മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം പതിവുരീതിയില്‍ ആചരിക്കപ്പെട്ടപ്പോള്‍ ഏറ്റവുമധികം ഉയർന്നുകേട്ടത്, സമകാലീന ഇന്ത്യന്‍ സമൂഹം ഗാന്ധിയന്‍ ആശയങ്ങളെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞിരിക്കുന്നു എന്ന വിലാപ സ്വഭാവത്തിലുള്ള വിലയിരുത്തലുകളാണ്. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നിക്കുന്ന ഇത്തരം വിലയിരുത്തലുകള്‍ വലിയൊരു യാഥാര്‍ത്ഥ്യത്തെയാണ് മൂടിവെയ്ക്കുന്നത്.

മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരായി നിരന്തരം നാനാവിധ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരുന്നിട്ടും, ബഹുസ്വരതകൊണ്ടും വൈപുല്യംകൊണ്ടും അതീവസങ്കീര്‍ണ്ണ സ്വഭാവമുള്ള ഇന്ത്യന്‍ സമൂഹം ഇപ്പോഴും മതേതര ജനാധിപത്യ രാഷ്ട്രീയഘടനയില്‍ തന്നെ സുഘടിതമായി തുടരുന്നത് ലോകം മുഴുവന്‍ സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിന് പൊതുവില്‍ സമാര്‍ജ്ജിക്കാനായിട്ടുള്ള ഈ കരുത്തിന് പിന്നില്‍ കൂടുതല്‍ ഉയർന്നു നില്‍ക്കുന്നത് സ്വാതന്ത്ര്യസമരകാലത്ത് സൂക്ഷ്മമായ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകളിലൂടെ മഹാത്മാഗാന്ധി വളര്‍ത്തിയെടുത്ത ആധുനിക ഇന്ത്യന്‍ സമൂഹത്തിന്‍റെ രൂപവല്‍ക്കരണമാണെന്ന് കാണാന്‍ കഴിയും. ആധുനിക ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചു പറയുമ്പോള്‍ എല്ലാവരുടെയും ചിന്തയില്‍ ഉയര്‍ന്നുവരിക ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വമാണ്. തീര്‍ച്ചയായും, പാശ്ചാത്യ ജനാധിപത്യ, മതേതര സംഘടന ആധുനിക ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമായി നടപ്പിലാക്കിയെടുക്കുന്നതില്‍ നെഹ്‌റുവിന്‍റെ പങ്ക് വളരെ വലുതാണ്; പ്രധാനവുമാണ്. പക്ഷേ, സ്വാതന്ത്ര്യസമരകാലത്ത്, സൂക്ഷ്മമായ ഇടപെടലുകളിലൂടെ മഹാത്മാഗാന്ധി ഇന്ത്യന്‍ സമൂഹത്തില്‍ നടത്തിയ കളമൊരുക്കലും മറുവശത്ത് വര്‍ണ്ണ-ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഡോ. അംബേദ്ക്കര്‍ നടത്തിയ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍, ഈ നെഹ്‌റൂവിയന്‍, പാശ്ചാത്യ ജനാധിപത്യ മതേതര ഘടന ഇന്ത്യന്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമായിരുന്നില്ല. പ്രതിലോമപരമായ കടന്നാക്രമണങ്ങൾക്ക് നേരെ ഇപ്പോള്‍ നടക്കു തരത്തില്‍ പോലുമുള്ള ചെറുത്തുനില്‍പ്പുകള്‍ സാധ്യമാകുമായിരുന്നില്ല.

സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നും ആധുനിക ഇന്ത്യന്‍ സമൂഹം രൂപപ്പെട്ടുവന്നതിന്‍റെ ചരിത്രം പരിശോധിക്കുമ്പോഴാണ് ഗാന്ധിയന്‍ ഇടപെടലുകളുടെ സവിശേഷതകളും പ്രാധാന്യവും തിരിച്ചറിയാനാവുക. പഴഞ്ചനും പ്രാകൃതനുമെല്ലാമായി പ്രത്യക്ഷപ്പെട്ട ഗാന്ധിജി തന്‍റെ മുന്നിലുള്ള ഭാരിച്ച രാഷ്ട്രീയ, സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി അന്നത്തെ സാഹചര്യംവെച്ച് നോക്കുമ്പോള്‍ ഏറ്റവും ആധുനികവും ഫലപ്രദവുമായ നിലപാടുകളും പ്രവര്‍ത്തന ശൈലികളുമാണ് സ്വീകരിച്ചിരുതെന്ന് കാണാം. യൂറോപ്പിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുന്ന ജനങ്ങള്‍, യൂറോപ്പിലേതിനേക്കാള്‍ കൂടുതല്‍ ഭാഷകള്‍, അനവധി മതങ്ങള്‍, വര്‍ണ്ണ- ജാതി-വംശീയ സമൂഹങ്ങളായി വിഭജിച്ച്, വലിയൊരു ഉപഭൂഖണ്ഡത്തില്‍ പരന്നുകിടക്കുന്ന അവസ്ഥയില്‍, അവരെ മുഴുവന്‍ ഒരൊറ്റ ജനതയായി രൂപപ്പെടുത്തിയെടുക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് ഗാന്ധിജി ഏറ്റെടുത്തത്. കോൺഗ്രസ്സ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് ഈ ദൗത്യം ഏറ്റവും സമര്‍ത്ഥമായ രീതിയില്‍ അദ്ദേഹം നിറവേറ്റിയതിന്റെ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

അനവധി ഭാഷകളും, മതങ്ങളും, സംസ്‌കാരങ്ങളും, വര്‍ണ്ണ-ജാതികളുമെല്ലാമായി ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ചും ഗ്രാമീണ ജനതയെ അടുത്തറിയാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും കഴിയാത്തവിധം അദ്ദേഹം അതില്‍ വിജയിച്ചു. അദ്ദേഹം മനസ്സിലാക്കിയ രീതിയില്‍ ആ ജനവിഭാഗങ്ങളിലേയ്ക്ക് തന്റേതായ വിധം കടന്നുചെല്ലാനാണ് അദ്ദേഹം ശ്രമിച്ചത്. ആശയവിനിമയ രംഗത്ത്  ഇന്നത്തെ  രാഷ്ട്രീയനേതാക്കള്‍ക്ക് ലഭ്യമാവുന്ന ആധുനികോപാധികളുടെ ചെറിയൊരു ഭാഗംപോലും ലഭ്യമല്ലാതിരുന്ന അക്കാലത്ത്, ഇന്നത്തെ ഒരു നേതാവിനും കഴിയാത്തവിധം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ ജനങ്ങളിലേയ്ക്കും അദ്ദേഹത്തിന് ഇറങ്ങിച്ചെല്ലാനായി എന്നതാണ് യാഥാര്‍ത്ഥ്യം. “ഈശ്വര അള്ളാ തേരേ നാം” പോലുള്ള പ്രാര്‍ത്ഥനാഗാനങ്ങള്‍ മുതല്‍ കക്കൂസ് വൃത്തിയാക്കുന്നതുവരെയുള്ള ഗാന്ധിജിയുടെ ദിനചര്യകള്‍ ഇന്ത്യയിലുള്ളവര്‍ മാത്രമല്ല, ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത തന്ത്രമായിരുന്നു അത്. അതുകൊണ്ടാണ് അദ്ദേഹം അങ്ങേയറ്റം ആധുനികനായിരുന്നു എന്ന് പറയേണ്ടിവരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലുണ്ടായിരുന്ന ഹിന്ദു-മുസ്‌‌ലിം സാഹോദര്യം പൂര്‍വ്വാധികം ശക്തമായി അരക്കിട്ടുറപ്പിക്കുന്നതില്‍, ആയിരക്കണക്കിന് പ്രസംഗങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും ചെയ്യാന്‍ കഴിയാത്തതാണ് ആ പ്രാര്‍ത്ഥനാ ഗാനത്തിലെ ഒരു വരിക്ക് ചെയ്യാനായത്. അദ്ദേഹത്തിന്‍റെ ഓരോ ചെയ്തികളും ഈ രീതിയില്‍ ആസൂത്രിതവും ലക്ഷ്യംവെച്ചുകൊണ്ടുള്ളതുമായിരുന്നു.

