എം ബി രാജേഷ്

ഈ പോസ്റ്റ്‌ ട്രൂത്ത്‌ കാലഘട്ടത്തില്‍ ആകര്‍ഷകമായി പൊതിഞ്ഞുവച്ചതും വളരെയധികം വിപണനസാധ്യതകളുള്ളതുമായ നുണകളാണ് സത്യങ്ങളായി ധരിക്കപ്പെടുന്നത്. ഈ പ്രചാരവേലകളുടെ തന്ത്രങ്ങള്‍ സംഘപരിവാര്‍ വളരെ വിദഗ്ദ്ധമായി പഠിച്ചെടുത്തു എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അവരുടെ നുണകേന്ദ്രങ്ങള്‍ അധികസമയം ജോലിചെയ്തുകൊണ്ട് വസ്തുതകളെ വളച്ചൊടിക്കുന്നു. പാര്‍ലമെന്‍റിനുപോലും അതില്‍ നിന്നും മോചനമില്ല എന്നതാണ്. പാര്‍ലമെന്‍റില്‍ പ്രസംഗിച്ച ഒരു ബിജെപി എംപി സിപിഎമ്മിനെതിരെ “താലിബാന്‍ രീതികള്‍” ആരോപിക്കുകയുണ്ടായി എന്നുമാത്രമല്ല, സിപിഎം പ്രവര്‍ത്തകര്‍ ഒരു പ്രൊഫസറുടെ കൈകള്‍ അറുത്തുമാറ്റി എന്നും പറഞ്ഞു.

സത്യം എന്തുകൊണ്ടും വളരെ വ്യത്യസ്തമാണ്. ആ ഹീനകൃത്യം ചെയ്തത് തീവ്ര ഇസ്ലാമിക് സംഘടനയായ എന്‍ഡിഎഫ് (നാഷനൽ ഡമോക്രാറ്റിക് ഫ്രണ്ട്) ആയിരുന്നു. അതില്‍ കുറ്റവാളികളായി കണ്ടെത്തിയവര്‍ കോടതി ശിക്ഷ അനുഭവിക്കുകയുമാണ്. കേരളത്തിനെ താറടിച്ചു കാണിക്കുകയെന്ന ഉദ്ദേശത്തോടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ക്യാംപെയിന്റെ ഭാഗമായി എങ്ങിനെയാണ് വിവരസാങ്കേതിക വിദ്യയുടെ കാലത്തും ഗീബല്‍സ് തന്ത്രങ്ങള്‍ മെനയുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ്‌ ഈ സംഭവം.

വളരെ പെട്ടെന്നാണ് ടിവി ചാനലുകള്‍ക്കും ദേശീയ പത്രങ്ങള്‍ക്കും രാഷ്ട്രീയകൊലപാതകങ്ങള്‍ ഒരു ചൂടുവിഷയമായത്. തീര്‍ച്ചയായും രാഷ്ട്രീയകൊലപാതകങ്ങള്‍ കടുത്ത ഭാഷയില്‍ തന്നെ അപലപിക്കേണ്ടതാണ്. എന്നാല്‍ ഈ അപലപനീയങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ അരുത്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് സിപിഎമ്മിനെ തിരഞ്ഞുപിടിച്ചുകൊണ്ട് ആസൂത്രിതമായ മാധ്യമ ആക്രമണമാണ്. എന്നുമാത്രമല്ല,
സിപിഎമ്മിനെതിരായ അതിക്രമങ്ങളുടെ ആസൂത്രിതവും വധിക്കപ്പെടുന്നതുമായ മാധ്യമങ്ങളും, ഇടതുപക്ഷത്തിനു പറയാനുള്ള കഥയെ മറച്ചുപിടിക്കുകയും ബോധപൂർവ്വമായ അപകീര്‍ത്തിപ്പെടുത്തല്‍ കൂടിയാണ്.

Read More : കേരളത്തിലെ ജനം തളളിക്കളഞ്ഞ ഒറ്റപ്പെട്ട സംവിധാനമാണ് സംഘപരിവാര്‍; എന്‍ഡിടിവി അഭിമുഖത്തില്‍ നയം വ്യക്തമാക്കി പിണറായി

