scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

കോൺഗ്രസിനെയും ബിജെപിയും തോൽവിയിലേക്ക് നയിച്ച ചില കാരണങ്ങൾ

കേരളത്തിൽ അധികാരത്തിൽവരാൻ കോൺഗ്രസിനും വോട്ടും സീറ്റും വർദ്ധിപ്പിക്കാൻ ബി ജെ പിക്കും സാധ്യതയുണ്ട് എന്ന് കരുതിയിരുന്നിടത്ത് രണ്ട് കൂട്ടർക്കും കനത്ത തിരിച്ചടിയായി ഫലം. എന്താണ് തോൽവിക്കുള്ള കാരണങ്ങൾ? ഇനിയും വിലയിരുത്തപെടാത്ത ചിലത്

udf, bjp , election 2021, iemalayalam

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാർ അതേ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തിൽ തിരിച്ചുവന്നത് ഇതാദ്യമായിട്ടാണ്. കേരളത്തിൽ അങ്ങനെയൊരു തിരഞ്ഞെടുപ്പ് വിജയയത്തിന് അനുകൂലമായ ഘടകങ്ങൾ പലരും എടുത്തുകാണിക്കുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ കക്ഷികളുടെ പരാജയത്തിനു പിന്നിലെ കാരണങ്ങളിലേക്ക് ആരും അധികം നോക്കുന്നില്ല.

കേരളത്തിലെ സമീപകാലചരിത്രം വച്ച് നോക്കിയാൽ അഞ്ച് വർഷം യുഡിഎഫ് ഭരിച്ചാൽ അടുത്ത അഞ്ച് വർഷം എൽഡിഎഫ് എന്നിങ്ങനെ ഭരണം മാറുന്നതാണ് രീതി. എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെയുള്ള മുന്നണി സംവിധാനം ഇന്നത്തെ ശൈലിയയിൽ രൂപീകരിക്കപ്പെട്ട ശേഷം കാലാവധി പൂർത്തിയാക്കിയ സർക്കാർ തിരികെ വരുന്നത് ഇതാദ്യമായാണ്. എന്തായിരുന്നു തോൽവിക്കു കാരണം? ഇത് ഈ പൊതുതിരഞ്ഞെടുപ്പിൽ തുടങ്ങിയ തോൽവിയല്ല എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിലും വോട്ട് നേട്ടത്തിലും യുഡി എഫ്, എൻഡിഎ കക്ഷികൾ യാഥാർത്ഥ്യങ്ങളിൽനിന്ന് അകന്നുപോയപ്പോൾ സംഭവിച്ചതാണ് അവർക്ക് ഈ ദുരവസ്ഥ വരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

ബ്രൂവറി, മാർക്ക് ദാനം, സ്‌പ്രിങ്ക്ളർ, ആഴക്കടൽ മത്സ്യബന്ധനം എന്നിങ്ങനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുന്ന ആരോപണങ്ങളൊക്കെ സർക്കാരിനെ വെട്ടിലാക്കി. അവയൊക്കെ തിരുത്തി നിലപാട് എടുക്കാൻ സർക്കാർ ബാധ്യസ്ഥരാവുകയും ചെയ്തു. എന്നിട്ടും രമേശ് നയിച്ച പ്രതിപക്ഷത്തിന് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത് അനാവശ്യമായ കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമല്ലാതെ സ്വയം വിമർശനപരമായി നടത്താൻ പ്രതിപക്ഷത്തിന് ബാധ്യതയുണ്ട്. കേരളത്തിൽ സുവർണാവസരത്തിന് വഴി കണ്ടെത്തിയ ബിജെപിക്കും എൻഡിഎ മുന്നണിക്കും നേരിട്ട തിരിച്ചടിക്കു പിന്നിൽ എന്തെല്ലാം കാരണങ്ങളുണ്ടാകും. അവരുടെ പാർട്ടിക്കുള്ളിലെ പലവിധ ചേരിതിരിവുകൾക്കപ്പുറം യാഥാർത്ഥ്യമെന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്.

Ramesh Chennithala, രമേശ് ചെന്നിത്തല, Ramesh Chennithala news, രമേശ് ചെന്നിത്തല വാര്‍ത്തകള്‍, Kerala Assembly election 2021, കേരള നിയമസഭാ തിര‍ഞ്ഞെടുപ്പ്, election news, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, malayalam election news, latest election news, latest updates, Pinarayi vijayan, പിണറായി വിജയന്‍, pinarayi vijayan news, indian express malayalam, ie malayalam, ഐഇ മലയാളം

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടന്നിട്ടുള്ള പൊലീസ് അതിക്രമങ്ങൾ അതിരില്ലാത്തതായിരുന്നു. പലപ്പോഴും പൊലീസ് സ്റ്റേറ്റ് ആണോ കേരളം എന്ന് പോലും തോന്നിപ്പിച്ച സംഭവങ്ങളുമുണ്ടായി. കോവിഡ് നിയന്ത്രണത്തിനു കമാൻഡോകളെ ഇറക്കി പരിഹാസ്യമാകുന്നയത്ര യായി സർക്കാരിന്റെ പൊലീസ് വിധേയത്വം. ജിഷ്ണു പ്രണോയിയുടെ മരണവും അതുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ പ്രതിഷേധ സമരവും അതിനോട് മുഖ്യമന്ത്രി പിണറായിവിജയൻ സ്വീകരിച്ച നിഷേധാത്മക നിലപാട്, ലോക്കപ്പ് മരണങ്ങൾ, മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തൽ, ജനകീയ സമരങ്ങളെ അടിച്ചമർത്തൽ മുതൽ വാളയാർ കുഞ്ഞുങ്ങളുടെ കൊലപാതകം വരെ സർക്കാർ നടപടികൾക്കെതിരായി ഒട്ടേറെവിഷയങ്ങൾ ഉണ്ടായിരുന്നു. പൊലീസുമായി ബന്ധപ്പെട്ട് ഒരു സർക്കാരിനെതിരെ ജനവികാരം ഉയർത്താൻ മാത്രം പോന്നവയായിരന്നു ഇവയെല്ലാം. എന്നിട്ടും എന്തു കൊണ്ട് പ്രതിപക്ഷത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാൻ ഇവയ്ക്കായില്ല എന്നതാണ് പരിശോധിക്കേപ്പെടേണ്ടത്.

കോവിഡ് കാലത്തെ പ്രവർത്തനങ്ങളും പ്രളയകാലത്തെ പ്രവർത്തനങ്ങളുമൊക്കെ കൊണ്ട് കേരളത്തിൽ കനത്ത തോൽവി ഒന്നും നേരിടാൻ സാധ്യത ഉണ്ടായിരുന്നില്ലെങ്കിലും തുടർഭരണം എന്ന സാധ്യത തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആരും ചർച്ച ചെയ്തിരുന്നില്ല. ആ സർക്കാരിനെ വൻ ഭൂരിപക്ഷത്തിൽ തിരിച്ചെത്തിച്ചതിൽ ആർക്കൊക്കെയാണ് പങ്ക്. അല്ലെങ്കിൽ പ്രതിപക്ഷത്തിനെ വീണ്ടും തോൽപ്പിച്ചതിൽ എന്തൊക്കെയാണ് ഘടകമായത്.

കേരളത്തിൽ പ്രതിപക്ഷത്തിനു തുടർച്ച ലഭിച്ചതിനു പിന്നിലും ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിനും വോട്ട് കുറഞ്ഞതിനും പിന്നിലും എന്തൊക്കെയായിരിക്കും? പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരും ഏജൻസികളും ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ? കേരളത്തിനെതിരെ നിരന്തരം പ്രചാരണം നടത്തിയത് കേരളത്തിലെ ബിജെപിയുടെ വോട്ട് കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടോ? കേരളത്തിൽ നടത്തിയ വർഗീയ പ്രചാരണം, സ്ത്രീ വിരുദ്ധ പ്രചാരണം, സ്ത്രീകൾക്കെതിരായി നടന്ന ആക്രമണങ്ങൾ, വ്യക്തിഹത്യ എന്നിവയൊക്കെ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിച്ചു?

