scorecardresearch

ളാഹ ഗോപാലൻ കേരളസമൂഹത്തെ ഓർമ്മപ്പെടുത്തുന്നത്

“ദളിതരുടെ ഭൂ പ്രശ്നത്തെ കേവലം ഭവനരഹിതരുടെ പ്രശ്നമായി പൊതുസമൂഹം ചുരുക്കുമ്പോൾ, ആ ജനതയുടെ സാമൂഹിക അന്തസ് ഉയർത്തിന്നതിനും, മാന്യമായി ജീവിക്കുന്നതിനും വേണ്ടിയുള്ള സമരമായിട്ടാണ് ളാഹ ഗോപാലൻ ചെങ്ങറയിലെ ഭൂ സമരം രൂപപ്പെടുത്തിയത്. ” ചെങ്ങറ സമരനായകൻ ളാഹഗോപാലൻ ഉയർത്തിയ ചോദ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രസക്തിയെയും കുറിച്ച് കോട്ടയം സി എം എസ് കോളജിലെ അധ്യാപകനായ ജെന്റിൽ വർഗീസ് എഴുതുന്നു

ളാഹ ഗോപാലൻ കേരളസമൂഹത്തെ ഓർമ്മപ്പെടുത്തുന്നത്

കേരളത്തിലെ ദളിതർ നേരിടുന്ന അതിഗൗരവമായ ഒരു പ്രശ്നത്തെ പൊതു സമൂഹത്തെ നിരന്തരം ഓർമപ്പെടുത്തുകയും അതിനുള്ള പ്രായോഗികമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിലായിരിക്കും ഒരു പക്ഷെ, ളാഹ ഗോപാലൻ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. വിപ്ലവകരമെന്ന് പൊതുസമൂഹം പൊതുവെ കരുതുന്ന ഭൂപരിഷ്കരണത്തെ ദളിതരുടെ സാമൂഹികാനുഭവത്തിന്റെ വെളിച്ചത്തിൽ വിമർശനവിധേയമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ.

ആക്ഷേപങ്ങളെയും അതിക്രമങ്ങളെയും ചെങ്ങറയിലെ ദളിതർ അതിജീവിച്ചത് ളാഹ ഗോപാലൻ എന്ന വിപ്ലവകാരികയുടെ നേതൃപാടവത്തിന്റെയും, രാഷ്ട്രീയ ബോധ്യങ്ങളുടെയും, സാമൂഹിക കാഴ്ചപ്പാടിന്റെയും ഫലമായിട്ടാണ്. ദളിതരുടെ ഭൂ പ്രശ്നത്തെ കേവലം ഭവനരഹിതരുടെ പ്രശ്നമായി പൊതുസമൂഹം ചുരുക്കുമ്പോൾ, ആ ജനതയുടെ സാമൂഹിക അന്തസ് ഉയർത്തിന്നതിനും, മാന്യമായി ജീവിക്കുന്നതിനും വേണ്ടിയുള്ള സമരമായിട്ടാണ് ളാഹ ഗോപാലൻ ചെങ്ങറയിലെ ഭൂ സമരം രൂപപ്പെടുത്തിയത്.

