ഏതു ജീവിതത്തിലും ഒരിക്കലും പഞ്ഞമില്ലാത്ത ഒരേ ഒരു കാര്യം  ഓർമ്മകൾ മാത്രമാണ്. ഓർമ്മകൾക്ക് പാര്‍ട്ടിയോ ലിംഗമോ പദവിയോ ഇല്ല.  പങ്കുവയ്ക്കാത്ത ഒരോർമ ഇറുകെ പിടിച്ചാണ് എന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിത വഴികള്‍. ഉള്ളിലെങ്ങും കൊള്ളാത്ത ഓർമകള്‍. എന്നാലോ ഉള്ളിലേക്ക് കൊള്ളുന്ന ഓർമകള്‍. ഓർമയുടെ പുസ്തകത്തിലെ ആ ഒരേട്, അത് ചിരിയാവാം, കരച്ചിലാവാം, ഒരു ചിന്തയാവാം, ഒരു ചിതയാവാം.തന്റെ തോൾസഞ്ചിയിലൊതുക്കി വച്ച ചിന്തകളുമായി ചിതയിലേക്ക് പോയ പി ജി യെ ഓർത്തെടുക്കുകയാണ് എൻ ഇ സുധീർ

ബൾഗേറിയൻ എഴുത്തുകാരനായ എലിയാസ് കനേറ്റിയുടെ പ്രസിദ്ധമായ ‘ഓട്ടോ ദ ഫേ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് പ്രൊഫസർ കീൻ . മറ്റെന്തിനേക്കാളും പുസ്തകങ്ങളെ സ്നേഹിച്ച ഈ പ്രൊഫസർ ആയിരക്കണക്കിന് പുസ്തകങ്ങൾ നിറച്ച തന്റെ സ്വകാര്യ ലൈബ്രറിയിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടി. ആശയങ്ങൾ നിറച്ച നിധികൾ എന്ന നിലയിലാണ് അദ്ദേഹം പുസ്തകങ്ങളെ കണ്ടത്. പി ജി എന്നറിയപെട്ട പി . ഗോവിന്ദപിളളയുടെ ജീവിതവുമായി വലിയ സാമ്യമുള്ള ഒരു കഥാപാത്രമാണ് കനേറ്റിയുടെ പ്രൊഫസർ കീൻ.

p.govindapillai, memmory,

പി.ഗോവിന്ദപിള്ള

 