കേരളത്തിലെ പ്രതിപക്ഷ തോൽവിക്കു കാരണം അന്വേഷിച്ചുപോകുമ്പോൾ മുഖ്യധാരയിൽ ചർച്ച ചെയ്യാത്ത ചില വസ്തുതകൾ പരിശോധിക്കേണ്ടിവരും. കേരളത്തിലെ വോട്ടർമാരിൽ ഫലം നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് 1990കളിലും 2000ത്തിലും ജനിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ളവരാകും. അവരുടെ ഭാവനയെ വികസിപ്പിക്കാനോ അതിനെ പിന്തുണയ്ക്കാനോ കേരളത്തിലേതെങ്കിലും പാർട്ടിയുടെ പ്രവർത്തനങ്ങൾക്കോ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങൾക്കോ സാധിച്ചോ എന്നതും ഇതിൽ ഘടകമാകും.

കേരളത്തിലെ മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി തന്നെ രമേശ് ചെന്നിത്തലയെ വിലയിരുത്തുമ്പോൾ തന്നെ അദ്ദേഹം സ്വീകരിച്ച പലനിലപാടുകളും ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതായി മാറിയോ എന്ന് ആലോചിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം കൊണ്ടുവന്ന ആരോപണങ്ങൾ എല്ലാം കൃത്യതയുള്ളതായിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ ഭൂരിപക്ഷവും സർക്കാരിനു ശരിയാണെന്ന് സമ്മതിക്കേണ്ടി വന്നു. അതുകൊണ്ടാണ് അവയിൽ തിരുത്തൽ നടപടി ഉണ്ടായത്. അത് ജനാധിപത്യത്തിൽ ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടുന്ന റോളും ഭരണപക്ഷം അതിനോട് പ്രതികരിക്കേണ്ടുന്ന രീതിയും ആയിരുന്നു. ഈ വിഷയങ്ങളിൽ ഏതാണ്ട് ജനാധിപത്യപരമായി തന്നെ തെറ്റ് ചൂണ്ടിക്കാണിക്കലും തിരുത്തലും കേരളത്തിൽ നടന്നു. ഒരുപക്ഷേ മുമ്പില്ലാത്തവിധം.

ഇതേസമയം തന്നെ, മറ്റ് ചില വിഷയങ്ങൾ ഉണ്ടായത് കോൺഗ്രസിന് തിരിച്ചടിയുമായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് സർക്കാർ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിച്ച നിലപാടുകളാണ്. കഴിഞ്ഞ വർഷം മാർച്ചിൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തൊഴിലില്ലാതായ ആളുകളുടെ എണ്ണം നിരവധിയാണ്. വരുമാനവും തൊഴിലും നഷ്ടമായവരും അതിജീവനത്തിനായി കഷ്ടപ്പെടുന്നവരുടെയും എണ്ണം അതിഭീമമായി വർധിച്ചു. അവർക്കു വേണ്ടി കമ്മ്യൂണിറ്റി അടുക്കളകൾ ആരംഭിച്ചു, റേഷൻ കടകൾ വഴി ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. ക്ഷേമപെൻഷൻ നൽകി. ക്ഷേമനിധികളിൽ അംഗങ്ങളായവർക്ക് സമാശ്വാസ തുക നൽകി. കേരളത്തിലെ മുഴുവൻ പേർക്കും റേഷൻ. ഇതെല്ലാം ഏത് സർക്കാരായാലും നിർവഹിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ്. അതിനാൽ അതിന് പ്രത്യേക ക്രെഡിറ്റ് നൽകേണ്ടതില്ലെന്ന് പറയാം. എന്നാൽ, ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ, അവസാന സമയത്ത് യുഡിഎഫ് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളെ പ്രതിപക്ഷത്തുനിന്ന് അകറ്റുന്നതിന് കാരണമായിട്ടുണ്ട്.

