Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

സംവരണത്തിന്റെ ലക്ഷ്യം ദാരിദ്രനിർമ്മാർജ്ജനമല്ല

പുലയസമുദായത്തിൽ തന്നെ സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ള കുടുംബത്തിലായിരുന്നിട്ടും അയ്യങ്കാളിയ്ക്ക് വഴി നടക്കാനോ ‌മാന്യമായ വസ്ത്രം ധരിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ ‌സ്വാതന്ത്ര്യമുണ്ടായിരുന്നില്ല

ഈ ഭൂമിയിലെ ജനവാസയോഗ്യമായ ഇടങ്ങളിലെ മനുഷ്യചരിത്രത്തിന്റെ വികാസഘട്ടങ്ങൾ പരിശോധിച്ചാൽ ഗോത്രങ്ങൾ തമ്മിലുള്ള സ്പർദ്ധയും വിവാഹബന്ധനിഷേധങ്ങളുമൊക്കെ വാസ്തവമാണെന്നു കാണാം. സമ്പത്തിന്റെയും അധികാരത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യർക്ക് വേർതിരിവുകളുണ്ടായിരുന്നതായും മനസ്സിലാക്കാം. എന്നാൽ, മനുഷ്യൻ മറ്റൊരു മനുഷ്യനെ കാണാതെയും തൊടാതെയുമിരിക്കുന്ന, വലിയൊരു ശതമാനം ജനത്തെ നൂറ്റാണ്ടുകളോളം പിൻനടത്തത്തിന് വിധേയമാക്കിയ സവിശേഷത ഒരുപക്ഷെ ഇന്ത്യയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറയാം. ജപ്പാനിലെയും, കൊറിയയിലെയും, ആഫ്രിക്കയിലെയും സ്പെയിനിലെയും ചില ചെറുഗോത്രങ്ങളുടെ കാര്യം വിട്ടുകളഞ്ഞതല്ല. വിസ്തൃതി, എണ്ണം എന്നിവയുടെ കണക്കെടുപ്പിൽ അവ നിസ്സാരമായിപ്പോകുന്നതാണ്. മാത്രമല്ല, അവിടെയെല്ലാം ആക്കൂട്ടർ ജനസംഖ്യാപരമായി തുച്ഛശതമാനമായിരുന്നു. വർണ്ണവിവേചനമാകട്ടെ മറ്റൊരു വിഷയമാണ് താനും. ചാതുർവർണ്ണ്യവും ജാതീയതയുമൊക്കെ ‌തൊഴിലടിസ്ഥാനമാക്കിയുള്ള വിഭജനം മാത്രമാണെന്ന മട്ടിൽ നിഷ്ക്കളങ്കത ഭാവിക്കുന്ന ചിലരുടെ അഭിപ്രായങ്ങൾ പല ചർച്ചകളിലും കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ അലക്കുകാരിൽ തന്നെയെങ്ങനെ ‌വെളുത്തേടനും വണ്ണാനുമുണ്ടായി, ഒരു കൂട്ടർ മാത്രമെന്തേ സവർണ്ണരുടെ മാത്രം വസ്ത്രമലക്കിയിരുന്നത് എന്നിങ്ങനെ മറുചോദ്യങ്ങളുന്നയിച്ചാൽ അത്തരക്കാരിൽ നിന്നും മറുപടിയുണ്ടാകാറുമില്ല.

അധികാര-ഉദ്യോഗ-വിദ്യാഭ്യാസ അവസരങ്ങളിൽ നിന്നൊക്കെ നൂറ്റാണ്ടുകളോളം അകന്നു മാറി കഴിയേണ്ടി വന്ന, ആളുകളെ കാണാനോ വഴിയിലിറങ്ങി നടക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന വിഭാഗങ്ങളുടെ അർഹമായ പ്രാതിനിത്യം ഉറപ്പാക്കാനായാണ് സംവരണത്തിൽ തനതായൊരു നിയമനിർമ്മാണവും നിലപാടും സ്വീകരിക്കാൻ ഇന്ത്യൻ ജനാധിപത്യത്തെ പ്രേരിപ്പിച്ചത്. സംവരണം എന്ന ആശയത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിധാരണയാണ് അതിനെ സാമ്പത്തിക നിലയുമായി ബന്ധപ്പെടുത്താൻ ഒരാളെ പ്രേരിപ്പിക്കുന്നത്. സംവരണത്തിന്റെ പ്രാഥമികമായ ലക്ഷ്യം സാമൂഹ്യനീതിയുടെ ഭാഗമായി പ്രാതിനിധ്യത്തിനുള്ള അവസരമൊരുക്കലാണ്. ഇതു കൂടുതൽ മനസ്സിലാക്കാൻ ‌ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം.

പുലയസമുദായത്തിൽ തന്നെ സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ള കുടുംബത്തിലായിരുന്നിട്ടും അയ്യങ്കാളിയ്ക്ക് വഴിനടക്കാനോ ‌മാന്യമായ വസ്ത്രം ധരിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ ‌സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സ്വന്തം പിതാവ് ഇംഗ്ലീഷ് പരിജ്ഞാനമുള്ളയാളും ഈഴവരിൽ തന്നെ പ്രമാണിയായിരുന്നിട്ടും ഡോക്‌ടർ പൽപ്പുവിന് ജോലി നൽകാൻ രാജഭരണം അനുവദിച്ചിരുന്നില്ല. തിരുവിതാംകൂറിൽ രാജാവിനുമാത്രം മോട്ടോർ കാറുണ്ടായിരുന്ന കാലത്ത് സ്വന്തമായി കാറുവാങ്ങാൻ തക്ക സമ്പന്നനായിരുന്നിട്ടും അവർണ്ണർക്കു സഞ്ചാരമനുവദിക്കാത്ത വഴികളിലൂടെ വാഹനത്തിൽ സഞ്ചരിക്കാൻ ആലുമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാറിന് കഴിഞ്ഞിരുന്നില്ല. ഇടയാറന്മുളത്തിൽ പത്തേക്കർ സ്ഥലവും കൃഷിയുമൊക്കെയുള്ള കുടുംബത്തിൽ നിന്നായിരുന്നിട്ടും കുറുമ്പൻ ദൈവത്താന് ‌കുടിപ്പള്ളിക്കൂടത്തിൽ പോകാൻ അനുവാദമുണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, കീഴ്‌ജാതിക്കാരുമായി സമ്പർക്കമുള്ളയാളും ജാതികൊണ്ടു വൈശ്യനായതിനാലും വൈക്കം സത്യാഗ്രഹത്തിന്റെകാര്യം ക്ഷേത്രമേൽക്കോയ്മക്കാരുമായി ചർച്ച ചെയ്യാനെത്തിയ മഹാത്മാഗാന്ധിയ്ക്ക് ഇണ്ടംതുരുത്തി മനയ്ക്കലെ ഉമ്മറത്തിണ്ണയ്ക്കപ്പുറം കടക്കാനായില്ല. ഈ വിധത്തിൽ സാമൂഹമാനസികാവസ്ഥയിൽ നിന്നേൽക്കുന്ന ജാതീയമായ വിവേചനമാണ് ഇന്ത്യൻ രാഷ്ട്രപതിയായാലും, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലും തെങ്ങുകയറ്റക്കാരായി ചിത്രീകരിക്കപ്പെടാൻ തക്ക കാരണമാകുന്നത്.

ചരിത്രത്തിൽ നിന്നും സമകാലത്തിലേക്കു വരാം. സംവരണം ഇന്ത്യയിൽ മാത്രമുള്ളൊരു നടപടിക്രമമല്ല. Affirmative Action, Equal Opportunity എന്നിങ്ങനെ വിവിധ പേരുകളിൽ അത് ലോകത്തിലെ ‌പലരാജ്യങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ സർവ്വകലാശാലകളും ജോലിസ്ഥാപനങ്ങളുമെല്ലാം ഇത് കൃത്യമായി പാലിക്കുന്നു. വംശം, നിറം, ഗോത്രം, വർഗ്ഗം, ലിംഗം, പൗരത്വം, ദേശീയത, പ്രായം, ശാരീരിക അവസ്ഥകള്‍, വൈവാഹികാവസ്ഥ തുടങ്ങിയ സംഗതികളൊന്നും തന്നെ വിവേചനത്തിന് കാരണമാകരുതെന്നും ഇത്തരത്തിലുള്ളവരെല്ലാം ശരിയായ അനുപാതത്തിൽ കലർന്നുള്ളതാണ് യഥാർത്ഥ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതെന്നും അവിടങ്ങളിൽ നയപരമായ തീരുമാനത്തിലൂടെയും നിയമനടപടികളിലൂടെയും സ്ഥാപിച്ചെടുത്തിരിക്കുന്നു. വിദേശ സർവ്വകലാശാലകൾ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വംശജരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും പ്രവേശനവുമെല്ലാം അനുവദിച്ചിരിക്കുന്നത് തദ്ദേശീയരായ മിടുക്കരെ ബോധപൂർവ്വം ഒഴിവാക്കുന്നതിനായല്ല, അങ്ങനെയാണ് ആനുപാതികമായ അവസരം, ഇടകലർന്ന സംസ്കാരം എന്നിവ സംഭവിക്കുന്നതെന്ന് അവർക്കറിയാം.

വിദ്യാഭ്യാസത്തിനായുള്ള പ്രവേശനത്തിൽ മാത്രമല്ല ഇതു സാധ്യമാക്കുന്നത്, മറിച്ച് കലാലയത്തിലെ സ്പോർട്സ് ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും ‌പലപ്പോഴും ഈ നയം പാലിക്കപ്പെടുന്നു. അതുകൊണ്ടാണ് സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്തേണ്ടി വരുന്നത്. മറ്റൊന്നുകൂടിയുണ്ട്, ജാതിയും ഉപജാതിയുമായി വേർതിരിവുകളുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അവസരവും തുല്യതയും സമ്പത്തുമായി ബന്ധപ്പെട്ട സകലപ്രശ്നങ്ങളെയും ഒറ്റയടിയ്ക്ക് പരിഹരിക്കുന്നൊരു സമ്പൂർണ്ണമാതൃക പ്രായോഗികമായി ബുദ്ധിമുട്ടാണ്. സംവരണേതര വിഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണെന്നതിൽ തർക്കവുമില്ല. പക്ഷേ, വരുമാനപരിധിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായമോ, പ്രത്യേക പരിശീലനമോ ഒക്കെ ലഭ്യമാകുന്ന വിധത്തിലാണ് അത്തരം നയങ്ങൾ രൂപികരിക്കേണ്ടത്. അല്ലാതെയുള്ള ശ്രമങ്ങളെല്ലാം തന്നെ സംവരണമെന്ന സാമൂഹ്യനീതിയുടെ അടിസ്ഥാനവും അവസ്ഥയും സങ്കീർണ്ണതയും മനസ്സിലാക്കാതെയുള്ള രാഷ്ട്രീയ നീക്കങ്ങൾ മാത്രമായി പരിഗണിക്കേണ്ടി വരും.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Reservation for upper caste poor

Next Story
ചിലയിടങ്ങളിൽ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതും നമ്മുടെ ചുമതലയാണ്nayantara sahgal, nayantara sahgal, nayantara sahgal speech, Marathi Sahitya Sammelan, Nayantara sahgal Marathi Sahitya Sammelan, mob violence, indian express, latest news, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com