ഞാനാദ്യം പരിചയപ്പെടുന്നത് പി. ജി യെ ആയിരുന്നില്ല, പിജിയുടെ ശരീരത്തിലെ ഒരവയവം പോലെ നിലകൊണ്ട ആ തോൾ സഞ്ചിയെ ആയിരുന്നു. “ഏതു വിഷയത്തിലെയും ഏറ്റവും പുതിയ ഗ്രന്ഥങ്ങൾ ഈ സഞ്ചിയിലുണ്ടാവും, അതുപോലെ അപൂർവമായ ക്ലാസിക്കുകളും,” 1980 കളുടെ തുടക്കത്തിൽ ഒരു ദിവസം പിജിയെ പരിചയപ്പെടുത്തികൊണ്ടു പ്രൊ. എം.കൃഷ്ണൻ നായർ എന്നോട് പറഞ്ഞു. ഞാനന്ന് തിരുവന്തപുരത്തെ ഒരു പുസ്തക ശാലയിൽ ജോലി ചെയ്യുകയായിരുന്നു. ഇവരൊക്കെ ആ കടയിലെ പതിവുകാരും. അന്നുതൊട്ട് എന്റെ നോട്ടം ആ സഞ്ചിയിലായിരുന്നു. പി ജി എന്നും സന്തോഷത്തോടെ അതിലുള്ള പുസ്തകങ്ങൾ കാണിച്ചു തരാൻ താൽപര്യം കാണിച്ചു. ഇന്നത്തെ പോലെ ഇന്റർനെറ്റും ഇ- മെയിലും ഒന്നും ഇല്ലാത്ത കാലം. പുതിയ പുസ്തകങ്ങൾ കാണാനും അവയെക്കുറിച്ച് അറിയാനും മാർഗങ്ങളില്ല. ഡൽഹി, മുംബൈ, മദ്രാസ് തുടങ്ങിയ നഗരങ്ങളുമായുള്ള ബന്ധം മറ്റു സ്ഥലങ്ങളിലെ ബുദ്ധിജീവികളുമായുള്ള പരിചയം, ഒക്കെ പി ജി ക്ക് പുതിയ പുസ്തകങ്ങൾ കിട്ടാനും, അവയെ പറ്റി അറിയുവാനും അവസരമുണ്ടാക്കി. ലോകത്തെ പല ആനുകാലിക പ്രസിദ്ധീകരണങ്ങളും അതിലുണ്ടാവും .അതുകൊണ്ട് അദ്ദേത്തിന്റെ തോളിലെ പുസ്തക സഞ്ചി എനിക്ക് ഒരു അനുഗ്രഹമായി. ലോകത്തിറങ്ങുന്ന പുതിയ കൃതികൾ പി ജി കൈക്കലാക്കും, എന്നിട്ട് അതൊക്കെ എന്നെ കാണിക്കും. അവയെ പറ്റി കിട്ടിയ സമയത്തിന് ചെറിയ “ക്ലാസ്സെടുക്കും “. പലതും വായിക്കണമെന്ന് നിർദ്ദേശിക്കും. എന്റെ പഠന വഴികളിൽ ഒന്നായി ഈ കൂടികാഴ്ചകൾ മാറി. അതൊരു കാലം.  പിന്നീട് പി ജി ആവശ്യപ്പെടുന്ന പല കൃതികളും എത്തിച്ചുകൊടുക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. അവസാനം ഒരു സ്നേഹിതനെ പോലെ അടുത്തിടപഴകാനും സാധിച്ചു.

അവസാനകാലത്തു ഞങ്ങൾ ഒരു വലിയ അഭിമുഖസംഭാഷണത്തിൽ ഏർപ്പെട്ടു. പല ഞായറാഴ്ചകളിലും  തിരുവനന്തപുരം സുഭാഷ് നഗറിലെ പി ജിയുടെവീട്ടിൽ ചെന്നിരുന്നു അദ്ദേഹവുമായി ധാരാളം സംസാരിക്കാൻ അവസരമുണ്ടായി. ഈ പ്രപഞ്ചത്തിലെ എന്ത് കാര്യവും പി ജിയോട് സംസാരിക്കാം. എല്ലാറ്റിനെപ്പറ്റിയും സാമാന്യത്തിലേറെ ധാരണ അദ്ദേഹത്തിനുണ്ട്. എല്ലാം അറിയുവാനുള്ള അദമ്യമായ ജിജ്ഞാസ ജീവിതാവസാനം വരെ അദ്ദേഹം നിലനിർത്തുകയും ചെയ്തു. ആശയാന്വേഷണത്തിൽ ആ മനസ്സ് കാണിച്ച കൊതി അപൂർവമാണ്.

അതേപ്പറ്റി ഒരു കഥ തന്നെ ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. സംഭവം നടന്നത് ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ എന്നോ ആണ്. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഒരു ദേശീയ സാംസ്‌കാരിക സെമിനാർ കോഴിക്കോട് നടന്നു. വേദിയിൽ ഇന്ത്യയിലെ പല രംഗത്തുള്ള വിദഗ്ദർ അണിനിരന്നിരിക്കുന്നു . സാഹിത്യകാരന്മാരും, ചിത്രകാരന്മാരും, സംഗീതജ്ഞരും, ചിന്തകരും, ചരിത്രകാരന്മാരും അങ്ങനെ പ്രഗത്ഭരുടെ ഒരു വലിയ നിര. ഇ എം എസ്സാണ് ഉൽഘാടകൻ. അതിഥികളെ പരിചയപ്പെടുത്തുന്നത് പി ജിയും. ഓരോ ആളെയും അവരുടെ പ്രവർത്തന മണ്ഡലത്തിന്റെ പ്രത്യേകതകളെപറ്റിയും അവരുടെ സംഭാവനകളെ പറ്റിയും സവിസ്തരം വിശദീകരിച്ചുകൊണ്ട് പി ജി പ്രസംഗിച്ചു. പി ജി ക്ക് അറിയാത്ത മേഖലകളില്ല . എല്ലാം ആ തലയിൽ നിറഞ്ഞു നിൽക്കുന്നു. ഇത് കേട്ട് ഇ എം എസ്സ് വേദിയിൽ ഉള്ളവരോട് തമാശയായി പറഞ്ഞു.

” ഈ മനുഷ്യൻ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ലോകം കീഴടക്കിയേനെ” .

പി ജി ലോകം കീഴടക്കാനൊന്നും പോയില്ല. അത്  അദ്ദേഹത്തിന്രെ  ലക്ഷ്യവുമായിരിന്നില്ല. എന്നാൽ ആശയ ലോകത്തെ ആ ധിഷണ തന്നലാവും വിധം കീഴടക്കുകയും ചെയ്തു. അതിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്തു. തന്റെ അറിവിനെ പാർട്ടി ചട്ടക്കൂടിനകത്തു പിടിച്ചു നിർത്താനായി നിരന്തരം ക്ലേശിക്കുന്ന പിജി എന്ന പണ്ഡിതൻ എന്റെ മനസ്സിലെ ഒരു വേദനയാണ്. അതുകൊണ്ടാണ് അദ്ദേഹം പലതും എഴുതാതിരുന്നത്. അറിവ് ചിന്തയ്ക്കു വഴിയൊരുക്കും മുമ്പ് പാർട്ടി എന്ന മഹാ സ്ഥാപനം ആ ബുദ്ധിയിൽ തെളിഞ്ഞു വരും. അവിടെ സ്വയം നിയന്ത്രണം ശീലമായി. ആ ബുദ്ധിയുടെ വലിയ ഒരു ഭാഗം ഈ പ്രക്രിയയ്ക്ക് വേണ്ടിയാണു ചെലവഴിച്ചത്. പാർട്ടിയെ ആശയപരമായി പ്രതിരോധിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത പോരാളിയായിരുന്നു സഖാവ് പി ഗോവിന്ദപിള്ള. അങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന ചോദ്യം ഞാൻ പിജിയുടെ മുന്നിൽ വെച്ചിട്ടുണ്ട്. അപ്പോൾ ആ മുഖത്ത് നിറയുന്ന ഒരു ചിരിയുണ്ട്… ഇതെഴുതുമ്പോഴും ആ ചിരി എനിക്ക് തെളിഞ്ഞു കാണാം. തീർച്ചയായും കേരളം നഷ്ടപ്പെടുത്തിയ ഒരു വലിയ സാധ്യതയാണ് ഈ മനുഷ്യൻ. കുറ്റിപ്പുഴയുടെയും എൻ.വിയുടെയും ആഗമാനന്ദ സ്വാമിയുടെയും പ്രിയ ശിഷ്യൻ.

p.govindapillai, n. e sudheer

എന്‍.ഇ സുധീര്‍ പി.ഗോവിന്ദപിള്ളയോടൊപ്പം

പി ജി യുടെ കഴിവിനെ പാർട്ടി വേണ്ടത്ര ഉപയോഗിച്ചുവോ? ആ ചോദ്യം തന്നെ ഒരു ബൂർഷ്വാ ഇടപെടലാണെന്ന് പി ജി പറഞ്ഞു തള്ളും എന്നെനിക്കറിയാം. 1957 ൽ കേരളത്തിൽ ഇ എം എസ്സിന്റെ നേതൃത്വത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തിലെത്തുന്നു. വിദ്യാഭ്യാസ മന്ത്രിയായി യുവ എം എൽ എ ആയ പി ഗോവിന്ദപിള്ള വന്നേക്കാനിടയുണ്ടെന്നു ഒരു പത്ര വാർത്ത വന്നു. ഇത് കേട്ടറിഞ്ഞ കാലടി ശ്രീരാമകൃഷ്ണ അദ്വൈദാശ്രമത്തിലെ സ്വാമി ആഗമാനന്ദൻ. പെരുമ്പാവൂരിനടുത്തെത്തി തന്റെ പഴയ ശിഷ്യനെ ആളയച്ചു വിളിപ്പിച്ചു. ഗോവിന്ദൻ മന്ത്രിയാവുന്നതിലുള്ള സന്തോഷം അറിയിക്കണം, അവനെ അനുഗ്രഹിക്കണം അത്രയേ സ്വാമി ഉദ്ദേശിച്ചുള്ളു. വാർത്ത അടിസ്ഥാന രഹിതമാണെന്നും അനുഗ്രഹത്തിന് ഏറെ നന്ദിയുണ്ടെന്നും അറിയിച്ചു ശിഷ്യൻ ഗുരുവിനോട് യാത്ര പറഞ്ഞു. മന്ത്രിയാവുക എന്നത് അന്നും പിന്നീടും പി ജിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. ആഗമാനന്ദസ്വാമിയും അതാഗ്രഹിച്ചിരുന്നില്ല. തന്റെ ശിഷ്യൻ എതു രംഗത്ത് പ്രവർത്തിച്ചാലും ഗാഢമായ ഒരു മുദ്ര പതിപ്പിക്കും എന്ന ഉറച്ച വിശ്വാസം മാത്രമേ ആ ഗുരുനാഥനുണ്ടായിരുന്നുള്ളു. കാലം ഒരു പാട് കടന്നു പോയി. മന്ത്രിസഭകൾ പലതും വന്നു പോയി. പി ജി പാർട്ടിയുടെ ശരികൾക്കും തെറ്റുകൾക്കും ത്വാതിക പ്രതിരോധങ്ങൾ തീർത്തു തന്റെ ബുദ്ധിയെ ദുരുപയോഗം ചെയ്തു. പ്രിയ സഖാവ് ഇ എം എസ്സിന്റെ ബൗദ്ധിക സഹായി ആയി രാപ്പകലെന്നില്ലാതെ പ്രവർത്തിച്ചു. പാർട്ടി പി ജിയെ അധികാരത്തിലേക്ക് കടത്തിയില്ല . രാജ്യസഭയിലേക്കെങ്കിലും അയക്കാമായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ – പാർലമെന്റിലെ ലൈബ്രറി എന്നെ കൊതിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു ഇളം ചിരിയോടെയുള്ള പി ജി യുടെ മറുപടി. അതാണ് പി ജി.

പാർട്ടി പ്രവർത്തനത്തിന് ശരീരം വഴങ്ങാതെ ആയപ്പോൾ പി ജി എഴുത്തു മേശയിലേക്കു ശ്രദ്ധ തിരിച്ചു. ജീവിതാസ്തമയ കാലത്തു പി ജി കൂടുതൽ സമയം എഴുത്തിനായി മാറ്റി വെച്ചു . അപ്പോഴേക്കും ആ എഴുത്തിനാകട്ടെ ഒരു തരം പാർട്ടി സാഹിത്യ സ്വഭാവം വന്നുപെട്ടിരുന്നു. ആ ഭാഷ ഒരു പ്രത്യേക രീതിയിൽ ചിട്ടപ്പെട്ടു പോയി. അത് പി ജി മനസ്സിലാക്കിയിരുന്നു. പക്ഷേ മോചനം എളുപ്പമായിരുന്നില്ല. പാരായണ ക്ലേശം കൊണ്ട് അത് വേണ്ടത്ര വായിക്കപ്പെട്ടില്ല. ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ “വൈജ്ഞാനികവിപ്ലവം – ഒരു സാംസ്‌കാരിക ചരിത്രം” എന്ന കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് അദ്ദേഹം നൽകിയ കനപ്പെട്ട സംഭാവനയാണ്. അതിന്റെ എഴുത്തുമായി അടുത്ത് പ്രവർത്തിച്ച ഒരാളെന്ന നിലയിൽ അതിനു പി ജി നടത്തിയ അന്വേഷണം എത്രമാത്രമായിരുന്നു എന്നെനിക്കു നേരിട്ടറിയാം. സമഗ്രമായ ഒരു ചിത്രം അതിൽ അദ്ദേഹം വരച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തെ പറ്റി ഇംഗ്ലീഷിൽ അദ്ദേഹം എഴുതിയ “The Bhakti Movement: Renaissance or Revivalism?” എന്ന കൃതി ആ വിഷയത്തിലെ കാലത്തേ അതിജീവിക്കുന്ന ഒരു പഠനമായി നിലകൊള്ളും.

p.g govindapillai , n.e sudheer ,books,

ആശുപത്രിയിൽ കിടപ്പിലാവുന്നതിനു തൊട്ടു മുമ്പ് അവസാനമായി കണ്ട ദിവസം ഞങ്ങൾ സംസാരിച്ചത് മരണത്തിനു മുൻപ് ഒരു മനുഷ്യന്റെ തലച്ചോറിൽനിന്നും അയാളുടെ അറിവുകൾ സംരക്ഷിച്ചു വെക്കാൻ ശാസ്ത്രം വഴിയൊരുക്കുമോ എന്നതിനെ പറ്റിയായിരുന്നു. എന്റെ ആ ചോദ്യം പി ജിയെ വലിയ ഉത്സാഹത്തിലാക്കി. ശാരീരിക അവശതകൾ മറന്നു കൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി.

“എന്റെ കാലം എന്തായാലൂം കഴിഞ്ഞു. സുധീറിന്റെ ജീവിതകാലത്തും അത് നടന്നെന്നു വരില്ല. എന്നാൽ സുധീറിന്റെ മകന്റെ ജീവിതകാലത്തു ശാസ്ത്രം അത് സാധിച്ചെടുക്കും.”

ഞാൻ ബിഭൂതി ഭൂഷണിന്റെ ആരോഗ്യനികേതനത്തിലെ ജഗദ് ബന്ധു മശായിയുടെ കഥ ഓർമിപ്പിച്ചു. അതിൽ മരണാസന്നനായി കിടക്കുന്ന ജഗദ് ബന്ധു മശായി മകനായ ജീവൻ മശായിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ” മരണം ഇങ്ങടുത്തു. ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ജീവാ , അതിനിടയിൽ നിനക്ക് എന്നിൽ നിന്ന് എന്തെങ്കിലും അറിയുവാനുണ്ടോ ? ” നാഡിചകിത്സയിലെ ആ മഹാ വൈദ്യൻ മരണം മുന്നിൽ എത്തി എന്നറിഞ്ഞ നിമിഷം സ്വന്തം മകനോട് അവസാനമായി ചോദിക്കുന്ന ചോദ്യമാണ്. എന്റെ അറിവ് നിനക്ക് ഞാൻ പൂർണമായും പകർന്നു തന്നുവോ എന്ന്. നിമിഷങ്ങൾ കഴിഞാൽ അത് എന്നന്നേക്കുമായി ഇല്ലാതാവും. എന്റെ പ്രിയപെട്ട പി ജി യുടെ മുന്നിൽ ഇരിക്കുമ്പോൾ മരണം ആ പടിവാതിൽക്കൽ ഉണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഈ രംഗം വന്നു നിറഞ്ഞു. പിജി കണക്കില്ലാതെ അറിവ് സമ്പാദിച്ചു . എന്നാൽ അതിൽ ചെറിയ ഒരു ഭാഗം മാത്രമേ മറ്റുള്ളവർക്കായി എഴുതപ്പെട്ടിട്ടുള്ളു. ഗൗരവമായി എഴുത്തിനെ സ്വീകരിച്ചത് തന്നെ ജീവിതാസ്തമായ കാലത്താണ്. അതിന്റെ പേരിൽ ഞങ്ങൾ ഒരു പാട് തർക്കിച്ചിട്ടുണ്ട്. ഏതായാലും ചാരമായി മാറുമ്പോൾ ആ തലച്ചോറിൽ പലതും ബാക്കിയുണ്ടായിരുന്നു. പി ജി വെച്ച് പുലർത്തിയ വിശ്വാസം പോലെ മരണത്തിനു മുമ്പ് മനുഷ്യരുടെ ഉളളിലെ അറിവുകൾ ശേഖരിച്ച് സംരക്ഷിച്ചുവെക്കാൻ ശാസ്ത്രം ഒരുനാൾ വഴികൾ കണ്ടെത്തുമായിരിക്കും.
