scorecardresearch

പോസ്റ്റ് ട്രൂത്തിന്റെ രാഷ്ട്രീയ പരിസരങ്ങൾ

ഏതോ വിശാലമായ നന്മയ്ക്ക് വേണ്ടി ചില വ്യക്തിപരമായ ത്യാഗങ്ങൾ എന്ന നിലയിലാണ് ഇവിടെ ഭരണകൂട താല്പര്യം ജനതയ്ക്ക് മേൽ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശടക്കമുളള തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നിരീക്ഷണം

ഏതോ വിശാലമായ നന്മയ്ക്ക് വേണ്ടി ചില വ്യക്തിപരമായ ത്യാഗങ്ങൾ എന്ന നിലയിലാണ് ഇവിടെ ഭരണകൂട താല്പര്യം ജനതയ്ക്ക് മേൽ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശടക്കമുളള തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നിരീക്ഷണം

author-image
Sabloo Thomas
അപ്‌ഡേറ്റ് ചെയ്‌തു
New Update
പോസ്റ്റ് ട്രൂത്തിന്റെ രാഷ്ട്രീയ പരിസരങ്ങൾ

മാധ്യമ ഇടപെടലുകളുടെ രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകമാണ് നോം ചോംസ്കിയും എഡ്വേർഡ് ഹെർമനും ചേർന്ന് എഴുതിയ മാനുഫാക്ച്ചറിങ്ങ് കൺസെന്റ്: ദി പൊളിറ്റിക്കൽ എക്‌ണോമി ഓഫ് മാസ്സ് മീഡിയ. എങ്ങനെയാണ് നിലനിൽക്കുന്ന ഒരു വ്യവസ്ഥയെ പിന്താങ്ങുന്ന ഒരു അഭിപ്രായ രൂപീകരണ വ്യവഹാരമായി പരമ്പരാഗത മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് പുസ്തകം പരിശോധിക്കുന്നത്. ചോംസ്കിയും ഹെർമനും പുസ്തകം എഴുതുന്ന കാലത്തു സാമൂഹിക മാധ്യമങ്ങൾ പ്രസക്തമായിരുന്നില്ല. എന്നാൽ,നിലനിൽക്കുന്ന വ്യവസ്ഥകൾക്ക് സമ്മതം നൽകുന്ന ഒരു വ്യവഹാരമായി സാമൂഹിക മാധ്യമങ്ങൾ എങ്ങനെ മാറുന്നുവെന്നു പുതിയ കാലത്തു ചിന്തിക്കേണ്ടതുണ്ട്.

Advertisment

ചോംസ്കിയും എഡ്വേർഡ് ഹെർമനും പറയുന്ന എഡിറ്റോറിയൽ മുൻവിധികളെ നിർണയിക്കുന്ന അഞ്ചു ഫിൽറ്ററുകൾ വലുപ്പവും ഉടമസ്ഥയും ലാഭാധിഷ്‌ഠിതയും, പരസ്യവ്യാപാരം ചെയ്യാനുള്ള ലൈസെൻസ്, മാധ്യമങ്ങൾക്ക് വാർത്ത ലഭിക്കുന്ന സോഴ്‌സുകൾ, പൊതുസ്വീകാര്യതയും നിയന്ത്രണങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധത എന്നിവ സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ചു പ്രസക്തമല്ല. എന്നാൽ സാമൂഹിക മാധ്യമങ്ങൾ തീർച്ചയായും സമ്മതങ്ങൾ നിർമിക്കുന്ന ഉപകരണങ്ങളായി പ്രവർത്തിക്കുന്നുണ്ട്. പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയ വ്യവഹാരങ്ങളുടെ ചർച്ചയിൽ അത് കൊണ്ട് തന്നെ നവമാധ്യമങ്ങളെ മാറ്റി നിർത്താനാവില്ല. നവമാധ്യമക്കാലത്തെ രാഷ്ട്രീയത്തെ നിർണയിക്കുന്ന ഇടപെടലുകളെ കുറിക്കാൻ വർത്തമാനകാലത്തു രൂപപ്പെടുന്ന പുതിയ വാക്കാണ് പോസ്റ്റ് ട്രൂത്ത് എന്ന വാക്ക്. പോസ്റ്റ്മോഡേൺ എന്നാൽ, ഉത്തരാധുനികം അഥവാ ആധുനികതയുടെ കാലഘട്ടത്തിനു ശേഷം എന്ന അർഥതിലാണല്ലോ.

