വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളെ എന്തുവിലകൊടുത്തും ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബക്കാരണവരെ പോലെ സുപ്രീം കോടതി കളിക്കുന്നതാണ് അടുത്തിടെ രണ്ട് വ്യത്യസ്ത കേസുകളില്‍ നാം കണ്ടത്. മാര്‍ച്ച് ഒന്നിനു നടന്ന രണ്ട് വാദം കേള്‍ക്കലുകളും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. അതിക്രമത്തിനിരയായവരുടെ നിശബ്ദത അടിച്ചേൽപ്പിക്കുന്നതിലൂടെ ഭരണകൂടം ഇത്തരം സ്ഥാപനങ്ങളെ ചോദ്യംചെയ്യലിന് അതീതമാണെന്ന് ഉറപ്പുവരുത്തുന്നു.
ആദ്യ കേസില്‍, കൗമാരക്കാരിയായ പെണ്‍കുട്ടിയെ, വിവാഹം കഴിക്കുമോയെന്ന് ബന്ധുവായ പ്രതിയോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതുവെന്നു മാത്രമല്ല, നിരന്തരം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ ‘വിവാഹം കഴിക്കാന്‍’ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും അതിന് ആഗ്രഹിക്കുന്നുണ്ടോയെന്ന് പ്രതിയോട് ചോദിക്കുകയാണുണ്ടായതെന്നും ചീഫ് ജസ്റ്റിസ് മാര്‍ച്ച് എട്ടിന് വിശദീകരിച്ചു. ”വിവാഹത്തിനുള്ളിലെ ബലാത്സംഗക്കേസുകളൊന്നും ഞങ്ങളുടെ മുമ്പിലുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല … സ്ത്രീകളോട് ഞങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ബഹുമാനമുണ്ട്,” എന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടാമത്തെ കേസില്‍, ഒരു പുരുഷന്‍ എത്ര ക്രൂരനാണെങ്കിലും, ലിവിങ് ടുഗെതർ (വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന) ബന്ധത്തില്‍ ബലാത്സംഗം ആരോപിക്കപ്പെടുമോ എന്ന് സുപ്രീം കോടതി വാചാടോപത്തോടെ ആശ്ചര്യപ്പെട്ടു.
വിശദീകരണമുണ്ടായിരുന്നിട്ടും, സുപ്രീംകോടതിയുടെ പ്രസ്താവനകള്‍ വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളില്‍ ബലാത്സംഗത്തിന്റെ അനുഭവത്തെ അസാധുവാക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 375-ാം വകുപ്പ് പ്രകാരമുള്ള ബലാത്സംഗ നിയമങ്ങളിലെ വിസമ്മതത്തെക്കുറിച്ച് ഉദാരമായ വ്യാഖ്യാനവും ബെഞ്ച് നല്‍കിയിട്ടുണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ബന്ധത്തില്‍ പുരുഷന്മാര്‍ക്ക് സംരക്ഷണം നല്‍കിക്കൊണ്ട്, ഒരു പുരുഷന്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ബഞ്ച് വ്യക്തമാക്കി.
ബലാത്സംഗത്തെ കളങ്കമായി, ശാരീരിക സ്വയം അവകാശത്തിന്റെ ലംഘനമായിട്ടല്ലാതെ കാണുന്ന പരിസരത്തിലാണ് ഈ ഈ പരാമര്‍ശങ്ങള്‍. നഷ്ടപ്പെട്ട മാനത്തിന്റെ പുനസ്ഥാപനമായിട്ടാണ് വിവാഹത്തെ പരാമര്‍ശിക്കുന്നത്. ഇത് എല്ലാ ദിവസവും അതിക്രമത്തെ പുനര്‍നിര്‍മിക്കുമെന്നത് കാണാതെ പോകരുത്.
