“വധശിക്ഷ എന്നത് എല്ലാത്തിനുമുളള​ പ്രതിവിധിയല്ല”  അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്.നരസിംഹ ജനുവരിയിൽ​ പറഞ്ഞ വാക്കുകളാണിത്. കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയോടുളള​ പ്രതികരണത്തിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി  നരസിംഹ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ചിന് മുന്നിൽ ഇങ്ങനെ പറഞ്ഞത്. എന്നാൽ ഏകദേശം മുന്ന് മാസം പിന്നിടുമ്പോൾ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം ഈ​ നിലപാടിനെ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്നു.

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം ഉന്നത നീതിപീഠത്തിൽ നൽകിയ രേഖയിൽ പോക്സോ നിയമം (കുട്ടികൾക്ക് എതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം) ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണെന്ന് പറയുന്നു. കുട്ടികൾക്കെതിരെയുളള കുറ്റകൃത്യത്തോടുളള കഠിനമായ വിയോജിപ്പ് മനസിലാക്കാവുന്നതാണ്, പ്രത്യേകിച്ച് കത്തുവയിൽ എട്ടുവയസുകാരിയായ പെൺകുട്ടി ബലാൽസംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ. എന്നാൽ പോക്സോ നിയമത്തിൽ വധശിക്ഷ ഉൾപ്പെടുത്താനുളള നീക്കം പൊതുബോധത്തിന്റെ ആരവങ്ങളോടുളള​ ചിന്താശേഷിയില്ലാത്ത യാന്ത്രിക പ്രതികരണമാണ്.

12 വയസിൽ താഴെയുളള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; നിയമഭേദഗതിക്ക് അംഗീകാരം

ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ വേണമെന്ന് സമൂഹത്തിന്റെ നിലവിളി അതിന്റെ പ്രതികാരവാഞ്ഛയിൽ നിന്നുളവാക്കുന്നതാണ്. അത് തിരുത്തലാകുന്നില്ല. ഏതൊരു കുറ്റത്തിനും വധശിക്ഷ എന്നത് ആ കുറ്റകൃത്യം തടയാനുളള പ്രതിവിധിയല്ലെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ വസ്തുതകൾ ഇന്ന് നിലവിലുണ്ട്. ഇതിന് പകരം മികച്ച പൊലിസിങ് സംവിധാനവും സാമൂഹിക ക്ഷേമ നടപടികളും അവയുടെ കാര്യക്ഷമമായ നടപ്പാക്കലും ആണ് ആവശ്യമായത്.

ലൈംഗികാതിക്രമങ്ങൾ തടയുന്നത് പ്രയാസകരമായ കാര്യമാണ്. -ഇത് വ്യക്തമാക്കുന്നതാണ് 2014 മുതലുളള ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ- ഇത്തരം കേസുകളിൽ തൊണ്ണൂറ് ശതമാനത്തിലും ഇരകളെ അറിയുന്നവരായിരിക്കും കുറ്റവാളികൾ എന്നതാണ്. “പൊലീസ് ഇടപെടുന്നതിലൂടെയുളള അപമാനം ഭയന്ന് രക്ഷിതാക്കൾ ​കുട്ടികൾക്ക് എതിരായുളള ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് വർധിക്കുന്നുണ്ട്,” ആഭ്യന്തര വകുപ്പ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

കുട്ടികൾക്ക് എതിരെയുളള ബലാൽസംഗ കേസുകളിൽ അക്രമത്തെ അതിജീവിക്കുന്ന ഇരകളിൽ 67 ശതമാനം പേരും വിചാരണ കാലത്ത് കേസ് ഉപേക്ഷിക്കുകയോ അവരുടെ മൊഴി മാറ്റുകയോ ചെയ്യുന്നതായി നാഷണൽ​ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റി (എൻഎൽഎസ്‌യുഐ) യുടെ ഫെബ്രുവരിയിൽ പുറത്തുവന്ന പഠനം വ്യക്തമാക്കുന്നു. പോക്സോ കേസിൽ വധശിക്ഷ നടപ്പക്കാൻ ശ്രമിക്കുക വഴി ഈ​ പ്രശ്നത്തെ കൂടുതൽ വഷളാക്കുകയേയുളളൂ.

പോക്‌സോ നിയമത്തില്‍ ഭേദഗതി; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

കുട്ടികൾക്ക് നേരെയുളള അതിക്രമങ്ങൾക്ക് മാത്രമായി കോടതികളില്ലെന്ന് എൻഎൽഎസ്‌യുഐയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. “സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ വളരെ കുറച്ച് കോടതികളിൽ മാത്രമേ പ്രത്യേക മുറികൾ ഉളളൂ. പക്ഷേ അവിടെയൊന്നും ശുചിമുറികളോ, വെയിറ്റിങ് റൂമുകളോ ഇല്ല” എന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് പോക്സോ നിയമത്തെ ഇല്ലാതാക്കുന്ന വീഴ്ചകളാണെന്ന് ആ പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വീഴ്ചകളെ അഭിമുഖീകരിക്കുന്നതിന് പകരം ജീവനെടുക്കുകയെന്ന കാലഹരണപ്പെട്ട അവകാശം സ്വന്തമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്നത് നിർഭാഗ്യകരമായ കാര്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook