പ്രകടനപരതയായിരുന്നില്ല, അലക്കി അടുക്കി ഉളളിലേയ്ക്കെടുത്തായിരുന്നു എം സുകുമാരൻ എന്ന വ്യക്തി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് ഏജീസ് ഓഫീസിലെ ജീവനക്കാരനായ സുകുമാരനെ കാണുന്നത്. കേരളത്തിലെ ഒരുപക്ഷേ,​ഇന്ത്യയിലെ തന്നെ ശക്തമായി ട്രേഡ് യൂണിയൻ മാതൃകയായ ഏജീസ് ഓഫീസിലെ ജീവനക്കാരനായ സുകുമാരൻ എന്ന നിലയിൽ​. ആ കാലത്ത് ആരംഭിച്ച, അകന്നു നിൽക്കുന്ന പരിചയമായിരുന്നു എനിക്ക് സുകുമാരനുമായി ആദ്യമൊക്കെ ഉണ്ടായിരുന്നത്. പിന്നീട് ജീവിതത്തിന്‍റെ പലവഴികളിൽ ഞങ്ങൾ പിരിയുകയും സമാന്തരമായ ജീവിതത്തിലൂടെ പലയിടത്തും  കൂട്ടിമുട്ടുകയും ചെയ്തു.
m.sukumaran, memories,g.sakthidharan

എം സുകുമാരന്‍

 ഏജീസ് ഓഫീസിൽ നിന്നും സുകുമാരന്‍ ഉൾപ്പടെ  അച്ചടക്ക നടപടിക്ക് വിധേയരായവർ പലരും അന്ന് തന്നെ  പാർട്ടിയുടെ വിവിധ തലങ്ങളിലേയ്ക്ക് പ്രവർത്തനം മാറുകയും അതിന്‍റെ ചുമതലകളും മറ്റും ഏറ്റെടുക്കുകയും ചെയ്തു. നാടക പ്രസ്ഥാനത്തിലും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും മറ്റുമൊക്കെയായി പലരും കടന്നു പോയി. പല സ്ഥാപനങ്ങളുടെയും അംഗങ്ങളും ചെയർമാന്മാരുമായി. പാർട്ടി സ്ഥാനങ്ങളിലേയ്ക്കും കടന്നുപോയി. 
എം സുകുമാരൻ അതിൽ നിന്നും വ്യത്യസ്തനായി ഒറ്റയാനായി നടന്നു. ചിലപ്പോള്‍ ഒരു തിരുത്തല്‍ ശക്തിയായും.
ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എന്ന, ഡോ. മാത്യു കുര്യൻ ഡയറക്ടറായ  സ്ഥാപനത്തിൽ അടിയന്തരാവസ്ഥക്കാലത്ത് ജീവനക്കാരനായി സുകുമാരൻ. തൊഴിൽ രഹിതനായി നിന്ന് ബുദ്ധിമുട്ടുന്ന കാലത്താണ്  സുകുമാരൻ അവിടെ വന്നത്.  അന്ന് അവിടെ ഒരു കാര്‍ഷിക മേഖലയിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച ബൃഹത്തായ  പ്രോജക്റ്റിൽ ഞാനും ജോലിചെയ്തു.  കേന്ദ്ര  പ്ലാനിംഗ് കമ്മിഷനില്‍ നിന്ന് ലഭിച്ച പ്രോജക്റ്റ് ആയിരുന്നു അത്.
 തിരുവനന്തപുരം പി എം ജിയിലെ എൻ ജി ഒ യൂണിയന്‍ കേന്ദ്ര ആസ്ഥാനത്തിന്  മുകളിലത്തെ നിലയിൽ ആയിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. മാത്യു കുര്യന് പുറമെഡോ ജേക്കബ് ഈപ്പന്‍,  എം പി പരമേശ്വരനൊക്കെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ടൈപ്പ്  റൈറ്റിങ്ങ് വശമായിരുന്ന സുകുമാരൻ അവിടെ ഓഫീസ് വർക്കിൽ ആണ്  നിയോഗിക്കപ്പെട്ടിരുന്നത്. അവിടെ വച്ച്  ആണ് സാധാരണ ജീവിത സാഹചര്യത്തിൽ നിന്നും ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിസിൽ ജോലി ചെയ്യാനെത്തിയ മീനാക്ഷി, സുകുമാരന്‍റെ ജീവതത്തിലെ കൂട്ടുകാരിയായി മാറുന്നത്. അത് പ്രേമവിവാഹം ഒന്നുമായിരുന്നില്ല. വിവാഹം കഴിച്ചാല്‍കൊള്ളാമെന്ന് മീനാക്ഷിയുടെ ബന്ധുക്കളെ അറിയിച്ചു. വൈകാതെ രജിസ്റ്റര്‍ കച്ചേരിയില്‍വച്ച് വിവാഹിതരായി.

തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്ന  സി ജയൻ ബാബു, പ്രൊഫ. അരവിന്ദാക്ഷൻ (അമ്പലപ്പുഴ), ഏജീസ് ഓഫീസ്സില്‍ നിന്ന് പിരിച്ചു വിടപ്പെട്ട സുകുമാരന്‍ നായര്‍എന്നിവരും ഈ​  പ്രൊജക്റ്റിൽ ഉണ്ടായിരുന്നു. ഞാൻ അധിക കാലം ഈ​ പ്രോജക്ടിൽ തുടർന്നില്ല. എറണാകുളം  കരുമാലൂർ പഞ്ചായത്തിൽ ഈ പദ്ധതിയുടെ പണി ചെയ്യുന്ന സമയത്താണ് ദേശാഭിമാനിയിൽ ചേരാന്‍ പാർട്ടി ആവശ്യപ്പെടുന്നത്.​ അങ്ങനെ ഞാൻ അതിൽ നിന്നും വിട്ട് ദേശാഭിമാനിയിലേയ്ക്ക് പോയി.  അക്കാലത്ത് ചില ഡയരക്ടര്‍മാരുമായുള്ള  എം സുകുമാരന്‍റെ ബന്ധം ഉലഞ്ഞു. സുകുമാരൻ അസ്വസ്ഥനായിരുന്നു.

സുകുമാരൻ വിചാരിച്ച പാർട്ടിയല്ല അതെന്ന്  സുകുമാരന് മനസ്സിലാക്കാൻ സാധിച്ചു. സുകുമാരന്‍റെ വിമർശനങ്ങളുടെ സർഗാത്മക തലം മനസ്സിലാക്കാൻ  അന്നത്തെ പാർട്ടിയുടെ ചുമതലക്കാർക്ക് കഴിഞ്ഞിരുന്നില്ല.  അതോടെ സുകുമാരനെ പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്താക്കി.
അന്നത്തെ പാര്‍ട്ടി സംവിധാനത്തിന്‍റെ ഇടുങ്ങിയ സമീപനം സുകുമാരനെ അകറ്റാനേ സഹായിച്ചുള്ളൂ. അന്നത്തെ ആ ചുമതലക്കാരൻ ചാത്തുണ്ണി മാഷോ അതുപോലുള്ള മറ്റാരെങ്കിലുമോ  ആയിരുന്നുവെങ്കിൽ സുകുമാരന്‍റെ പുറത്താക്കൽ ഉണ്ടാകുമായിരുന്നില്ല.  സർഗാത്മകതയെ മികവോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ സുകുമാരനെ ഇങ്ങനെ നഷ്ടമാകില്ലായിരുന്നു. പാർട്ടിയുടെ ആശയപരമായ സംഗതികളോടോ നിലപാടുകളോടോ അന്ന് സുകുമാരന്  വിയോജിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. വളരെ സെൻസിറ്റീവ് ആയ മനുഷ്യനാണ് അദ്ദേഹം.  കടുത്ത നിലപാടുകളിലേയ്ക്ക്  വന്നതോടെ പാർട്ടിയും വ്യക്തിയും അകന്നകന്ന് പോയി. ആ തീക്ഷണതയാണ് അന്നത്തെ അദ്ദേഹത്തിന്‍റെ സൃഷ്ടികളിൽ പ്രതിഫലിച്ചത്.

എം സുകുമാരന്‍, വര വിഷ്ണു റാം

 അദ്ദേഹത്തിന് വിയോജിപ്പ് ഉളള തരത്തിലുളള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സർഗാത്മകസൃഷ്ടികളിൽ രൂപം കൊണ്ടത്.  ആ രോഷം ഒറ്റയാനായി പ്രകടപ്പിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റേന്‍റെത് വിഭാഗിയ പ്രവർത്തനമായിരുന്നില്ല. അത് കൂട്ടായി ആലോചിച്ചുളള​തുമായിരുന്നില്ല, ഒറ്റയ്ക്കായിരുന്നുവെങ്കിലും എല്ലാം തുറന്ന്  കാണിക്കുകയായിരുന്നു.  കലാകൗമുദി, മാതൃഭുമി എന്നിവിടങ്ങളിലെല്ലാം എഴുതിയിരുന്നു. അന്ന് സുകുമാരനെ ഉൾക്കൊണ്ട്  തിരികെ കൊണ്ടുവരാൻ പാർട്ടി  ശ്രമിച്ചില്ല. അദ്ദേഹം ഉന്നയിച്ച  വിഷയത്തെ,​അദ്ദേഹത്തെ പോലെ തന്നെ അവഗണിച്ച് തളളുകയായിരുന്നു ചെയ്തത്. 
പാർട്ടിയോടുളള​  അദ്ദേഹത്തിന്‍റെ വിമർശനത്തിന് പാർട്ടി കണക്കിലടുത്തതിനേക്കാൾ വിലയുണ്ടായിരുന്നുവെന്ന് ഇന്നും കെടാത്ത ആ തീപ്പൊരി വെളിപ്പെടുത്തുന്നു. പതിറ്റാണ്ടുകൾ സാഹിത്യലോകത്ത് നിന്നും മാറി നിന്ന ഒരാളുടെ മരണത്തെ ആളുകൾ സമീപിക്കുന്ന രീതി അദ്ദേഹം ഉന്നയിച്ച ആ സൃഷ്ടികൾ ഇന്നും പ്രസക്തമാണ് എന്നതിന്‍റെ തെളിവാണ്.

സുകുമാരന് ശേഷം അങ്ങനെ വിമർശനം ഉയർന്നത് എം എൻ വിജയന്‍റെ ഭാഗത്ത് നിന്നാണ്. പക്ഷേ എം എൻ വിജയൻ  ഉന്നയിച്ച വിമർശനങ്ങൾക്ക് സംഘടനാപരമായ പിൻബലമുണ്ടായിരുന്നു. പല തലത്തിൽ  അത് അദ്ദേഹത്തെ സഹായിച്ചിരുന്നു. പാർട്ടിക്കുളളിൽ നിന്നും അല്ലാതെയും അദ്ദേഹത്തിന്‍റെ വിമർശനത്തിന് പിന്തുണ ലഭിച്ചു. എന്നാൽ​ സുകുമാരൻ ഉന്നയിച്ച സർഗാത്മകമായ വിമർശനങ്ങൾക്ക് അക്കാലത്ത്  പാർട്ടിക്കുളളിൽ നിന്നും പിന്തുണ ​ലഭിച്ചിരുന്നില്ല. ആരും ഗൌനിച്ചു പോലുമില്ല.

സുകുമാരന്‍റെ വിമർശനങ്ങൾ​ താനെ കെട്ടുപോകുന്നമെന്നായിരുന്നു പാർട്ടിയുടെ ധാരണ.  പക്ഷേ,​ ആ സർഗാത്മകതയുടെ ​കനലുകൾ കാലത്തിന്‍റെ ചാരത്തിനടിയിൽ കിടക്കുകയായിരന്നു. ഇന്നും അദ്ദേഹത്തെ ആദരിക്കുന്നുവെന്നത് ​ആ കനലുകൾ പൊളളിക്കുന്നത് കൊണ്ടാണ്.
സർഗധനനായ എഴുത്തുകാരൻ എന്ന നിലയിൽ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതിന് പകരം  അകറ്റാനോ ശത്രുവായി ചിത്രീകരിക്കാനോ ആണ് അന്ന് ശ്രമിച്ചിരുന്നത്. വളരക്കാലം അങ്ങനെ അകറ്റിനിർത്തുകയും ചെയ്തിരുന്നു. ജീവിതം തന്നെ വളരെ ബുദ്ധിമുട്ടിയാണ്  അദ്ദേഹം മുന്നോട്ട് കടന്നുപോയത്. നേരിട്ട പ്രതിസന്ധികളെ കടന്നത്. പാർട്ടി സഹായിച്ചില്ല. പക്ഷേ,  പാർട്ടികക്കത്ത് ഒരു വിഭാഗം ആളുകളെങ്കിലും സുകുമാരൻ സത്യസന്ധനായ ആളാണ് എന്നും ആ വ്യക്തിത്വം  മറ്റ് പലരെയും പോലയല്ല ആദരിക്കപ്പെടേണ്ടതാണ് എന്ന് കരുതിയവരുമായിരുന്നു. 
ട്രേഡ് യൂണിയൻ രംഗത്ത് ഏജീസ് ഓഫീസ് റോൾ മോഡൽ ആയിരുന്നു. അവിടെ സുകുമാരൻ ഭാരവാഹിയാകാനോ ചുമതലയെടുക്കാനോ മുതിർന്നില്ല. രാപകലില്ലാതെ അണിയറയില്‍ സംഘടനാ പ്രവർത്തനം നടത്തുകയായിരുന്നു. 1973-74  കാലത്ത് നൂറുകണക്കിന് സി ആർ പി എഫ് കാരെ ഏജീസ് ഓഫീസിലെ സുരക്ഷാ ചുമതല ഏൽപ്പിച്ചു. പട്ടാള ക്യാമ്പ് പോലെ ആയിരുന്നു അക്കാലം  ഏജീസ് ഓഫീസ്. രാത്രി ചുമരെഴുതാനും മറ്റുമൊക്കെ സുകുമാരൻ ഉൾപ്പടെയുളളവരുണ്ടായിരുന്നു.​അന്ന്  അതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന കാലത്ത് ഏജിയായിരുന്ന ആളെ പ്രകോപിക്കുന്ന പ്രതിഷേധങ്ങൾ, ചുവരെഴുത്തുകൾ.  ആ ‘ഫൈറ്റിങ് ഗ്യാങി’ന്‍റെ പ്രധാന ആളുകളിൽ ഒന്ന് സുകുമാരനായിരുന്നു. 
അന്ന് വിദ്യാർത്ഥികളായിരുന്ന  ഞാനുൾപ്പടെയുളള പലർക്കും ആശ്രയമായിരുന്നു ഏജീസ് ഓഫീസിലെ ഉച്ചഭക്ഷണം.  50 പൈസക്ക് ഊണ് കന്റീനിൽ ലഭിക്കും. സുകുമാരനുൾപ്പടെയുളളവർ അവരുടെ കൈവശമുളള ബസ് ടിക്കറ്റ് പോലുളള കൂപ്പൺ ഞങ്ങൾക്ക് നൽകും.  ഞങ്ങൾക്ക് ആ ഓഫീസുമായും അവിടുത്തെ ജീവനക്കാരുമായും നല്ല അടുപ്പം  ഉണ്ടായിരുന്നു. ഇതിന് പുറമെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായി  വിജെ ടി ഹാൾ ബുക്ക് ചെയ്യാനോ നോട്ടീസ് അടിക്കാനോ ഉളളചെലവില്‍​ നല്ലൊരു പങ്ക് പിരിവ് ലഭിക്കുന്നതും അവിടെ നിന്നായിരുന്നു.
m.sukumaran, memories,g.sakthidharan

