scorecardresearch

ഇന്ത്യയുടെ പ്രസക്തിയെക്കുറിച്ചുള്ള മിഥ്യാധാരണ

ഒരു പ്രചാരണ യന്ത്രത്താൽ രൂപപ്പെടുത്തിയ കേവല സംഖ്യകൾ, ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് കൃത്യമായ ചിത്രം നൽകുന്നില്ല

ഒരു പ്രചാരണ യന്ത്രത്താൽ രൂപപ്പെടുത്തിയ കേവല സംഖ്യകൾ, ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് കൃത്യമായ ചിത്രം നൽകുന്നില്ല

author-image
Pratap Bhanu Mehta
New Update
exports, imports, ship, ports

ഇന്ത്യ വളരെ വലിയൊരു രാജ്യമാണെന്നത് മാത്രമാണ്  നമ്മുടെ നിലനിൽപ്പ് സംബന്ധിച്ച് ലോകത്തിനു മുന്നിലുള്ള പ്രസക്തി. ഇന്ത്യയുടെ സാക്ഷാൽക്കരണം ആഗോള വേദികളിൽ നമ്മുടെ സ്വന്തം നേതാക്കൾ ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, നമ്മുടെ പ്രചാരണങ്ങളുടെ മിന്നലുകളില്ലാതെ, ആഗോള രാഷ്ട്രീയം നോക്കുകയാണെങ്കിൽ, ഇന്ത്യ യഥാർത്ഥത്തിൽ അപ്രസക്തതയിലേക്ക്, സ്വന്തം കെട്ടുകഥകളുടെ ഇരയായ ഗൗരവമില്ലാത്ത രാജ്യമായി വഴുതിവീഴാനുള്ള സാധ്യതയാണ് കൂടുതൽ എന്നതാണ് സത്യം.

Advertisment

ലോകത്തിന്റെ അവബോധത്തിന് മുന്നിൽ ഇന്ത്യ എത്രത്തോളം അപ്രസക്തമാണെന്ന് സ്പഷ്ടമായും വ്യക്തമാണ്. സുഖകരമായൊരു കഥയുടെ പിടിയിൽ നമ്മൾ കുടുങ്ങിക്കിടക്കുന്നതിനാൽ, നമ്മുടെ സ്വന്തം അപ്രസക്തതയുടെ വ്യാപ്തി അളക്കാൻ നമുക്ക് കഴിയില്ല. സേവന മേഖലയിലെ കയറ്റുമതിയാണ് ഇന്ത്യയുടെ വിജയഗാഥ എന്ന് കരുതപ്പെടുന്നു, അവിടെ അതിന്റെ വളർച്ചാ നിരക്ക് ശ്രദ്ധേയവും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്നതുമാണ്. എന്നാൽ ആഗോള സേവന വ്യാപാരത്തിന്റെ 4.6 ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. 

ഇന്ത്യയുടെ ചരക്ക് കയറ്റുമതി അൽപ്പാൽപ്പമായി കൂടുന്നു, പക്ഷേ ഇപ്പോഴും ആഗോള വ്യാപാരത്തിന്റെ രണ്ട് ശതമാനത്തിൽ താഴെയാണത്. 2024 ഡിസംബറിൽ, ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2000 മുതൽ ഒരു ട്രില്യൺ ഡോളർ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിലെത്തിയെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രസക്തി സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ ആഗോള തലത്തിൽ എഫ്ഡിഐയിൽ ഇന്ത്യയുടെ പങ്ക് ആനുപാതികമായി 2.5 ശതമാനത്തിനടുത്താണ്, മാത്രമല്ല അത്, കുറഞ്ഞുവരുകയുമാണ്. ഇന്ത്യൻ ഉപഭോഗം മൂന്ന് ശതമാനത്തിൽ താഴെയായി വളരുന്നതിനാൽ, നിങ്ങൾ സങ്കൽപ്പിക്കുന്നതുപോലെ ആഗോള കയറ്റുമതിക്കാർക്ക് ഈ രാജ്യം അത്ര വലിയ പ്രിയങ്കരമല്ല. ചൈനയെ ഒഴിവാക്കി അല്ലെങ്കിൽ അവിടെ നിന്നുള്ള നിക്ഷേപം   മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി  നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതായി കരുതപ്പെടുന്ന അവസരം വളരെ കുറവാണ്. ആനുപാതികമായി പറഞ്ഞാൽ, ആ നിക്ഷേപത്തിന്റെ 10-15 ശതമാനം ഇന്ത്യയ്ക്ക് ലഭിച്ചേക്കാം, ഇത്  ആഭ്യന്തര പുറംപണികരാറിൽ (ഓൺഷോറിംഗിൽ) അമേരിക്ക നിർബന്ധം പിടിക്കുന്നതിന് മുമ്പായിരുന്നു.

അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ ഇന്ത്യയിലേക്ക് വരുന്നവർ ആകെ 1.5 ശതമാനം മാത്രമാണ്. വിനോദ (എന്റർടൈൻമെന്റ്) മേഖല അതിവേഗം വളരുകയാണ്, എന്നാൽ മൊത്തം ആഭ്യന്തര വിപണി ഉൾപ്പെടെ, ലോക വിപണിയുടെ അഞ്ച് ശതമാനം മാത്രമാണ് ഇത്; ഇത് അനുനയക്ഷമമായ സമീപന ശേഷിയുള്ള (സോഫ്റ്റ്-പവർ) കയറ്റുമതി ശക്തികേന്ദ്രമല്ല. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് താരതമ്യേന സ്തംഭനാവസ്ഥയിലാണ്, ഇത് ജിഡിപിയുടെ അനുപാതത്തിൽ രണ്ട്  ശതമാനത്തിൽ താഴെയാണ്. ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ ഇന്ത്യയുടെ വാങ്ങൽ ശേഷിയെക്കുറിച്ചുള്ള അവകാശവാദങ്ങൾ അതിശയോക്തിപരമാണ്. 

Advertisment

ഇന്ത്യയ്ക്ക് നല്ല പ്രാഗൽഭ്യം (റ്റാലൻറ്റ്). ഇന്ത്യൻ ശാസ്ത്രം മെച്ചപ്പെട്ടുവരികയാണ്. എന്നാൽ വീണ്ടും, സാങ്കേതിക നവീകരണത്തിന്റെ അതിർത്തികളെക്കുറിച്ചുള്ള മിക്ക ആഗോള ചർച്ചകളിലും ഇന്ത്യ ഇപ്പോഴും താരതമ്യേന അപ്രസക്തമാണ്. ഫാർമസ്യൂട്ടിക്കൽസ്, ചില ചെലവ് കുറഞ്ഞ മെഡിക്കൽ കണ്ടുപിടുത്തങ്ങൾ തുടങ്ങിയ ചില മേഖലകളിൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിലേക്കുള്ള നിർണായക സാങ്കേതികവിദ്യകളുടെ ഏത് അളവിലും, അത് നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ ഐ) ആയാലും ഗ്രീൻ എനർജി ആയാലും, ഇന്ത്യ ആഗോള മത്സരത്തിൽ വളരെ പിന്നിലാണെന്ന് തോന്നുന്നു.

ഡീപ്‌സീക്ക്, ഇന്ത്യൻ എ ഐ  മാതൃകകൾക്കായുള്ള അന്വേഷണത്തിന് പ്രചോദനം നൽകിയിട്ടുണ്ട്, എന്നാൽ ഈ മത്സരത്തിൽ നിലനിൽക്കുന്നട്രാക്ക് റെക്കോർഡ് പ്രോത്സാഹജനകമല്ല. മഹത്തായ ശക്തികളുടെ പ്രാധാന്യം വിലയിരുത്തുന്നത്  പുരോഗതി കൊണ്ടോ വളരെയധികം അതിശയോക്തി കലർന്ന സംഖ്യകൾ കൊണ്ടോ അല്ല. സേവന വ്യാപാരം, ഉൽപ്പാദനം, സാങ്കേതികവിദ്യയും നവീകരണവും, ഹരിത ഊർജ്ജ പരിവർത്തനങ്ങൾ, ആണവോർജം, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണ വികസനം അല്ലെങ്കിൽ ധനകാര്യം എന്നിങ്ങനെ വിവിധ മേഖലകളിൽ അവ എത്രത്തോളം അനിവാര്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവയെ വിലയിരുത്തുന്നത്. തീർച്ചയായും, ഇന്ത്യയുടെ വലിപ്പമുള്ള ഒരു രാജ്യത്തിന് എപ്പോഴും അതിശയകരമാംവിധം രസകരമായ വിജയഗാഥകൾ ഉണ്ടാകും. എന്നാൽ അതേ അളവുകോൽ വെച്ചുനോക്കുമ്പോൾ, ഇന്ത്യ എത്രത്തോളം ഒഴിവാക്കാവുന്നതാണ്  എന്നത് വളരെ ഞെട്ടിപ്പിക്കുന്നതാണ്.
 
