scorecardresearch
Latest News

യുക്തിവാദത്തിന്റെ അതിരുകൾ

“നിരീശ്വരവാദം എവിടെവരെയെത്തി? പിച്ച വച്ച് നടക്കുന്നുണ്ട് എവിടെയോ, അടിക്കടി ആചാരങ്ങൾ ശീലങ്ങൾ മര്യാദകൾ സ്നേഹബന്ധങ്ങൾ എന്നിങ്ങനെ മതം ഇടംകാല് വച്ച് വീഴ്ത്തുന്നും ഉണ്ട്”

യുക്തിവാദത്തിന്റെ അതിരുകൾ

ലേഖനമല്ല, ഒരു കഥയെഴുതണം എന്നാണ്, അതും ഒന്നല്ല, ഒട്ടനവധി കഥകൾ. ഓരോ നിമിഷവും ഓരോ ശ്വാസോച്ഛ്വാസത്തിലൂടെ, ഇന്ദ്രിയങ്ങളിലൂടെ വിടരുന്ന പോലെ കഥകൾ ഒന്നിന് പിറകേ ഒന്നായി വിരിയുന്നുണ്ട്. കഥ കേരളത്തിൽ നടക്കണം, കഥാപാത്രങ്ങൾ മലയാളം സംസാരിക്കണം. നിരീശ്വരവാദവും യുക്തിവാദവും ജീവിച്ച് പാലിക്കുന്നവരാകണം. അതാണ്‌ വിഷയവും, ഏതറ്റം വരെ യുക്തിവാദത്തിന് സാധ്യകളുണ്ട് എന്നത്. ആനുകാലികമാവണോ, അതോ വർത്തമാനത്തിൽ നിന്നുകൊണ്ട് ചരിത്രത്തിലേയ്ക്ക് അവരെ നയിക്കണോ? രണ്ടായാലും ചില പ്രശ്നങ്ങളുണ്ട്. എന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഭാഷ രണ്ടായിരിക്കും അവരുടെ സംസ്കാരം രണ്ടായിരിക്കും, അങ്ങനെയാണ് മതം നിഷ്കര്‍ഷിച്ചത്.

ചരിത്രത്തിൽ അവർ അരയ മലയാളമോ, തിയ്യ മലയാളമോ, നമ്പൂതിരി മലയാളമോ, നസ്രാണി മലയാളമോ, മാപ്പിള മലയാളമോ സംസാരിക്കണം. ഇതെല്ലാം കൂടിച്ചേർന്ന് മതമില്ലാത്ത ഒരു ഭാഷയുണ്ടോ നമ്മുക്ക്? നിരീശ്വരവാദിയായ ഭാഷ? സംശയമാണ്. എന്റെ കഥാപാത്രങ്ങൾ അവരുടെ ബന്ധങ്ങളെ മതത്തിലൂടെ സംസ്ക്കരിച്ചെടുക്കേണ്ടി വരും. മുഹമ്മദാണ് നായകനെങ്കിൽ അവന് അച്ഛനെ കൊടുക്കാൻ കഴിയില്ല, അവന് ബാപ്പയേ പറ്റൂ! ലക്ഷ്മിക്കൊരു ഇക്കയോ അച്ചായനോ ഉണ്ടാകാമോ!! ഇല്ല. വൈക്കം മുഹമ്മദ്‌ ബഷീർ ഉമ്മയെ മാതാശ്രീ എന്ന് വിളിച്ചത് നർമ്മത്തിൽ നമ്മളെ ചിന്തിപ്പിച്ചു. പക്ഷെ ഈ കഥയിൽ നർമ്മം ഇല്ലല്ലോ. നിരീശ്വരവാദ ബന്ധങ്ങൾ ഉണ്ടാക്കാനും കഴിയില്ല! ഭാഷയ്ക്കും മതമുണ്ട്, ഭാഷാഭേദങ്ങൾക്കും മതമുണ്ട്‌, സംസ്ക്കാരത്തിൽ ഉരുത്തിരിഞ്ഞ മനുഷ്യബന്ധങ്ങൾക്കും മതമുണ്ട്‌!

