. പണക്കാരനു വേണ്ടി അലൈൻമെന്റുകൾ പോലും മാറ്റിവരയ്ക്കാൻ തയാറാകുന്ന ഭരണകൂടം പാവപ്പെട്ടവന്റെ കാര്യം വരുമ്പോൾ അവന്റെ സുരക്ഷിതത്വ ഭീതി അകറ്റാൻ പോലും തയാറാകാതെ അവനെ തെരുവിൽ ചവിട്ടി മെതിക്കും. അവന്റെ ചോര തെരുവിൽ ഒഴുക്കും. യക്ഷിയുടെ കൈയിൽ ബ്ലഡ് ബാങ്കിന്റെ ചുമതല ഏൽപിച്ചപോലുള്ള വികസനമാണ് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടംവലം നോക്കാതെ രക്തം ഊറ്റിക്കൊണ്ടേയിരിക്കും. നാടിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വരുത്തിത്തീർക്കുകയും സ്വന്തം പള്ള വീർപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വികസനത്തിന്റെ പേരിൽ ആണയിടുന്ന എല്ലാ തട്ടിപ്പുകാരുടേയും സ്ഥിരം രീതിശാസ്ത്രമാണ്. വൈദ്യുതിക്ഷാമമെന്ന കാരണം ഉയർത്തിക്കാട്ടിക്കൊണ്ട് അതിരപ്പിള്ളി അണക്കെട്ടിനു വേണ്ടി അധികാരത്തിലെത്തിയ ഉടനെ തന്നെ വാദിക്കാൻ രംഗത്തിറങ്ങിയ പിണറായി വിജയനിൽ അത്തരം രീതിശാസ്ത്രങ്ങൾ നാം കാണാതെ പോകരുത്.

ന്യായമായ ഒരു സമരമാണ് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ നാട്ടുകാർ നടത്തുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള കടൽത്തീരത്തെ ഭൂമിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വലിയ എണ്ണ സംഭരണികൾ സ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് അഞ്ചു വർഷങ്ങൾക്കു മുമ്പ് പ്രശ്‌നങ്ങളുടെ തുടക്കം. കടൽത്തിരമാലകൾ ആഞ്ഞടിക്കുന്ന പ്രദേശത്തു നിന്നും 500 മീറ്റർ അകലെയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും സംഭരണശേഷി കൂടിയ ടാങ്കുകൾ മണ്ണിനടിയിൽ സ്ഥാപിക്കുന്നതെന്നു കാട്ടി അവർ പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഹൈ ടൈഡ് ലൈനിൽ നിന്നും 200 മീറ്റർ അകലെ നിർമ്മാണം നടത്തിക്കോളാൻ തീരദേശ പരിപാലന അതോറിട്ടിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അംഗീകാരം നൽകുകയും ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങൾ പിന്നീടാണ് നാട്ടുകാർ കണ്ടത്. കനത്ത തിരമാലകൾ വന്നിടിക്കുന്ന ഇന്റർ ടൈഡൽ സോണിലാണ് നിർമ്മാണം നടക്കുന്നതെന്ന് ബോധ്യപ്പെട്ട നാട്ടുകാർ അതിന്റെ അപകടാവസ്ഥ ആദ്യം അധികൃതരെ ധരിപ്പിക്കാൻ ആവത് ശ്രമിച്ചു. പുതുവൈപ്പ് സന്ദർശിച്ചിട്ടുള്ളവർക്ക് അവിടെ കടലെടുത്ത് പോയിക്കൊണ്ടിരിക്കുന്ന തീരത്താണ് ഇപ്പോൾ ഐ ഒ സി പ്ലാന്റ് നിർമ്മിക്കുന്നതെന്ന് മനസ്സിലാകും. വർഷത്തിൽ മൂന്നു മീറ്റർ വരെയെങ്കിലും കടെലടുത്ത പോകുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഐ ഒ സി അത് കണക്കിലെടുക്കാതെ നിർമ്മാണം