ഒന്നോ രണ്ടോ ചാനലുകള്‍ മാത്രമാണ് 2000-2017 വര്‍ഷങ്ങളിലെ ക്രൈം ഡാറ്റ പ്രകാരം 65 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരിച്ചപ്പോള്‍ 85 സിപിഎം പ്രവര്‍ത്തകരും രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് സത്യസന്ധമായി പറഞ്ഞത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രധാനകേന്ദ്രമെന്നു പറയുന്ന കണ്ണൂരില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലത്തിനിടയില്‍ ഇരുകൂട്ടര്‍ക്കും 43 പ്രവര്‍ത്തകരെ വീതം നഷ്ടമായി. ഈ കണക്കുകള്‍ പുറത്തുവിടാന്‍ കോര്‍പ്പറേറ്റ് അനുകൂല മാധ്യമങ്ങൾ ശ്രമിക്കുന്നില്ലായെന്നത് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളതായ “കമ്മ്യൂണിസ്റ്റ്‌ ഭീകരത” എന്നും “ആര്‍എസ്എസ് ഇരകള്‍” എന്നുമുള്ള വ്യാഖ്യാനങ്ങള്‍ ഇല്ലാതാവും എന്നതിനാല്‍ മാത്രമാണ്.

ഞാനീ കണക്കുകള്‍ നിരത്തുന്നത് രാഷ്ട്രീയകോളകളെ ന്യായീകരിക്കാനല്ല. മറിച്ച് അതിനെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവരണം എന്നുള്ളത് കൊണ്ടാണ്. എന്തുകൊണ്ടാണ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനു സിപിഎം പ്രവര്‍ത്തകരെ കൊല്ലാന്‍ അവകാശം കല്‍പിച്ചുനല്‍കിയിരിക്കുന്നത് ? എന്തുകൊണ്ടാണ് 86 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാന വാർത്തകളാവാത്തതും പ്രൈംടൈം ചര്‍ച്ചകള്‍ ഇല്ലാതിരുന്നതും ? കൗമാരക്കാരായ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ- ആലപ്പുഴയിലുള്ള അനന്ദുവിനേയും തൃശൂരിലുള്ള നിര്‍മലിനേയും ആര്‍എസ്എസ് ഗുണ്ടകള്‍ തന്നെ കൊന്നപ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ നിശബ്ദരായത് എന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോ മറ്റു നേതാക്കളോ ഇവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്താത്തത് ? ഈ ചോദ്യങ്ങളൊക്കെ പ്രസക്തമാവുന്നുണ്ട്.

ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അക്രമങ്ങളുടെ വേരുകള്‍ നീളുന്നത് 1960കളിലെ കണ്ണൂരിലേക്കാണ്. ബീഡി വ്യവസായം അതിന്‍റെ പ്രൗഢിയിലായിരുന്ന അക്കാലത്ത്. കൂടുതല്‍ ഫാക്ടറി ഉടമകള്‍ ആര്‍എസ്എസ് അനുഭാവികളായിരുന്നപ്പോള്‍ തൊഴിലാളികളെ കമ്മ്യൂണിസ്റ്റുകാർ തൊഴിലാളി യൂണിയനുകീഴില്‍ സംഘടിപ്പിക്കുകയുണ്ടായി. ആര്‍എസ്എസ് അനുകൂലികളായ ഫാക്ടറി ഉടമകള്‍ മംഗലാപുരത്തുനിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ടുവന്നുകൊണ്ട് തൊഴിൽകേന്ദ്രങ്ങളിലെ അസ്വസ്ഥതകളെ ശാരീരികമായിതന്നെ അടിച്ചമർത്തുകയുണ്ടായി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളില്‍ കലാശിച്ചു. 1971ല്‍ ആര്‍എസ്എസ് നേതൃത്വം നല്‍കിയ തലശ്ശേരി വര്‍ഗീയകലാപം നടന്നതോടെ കാര്യങ്ങളുടെ ഗതിമാറുകയായിരുന്നു. ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് വര്‍ഗീയകലാപത്തെ ചെറുത്തുനിര്‍ത്താനും ന്യൂനപക്ഷമതങ്ങളുടെ ആരാധനകേന്ദ്രങ്ങളിലേക്ക് ആര്‍എസ്എസ് അഴിച്ചുവിട്ട അക്രമങ്ങളെ തടുത്തുനിര്‍ത്താനും വിജയകരമായി തന്നെ സാധിച്ചു.