maya leela, vishnuram

ആനുകാലികമാണെങ്കിൽ ഇതിനൊക്കെ രാഷ്ട്രീയം കൈവരും. യുക്തിവാദിയായ ഹിന്ദുവുണ്ടത്രേ! അതെ, ത്രേ! അതാണ്‌ രാഷ്ട്രീയ ഉപജാപങ്ങളുടെ ഏറ്റവും പുതിയ കാവി വർണ്ണം. ഹിന്ദുവെന്നത് മതമല്ല ജനിതകത്തിൽ പറ്റിച്ചേർന്ന സ്വത്വം ആണെന്ന് ഒരു കൊടിയുടെ കീഴിൽ നിന്ന് പ്രസംഗിക്കുന്ന ഒരു കഥാപാത്രത്തെ കൂടി സൃഷ്ടിച്ചാലോ? പക്ഷേ രാഷ്ട്രീയത്തിൽ മതം ചാലിച്ച് നാട്ടുകാർക്ക് വിളമ്പുന്നത് അത്ര ആനുകാലികം ആണോ? ഒരേ വ്യാകരണത്തിൽ ഹിന്ദുവിന് ഹിന്ദിയും മുസൽമാന് ഉർദ്ദുവും ജനിച്ചത് ചരിത്രത്തിൽ അല്ലെ? ഒരേ വർണ്ണവിജ്ഞാനം എഴുത്തിൽ അറബിയും ദേവനാഗരിയും ആയി പിരിഞ്ഞത് ചരിത്രത്തിൽ അല്ലെ? സംസ്ക്കാരവും രാഷ്ട്രീയവും രാഷ്ട്രങ്ങൾക്ക് അതിരുകൾ തിരിക്കുന്നതിനും മുന്നേ അധികാരികൾ മതം കൊണ്ട് മനസ്സുകൾ ഉഴുത് ഭാഷയുടെ വേർതിരിവുകൾ വിതച്ചതും ചരിത്രത്തിൽ അല്ലെ? വെറുപ്പിന്റെ ഭാഷ രണ്ടാക്കാൻ അവർ മതമല്ലേ ഉപയോഗിച്ചത്, ഒരേ വാക്യഘടനയിൽ ഒരേ അക്ഷരാവലിയിൽ ഒരേ അന്ധവിശ്വാസങ്ങൾക്ക് പല പേരുകൾ, പല ചടങ്ങുകൾ, പല സൂക്തങ്ങൾ, മന്ത്രങ്ങൾ! ബീഹാരിയും മലയാളിയുമൊക്കെ മറാത്ത വിട്ടുപോകണം എന്ന ആക്രോശത്തിനു ചരിത്രത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ നിന്നൊരു മാറ്റൊലിയുണ്ട്; ജ്ഞാനേശ്വർ സംസ്കൃതമെന്ന വരേണ്യ ഭാഷയോട് മാറിപ്പോകാൻ ആണ് പറഞ്ഞതെന്ന് മാത്രം. ദേവനാഗരിയിലുള്ള സംസ്കരിച്ച ഭാഷ ദേവലോകത്ത്‌ നിന്നാണെങ്കിൽ എന്റെ ഭാഷ കള്ളന്മാർ കൊണ്ടുവന്നതോ എന്ന് അദ്ദേഹം ചോദിച്ചുവെന്ന് ചരിത്രം! ചരിത്രപധാനമായ ദൈവഭാഷകൾ; സംസ്കൃതവും, അറബിയും, ഹീബ്രൂവും, ലത്തീനും പുരോഹിതവർഗ്ഗത്തിന്റെ കുത്തകയായിരുന്നു. ചട്ടക്കൂടുകൾ ഭേദിച്ച് ദൈവ വചനങ്ങൾ ഇതര പ്രാദേശിക ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്തത് മതത്തിന് അംഗസംഖ്യ കൂട്ടാൻ മാത്രമാണെന്ന് ഞാനും എന്റെ കഥാപാത്രങ്ങളും വാദിക്കും. “ഉഗ്രചണ്ഡാ പ്രചണ്ഡാ ച ചണ്ഡോഗ്രാ ചണ്ഡനായികാ” എന്നതിൽ നിന്ന് “ആറ്റുകാലമ്മേ കാത്തോളണേ” എന്ന് പ്രാദേശികമായി മതം പിടിമുറുക്കിയതല്ലാതെ ഒന്നും സംഭവിച്ചില്ല. മീരാബായിയും തുളസീദാസും ആഴ്‌വാറും ബ്രാഹ്മണ മതത്തെ പ്രാദേശികമാക്കി മതവും ഭാഷയും ഇഴകോർത്തു. എന്റെ കഥാപാത്രം അന്നത്തെ കീഴ്‌ജാതി ആയിരുന്നെങ്കിൽ ദേവവാണി പഠിക്കാനോ അറിയാനോ പോയിട്ട് കേൾക്കാൻ പോലും ആവുമായിരുന്നില്ല. മതം ഇങ്ങനെ ഭാഷയെ കൂട്ടുപിടിച്ച് വേർതിരിവുകൾ ഉണ്ടാക്കിയതിന് അടിസ്ഥാനങ്ങൾ ഉണ്ട്. വേദപുസ്തകങ്ങൾ ദൈവം നേരിട്ട് പറഞ്ഞു കൊടുത്തതാണെന്ന ‘സത്യം’ പ്രചരിപ്പിക്കണം എങ്കിൽ ദൈവവും മനുഷ്യന് അറിയാവുന്ന ഭാഷയിൽ തന്നെ സംസാരിച്ചു എന്ന് പറയണം. അറബി മാത്രമറിയാവുന്ന പ്രവാചകനോട് ദൈവം സംസ്കൃതത്തിൽ സംസാരിച്ചിട്ടോ, ഹീബ്രു മാത്രമറിയാവുന്ന മോസസിനോട് കൽപ്പനകൾ തമിഴിൽ എഴുതികൊടുത്തിട്ടോ കാര്യമുണ്ടോ! വല്ലതും നടന്നേനെയോ!! എല്ലാപ്രാദേശിക ഭാഷകൾക്കും അങ്ങനെ മതമുണ്ടായി, അതിന്മേൽ സംസ്കാരവും ഉണ്ടായി. സംസ്കാരം അരച്ചുചേർത്ത് സമൂഹങ്ങളും മനുഷ്യരും ഇരുപത്തിഒന്നാം നൂറ്റാണ്ട് വരെ എത്തി. യുക്തിവാദം എവിടെ വരെയെത്തി? നിരീശ്വരവാദം എവിടെവരെയെത്തി? പിച്ച വച്ച് നടക്കുന്നുണ്ട് എവിടെയോ, അടിക്കടി ആചാരങ്ങൾ ശീലങ്ങൾ മര്യാദകൾ സ്നേഹബന്ധങ്ങൾ എന്നിങ്ങനെ മതം ഇടംകാല് വച്ച് വീഴ്ത്തുന്നും ഉണ്ട്. അവിടേയും ചോദ്യങ്ങളും യുക്തിയുമൊക്കെ മതത്തിൽ ഇടിച്ചു നിൽക്കും.