ഒരു പക്ഷേ, ലോകചരിത്രം മുഴുവനും പരതിയാലും അതിബൃഹത്തായ ഒരു സമൂഹത്തിലേയ്ക്ക് ഇതുപോലെ ഇറങ്ങിച്ചെന്ന ഒരു ചരിത്ര പുരുഷനെ വേറെ കണ്ടെത്താനാവില്ല. ഏറെക്കുറേ ഗാന്ധിജിയുടെ സമകാലീനരായിരുന്ന ലെനിനും മാവോയും സ്വന്തം സമൂഹങ്ങളുടെ ആരാധ്യരാവുന്നതോടൊപ്പം ലോകസമൂഹത്തിലും ആരാധ്യരെ നേടിയെന്നത് ശരിയാണ്. പക്ഷേ, ലക്ഷക്കണക്കിനും കോടിക്കണക്കിനും മനുഷ്യര്‍ കൊല്ലപ്പെടാനിടയായ യുദ്ധങ്ങളിലൂടെ നേടിയ അധികാരമാണ് അവരെ മഹാന്മാരാക്കിയത്. പക്ഷേ, ചരിത്രത്തില്‍ അതൊരു താല്‍ക്കാലിക പ്രതിഭാസമായി മാറുകയും ചെയ്തു. ഇന്ന് അവരെ അവരവരുടെ സമൂഹങ്ങളും, ലോകസമൂഹവും കയ്യൊഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഗാന്ധിജിയാകട്ടെ, രാഷ്ട്രീയാധികാരം കൈപ്പിടിയിലൊതുക്കാവുന്നവിധം തൊട്ടടുത്തുണ്ടായിരിന്നിട്ടും തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം ജനങ്ങളില്‍ നിലനിര്‍ത്തിയത് ധാര്‍മ്മികാധികാരമാണ്. അതാകട്ടെ, അടിച്ചേല്‍പ്പിച്ചതായിരുന്നുമില്ല. ജനങ്ങള്‍ സ്വാംശീകരിക്കുകയായിരുന്നു. ജനങ്ങള്‍ സ്വയം സ്വാംശീകരിക്കാനിടയായ ആ ഗാന്ധിയന്‍ സ്വാധീനങ്ങളാണ് ഇന്നും ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന്‍റെ കരുത്തുറ്റ അടിസ്ഥാനങ്ങള്‍.

