സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിന്മേല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയത് ‘മിനി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വൈസ് ചാന്‍സലര്‍മാര്‍, അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങള്‍, അഫിലിയേറ്റഡ് കോളേജുകളുടെ മാനേജ്‌മെന്റുകള്‍ എന്നിങ്ങനെ അക്കാദമിക് സമൂഹവും ബുദ്ധിജീവികള്‍ പൊതുവെയും ഉടന്‍ തന്നെ അപകടം മനസിലാക്കുകയും ജനാധിപത്യ ഇന്ത്യയില്‍ ഇത് എങ്ങനെ സംഭവിക്കുമെന്ന് ആശ്ചര്യപ്പെടുകയും ചെയ്യും.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥനായ ഒരു അണ്ടര്‍സെക്രട്ടറിയാണ് ‘ഓഫീസ് മെമ്മോറാണ്ടം’ രൂപത്തില്‍ ജനുവരി 15 ന് ഈ മിനി ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ പുറപ്പെടുവിച്ചത്. ‘ഓണ്‍ലൈന്‍/വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍’ എന്ന പേരില്‍ നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന തരത്തിലാണ് അതു പുറത്തുവന്നത്. നമ്മുടെ സര്‍വകലാശാലകളുടെ സ്വയംഭരണത്തിനെതിരായ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. പൂര്‍ണമായും നടപ്പാക്കപ്പെടുമ്പോള്‍, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിൽ സര്‍ക്കാരിന്റെ ഉരുക്ക് മുഷ്ടിയെക്കുറിച്ചുള്ള ഒരു സംശയവും ഉണ്ടാവേണ്ടതില്ല. സ്വന്തം ഉന്നത പഠന സ്ഥാപനങ്ങളില്‍ ചിന്താ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പുച്ഛിക്കുന്ന ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ സ്വയം ഇടം കണ്ടെത്തും.
ഇതൊന്നു നോക്കൂ. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, എല്ലാ ”കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ധനസഹായമുള്ള സര്‍വകലാശാലകളും (ഈ വിഭാഗത്തില്‍ സ്വാഭാവികമായും അഫിലിയേറ്റഡ് കോളേജുകളും ഉള്‍പ്പെടും), കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ സ്ഥാപനങ്ങൾ” എന്നിവ ‘രാജ്യസുരക്ഷ, അതിര്‍ത്തി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീര്‍, ലഡാക്ക് അല്ലെങ്കില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളുമായി വ്യക്തമായും പൂര്‍ണമായും ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍’ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓണ്‍ലൈനായി രാജ്യാന്തര സമ്മേളനങ്ങളോ സെമിനാറുകളോ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്.
Also Read: കര്‍ഷക പ്രക്ഷോഭത്തിനെതിരായ നടപടികള്‍ ഭരണഘടനാ ലംഘനം
പരിപാടിയ്ക്കും പങ്കെടുക്കുന്നവരുടെ പട്ടികയ്ക്കും ഉചിതമായ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്.’ ‘ഏത് രൂപത്തിലും ഡേറ്റ പങ്കിടുന്നതിനുള്ള വ്യവസ്ഥകളുള്ള പ്രശ്‌നസങ്കീര്‍ണമായ വിഷയങ്ങള്‍ (രാഷ്ട്രീയ, ശാസ്ത്രീയ, സാങ്കേതിക, വാണിജ്യ, വ്യക്തിഗത വിഷയങ്ങള്‍) ഉള്‍പ്പെടുന്ന പരിപാടികള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്.’ പരിപാടിയ്ക്കുശേഷം, അതിന്റെ ലിങ്ക് സംഘാടകര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായി പങ്കിടേണ്ടിവരും. ‘പഴയ ഇന്ത്യ’ യില്‍, വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ സര്‍ക്കാരിനു പൊലീസിനെ ഒരു സര്‍വകലാശാല കാമ്പസിലേക്ക് അയയ്ക്കാന്‍ കഴിയില്ല. ‘പുതിയ ഇന്ത്യ’യിലേക്ക് സ്വാഗതം, അവിടെ വിദേശകാര്യ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയത്തിലെ ബാബുമാര്‍ക്കും സര്‍വവ്യാപിയായ ചിന്താ പൊലീസിങ് നടത്താന്‍ അധികാരമുണ്ട്.