ളാഹ ഗോപാലന്റെ ഇടപെടലുകളെയും, കാഴ്ചപ്പാടുകളെയും നിലപാടുകളെയും മനസ്സിലാക്കണമെങ്കിൽ ദളിതരുടെ ഭൂപ്രശ്നത്തെ ചരിത്രപരമായി മനസിലാക്കേണ്ടതുണ്ട്. കാർഷിക അടിമകളായിരുന്ന ദളിതർ, തത്വത്തിലെങ്കിലും സ്വതന്ത്രരാകുന്നത് അടിമത്ത നിരോധനത്തോടെയാണ്. സ്വതന്ത്രരായെങ്കിലും സ്വന്തമായി ഭൂമി ഇല്ലാതിരുന്ന ദളിതർ തങ്ങളുടെ യജമാനന്മാരുടെ അധീനതയിൽ തന്നെയായിരുന്നു. യജമാനന്റെ ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്നമ്പോൾ ഏതു സമയവും കുടിയിറക്കപ്പെടുമെന്ന ഭയത്തിൽ ജീവിക്കേണ്ടി വന്നവരാണ് ദളിതർ. കാർഷികവൃത്തിക്ക് പുറത്തു മറ്റു നൈപുണ്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ദളിതർ അതുകൊണ്ടു തന്നെയാണ് തങ്ങൾക്ക് കൃഷി ഭൂമി ലഭ്യമാക്കണം എന്ന ആവശ്യം നിരന്തരം ഉയർത്തിയത്. അയ്യങ്കാളിയും പൊയ്കയിൽ യോഹന്നാനും ഉൾപ്പടെയുള്ള ആദ്യകാല ദളിത് നേതാക്കന്മാർ മുതലുള്ളവർ വിവിധ വേദികളിൽ ഈ ആവശ്യം നിരന്തരം ഉയർത്തിയിരുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും ദളിതരുടെ ഭൂപ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണ്.

കൃഷി ഭൂമി കർഷകന് എന്ന മുദ്രാവാക്യം കേരളത്തിലെ ഭൂരഹിതരെ വളരെയധികം ആകർഷിച്ച മുദ്രാവാക്യമാണ്. കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ അടിത്തറ ബലപ്പെടുത്തുന്നതിന് ഈ മുദ്രാവാക്യത്തിൽ ആകൃഷ്ടരായ ജനവിഭാഗങ്ങൾ സഹായകമായി. ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ,’ എന്നത് കേവലം ഒരു ഗാനം എന്നതിനപ്പുറം രാഷ്ട്രീയ മാനങ്ങൾ ഉണ്ടായിരുന്നു. കൃഷി ഭൂമി കൃഷി ചെയ്യന്ന ജന വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന സംവിധാനം നിലവിൽ വരും എന്ന് അക്കാലത്ത് രാഷ്ട്രീയ നേതൃത്വവും ജനങ്ങളും വിശ്വസിച്ചിരുന്നു.

ചെങ്ങറ സമരം (ഫയൽ ചിത്രം)

പക്ഷെ ഭൂപരിഷ്കരണം നടപ്പിലായപ്പോൾ കൃഷി ഭൂമിക്ക് പകരം താമസിക്കാനുള്ള ഭൂമി/ പാർപ്പിടത്തിനുള്ള ഭൂമി എന്ന നിലയിലേക്ക് ഭൂമിയുടെ അർത്ഥം ചുരുങ്ങി. കൊയ്ത വയലുകൾക്കു പകരം പതിനഞ്ചു സെന്റും പത്തു സെന്റും അഞ്ചു സെന്റും ഭൂമി ഭൂരഹിതർക്ക്‌ നൽകി. മിച്ച ഭൂമിയായി കണ്ടെത്തിയ ഭൂമിയുടെ വളരെ ചെറിയ അളവ് ഭൂമി മാത്രമേ വിതരണം ചെയ്യാൻ കഴിഞ്ഞുള്ളു. ഈ ഭൂമി വിതരണം ചെയ്തിട്ടും ഭൂമി ലഭിക്കാതെ മിച്ചം വന്ന ജനങ്ങളെ (സണ്ണി എം കപിക്കാട് മിച്ച ജനത എന്ന പദം ഉപയോഗിച്ചിട്ടുണ്ട്) കോളനികൾ നിർമ്മിക്കുകയും അവിടെ പുനരധിവസിപ്പിക്കുകയും ചെയ്തു. 27,000 ത്തോളം വരുന്ന ദളിത് കോളനികൾ, ദളിതരോട് കാണിച്ച അനീതിയുടെയും ഭൂപരിഷ്കരണം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും പിന്നാക്കം പോയതിന്റെയും ചിഹ്നങ്ങളായിയി നിലകൊള്ളുന്നു.