ഇതിനേക്കാൾ കടുത്ത തിരച്ചടിക്ക് കാരണമായ ഒന്നാണ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് സ്വീകരിച്ച സമീപനം. അതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർത്തിക്കൊണ്ട് വരുകയും അതിൽ സ്കോർ ചെയ്യുകയും ചെയ്തതാണ് കോൺഗ്രസ്. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നാൽ ഈ പദ്ധതി നിർത്തലാക്കുമെന്ന പരാമർശം കോൺഗ്രസിന് തിരിച്ചടിയായെന്നത് വസ്തുതയാണ്. ഇതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീട് കിട്ടി. അത് ഭൗതികമായി യാഥാർത്ഥ്യമായ വസ്തുതയാണ്. അതു മുന്നിൽ കണ്ട് വീട് പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പാവപ്പെട്ടവരുണ്ട്. അപ്പോഴാണ് ഈ പദ്ധതി തന്നെ നിർത്തലാക്കുമെന്ന് എംഎം ഹസനെ പോലെ മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നത് അതജനങ്ങളിൽ കോൺഗ്രസിൽ അവിശ്വാസം ഉണ്ടാക്കുന്നതിന് വഴിയുണ്ടാക്കി.

ആ അവിശ്വാസത്തിന് പ്രധാന കാരണങ്ങളിലൊന്ന് മുൻ ഭരണകാലത്ത് ക്ഷേമ പെൻഷൻ പലപ്പോഴും ലഭിച്ചിരുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൃത്യമായി പെൻഷൻ കിട്ടിയത് വാർധക്യത്തിലെത്തി നിൽക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും വലിയ ആശ്വാസമായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് മുടങ്ങുമോ എന്ന് ആശങ്കപ്പെട്ട നിരവധി പേരുണ്ടായിരന്നു. അതുകൊണ്ടാണ് യു ഡി എഫ് മുന്നോട്ട് വച്ച ന്യായ് പദ്ധതി വളരെ ആകർഷകമായിട്ടും ജനങ്ങളിൽ ചലനം സൃഷ്ടിക്കാനാവാതെ പോയത്.

പ്രളയകാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടതുപോലെ കോവിഡ് മഹമാരിയുമായി ബന്ധപ്പെട്ട് തിരികെ നൽകാമെന്നും പക്ഷേ തൽക്കാലം ശമ്പളം കുറയ്ക്കുകയാണെന്നും സർക്കാർ പറഞ്ഞപ്പോൾ കോൺഗ്രസ് അനുകൂല സംഘടനകൾ അതിനെതിരെ രംഗത്തുവന്നു. രാജ്യത്തെ ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്ത സാഹചര്യം. കൃത്യമായ ശമ്പളം കിട്ടുന്ന സർക്കാർ ജീവനക്കാരോട് മൂന്നു മാസത്തേക്ക് ശമ്പളത്തിലെ ചെറിയൊരു വിഹിതം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രതികരിച്ച രീതിയും അതിനെ പിന്തുണച്ച കോൺഗ്രസ്, ബിജെപി നിലപാടുകളും ജനങ്ങളെ അവരിൽ നിന്നും അകറ്റുന്നതിന് കാരണമായിട്ടുണ്ട്. .

കേരളത്തിലെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ പോലെ പക്വത ഉള്ള ഒരു നേതാവിൽ നിന്നും സംഭവിക്കാൻ പാടില്ലാത്ത പാളിച്ചയായിരുന്നു ആരോഗ്യമന്ത്രി കെ. കെ. ശൈലജക്ക് എതിരെ നടത്തിയ വ്യക്തിഹത്യ. കേരളത്തിൽ കോവിഡ് രോഗം സൃഷ്ടിച്ച പ്രത്യേക പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ മന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങൾ ജനങ്ങളെ വിവരം അറിയക്കാനുള്ള ഒന്നായിരുന്നു. എന്നാൽ അതിനെ ‘മീഡിയാ മാനിയ’ എന്ന് വിളിച്ച് നടത്തി അധിക്ഷേപം യഥാർത്ഥത്തിൽ സർക്കാരിന് ഗുണവും പ്രതിപക്ഷത്തിന് തിരിച്ചടിയും വരുത്തിവച്ച് പ്രധാന ഘടകമായിരുന്നു.

മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനം ഒഴിവാക്കിയ പിണറായി വിജയനെയും മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ചവരുടെ ഭാഗത്തുനിന്നാണ് അവശ്യമുള്ളപ്പോൾ പത്രസമ്മേളനം നടത്താനെത്തിയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് നടത്തിയ ഇത്തരമൊരു പരാമർശം. മാത്രമല്ല, ഈ പരാമർശത്തോടെ കേരളത്തിലെ പത്രസമ്മേളന ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. അതോടെ കേരളത്തിൽ മാറിയ കാര്യങ്ങൾ എഴുതേണ്ടതില്ല. അത് ജനങ്ങളും മാധ്യമങ്ങളും നേരിട്ട് കണ്ടതാണ്.

പ്രതിപക്ഷനേതാവ് നടത്തിയ പ്രയോഗത്തേക്കാൾ നികൃഷ്ടമായ അധിക്ഷേപമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയെ നിപ രാജകുമാരി, കോവിഡ് റാണി എന്നൊക്കെ വിളിച്ചായിരന്നു മുല്ലപ്പള്ളിയുടെ അധിക്ഷേപം. ഇതൊക്കെ കൊണ്ട് ഉണ്ടായ ഗുണം കെകെ. ശൈലജയുടെ ഭൂരിപക്ഷം ചരിത്രം സൃഷ്ടിച്ചു ഉയർന്നു എന്നത് മാത്രമാണ്.

വിവാദങ്ങളിലേക്ക് എടുത്തുചാടി ബൽറാം

വലിയ നേതാക്കൾ അധിക്ഷേപം നടത്തുന്നിന് മുമ്പ് ഇതുപോലെ വ്യക്തിഹത്യാ ആരോപണത്തിലേക്ക് എടുത്ത് ചാടിയത് കോൺഗ്രസിലെ യുവ തുർക്കിയായ തൃത്താലയിലെ എംഎൽഎയായ വിടി ബൽറാം ആയിരുന്നു. ആദ്യം പരേതരായ എകെജിയെയും സുശീലാഗോപാലനെയും കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. അത്, അതുവരെ ബലറാമിന് ലഭിച്ച സ്വീകാര്യതയിൽ ഇടിവുണ്ടാക്കിയ ഘടകമായിരുന്നു. സിപിഎമ്മുകാരല്ലാത്തവർ പോലും ഈ വിഷയത്തിൽ ബലറാം സ്വീകരിച്ച നിലപാടിന് വിമർശിച്ചിരുന്നു. വളരെ ചെറിയ ഒരുവിഭാഗം മാത്രമാണ് അവരുടെ വ്യക്തിപരമോ അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടോ കാരണം ബലറാമിനെ ഇതിൽ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

ഇതിന് പിന്നാലെ മറ്റൊരുവിവാദത്തിൽ ബൽറാം ചെന്നുചാടിയത് എഴുത്തുകാരി കെആർ മീരയ്ക്ക് നേരെ നടത്തിയ പ്രയോഗമാണ്. ഈ രണ്ട് വിഷയങ്ങളിലും തർക്കം നടന്നത് സോഷ്യൽ മീഡിയയിൽ ആയിരുന്നുവെങ്കിലും കോൺഗ്രസ് നേതൃത്വം ഇതിൽ പക്വതയോടെ ഇടപെട്ടില്ലെന്നും ഇടപെട്ടിരുന്നുവെങ്കിൽ സംഭവങ്ങളുടെ ഗതിമാറുമായിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. സോഷ്യൽ മീഡയിയിലെ ഫോളോവേഴ്സ് ബൽറാമിനൊപ്പമായിരുന്നുവെങ്കിലും വോട്ടർമാർ അതിനൊപ്പമായിരുന്നില്ല എന്നതിന് ഒരു കാരണം ഇതുമായിട്ടുണ്ടാകാം. ഈ മൂന്ന് സംഭവങ്ങൾ ഉദാഹരണമായി മാത്രം എടുത്ത് കാണിച്ചുവെന്നേയുള്ളൂ

