രൂപന്‍ ഡിയോള്‍ ബജാജ് ഇന്ന് (ഫെബ്രുവരി 18) രാവിലെ പുഞ്ചിരിയോടെ എഴുന്നേറ്റിരിക്കാനാണു സാധ്യത. രാവിലെ ചായ കുടിക്കുമ്പോഴും മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ എംജെ അക്ബര്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലെ വിധിയെക്കുറിച്ച് വായിക്കുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരി നിലനില്‍ക്കുന്നുണ്ടാവും.
ഒരുപക്ഷേ, ഭന്‍വാരി ദേവിയും വിധിയെക്കുറിച്ച് കേട്ടിട്ടുണ്ടാവും. അവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അവർ നേരിട്ട ലൈംഗികാതിക്രമം രാജ്യത്തുടനീളം സ്ത്രീകളുടെ തൊഴിലിടങ്ങളെ കാണുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു മുന്നേറ്റത്തിന് കാരണമായി.
അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്ന സ്ഥാപനത്തിലെ തന്റെ മേലധികാരിയായ എ.കെ ചോപ്രയ്ക്കെതിരായ നീണ്ടനിയമപോരാട്ടം നടത്തിയ മിസ് എക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ത്രീ 11 വര്‍ഷത്തിനുശേഷം നീതീകരിക്കപ്പെട്ടു. പ്രിയാ രമണിക്കെതിരായ കേസിലെ വിധിയുടെ വാര്‍ത്ത വായിക്കുമ്പോള്‍ അവരും സന്തോഷിക്കുന്നുണ്ടാവാം.
ഒരുപക്ഷേ, #മീടൂ കാമ്പയിനില്‍ കുറ്റവാളികളുടെയും വേട്ടക്കാരുടെയും പട്ടിക സൃഷ്ടിച്ച ചെറുപ്പക്കാരും പ്രായമുള്ളവരും അജ്ഞാതരും അറിയപ്പെടുന്നവരുമായ എല്ലാ സ്ത്രീകളും വിജയബോധം അനുഭവിക്കുന്നു. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നം എവിടെയെങ്കിലും, കേൾക്കുകയും ശ്രദ്ധപ്പെടുകയും ചെയ്യുന്നുണ്ടല്ലോ.
Read Also: ഗ്രെറ്റ തന്‍ബെര്‍ഗ്: കോലം കത്തിക്കുന്നതിനു പിന്നിലെ സ്ത്രീവിരുദ്ധത
ഒരുപക്ഷേ, നിങ്ങളില്‍ സ്ത്രീകളുടെ പ്രസ്ഥാനത്തെക്കുറിച്ച് പരിചയമില്ലാത്തവര്‍ ഈ സ്ത്രീകള്‍ ആരാണെന്ന് ചിന്തിക്കുന്നു. അവരുടെ ചരിത്രം ഞാന്‍ ചുരുക്കി ആവര്‍ത്തിക്കാം.
പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമർത്തിയതിൽ ‘വീരപരിവേഷം’ ചാർത്തിക്കൊടുക്കപ്പെട്ട അന്നത്തെ ഡിജിപി കെപിഎസ് ഗില്‍, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന രൂപന്‍ ഡിയോള്‍ ബജാജിന്റെ അധോഭാഗത്ത് ബോധപൂർവം സ്പർശിച്ചു. 1988 ൽ ഒരു ‘ഔദ്യോഗിക അത്താഴ വിരുന്നി’ലായിരുന്നു സംഭവം. നിസാര സംഭവമായി മിക്കവാറും എല്ലാവരും കണ്ട സംഭവത്തെ വെറുതെ വിടാന്‍ രൂപന്‍ ഡിയോള്‍ തയാറായില്ല. ”അപമാനം മറക്കാന്‍ കഴിയില്ല” എന്ന നിലപാടെടുത്ത അവര്‍, 17 വര്‍ഷം വലിയ നിയമപോരാട്ടത്തിനൊടുവില്‍ വിജയം കണ്ടു.
അതേ വര്‍ഷം, ‘മിസ് എക്‌സ്’ എന്നറിയപ്പെടുന്ന സ്ത്രീ, തന്റെ തൊഴിൽ സ്ഥാപനമായ അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്, ഒരു മുതിര്‍ന്ന മാനേജരെക്കുറിച്ച് പരാതി നല്‍കി. ഡല്‍ഹി താജ് പാലസ് ഹോട്ടലില്‍ച്ച് തന്നെ പല തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു പരാതി. പുറത്താക്കപ്പെട്ട മാനേജര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ജോലിയില്‍ പുനഃസ്ഥാപിക്കപ്പെട്ടു, ഒടുവില്‍ ഒരു ദശാബ്ദത്തെ പോരാട്ടത്തിനുശേഷം വീണ്ടും പുറത്താക്കപ്പെട്ടു.
ഭന്‍വാരി ദേവി കോടതികളില്‍ അത്ര ഭാഗ്യവതിയല്ലായിരുന്നു. എന്നാല്‍ അവരൂടെ കേസ് ഒരു മുന്നേറ്റത്തിനു (രാജസ്ഥാനിലെ സ്ത്രീകൾക്കു വേണ്ടി പോരാടുന്ന സംഘടനയായ വിശാഖ വിഷയം ഏറ്റുപിടിച്ചതിലൂടെ ) കാരണമായി. അത് വിശാഖ ഹരജി ഫയല്‍ ചെയ്യുന്നതിലേക്കു നയിച്ചു. സുപ്രീംകോടതി വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാനും ഒടുവില്‍ പോഷ് (POSH-Prevention of Sexual Harassment at the Workplace) (ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയല്‍) നിയമം 2013നും കാരണമായി.
Read Also: സ്വയംഭരണം നഷ്ടമാകുന്ന സര്‍വകലാശാലകള്‍
സമീപ കാലത്തെ #മീടു മുന്നേറ്റത്തിനു ചെറിയ വിശദീകരണം ആവശ്യമാണ്. ഉന്നതശ്രേണിയിലുള്ള പുരുഷന്മാര്‍ പരസ്യമായി തുറന്നുകാണിക്കപ്പെടുകയും അവരുടെ പദവി ഇല്ലാതാക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിധ്വനിപ്പിച്ച ഈ മുന്നേറ്റം മുമ്പെങ്ങുമില്ലാത്തവിധം തുറന്നുപറയാൻ സ്ത്രീകളെ പ്രേരിപ്പിച്ചു.
സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും ഈ അഭിമാനകരമായ ചരിത്രം ഇന്ന് പ്രിയ രമണിക്ക് അവകാശപ്പെടാന്‍ കഴിയും. സമാനമായ ആയിരക്കണക്കിന് കേസുകള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോഴും സ്ത്രീകള്‍ സംസാരിക്കാന്‍ ഭയപ്പെടുന്നു.
ജോലിസ്ഥലത്തെ ലൈംഗിക പീഡനക്കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ നടത്തിയ ഒരു തിരച്ചിലില്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വെബ്സൈറ്റിൽനിന്ന് ഇനിപ്പറയുന്ന കാര്യങ്ങള്‍ കണ്ടെത്തി. 2016 ല്‍ ദക്ഷിണേന്ത്യയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയിലെ 11 തൊഴിലാളികള്‍ അവരുടെ യൂണിയന് ഇങ്ങനെയൊരു കത്തെഴുതി:
”ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്ന ആരും ഞങ്ങള്‍ക്കൊപ്പമില്ല… ജോലിക്കിടെ കേള്‍ക്കാന്‍ കഴിയാത്ത അധിക്ഷേപങ്ങള്‍ ഞങ്ങള്‍ സഹിക്കണം… …അധിക്ഷേപങ്ങള്‍ കേട്ട് ഞങ്ങള്‍ മടുത്തു… പണം സമ്പാദിക്കാനാണ് മറ്റൊരു സ്ഥലത്തുനിന്ന് നഗരത്തില്‍ ഞങ്ങളെത്തിയത്. ഞങ്ങള്‍ക്കും ആത്മാഭിമാനവും അന്തസുമുണ്ട്… ജീവിക്കുകയും തൊഴില്‍ ചെയ്യുകയും വേണ്ടതിനാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്കു ധൈര്യമില്ല… ഞങ്ങള്‍ക്ക് നീതി വേണം… ഞങ്ങള്‍ ദരിദ്രരാണെന്നത് ഞങ്ങളുടെ തെറ്റാണോ? ”
Read Also: കര്‍ഷക പ്രക്ഷോഭത്തിനെതിരായ നടപടികള്‍ ഭരണഘടനാ ലംഘനം
ആത്മാഭിമാനം, അന്തസ്, അനുകൂലവും പ്രവര്‍ത്തനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം എന്നിവ പ്രതീക്ഷിച്ചത് വലിയൊരു തെറ്റാണോ? എംജെ അക്ബറുമായി ജോലി അഭിമുഖത്തിനായി പോയപ്പോള്‍ പ്രിയ രമണി പ്രതീക്ഷിച്ചത് ഇതാണ്. അക്ബറാവട്ടെ അവളെ തന്റെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. കിടപ്പുമുറി, കിടക്ക, സോഫയിലേക്കുള്ള ക്ഷണം എന്നിവയ്ക്ക് തൊഴില്‍ അഭിമുഖവുമായി എന്താണ് ബന്ധം?
കോടതി നടപടികളിലുടനീളം രമണി ഉറച്ചുനിന്ന് സത്യം തുറന്നുകാട്ടിയതിനാലാണ് അക്ബര്‍ എന്ന ശക്തന്‍ തന്റെ ”തിളക്കമാർന്ന” പ്രശസ്തിക്ക് കോട്ടം വരുത്തിയതിനു കേസ് കൊടുത്തത്.
വിധി വളരെ പ്രാധാന്യമര്‍ഹിക്കുന്നതും ഇതുകൊണ്ടാണ്.
പൊതുനന്മയുടെ തത്വത്തെ അംഗീകരിക്കുന്നതും, ബഹുമാനിക്കുന്നതിനും അന്തസിനുമുള്ള സ്ത്രീകളുടെ അവകാശത്തെ ശക്തമായി അംഗീകരിക്കുന്നതും, സംസാരിക്കാനുള്ള സ്ത്രീകളുടെ വിമുഖതയെക്കുറിച്ചുള്ള ധാരണയും കാലതാമസത്തെക്കുറിച്ചുള്ള ചോദ്യവും, ”മാനനഷ്ടക്കേസിലെ ക്രിമിനല്‍ പരാതിയുടെ മറവില്‍ ലൈംഗിക പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ഒരു സ്ത്രീയെ ശിക്ഷിക്കാന്‍ കഴിയില്ല. അനുച്‌ഛേദം 21 പ്രകാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുനല്‍കുന്നതുപോലെ ജീവിതാവകാശവും സ്ത്രീയുടെ അന്തസും അനുച്‌ഛേദം 14 പ്രകാരം ഉറപ്പുനല്‍കുന്ന നിയമത്തിന് മുന്നില്‍ സമത്വത്തിനുള്ള അവകാശവും നിയമത്തിന്റെ തുല്യ പരിരക്ഷയും കണക്കിലെടുത്ത് പ്രശസ്തിക്കുള്ള അവകാശം സംരക്ഷിക്കാന്‍ കഴിയില്ല.”
ഇവിടെ ആഘോഷിക്കാന്‍ വളരെയധികം കാര്യങ്ങളുണ്ട്, മാത്രമല്ല ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ ഇടങ്ങളിലും നിശബ്ദരായിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രതീക്ഷ നല്‍കുന്നു. പക്ഷേ മറ്റു കാര്യങ്ങളും ഉണ്ട്.
Read Also:ദരിദ്രരെ പിന്നോട്ടുവലിക്കുന്ന ഡിജിറ്റല്‍ പഠനം
ഒന്നാമതായി, പലപ്പോഴും വലിയ വില കൊടുത്ത് തുറന്നുപറഞ്ഞവരുടെ സംസാരിച്ചവരുടെ ധൈര്യം. പിന്നെ, അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധതയും പങ്കാളിത്തവുമുള്ള അഭിഭാഷകര്‍, ചെറുപ്പക്കാര്‍, വയോധികര്‍, വ്യത്യസ്ത ലിംഗത്തില്‍പ്പെട്ടവര്‍ എന്നിങ്ങനെ നമ്മുടെ ഇടയിലെ സാന്നിധ്യം. ഭയപ്പെടുത്തലും ഭീഷണിയും അവഗണിച്ച് ഉറച്ചുനിന്നവർ. തുടർന്നുകൊണ്ടിരിക്കുന്ന ഒരു വനിതാ മുന്നേറ്റത്തിന്റെ സാന്നിധ്യം. അത് തുറന്നുപറച്ചിൽ സാധ്യമാക്കി, നിയമനിർമാണത്തിനുവേണ്ടിയുള്ള പോരാട്ടം എന്നിവ പിന്തുണയ്ക്കുന്ന സമൂഹത്തിന്റെ ഒരു സാക്ഷ്യമായിരുന്നു. ഇതെല്ലാം ഈ നിമിഷത്തെ കൂടുതല്‍ അടയാളപ്പെടുത്തുന്നു.
വിധിക്കുശേഷം ഞാന്‍ സംസാരിച്ചപ്പോള്‍ രൂപന്‍ ഡിയോള്‍ ബജാജ് എന്നോട് പറഞ്ഞതുപോലെ: ”ഞാന്‍ യുദ്ധം ചെയ്തപ്പോള്‍, ഞാന്‍ മാത്രമായിരുന്നു, ഇന്നിത് #മീടൂ ആണ്.”
പ്രിയ രമണി, റെബേക്ക ജോണ്‍, ഈ യുദ്ധം ചെയ്ത മറ്റെല്ലാ സ്ത്രീകളും പുരുഷന്മാരും ഇന്ന് നമ്മുടെ നന്ദിയും ബഹുമാനവും അര്‍ഹിക്കുന്നു. ഈ കേസിൽ അപ്പീൽ ഫയൽ ചെയ്യുമോ? ഒരുപക്ഷേ. ഉണ്ടായാലും ഇല്ലെങ്കിലും, ചരിത്രം സൃഷ്ടിക്കപ്പെട്ടുവെന്നതില്‍ സംശയമില്ല.
- ഫെബ്രുവരി 19ന് ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ‘Her right to dignity’ എന്ന പേരിലാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്. സുബാന്‍ പബ്ലിഷേഴ്‌സിന്റെ ഡയരക്ടറാണ് ലേഖിക.