അഞ്ച് സെന്റ്/ പത്ത് സെന്റ്/ കോളനികൾ എന്നതിൽ നിന്നും ഭൂമിയുടെ അർഥത്തിനു വീണ്ടും മാറ്റം സംഭവിച്ചിരിക്കുന്നു . ഈ മാറ്റം ദളിതരെ സംബന്ധിച്ച് മാത്രമാണ് അനുഭവവേദ്യമാകുന്നത്. ഇന്ന് ഭൂമി ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ ആണ് ലഭ്യമാക്കുന്നത്. കേരളത്തിലെ കാലാ കാലങ്ങളായി മാറി മാറി വന്ന രാഷ്ട്രീയ /ഭരണ നേതൃത്വം ദളിതരുടെ ഭൂ പ്രശ്നത്തെ രാഷ്ട്രീയ -സാമുദായിക സമ്മർദ്ദങ്ങൾക്കു വഴങ്ങി കേവലം പാർപ്പിടപ്രശ്നമായി ലഘൂകരിച്ചതിന്റെ ഫലമായാണ് ഇത്തരം പദ്ധതികൾ ഉണ്ടാവുന്നത്.

ദളിതരുടെ ജീവിതം, സാമൂഹികാന്തസ്, തുടങ്ങിയ കാര്യങ്ങളെ ഒന്നും തന്നെ പരിഗണിക്കാതെയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നത് എന്നതാണ് ഇവയുടെ പരിമിതി. എത്ര പേർക്ക് വീട് നൽകി, എത്ര പേർക്ക് ഇനി നൽകാനുണ്ട് തുടങ്ങി കേവലം സ്ഥിതി വിവരക്കണക്കുകളും, അവ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രാമുഖ്യം നൽകുമ്പോൾ അതിന് വില കൊടുക്കേണ്ടി വരുന്നത് ദളിതരാണ് എന്നതാണ് വാസ്തവം.

കേരളത്തിലെ ഭൂപരിഷ്കരണം എപ്രകാരമായിരുന്നു നടക്കേണ്ടിയിരുന്നത് എന്ന് കാണിച്ചു തരികയായിരുന്നു ളാഹ ഗോപാലൻ ചെങ്ങറ സമരത്തിലൂടെ ചെയ്തത്. കുറച്ചു ദളിത് സംഘടനകളും, ചില പുരോഗമന പ്രസ്ഥാനങ്ങളും, എസ് യു സി ഐ പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാത്രമായിരുന്നു ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും സംയുക്തമായി എതിർത്ത ഒരു സമരം കൂടി ആയിരുന്നു ചെങ്ങറ സമരം എന്നത് വളരെ സവിശേഷമായ ശ്രദ്ധ അർഹിക്കുന്നു. ദളിതർ ഭൂമിയും അന്തസ്സുള്ള ജീവിതവും അർഹിക്കുന്നവരല്ല എന്നുള്ള കാഴ്ചപ്പാടാണ് പൊതുവിൽ കാണാൻ കഴിഞ്ഞത്.

ഭൂമിയെ മൂലധനം എന്ന നിലയിലായിരുന്നു ദളിതർ സമീപിച്ചിരുന്നത്. കേരള ചരിത്രത്തിൽ ഉടനീളം, ഏതെങ്കിലും ഘട്ടത്തിൽ സ്വന്തമായി ഭൂമി ലഭ്യമായ സമുദായങ്ങളാണ് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി മുന്നേറിയിട്ടുള്ളത് എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് കൃഷിഭൂമി, അഞ്ചേക്കർ സ്ഥലം തുടങ്ങിയ ആവശ്യങ്ങൾ ദളിതർ മുന്നോട്ടു വയ്ക്കുന്നത്. പക്ഷെ, കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾ ദളിതരുടെ ഭൂ പ്രശ്നത്തെ കേവലം ഒരു ക്ഷേമ പദ്ധതിയായി ആണ് സമീപിക്കുന്നത്. അതുകൊണ്ടാണ് കൃഷിഭൂമിയെ മുൻ നിർത്തി വിഭാവനം ചെയ്യപ്പെട്ട ഭൂ പരിഷ്കരണം കോളനികളിലും ഫ്ലാറ്റിലും എത്തി നിൽക്കുന്നത് നമുക്ക് കാണേണ്ടി വന്നത്. ദളിതരെ പ്രതിനിധീകരിക്കുന്നവർ ദളിതരുടെ അനുഭവങ്ങളെക്കാളുപരി രാഷ്ട്രീയ നിലപാടുകൾക്കും പദ്ധതികൾക്കും വേണ്ടി നിലകൊള്ളുന്നു എന്നതാണ് ഇത്തരം അവസ്ഥക്ക് കാരണം.