തുടർന്നു. ഈ ടാങ്കുകൾ ഇരിക്കുന്ന സ്ഥലത്തിന് 10 മീറ്റർ അകലെ കെട്ടിയിരുന്ന സംരക്ഷണഭിത്തി പോലും ഇപ്പോൾ കടലെടുക്കുന്നവിധം തിരമാലകൾ ആഞ്ഞടിക്കുകയാണ്. ഇതേ തുടർന്ന് ഭീതിയിലായ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളാണ് തങ്ങളുടെ ജീവനും സ്വത്തിനും ഈ ഇന്ധന ടാങ്ക് അപകടമുണ്ടാക്കുമെന്ന് ഭയന്ന് കോടതിയെ സമീപിച്ചത്. അനുമതി നൽകിയ പോലെ നിർമ്മാണം നടത്തിക്കോളാൻ ഐ ഒ സിക്ക് ഹൈക്കോടതി അനുമതി നൽകിയെങ്കിലും നാട്ടുകാർ തീരദേശപരിപാലന നിയമത്തിന്റെ ലംഘനവും ഒളിഞ്ഞിരിക്കുന്ന ദുരന്ത സാധ്യതയും ഹരിത ട്രിബ്യൂണലിനെ ബോധ്യപ്പെടുത്തി. ആദ്യം നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട ട്രിബ്യൂണൽ പിന്നീട് ഹൈ ടൈഡ് ലൈനിൽ നിന്നും 200 മീറ്റർ വിട്ടുള്ള നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു. എന്നാൽ കോടതി നിയോഗിച്ച പ്രതിനിധി സംഘത്തിന്റെ അന്വേഷണത്തിൽ ഐ ഒ സി പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിച്ചതായി സമിതി കണ്ടെത്തി. അഞ്ചു വർഷം മുമ്പ് നൽകിയ അനുമതിയിൽ തിരുത്തലുകൾ സമിതി ആവശ്യപ്പെട്ടെങ്കിലും തിരുത്തലുകൾ ഇനിയും ഉണ്ടായിട്ടില്ല. ‘കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ നാലിനു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സമരസമിതിയുമായി ചർച്ച നടത്തിയത്. ജൂലൈ നാലു വരെ കാക്കാതെ പൊലീസിനോട് സമരക്കാരെ നേരിടാൻ ഉത്തരവ് നൽകുകയായിരുന്നു മുഖ്യമന്ത്രി എന്നും സമരക്കാർ ആരോപിക്കുന്നു. 300 ഓളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ അനാവശ്യമായി തല്ലിച്ചതച്ചും വലിച്ചിഴച്ചും വൃഷണം തകർത്തും ഒക്കെ ആണ് പൊലീസ് മുഖ്യമന്തിയുടെ ആജ്ഞ നടപ്പാക്കിയത്,’ എളങ്കുന്നപ്പുഴ  പഞ്ചായത്തിനു വേണ്ടി കോടതിയിൽ ഈ വിഷയത്തിൽ ഹാജരാകുന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ എഫ് ബി പോസ്റ്റിൽ പറയുന്നു.

puthuvype, ioc plant, protest, pinarayi vijayan, police atrocity

എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ അനുമതിയോടെയല്ല ഐ ഒ സിയുടെ ഈ ഇന്ധനടാങ്കിന്റെ നിർമ്മാണം. പഞ്ചായത്തിന്റെ അനുമതി ടാങ്കിന്റെ നിർമ്മാണത്തിന് ആവശ്യമില്ലെന്ന നിലപാടാണ് ഐ ഒ സി സ്വീകരിച്ചിട്ടുള്ളത്. ‘കേരളത്തിലെ SEZ ചട്ടങ്ങളിൽപ്പോലും പഞ്ചായത്തീരാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പുതുവൈപ്പെന്നും വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നുമാണ് എളങ്കുന്നപുഴ പഞ്ചായത്തിന്റെ വാദം,’ ഹരീഷ് വാസുദേവൻ പറയുന്നു. അങ്ങനെ നോക്കുമ്പോൾ ജൂലൈ നാലാം തീയതിക്കു കാക്കാതെ, തീർത്തും ജനാധിപത്യവിരുദ്ധമായ രീതിയിൽ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്നവരെ ലാത്തിവീശി അടിച്ചുനിരപ്പാക്കുകയായിരുന്നു പിണറായി വിജയന്റെ സർക്കാർ. പാരിസ്ഥിതിക അനുമതി ലഭിക്കാൻ കമ്പനി അഞ്ചു വർഷം മുമ്പ് നൽകിയ രേഖകളുടെ സ്ഥാനത്ത്, ഇപ്പോൾ സംരക്ഷണഭിത്തിയെപ്പോലും അപകടത്തിലാക്കുംവിധം കടൽ തീരമാലകൾ ആഞ്ഞടിക്കുന്നുണ്ടെങ്കിൽ അത് അപകടകരമായ ഒരു സ്ഥിതിവിശേഷത്തിനിടയാക്കുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നതിനെ കുറ്റം പറയാനാവില്ല. നാട്ടുകാരുടെ ഭീതി അകറ്റാൻ എത്രത്തോളം സുരക്ഷിതമായാണ് ഈ ടാങ്കുകൾ നിർമ്മിക്കുന്നതെന്നും അപകട സാധ്യത ഇല്ലെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട സർക്കാരിനു നേതൃത്വം നൽകുന്നയാൾ എന്ന നിലയിൽ പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം സമരം അടിച്ചമർത്താൻ പൊലീസ് മർദ്ദനമുറകൾ സ്വന്തം നാട്ടുകാർക്കുമേൽ വർഷിച്ച വിജയന്റെ സമീപനം അതീവ പ്രതിഷേധാർഹമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ജൂലൈ നാലാം തീയതി വരെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് പറഞ്ഞിരുന്ന സർക്കാർ എന്തുകൊണ്ടാണ് ഐ ഒ സിക്ക് അതിനുമുമ്പ് നിർമ്മാണ പ്രവർത്തനം നടത്താൻ അംഗീകാരം നൽകിയത്?

വികസനത്തിന്റെ കാര്യത്തിൽ പലരോടും പല നയമാണ് സർക്കാരിന്റേത്. ടൂറിസം പ്രശ്നം പറഞ്ഞ് ബാർ മുതലാളിമാരോട് സ്‌നേഹനയം. മൂന്നാറിലെ കൈയേറ്റക്കാരോട് പ്രണയ തീവ്രത. മാള്  മുതലാളിക്ക് സ്വയം വികസിക്കാൻ എത്ര വേണമെങ്കിലും സർക്കാർ ഭൂമി നൽകാൻ സദാ സന്നദ്ധത. ലോ അക്കാദമിയിലെ അനധികൃത ഭൂമിയുടേയും കൈയേറ്റത്തിന്റേയും കാര്യത്തിൽ ഞാനൊന്നുമറിഞ്ഞില്ല എന്ന നിലപാട്.  ദേശീയപാത 45 മീറ്ററിൽ വീതി കൂട്ടാൻ തീരുമാനിക്കുമ്പോൾ നഷ്ടപരിഹാരക്കണക്കുകൾ വ്യക്തമാക്കാതെയും പുനരധിവാസകാര്യം പറയാതെയും വികസനം, വികസനം എന്ന മന്ത്രണം. ഒരു ഭരണാധികാരിക്ക് പ്രാഥമികമായി ഉത്തരവാദിത്തം അയാളുടെ ജനതയോടാകണം, പണത്തിനോടാകരുത്, പാർട്ടിക്ക് ലഭിക്കാനിരിക്കുന്ന ഫണ്ടുകളോടാകരുത്. പിണറായി വിജയൻ എന്ന നേതാവ് വികസന നായകനാകാൻ ഉമ്മൻ ചാണ്ടിക്കു പഠിക്കുമ്പോൾ മറന്നുപോകുന്നത് അതെല്ലാമാണ്. ആരുടേയും നെഞ്ചിൽ കയറിനിന്നാകരുത് വികസനത്തിനായുള്ള താണ്ഡവമാടേണ്ടത്. അക്കാര്യത്തിൽ പിണറായി വിജയൻ ഇ ശ്രീധരനെ കണ്ടുപഠിക്കേണ്ടതുണ്ട്. മനുഷ്യത്വമുള്ള വികസനം എങ്ങനെയാണ് സാധ്യമാക്കുന്നതെന്ന് കൊങ്കൺ റെയിൽ പാത പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് കാട്ടിക്കൊടുത്ത ദേഹമാണ് ശ്രീധരൻ.