ഇന്ത്യ രാഷ്ട്രീയമായി പ്രധാനമാണ്. എന്നാൽ ചരിത്രത്തെ നിർമ്മമായി  നോക്കിയാൽ, ആ പ്രാധാന്യം വർദ്ധിച്ചുവെന്ന് വാദിക്കാൻ പ്രയാസമാണ്. ആർക്കൈവുകൾ, രഹസ്യപ്പട്ടികയിൽ നിന്നു ഒഴിവാക്കിയ  രേഖകൾ, അമ്പതുകളിലെയും അറുപതുകളിലെയും ചരിത്രങ്ങൾ എന്നിവ വായിക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ പ്രാധാന്യം തീർച്ചയായും വർദ്ധിച്ചിട്ടില്ല എന്ന വ്യക്തമായ ധാരണ ലഭിക്കും. എന്നാൽ, നമ്മൾ കരുതുന്നതിനു വിരുദ്ധമായി, ആ പ്രാധാന്യത്തിന്റെ ഉറവിടം ഇന്ത്യയുടെ അനിയന്ത്രിതമായ ശക്തി പ്രദർശിപ്പിക്കാനുള്ള കഴിവായിരുന്നില്ല, അത് ഇപ്പോഴും വളരെ പരിമിതമാണ്. അത് എല്ലായ്പ്പോഴും അതിന്റെ ജനാധിപത്യത്തിന്റെ സാധ്യതയുള്ള ധാർമ്മിക ഉദാഹരണമായിരുന്നു.

അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പതിവ് പ്രോട്ടോക്കോളുകൾ - ജി-20 ഉച്ചകോടി, ഒരു ക്വാഡ് മീറ്റിങ്ങിന്റെ സാധ്യമായ ആതിഥേയം - ലോക ചരിത്ര സംഭവങ്ങളാക്കി മാറ്റാനുള്ള ഇന്ത്യയുടെ കഴിവ്, ഇന്ത്യയുടെ ശക്തിയെ പെരുപ്പിച്ചു കാണിച്ച് സ്വന്തം പ്രാധാന്യം അടിവരയിടാൻ ഇഷ്ടപ്പെടുന്ന ഒരു വിദേശ നയ സംവിധാനത്തിന്റെയും ആവാസവ്യവസ്ഥയുടെയും സഹായത്തോടെ, ശരിക്കും അത്ഭുതകരമാണ്.

ലോകം ഇന്ത്യയെ കാര്യമാക്കുന്നില്ല. ഗ്ലോബൽ സൗത്തിൽ മറ്റുള്ളവരെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ ഉള്ള ശേഷി (relative authority) ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്താൻ കഴിയുമെന്നത് ഇന്ത്യയുടെ വലിയ ഗുണമാണ്: റഷ്യയുമായും അമേരിക്കയുമായും, ഇസ്രായേലുമായും ഇറാനുമായും ഇടപെടാൻ കഴിയും. എന്നാൽ ലോകവ്യവസ്ഥയിൽ ഇന്ത്യയ്ക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ഈ പ്രത്യേകാവകാശം അതിന്റെ ബലഹീനതകളെയും വെളിപ്പെടുത്തുന്നു. മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാൻ ഇന്ത്യയുടെ നിലപാട് യഥാർത്ഥത്തിൽ പര്യാപ്തമല്ല. ഇപ്പറഞ്ഞവ കുറച്ച് പരുഷമാണെന്ന്  തോന്നിയേക്കാം. എന്നാൽ ഒരു അനിഷേധ്യമായ വസ്തുതയെ നേരിടണമെങ്കിൽ ഇത്തരത്തിലുള്ള അസുഖകരമായ അറിവ് ആവശ്യമാണ്: നമ്മൾ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത്രയും ആഗോള അവബോധത്തിന് ഇന്ത്യ അത്ര പ്രധാനമല്ല. നമ്മുടെ സ്വന്തം പ്രാധാന്യത്തെക്കുറിച്ചുള്ള നമ്മുടെ ബോധം നമ്മുടെ ആഗോള സാഹചര്യത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമല്ല. ഇക്കാലത്ത് ഇത് ഒരു ഉൽപ്പന്നമാണ്, ഭാഗികമായി പ്രചാരണത്തിന്റെ, അവിടെ നമ്മൾ ഒരു വിശ്വഗുരുവാണെന്ന നമ്മുടെ സ്വന്തം നുണകൾ വിശ്വസിക്കുന്നു. ഭാഗികമായി ഇത് നമ്മുടെ ഫ്രെയിമിങ്ങിന്റെ അനന്തരഫലമാണ്. ഇന്ത്യയുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിർവചിക്കപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമായി തോന്നുന്ന കേവല സംഖ്യകളുടെ അടിസ്ഥാനത്തിലാണ് എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി - ഒരു ട്രില്യൺ സഞ്ചിത എഫ്ഡിഐ, അല്ലെങ്കിൽ അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥ തുടങ്ങിയവ. ഇവ മനോഹരമായ തലക്കെട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അപ്രസക്തമാണ്. ലോക വ്യവസ്ഥയ്ക്ക് ചൈനയെ അനിവാര്യമാക്കുന്ന വിധത്തിൽ ലക്ഷ്യങ്ങൾ എങ്ങനെ ശക്തമായി നിർവചിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള പഴയ ചൈനീസ് നയ രേഖകൾ വായിക്കുന്നതിൽ ഞാൻ മുഴുകിപ്പോയി - ആഗോള കയറ്റുമതിയുടെ നാലിലൊന്ന്, ആഗോള നിർണായക സാങ്കേതികവിദ്യകളുടെ പത്ത് ശതമാനം മുതലായവ. വലുതായി കാണപ്പെടുന്ന ഒരു സംഖ്യയല്ല, മറിച്ച്  മറ്റുള്ളവരെ സ്വാധിനിക്കാൻ കഴിയുന്ന  ശക്തിയാവുകയെന്ന അഭിലാഷത്തിന്റെ ഉറച്ച പ്രസ്താവനകളായിരുന്നു അവ.

ഇന്ത്യക്കാരുടെ ദൃശ്യത ഇന്ത്യയെ ഭാഗികമായി വ്യാമോഹിപ്പിച്ചിരിക്കുന്നു. അവരുടെ ദൃശ്യതയുമായി നാം ബന്ധപ്പെടുന്ന രീതി നമ്മുടെ സ്വന്തം അപ്രസക്തതയെയും അരക്ഷിതാവസ്ഥയെയും ഊന്നിപ്പറയുന്നു. ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗം തുളസി ഗബ്ബാഡിന്റെയും കാഷ് പട്ടേലിന്റെയും വാദം കേൾക്കലുകളെ ഇന്ത്യയ്ക്ക് പ്രാധാന്യമുള്ള ഹിന്ദു അഭിമാനത്തിന്റെയും ഭക്തിയുടെയും പ്രകടനമായി കണക്കാക്കുന്നത് തികച്ചും ആശ്ചര്യകരമാണ്. ഇത് ഒരു ഹാസ്യാത്മകമായ ആവിഷ്കാരമായിരിക്കണം, പ്രത്യേകിച്ച് പ്രസക്തിയില്ലാത്തതാണെങ്കിലും, അത് വെളിപ്പെടുത്തുന്നു: ബന്ധുത്വ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള അഭിമാനത്തിന്റെ ഒരു മാനസികകൽപ്പന, ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് പൂർണ്ണമായും അപ്രസക്തമായിരിക്കണം. ഇന്തോനേഷ്യയുടെ പ്രസിഡന്റിന് ഇന്ത്യൻ ജനിതക ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ നമ്മൾ സന്തോഷിച്ചു. എന്നാൽ ഇന്തോനേഷ്യയുടെ വ്യാപാരത്തിന്റെ നാലിലൊന്ന് ചൈനയ്ക്കാണെന്നതിൽ നമ്മള്‍ കൂടുതൽ ആശങ്കാകുലരായിരിക്കണം. നമ്മുടെ നിലനിൽപ്പ് നമ്മുടെ പ്രസക്തിയിലായിരിക്കരുത്.

ഇന്ത്യയ്ക്ക് അപാരമായ സാധ്യതകളുണ്ട്. എന്നാൽ നമ്മൾ വിമർശാനാത്മകമായ നിരീക്ഷണം നടത്തി സ്വയം പ്രാധാന്യം എന്നത് പ്രാധാന്യത്തിന് തുല്യമല്ലെന്ന് അംഗീകരിക്കുന്നില്ലെങ്കിൽ, ഇന്ത്യ എത്രത്തോളം അപ്രസക്തമാകുമെന്ന് നമുക്ക് മനസ്സിലാകില്ല. സത്യസന്ധരായ ദേശസ്നേഹികൾക്ക്, ഇന്ത്യ എത്രമാത്രം  അപ്രസക്തമാണെന്ന് അറിയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമായിരിക്കും.  

  •  ഇന്ത്യൻ എക്സ്പ്രസിന്റെ കോൺട്രിബ്യൂട്ടിംഗ് എഡിറ്ററാണ് പ്രതാപ് ഭാനു മേത്ത

export China Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: