എല്ലാ വിഭാഗം ജോലികള്‍ക്കും വേണ്ടിയുള്ള പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലയാള ഭാഷാ പ്രേമികളുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുകൂല ഇടപെടലോടുകൂടി വിജയത്തിലെത്തിയിരിക്കുകയാണല്ലോ. സ്വാഭാവികവും ന്യായവുമായ ഇത്തരമൊരാവശ്യത്തിനെതിരായി പി.എസ്.സി. ഉദ്യോഗസ്ഥ മേധാവികള്‍ കുറച്ചു ദിവസം വാളെടുത്തു നിന്നത് മുഴുവന്‍ മലയാളി സമൂഹത്തിനും വലിയ നാണക്കേടാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്.
പ്രിഡിഗ്രി വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കു മലയാളത്തിലാണ് പരീക്ഷകള്‍ നടത്തുന്നതെന്നും അതിനു മുകളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കു ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായതുകൊണ്ടാണ് പരീക്ഷകള്‍ ഇംഗ്ലീഷില്‍ ആക്കുന്ന തെന്നുമാണ് ഒരു വിശദീകരണം. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ മലയാളത്തിലാക്കുക ബുദ്ധിമുട്ടാണ്, ശാസ്ത്ര, സാങ്കേതിക പദങ്ങള്‍ക്കു പറ്റിയ മലയാളപദങ്ങളില്ല തുടങ്ങി പല വാദങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. പൊതുവില്‍ ബാലിശങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് ഇത്തരം വാദമുഖങ്ങള്‍.
എന്‍റെ വ്യക്തിപരമായ ഒരനുഭവം പറയാം. 1970-ലാണ് ‘പ്രപഞ്ചവും മനുഷ്യനും’ എന്ന എന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ആധുനിക ശാസ്ത്രത്തിന്‍റെ പ്രധാനമേഖലകളില്‍ വരുന്ന ഗൗരവമേറിയ വിഷയങ്ങളെല്ലാം സാമാന്യം വിശദമായി തന്നെ അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനാവുന്ന ഭേദപ്പെട്ട മലയാളത്തിലാണ് അത് എഴുതപ്പെട്ടത്. അപൂര്‍വ്വം ചില ശാസ്ത്രപദങ്ങള്‍ക്ക് മാത്രമാണ് ബ്രാക്ക റ്റില്‍ ഇംഗ്ലീഷ് പദങ്ങള്‍ കൊടുക്കേണ്ടി വന്നത്. മറ്റു പല അംഗീകൃത ഇന്ത്യന്‍ ഭാഷകളെയും അപേക്ഷിച്ച് മലയാളം പദസമ്പത്തിന്‍റെ കാര്യ ത്തില്‍ മുന്നിലാണെന്നതാണ് യാഥാര്‍ഥ്യം. പില്‍ക്കാലത്ത് ലാംഗ്വേജ് ഇന്‍സ്റ്റി റ്റ്യൂട്ടും മലയാളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പോലുള്ള സ്ഥാപനങ്ങള്‍ സാങ്കേതിക പദാവലികളുടെ പല ഇംഗ്ലീഷ്-മലയാളം ഗ്ലോസ്സറികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്താനും. ഞാന്‍ പുസ്തകമെഴുതിയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളം എത്രയോ സമ്പന്നമാണെന്നു ചുരുക്കം.
മുകളില്‍ പറഞ്ഞതുപോലത്തെ ഗ്ലോസ്സറികളിലെയും മറ്റും സാങ്കേതിക പദാവലികള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവാത്തതാണെന്ന വിമര്ശനം സാധാരണമാണ്. അത് പൂര്‍ണമായും തള്ളിക്കളയേണ്ടതുമല്ല. അതില്‍ കുറച്ചൊക്കെ വസ്തുതയുണ്ടു താനും. അപ്പോള്‍ പോലും അവയില്‍നിന്ന് സ്വീകരിക്കാവുന്ന പദങ്ങളും കുറെയൊക്കെ ഉണ്ടെന്ന കാര്യം വിസ്മരി ച്ചുകൂടാ. മൊത്തത്തില്‍ മലയാളത്തിന്‍റെ വളര്‍ച്ച ശ്രദ്ധേയം തന്നെയാണെന്ന് കാണേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ പാടെ അവഗണിക്കുന്ന രീതി യിലാണ് പി.എസ്.സി. ഉദ്യോഗസ്ഥ മേധാവികള്‍ മലയാളഭാഷാ സമരക്കാരെ നേരിട്ടത്. അവരുടെ ഈ ഔദ്ധത്യ സമീപനം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.
തമിഴ് സമൂഹത്തിനു തമിഴ് ഭാഷയോടും തമിഴ്‌നാടിനോടും ഉള്ള വൈകാരികബന്ധം മലയാളികള്‍ക്ക് മലയാളത്തോടും കേരളത്തിനോടും ഇല്ലെന്നു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വലിയൊരു പരിധി വരെ ശരിയാണത്. തമിഴര്‍ക്കിടയില്‍ സമൂഹ്യബന്ധങ്ങളില്‍ ഒരുതരം ഗോത്രബോധം പ്രകടമാണെങ്കില്‍ മലയാളികള്‍ക്കിടയില്‍ ഒറ്റയാന്മാരായ വ്യക്തികളാണ് സമൂഹത്തിന്‍റെ അടിസ്ഥാനമാവുന്നത്.
കേരളമൊഴിച്ചു ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഗ്രാമീണമേഖലകളില്‍ കണ്ടുവരുന്ന ഗ്രാമം എന്ന സാമൂഹ്യഘടന കേരളത്തിലെ ഗ്രാമീണ മേഖലയില്‍ കാണാനാവില്ല. അതുകൊണ്ടാണ് കേരളത്തിലെ ഗ്രാമാന്തരീക്ഷത്തെ ചില സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ചിതറിയ ഗ്രാമങ്ങള്‍ (Dispersed Villages) എന്ന് വിളിക്കുന്നത്. സാമൂഹ്യഘടകങ്ങളോടൊപ്പം ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഈ അവസ്ഥക്ക് കാരണമായിട്ടുണ്ടത്രേ. എന്തായാലും ഈ ഭൗതിക യാഥാര്‍ഥ്യം നമ്മുടെ സാമൂഹ്യയാഥാര്‍ഥ്യത്തേയും ഗണ്യമായി സ്വാധീനിച്ചി ട്ടുണ്ടെന്നു വ്യക്തമാണ്.
ഇത്തരം സാമൂഹ്യശാസ്ത്രപരവും ചരിത്രപരവുമായ ഘടകങ്ങളൊന്നുമല്ല നമ്മുടെ പി.എസ്. സി. മേധാവികളുടെ മലയാളവിരോധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കൊളോണിയല്‍ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട ഇംഗ്ലീഷ് വിധേയത്വത്തിന്‍റെ സമകാലീന തുടര്ച്ചയായിട്ട് അതിനെ കണ്ടാല്‍ മതി. ഇംഗ്ലീഷ് ലോകഭാഷയാണ്, ഇന്ത്യയിലെ ഇതര ഭാഷക്കാരുമായി ആശയവിനിമയം നടത്താന്‍ ഏറ്റവും ഉചിതമായ ബന്ധഭാഷയാണ് തുടങ്ങി ഇംഗ്ലീഷിനെ പ്രസക്തമാക്കുന്ന പല ഘടകങ്ങളുമുണ്ട്. പക്ഷെ, ഇതൊന്നും മാതൃഭാഷയുടെ പ്രസക്തിയും പ്രാധാന്യവും കുറച്ചു കാണാന്‍ ഇട വരുത്തുന്ന ഘടകങ്ങളല്ല.
മാനവികമായ അസ്തിത്വത്തെ നിര്‍ണയിക്കുന്ന തില്‍ മാതൃഭാഷയുടെ പങ്ക് ഏറെ പ്രധാനമാണ്. താരതമ്യേന അപ്രസക്ത വും വ്യത്യസ്തവുമായ പരിഗണനകളുടെ പേരില്‍ മാതൃഭാഷയെ അവ ഗണിക്കുന്ന രീതിയാണ് പി.എസ്.സി. മേധാവികള്‍ സ്വീകരിച്ചത്. ഇത്തരക്കാരെ അര്‍ഹമായ ഇടങ്ങളില്‍ ഇരുത്താന്‍ മാതൃഭാഷയോട് കൂറുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കേരളത്തില്‍ മലയാളത്തിനു വേണ്ടി നടന്ന സമരവുമായി യാതൊരു ബന്ധവുമില്ലാതെയാണ് അഖിലേന്ത്യാതലത്തില്‍ ഹിന്ദിയെ ഇന്ത്യയുടെ മുഖ്യ ബന്ധ ഭാഷയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാവുന്നത്. എല്ലാ വര്‍ഷവും സെപ്തംബര്‍ പതിനാലാം തിയതി ഹിന്ദി ദിവസ് ആചരിക്കാറുള്ളത് പോലെ ഇത്തവണയും ആ ആചരണത്തിന്‍റെ സന്ദര്‍ഭത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായാണ് ഹിന്ദിക്ക് ഇങ്ങിനെയൊരു പദവി നല്‍കുന്ന കാര്യം ഉന്നയിച്ചത്. ഉടനെ തന്നെ ശക്തമായ എതിര്‍പ്പുകളും വിമര്ശനങ്ങളും ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.
അനവധി വളര്‍ച്ചയെത്തിയ അംഗീകൃത ഭാഷകളുള്ള ഇന്ത്യയില്‍ ഹിന്ദിയുടെ മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മുന്‍പും പലതവണ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഹിന്ദി മേധാവിത്തത്തിനെതിരായി ഏറ്റവുമധികം ചെറുത്തുനിന്നിട്ടുള്ളത് ദക്ഷിണേന്ത്യയാണ്. തമിഴ് നാടാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ളത്. അവിടെ ദ്രാവിഡ പ്രസ്ഥാനം, പ്രത്യേകിച്ചും ഡി.എം.കെ. വളര്‍ന്നുവന്നത് ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ്.
അമിത് ഷാ പുതിയ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹിന്ദിയെ ഇന്ത്യയിലെ മുഖ്യഭാഷയായി അവരോധിക്കുന്ന നിലപാട് ആര്‍.എസ്.എസ്സിന് ആദ്യ കാലം മുതല്‍ക്കേ ഉള്ളതാണ്. പ്രാദേശിക ഭാഷകളെ തള്ളിക്കളഞ്ഞുകൊണ്ട് ഹിന്ദിയെ മാത്രം ഇന്ത്യയുടെ മുഖ്യഭാഷയാക്കുക എന്നതല്ല അവരുടെ നിലപാട്. പ്രാദേശികഭാഷകളെ അംഗീകരിച്ചുകൊണ്ട് ഇന്ത്യക്ക് ഒരു പൊതു ഭാഷയായി ഹിന്ദിയേയും അംഗീകരിക്കുക എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയുടെ ഐക്യത്തിന്, ഏകീകരണത്തിനു ഇങ്ങിനെയൊരു ഭാഷ അത്യന്താപേക്ഷിതമാണ് എന്നാണു അമിത് ഷാ വിശദീകരിച്ചത്. പ്രാദേശിക ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അംഗീകാരവും പ്രോത്സാഹനവും നല്‍കിക്കൊണ്ട് ഹിന്ദിയെ ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും പ്രതീകമായി വളര്‍ത്തിക്കൊണ്ടുവരിക. തികച്ചും സ്വാഭാവികവും ന്യായവും എന്ന് തോന്നിക്കുന്ന ഒരു നിലപാടാണിത്.
മലയാളവും തമിഴും ബംഗാളിയും പഞാബിയും പോലുള്ള എല്ലാ സംസ്ഥാന ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷാ പദവിയുണ്ട്. എല്ലാ ഭാഷകളുടെയും പദവി തുല്യമാണെന്നും കണക്കാക്കപ്പെടുന്നു. ഹിന്ദിക്കും മറ്റു ഭാഷകള്‍ക്കുള്ള തുല്യ ഔദ്യോഗിക പദവി മാത്രമാണുള്ളത്. ഇതുവരെ നിലനിന്നുപോന്ന ഈ സ്ഥിതിക്ക് പകരം ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയായി അവരോധിക്കുക എന്നതാണ് അമിത് ഷായുടെയും കൂട്ടരുടെയും ലക്ഷ്യം. പരസ്പരം ബന്ധപ്പെടാനാകാത്ത ഭിന്നഭാഷകള്‍ സംസാരിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കിടക്ക് ഇപ്പോഴുള്ള ബന്ധഭാഷ ഇംഗ്ലീഷ് ആണ്. ഈ ബന്ധഭാഷയുടെ പദവിയില്‍ നിന്ന് ഇംഗ്ലീഷിനെ നിഷ്ക്കാസനം ചെയ്തു ആ സ്ഥാനത്തു ഹിന്ദിയെ എത്തിക്കുക എന്നതാണ് ഷാ ലക്ഷ്യം വെക്കുന്നത്.
പ്രാദേശിക ഭാഷകളുടെ പൊതു അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി വിവിധ സംസ്ഥാനങ്ങളിലുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഇന്ത്യയുടെ ജനസംഖ്യയില്‍ 43.6 ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ തന്നെ 60-ഓളം പ്രാദേശിക സംസാരഭാഷകള്‍ (dialects) ഉണ്ടെന്നുള്ളതും ഒരു വസ്തുത യാണ്. അപ്പോള്‍ പോലും ഇവര്‍ക്കിടയിലെ പൊതു ഭാഷ ഹിന്ദി തന്നെയാണ്. യഥാർത്ഥ (ഔദ്യോഗിക) ഹിന്ദിഭാഷ മാതൃഭാഷയായിട്ടുള്ള വര്‍ 25 ശതമാനമേ വരൂ. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു ഭാഷയ്ക്ക് പൊതുഭാഷയായി അംഗീകാരം ലഭിക്കണമെന്നില്ല. ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ അഥവാ പകുതിയി ലധികം പേര്‍ സംസാരിക്കുന്ന ഭാഷക്ക് പൊതുഭാഷ അംഗീകാരം സ്വാഭാ വികമാണ്. ഇവിടെ ആ സ്ഥിതി ഇല്ലല്ലോ.
ഇന്ത്യനവസ്ഥയില്‍ ഭാഷാ പ്രശ്നം കൂടുതല്‍ സംകീര്‍ണമാണ്. ദേവനാഗരി ലിപിയെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഭാഷകളുമായി ഒരു ബന്ധവുമില്ലാത്തവയാണ് ദക്ഷിണേന്ത്യന്‍ ദ്രാവിഡ ഭാഷകള്‍. ബംഗാളി ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഭാഷകളും വടക്കു കിഴക്കന്‍ ഗോത്രഭാഷകളും മൗലികമായി ഭിന്ന പശ്ചാത്തലമുള്ളവയാണ്.
സ്വാതന്ത്ര്യസമരത്തിലൂടെ ഇവിടെ ഉരുത്തിരിഞ്ഞുവന്ന ബഹുസ്വരതയില്‍ അധിഷ്ടിതമായ ഐക്യമാണ് ഇന്നത്തെ ഇന്ത്യയെ ഐക്യപ്പെടുത്തി നിര്‍ത്തുന്നത്. ഹിന്ദി ഉള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗികഭാഷകളും തുല്യപദവിയിലുള്ളവയാണ്. വിദ്യാഭ്യാസമേഖലയില്‍ ഒരു ത്രിഭാഷാ പദ്ധതി ആവിഷ്കരിക്കപ്പെടുകയുണ്ടായി. അതാതു പ്രാദേശികഭാഷയെ കൂടാതെ ബന്ധഭാഷക ളായി ഇംഗ്ലീഷും ഹിന്ദിയും കൂടി വിദ്യാലയങ്ങളില്‍ പഠിപ്പിക്കുക എന്ന തീരുമാനവും നിയമ നിര്‍മാണവും നടന്നെങ്കിലും കൃത്യമായി നടപ്പിലാക്കപ്പെട്ടില്ല. കേരളം അത് നടപ്പിലാക്കിയെങ്കിലും തമിഴ്നാട്ടില്‍ ഇപ്പോഴും അത് നടപ്പിലായിട്ടില്ല.
ഇവിടെ വേരുറച്ചു കഴിഞ്ഞിട്ടുള്ള ബഹുസ്വര ഇന്ത്യയുടെ സ്ഥാനത്തു ഏകഭാഷാധിഷ്ടിത അഖണ്ഡഭാരതത്തെ അവരോധിക്കാന്‍ അമിത് ഷായും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ എളുപ്പമായിരിക്കില്ല; അക്ഷരാര്‍ഥത്തില്‍ അത് അസാദ്ധ്യം തന്നെയായിരിക്കും. ഇംഗ്ലീഷിന്‍റെ സ്ഥാനത്തു ബന്ധഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഏതു നീക്കവും ശക്തമായി പ്രതിരോധിക്കപ്പെടും എന്നുറപ്പാണ്.
അമിത് ഷായുടെ ഈ ദിശയിലുള്ള നീക്കങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് ലഭിച്ച പിന്തുണ എത്ര ഉപരിപ്ലവമായിരുന്നു എന്നു തെളിയുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ഷായും കൂട്ടരും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കവുമായി മുന്നേറുകയാണ് വേണ്ടത്. ഇന്ത്യയുടെ ബഹുസ്വരതയെ അത് ഉറപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുക. മതാധിഷ്ഠിത അഖണ്ഡഭാരത സങ്കല്‍പത്തെ മതേതര ഇന്ത്യ തൂത്തെറിയും.