Kochi metro, കൊച്ചി മെട്രോ, Kochi metro rail, കൊച്ചി മെട്രോ റയിൽ, union cabinet removed names, കേന്ദ്ര സർക്കാർ പേരുകൾ തിരുത്തി

ഇ ശ്രീധരൻ എന്ന ഒരു ഉദ്യോഗസ്ഥനു കീഴിൽ, രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ, ജനങ്ങളുടെ പ്രശ്നങ്ങളെ രമ്യമായി പരിഹരിച്ച് കൊങ്കൺ റെയിൽവേ പാത യാഥാർത്ഥ്യമായ കഥ ഇവിടെ ഓർമ്മിപ്പിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. സഹ്യപർവതത്തെ പകുത്തുകൊണ്ട് കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത, കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് യാഥാർത്ഥ്യമായത്.  തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച് ഏഴു വർഷത്തിനുള്ളിൽ 760 കിലോമീറ്റർ നീളത്തിൽ ദുർഘടയിടങ്ങളിലൂടെയാണ് ഈ പാത നീങ്ങിയത്. കൊങ്കൺ റെയിൽവേയ്ക്ക് എതിർപ്പുകൾ അനവധിയുണ്ടായിരുന്നു. ഈ പാതയ്ക്കുവേണ്ടി മൊത്തം ഏറ്റെടുത്തത് 4850 ഹെക്ടർ ഭൂമിയായിരുന്നു. 43,000 കുടുംബങ്ങളെയാണ് പദ്ധതി പ്രദേശത്തു നിന്നും ഒഴിപ്പിക്കേണ്ടതായി വന്നത്. പക്ഷേ മാനുഷിക പരിഗണനകൾ പൂർണമായും പാലിച്ചുകൊണ്ടുള്ള കുടിയിറക്കലിനാണ് ശ്രീധരൻ നേതൃത്വം നൽകിയത്. ജെ സി ബി ഉപയോഗിച്ച് ആരുടേയും വീടുകൾ അദ്ദേഹം തച്ചു തകർത്തില്ല,. 144 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനായി മാത്രം മാറ്റിവച്ചു. പുതിയ സ്ഥലത്ത് വീടുവയ്ക്കുന്നതു വരെയുള്ള ഒന്നര വർഷക്കാലത്തേക്ക് അവർക്ക് താൽക്കാലിക വാസകേന്ദ്രത്തിൽ തുടരാനാവശ്യമായ ചെലവ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നൽകുമെന്ന് വാഗ്ദാനം നൽകി. കെട്ടിടങ്ങൾ സ്വയം പൊളിക്കാനും അവയിൽ നിന്നും ആവശ്യമായ വസ്തുക്കൾ എടുക്കാനും ഇഷ്ടികയും ജനാലകളും ഓടുമടക്കം എല്ലാം മറ്റൊരിടത്തേക്ക് മാറ്റാൻ അവരെ സഹായിക്കുകയും ചെയ്തു കൊങ്കൺ റെയിൽവേ കോർപ്പറേഷൻ.  ഗോവയിൽ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുണ്ടായപ്പോൾ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി. നാട്ടുകാർക്ക് കിണറുകൾ മുതൽ ശ്മശാനം വരെ പണിതു നൽകി. ഇത്തരമൊരു മാതൃക നിലവിലുള്ള രാജ്യത്താണ് സ്ഥലമേറ്റടുക്കൽ ഇന്നും ഒരു ഭരണകൂട ഭീകരതയായി തുടരുന്നത്.