ഒരു സര്‍വകലാശാലയുടെ അസ്ഥിത്വമെന്താണെന്നു പ്രധാനമന്ത്രിക്ക് അറിയാമോ? അല്ലെങ്കില്‍ ശ്രദ്ധിക്കുമോ? യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ഒരു സര്‍വകലാശാല അറിവിനെ പൊതു ഉടമസ്ഥതയിലുള്ളതും അമൂല്യമായതും പങ്കുവയ്‌ക്കേണ്ടതും വിനിമയത്തിലൂടെ സമ്പുഷ്ടമാക്കേണ്ടതുമായ സാര്‍വത്രിക സ്വത്തായി കണക്കാക്കുന്നു. അറിവ് ഏതെങ്കിലും ഒരു രാജ്യമോ സമൂഹമോ സൃഷ്ടിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നില്ല. എങ്ങനെ പഠിക്കുന്നു, പഠിപ്പിക്കുന്നു, പ്രയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദേശീയ സര്‍ക്കാരുകളുടെ ന്യായമായ ചട്ടങ്ങളും നിയന്ത്രണങ്ങളും തീര്‍ച്ചയായും മനസിലാക്കാവുന്നതും ആവശ്യമുള്ളതുമാണ്. എന്നാല്‍, ദേശീയ രാഷ്ട്രങ്ങളുടെ ”ഇടുങ്ങിയ ആഭ്യന്തര മതിലുകള്‍” എന്ന് രവീന്ദ്രനാഥ ടാഗോര്‍ നിന്ദയോടെ വിശേഷിപ്പിച്ച, അറിവിനെ തടവിലാക്കുക എന്ന ആശയത്തെ സ്വതന്ത്രവും തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങള്‍ വെറുക്കുന്നു. അതിനാല്‍, ഇന്ത്യന്‍ സര്‍വകലാശാലകള്‍ വിദേശത്ത് തങ്ങളുടെ പങ്കാളികളുമായി പതിവായി ഇടപഴകി, അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഏറ്റവും ഉയര്‍ന്ന സ്വയംഭരണവും സ്വാതന്ത്ര്യവും അനുഭവിക്കണം. ഇത് എങ്ങനെ ചെയ്യണം എന്നതിന്റെ മികച്ച വിധികര്‍ത്താക്കള്‍ യോഗ്യതയില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തതുവരുമായ ബ്യൂറോക്രാറ്റുകളല്ല, മറിച്ച് നമ്മുടെ സര്‍വകലാശാലകളെ നയിക്കുന്നവരും അവയില്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരുമാണ് ആണ്.
ഇവര്‍ ആസൂത്രണം ചെയ്തതും നടത്തുന്നതുമായ വെബിനാറുകളെ പരിശോധിക്കാന്‍ മാത്രമല്ല, അന്താരാഷ്ട്ര പങ്കാളികളുടെ പട്ടിക പരിശോധിക്കാനും വീറ്റോ ചെയ്യാനും സര്‍ക്കാര്‍ ഓഫീസിലെ ”അഡ്മിനിസ്‌ട്രേറ്റീവ്” ബോസിന് അധികാരം നല്‍കുന്നത് ഇന്ത്യയിലെ സര്‍വകലാശാല സമൂഹത്തെ തികച്ചും അപമാനിക്കുന്നതാണ്.”പ്രശ്‌നസങ്കീര്‍ണമായ” അല്ലെങ്കില്‍ ”ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടത്” എന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഏതെങ്കിലും വിഷയത്തില്‍ അക്കാദമിക് പരിപാടികള്‍ക്ക് അനുമതി നല്‍കാതിരിക്കുന്നതിനു വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്വയം അധികാരപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതല്ലേ? ഇന്ത്യയുടെ ഭരണഘടനയുടെ മൂന്ന് പ്രധാന സ്തംഭങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയും മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഭയാര്‍ഥികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍, ഗോത്രാവകാശങ്ങള്‍, ജാതിവ്യവസ്ഥ, സാമ്പത്തിക അസമത്വം, സാഹിത്യവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം, ആണവ നിരായുധീകരണം, ദക്ഷിണേഷ്യയിലെ സമാധാനവും സഹകരണവും, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, സമുദ്രങ്ങളിലെ സൈനികസാന്നിധ്യം കുറയ്ക്കല്‍, ബഹിരാകാശം എന്നിങ്ങനെ തീര്‍ച്ചയായും, ഭരണകക്ഷിയെ ലജ്ജിപ്പിക്കുന്ന എന്തും വിഷയമാവാം.
Also Read: ഓണ്‍ലൈന്‍ സ്വകാര്യതാ നയങ്ങളിലെ നിയമവിരുദ്ധത
അതുപോലെ, ഒരു സര്‍വകലാശാലയോ കോളജോ ശത്രുപക്ഷത്തുള്ള നിന്നുള്ള അല്ലെങ്കില്‍ ബിജെപിയുടെ ആശയങ്ങളുമായി വിയോജിപ്പുള്ള അറിയപ്പെടുന്ന രാജ്യാന്തര പങ്കാളികളെ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ട എന്ന് പറയാന്‍ കഴിയും. ”ദേശീയ താല്‍പ്പര്യങ്ങള്‍” സംരക്ഷിക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കും. ഇന്ത്യയുടെ ”ദേശീയ താല്‍പ്പര്യങ്ങള്‍” എങ്ങനെ സംരക്ഷിക്കാമെന്ന് ബ്യൂറോക്രാറ്റുകള്‍ക്കു മാത്രമേ അറിയൂവെന്നും ഇക്കാര്യത്തില്‍ അക്കാദമിക് സമൂഹത്തെ വിശ്വസിക്കുന്നത് അപകടകരമാണെന്ന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധവുമായ ധാരണയല്ലേ ഇത്?
ഇന്ത്യന്‍ ബുദ്ധിജീവികള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കുറിച്ചുള്ള അറിവിലേക്ക് വളരെയധികം സംഭാവന നല്‍കിയതുപോലെ, സ്വന്തം ”ആന്തരിക കാര്യങ്ങളെ” കുറിച്ചുള്ള ഇന്ത്യയുടെ അറിവ് വിദേശ പണ്ഡിതന്മാരാല്‍ സമ്പന്നമായിട്ടുണ്ടെന്ന് അക്കാദമിക് രംഗവുമായി പരിചയമുള്ളവര്‍ക്ക് പോലും അറിയാം. ലോകമെമ്പാടുമുള്ള ഈ സഹ-സൃഷ്ടിയിലും വിജ്ഞാന കൈമാറ്റത്തിലും വ്യത്യാസങ്ങളും ഗൗരവമുള്ള വിയോജിപ്പുകളും ഉണ്ടായിരിക്കും.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലൊഴികെ, ആഭ്യന്തര കാര്യങ്ങളിലോ വിദേശനയത്തിലോ സര്‍ക്കാറിന്റെയും ഭരണകക്ഷിയുടെയും ചിന്തയെ അക്കാദമിക് പണ്ഡിതര്‍ അംഗീകരിക്കുന്നതായി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് സ്വതന്ത്ര സമൂഹങ്ങളിലെ സര്‍വകലാശാലകള്‍ വൈവിധ്യത്തോടുള്ള ആദരവിനെ അടിസ്ഥാനമാക്കി സംഭാഷണവും സത്യത്തിനായുള്ള തടസമില്ലാത്ത അന്വേഷണവും എന്ന സമവായം ആവിഷ്‌കരിച്ചത്. വിയോജിക്കുമ്പോള്‍ പോലും ചിന്തകളാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജീവനാഡി. ഈ സമവായത്തെ അട്ടിമറിക്കുന്നതിലൂടെയും മാധ്യമസ്വാതന്ത്ര്യത്തെ തടയുന്നതിന് സമാനമായ ശ്രമങ്ങള്‍ നടത്തുന്നതിലൂടെയും ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ”ഒരു രാഷ്ട്രം, ഒരു ചിന്ത മാത്രം” നയം നടപ്പിലാക്കാന്‍ ദൃഡനിശ്ചയമുള്ളവരാണെന്ന സന്ദേശം ലോകത്തിനു കൊടുക്കുകയായിരുന്നു.
Also Read: ദരിദ്രരെ പിന്നോട്ടുവലിക്കുന്ന ഡിജിറ്റല്‍ പഠനം
സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നമ്മുടെ സര്‍വകലാശാലകളെയും പഠന കേന്ദ്രങ്ങളെയും സര്‍ക്കാതേര സന്നദ്ധ സംഘടനകളെയും (എന്‍ജിഒകള്‍) മറ്റ് രീതികളിലും നിയന്ത്രിക്കുന്നു. പാശ്ചാത്യ സർവകലാശാലകളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യൻ സർവകലാശാലകൾക്ക്, ധനസഹായം തുലോം കുറവാണ്. ഇന്ത്യൻ സർവകലാശാലകൾക്ക് നിരവധി രാജ്യാന്തര സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനോ വിദേശത്ത് നടക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ അധ്യാപകരെ അയയ്ക്കാനോ കഴിയില്ല. അതിനാല്‍ വെബിനാറുകളിലെ സമീപകാല കുതിപ്പ് ഇന്ത്യൻ സർവകലാശാലകൾക്ക് വലിയ അനുഗ്രഹമായിത്തീര്‍ന്നു. ഇത് യാത്രാ, താമസ ചെലവുകള്‍ ലാഭിക്കുകയും ”ചങ്ങാത്തത്തിലല്ലാത്ത” രാജ്യങ്ങളില്‍നിന്നുള്ള ക്ഷണിതാക്കള്‍ക്കു വിസ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളെ മറികടക്കുകയും ചെയ്യുന്നു. അതിലുപരി, ഇത്തരം പരിപാടികള്‍ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്കുപോലും എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും. നമ്മുടെ ദശലക്ഷക്കണക്കിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ലഭിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ പ്രധാന നേട്ടങ്ങള്‍ പരിമിതപ്പെടുത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്
സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഈ കല്‍പ്പന പുറപ്പെടുവിച്ചതിലൂടെ, അവയുടെ ഭരണഘടനാപരമായ അധികാരങ്ങളോടുള്ള അവഹേളനത്തിന്റെ മറ്റൊരു ഉദാഹരണമാണു കേന്ദ്രസര്‍ക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. എല്ലാത്തിനുമുപരി, കേന്ദ്ര സര്‍വകലാശാലകളേക്കാള്‍ (54) വളരെ കൂടുതലാണ് സംസ്ഥാന സര്‍വകലാശാലകള്‍ (418). ഇവയില്‍ ഏകദേശം 38,500 കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. താമസിയാതെ, സ്വകാര്യ (370), ഡീംഡ് (125) സര്‍വകലാശാലകള്‍ക്കും ഈ നിര്‍ദേശം ബാധകമാകും.
സമൂഹത്തില്‍ യാഥാസ്തികതയും ഭയവും വളര്‍ത്തുക, ജനാധിപത്യ സ്ഥാപനങ്ങളെ കീഴ്‌പ്പെടുത്തുക എന്നിവ മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മാധ്യമങ്ങള്‍, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മിഷന്‍, അഴിമതി വിരുദ്ധ- അന്വേഷണ ഏജന്‍സികള്‍ എന്നിവയ്ക്കു ശേഷം ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകളെയും വരുതിയിലാക്കാനുള്ള നിർദേശം സർക്കാർ നല്‍കിയിരിക്കുകയാണ്. നമ്മുടെ അഭിമാനമായ, സ്വാതന്ത്ര്യസ്‌നേഹവും ആത്മാഭിമാനവുമുള്ള അക്കാദമിക് സമൂഹം ഇതിനു കീഴടങ്ങുമോ? അത് പാടില്ല.
- മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഉപദേഷ്ടാവായിരുന്നു ലേഖകന്‍