ക്ഷേമ പദ്ധതികൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനത എന്നതിൽ നിന്ന് സാമൂഹിക അന്തസ്സും, അഭിമാനവും ഉള്ള ജനവിഭാഗമായി ദളിതരെ മാറ്റുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമമായിരുന്നു ളാഹ ഗോപാലൻ നടത്തിയത്. അതിന് കൃഷി ഭൂമിക്കുവേണ്ടി കേവലം സമരം നടത്തുകയല്ല അദ്ദേഹം ചെയ്തത്, പകരം കൃഷി ഭൂമി കണ്ടെത്തുകയും അതിൽ ആയിരക്കണക്കിന് ഭൂരഹിതരായ ദളിതരെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനു പ്രാപ്തരാക്കിക്കൊണ്ടുമാണ്.

മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, ആഘോഷിക്കപ്പെടുന്ന കേരള മാതൃകയിൽ നിന്നും പുറന്തള്ളപ്പെട്ട പാർശ്വവൽക്കൃത കേരളത്തെ രേഖപ്പെടുത്തിയ മാതൃക കൂടിയാണ് ചെങ്ങറ സമരം. കേരളത്തിലെ മുഖ്യധാര സമൂഹം ഭൂമിയെ ഊഹക്കച്ചവടത്തിലെ പ്രധാനഘടകമാക്കി മാറ്റുന്ന സാഹചര്യത്തിലാണ് ഭൂമിയെ അടിസ്ഥാനമാക്കി കാർഷിക ഉൽപ്പാദനത്തിന്റെയും ദളിതരുടെ അതിജീവനത്തിന്റെ വഴികളെയും ളാഹ ഗോപാലൻ ചെങ്ങറ സമരത്തിലൂടെ അടയാളപ്പെടുത്തിയത്.

കേരളത്തിൽ ദളിതരുടെ ഭൂമിപ്രശ്നം ചർച്ചയാകുന്നു ഏതൊരു സാഹചര്യത്തിലും പ്രഥമമായി പരിഗണിക്കപ്പെടേണ്ട വ്യക്തിയായാണ് ളാഹ ഗോപാലൻ. അതോടൊപ്പം തന്നെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെയും, ട്രേഡ് യൂണിയനുകളെയും, ഹാരിസണിന്റെ അടിച്ചമർത്തൽ ശേഷിയെയും വിജയകരമായി പ്രതിരോധിച്ചതായിരുന്നു ചെങ്ങറ സമരം. മാത്രമല്ല, അതുവരെ ഏകമുഖവും സ്ഥായിയുമായി നിലകൊണ്ട വികസന കാഴ്ചപ്പാടുകളെ പ്രായോഗികവും യാഥാർത്ഥ്യവുമായ സമീപനത്തിലുടെ ഉഴുതുമറിച്ച് പുതിയൊരു വികസന സമീപനം മുന്നോട്ട് വെക്കാൻ ളാഹ ഗോപാലന് ഈ സമരത്തിലൂടെ സാധിച്ചു. അതു കൊണ്ട് തന്നെ ചെങ്ങറ ഭൂസമരം കേരളം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത അതിജീവന സമരവും അതിന്റെ നായകനായ ളാഹ ഗോപാലൻ അതുല്യനായ വിപ്ളവകാരിയുമായി മാറുന്നത്.

Read More: ചെങ്ങറയുടെ പത്ത് വർഷം പഠിപ്പിക്കുന്ന രാഷ്ട്രീയം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Remembering laha gopalan chengara land struggle

Best of Express