പുതിയ കാലത്തിൽ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറത്ത് വികസനവാദം എങ്ങനെ എല്ലാവരേയും ഒരുമിപ്പിക്കുന്ന ശക്തിയായി മാറുമെന്നും അതിലൂടെ വോട്ട് സമാഹരിക്കാമെന്നും രാഷ്ട്രീയക്കാർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ പ്രയോഗികതലത്തിൽ വികസനം എങ്ങനെയാണ് പ്രാവർത്തികമാകുന്നതെന്ന് പരിശോധിക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും. നാടിന്റെ വികസനത്തിന്റെ പേരിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ സമൂഹവും കരാറുകാരും കൊഴുത്തു വികസിക്കുകയെന്നൊരു അർത്ഥം ഇന്ത്യയിലെ ഏതൊരു വികസനപദ്ധതിക്കു പിന്നിലുമുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ഏതൊരു വികസനപദ്ധതിയിൽ നിന്നും എങ്ങനെ വിദഗ്ധമായി തങ്ങൾക്കും പാർട്ടിക്കും പണമുണ്ടാക്കാമെന്നാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഉറ്റുനോക്കുന്നത്. ഇവർ തമ്മിൽ രഹസ്യബാന്ധവം ഉടലെടുക്കുന്നതോടെ കാര്യങ്ങൾ കുറെക്കൂടി സങ്കീർണമാകുന്നു. ചില കരാറുകാർക്ക് ടെൻഡർ ലഭിക്കുന്നതിനായി നിലകൊള്ളുന്നതിനായി അവർ ബോർഡുകളിൽ തങ്ങളുടെ ആൾക്കാരെ നോമിനേറ്റ് ചെയ്യുന്നു, ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചിലർക്കായി പാതകളുടെ പോലും അലൈൻമെന്റുകൾ മാറ്റി വൻ തുകകൾ കൈക്കൂലിയായി നേടിയെടുക്കുന്നു, വിവിധ ബോർഡുകളിലേക്ക് അനധികൃത നിയമനങ്ങൾ നടത്തുന്നതു വഴി പരമാവധി പണം സമാഹരിക്കുന്നു. എന്തിന്, അഴിമതിവിരുദ്ധരായ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന വമ്പൻ കോർപ്പറേഷനുകളിവൽ പോലും ഈ വിധത്തിൽ അഴിമതി നടത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കൊങ്കൺ പാതയുടെ നിർമ്മാണഘട്ടത്തിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ ശ്രീധരന്റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ജാഫർ ഷെറീഫ് പോലും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കൊങ്കണിൽ തന്റെ ചാർച്ചക്കാർക്ക് കരാർ ലഭിക്കുന്നതിനായി കൊങ്കൺ റെയിൽവേ ബോർഡിലേക്ക് മൂന്നു ഡയറക്ടർമാരെ തിരുകിക്കയറ്റാനും അതുവഴി ആദ്യം നൽകിയ ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ അനുവദിപ്പിക്കാനും ജാഫർ ഷെരീഫ് ശ്രമിച്ച കഥ നാട്ടിൽ പാട്ടാണ്. ശ്രീധരന്റെ ബുദ്ധിപൂർവമായ നീക്കമാണ് ജാഫറിന്റെ പദ്ധതി അന്ന് അട്ടിമറിച്ചത്.

വികസനത്തിന്റെ ബലിയാടുകളാൻ നാട്ടുകാർ വിധിക്കപ്പെടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് തുടങ്ങുന്നു അത്. വമ്പൻ വ്യവസായ പദ്ധതികളോടും വലിയ അണക്കെട്ടുകളോടും വലിയ കമ്പമുണ്ടായിരുന്നു നെഹ്രുവിനെ സംബന്ധിച്ചിടത്തോളം ആധുനിക ഇന്ത്യയുടെ പിറവിക്ക് അനിവാര്യമായ ഒന്നായിരുന്നു ഇത്തരത്തിലുള്ള വികസനം. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകളെന്ന് വിശ്വസിച്ച അദ്ദേഹം ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്തു തന്നെ പഞ്ചാബിലെ ഭക്രാനംഗലിനും ഒറീസ്സയിലെ ഹിരാക്കുഡിനും ആന്ധ്രയിലെ നാഗാർജുന സാഗർ ഡാമിനുമൊക്കെ തുടക്കമിട്ടു. അന്നത്തെ നെഹ്രൂവീയൻ കാഴ്ചപ്പാടിന് ഏറെ പിന്തുണയുമുണ്ടായിരുന്നു. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതത്തെപ്പറ്റിയൊന്നും അക്കാലത്ത് ഇന്ത്യ ചിന്തിച്ചിരുന്നില്ല. വലിയ കൽക്കരി ഖനികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോഴും വ്യവസായ സംരംഭങ്ങൾക്കായി ടൗൺഷിപ്പുകൾ പണിയുമ്പോഴും അവിടെ നിന്നും കുടിയിറക്കപ്പെടുന്ന സാധാരണക്കാർ എങ്ങോട്ടു പോകുന്നുവെന്നോ അവർക്ക് എന്ത് നഷ്ടപരിഹാരം ലഭിച്ചുവെന്നോ ചിന്തിക്കാൻ അന്നെന്നും ആരുമുണ്ടായിരുന്നില്ല. കാരണം വികസനമായിരുന്നു എല്ലാവരുടേയും ചിന്ത. 1958 ആയപ്പോൽ തന്നെ പക്ഷേ സോഷ്യലിസം മനസ്സിൽ കൊണ്ടുനടന്നിരുന്ന നെഹ്രുവിന്റെ ചിന്തകളിൽ മാറ്റങ്ങളുണ്ടായിത്തുടങ്ങിയിരുന്നു. ആത്യന്തികമായി നെഹ്രു മനുഷ്യനിലും മനുഷ്യനന്മയിലും വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നതാണ് ആ മാറ്റത്തിനു കാരണമായി മാറിയത്. പദ്ധതി പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ച അദ്ദേഹം കുടിയിറക്കപ്പെട്ടവരുടെ ദുരിതങ്ങൾ നേരിട്ടുകണ്ടറിഞ്ഞു. വലിയ പദ്ധതികൾ വലിയ അഴിമതികളുടെ വിളനിലമായി മാറുന്നതും പ്രഖ്യാപിതലക്ഷ്യങ്ങൾ അവ കൊണ്ട് സാധ്യമാകുന്നില്ലെന്നും തിരിച്ചറിഞ്ഞ അദ്ദേഹം 1958ൽ നടത്തിയ ഒരു പ്രസംഗത്തിൽ തന്റെ വ്യഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ”’അരഡസൺ സ്ഥലങ്ങളിലുള്ള ഒരു ഡസനോളം വരുന്ന വലിയ പദ്ധതികളേക്കാൾ ഇന്ത്യയ്ക്കാവശ്യം ചെറിയ ജലസേചനപദ്ധതികളും ചെറിയ വ്യവസായങ്ങളും ചെറിയ ജലവൈദ്യുതി പദ്ധതികളുമാണെന്ന്”’ അദ്ദേഹം പറഞ്ഞു. സോഷ്യലിസത്തിന്റെ അടിത്തറ മാനവികതയിലാണെന്നും മനുഷ്യനെ കുരുതി കഴിക്കുന്ന വികസനത്തിലല്ലെന്നും തിരിച്ചറിഞ്ഞതാണ് നെഹ്രൂവിയൻ സോഷ്യലിസമെന്ന ചിന്താധാര പോലും ഇന്ത്യയിലുണ്ടാകാൻ കാരണം.

puthuvype, protest, police atrocity, pinarayi vijayan
പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പുതുവൈപ്പിലെ പുതു തലമുറ നടത്തിയ പ്രതിഷേധം നവമാധ്യമങ്ങളിൽ വൈറലായ ചിത്രം: ഫൊട്ടോ കടപ്പാട്: ഫെയ്‌സ് ബുക്ക്

പൊതുവികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതവും സ്വപ്നങ്ങളും തച്ചുതകർക്കപ്പെട്ടെങ്കിലും വികസനഭ്രാന്ത് പിടിച്ച ഭരണകൂടം കള്ള പാക്കേജുകൾ വാഗ്ദാനം നൽകി വഞ്ചനകൾ തുടർന്നുകൊണ്ടേയിരിക്കുന്ന നാടാണ് ഇന്ത്യ. വികസനത്തിന്റെ മറവിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കുന്നതിനും കോർപ്പറേറ്റ് മുതലാളിമാർക്ക് ടോൾക്കൊള്ളയ്ക്ക് ലൈസൻസ് നൽകുന്നതിനുമെതിരെ ഇരകൾ സംഘടിച്ച് രംഗത്തുവന്നതോടെ ജനരോഷം ശമിപ്പിക്കാൻ ”പാക്കേജ്” നടപ്പാക്കാൻ പോകുകയാണെന്ന പ്രഖ്യാപനങ്ങൾ ഭരണകൂടങ്ങൾ നടത്തിത്തുടങ്ങിയത്. ആ പാക്കേജുകളിലെ കള്ളത്തരങ്ങളും വഞ്ചനകളും പിന്നീട് നമുക്ക് ബോധ്യപ്പെട്ടു. മൂലമ്പിള്ളിയടക്കം അതിന്റെ വേദനകൾ ഇന്നും ചുമക്കുകയാണ്. സാധാരണക്കാരന്റെ ജീവിതവും അന്നവും മുട്ടിച്ച്, അവനിൽ ജീവൽ ഭയാശങ്കളുണ്ടാക്കി എന്ത് വികസനമാണ് സർക്കാർ പദ്ധതിയിടുന്നത്? തീർന്നില്ല. പിണറായി വിജയന്റെ വികസന പ്രഖ്യാപനങ്ങൾ കഴിഞ്ഞ മാസങ്ങളിലൊക്കെ നാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.  45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുമെന്നും അതിനുള്ള എതിർപ്പുകളൊന്നും വകവയ്ക്കില്ലെന്നും എതിർപ്പുകൾ ഉന്നയിക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നുമൊക്കെയാണ് പിണറായി വിജയൻ പറഞ്ഞുനടക്കുന്നത്. തലസ്ഥാനത്ത് സ്വന്തം മൂക്കിനു കീഴിൽ തനിക്കും പാർട്ടിക്കും വേണ്ടപ്പെട്ടവരായ കോലിയക്കോട് സംഘം ലോ അക്കാദമിയ്ക്കായി നൽകിയ ഭൂമി ഹോട്ടലും ഫ്ളാറ്റും ഗസ്റ്റ് ഹൗസുമൊക്കെ നിർമ്മിച്ച് അനധികൃതമായി കൈവശപ്പെടുത്തിയതിനെപ്പറ്റി  അന്വേഷണം പോലും നടത്തില്ലെന്നും ഭൂമി തിരിച്ചെടുക്കില്ലെന്നുമൊക്കെ പ്രസ്താവിച്ച അതേ പിണറായി വിജയൻ തന്നെയാണ് 22 ലക്ഷത്തോളം പേരെ കുടിയിറക്കിക്കൊണ്ട് നിരത്തിന് വീതി കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നതാണ് അതിന്റെ വിരോധാഭാസം. കുടിയിറക്കപ്പെടുന്നവന് ന്യായമായി ലഭിക്കേണ്ട കാര്യമാണ് പകരം ഭൂമിയെന്നു പോലും കമ്യൂണിസത്തിന്റേയും സോഷ്യലിസത്തിന്റേയുമൊക്കെ പ്രയോക്താവാണെന്നു പറഞ്ഞു നടക്കുന്ന പിണറായി വിജയന് അറിയില്ലെന്നതാണ് ദുരന്തം. എന്ത് സോഷ്യലിസമാണ്, എന്ത് കമ്യൂണിസമാണ് പിണറായി വിജയൻ പഠിച്ചിട്ടുള്ളത്? കൊലവിളികളുടേയും കൊടി സുനികളുടേയും ചരിത്രമല്ല, സാധാരണക്കാരന്റെ ജീവിതവ്യഥകളാണ് യഥാർത്ഥത്തിൽ മാനവികതയിൽ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനെ നയിക്കേണ്ടത്.

എന്തുചെയ്യാം. കമ്യൂണിസത്തിന്റെ എ ബി സി ഡി അറിയാത്ത, മാനവികതയിൽ വിശ്വാസമില്ലാത്ത അഭിനവ കമ്യൂണിസ്റ്റുകളാണ്  പിണറായി വിജയനും കൂട്ടുസംഘവും. അവർ സ്വാർത്ഥതയ്ക്കായി തെരുവിൽ മനുഷ്യനെ ചവിട്ടിക്കൂട്ടും. വികസന നായകനാകാൻ നാട്ടുകാരുടെ നെഞ്ചത്തുകൂടി പൊലീസിനെ കയറ്റിയിറക്കും. പ്രശ്‌നങ്ങളെ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ, താൻപോരിമയിൽ മാത്രം ഊന്നി പ്രവർത്തിക്കും. അവർക്കെന്ത് മനസ്സാക്ഷി, എന്ത് മനുഷ്യത്വം, എന്ത് ജനത! അധികാരം അവരെ അന്ധരാക്കിയിരിക്കുന്നു!

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Rising anger against police crackdown on people protesting against lpg import terminal at puthuvypeen j binduraj