scorecardresearch
Latest News

‘ഭാരത് ജോഡോ യാത്ര പ്രശംസാർഹം; പക്ഷേ, സംഘപരിവാറിനെതിരായ ആക്രമണം നിഷ്ഫലം’

സ്വേച്ഛാധിപതിയുടെ കീഴിൽ ഏകാധിപത്യ ഭരണത്തിലേക്ക് വഴുതി വീഴുന്ന അശുഭകരമായ സാഹചര്യത്തിൽ , ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾക്കും ഭരണകൂട സ്ഥാപനങ്ങളുടെ ധാർമ്മികനീതിയും നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളാണ് ഇന്ത്യ നേരിടുന്ന യഥാർത്ഥ ഭീഷണിയെന്ന് പ്രധാനമന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്പേയിയോടൊപ്പം പ്രവർത്തിച്ച സുധീന്ദ്ര കുൽക്കർണി എഴുതുന്നു

Bharat Jodo Yatra, Rahul Gandhi, Congress

കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് 3,500 കിലോമീറ്റർ താണ്ടി, കശ്മീർ വരെ നടക്കുന്ന, അഞ്ച് മാസം നീളുന്ന ബഹുജന സമ്പർക്ക ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായി രാഹുൽ ഗാന്ധി, കന്യാകുമാരിയിലെ വിവേകാനന്ദ പാറ സന്ദർശിച്ചത് പ്രബോധാനാത്മകാമായ യാദൃച്ഛികത്വമാകാം. ഈ ലേഖകൻ യാത്രയെ പൂർണമനസോടെ പിന്തുണയ്ക്കുന്നു, കാരണം ഇന്ത്യക്ക് പുതുജീവൻ ലഭിച്ച ഒരു കോൺഗ്രസിനെ ആവശ്യമാണ്. മാത്രമല്ല, ഏറെ തെറ്റിദ്ധരിക്കപ്പെട്ട, എന്നാൽ, വീണ്ടുവിചാരമുള്ള നേതാവാണു രാഹുൽ.

ഈ സ്മാരകത്തിന്റെ ചരിത്രത്തെക്കുറിച്ച് സഹപ്രവർത്തകർ എന്തെങ്കിലും അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ടോ എന്നറിയില്ല. അവർ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് വലിയൊരു വിഭാഗം ഹിന്ദുക്കൾ ആർ എസ്‌ എസിന്റെ ദേശസ്‌നേഹത്തെ വാഴ്ത്തുന്നതെന്നും ഫാസിസ്റ്റ് സംഘടനയായി തന്റെ പാർട്ടി അപലപിക്കുന്നതെന്നും അദ്ദേഹം മനസിലാക്കുകയും തള്ളിക്കളയുകയും ചെയ്യുമായിരുന്നു. മുമ്പ് പല അവസരങ്ങളിലും കോൺഗ്രസും ആർഎസ്എസും രാജ്യതാൽപ്പര്യം മുൻനിർത്തി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം മനസിലാക്കുമായിരുന്നു.

1857 ലെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയ ശേഷം ഇന്ത്യക്കാർക്കിടയിൽ ദേശീയ അവബോധം ഉയർത്തിയ വിഖ്യാതനായ ആത്മീയ നേതാവായിരുന്നു സ്വാമി വിവേകാനന്ദൻ (1863-1902). “ഭൂതകാലത്തിൽ വേരൂന്നിയതും ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനിക്കുന്നതുമായ വിവേകാനന്ദൻ ജീവിത പ്രശ്നങ്ങളോടുള്ള സമീപനത്തിൽ അപ്പോഴും ആധുനികനായിരുന്നു. ഇന്ത്യയെ മുന്നോട്ടുനയിക്കാൻ (അദ്ദേഹത്തിന്) ചലനാത്മകവും ഉജ്വലവുമായ ഊർജമുണ്ടായിരുന്നു,” എന്ന് ഇന്ത്യയെ കണ്ടെത്തൽ (ദ് ഡിസ്‌കവറി ഓഫ് ഇന്ത്യ) എന്ന കൃതിയിൽ ജവഹർലാൽ നെഹ്‌റു എഴുതിയതിനേക്കാൾ തിളക്കമാർന്ന ആദരം അദ്ദേഹത്തിന് മറ്റാരും നൽകിയിട്ടില്ല.

Bharat Jodo Yatra, Rahul Gandhi, Congress

1893-ൽ ചിക്കാഗോയിൽ നടന്ന പ്രഥമ ലോക മത പാർലമെന്റിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കുള്ള ചരിത്ര യാത്രയ്ക്കു മുമ്പ് വിവേകാനന്ദൻ കന്യാകുമാരി സന്ദർശിച്ചിരുന്നു. 1892 ഡിസംബർ 25 മുതൽ 27 വരെ മൂന്ന് പകലും മൂന്ന് രാത്രിയും ത്രിവേണി സംഗമസ്ഥാനത്തുള്ള പാറയിൽ ധ്യാനിച്ച അദ്ദേഹം, മനുഷ്യത്വത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള ഹിന്ദുമതത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യക്കാരുടെ ആത്മീയവും ഭൗതികവുമായ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ സഹായിക്കാനുമുള്ള തന്റെ ജീവിതത്തിന്റെ ദൗത്യം തിരിച്ചറിഞ്ഞു.

വിജയകരമായ വിദേശപര്യടനത്തിനുശേഷം, 1897-ൽ മദ്രാസിൽ നടന്ന ഒരു പൊതു സ്വീകരണത്തിൽ വിവേകാനന്ദൻ “ഭാരത് ജോഡോ”യ്ക്ക് വേണ്ടിയുള്ള ആഹ്വാനം നൽകി. “അടുത്ത അമ്പത് വർഷത്തേക്ക്, നമുക്ക് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാം, നമ്മുടെ മഹത്തായ ഭാരത മാതാവിനെ. മറ്റെല്ലാ വ്യർത്ഥ ദൈവങ്ങളും നമ്മുടെ മനസിൽനിന്ന് അപ്രത്യക്ഷമാകട്ടെ. പരസ്പരം പോരടിക്കുന്നതിനും അസൂയാലുക്കളാകുന്നതിനും പകരം നമ്മൾ ആദ്യം ആരാധിക്കേണ്ട ദൈവം നമ്മുടെ നാട്ടുകാരെയാണ്.” 50 വർഷങ്ങൾക്ക് ശേഷം ഇന്ത്യ സ്വതന്ത്രമായി.

സെപ്തംബർ ഏഴിന് രാഹുൽ പ്രാർത്ഥിച്ച മഹത്തായ വിവേകാനന്ദ സ്മാരകം, ആർ എസ്എസ് പ്രചാരക് ഏകനാഥ് റാനഡെയുടെ ആശയമാണ്. ഇത് നിർമിക്കുന്നതിനായി,വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായ 1963-ൽ റാനഡെ തന്റേതായ ഒരു “ഭാരത് ജോഡോ” ക്യാമ്പയിൻ ആരംഭിച്ചു. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ഒരു കോടിയോളം സാധാരണക്കാരിൽ നിന്ന് ഒരു രൂപ വീതം സംഭാവന സ്വരൂപിച്ചു.

പദ്ധതി നടപ്പാക്കുന്നതിനായി അദ്ദേഹം 323 എം പി മാരുടെ ഒപ്പ് ശേഖരിച്ചു. അവരിൽ ഭൂരിപക്ഷവും കോൺഗ്രസുകാരായിരുന്നു. രാഷ്ട്രപതി വി വി ഗിരി 1970 സെപ്തംബർ രണ്ടിന് സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 15 ലക്ഷം രൂപ സംഭാവന ചെയ്യുക മാത്രമല്ല, സ്മാരകം സന്ദർശിക്കുകയും ചെയ്തു. റാനഡേ സ്നേഹപൂർവം സ്വീകരിക്കുകയും ചെയ്തു. ആർ എസ് എസ് പ്രവർത്തകനെന്ന നിലയിൽ ഈ പദ്ധതിയിൽ റാനഡെയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി തന്റെ ഓർമക്കുറിപ്പുകളിൽ ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “ആധുനിക ഇന്ത്യയിലെ ഏറ്റവും മഹാനായ സംന്യാസിമാരിൽ ഒരാളുടെ ബഹുമാനസൂചകമായി ഈ മഹത്തായ സ്മാരകം നിർമിച്ചത് ശരിക്കും പ്രചോദനാത്മകമാണ്.”

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തെക്കുറിച്ചുള്ള ഈ ഹ്രസ്വ ചരിത്രം വിജ്ഞാനപ്രദമാണ്. കാരണം രാഹുലിനും സഹപ്രവർത്തകർക്കും അവ പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിൽ രണ്ട് പാഠങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യയുടെ ഐക്യത്തിന്റെയും നവോത്ഥാനത്തിന്റെയും സാംസ്കാരികവും ആത്മീയവുമായ സ്രോതസുകളെ ബഹുമാനിക്കാനും ജനകീയമാക്കാനും കോൺഗ്രസ് നേതാക്കളേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ ആർ എസ് എസ് പ്രചാരകരും സ്വയംസേവകരും ചെയ്തിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ സംഭാവനകളും ത്യാഗങ്ങളും സ്തുത്യാർഹമാണെങ്കിലും ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കാൻ അവ അപര്യാപ്തമാണ്. രണ്ടാമത്തേത്, ഇത് ആദ്യ പാഠവുമായി ബന്ധപ്പെട്ടതാണ്, സമകാലികരായ പല കോൺഗ്രസ് നേതാക്കളും ഒന്നുകിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദു ആത്മീയതയും സംസ്കാരവുമാണ് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രധാന അടിസ്ഥാനം എന്നത് നിഷേധിക്കുകയോ അംഗീകരിക്കാൻ അങ്ങേയറ്റം വിമുഖത കാണിക്കുകയോ ചെയ്യുന്നു.

