sanju surendran, film maker, mani kaul

സഞ്ജു സുരേന്ദ്രൻ

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഉസ്താദ്‌ ബഹാവുദിന്‍ ദാഗറിന്റെ രുദ്രവീണ വാദനം കേൾക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ദ്രുപദ് പാരമ്പര്യത്തില്‍ അഗ്രഗണ്യരാണ് ദാഗര്‍ കുടുംബം. രുദ്രവീണയുടെ മീട്ടലുകള്‍ എന്റെ ആത്മാവിനെയാണ് സ്പര്‍ശിച്ചത്. ഓരോ രാഗവും എണ്ണമറ്റ, വശ്യമാര്‍ന്ന ചിത്രങ്ങളും ബിംബങ്ങളുമാണ് എന്നുള്ളില്‍ ഉണര്‍ത്തിയത്. ഒരു ഉത്തരേന്ത്യന്‍ കാര്‍ഷിക ഗ്രാമം, പീലി വിടര്‍ത്തി മഴയെ കാതോര്‍ക്കുന്ന മയില്‍, പഖാവജ് താളത്താല്‍ തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ എന്നിങ്ങനെ ഒരു പറ്റം സുന്ദരമായ ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറയുന്നുണ്ടായിരുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഒഴുകി വീഴുന്നത പോലെ തോന്നി എനിക്കാ രുദ്രവീണയുടെ സംഗീതം.

മണികൗളിന്റെ ഒപ്പമായിരുന്നു ഇതിനു മുന്‍പ് ഞാന്‍ ബഹാവുദിനെ കേട്ടത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് –രണ്ടായിരത്തി പതിനൊന്നില്‍. ഗുഡ്ഗാവിലെ വീട്ടില്‍ മണിസാര്‍ അര്‍ബുദവുമായി മല്ലിടുന്ന കാലത്ത്. മണി സാറിനെ ഒരുപാട് ഇഷ്ടമായിരുന്ന ഞങ്ങള്‍ ശിഷ്യര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം വിഷാദഭരിതമായ ഒരു കാലയളവ്‌ ആയിരുന്നു അത്. ഇന്ത്യന്‍ സിനിമയുടെ യഥാര്‍ത്ഥ നായകന്‍- ഒരു പ്രിയ അഗ്രഗാമി, ഒരു നിഴലെന്ന പോലെ തിളക്കാമാര്‍ന്ന ആ ജീവിതത്തില്‍ നിന്ന് മാഞ്ഞു തുടങ്ങുന്ന കാലം.

സംഗീതം ആയിരുന്നു മണി സാറിന്റെ മറ്റൊരു ഇഷ്ടമേഖല. രണ്ടായിരത്തിഅഞ്ചില്‍ എഫ് ടി ഐ യില്‍, ഞങ്ങള്‍ സംവിധാനം പഠിക്കുന്നവര്‍ക്കുളള മാസ്റ്റേഴ്സ് വര്‍ക്ക്‌ ഷോപ്പില്‍  ഞങ്ങളോട് സംസാരിക്കാനായി അദ്ദേഹം എത്തിയിരുന്നു ആ ദിവസങ്ങളില്‍ അദ്ദേഹം കൂടുതലും പറഞ്ഞത് ദ്രുപദ് സംഗീതത്തെക്കുറിച്ച് ആയിരുന്നു. രാഗ് മാല്‍ഖോസിന്റെ സൗന്ദര്യത്തെക്കുറിച്ച്, എങ്ങിനെയാണ് രാഗം അന്തരീക്ഷത്തിലിടുന്ന കെട്ടുകള്‍ പോലെ വര്‍ത്തിക്കുന്നതെന്നു, സംഗീതത്തിലെ വിവിധ ആവിഷ്ക്കാരങ്ങളായ സം, അതീത്, അനാഗത് എന്നിവ എഡിറ്റിംഗില്‍ ഉപയോഗിക്കാം എന്ന സാധ്യതയെക്കുറിച്ച്- അത് പോലെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍. സംഗീതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതൊക്കെയും സിനിമയ്ക്ക് ബാധകമാണ് എന്നായിരുന്നു ആ വർത്തമാനങ്ങളുടെ പൊരുള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സിനിമയെയും തത്വചിന്തയെയും സംഗീതത്തെയും പരസ്പരം ബന്ധിപ്പിക്കുകയും പുണര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന അദൃശ്യതത്വങ്ങള്‍ ഉണ്ടെന്നു അദ്ദേഹം വ്യംഗ്യേന സൂചിപ്പിക്കുകയായിരുന്നു.

mani kaul, sanju surendran, film makers

മണി കൗൾ

ഒരിക്കല്‍, മണിസാറിന്റെ സംഗീത അദ്ധ്യാപകന്‍ സിയാ മൊഹിയുദ്ദിന്‍ ദാഗര്‍, ശാന്താറാമിന്റെ സിനിമ ഷൂട്ടിംഗ് കാണാന്‍ പുണൈയിലെ പ്രഭാത് സ്റ്റുഡിയോയില്‍ പോയി. അദ്ദേഹം ആദ്യമായിട്ടായിരുന്നു ഒരു സിനിമ ഷൂട്ടിങ് കാണുന്നത്. അദ്ദേഹം അതിശയിച്ചു പോയി. അദ്ദേഹത്തിനു അസാധാരണമായി തോന്നിയത് സിനിമയില്‍ നല്ല ഷോട്ടിനു വേണ്ടി പലതവണ റീട്ടേക്ക് എടുക്കുന്ന രീതി ആയിരുന്നു. ദ്രുപദില്‍ റീട്ടേക്ക് എന്ന സങ്കേതം ഇല്ല. ദ്രുപദ് സംഗീതത്തില്‍ ഒരു രാഗാലാപനം നടത്തുമ്പോള്‍ ഗായകന്‍ അവിരാമമായി മനോധര്‍മ്മത്താല്‍ പുതിയ മേഖലയിലേയ്ക്ക് തന്റെ ആലാപനത്തെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് കേട്ടതിനു ശേഷം മണി കൗളിന്റെ സിനിമയില്‍ എന്‍.ജി. (No Good) ഷോട്ട് ഉണ്ടായിട്ടില്ല. എല്ലാ ഷോട്ടുകള്‍ക്കും എന്തെങ്കിലും പുതുതായോ അസാധാരണമായതിലയ്ക്കോ എത്താനുള്ള സാധ്യത ഉണ്ടായിരിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു.

മണി സാര്‍ ദ്രുപദ് സംഗീതത്തിലെ മികച്ച അധ്യാപകന്‍ കൂടി ആയിരുന്നു.അദ്ദേഹത്തിനു പുരാതന സംഗീത ഗ്രന്ഥങ്ങളെക്കുറിച്ച് അവഗാഹം ഉണ്ടായിരുന്നു. സംഗീത ജ്ഞാനധാരയെ സമകാലിക വൽക്കരിക്കാനും സവിശേഷമായി വ്യാഖ്യാനിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിനു സിനിമയോടാണോ സംഗീതത്തോടാണോ തത്വചിന്തയോടാണോ കൂടുതല്‍ അടുപ്പം എന്ന് പറയുക വയ്യ.

ഞാന്‍ ദ്രുപദ് സംഗീതം പഠിക്കാന്‍ ശ്രമിച്ചു, എനിക്ക് പെട്ടെന്ന് തന്നെ നിര്‍ത്തേണ്ടി വന്നു. കാരണം തീവ്രതരമായി സംഗീതം പഠിക്കാവുന്ന തരത്തില്‍ ആയിരുന്നില്ല എന്റെ പ്രകൃതം എന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. അവരെ സംബന്ധിച്ചിടത്തോളം ‘റിയാസ്’ (സാധകം ) ആണ് സംഗീത പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദിവസവും രാവിലെ നാലുമണിയ്ക്ക് (ആ സമയത്തെ അമൃത് വേദ് എന്നാണു പറയുക) ഒരാള്‍ തന്റെ സാധകം തുടങ്ങണം. ഒരേ പൊസിഷനില്‍ ഇരുന്നു ഒരേ ദിശയില്‍ നോക്കിയിരുന്നു വേണം സാധകം. ഇത് ജീവിതകാലം മുഴുവന്‍ തുടരുകയും വേണം. ഒരു ദിവസം ഇത് ചെയ്യാതിരുന്നാല്‍ പത്ത് വർഷം പിന്നിലായത് പോലെയാകും.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നന്നായി സംസാരിക്കുന്നയാളായിരുന്നു മണി സാര്‍. അദ്ദേഹത്തോടുള്ള വര്‍ത്തമാനം നമ്മെ ചുഴലിക്കാറ്റില്‍ എന്ന പോലെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോകും, വാൻഗോഗിന്റെ ബ്രഷ് സ്ട്രോക്കിന്റെ ആവേഗത്തെക്കുറിച്ച്, ധ്വന്യലോക് എന്ന പുസ്തകത്തെക്കുറിച്ച്, നീഷേയുടെ അഫോർമിസത്തെക്കുറിച്ച്, ബ്രെസ്സോയുടെ സിനിമയെ ക്കുറിച്ച് ഒക്കെയുള്ള നിരന്തര സംഭാഷണങ്ങള്‍.

ഒരുതരത്തില്‍ സിനിമ അവനവനെ തിരിച്ചറിയല്‍ ആണ്. തന്റെ തന്നെ മൗലിക പ്രകൃതിയിലൂടെയുള്ള ഒരു അന്വേഷണം.അത് കൊണ്ട് തന്നെ തദ്ദേശീയമായ ഒരു സിനിമയുടെ ആവശ്യം നമുക്കുണ്ട് എന്ന് ഞാന്‍ കരുതുന്നു . വളരെ പരമ്പരാഗതമായ ചില പ്രയോഗങ്ങളിലേയ്ക്ക് ചിതലിച്ചു പോകാനുള്ള ഒരു പ്രവണത സ്വതേ സിനിമയ്ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ നിരന്തരം പുതിയ കണ്ടെത്തലുകള്‍/കണ്ടുപിടുത്തങ്ങള്‍ സിനിമയില്‍/സിനിമയ്ക്ക് ആവശ്യമുണ്ട്. ഒരുപക്ഷെ, അതുകൊണ്ടാവാം, എന്റെ ആദ്യ ഫീച്ചര്‍ ഫിലിം എനിക്ക് എന്നെ തന്നെ തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമമായി മാറുന്നത്. തദ്ദേശീയരും അവരുടെ കഥകളും, നമ്മുടെ അവതരണകലകളും സിനിമയെന്ന മഹാ പ്രസ്ഥാനത്തിലേയ്ക്ക് സംഭാവനകള്‍ക്ക് പാത്രമാകണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.

എന്താണ് പഠിക്കാന്‍ പറ്റാത്തത് അത് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ ചെവികളെ അന്യമായ താളങ്ങളിലേയ്ക്ക് തുറന്നു വെയ്പിച്ചു. ഞങ്ങളെ കാണാന്‍ കഴിയാത്തത് കാണുവാന്‍ പഠിപ്പിച്ചു. ഒരായിരം പുതിയ സിനിമയ്ക്ക് ഞങ്ങളുടെ ഉള്ളില്‍ കനലുകള്‍ പാകി. അത് കൊണ്ട് കൂടിയാണ് ഒരു ട്രിബ്യുട്ട് ആയി ‘സ്നേഹപൂര്‍വ്വം മണി കൗളിന്’ എന്ന് സിനിമയുടെ ആദ്യം എഴുതിയത്.

ലേഖകൻ,ദേശീയ പുരസ്കാരം ഉൾപ്പടെ വിവിധ പുരസ്ക്കാരങ്ങൾ നേടിയ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. എസ്. ഹരീഷിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ‘ഏദൻ’ എന്ന ആദ്യ ഫീച്ചർ ഫിലിം പ്രദർശത്തിന് തയ്യാറാവുകയാണ് 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook