അവസാനം രജനികാന്ത് ആ തീരുമാനം പ്രഖ്യാപിച്ചു. ഒരു തമാശയായി മാറിയ തമിഴ്നാട് രാഷ്ട്രീയത്തില്‍ “ആത്മീയതയുടെ രാഷ്ട്രീയം “അവതരിപ്പിക്കാന്‍ സ്റ്റൈല്‍ മന്നന്‍ ഇറങ്ങുന്നു. തന്റെ 67 ആം വയസ്സില്‍  2017 ലെ അവസാന നാള്‍ നടത്തിയ ഈ പ്രഖ്യാപനം തമിഴ് നാട്  രാഷ്ട്രീയത്തേ ചെറുതല്ലാതെ കുലുക്കുമെന്നു നിശ്ചയം. സമ്പത്തിനോ പദവിക്കോ അല്ല തന്റെ രാഷ്ട്രീയപ്രവേശമെന്നും ആകെ താറുമാറായ തമിഴ് നാട് രാഷ്ട്രീയത്തെ പടുകുഴിയില്‍ നിന്നുയര്‍ത്തുകയാണ് തന്റെ ലക്‌ഷ്യം എന്നും അദ്ദേഹം പറയുന്നു. അടുത്തു വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എങ്കിലും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന്‍റെ കാര്യം ആലോചിക്കുമെന്നും 2021ലെ നിയമസഭയിലെ 234 സീറ്റുകളിലേക്ക് മത്സരിക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഫാന്‍ ക്ലുബ്ബുകളെ ഉപയോഗിച്ചു തമിഴകമെങ്ങും പാര്‍ട്ടി കെട്ടിപ്പടുത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. കൈകൊണ്ടു വെടിയുണ്ടകളെ തടുക്കുകയും പ്രതിയോഗികളെ കശക്കിയെറിയുകയും ധര്‍മത്തിന്റെയും നീതിയുടെയും പര്യായമായി തമിഴ്സിനിമയില്‍ സ്വയം ഉറപ്പിക്കുകയും ചെയ്ത നൂറു കോടി ക്ലബ്ബിലെ ഈ താര രാജാവ് തമിഴക രാഷ്ട്രീയത്തിലും അചിന്തനീയമായ ഒരു അത്ഭുതം കാഴ്ച്ചവെയ്ക്കുമോ?

അസാധ്യമായത് സാധ്യമാക്കുന്ന കലയാണ് രാഷ്ട്രീയം എന്ന നിലക്ക് രജനികാന്തിനെ എഴുതിതള്ളാന്‍ ആവില്ല.സിനിമയും താരങ്ങളും ഇന്നും ജനങ്ങളുടെ ജീവവായുവായ ഒരു നാട്ടില്‍ ഏതാണ്ട് എല്ലാ തലമുറയെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിച്ച രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന മറാത്ത വംശജനായ സൂപ്പര്‍സ്റ്റാറിന് വലിയൊരു ആരാധക വൃന്ദമുണ്ട് . അന്‍പതിനായിരത്തോളം വരുന്ന ഫാന്‍ ക്ലബ്ബുകളിലുടെ തമിഴകമെങ്ങും വ്യാപിച്ചിരിക്കുന്ന സംഘടിതമായ അനുചരവൃന്ദമാണ് ഈ താരത്തിന്റെ തുരുപ്പുചീട്ട്. ഈ ക്ലബ്ബുകള്‍ ഉപയോഗിച്ചു ശക്തമായ ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. അന്ധമായ രജനി ഭക്തിയില്‍ അടിത്തറ ഉയര്‍ത്തിയിരിക്കുന്ന ഈ താരാരാധകരുടെ നിര രാഷ്ട്രീയമായി അദ്ദേഹത്തോടൊപ്പം നില്‍ക്കുമോ എന്നത് ഇതുവരെ പരീക്ഷിക്കപ്പെടാത്ത കാര്യമാണ്. പുത്തന്‍ തലമുറയില്‍ ഇതില്‍ എത്രപേര്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയപ്രവേശത്തെ അനുകൂലിക്കുന്നു എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

സമയമാണ് രജനികാന്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എഴുപതുകള്‍ക്കടുത്തു നില്‍ക്കുന്ന ഈ സുപ്പര്‍ താരം ഇന്നും ബോക്സ്‌ ഓഫിസില്‍ ഒരു വിസ്മയമാണ്. ശരാശരി ഓടിയ ‘ലിംഗാ’ പോലെയുള്ള ചിത്രങ്ങളില്‍ പോലും ഈ താരത്തിന്റെ മുദ്ര പ്രകടമായിരുന്നു. അദ്ദേഹത്തിന്‍റെ ‘യന്തിരന്‍’ എന്ന സിനിമ ‘ബാഹുബലി’ പോലുള്ള ബഹുകോടി സിനിമകളുടെ അഖിലലോക റിലീസിങ്ങിന്റെ ആദ്യ ഉദാഹരണമായിരുന്നു.

rajnikanth , tamil superstar, kamalhasan, jayalalitha

തമിഴരുടെ സാംസ്കാരിക ഭൂമികയില്‍ കഴിഞ്ഞ നാല് ദശകമായി ഇത്ര സ്വാധീനം ചെലുത്തിയ മറ്റൊരു നടനില്ല. 1975 ലെ ‘അപൂര്‍വരാഗങ്ങള്‍’ തുടങ്ങി വരും വര്‍ഷത്തെ 2.0 വരെ നീണ്ടു നില്‍ക്കുന്ന സിനിമകളില്‍ ഈ നടന്‍ തമിഴ് വികാരത്തിന്റെ ഭാഗമായി. ‘മൂന്ട്രു മുടിച്ചു, ‘കബാലി,’ ‘അണ്ണാമല,’ ‘മുത്തു’ ‘ചന്ദ്രമുഖി,’ ‘ബാഷ’ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍. ഗാനരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും അദ്ദേഹം തമിഴകത്തെ വശീകരിച്ചു . അഭിനയത്തില്‍ മാത്രമല്ല മാര്‍ക്കറ്റിങിലും താന്‍ പിന്നിലല്ല എന്ന് അദ്ദേഹം ഓരോ സിനിമയിലുടെയും കാട്ടി. പക്ഷെ ഒട്ടേറെ തവണ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ അദ്ദേഹം തന്റെ 67 ആം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തുന്നത്. അപ്പോഴേയ്ക്കും പാലത്തിനടിയിലൂടെ ഒട്ടേറെ വെള്ളം ഒഴുകി കഴിഞ്ഞിരുന്നു.

സിനിമയിലൂടെ സഞ്ചരിച്ചു അധികാരത്തില്‍ എത്തിയ എം ജി ആറിന്റെയും ജയലളിതയുടെയും വഴിയില്‍ രജനിയും രാഷ്ട്രീയത്തില്‍ എത്തും എന്നായിരുന്നു പൊതു ധാരണ.എം ജി ആര്‍ സിനിമകളിലെ പോലെ രാഷ്ട്രീയ പ്രവേശം സൂചിപ്പിക്കുന്ന ആവേശകരമായ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്‍റെത്. “ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുവേന്‍” തുടങ്ങിയ ഡയലോഗുകള്‍ ഓര്‍ക്കുക. ആരാധകരെ കോൾമയിര്‍ കൊള്ളിച്ച ഇടിവെട്ട് സംഭാഷണങ്ങള്‍ ഈ ചിത്രങ്ങളെ ഹിറ്റുകളാക്കി .അതിനപ്പുറം നടന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന തോന്നലും വളര്‍ന്നു.

രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനുള്ള രജനിയുടെ ഏറ്റവും അനുയോജ്യമായ അവസരമായിരുന്നു 1996. അഴിമതി കൊണ്ടു പൊറുതി മുട്ടിയ ജയലളിത സര്‍ക്കാരിനെതിരെ അന്ന് ആഞ്ഞടിച്ചുകൊണ്ടു രജനി എല്ലാവരെയും ഞെട്ടിച്ചു. “ജയലളിത സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ ഏറ്റിയാല്‍ ദൈവം പോലും ക്ഷമിക്കില്ല”എന്ന പ്രഖ്യാപനമാണ് ആ സര്‍ക്കാരിന്റെ വീഴ്ചയില്‍ എത്തിയത്.  കോണ്‍ഗ്രസില്‍ നിന്ന് മൂപ്പനാരും കൂട്ടരും ഇറങ്ങി ടി എം സി ഉണ്ടാക്കിയതും ഡി എം കെ യുമായി ചേര്‍ന്നു അവര്‍ ഭരണം പിടിച്ചെടുത്തതും രജനിയുടെ അനുഗ്രഹാശിസുകളുമായി ആയിരുന്നു. പക്ഷെ അന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ നിന്ന് ഏതോ അദൃശ്യശക്തി അദ്ദേഹത്തെ പിന്‍വലിപ്പിച്ചു.

rajnikanth , tamil superstar, kamalhasan, jayalalitha

പിന്നിട് അത് പോലൊരു അവസരം അദ്ദേഹത്തിനു ലഭിച്ചില്ല. ബി ജെ പി യുമായി സഖ്യം ഉണ്ടാക്കിയ ജയലളിത ലോകസഭാതെരഞ്ഞെടുപ്പില്‍ തിരിച്ചുവന്നു. 2001-ല്‍ നിയമസഭയിലും. തുടര്‍ന്നു ഡി എം കെയും. 2011ലും 16 ലും ജയതന്നെ അധികാരത്തില്‍ തിരിച്ചു വന്നതോടെ രജനിയുടെ വരവ് ഒരു കടങ്കഥയായി മാറി. കൗതുകകരമായ മറ്റൊരു കാര്യം ഏറെ തയ്യാറെടുപ്പൊടെ വന്ന സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിന്റെ പാര്‍ട്ടിയുടെ തകർച്ചയായിരുന്നു. ആദ്യം അദ്ദേഹവുമായി കൂട്ട് ചേര്‍ന്ന ജയയുടെ എ ഐ എ ഡി എം കെ അവരെ തഴഞ്ഞു, പിന്നിട് തകര്‍ത്ത് അധികാരത്തില്‍ എത്തുകയായിരുന്നു താരാരാധന ശക്തമായ ഒരു സമൂഹത്തില്‍ വിജയകാന്ത് തകര്‍ന്നത് കാലത്തിന്റെ പുതിയ ചുവരെഴുത്തുകള്‍ വ്യക്തമാക്കുകയായിരുന്നു. വിജയകാന്ത് ഒറ്റയ്ക്ക് മത്സരിചിരുന്നില്ലെങ്കില്‍ ഡി എം കെ 2016 ല്‍ തൂത്തു വാരുമായിരുന്നു എന്നത് മറ്റൊരു കാര്യം. വിജയകാന്തിന്റെ ദുരനുഭവം രജനിക്ക് പാഠമാകേണ്ടതാണ്. പക്ഷെ, രജനി പിന്നിട് പലതവണ രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് സൂചിപ്പിച്ചുവെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല. താന്‍ ഒരു തവണ ചൊന്നാല്‍ നൂറു തവണ ചൊന്നതു മാതിരി എന്ന് സിനിമയില്‍ പ്രഖ്യാപിച്ച നായകന് ഒരു തീരുമാനം പോലും അസാധ്യമായി. ഇതിനിടെ സിനിമയില്‍ അദ്ദേഹവുമായി നിരവധിതവണ നായകസ്ഥാനം പങ്കുവെച്ചിട്ടുള്ള കമലഹാസനും തന്റെ രാഷ്ട്രീയപ്രവേശം പ്രഖാപിചിരിക്കുന്നു. ഇപ്പോള്‍ തിരശീലയിലെ ഈ പ്രതിയോഗികള്‍ ഏറ്റുമുട്ടുമോ അതോ ഒന്നിക്കുമോ എന്നതും വലിയൊരു ചോദ്യമാണ്.

എന്തായിരിക്കാം രജനിയുടെ വൈമുഖ്യത്തിനു പിന്നില്‍? രാഷ്ട്രീയം ഒരു ചെളിക്കളം ആണെന്ന ധാരണ ആകാം ഒന്ന്. രജനി ആഭിമുഖ്യം പുലര്‍ത്തുന്ന ബി ജെ പി തമിഴകത്ത് ഒരു ശക്തിയല്ല എന്നതാവാം മറ്റൊരു കാരണം. ആര്‍ കെ നഗറില്‍ വോട്ടെടുപ്പില്‍ നോട്ടക്ക് പുറകില്‍ വന്ന കക്ഷിയാണ് ബി ജെ പി ഇന്ന് തമിഴ് നാട്ടില്‍. നാലാമത്, മണ്ണിന്റെ മകന്‍ അല്ല എന്ന ആക്രമണം ഉണ്ടാകുമെന്ന ഭീതി ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ടാകാം. തികഞ്ഞ തമിഴന്‍ ആയി അറിയപ്പെടുമ്പോഴും അദ്ദേഹത്തിന്‍റെ മറാത്ത വേരുകള്‍ അദ്ദേഹത്തിനെതിരെ ഉപയോഗിക്കപെടാം. അന്തിമമായി സിനിമയോടുള്ള പ്രതിബന്ധത. കൂടാതെ പ്രായം സൃഷ്ടികുന്ന പ്രശ്നങ്ങളും.

ഇതോടൊപ്പം തമിഴക രാഷ്ട്രീയത്തില്‍ മറ്റൊരു വിഷവും പടര്‍ന്നു വരുകയാണ് . ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് വഴിമാറി പണാധിപത്യം തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായി. വോട്ടര്‍മാര്‍ക്ക് വന്‍തോതില്‍ പണം നല്‍കി വോട്ട് വാങ്ങുന്ന രീതി സംസ്ഥാനത്ത് രൂഡമൂലമായി. ജയലളിതയുടെ മരണത്തെ തുടര്‍ന്നു ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന ആര്‍ കെ നഗറില്‍ ഒരു വോട്ടിനു 8000 രൂപ വരെ വിജയി വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം . അഴിമതികാട്ടി പണം സമ്പാദിച്ച കക്ഷികള്‍ക്ക് പോലും താങ്ങാനാവാത്ത ഭാരമാകുകയാണ് ഇനി ഇവിടുത്തെ തെരഞ്ഞെടുപ്പ്. രജനിയെ പോലെയുള്ള ആത്മീയ രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമോ ?

എങ്കിലും മടിച്ചുമടിച്ചാണെങ്കിലും രജനി കളത്തില്‍ ഇറങ്ങുകയാണ്.കരുത്തുറ്റ നേതാവായിരുന്ന ജയലളിതയുടെ വേര്‍പാടും ഡി എം കെ നേതാവായ മുത്തുവേല്‍ കരുണാനിധിയുടെ പൊതുവേദിയിലെ അസ്സാന്നിധ്യവും ഇതിന് പ്രേരണയായി മാറിയിരിക്കാം. ജയ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. അത്ര എളുപ്പമല്ല രജനിക്ക് കാര്യങ്ങള്‍. എ ഐ എഡി എം കെ ദുര്‍ബലമായാല്‍ അത് ഡി എം കെ ക്കു ഗുണകരം ആകും എന്ന സമവാക്യമാണ് ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ഇവിടെ ഡി എം കെ ക്കു കെട്ടിവെച്ച കാശ് പോയി.  മാത്രമല്ല ഇരട്ട ഇല എന്ന വിജയചിഹ്നത്തെ തകര്‍ത്തു കൊണ്ടു ടി ടി വി ദിനകരന്റെ പ്രഷര്‍ കൂക്കര്‍ വിജയിച്ചു. ഒരു അട്ടിമറി വിജയം എന്നതിനപ്പുറം ഒരു അഴിമതി ഭരണത്തിന്റെ അവസാനകണ്ണിയാണ് ഇവിടെ വിജയിച്ചതെന്ന ഭീതിയാകാം രജനിയെ കുടുതല്‍ അലട്ടിയിരിക്കുക. ഇനി നിശബ്ദന്‍ ആകരുത് എ ന്നദ്ദേഹം കരുതുന്നു എന്ന് വ്യക്തം.

ദിനകരന്രെ വിജയം എ ഐ ഡി എം കെയും ഡി എം കെയും മാത്രമല്ല ബി ജെ പിയെയും ഞെട്ടിച്ചിരിക്കുകയാണ്. രജനിയിലൂടെ ഒരു അട്ടിമറി അവരും സ്വപ്നം കാണുന്നുണ്ടാകാം. വളരെ അവ്യക്തമായ ഒരു രാഷ്ട്രീയ കളത്തിലേയ്ക്കാണ് രജനിയുടെ ചാട്ടം. അഴിമതിയുടെ കൂത്തരങ്ങായ ഈ കളം ശുദ്ധീകരിക്കാന്‍ ഒരു യന്തിരന് പോലും പറ്റണമെന്നില്ല.

 

ഇന്ത്യാ ടുഡേ മലയാളത്തിൻെറ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ലേഖകൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