പോസ്റ്റ് ട്രൂത്ത് അതേ ലോജിക്കിൽ സത്യോത്തരം എന്നു വേണമെങ്കില്‍ മലയാളമാക്കാം. സത്യമെന്ന വസ്തുതയെക്കാൾ സത്യം എന്ത് എന്ന് ഒരാളുടെ കാഴ്ചപാടിനെ നിയന്ത്രിക്കുന്ന പ്രതീതികൾക്കാണ് ഈ വ്യവഹാരത്തിൽ കേന്ദ്ര സ്ഥാനം. വസ്തുനിഷ്ഠതയ്‌ക്കു പകരം വ്യക്തിഗത വികാരങ്ങൾ സത്യശോധകം ആകുന്നതിനെയാണ് പോസ്റ്റ് ട്രൂത്ത് എന്ന വാക്കു കൊണ്ട് വിവക്ഷിക്കുന്നത്.

മാധ്യമ ഗവേഷകനായ ജെയ്‌സൺ ഹർഷിൻ (Jayson Harsin) ഇത്തരം വ്യവഹാരങ്ങളുടെ രാഷ്ട്രീയ ഭൂമിക വ്യക്തമാക്കാൻ റെജിം ഓഫ് പോസ്റ്റ് ട്രൂത്ത് (regime of post truth) എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്. പുതുകാലത്തെ വിവിധ സംഭവവികാസങ്ങളുടെ സംയോജനം- ഉദാഹരണത്തിന് ജനസംഖ്യയിലെ ഒരു വിഭാഗത്തിന്റെ കാഴ്പ്പാടിനെ നിയന്ത്രിക്കാൻ മൈക്രോ ടാർജെറ്റിങ് തുടങ്ങിയ സങ്കേതങ്ങൾ ശാസ്ത്രീയതയിൽ ഊന്നി ഉപയോഗിക്കുന്ന പ്രൊഫഷണൽ രാഷ്ട്രീയ വിനിമയങ്ങളുടെ ഉദയം, കേന്ദ്രികൃത സ്വഭവമാർന്ന മാസ്സ് മീഡിയയുടെ ഗേറ്റകീപ്പിങ്ങു സ്വഭാവത്തിന് വന്ന ശിഥിലിക്കരണം എന്നിവയൊക്കെ - പോസ്റ്റ് ട്രൂത്ത് റെജിമുകളുടെ ഉദയത്തിനു കാരണമായിട്ടുണ്ട്. പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ ഒരു പൊതു സ്വഭാവം ഇതിന്റെ പ്രയോക്താക്കൾ താങ്കളുടെ സംസാര വിഷയം മാധ്യമങ്ങളും വിഷയ വിദഗ്‌ദ്ധരും യുക്തിസഹമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുതയല്ലയെന്നു എന്ന് സ്ഥാപിച്ചാൽ പോലും ആവർത്തിക്കുമെന്നാണ്. അത്തരം പ്രചാരണങ്ങളുടെ സ്വീകാര്യത ഉറപ്പിക്കാൻ അവരെ സഹായിക്കുന്നത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്ത ശൃംഖലകൾ, അവ സൃഷ്‌ടിക്കുന്ന സന്തുലിതമായ വാർത്ത വിതരണത്തെ കുറിച്ചുള്ള വ്യാജ പ്രതീതി, സാമൂഹിക മാധ്യങ്ങളുടെ സര്‍വവ്യാപ്‌തിത്വം, എന്നിവയാണ്.

Advertisment

2016ലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക മേഖലയിലെ പ്രവണതകളും സംഭവങ്ങളും പ്രതിഫലിപ്പിക്കുന്ന പോസ്റ്റ് ട്രൂത്തു എന്ന വ്യവഹാരത്തിനു സ്വീകാര്യത നൽകിയ രണ്ടു സംഭവ വികാസങ്ങൾ ബ്രെക്സിറ്റ് ഹിത പരിശോധനാ ഫലപ്രഖ്യാപനവും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമാണ്.ബ്രെക്‌സിറ്റും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും പോസ്റ്റ് പിന്നാലെയാണ് ഈ വാക്യം തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനു (EU) മായുള്ള സംബന്ധം ഏകപക്ഷീയമായി ബ്രിട്ടൻ അവസാനിപ്പിച്ച തിരുമാനമാണല്ലോ ബ്രെക്സിറ്റ്.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഒരു ഏകീകൃത സമ്പദ്വ്യവസ്ഥയും രാഷ്ട്രീയഘടനയുമൊക്കെ നിലവില്‍ വരുത്തുക എന്ന ആഗ്രഹത്തോടെ തുടങ്ങിയ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ പിന്മാറ്റം സ്റ്റെർലിങ് പൗണ്ടിന്റെ കാര്യത്തില്‍ യാഥാർഥ്യവുമായി നിരക്കാത്ത ഒരു ആംഗ്ളോ സാക്സണ്‍ അതിവൈകാരികത സൃഷ്‌ടിച്ചാണ് സാധ്യമാക്കിയത്. യൂറോയെ പൊതു കറന്‍സിയായി അംഗീകരിക്കുന്നത് ഒരു കുറവാണു എന്ന് ബ്രിട്ടിഷ് ജനതയെ വിശ്വസിപ്പിക്കുന്ന ഒരു രാഷ്ട്രീയ പരിസരം സൃഷ്‌ടിച്ചത്‌ ഈ അതിവൈകാരികതയാണ് .

ഡൊണാൾഡ് ട്രംപ് എന്ന കച്ചവടക്കാരൻ ഹിലാരി ക്ളിന്റനുമയുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ചില സങ്കുചിതങ്ങളും അബദ്ധമെന്നു തോന്നൽ ജനിപ്പിക്കുന്ന വാദങ്ങളും സ്ത്രീവിരുദ്ധതയും വംശീയതയും ആവർത്തിച്ച്, വിജയിച്ചതാണ് പോസ്റ്റ് ട്രൂത്തിന്റെ രണ്ടാമത്തെ രാഷ്ട്രീയ പരിസരം.

സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ ശിവ് വിശ്വനാഥ് ഇന്ത്യയിൽ നടപ്പാക്കിയ നോട്ടു പിൻവലിക്കലിനെ കുറിച്ചുള്ള വ്യവഹാരങ്ങളെ പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയ രാഷ്ട്രീയ പരിസരത്തിൽ വായിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം എന്ന വ്യവഹാരത്തിൽ രൂപപ്പെടുന്ന നോട്ട്പിൻവലിക്കലിനെ കുറിച്ചുള്ള കഥകൾ സൃഷ്‌ടിക്കുന്ന ദേശസ്നേഹം എന്ന പ്രതീതിയിൽ വിശ്വസിച്ചു എ റ്റി എമ്മിന് മുന്നിൽ ക്ഷമയോടെ കാത്തു നിൽക്കാൻ ജനങ്ങൾ എങ്ങനെ പ്രേരിപ്പിക്കപ്പെടുന്നു എന്ന് വിശ്വനാഥ് ഒരു ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. എടിഎമ്മിന് മുന്നിൽ ക്ഷമയോടെ കാത്തു നിൽക്കുന്നത് ഒരു സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ ഒരു റേഷൻ കടയ്ക്ക് മുന്നിൽ കാത്തു നിൽക്കുന്നതിനു സമാനമായ ഒരു മാനസികഭാവമല്ല. എന്നിട്ടും ഒരു പ്രതിഷേധമോ, അക്രമമോ ഇല്ലാതെയായിരുന്നു ബാങ്കുകളുടെ മടുപ്പിക്കുന്ന പ്രവർത്തനത്തോട് ജനങ്ങൾ ഇക്കാലത്തു പ്രതികരിച്ചത്. സർക്കാർ അഴിമതിയ്ക്ക് എതിരെ പോരാടും എന്ന അതിന്റെ വാഗ്‌ദാനം കാത്തു എന്ന പൊതു സംതൃപ്തി സൃഷ്‌ടിച്ചതാണ് ഇത്തരം ഒരു പ്രതികരണത്തിന്റെ കാരണം. അതായത് ഇത്തരം ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് പരോക്ഷമായി സൃഷ്‌ടിച്ച ഒരു നാടകീയത വഴി ഭരണകൂട നയത്തോട് ജനങ്ങൾ ഐക്യദാർഢ്യപ്പെട്ടത് കൊണ്ടാണ് ഇത് സാധ്യമായത്. വിയോജിപ്പ് ഇല്ലാത്ത പൊതുജനങ്ങളുടെ പെരുമാറ്റം ഭരണകൂടത്തെ പോലും ആശ്ചര്യപ്പെടുത്തുന്നുണ്ട് എന്ന് കൂടി വിശ്വനാഥ് പറഞ്ഞുവെക്കുന്നു.

പൊതുജനങ്ങളുടെ കൺസെന്റ് നിർമ്മിച്ചെടുക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കു മുൻപും തിരിച്ചറിയപ്പെട്ടിരുന്നു. അല്‍ത്തൂസര്‍ ഭരണകൂട ഉപകരണങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഉപകരണങ്ങളും പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരുന്നു. അതിൽ മാധ്യമങ്ങളെ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളുടെ പട്ടികയിലാണ് അല്‍ത്തൂസര്‍ ഉൾപ്പെടുത്തിയത്. വ്യക്തിയറിയാതെ അയാളുടെ സമ്മതി നിര്‍മിക്കുന്ന ഒരു ഉപകരണമാണ് എന്നാണ് അല്‍ത്തൂസര്‍ മാധ്യമങ്ങളെ കണ്ടത്.

പുതിയ സാഹചര്യത്തിൽ, മൂലധന താല്പര്യങ്ങൾ കൺസെൻറ്റ് നിർമ്മിക്കുന്നത് വ്യക്തിപരമായ വ്യക്തിഗത വികാരങ്ങൾ സത്യശോധകമാക്കി കൊണ്ടാണ്, ഏതോ വിശാലമായ നന്മയ്ക്ക് വേണ്ടി ചില വ്യക്തിപരമായ ത്യാഗങ്ങൾ എന്ന നിലയിലാണ് ഇവിടെ ഭരണകൂട താല്പര്യം ജനതയ്ക്ക് മേൽ പ്രവർത്തിക്കുന്നത്.

അത്കൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിച്ചുവെന്നോ, നോട്ട്പിൻവലിക്കൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ഇടയിലും യുപിയിൽ ബിജെപി എങ്ങനെ ജയിച്ചുവെന്നോ ചോദിക്കുന്നവരോട് പറയാൻ ഒരു ഉത്തരം മാത്രം. അത് അവർ സൃഷ്‌ടിച്ചെടുത്ത സമ്മതങ്ങളുടെ വിജയമാണ്. ആ സമ്മതങ്ങളെ മറികടക്കേണ്ടത് എങ്ങനെയെന്നതാവും ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: