scorecardresearch
Latest News

നഴ്‌സ് സമരം: സർക്കാരേ, സ്വകാര്യ ആശുപത്രികളെ ചികിത്സിക്കൂ

അവിദഗദ്ധ തൊഴിലാളികൾക്ക് കിട്ടുന്ന ദിവസക്കൂലിയുടെ പകുതി പോലും ലഭിക്കാതെ പണിയെടുക്കേണ്ടി വരുന്ന നഴ്‌സുമാരുടെ ജീവിത സമരം വീണ്ടും കേരളത്തിൽ നടക്കുന്നു ഇത് പരിഹരിക്കാൻ സർക്കാരിന് നട്ടെല്ലുണ്ടോ?

nurse, private hospital, sunny asthappan

അമ്മയിൽ നിന്നാണ് ഓരോ മനുഷ്യജീവിയും നഴ്‌സിങിന്റെ ആദ്യപാഠങ്ങൾ അറിയുന്നത്. ആ പാഠങ്ങൾ പിന്നീട് അനുഭവേദ്യമാകുന്നത് ഒരു നഴ്‌സിന്റെ പരിചരണങ്ങളിൽ കൂടിയാകും. രോഗം നിർണ്ണയിക്കുന്നതും അതിന് നിവാരണം നിർണ്ണയിക്കുന്നതും ഡോക്ടർ ആണെങ്കിലും അത് സ്നേഹപരിചരണത്തിലൂടെ രോഗമുക്തിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് നഴ്‌സ് തന്നെയാണ്.

ആധുനിക ആതുരശുശ്രുഷയ്ക്ക് കേവലം 160 വർഷങ്ങളുടെ ചരിത്രമേയുള്ളൂ. ഇറ്റലിയിലെ ഫ്ലോറൻസിൽ, ബ്രിട്ടീഷ് ധനിക കുടുംബത്തിലെ വില്യം എഡ്വേർഡ് നൈറ്റിൻഗേലിന്റെയും ഫ്രാൻസീസി സ്മിത്തിന്റേയും മകളായി ജനിച്ച ഫ്ലോറൻസ് (പട്ടണത്തിന്റെ പേരാണ് മകൾക്ക് നൽകിയത്) നൈറ്റിൻഗേൾ, താൻ പരിശീലിപ്പിച്ച 38 നഴ്‌സുമാരുമായി തുർക്കിയിലെത്തി ക്രീമിയൻ യുദ്ധത്തിൽ പരിക്കേറ്റ തടവുകാരെ രാത്രിയും പകലുമില്ലാതെ, വിശ്രമമില്ലാതെ, സ്നേഹപൂർവ്വം പരിചരിച്ചതിലൂടെ, ലോകം കണ്ടെത്തിയ ‘സ്നേഹവായ്പ്പാർന്ന ശ്രുശ്രൂഷയുടെ’ ആധുനിക കാഴ്ചപ്പാടാണ് ഇന്നത്തെ നഴ്‌സിങ്.

നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി ലോകത്തെല്ലായിടത്തും നഴ്‌സിങ് ജോലിയിൽ ഏർപ്പെടുന്നവർക്ക് വലിയ ബഹുമാനവും സ്നേഹവും മെച്ചപ്പെട്ട പ്രതിഫലവും നൽകാറുണ്ട്. യൂറോപ്പിൽ ഡോക്ടർ, എൻജിനിയർ, പോലുള്ള പ്രൊഫഷണൽ മേഖലയുടെ തൊട്ടുതാഴെയാണ് നഴ്‌സിന്റെ പ്രതിഫലം. തൊഴിൽ വിവേചനം കുറവുള്ള യൂറോപ്പിൽ, സമൂഹം വലിയ ആദരവോടെയാണ് നഴ്‌സുമാരെ കാണുന്നത്.
ഇന്ത്യൻ നഴ്‌സുമാരെ കുറിച്ച്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുളളവരെ കുറിച്ച് ലോകത്തെവിടെയും മികച്ച അഭിപ്രായമാണുള്ളത്. കാര്യശേഷിയിലും, അനായാസമായ പ്രവർത്തനത്തിലും, പ്രവൃത്തി പരിചയത്തിലും, കാര്യങ്ങൾ വേഗത്തിൽ പഠിച്ച് മനസിലാക്കുന്നതിലും നമ്മുടെ നഴ്‌സുമാർ പ്രകടിപ്പിക്കുന്ന മികവ്, അവരെ ലോക ആതുര ശുശ്രൂഷ രംഗത്ത് പ്രിയങ്കരരാക്കുന്നു.

Read More:മലയാളിയുടെ ബ്രാൻഡ് അംബാസിഡർ സമരമിരിക്കുമ്പോൾ

എൺപതുകൾ മുതലാണ് നഴ്‌സിങ് രംഗത്ത് മലയാളികൾ വ്യാപകമായി കടന്നുവരുന്നതും അവർക്ക് വിദേശ അവസരങ്ങൾ ധാരാളമായി ലഭിക്കുന്നതും. അതോടെ മധ്യകേരളത്തിലെ ഒട്ടനവധി കുടുംബങ്ങൾ നഴ്‌സുമാർ മുഖേന സാമ്പത്തിക ഉന്നമനത്തിൽ എത്തുകയും ചെയ്തു. ഇതോടെ ഈ രംഗത്തേയ്ക്ക് മലയാളി പെൺകുട്ടികളും, ഒപ്പം ആൺകുട്ടികളും ഒരു സുരക്ഷിതമായ തൊഴിൽ മേഖലയായി കണ്ട്, ആ മേഖലയിലേക്ക് ധാരാളമായി കടന്നു വന്നു. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഇംഗ്ലണ്ട്, അയർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മലയാളി നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. പിന്നീട് ഈ രാജ്യങ്ങളിലേക്ക് അവസരങ്ങൾ കുറയുകയും നഴ്‌സിങ് പഠിക്കുന്നവരിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തതോടെ, കേരളത്തിൽ നഴ്സിങ് പഠിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. പുറത്തുളള​ ജോലി സാധ്യത കുറഞ്ഞതോടെ ഈ രംഗം പുതിയ പ്രതിസന്ധിയുടെ വാതിൽ തുറന്നു.
nurse, nurse strike, medical
നഴ്‌സിങ് രംഗത്ത് എത്തുന്നവരെ ചൂഷണം ചെയ്യാൻ എല്ലാ മൂല്യങ്ങളും കാറ്റിൽ പറത്തി, പ്രധാനമായും കേരളത്തിലെ മത, സമുദായ രംഗത്തെ സ്ഥാപനങ്ങൾ മുന്നോട്ട് വന്നു. അത് നഴ്‌സിങ് പഠനം മുതൽ ആരംഭിക്കുന്നതായി മാറി. നഴ്‌സിങ് രംഗത്ത് മുന്പുണ്ടായിരുന്ന സാധ്യതകളുടെ പശ്ചാത്തലത്തിൽ​ ആ പഠനമേഖലയിൽ വ്യാപകമായി ആരംഭിച്ച സ്വാശ്രയ കോളജുകളും മറ്റും ചൂഷണത്തിന്റെ മുഖമായി. നഴ്‌സിങ് പഠനം കഴിഞ്ഞാലും ഒരു വർഷം സൗജന്യ സേവനവും, ജോലി നൽകിയാൽ, സർക്കാർ സ്ഥാപനത്തിലെ പാർട്ട് ടൈം ജോലിക്കാരുടെ ശമ്പളത്തിന്റെ പകുതി പോലും ശമ്പളം നൽകാതെ വീണ്ടും തുടരുന്ന തുടർചൂഷണങ്ങൾ. ജോലി ചെയ്യുന്ന നഴ്‌സമാരുടെ ശമ്പളം കൊണ്ട് പഠിക്കാനെടുത്ത പണം തിരിച്ചടിയ്ക്കാനവില്ലെന്ന തിരച്ചറിവിൽ മറ്റ് തൊഴിലുകൾ തേടി പോയവരെ കുറിച്ച് കുറച്ചു കാലം മുമ്പ് നഴ്‌സുമാരുടെ സമരകാലത്ത് കുറച്ചേറെ വാർത്തകളും വന്നിരുന്നു. റബ്ബർ വെട്ട് മുതൽ പല പണികൾ ചെയ്തു കുടുംബം പോറ്റുന്ന നഴ്‌സിങ് ബിരുദധാരികളായിരുന്നു ആ വാർത്തകളിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ജനറൽ നഴ്‌സിങിന് നാലര വർഷവും, ബി എസ് സി നഴ്‌സിങിന് അഞ്ചര വർഷവും ആണ് പഠന കാലാവധി. ഇതിന് പുറമെ ഒരു വർഷത്തെ കൂലിയില്ലാതെയുള്ള ബോണ്ട് എന്ന രീതിയിലുള്ള സൗജന്യ പ്രാക്ടിക്കൽ ജോലിയും പൂർത്തിയാക്കിയാണ് ഒരു നഴ്‌സ്, തൊഴിലിനു സജ്ജമായി കേരളത്തിൽ പുറത്തിറങ്ങുന്നത്.

വിദ്യാഭ്യാസ യോഗ്യതകളുടെ ആവശ്യമില്ലാതെ അടിസ്ഥാന ജോലികൾ ചെയ്യുന്ന മലയാളിക്ക് 800 രൂപ ദിവസക്കൂലിയും, ഇതര സംസഥാന തൊഴിലാളികൾക്ക് 350 രൂപ മുതൽ കൂടുതൽ ദിവസക്കൂലി നൽകുമ്പോഴാണ്, പൂർണ്ണമായ ശ്രദ്ധയോടെയും കരുതലോടെയും കൃത്യതയോടെയും ജോലി ചെയ്യുന്ന നഴ്‌സുമാർക്ക്, ദിവസം 300 രൂപ പോലും കൂലി ഇല്ലാതെ, പതിനായിരത്തിൽ വളരെ താഴെ മാത്രം മാസ ശമ്പളം വാങ്ങേണ്ടി വരുന്ന ഗതികേട്, എല്ലാ മേഖലയിലും ഉന്നതി പ്രാപിച്ച കേരളം പോലൊരു സംസ്ഥാനത്ത് ഉണ്ടാകുന്നത്…! ഇതിനർത്ഥം അവിദഗദ്ധ തൊഴിലാളികൾക്ക് ഈ ശമ്പളം നൽകരുതെന്നല്ല, അവർക്കു നൽകുന്ന ശമ്പളമെങ്കിലും നഴ്‌സുമാർക്ക് നൽകണമെന്നാണ്.

സർക്കാർ എല്ലാ തൊഴിലുകൾക്കും മിനിമം വേജസ് കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാറുണ്ട്. പക്ഷെ അത് നടപ്പിൽ വരുന്നുണ്ടോയെന്ന് പരിശോധിക്കാറില്ല. കേന്ദ്ര സർക്കാർ നേഴ്‌സുമാർക്ക് 20,000 രൂപ മിനിമം വേജസ് പ്രഖ്യാപിച്ചീട്ട് ഒരു വർഷം കഴിഞ്ഞു, സംസ്ഥാന സർക്കാർ 2013 ൽ പ്രഖ്യാപിച്ച 12,100 രൂപ പോലും ഇപ്പോഴും നൽകാത്ത മാനേജ്‌മെന്റുകളാണ് കേരളത്തിലുള്ളത്. അവയ്‌ക്കെതിരെ നിയമനടപടിപോലും എടുക്കാനാവാതെ മരവിച്ച് നിൽക്കുകയാണ് സർക്കാരുകൾ.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് വാങ്ങുന്ന പണത്തെക്കുറിച്ചോ, ടെസ്റ്റുകൾക്ക് ഈടാക്കേണ്ട തുകയെ കുറിച്ചോ സർക്കാരുകൾ നൽകേണ്ട ഏകീകൃത രൂപങ്ങളില്ല. എല്ലാ സ്വകാര്യ ആശുപതികളും ‘ജനങ്ങളെ കൊള്ളയടിക്കുന്ന അറവുശാലകളാണ്’ എന്നതിൽ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. ഏറിയോ കുറഞ്ഞോ ചില ആശുപത്രികൾ ചില ഔദാര്യങ്ങൾ കാണിച്ചേയ്ക്കാം. വിരലിലെണ്ണാവുന്ന ചില ആശുപത്രികൾ കാരുണ്യത്തോടെ രോഗികളെ പിഴിയുന്നതിൽ നിന്നും വൻകിട ആശുപത്രികളേക്കാൾ കുറച്ച് താഴെയായിരിക്കാം. ഒരു രോഗിയുടെ ചികിത്സയ്ക്ക് ഈടാക്കുന്ന നഴ്‌സിങ് ചാർജിന്റെ 75 ശതമാനം നഴ്‌സുമാർക്ക് ശമ്പളം നൽകിയാൽ, സർക്കാർ മേഖലയിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ ഇരട്ടിത്തുക സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന നഴ്‌സുമാർക്ക് ലഭിക്കും .ഇത് സ്വകാര്യ ആശുപത്രിയിലെ ബില്ലുകൾ തന്നെ നമ്മെ ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്.
nurse, nurse strike, private hospitals
നഴ്‌സിങ് സമരത്തിന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും, പ്രത്യക്ഷമായി രാഷ്ട്രീയ പാർട്ടികളും അനുകൂലമാണ്. എന്നിട്ടും എപ്പോഴും മാനേജ്‌മെന്റുകൾ മാത്രം വിജയിക്കുകയും, അവർ നിരന്തരം ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ സർക്കാരുകൾ നോക്കുകുത്തികൾ ആകുകയും ചെയ്യുന്നു. അതെന്തുകൊണ്ട്?.
സർക്കാരിനും മുഖ്യമന്തിക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ജനറൽ നഴ്‌സുമാർക്ക് മിനിമം വേജസ് 25,000 രൂപയും ബി എസ് സി നഴ്‌സുമാർക്ക് 28,000 രൂപയും ആയി തീരുമാനിക്കുക. വർഷം തോറും മിനിമം ആയിരം രൂപയുടെയെങ്കിലും വർധന ഉറപ്പുവരുത്തുക. എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടെയും,ആശുപത്രികളുടെയും ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ ആക്കുക. മാസം തോറും ശമ്പളത്തിന്റെ വിവരങ്ങൾ അടങ്ങുന്ന സ്റ്റാറ്റസ് ജീവനക്കാർക്ക് നൽകാനും സർക്കാർ നടപടിയെടുക്കണം. അത് ചെയ്യാത്ത മാനേജ്മെന്റ് തലവനെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണം. അത് കൃത്യമായി പാലിച്ചാൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടെയും ചൂഷണം അവസാനിപ്പിക്കാൻ സർക്കാരിനാകും.

മെഡിക്കൽ രംഗത്തെ കുത്തകകളെയും, മത, ജാതി വോട്ടുബാങ്കുകളെയും ഭയക്കാതെ, നട്ടെല്ലുയർത്തി നിലപാടെടുക്കാൻ സർക്കാരിനാവുമോ എന്നാണ്, നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സാധാരണ ജനങ്ങൾ കാത്തിരിക്കുന്നത്.

സ്വിറ്റ്സർലണ്ടിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുകയാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Private hospital nurses strike for salary hike sunny esthappan