യുക്തിവാദമുള്ള ചരിത്രവും ഇല്ലല്ലോ. മതത്തിന് ചരിത്രമുണ്ട് എന്നല്ല ചരിത്രത്തിന് മതമുണ്ട്‌ എന്നാവണം ഒരു പ്രസ്താവന, ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ കൊണ്ട് തന്നെ അത് പറയിക്കണം, ഓർത്തു വെയ്ക്കട്ടെ.

കഥാപാത്രങ്ങളെ കേരളത്തിൽ നിന്ന് പുറത്തേയ്ക്ക് പായിച്ച് വിദേശത്ത് കൊണ്ട് പോയാലും കടമ്പകൾ ഇതൊക്കെ തന്നെ. അടിസ്ഥാന മര്യാദ എന്ന പേരിൽ ഉള്ള ആഗോള പ്രതിഭാസമാണ് തുമ്മിയാൽ അനുഗ്രഹം ഉണ്ടാവട്ടെയെന്നോ സമാനമായതോ ആയ പ്രതികരണം. തുമ്മുന്നയാളും കൂടെയുള്ള ആളും നിരീശ്വരവാദികൾ ആയാലും അവരുടെ സംസ്കാരം പഠിപ്പിച്ച മര്യാദ പാലിച്ചില്ല എങ്കിൽ അത് ആളുകളെ അലോസരപ്പെടുത്തുന്നുണ്ട്. കണ്ടുമുട്ടി മടങ്ങുമ്പോൾ വേർപിരിയുമ്പോൾ അവർ “ദൈവത്തിങ്കലേയ്ക്ക്” എന്ന് പറഞ്ഞു പിരിയണം. അതാണ്‌ വാക്ക്, പൈതൃക ലത്തീൻ തീരുമാനിച്ചത്. എത്ര ഔചിത്യമില്ലാത്ത സംശയങ്ങൾ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും പക്ഷെ എന്റെ കഥാപാത്രങ്ങളെ മെനയുന്നതിൽ ഞാൻ പാലിക്കുന്ന സൂക്ഷ്മതയിൽ നിങ്ങൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച് നോക്കൂ, ഒന്ന് കണ്ണാടിയിൽ നോക്കൂ ഏതെല്ലാം രൂപത്തിൽ മതം നുഴഞ്ഞു കയറിയിട്ടുണ്ട് എന്നറിയാം. മതവും മതപഠനങ്ങളും സംസ്കരിക്കാത്ത ഏത് സംസ്കാരമുണ്ട്? അയുക്തിയെ അന്ധവിശ്വാസത്തെ ചെറുത്ത് യുക്തിവാദവുമായി വളർന്നു വന്ന ഒരു സംസ്കാരം ഏതുണ്ട്? ആമസോണ്‍ വനങ്ങളിലോ ഓസ്ട്രേലിയൻ ഉൾപ്രദേശങ്ങളിലോ തേടേണ്ടി വരും. അവരുടെ ഭാഷയിൽ പ്രതിഭാസങ്ങളെ പറ്റിയുള്ള അറിവില്ലായ്മയും പ്രകൃതിയോടുള്ള ആദരവും നിറഞ്ഞ പദാവലികൾ ആയിരിക്കും, സാരമില്ല. കൃത്രിമമായി മതം സൃഷ്ടിച്ച ഉത്തരങ്ങളെ അപേക്ഷിച്ച് അതാവും ഭേദം.

മുതിർന്ന ഒരു യുവാവിനേയും യുവതിയേയും കഥാപാത്രങ്ങൾ ആക്കണം. അവർ യുക്തിവാദികളും നിരീശ്വരവാദികളും ആയിരിക്കും. അവർക്ക് നാമകരണം നടത്തേണ്ട ഇടം മുതൽ മതം പിടിമുറുക്കും. പോട്ടെ, ഭൂമിയെന്നോ അഗ്നിയെന്നോ വയ്ക്കാം. എങ്കിലുമുണ്ട്‌ കടമ്പകൾ, അവർക്ക് പൂർണ്ണമായും യുക്തിവാദം ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുമോ?

maya leela, vishnu ram
പെണ്ണിന്റെ ബുദ്ധിയിൽ വിജ്ഞാനം ഇല്ലെന്നും, പുരുഷനാണ് സ്ത്രീയുടെ ഉടമസ്ഥൻ എന്നും സ്ത്രീ നീചജന്മമെന്നും ആവർത്തിച്ച് ഓതിയ വേദപാഠങ്ങൾ അവരുടെ ബോധത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുമോ? ഈയടുത്ത് മോനാ എത്താഹാവി എന്ന ഈജിപ്ഷ്യൻ പത്രപ്രവർത്തക പറഞ്ഞത് ഓർക്കുന്നു; മതം ഭരിക്കുന്ന ഒരു രാജ്യത്ത് സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ രണ്ട് സാധ്യതകളെ ഉള്ളൂ; ഒന്നുകിൽ സ്ഥിരബോധം നഷ്ടപ്പെടുക അല്ലെങ്കിൽ ഒരു ലിംഗസമത്വ വാദിയാവുക. എന്റെ സ്ത്രീ കഥാപാത്രങ്ങൾക്ക് ചിന്തകളിൽ തെളിച്ചം ഉണ്ടാവണ്ടേ, വേണം. മതം രാഷ്ട്രീയവും രാഷ്ട്രീയം മതവും കളിക്കുന്ന ഒരു സമൂഹത്തിൽ അതിന് കഴിയുകയില്ല പക്ഷെ.

മതം സംസ്കാരത്തിന്റെ പ്രച്ഛന്നവേഷം ഇട്ട് പെണ്ണിന് അടിച്ചേൽപ്പിച്ചു കൊടുത്ത അടിമത്തത്തിന്റെ ചിഹ്നങ്ങൾ ഉപേക്ഷിക്കാൻ അവൾക്ക് കഴിയുമോ? നല്ല പെണ്ണെന്ന അംഗീകാരത്തിലേയ്ക്കുള്ള ചവിട്ടു പടികളായ സിന്ദൂരമോ, തട്ടമോ, മിന്നോ ഇല്ലാതെ, ഭർത്താവിനെ നാമത്തിന് പിന്നിൽ പ്രതിഷ്ടിച്ച് ഉടമസ്ഥ വിളംബരം നടത്താതെ അവൾ ജീവിക്കുമോ? വ്യവസ്ഥിതിയുടെ ഗൂഡനീക്കങ്ങൾ തിരിച്ചറിയാതെ അവൾ അതിനെ അനുസരിച്ച് വ്യക്തിസ്വാതന്ത്ര്യം എന്ന കുടപിടിച്ച് അതിനുള്ളിൽ ഒളിക്കുമോ?

“യേശുവോ, മുഹമ്മദോ, ബുദ്ധനോ നേരിട്ട് വന്ന് സ്ത്രീ പുരുഷനെ അപേക്ഷിച്ച് താഴ്ന്നവൾ ആണെന്ന് പറഞ്ഞാൽപ്പോലും ഞാനത് തെറ്റായ തത്വം ആയി തള്ളിക്കളയും” എന്ന് ആലീസ് ബാഗ് പറഞ്ഞത് പോലെ സധൈര്യം ഒരു പ്രസ്താവന നടത്താൻ അവൾക്ക് കഴിയുമോ?
സ്നേഹപ്രകടനം എന്ന വ്യാജേന അനുസരണയുടെ ഭാവങ്ങൾ സ്ത്രീയ്ക്കും അധികാരിയുടെ ഭാവങ്ങൾ പുരുഷനും മതം പഠിപ്പിച്ചു കൊടുത്തത് അവർ തള്ളിക്കളഞ്ഞ് മനുഷ്യരായി ജീവിക്കണമല്ലോ. അതിഭാവുകത്വം കലർത്തി സംശയിച്ചാൽ; നിരീശ്വരവാദിയായ ഒരു പുരുഷന് അവന്റെ ഗൗരവം വെടിഞ്ഞ് പൊട്ടിക്കരയാമോ, യുക്തിവാദിയായ എന്റെ നായകന് ഇക്കിളിയുണ്ടെന്നു സമ്മതിച്ച് നിഷ്കളങ്കൻ ആകാമോ? പാതിവൃത്യവും പരിശുദ്ധിയും കിടക്കയിൽ കെട്ടിയൊരുങ്ങിയ ശവമായി കാത്തുസൂക്ഷിക്കുന്നവൾ ആണ് ഉത്തമയായ സ്ത്രീയെന്ന് ഇതേ മതങ്ങൾ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം ശരീരത്തിലെ സുഖങ്ങൾ തിരഞ്ഞു പോകുന്നത് വഴി തെറ്റൽ ആണെന്ന് അവർക്ക് മതത്തിന്റെ തിട്ടൂരം ഉണ്ട്. അതിനെ എതിർക്കാൻ എന്റെ സാങ്കൽപ്പിക കഥാപാത്രത്തിനെങ്കിലും കഴിയുമോ? ലിംഗ സമത്വം എന്താണെന്ന് ആനുകൂല്യങ്ങൾ പറ്റി വളർന്ന പുരുഷന് പൂർണ്ണ ബോധ്യം ഉണ്ടാകുമോ? താനൊരു പുരുഷനായതുകൊണ്ട് മാത്രം മതം തനിക്ക് നല്കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കാൻ അവന് ധൈര്യം ഉണ്ടാകുമോ? എത്ര ആഴത്തിലാണ് അസമത്വ പാഠങ്ങൾ വസിക്കുന്നത് എന്നും, തന്റെ വാക്കിലും നോക്കിലും പെരുമാറ്റത്തിലും അതെങ്ങനെ പ്രതിഫലിക്കുന്നുവെന്നും ആത്മപരിശോധന നടത്താൻ അവൻ തയ്യാറാകുമോ? നിങ്ങൾ തയ്യാറാകുമോ, അത്തരത്തിൽ ഒരു കഥാപാത്രത്തെ, സുഹൃത്തിനെ നിങ്ങൾ അംഗീകരിക്കുമോ?!സംശയമാണ്!

അങ്ങനെ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ്, നിരീശ്വരവാദി എന്തെല്ലാം ചെയ്യണം, പറയണം, ചിന്തിക്കണം എന്ന് വീക്ഷിച്ചാൽ!! എന്റെ കഥയും കഥാപാത്രങ്ങളും വെളിച്ചം കാണാതെ പോകുമല്ലോ ഈ സമൂഹത്തിന് എതിരേ നീന്തിയാൽ, പ്രത്യേകിച്ച് നിയമവും കോടതിയും പോലീസും ഭരണവും മതമുള്ള കൊടികളെ സംരക്ഷിക്കുമ്പോൾ! മതമില്ലാത്ത കഥയും ജീവിതവും ഉണ്ടാക്കുക എളുപ്പമല്ല. യുക്തിവാദം അത്ര എളുപ്പമുള്ള ഒന്നല്ല. കേരളത്തിലെ കഥാപാത്രങ്ങൾക്ക് മതം സവിശേഷാൽ നൽകിയ ജാതിയെന്ന മേമ്പൊടിയും ഉണ്ട്. മതമേതായാലും ജാതിയുണ്ട് എന്നതാണ് ആനുകാലിക ആപ്തവാക്യം. എത്ര കൊടികളുടെ കീഴിയിൽ വിഭിന്നരായാലും അവരെല്ലാം മതത്തിനു കീഴിയിൽ ഐക്യപ്പെടുന്നു.. ഒരു സാങ്കൽപ്പിക കഥാപാത്രത്തിന് ജീവിതം മെനയാൻ കടമ്പകൾ ഇത്രയെങ്കിൽ യാഥാർത്ഥ്യം സമൂഹത്തോട് എത്രയെല്ലാം പോരാട്ടങ്ങൾ നടത്തണം.

യുക്തിവാദിയായ മനുഷ്യന് നേരിടാൻ ദൈനംദിന ജീവിതത്തിൽ ഒട്ടനവധി വെല്ലുവിളികൾ മതം നിരത്തിയിട്ടുണ്ട്. സ്ഥാപിതമായ ഒരു കൂട്ടായ്മയുടെ ഭാഗം ആകാതിരിക്കുകയും ദൈവമെന്ന പുരുഷനോ ദൈവങ്ങളെന്ന കൂട്ടങ്ങളോ ഇല്ല എന്ന തിരിച്ചറിവിൽ എത്തുകയും ചെയ്യുന്നതോടെ അവസാനിക്കുന്നതല്ല യുക്തിവാദം. എത്തീയിസം അഥവാ നിരീശ്വരവാദം അവിടെ തീർന്നേക്കും, പക്ഷേ മതവും അതിന്റെ ആചാരങ്ങളും സമൂഹത്തിൽ വളരെ ആഴത്തിൽ വേരോടുന്ന ഒന്നാണ്. ഭാഷയെ മതത്തിൽ നിന്ന് മോചിപ്പിക്കണം മനുഷ്യ വികാരങ്ങളുടെ തീവ്രതകളെ ദൈവീകതയുടെ ഉപമകളില്‍ നിന്ന് മോചിപ്പിക്കണം, ശീലങ്ങളും ആചാരങ്ങളും മര്യാദകളും പരസ്പര ഐക്യത്തിലും തുല്യതയിലും ഉണ്ടാകണം. ഒരു യുക്തിവാദിയ്ക്ക് താണ്ടാൻ ഇനിയും ദൂരങ്ങൾ ഒരുപാടൊരുപാട്.

maya leela, religion, rationalism,
എന്റെ കഥാപാത്രങ്ങൾ പ്രണയിച്ചാൽ അവരുടെ പ്രണയഭാവങ്ങൾക്ക് ജയദേവ രാധാ-കൃഷണ സാങ്കൽപ്പിക ഭാവങ്ങൾ ആയിരിക്കുകയില്ല. ഉപമകൾ നക്ഷത്രങ്ങളിലും പ്രകൃതിയിലെ ജീവജാലങ്ങളിൽ നിന്നും ഉരുത്തിരിയും. എന്റെ കഥാപാത്രങ്ങൾ വിപ്ലവകാരികളും ആയിരിക്കും, അവർ ഭാഷയെ യുക്തിവാദത്തിന്റെ ശീലങ്ങളിൽ നിന്ന് കൂടെ പറിച്ചെടുക്കും. യുക്തിയെ കുറിച്ച് വേഗത്തിൽ മുഷിക്കുന്ന നീണ്ട നീണ്ട സാങ്കേതിക പ്രബന്ധങ്ങൾ എഴുതി കൂട്ടുന്നതിന് പകരം പഴമ്പാട്ടുകൾ മെനയും. ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന മുഖങ്ങളിൽ കൂടെ യുക്തിയെ പരിചയപ്പെടുത്തും. സംശയങ്ങൾ പങ്കുവയ്ക്കുന്ന ഉത്തരങ്ങൾ തേടുന്ന സൗഹൃദങ്ങളെ കുറിച്ച് ചെറുകഥകൾ ഉണ്ടാക്കും. പുരുഷനെന്ന അധികാരിയേയും പെണ്ണെന്ന അടിമയേയും അല്ലാതെ മനുഷ്യനായി മക്കളെ വളർത്തിയ മാതാപിതാക്കളുടെ ദാമ്പത്യങ്ങൾ ഇഴകോർത്ത കഥകൾ പറയും..
പുതിയ സമൂഹവും പുതിയ മൊഴിയും പുതിയ ബന്ധങ്ങളും യുക്തിയിന്മേല്‍ പണിഞ്ഞു കയറ്റാന്‍ സമയമേറെ അതിക്രമിച്ചു.

യുക്തിവാദത്തിന്റെ അനന്തസാധ്യതകളും വിഹായസ്സകളും എന്നൊരു കഥയെഴുതട്ടെ….

 

ഭാഷാശാസ്ത്ര ഗവേഷകയാണ് ലേഖിക. 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Religion language and limits of rationalism maya leela