മരണത്തിനു ശേഷം നടന്ന ഒരു സംഭവം കൂടി രേഖപ്പെടുത്തി ഈ ഓർമ്മ അവസാനിപ്പിക്കാം. പി ജി യുമായുള്ള അഭിമുഖത്തിന്റെ ഒരു ഭാഗം അദ്ദേഹം മരിച്ച ഉടനെ ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അവസാനമായി കൊടുത്ത ചോദ്യം മതങ്ങളെപറ്റി ആഴത്തിൽ പഠിച്ച ഒരാളെന്ന നിലയിൽ ഏതു മതമാണ് തമ്മിൽ ഭേദംഎന്നതായിരുന്നു. പി ജി യുടെ മറുപടി തനിക്കു ഇഷ്ടപെട്ടത് ഇസ്ലാം മതമാണെന്നായിരുന്നു. ഈ ചോദ്യോത്തരത്തിന്റെ പേരിൽ എനിക്കെതിരെ ആർ എസ് എസ് അനുകൂല പ്രസിദ്ധീകരണമായ  കേസരി വാരിക വലിയ പടപ്പുറപ്പാട്തന്നെ നടത്തി. പല ലക്കങ്ങളിൽ എനിക്കെതിരെ ലേഖനങ്ങൾ അച്ചടിച്ച്, ഞാൻ പാക്ക് ചാരനാണെന്നും , ഐ എസ് ഐ ഏജന്റാണെന്നും എഴുതിപിടിപ്പിച്ചു. പി ജി ഒരു ഹിന്ദുവാണെന്നും ഒരിക്കലും അത്തരമൊരു ഉത്തരം പറയില്ല എന്നുമാണ് അവരുന്നയിച്ച വാദം. സാക്ഷ്യപത്രമായി പി പരമേശ്വരന്റെ പിറന്നാളിന് പി ജി അദ്ദേഹത്തോടൊപ്പം ഇരുന്ന് സദ്യ ഉണ്ണുന്ന ഒരു ഫോട്ടോയും! ഈ ബാലിശമായ വിവാദം കാണാൻ പി ജി ഇല്ലാതെ പോയല്ലോ എന്ന ചിന്ത എന്നെ അന്ന് അലട്ടി. അവർ നിരന്തരം പല ലക്കങ്ങളിൽ എനിക്കെതിരെ വ്യക്തി ഹത്യ നടത്തിയപ്പോൾ വിവരം ഞാൻ പി. പരമേശ്വരനെ എഴുതി അറിയിച്ചു. ഈ വിവാദത്തിലെ ബാലിശത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് അവർ നിശബ്ദരായി. പി ജിയുടെ സാന്നിദ്ധ്യം ഇല്ലത്ത അഞ്ചു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ആ നവംബർ 23 ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആ തലച്ചോറ് സംരക്ഷിച്ചു വെക്കാൻ മാത്രം ശാസ്ത്രം പുരോഗമിച്ചില്ലല്ലോ എന്ന ചിന്തയോടെ ആ ചിതയ്ക്കരികിൽ ഞാനും നിന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