രണ്ടാമത്തെ കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യമാണ്. എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുന്ന മതേതരത്വമാണ് ഇന്ത്യയുടെ ഐക്യത്തിന്റെ യഥാർത്ഥ ശക്തിയെന്ന് കോൺഗ്രസ് നേതാക്കൾ ദൃഢമായി വിശ്വസിക്കുന്നു. അത് തീർച്ചയായും ഇന്ത്യയുടെ ആത്മാവാണ്. എന്നിരുന്നാലും, വിവേകാനന്ദനും മഹാത്മാഗാന്ധിയും പ്രതിപാദിച്ച തരത്തിലുള്ള ഹിന്ദുമതമാണ് ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവെന്ന് ഉറച്ചുനിൽക്കാതെ അവർ നിരാശപ്പെടുത്തുന്നു.

Bharat Jodo Yatra, Rahul Gandhi, Congress

ഈ സത്യം കോൺഗ്രസ് അംഗീകരിച്ച ഒരു കാലമുണ്ടായിരുന്നു. 1999 ജനുവരി 16-ന്, പാർട്ടിയുടെ അന്തിമ തീരുമാനമെടുക്കുന്ന ഏറ്റവും ഉയർന്ന ഘടകമായ കോൺഗ്രസ് പ്രവർത്തക സമിതി (CWC) “ഇന്ത്യയിലെ മതേതരത്വത്തിന് ഏറ്റവും ഫലപ്രദമായ ഉറപ്പ് നൽകുന്നത് ഹിന്ദുമതമാണ്” എന്ന പ്രമേയം ഏകകണ്ഠേന പാസാക്കി.

എന്നിരുന്നാലും, മുസ്‌ലിം വോട്ടുകൾ നഷ്‌ടപ്പെടുമെന്ന ഭയം നിമിത്തം, അതിനുശേഷം ഒരിക്കലും ഈ നിലപാട് ആവർത്തിക്കുകയോ ഈ ബോധ്യവുമായി ബന്ധപ്പെട്ട ഹിന്ദു ആശങ്കകളെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. കൂടാതെ, അതേ കാരണത്താൽ, 1947-ൽ അക്ഷരാർത്ഥത്തിൽ “ഭാരത് തോഡോ” എന്നതിലേക്ക് നയിച്ച ഒരു വിഭാഗം മുസ്‌ലിംകളുടെ, ഇസ്‌ലാമിന്റെ മതേതര വിരുദ്ധ, മേൽക്കോയ്മ, വിഘടനവാദ വ്യാഖ്യാനങ്ങളെ അത് ഒരിക്കലും പ്രത്യയശാസ്ത്രപരമായി എതിർത്തിട്ടില്ല.

തത്ഫലമായി, ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാരത്തിന്റെ വികലവും ഭൂരിപക്ഷവാദത്തിലധിഷ്ഠിതവുമായ ആശയത്തിലേക്ക് ഹിന്ദുക്കൾ വൻതോതിൽ ആകർഷിക്കപ്പെടുകയും ബഹുസ്വരമായ ഇന്ത്യ എന്ന കോൺഗ്രസിന്റെ ആശയത്തെ ചോദ്യം ചെയ്യാനാരംഭിക്കുകയും ചെയ്തു.

Bharat Jodo Yatra, Rahul Gandhi, Congress

ഇതും കോൺഗ്രസിനെ ക്ഷയിപ്പിച്ച മറ്റ് ഘടകങ്ങളും ആർ എസ് എസ് പിന്തുണയുള്ള ബി ജെ പിയുടെ അഭൂതപൂർവമായ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമാണ്.

ആർ എസ് എസിനെ പ്രത്യയശാസ്ത്രപരമായ ആക്രമണത്തിന്റെ മുഖ്യലക്ഷ്യമാക്കി മാറ്റുന്നതിലൂടെ രാഹുൽ തന്റെ ശക്തി പാഴാക്കുകയാണ്.

ആർ എസ് എസിനേക്കാൾ വലുതും പ്രതിരോധശേഷിയുള്ളതുമാണ് ഹിന്ദുമതമെന്ന് അദ്ദേഹം മനസിലാക്കണം. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ എന്നിവരെയൊക്കെ അത് അതിജീവിക്കും.

കോൺഗ്രസും മറ്റു ബി ജെ പി ഇതര പാർട്ടികളും ദേശീയതയുടെയും വികസനത്തിന്റെയും വർഗീയതയില്ലാത്ത ആഖ്യാനത്തിലൂടെ ഹിന്ദുക്കളുടെ മനസും ഹൃദയവും തിരിച്ചുപിടിക്കുകയാണെങ്കിൽ, അതേസമയം, തന്നെ മുസ്‌ലിം സമുദായത്തെ കൂടുതൽ പരിഷ്കരണവാദികളും ഉൾക്കൊള്ളുന്നവരും മുന്നോട്ടുള്ള ചിന്താഗതിയുള്ളവരുമായി മാറാൻ പ്രേരിപ്പിച്ചാൽ അത് സാധ്യമാകും. സാമൂഹിക ഐക്യത്തിനും സഹിഷ്ണുതയുള്ള വ്യവഹാരത്തിനുമുള്ള ഭീഷണികളെ മറികടക്കാനും സാധിക്കും.

Bharat Jodo Yatra, Rahul Gandhi, Congress

യഥാർത്ഥത്തിൽ, ഇന്ത്യ നേരിടുന്ന യഥാർത്ഥ ഭീഷണി അതിന്റെ ഐക്യത്തിനല്ല, മറിച്ച് അതിന്റെ ജനാധിപത്യ ഘടനയ്ക്കും അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾക്കും സ്ഥാപനങ്ങളുടെ നൈതികതയ്ക്കുമാണ്. കാരണം സ്വേച്ഛാധിപതിയുടെ ഏകാധിപത്യ ഭരണത്തിലേക്കുള്ള അശുഭകരമായ വഴുതിവീഴലാണ് സംഭവിക്കുന്നത്.

ഭരണഘടനാപരമായി പ്രാഥമികവും സർവപ്രധാനവുമായ ആശയമാണ് സമത്വമെന്നത്. എന്നാൽ അതിനു നേരിട്ടിരിക്കുന്ന അപകടരമായ അവസ്ഥ, ഇന്ത്യൻ സമൂഹം ഇപ്പോഴത്തേതിനേക്കാൾ അധർമം മുമ്പൊരിക്കലും കാട്ടിയിട്ടില്ല.

ഇപ്പോഴത്തെ സംഭവവികാസങ്ങളെല്ലാം ജനാധിപത്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിൽ സഖ്യകക്ഷികളാകാൻ കഴിയുന്ന നിലയിൽ ആർ എസ് എസിന്റെയും ബിജെപിയുടെയും വിഭാഗങ്ങളിൽ പോലും കാര്യമായ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

എല്ലാത്തിനുമുപരി, സംഘപരിവാറിന്റെ ഭാഗമായ അടൽ ബിഹാരി വാജ്‌പേയിയും അദ്വാനിയും 1977 ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചരാണെന്ന് ഓർക്കണം.

Bharat Jodo Yatra, Rahul Gandhi, Congress

അതിനാൽ, കോൺഗ്രസ് അതിന്റെ ധാർഷ്ഠ്യവും വിട്ടുവീഴ്ചയില്ലാത്ത മനോഘടനയും വെടിഞ്ഞ് സത്യസന്ധമായ ആത്മപരിശോധന നടത്തുകയും മുൻകാല തെറ്റുകൾ പരസ്യമായി ഏറ്റുപറയുകയും വേണം. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ചെയ്തതുപോലെ, ആർ എസ് എസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകകളുമായും ആശയങ്ങളുമായും സർഗാത്മകമായ സംവാദം ആരംഭിക്കണം. ഇന്ത്യ എല്ലാവരുടേതുമാണ്, ആർക്കും അതിനെ കോൺഗ്രസ് മുക്തമോ ആർ എസ് എസ് മുക്തമോ മുസ്‌ലിം മുക്തമോ ആക്കാനാവില്ല.

നമ്മുടെ ജനാധിപത്യം, വികസനം, നീതിന്യായ വ്യവസ്ഥ, ദേശീയ സാഹോദര്യം എന്നിവയിലെ വിടവുകൾ നികത്താൻ എല്ലാവരും അവരുടെ പോരായ്മകൾ തിരുത്തുകയും യഥാർത്ഥ “ഭാരത് ജോഡോ” യ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.

  • എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചയാളാണ് ലേഖകനായ സുധീന്ദ്ര കുൽക്കർണി

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Rahul gandhis bharat jodo yatra commendable attacking sangh fruitless