ഗാന്ധിജി ഒരിയ്ക്കലും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പറഞ്ഞില്ല. പാശ്ചാത്യസങ്കല്പ്പങ്ങളായാണ് അദ്ദേഹം അവയെ കണ്ടത്. അദ്ദേഹം അവയെ എതിര്‍ത്തില്ല. മറിച്ച്, തന്റേതായ രീതിയില്‍ അഹിംസയും മതസൗഹാര്‍ദ്ദവും നടപ്പിലാക്കുകയാണ് ഉണ്ടായത്. ജനാധിപത്യത്തിന്‍റെ ആഴത്തിലുള്ള പ്രയോഗമാണ് അഹിംസയിലൂടെ അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഭിന്നവീക്ഷണങ്ങളോട് സഹിഷ്ണുത പുലര്‍ത്താനും എല്ലാത്തരം ഭിന്നതകളും ആശയവിനിമയങ്ങളിലൂടെ പരിഹരിയ്ക്കാനും പഠിപ്പിക്കുന്ന ജനാധിപത്യ ചിന്തകള്‍, പൂര്‍ണ്ണമായും അക്രമം ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നതെങ്കിലും സമൂഹത്തില്‍ ജനാധിപത്യപ്രക്രിയകള്‍ പലപ്പോഴും അക്രമത്തിലേയ്ക്ക് നീങ്ങാറുള്ളതുകൊണ്ടായിരിക്കാം ഗാന്ധിജി അഹിംസയിലൂന്നുന്ന ഒരു പ്രവര്‍ത്തനശൈലി വികസിപ്പിച്ചെടുത്തത്. വ്യക്തിയില്‍ ഏകപക്ഷീയമായി ഊന്നുന്ന ഒന്നായി ഈ പ്രവര്‍ത്തനശൈലി മാറി എന്ന വിമര്‍ശനം സാധുവാണെങ്കിലും, സാമൂഹിക പ്രവര്‍ത്തനത്തില്‍ വ്യക്തിയുടെ സാദ്ധ്യതകളെ കേന്ദ്രീകരിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ അന്വേഷണങ്ങള്‍ വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ്.

ഇന്ത്യന്‍ സമൂഹത്തില്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിഭജനത്തിന്റെയും പ്രവണതകള്‍ ബോധപൂര്‍വ്വം കുത്തിപ്പൊക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്തും പൊതുസമൂഹം വലിയൊരു പരിധിവരെ അതിനെ ചെറുത്തുനില്‍ക്കുന്നത് നേരത്തെ നിലനിന്നുപോന്നിട്ടുള്ള സഹിഷ്ണുതയുടെ സംസ്‌കാരത്തെ ഗാന്ധിയന്‍ ഇടപെടലുകള്‍ ബലപ്പെടുത്തിയതുകൊണ്ടുകൂടിയാണെന്ന് കാണാതിരുന്നുകൂടാ.

തിലകനെ തുടര്‍ന്ന് കോൺഗ്രസ്സ് നേതൃത്വം ഏറ്റെടുത്ത ഗാന്ധിജി നടപ്പിലാക്കാൻ തുടങ്ങിയ മതസൗഹാര്‍ദ്ദ സമീപനത്തിനെതിരെ തിലകന്‍റെ ശിഷ്യന്മാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഫലിക്കാതെ വപ്പോഴാണ് അവര്‍ ആര്‍.എസ്.എസ്. ഉണ്ടാക്കിയത്. പക്ഷേ, അവുരടെ ഹിന്ദുത്വരാഷ്ട്രീയം സ്വാതന്ത്ര്യസമരകാലത്ത് പ്രാന്തവല്‍ക്കരിക്കപ്പെട്ടത് ഗാന്ധിജി വളര്‍ത്തിയെടുത്ത മതസൗഹാര്‍ദ്ദ സമീപനം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതുകൊണ്ടുതന്നെയാണ്. വിവിധ മതങ്ങളോടുള്ള ഭരണകൂടത്തിന്‍റെ നിഷ്പക്ഷ സമീപനം എന്ന പാശ്ചാത്യ നെഹ്‌റൂവിയന്‍ മതേതരത്വത്തില്‍ ഭിന്നമായി ഗാന്ധിജിയുടെ മതസൗഹാര്‍ദ്ദ സമീപനം സാംസ്‌കാരികതലത്തില്‍ ആഴത്തില്‍ ഇറങ്ങുകയാണുണ്ടായത്. പലവിധ ആക്രമണങ്ങള്‍ക്ക് നടുവിലും ഇന്ത്യന്‍ മതേതരത്വം ഇപ്പോഴും അടിയിളകാതെ നില്‍ക്കുതിന് പിന്നില്‍ ഈ ഗാന്ധിയന്‍ സ്വാധീനം പ്രകടമാണ്. ഗാന്ധിജിയെ മനസ്സിലാക്കിയിട്ടില്ലാത്ത പുതുതലമുറക്കാരില്‍ പോലും പരോക്ഷമായി ഈ സ്വാധീനം പ്രവര്‍ത്തിക്കുന്നുണ്ട്.