Read More : രാഷ്ട്രീയ സംഘര്‍ഷത്തെ മറയാക്കിക്കൊണ്ട് ബിജെപിയുടെ വ്യാജ പ്രചരണം വ്യാപകം

അന്ന് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് വിതയത്തിലിന്‍റെ അദ്ധ്യക്ഷതയിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ കലാപം തടയാന്‍ സിപിഎം വഹിച്ച പങ്കിനെ അനുമോദിക്കുകയുണ്ടായി. കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഇങ്ങനെ ആര്‍എസ്എസിനെ തടുത്തുനിര്‍ത്തിയതില്‍ നിന്നും പ്രോത്സാഹനം
ഉള്‍ക്കൊണ്ടയാളാണ്. അന്നുമുതല്‍ക്കിന്നു വരെ കണ്ണൂരിനൊരു വര്‍ഗീയ കലാപം അനുഭവിക്കേണ്ടിവന്നിട്ടില്ല. പക്ഷെ ആര്‍എസ്എസ് ഇതുവരെ സിപിഎമ്മിനെയോ അതിന്‍റെ നേതാക്കളെയോ ലക്ഷ്യം വെക്കുന്നത് നിര്‍ത്തിയതുമില്ല. കണ്ണൂരിനെ ഫലത്തില്‍ ഒരു യുദ്ധക്കളമാക്കുകയായിരുന്നു ആര്‍എസ്എസ്.

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് അത്യുജ്ജ്വലമായൊരു ചരിത്രമാണ് പറയാനുള്ളത്. കൊളോണിയല്‍ വിരുദ്ധ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും, ഭൂപ്രഭുക്കള്‍ക്കെതിരായുള്ള കര്‍ഷക സമരവും ജാതിശ്രേണിക്കെതിരായ ജാതിവിരുദ്ധ സമരങ്ങളുടേയും ചരിത്രമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ മുന്നേറ്റത്തിന്റേത്. ഇതാണ് കേരളത്തില്‍ വലിയൊരുവിഭാഗം സിപിഎമ്മിന്റെ പിന്നില്‍ അണിനിരക്കാനുള്ള കാരണവും. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് നോക്കുകയാണ് എങ്കിലും സിപിഎമ്മിന് അമ്പത് ശതമാനം വോട്ടുനിലനിര്‍ത്താന്‍ സാധിച്ചു എന്നത് വോട്ടര്‍മാര്‍ ‘ചുവപ്പ് ഭീകരവാദം’ എന്ന ആര്‍എസ്എസ് ആവര്‍ത്തിക്കുന്ന കളവ് നിരസിച്ചു എന്നതിന്‍റെ തെളിവാണ്.

ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളും ആരംഭിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ തന്നെ മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രനെ ആര്‍എസ്എസ് വധിച്ചതിനു പിന്നാലെയാണ്. അതിനുപിന്നാലെ തന്നെ മറ്റു രണ്ടു സിപിഎം പ്രവര്‍ത്തകരെയും ആര്‍എസ്എസ് കൊലപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ നിരന്തരമായുള്ള ആക്രമങ്ങള്‍ ചില പ്രത്യാക്രമണങ്ങളിലേക്കും നയിച്ചു എന്നത് സത്യമാണ്. പാര്‍ട്ടി തന്നെ അതിനെ പലതവണ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കെടുത്ത ഞങ്ങളുടെതന്നെ ചില പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയും എടുത്തിട്ടുണ്ട്. ആര്‍എസ്എസിനോ ബിജെപിക്കോ അത്തരത്തില്‍ ഏതെങ്കിലുമൊരു പ്രവര്‍ത്തകനെതിരെ നടപടിയെടുത്തതായി കാണിക്കാന്‍ സാധിക്കുമോ ?

Read More : ‘കാസർഗോഡ് ഐഎസിന്‍റെ വിളനിലം’: കേരളത്തിനെതിരെ വീണ്ടും ടൈംസ് നൗവിന്‍റെ വിദ്വേഷ വാര്‍ത്താപ്രചരണം

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു കൗമാരക്കാരെ വധിച്ചിട്ടുണ്ട് എന്നതാണ് അതിലും അപലപനീയം. അവരുടെ പേരുകള്‍ ബിജെപി എംപി പാര്‍ലമെന്റില്‍ വായിച്ച പേരുകളുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. അത്തരത്തില്‍ തിരഞ്ഞുപിടിച്ചുള്ള പ്രതിഷേധങ്ങള്‍ എന്തിനാണ്. സ്വന്തം പ്രവര്‍ത്തകരെ തന്നെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതും അവര്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങള്‍ നല്‍കികൊണ്ടും നടത്തുന്ന ഈ പ്രതിഷേധങ്ങള്‍ കാപട്യത്തെ തുറന്നുകാട്ടുന്നതാണ്.

തിരുവനന്തപുരത്ത് നടന്ന അവസാനസംഭവത്തിനു രാഷ്ട്രീയ വൈരാഗ്യവുമായി യാതൊരു ബന്ധവുമില്ല. ഗുണ്ടായിസത്തെ ആര്‍എസ്എസ് പിന്നീട് രാഷ്ട്രീയവത്കരിച്ചതാണാ സംഭവം. ജൂലൈ ഏഴാം തീയതിയാണ് രണ്ടു സംഘം ആളുകള്‍ തമ്മില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നത്. ഇതില്‍ പൊലീസ് ഒരു എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ 29നു നടന്ന കൊലപാതകം ഈ വൈരാഗ്യത്തിന്റെ തുടര്‍ച്ചയാണ്. ബിജെപി സംസ്ഥാന നേതൃതവത്തിനു നേരെയുയര്‍ന്ന കോടികളുടെ അഴിമതിയാരോപണത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകരുടെ ദേശദ്രോഹപരമായ കള്ളനോട്ടടി കേസില്‍ നിന്നും ശ്രദ്ധതിരിക്കുവാനായുള്ള എന്തെങ്കിലും നോക്കിയിരിക്കുകയായിരുന്നു ബിജെപി.

ബിജെപി നേതൃത്വം തന്നെ നടത്തിയ ഉള്‍പ്പാര്‍ട്ടി അന്വേഷണമാണ് പല സംസ്ഥാനതല നേതാക്കളും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കായി മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിച്ചുതരാം എന്നവകാശപ്പെട്ടുകൊണ്ട് കോടികള്‍ കൈപ്പറ്റിയ വിവരം സ്ഥിരീകരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന മുഖ്യന്‍ ഈ അഴിമതിക്കാരെ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപിയിൽ തന്നെ മറ്റൊരു വിഭാഗമാണ്‌ മാദ്ധ്യമങ്ങള്‍ക്ക് ഈ അന്വേഷണ റിപ്പോര്‍ട്ട്‌ മുഴുവനായി ചോര്‍ത്തികൊടുക്കുന്നത്. അതിനെത്തുടർന്ന് ബിജെപിയുടെ പല സംസ്ഥാന നേതാക്കളുടെയും കള്ളിവെളിച്ചത്തായി തുടങ്ങി. പല മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും സ്വത്തുകള്‍ ഇരട്ടിയായതും മറ്റും ശ്രദ്ധയിലേക്ക് വന്നു. അതിനോടൊപ്പം തന്നെയാണ് ഒരു പ്രധാന ബിജെപി നേതാവ് ഒരു കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റ് വരിക്കുന്നതും.

കച്ചവടക്കാരില്‍ നിന്നും ഭീമാകാരമായ സംഖ്യകള്‍ ആവശ്യപ്പെടുക മുതല്‍ പണം നല്‍കാന്‍ തയ്യാറാവാത്തവരെ കൈകാര്യം ചെയ്യുന്നനടപടിവരെ ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്. സംസ്ഥാനത്ത് കാര്യമായ അടിയൊഴുക്കുകള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ സാധിക്കാത്തപ്പോഴും ഇത്തരം അഴിമതിയാരോപണങ്ങളില്‍ കുടുങ്ങികിടക്കുകയാണ് ബിജെപി. ബിജെപിയുടെ മുന്നണിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ ബിജെപി തന്നെ നിരാശപ്പെടുത്തി എന്നു പറയുകയുണ്ടായി. ഈ പ്രതീക്ഷയറ്റ അവസരത്തിലാണ് തിരുവനന്തപുരത്ത് നടന്നയൊരു കൊലപാതകത്തെ രാഷ്ട്രീയവത്കരിച്ചുകൊണ്ട് ബിജെപി മുന്നോട്ട് വരുന്നത്. ഇത് പല വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ എന്ന ഉദ്ദേശത്തോടെ മാത്രമല്ല, അവരുടെ തന്നെ പല ഘടകങ്ങളേയും ‘ചുവപ്പ് ഭീകരവാദം’ എന്ന ഉമ്മാക്കി കാണിച്ച് ഒരുമിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.

ഞായറാഴ്ച നടന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുട കേരളാ സന്ദര്‍ശനം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശിഥിലീകരിക്കുകയെന്നും ഇടതുപക്ഷത്തെ തളര്‍ത്തുക എന്നുമുള്ള ഉദ്ദേശ്യത്തോടെ ആര്‍എസ്എസും ബിജെപിയും രൂപകല്‍പന ചെയ്ത തന്ത്രമാണ്. രസകരമായ വസ്തുത എന്തെന്നാല്‍ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം രണ്ടു രീതിയില്‍ സിപിഎമ്മിന് ഗുണകരമായിട്ടുണ്ട്. ഒന്നാമതായി, “ചുവപ്പ് ഭീകരത” എന്ന ആര്‍എസ്എസ് അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി ധാരാളം സിപിഎം പ്രവര്‍ത്തകരും മരിച്ചിട്ടുണ്ട് എന്ന് തെളിയിക്കപ്പെടുന്നു.

Read More : അക്രമങ്ങൾ തടയണമെങ്കിൽ ആർ എസ് എസിന് പ്രധാനമന്ത്രി മൂക്കുകയറിടണം മുഖ്യമന്ത്രി പിണറായി വിജയൻ

“The killing fields of Kerala” എന്ന് തന്‍റെ വാര്‍ത്താപരിപാടിയെ വിശേഷിപ്പിച്ച ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകൻ അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാനായി കേരളം വരെ വരികയുണ്ടായി. പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ” മിക്കവാറും എന്താണ് സംഭവിക്കുന്നത് എന്നാല്‍ ഓരോ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകന്റെയും കൊലപാതകം ദേശീയ മാധ്യമങ്ങളില്‍ പലകുറി പ്രതിധ്വനിക്കുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകന്‍ വധിക്കപ്പെടുമ്പോള്‍ അത് സൗകര്യപരമായി മെല്ലെ പറയുകയോ ഇല്ലെങ്കില്‍ തിരസ്കരിക്കുകയോ ആണ് ചെയ്യാറുള്ളത്”. സിപിഎം പ്രവര്‍ത്തകരും വധിക്കപ്പെടുന്നുണ്ട് എന്ന് അരുണ്‍ ജെയ്റ്റ്‌ലിക്കു തന്നെ പറയേണ്ടി വന്നു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം നടക്കുന്നത്. ഒരു ബുദ്ധിമാനായ രാഷ്ട്രീയക്കാരനും ഉജ്ജ്വല നിയമവിദഗ്ദ്ധനുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് ആര്‍എസ്എസ് ഉയര്‍ത്തിയ ആവശ്യത്തിനൊരു രാഷ്ട്രീയമോ, ധാര്‍മികമോ, ഭരണഘടനാപരമോ നിയമപരമോ ആയൊരു തലമില്ല എന്ന് കൃത്യമായി അറിയാവുന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നുമുള്ള ആരോപണങ്ങളില്‍ നിന്നും അതിനാല്‍ തന്നെ രാഷ്ടപതി ഭരണം വേണം എന്ന ആവശ്യങ്ങളില്‍ നിന്നും അദ്ദേഹം അകന്നുനില്‍ക്കുകയാണ് ചെയ്തത്.

വേണമെങ്കില്‍ കേരളത്തിലെ ക്രമസമാധാന നില യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഉത്തര്‍പ്രദേശ് അസംബ്ലിയില്‍ ജൂലൈ പതിനെട്ടിന് ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ പറയുന്നത് യോഗി ആദിത്യനാഥിന്‍റെ ആദ്യരണ്ടുമാസത്തെ ഭരണത്തിനിടയില്‍ 729 കൊലപാതകം, 803 ബലാത്സംഗം, 2688 തട്ടിക്കൊണ്ടുപോവല്‍ എന്നിവ നടന്നുവെന്നാണ്.

കേരളത്തെ ധ്രുവീകരിക്കുക എന്നതാണ് സംഘപരിവാറിന്‍റെ യതാര്‍ത്ഥ ലക്ഷ്യമെന്നു ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. യോഗിജിയെ പോലുള്ളവര്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന പരേഡുകള്‍ ഈ പ്രചാരവേലകളെ കറുപ്പിക്കും എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.

അദ്ദേഹത്തിനു സ്വാഗതം. ഏതാണ്ട് തുല്ല്യമായ എണ്ണമുള്ള ഒരുവിധപ്പെട്ട എല്ലാ പ്രമുഖ മതങ്ങളും ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്ന സംസ്ഥാനത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. വര്‍ഗീയവും ജാതീയവുമായ അക്രമങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത സംസ്ഥാനത്തിലേക്ക് ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. കര്‍ഷക ആത്മഹത്യക്കള്‍ ഏറെക്കുറെയില്ലാതായ സംസ്ഥാനത്തിലേക്ക് ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സമാധാനമായി അധികാരമേറ്റ സംസ്ഥാനത്തിലേക്ക് ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു..

Read More : മുഖം വ്യക്തമാകുമ്പോള്‍ ശ്രദ്ധ തിരിയ്ക്കാനുളള ശ്രമമാണ് ബിജെപി പ്രചാരണങ്ങള്‍; പിണറായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook