scorecardresearch
Latest News

നാരായണൻ: ഉപാധികളില്ലാത്ത തുറന്ന ഇടം

എല്ലാ പരിഹാര മൂർത്തികൾക്കും സംഭവിക്കുന്ന ദുരന്തം അവനെയും തേടിയെത്തി. മറ്റുള്ളവർക്കായി കുടിച്ച വിഷം അവന്റെ തൊണ്ടയിൽ തളം കെട്ടി.അടുത്തിടെ മുംബൈയിൽ വച്ച് അന്തരിച്ച എസ്. നാരായണൻ എന്ന പ്രതിഭാധനനായ സുഹൃത്തിനെ പ്രതാപൻ ഓർമ്മിക്കുന്നു.

നാരായണൻ: ഉപാധികളില്ലാത്ത തുറന്ന ഇടം

നാരായണൻ മരിച്ചു.ചിത കെട്ടുവെങ്കിലും ജീവിതത്തിന്റെ ചൂട് ഇനിയും ആറിയിട്ടില്ല. അനുഭവത്തിന്റെ വിത്തുകൾ ഓർമകളായി തളിർക്കാൻ എത്രയോ മഴകൾ ഇനി പെയ്യണം.

മൂന്നര പതിറ്റാണ്ടിലേറെയായി അവനെ അറിയാം. സി പി ഐ (എം എൽ )അനുഭാവികളുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ കാത്തുനിന്നത് നാരായണൻ. ഒരു വർഷത്തിന് ശേഷം കണ്ണൂരിലേക്കു സ്ഥലം മാറി വരുമ്പോൾ കാത്തുനിന്നതും അവൻ. അവനോടൊപ്പമായി എന്റെ താമസം. ആർക്കും എപ്പോൾ വേണമെങ്കിലും കയറി വരാവുന്ന, ഉപാധികളില്ലാത്ത, തുറന്ന ഇടമായിരുന്നു ആ താമസ സ്ഥലം- അവനെപ്പോലെ.

s narayanan, cpiml, human rights

വിവാഹശേഷം ഞാൻ അവിടെ നിന്നും മാറി, നാരായണൻ വൈകാതെ തന്നെ മാതമംഗലത്തേക്കും പോയി. നിശബ്‌ദമായ ഒരു ഇടവേളയുണ്ടായിരുന്നു. ഇടക്കൊരിക്കൽ ഞാനും നരേന്ദ്രനും അവനെ അന്വേഷിച്ചുപോയി.പിന്നീടെപ്പോഴോ അവൻ കണ്ണൂരിലേക്കു തിരിച്ചു വന്നു. അതൊരു ഗംഭീര തിരിച്ചുവരവായിരുന്നു. ഞങ്ങളുടെ സൗഹൃദങ്ങളുടെ അമരത്തു അവൻ കയറിയിരുന്നു.
അവൻ എപ്പോഴും മുന്നിൽ നിന്നു. അവന്റെ ബലത്തിൽ എത്രയോ കുന്നുകൾ ഞങ്ങൾ കയറി, എത്രയോ പുഴകളിൽ ഇറങ്ങി. എല്ലാം അവനു വഴങ്ങി. മാലതി പ്രസവിച്ചപ്പോൾ ആശുപത്രിയിൽ കൂട്ടുനിന്നത് നാരായണനും നരേന്ദ്രനും. അടുക്കളയിലും അലക്കുമുറിയിലും നാരായണൻ കയറി. പിന്നെ ജഗദ വന്നു. ജഗദയുടെ ആദ്യ കത്ത് എന്നെ വായിച്ചു കേൾപ്പിക്കുന്ന അവനെ ഓർക്കുന്നു.

narayanan, jagada, cpm, cpiml
നാരായണനും ജഗദയും

ഒരു ദിവസം ഒരു തോൾ സഞ്ചിയുമായി അവൻ വീട്ടിൽ വന്നു.പിറ്റേന്ന് കോഴിക്കോട് വെച്ച് അവന്റെ കല്യാണം. ഞാനും കൂടെ പോയി, വേറെ ആരും ഉണ്ടായിരുന്നില്ല.ഹരിപ്പാട് നിന്നും ജഗദയും കുറച്ചു ബന്ധുക്കളും. രജിസ്ട്രാർ ഓഫീസിൽ ഒരു ഒപ്പിടൽ . അതായിരുന്നു കല്യാണം. അത്രയും ലളിതവും അനാർഭാടവുമായി അവൻ തന്നെ ആവിഷ്കരിച്ചു. ഒരു കെ ജി എസ് കവിതയിലെന്ന പോലെ, നേർവര പോലെ വിശ്വാസം നിറഞ്ഞ/ പഴംചൊല്ലു പോലെ നാട്ടു വെളിച്ചം തെളിഞ്ഞ കാലം. നരേന്ദ്രനും ശോഭയും പപ്പനും ഉഷയും ഗോവിന്ദനും ഇന്ദിരയും പ്രേമനും ബേബിയും ജഗ്ഗുവും സീയുവും ശ്രീനിയും ശുഭയും ആന്റണിയും ഡെയ്‌സിയും സതിയും സതീശനും ഒക്കെയുള്ള ഒരു കൂട്ടുകുടുംബത്തിലെ കാരണവരായി നാരായണൻ.
അവൻ ആരെയും ഉപദേശിച്ചില്ല, ആരുടെ ഉപദേശം കേട്ടുമില്ല.എല്ലാവരുടെയും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവൻ നിറഞ്ഞു. മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമുണ്ടായില്ല. കുട്ടികളുടെ ഭ്രാന്തൻ സ്വപ്നങ്ങൾക്ക് അവൻ എരിവ് കൂട്ടി. അവൻ മരിച്ചപ്പോൾ എന്റെ മകൻ കരഞ്ഞത് ഈ ഭ്രാന്തൻ സ്വപനങ്ങൾക്കു നഷ്‌ടപ്പെട്ട അഭയത്തെക്കുറിച്ച് ഓർത്താവണം.

s narayanan, cpi ml, cpm,
എസ്. നാരായണനും പ്രതാപനും പഴയകാല ചിത്രം

കമ്മ്യൂണിസ്റ്റ് നേതാവ് സുബ്രമണ്യ ഷേണായിയുടെ മകൻ അന്തരിച്ചു എന്നായിരുന്നു നാരായണന്റെ ചരമ വാർത്ത. നാരായണന്റെ അച്ഛൻ എന്നാണു ഷേണായിയെ ഞാൻ ആദ്യം അറിഞ്ഞത്. നാരായണന്റെ അച്ഛൻ മോശമാകാൻ ഇടയില്ല എന്ന് തോന്നി. ഷേണായിയെ പിന്നീട് അടുത്തറിഞ്ഞപ്പോഴും ആ വിശ്വാസം തെറ്റിയില്ല. സുബ്രമണ്യ ഷേണായി നാരായണനോ നാരായണൻ സുബ്രമണ്യ ഷേണായിക്കോ ഒരു ഭാരമായതായി തോന്നിയിട്ടില്ല. ഭൂമിയെ അളക്കാൻ അവനെ പഠിപ്പിച്ചത് അവന്റെ അച്ഛൻ. നാട് നോക്കുന്ന കമ്മ്യൂണിസ്റ്റ് ആയിരുന്ന ആ പഴയ ജന്മി, അവസാനത്തെ ഭൂമിയും അളന്നു നൽകിയ ശേഷം പയ്യന്നൂരിലെ ഒരു വാടക വീട്ടിൽ മഹാബലിയായി വാണത് ഞാൻ പോയി കണ്ടിട്ടുണ്ട്. ഭൂമി അളക്കുന്ന ഈ അറിവ്, മറ്റുള്ളവരുടെ സ്വത്തു തർക്കങ്ങളിൽ നാരായണന് തുണയായി. നാരായണൻ ഒരു പാർട്ടിക്കാരൻ ആയിരുന്നില്ല. കമ്മ്യൂണിസ്റ്റ് എന്നും ഫെമിനിസ്റ് എന്നും സ്വയം കരുതിയിരുന്നു. സാമ്പ്രദായിക ഇടതു പക്ഷത്തല്ല, കുറച്ചുകൂടി ഇടത്തോട്ടാണ് നിന്നതും നടന്നതും.