ഇതിനേക്കാളൊക്കെ അബദ്ധജടിലമായ കാര്യങ്ങളാണ് ബിജെപി ചെയ്തുകൂട്ടിയത്. കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചും വിദ്വേഷവം പറഞ്ഞ പടർത്തുന്നതിൽ വലിയപങ്ക് സംഘപരിവാർ ബന്ധമുള്ളവരിൽ നിന്നായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ സോമാലിയയോട് താരതമ്യം ചെയ്തതിൽ തുടങ്ങുന്ന വിദ്വേഷപ്രചാരണം. കഴിഞ്ഞ അഞ്ച് വർഷം അതിശക്തമായി കേരളത്തിനെതിരെ പ്രചാരണം നടത്തിയത് കേരളത്തിനകത്തും പുറത്തുമുള്ള സംഘപരിവാർ അനുകൂലികളായിരുന്നു. ഇതിനെ അനുകൂലിക്കുന്ന സമീപനം പലപ്പോഴും ബി ജെ പി ആർ എസ് എസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി. കേരളം രണ്ട് പ്രളയങ്ങൾ കടന്നുപോയപ്പോഴും നിപ വന്നപ്പോഴും ഒക്കെ എടുത്ത സമീപനം പരിശോധിച്ചാൽ അത് വ്യക്തമാകും. പ്രളയകാലത്ത വിദേശ സഹായം വന്നപ്പോൾ അത് വാങ്ങാൻ അനുവദിച്ചില്ല. കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾക്കൊക്കെ പണം എണ്ണിയെണ്ണി ആവശ്യപ്പെടുകയും ചെയ്തു. കേരളത്തെ കുറിച്ച മോശമായ പ്രചാരണം നടത്തി. ഏറ്റവും അവസാനം കോവിഡുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച നടപടികൾ ലോകശ്രദ്ധ ആകർഷിച്ചപ്പോഴും കേന്ദ്രവും ബി ജെ പി നേതാക്കളും കേരളത്തെ ഇക്ഴത്തുന്നതിലാണ് ശ്രദ്ധേ കേന്ദ്രീകരിച്ചത്. ഇത് മലയാളികളിൽ പ്രത്യേകിച്ച യുവജനങ്ങളെ ബി ജെ പിയിൽ നിന്നും അകറ്റുന്നതിന് കാരണമായി. അതാണ് അവരുടെ വോട്ട് കുത്തനെ കുറഞ്ഞത്.

v muraleedharan, ie malayalam

ഇതിന് പുറമെ കേരളത്തെ മോശം പറയാൻ മാത്രം മാധ്യമങ്ങളെ കാണുന്ന മന്ത്രിയാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെന്ന് അദ്ദേഹത്തിന്റെ നടപടികൾ വ്യക്തമാക്കിയതായി അവർ പറയുന്നു. മുരളി മാധ്യമങ്ങളെ കണ്ടാൽ കേരളത്തെ കുറിച്ച് പത്ത് ചീത്ത പറയാനാകും എന്നതാണ് ആളുകൾ പരിഹസിക്കുന്നത്.

കേരളത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തിയ ശ്രമങ്ങളും ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളും ബി ജെ പിയുടെ കേന്ദ്രമന്ത്രി തന്നെയും കോടതികളും ഇല്ലായെന്ന് പറഞ്ഞ ലൗജിഹാദ് എന്ന തെറ്റായ കഥ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും പ്രചരിപ്പിച്ചത് ബി ജെ പിക്ക് തിരിച്ചടിയായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പത്രസമ്മേളനത്തിൽ ഈ വിഷയം എടുത്തിട്ടത്. ഹിന്ദു, ക്രിസ്ത്യൻ വോട്ട് ലക്ഷ്യം വച്ചായിരുന്നു ആ നീക്കമെങ്കിൽ അതും പരാജയപ്പെട്ടു. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നത് ആ പാർട്ടിയുടെ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞ കാര്യമാണ് ലൗ ജിഹാദ് ആരോപണം. എന്നിട്ടും തെറ്റായ ആരോപണം ഉന്നയിച്ച സുരേന്ദ്രനും അണികൾക്കും ഇത് തിരച്ചടിയായി. ഇതുപോലെ ഇതേ പ്രചാരണം നടത്തുന്നതിന് സംശയത്തിന്റ വിത്തിട്ട ജോസ് കെ. മാണിയെയും കാത്തിരന്നത് തോൽവിയാണ്.

ശബരിമലയിൽ സ്ത്രീപ്രവേശനം നൽകാനുള്ളസുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെതിരെ കോൺഗ്രസ് തുടങ്ങിവച്ച സമരം ബി ജെ പിയൂം ഹിന്ദുത്വ ഗ്രൂപ്പുകളും കൂടെ ഏറ്റെടുത്തതോടെ കൂടുതൽ രൂക്ഷമായി വിശ്വാസത്തിന്റെ പേരിൽ തെരുവിൽ സമരവും അക്രമവും അരങ്ങേറി. ‘സുവർണാവസര” യുദ്ധ പ്രഖ്യാപനം നടത്തിയ ബി ജെ പി ഇതുമായി ബന്ധപ്പെട്ട് നടത്തി പ്രവർത്തനങ്ങൾ ആദ്യ കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നെങ്കിലും പിന്നീട് ജനങ്ങളെ അവരിൽ നിന്നും അകറ്റുന്നതിന് കാരണമായിട്ടുണ്ടാകാം. ശബരിമല സംബന്ധിച്ച പിന്നീട് നടന്ന സംഭവങ്ങളിലൂടെ കണ്ണോടിച്ചാൽ അത് കാണാൻ കഴിയും.

ഹിന്ദുത്വയുടെ തീവ്രപ്രചാരകരായ യോഗി ആദിത്യനാഥ്, കർണാടക ഉപമുഖ്യമന്ത്രി, തുടങ്ങിയവരെ മോദിക്കും അമിത് ഷായ്ക്കും പുറമെ കേരളത്തിൽ പ്രചാരണത്തിനിറക്കി. അതുകൊണ്ട് ബി ജ പി ക്ക് വോട്ട് കൂടിയില്ലെന്ന് മാത്രമല്ല, കുറഞ്ഞതെയുള്ളൂവെന്ന് പ്രാഥമിക കണക്കുകൾ പറയുന്നു. അവർ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെ പ്രധാന സ്ഥാനാർത്ഥികളുടെ വോട്ട് നിലയുടെ ആദ്യ കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ നേതാക്കൾ നടത്തിയ പ്രസ്താവനകളും നടപടികളും ജനങ്ങളിൽ സംശയം ജനിപ്പിച്ചു. തിരുവനന്തപുരത്ത സ്വർണക്കടത്ത് വിവാദമായപ്പോൾ മുതൽ അതിനെ സി എ എ വിരുദ്ധ സമരവുമായി ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഉണ്ടായി. ഈ കേസ് അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച പറയാൻ ശ്രമിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടി വിയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ പേര് ഉയർന്ന് വന്നത്. ബി ജെ പിയുമായി ബന്ധമുള്ളവരുമായി ഈ കേസിൽ ആരോപണമുയർന്നത്. പിന്നീട് ലൈഫ് പദ്ധതി, കിഫ് ബി, കെ എസ് എഫ് ഇ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണ നടപടികൾ ഒക്കെ ജനങ്ങളിൽ സംസ്ഥാന സർക്കാരിന് രക്തസാക്ഷി പരിവേഷം നൽകുന്നതിനാണ് സഹായിച്ചത്.

ബി ജെ പിയും കോൺഗ്രസും ജനങ്ങളെ സഹായിക്കുന്ന ( കോവിഡ് സമയത്ത് ഭക്ഷ്യ കിറ്റും പെൻഷനും നൽകുന്ന കാലം) സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എന്ന വികാരമാണ് സാധാരണക്കാരിൽ ഉളവായത്. യഥാർത്ഥത്തിൽ സർക്കാരിനെതിരെ ഉയർത്തേണ്ട ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതിൽ സർക്കാരിനൊപ്പം ഇരുകൂട്ടരും നിലയുറപ്പിച്ചു. പകരം ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽതപ്പാൻ ഇറങ്ങിയതിന് ഇരുകൂട്ടർക്കും വോട്ടർമാർ നൽകിയ ഇരുട്ടടിയാണ് ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പ് ഫലം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Reasons that could have led to congress bjp poor show in kerala assembly elections 2021