Also Read: നന്ദി പ്രിയാ രമണി, റെബേക്ക ജോണ്‍…
ഇരുണ്ട ഇടവഴിയിലെ അപരിചിതർ മാത്രമാണ് ബലാത്സംഗ കുറ്റവാളികാളായിരിക്കുകയെന്ന പൊതു ധാരണയാണ് ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നത്. ഐപിസി 376-ാം വകുപ്പനുസരിച്ച് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത 32,033 ബലാത്സംഗങ്ങളില്‍ ആറ് ശതമാനത്തില്‍ താഴെ, അതായത് 1,868 കേസുകളില്‍ മാത്രമാണ് പ്രതികള്‍ അപരിചിതരെന്നു നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. 94 ശതമാനം കേസുകളിലും അതിക്രമത്തിനിരയായവര്‍ക്ക് അറിയാവുന്നവരാണ് പ്രതികള്‍. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍, വേര്‍പിരിഞ്ഞ ഭര്‍ത്താക്കന്മാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. വിവാഹ ബന്ധങ്ങള്‍ക്കുള്ളിലെ ലൈംഗികാതിക്രമങ്ങളുടെ സാധ്യത നിയമം തള്ളിക്കളയുന്നതിനാല്‍ കുറ്റവാളികളായ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് അടുപ്പമുള്ള പങ്കാളികളില്‍ (ഇന്റിമേറ്റ് പാർട്ണർ വയലൻസ്) നിന്നാണെന്നാണ് ഈ ആഴ്ച പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നത്. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള (15-49 വയസ്) ആറ് ശതമാനം സ്ത്രീകളെ അടുപ്പമുള്ള പങ്കാളിയല്ലാത്ത മറ്റൊരാള്‍ ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെങ്കില്‍, 27 ശതമാനം പേര്‍ അടുപ്പമുള്ള പങ്കാളിയുടെ ശാരീരികമോ ലൈംഗികമോ അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ അടുപ്പമുള്ള പങ്കാളികളില്‍നിന്നുള്ള അതിക്രമത്തിന്റെ അനുപാതം 35 ശതമാനമാണ്.
ഇത് ക്രിമിനല്‍വല്‍ക്കരണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനായി വാദിക്കാനല്ല, മറിച്ച് കര്‍ശനമായ ശിക്ഷയ്ക്കും വധശിക്ഷയ്ക്കുമുള്ള ആവശ്യങ്ങള്‍ പുനരിശോധിക്കുന്നതിനാണ്. അപരിചിത-ബലാത്സംഗ വ്യാപനത്തിന്റെ മിഥ്യാധാരണയെ അടിസ്ഥാനമാക്കിയുള്ള ഈ ആവശ്യങ്ങള്‍, ബലാത്സംഗത്തെ അതിജീവിച്ചയാള്‍ നഷ്ടപരിഹാരമായി ആഗ്രഹിക്കുന്നതെന്താണെന്ന് പരിഗണിക്കരുത്. ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഒഴിച്ചുനിര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും, വൈവാഹിക ബലാത്സംഗത്തെ അതിജീവിക്കുന്നവര്‍ക്കു നീതി, സാമ്പത്തിക ആശ്വാസം, അഭയം എന്നിവ ലൈംഗിക, ശാരീരിക, വൈകാരിക ദുരുപയോഗങ്ങളെ ഒരേസമയം തിരിച്ചറിയുന്ന വിപുലമായ സിവില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ലഭിക്കുന്നു. എങ്കിലും, ലിംഗഭേദപരമായ അക്രമത്തിന്റെ പ്രാഥമിക ഇടങ്ങളായി കുടുംബത്തെയും ഉറ്റബന്ധങ്ങളെയും കാണുന്നതിലെ നമ്മുടെ നിരന്തര വിസമ്മതത്തെ അടുത്തിടെയുള്ള രണ്ട് കേസുകള്‍ വെളിപ്പെടുത്തുന്നു.
Also Read: ജനാധിപത്യത്തിൽ ഇപ്പോള്‍ നാം കാണികളാണ്
”വിവാഹത്തിനുള്ളിലെ ബലാത്സംഗമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങള്‍ (ഭാര്യക്ക്) മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല” 2017 സെപ്റ്റംബറില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കുടുംബമാനത്തെക്കുറിച്ച് പറയുമ്പോള്‍, കാഴ്ചയ്ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്. ലൈംഗിക അതിക്രമങ്ങളെ അതിജീവിക്കുന്നവരോട് നീതിന്യായ വ്യവസ്ഥ എങ്ങനെ പെരുമാറുന്നുവെന്നതിന്റെ സൂചനകളാണിത്. നിര്‍ബന്ധിത വിവാഹങ്ങള്‍ ദുര്‍ബലരായ ആദിവാസി സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതിനുള്ള ഒരു സാധാരണ തന്ത്രമാണ്. കാരണം ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഒരു പുരുഷനും ഉത്തരവാദിയായി കണക്കാക്കപ്പെടുന്നില്ലെന്ന് ഇത്തരക്കാര്‍ക്ക് അറിയാം. 2013 ല്‍ സുപ്രീംകോടതി നിരോധിച്ചിട്ടും രണ്ടു വിരല്‍ പരിശോധന ഇപ്പോഴും ബലാത്സംഗത്തെ അതിജീവിച്ചവരില്‍ പ്രയോഗിക്കുന്നു.
കേടുപറ്റാത്ത കന്യാചര്‍മം എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അവിവാഹിതയായ സ്ത്രീയോടുള്ള നമ്മുടെ ബഹുമാനത്തിന്റെ വ്യവസ്ഥാപിത അടയാളം. കന്യാചര്‍മമുള്ള ഒരു സ്ത്രീക്കെതിരെ മാത്രമേ ബലാത്സംഗമുണ്ടാവൂയെന്ന കാഴ്ചപ്പാടാണ് തുടരുന്നത്. വിവാഹിതരായ സ്ത്രീകളെ,സ്വന്തക്കാരായവർക്കു ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്നാണ് അനുമാനം. അതുപോലെ, ബലാത്സംഗത്തെ അതിജീവിച്ചവരുടെ ശരീരത്തിലും വസ്ത്രത്തിലുമുള്ള പ്രതിരോധത്തിന്റെ അടയാളങ്ങളിലേക്കാണ് വിചാരണയിൽ ഊന്നൽ. അതിജീവിച്ചവര്‍,പലപ്പോഴും ബലാത്സംഗത്തിനിടെ മരവിച്ചുപോകുന്നു. പ്രത്യേകിച്ചും കുറ്റവാളി അറിയപ്പെടുന്ന വ്യക്തിയോ അധികാര ശ്രേണിയില്‍ ഉയര്‍ന്ന തലത്തിലുള്ള ആളോ ആയിരിക്കുമ്പോള്‍.
ഏതാണ്ട് 50 വര്‍ഷം മുമ്പ്, മഥുര ബലാത്സംഗ കേസ് സുപ്രീംകോടതി, തള്ളിയത് പ്രതിരോധത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന കാരണം പറഞ്ഞാണ്. ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിലും പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ അതിക്രമം കാണിച്ചതിലുമുള്ള അധികാര വ്യത്യാസങ്ങളെ അവഗണിച്ചു. തുടര്‍ന്നുണ്ടായ രോഷാഗ്നി ഇന്ത്യയുടെ ക്രിമിനല്‍ നിയമത്തില്‍ കസ്റ്റഡി ബലാത്സംഗം എഴുതിച്ചേര്‍ക്കാന്‍ കാരണമായി. കുടുംബമെന്ന സ്ഥാപനത്തിന്റെ ”സംരക്ഷണ കസ്റ്റഡി” യില്‍ സംഭവിക്കുന്ന അക്രമവും കസ്റ്റഡി അക്രമമാണെന്ന് ചരിത്രകാരിയായ ഉമാ ചക്രവര്‍ത്തി വാദിച്ചു.
ചീഫ് ജസ്റ്റിസിന് അടുത്തിടെ ആയിരക്കണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ എഴുതിയ തുറന്ന കത്ത് പോലെ, മഥുര കേസിന്റെ പശ്ചാത്തലത്തിലും സുപ്രീംകോടതിയെ അഭിസംബോധന ചെയ്ത ഒന്നുണ്ടായിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”സമ്മതത്തില്‍ കീഴടക്കൽ ഉള്‍പ്പെടുന്നു; എന്നാല്‍ വിപരീതമായത് ശരിയായിരിക്കണമെന്നില്ല. പ്രതിരോധത്തിന്റെ അഭാവം സമ്മതത്തെ സൂചിപ്പിക്കുന്നില്ല.” രാജ്യത്തെ പരമോന്നത കോടതി ലൈംഗിക അതിക്രമത്തെ പരാമര്‍ശിക്കുമ്പോള്‍ ”പ്രലോഭനം” എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുമ്പോൾ ”ബലാത്സംഗം” എന്ന പദം ഉപയോഗിക്കാന്‍ മടിക്കുന്നു. കാരണം അതിജീവിച്ചയാളും ആരോപിതനും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചതുകൊണ്ട് മാത്രം.
- സസെക്‌സ് സര്‍വകലാശാലയില്‍ ജെന്‍ഡര്‍ സ്റ്റഡീസില്‍ ഗവേഷണം നടത്തുകയാണ് ലേഖിക.