narayanan, cpm, cpiml,
നാരായണൻ ഭാര്യ ജഗദയ്ക്കും മകൻ അനന്തുവിനുമൊപ്പം

ഒരു സംഘാടകനോ നേതാവോ ആയിരുന്നില്ലെങ്കിലും വിപുലവും വിസ്മയകരവുമായ ഒരു പൊതു ജീവിതം അവൻ നിലനിർത്തി. സഹജീവികളിലേക്കു കയറിച്ചെല്ലുന്ന, ഏതുനേരവും മനുഷ്യൻ കയറി ഇറങ്ങുന്ന ഒരു പൊതുസ്ഥലമായിരുന്നു അവന്റെ ജീവിതം. മൃഗങ്ങളോടും അവൻ ഇണങ്ങി. അലയുന്ന നായ്ക്കളും പലപ്പോഴും അവനോടൊപ്പം വീട്ടിലേക്കു വന്നു. തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിൽ നിന്നും മംഗലാപുരത്തു നിന്നുമൊക്കെ അവനെത്തേടി ആളുകൾ വന്നു. വലിയ ആശുപത്രികൾ മടക്കിയ മാറാവ്യാധിക്കാരെ ചികിൽസിക്കുന്ന ഒരു നാട്ടു വൈദ്യനെപ്പോലെ അവൻ എല്ലാവരെയും സ്വീകരിച്ചു. എത്രയോ രക്ഷാദൗത്യങ്ങളിൽ അവൻ നാവികനായി. നിയമമായിരുന്നു അവന്റെ ശക്തിസ്ഥലം. ജഗദകൂടി നിയമം പഠിച്ചത് അവന് സഹായകരമായി. എന്നാൽ നിയമത്തോടുള്ള ബഹുമാനം കൊണ്ട് നിയമത്തിലേക്കു പോയി എന്ന് തോന്നിയിട്ടില്ല. ശരി തെറ്റുകളെ നിർവ്വചിക്കുകയും മനുഷ്യരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്ന അധികാര വ്യവഹാരത്തെ അതിന്റെ ആന്തിരിക യുക്തികൾകൊണ്ട് ഭേദിക്കാൻ ശ്രമിച്ചതാകാം. അവൻ എന്നും പ്രതി ഭാഗത്തായിരുന്നു.വലിയ തോൽവികൾ ഏറ്റുവാങ്ങുന്ന നിസ്വരായ മനുഷ്യരുടെ ജീവിതങ്ങളിലേക്കു അവൻ ചെറിയ ചെറിയ വിജയങ്ങൾ കൊണ്ടുവന്നു. പിന്നെ പിന്നെ നാരായണൻ ഒരു പരിഹാര മൂർത്തിയായി മാറി. പ്രതിഷ്ഠയാകും എന്ന് തോന്നിയപ്പോഴൊക്കെ ഇളകി മാറിയെങ്കിലും എല്ലാ പരിഹാര മൂർത്തികൾക്കും സംഭവിക്കുന്ന ദുരന്തം അവനെയും തേടിയെത്തി. സ്വന്തം പ്രശ്നങ്ങളുമായി അവനെ സമീപിച്ചവരാരും അവന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ചിന്തിച്ചില്ല. മറ്റുള്ളവർക്കായി കുടിച്ച വിഷം അവന്റെ തൊണ്ടയിൽ തളം കെട്ടി.

ജീവിതത്തിന്റെ ഒഴുക്കുകൾക്ക് ഗതിവേഗമുണ്ടായിരുന്ന ഒരു കാലത്താണ് അവന്റെ യാത്രകൾ ആരംഭിച്ചത്. പിന്നെ ഒഴുക്കുകൾ വറ്റി. സഹയാത്രികർ പലരും തുഴച്ചിൽ നിർത്തിയപ്പോഴും ഒരു കോമാളിയെപോലെ അവൻ മുന്നോട്ടു പോയി. കഠിനമായ ഏകാന്തനേരങ്ങളിൽ അവന്റെ ഉള്ളിലെ കുട്ടി അമ്മയോട് കരഞ്ഞു – ഈ കിണറ്റിൻകരയിൽ എന്നെ ഉപേക്ഷിച്ചു നീ എന്തിനാണ് ആഴങ്ങളിലേക്ക് മറഞ്ഞു പോയത്?

premnath,govindarajan,narayan
പ്രേംനാഥ്, ഗോവിന്ദരാജ് എന്നീ സുഹൃത്തുക്കളോടൊപ്പം നാരായണൻ

സ്വന്തം ദുഃഖത്തിൽ ലജ്ജിച്ച ആ കുട്ടി ഉറക്കെ പാട്ടുകൾ പാടി. ഇക്കിളിയും വേദനയും ഇല്ലാത്തവൻ എന്നായിരുന്നു അവൻ നടിച്ച അഹങ്കാരം. കുതറി മാറുമ്പോഴും അവൻ മെരുങ്ങുമായിരുന്നു; തിരികെ വരുമായിരുന്നു. പക്ഷെ ഒരു നിമിഷം കൈവിട്ടുപോയി- പിന്നെ ദൂരെ മഹാനഗരത്തിലെ തെരുവോരത്തും മോർച്ചറിയിലും അജ്ഞാതനായി അവൻ പിണങ്ങികിടന്നു, ഒരു ജോൺ സിനിമയിൽ എന്ന പോലെ, ഒരിക്കലും തിരിച്ചു വരാതെ.

യാത്രകളെ സ്നേഹിച്ച അവന്റെ യാത്രകൾ അവസാനിച്ചിരിക്കുന്നു . ജഗദയ്ക്കും ചുങ്കിക്കും യാത്രകൾ ബാക്കിയാണ്, അവന്റെ കൂട്ടില്ലാത്ത യാത്രകൾ. എന്റെ ജീവിതത്തിൽ അവന്റെ അടയാളങ്ങൾ ബാക്കി. അവൻ ഇരുന്ന കസേരയിൽ, കിടന്ന കട്ടിലിൽ, തെരുവുകളിൽ വിളിച്ച മുദ്രാവാക്യങ്ങളിൽ, മദ്യശാലകളിൽ, പ്രിയപ്പെട്ടവരുടെ എരിഞ്ഞുതീർന്ന ചിതകളിൽ, എന്റെ ആശുപത്രികിടക്കകളിൽ, എന്റെ വീഴ്ചകളിൽ, വീണ്ടെടുപ്പുകളിൽ എല്ലാം.

s anrayanan, ka antony, govindaraj
മാധ്യമപ്രവർത്തകനായി കെ എ ആന്റണി, എസ് നാരായണൻ, ഗോവിന്ദരാജ്

മരണം ഒരു പൂർണ വിരാമമാണോ? ജീവിച്ചിരിക്കുമ്പോഴും ഒരാൾ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയാം, മരിച്ചുകഴിഞ്ഞാലും ജീവിച്ചിരിക്കുന്നു എന്നും. ഓർമ്മ ദുഃഖവും അതേസമയം പ്രതിരോധവുമാകുന്നു. മരണത്തിന്റെ, മറവിയുടെ മഹാസമുദ്രങ്ങൾ ജീവിതത്തിന്റെ തുരുത്തുകളെ കാർന്നു തിന്നുമ്പോൾ പ്രതിരോധമാകുന്നത് ഓർമ്മകൾ. ഓർമ്മ ജീവിതത്തിന്റെ മഹാ മന്ത്രം. നമ്മൾ മറക്കുന്നു അയാൾ മരിക്കുന്നു, നമ്മൾ ഓർക്കുന്നു, അയാൾ ജീവിക്കുന്നു എന്ന് പറയാം. അതുകൊണ്ടു നാരായണൻ ഇനിയും എത്രയോനാൾ ഇവിടെയുണ്ട് എന്ന് പറയാം. രുദാലിയിലെ രണ്ടുവരികൾ മൂളിയാൽ മതി അവൻ തിരികെ വരാൻ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Remembering narayanan a pratapan subrahmanya shenoy