‘സംഘഗാനം’ എന്ന ചിത്രത്തിലെ രംഗം

 സുകുമാരന്‍റെ കഥയെ ആസ്പദമാക്കി പി എ ബക്കർ  ‘സംഘഗാനം’ സിനിമ എടുക്കുന്ന സമയത്ത് സുകുമാരൻ പാർട്ടിയിൽ നിന്നും പുറത്താണ്. അതിലാണ് ശ്രീനിവാസൻ ആദ്യമായി  അഭിനയിക്കാൻ എത്തുന്നത്.​ ആ സിനിമയ്ക്കെതിരെയി പാർട്ടിക്കകത്ത് എതിർപ്പ് ഉണ്ടായി. ‘കബനീ നദി ചുവന്നപ്പോൾ’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇത് വരുന്നത്. ഈ​ സിനിമയെ പ്രകീര്‍ത്തിച്ച് ഞാൻ ഒരു റിവ്യൂ ചിന്തയിൽ എഴുതി. സാംസ്കാരിക രംഗത്ത് ചിന്തയ്ക്ക് വലിയ അംഗീകാരമുളള കാലമായിരുന്നു അത് . ‘സംഘഗാന’ത്തെ അനുകൂലിച്ച്  റിവ്യൂ ചിന്തയിൽ വന്നത് പാർട്ടിയിൽ  പ്രശ്നമുണ്ടാക്കി.
നായനാർ ഈ റിവ്യൂവിനെ വിമർശിച്ചുകൊണ്ട് മറ്റൊരു പേരിൽ ലേഖനമെഴുതി.  ‘സംഘഗാനവും ഗാനസംഘവും’ എന്ന് തലക്കെട്ടിലാണാ ആ ലേഖനമെഴുതിയത്. രാമചന്ദ്രൻ എന്ന പേരിലാണ് ലേഖനം എഴുതിയത്.
അടുത്തലക്കത്തില്‍ ഞാൻ മറുപടി എഴുതി. വിമർശിച്ച ആളെ വിമർശിച്ചുള്ള  മറുപടിയായിരുന്നു അത്. ഗാനസംഘമെന്ന് വിളച്ചയാളെ ‘സിനിമാ തിയറ്ററിലെ ഇരുട്ട് സിനിമ കാണാനാണ്, അത് അങ്ങനെ തലയ്ക്ക് പിടിച്ചാൽ സിനിമയെ ഇങ്ങനെയെ കാണാൻ പറ്റുകയുളളൂ’ എന്നൊക്കെ ഞാൻ എഴുതി. അത് കുറച്ചു കടന്ന കൈ ആയിപ്പോയി. പക്ഷെ  അതിന്‍റെ പേരിൽ നടപടി ഒന്നും വന്നില്ല. അങ്ങിനെ പകപോക്കുന്ന കാലമായിരുന്നില്ല അതെന്ന് വേണമെങ്കില്‍ പറയാം. 
സുകുമാരനെ അവസാനം കാണുന്നത് ഒന്നര വർഷം മുമ്പ്  തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ വച്ചാണ്. അദ്ദേഹം മോളെ കാത്ത് നിൽക്കുമ്പോഴാണ്  ഞാനുമായി കാണുന്നത്.  എന്നെ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ആ മനസ്സില്‍ തിക്കിത്തിരക്കി വരുന്നത് ആ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു. 
ഞങ്ങള്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരത്തിന്‍റെ അവസ്ഥയെക്കുറിച്ച് ആരാഞ്ഞശേഷം അദ്ദേഹം അവസാനം പറഞ്ഞ വാക്കുകള്‍ ഇങ്ങിനെ, “വളരെ സൂക്ഷിക്കണം ചുറ്റും വിഷപ്പാമ്പുകളാണ് ജാഗ്രത വേണം.”
പഴയ രണ്ട് മൂന്ന് കാര്യങ്ങൾ ​അദ്ദേഹം ഓർമ്മിപ്പിച്ചു. ഞങ്ങളുടെ സംഭാഷണത്തെ തടസ്സപ്പെടുത്തിക്കൊണ്ട് സൈറന്‍ മുഴക്കി ഒരു തീവണ്ടി വടക്കോട്ട്‌ പാഞ്ഞു പോയി. അതിന്‍റെ അവസാനത്തെ ബോഗി കണ്ണില്‍നിന്ന് മറയുമ്പോള്‍, ഞാന്‍ മനസ്സില്‍ കരുതി എന്‍റെ മുന്‍പില്‍  നില്‍ക്കുന്ന എം സുകുമാരനും എല്ലാ പോരാട്ട സ്ഥലത്തും അവസാനത്തെ ബോഗിയായിരുന്നു. എങ്ങും എഞ്ചിന്‍ ആകാന്‍ നിന്നിട്ടില്ല.  ഒരു ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം  ഇന്നദ്ദേഹത്തെ കാണുന്നത് അന്ത്യവിശ്രമമഞ്ചത്തിലാണ്.
 
‘ജനശക്തി’യുടെ എഡിറ്ററാണ് ലേഖകന്‍
 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