മതത്തോടുള്ള ഗാന്ധിജിയുടെ സമീപനം എന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. താനൊരു സനാതന ഹിന്ദുവാണെന്ന ഉറച്ചനിലപാട് അദ്ദേഹം പ്രഖ്യാപിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണം. പക്ഷേ, ആ നിലപാടെടുത്തുകൊണ്ടാണ് ഖിലാഫത്തിന് പിന്തുണ നല്‍കിയതും. “ഈശ്വര അള്ളാ തേരേ നാം ” എന്ന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചതുമെന്ന കാര്യം വേണ്ടത്ര ഗൗരവത്തില്‍ വിമര്‍ശകര്‍ പരിശോധിച്ചില്ല. ബഹുഭൂരിപക്ഷം ജനങ്ങളും വ്യത്യസ്തമതങ്ങളില്‍ ഗാഢമായി വിശ്വാസമര്‍പ്പിക്കുന്ന ഒരു സാഹചര്യത്തില്‍, ആ മതവിശ്വാസികളെ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് അടുപ്പിക്കുതിനാണ് എല്ലാ വിശ്വാസങ്ങളിലും ഊന്നിക്കൊണ്ടുള്ള മതസൗഹാര്‍ദ്ദ സമീപനം അദ്ദേഹം വികസിപ്പിച്ചത്. അത് വിജയിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര രാഷ്ട്രീയത്തില്‍ മതസമൂഹങ്ങളെ അണിനിരത്തിയ ആദ്യഘട്ടത്തില്‍ അതിന് ചേരുംവിധം രാഷ്ട്രീയവും മതവും പരസ്പര ബന്ധിതമാണെന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. അത് മതേതര സങ്കല്‍പ്പത്തിന് ചേരുന്നതല്ലെന്ന വിമര്‍ശനം അന്നുതന്നെ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍, മുസ്‌ലിം ലീഗ് പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചപ്പോഴാണ് മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്‍റെ അപകടം പ്രകടമായത്. അതോടെ ഗാന്ധിജി പഴയ നിലപാട് മാറ്റാന്‍ തയ്യാറാവുകയും ചെയ്തു. മതം വ്യക്തിതലത്തില്‍ നിലനിര്‍ത്തണമെന്നും രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തരുതെന്നുമുള്ള ശക്തമായ നിലപാടാണ് പിന്നീട് അവസാനം വരെയും അദ്ദേഹം പിന്തുടര്‍ന്നത്. അതേസമയം വ്യക്തിതലത്തില്‍ മതവിശ്വാസം നിലനിര്‍ത്തുകയും പ്രയോഗിക്കുകയും ചെയ്യുതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇന്ന് ഹിന്ദുത്വരാഷ്ട്രീയം ഭീഷണിയായി ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സമീപനത്തിന് ഏറെ പ്രസക്തിയുണ്ട്. ഹിന്ദുമതവിശ്വാസത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും തിരിച്ചറിയുകയും ആ വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ ഹിന്ദുത്വരാഷ്ട്രീയത്തെ നേരിടാനാകൂ. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ഗാന്ധി നടപ്പിലാക്കാന്‍ ശ്രമിച്ചത് ഈ ഗാന്ധിയന്‍ സമീപനത്തിന്‍റെ തുടര്‍ച്ചയാണെങ്കില്‍ അതിന് ഏറെ സാദ്ധ്യതകളുണ്ട്. അതുപോലെ അസഹിഷ്ണുതയുടെയും വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയത്തിന് പകരമായി സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും രാഷ്ട്രീയം രാഹുല്‍ഗാന്ധി അവതരിപ്പിക്കാന്‍ ശ്രമിച്ചത് ഗാന്ധിയന്‍ അഹിംസയുടെ തുടര്‍ച്ചയുമാകാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook