അയര്‍ലൻഡിലെ കത്തോലിക്കാ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശങ്ങൾ​ വരുന്നു. വൈദികരുടെ ലൈംഗികാതിക്രമം എന്തു വില കൊടുത്തും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. തൊട്ടു പിന്നാലെ പോപ്പ് ഫ്രാൻസിസനെതിരെ ആരോപണവുമായി വത്തിക്കാനിൽ തന്നെ പടയൊരുക്കം നടക്കുന്നു. ലൈംഗികാതിക്രമ കേസിലെ പ്രതിയായ വൈദികനെ പോപ്പ് സംരക്ഷിച്ചുവെന്നാണ് ആരോപണം. ഈ​ ആരോപണം ഉന്നയിച്ചിരിക്കുന്നത് വത്തിക്കാനിലെ പ്രതിനിധി സഭയിലെ മുൻ അംഗമായിരുന്ന ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയാണ്. ഇതോടെ വിവാദം വീണ്ടും കത്തിപ്പടരുകയാണ്. കേരളത്തെ സംബന്ധിച്ചും  വൈദികർക്കെതിരായ ലൈംഗികാരോപണവും കത്തി നിൽക്കുകയാണ്.

കണ്ണൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാൽസംഗം ചെയ്ത ഗർഭിണിയാക്കിയും കേസ് വഴി തെറ്റിക്കാനും നോക്കിയെന്ന ആരോപണത്തിൽ​ വൈദികർ​ ഉൾപ്പെടെ കേസ് നേരിടുകയാണ്.​​ ഈ കേസിൽ​ പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന് സമർത്ഥിച്ച് പോക്സോയിൽ നിന്നും രക്ഷപ്പെടാനുളള ശ്രമമാണ് കത്തോലിക്കാ സഭ നടത്തിയതെന്നും കുട്ടിയുടെ പിതാവിന് മേൽ ഈ​ കേസ് കെട്ടി വെയ്ക്കാൻ ശ്രമിച്ചുവെന്നുമുളള ആരോപണങ്ങൾ കത്തോലിക്കാ സഭയുടെ വൈദികർക്ക് നേരെ ഉയർന്നിരുന്നു. ഈ കേസിൽ കുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ വൈദികന് പുറമെ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനായിരുന്ന വൈദികനും സമിതി അംഗമായിരുന്ന കന്യാസ്ത്രീയും പ്രതികളാണ്. ഈ കേസ് കോടതിയിൽ ​വരുന്ന അതേ സമയത്താണ്, ജലന്ധർ ബിഷപ്പും മലയാളിയുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ മലയാളിയായ കന്യാസ്ത്രീ പീഡനാരോപണം ഉന്നയിക്കുന്നത്. കേരളത്തിനകത്തും പുറത്തും കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങൾ വലിയ വിവാദങ്ങളുയർത്തുമ്പോഴാണ് ഇത്.

ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലെ കത്തോലിക്കാ സഭയിലെ വൈദികര്‍ നേരിടുന്ന ആരോപണങ്ങളെപ്പറ്റി ഇക്കഴിഞ്ഞ ഓഗസ്റ്റ് 17-ന് ഡോ. സെസാര്‍ ചെലാല എഴുതിയ ‘കത്തോലിക്കാ സഭയുടെ ചരിത്രപരമായ ഉത്തരവാദിത്തം’ (The Historic Responsibility of the Catholic Church) എന്ന ലേഖനം ഏറെ പ്രസക്തമാകുന്നത്.

അര്‍ജന്റീനയില്‍ ജനിച്ച ഡോ. സെസാർ ചെലാല എഴുത്തുകാരനും, നിരവധി രാജ്യാന്തര ഏജൻസികളുടെ പൊതുജനാരോഗ്യ ഉപദേഷ്ടാവുമാണ്. ‘മിസ്സിങ് ഓര്‍ ഡിസ്സപ്പിയേര്‍ഡ് ഇന്‍ അര്‍ജന്റീന: ദ ഡെസ്‌പെറേറ്റ് സെര്‍ച്ച് ഫോര്‍ തൗസന്റസ് ഓഫ് അബ്ഡക്ടഡ് വിക്ടിംസ്’ (Missing or Dead in Argentina: The Desperate Search for Thousands of Abducted Victims) എന്ന റിപോര്‍ട്ടിന്റെ രചയിതാക്കളിലൊരാളെന്ന നിലയിലാണ് മെഡിക്കൽ ഡോക്ടറെന്നതിലുപരി അദ്ദേഹത്തിന്റെ ഖ്യാതി. ഓവര്‍സീസ് പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ അവാര്‍ഡും ഡോ. ചെലാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഡോ. സെസാർ ചെലാല

‘കത്തോലിക്കാ സഭയുടെ ഉത്തരാവദിത്തം’ എന്ന അദ്ദേഹത്തിന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്.

“അജ്ഞേയവാദിയായ അച്ഛനും, കത്തോലിക്കാ വിശ്വാസിയായ അമ്മയ്ക്കുമൊപ്പമാണ് ഞാന്‍ വളർന്നത്. കുടുംബത്തില്‍ പല കത്തോലിക്കാ ആചാരങ്ങൾ പാലിക്കുകയും അതിന്റെ അവധികളൊക്കെ പിന്തുടരുകയും ചെയ്തിരുന്നു. പെനിസല്‍വാനിയയിലെ ആറ് അതിരൂപതകളിലെ, അടുത്തിടെ പുറത്തു വന്ന, നൂറോളം റോമന്‍ കത്തോലിക്ക പുരോഹിതന്മാര്‍ക്കു നേരേ ഉയര്‍ന്ന ശിശു-ലൈംഗികപീഡനങ്ങളുടെ വാര്‍ത്തകള്‍ എന്നില്‍ വല്ലാത്ത വിഷമവും ഭീതിയമുണ്ടാക്കി. ഇത് ഒറ്റപെട്ട സംഭവമല്ലെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കുന്ന ചങ്ങലയിലെ പുതിയൊരു കണ്ണി മാത്രമാണ് പെന്‍സില്‍വാനിയയിലിണ്ടായതെന്ന തിരിച്ചറിവും എന്റെ ഖേദം ഇരട്ടിപ്പിച്ചു. ഓഗസ്റ്റ് 14ന് ഗ്രാന്റ് ജൂറി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പീഡനത്തിനിരയായ കുട്ടികളുടെ എണ്ണം ആയിരത്തിലധികം ഉണ്ടെന്നാണ്. താന്‍ പീഡിക്കപ്പെട്ടു എന്ന് മുന്നോട്ട് വന്ന് പറയാനുള്ള വിഷമം കൊണ്ടും പല രേഖകളും പല കാലങ്ങളില്‍ നഷ്ടപ്പെട്ടതും യഥാര്‍ഥ കണക്കുകള്‍ പുറത്തു വരാതിരുക്കുവാനുള്ള കാരണങ്ങളാവാം”, എന്ന് അദ്ദേഹം എഴുതുന്നു.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പീഡനകഥയെന്ന് അദ്ദേഹം പറയുന്നു.
“1950ല്‍ തുടങ്ങി പതിറ്റാണ്ടുകളോളം മുന്നൂറിലധികം പുരോഹിതന്മാര്‍ സഭയുടെ മറവില്‍ പീഡനം തുടര്‍ന്നു. പെന്‍സില്‍വാനിയയിലെ അറ്റോര്‍ണി ജനറല്‍ ജോഷ് ഷാപിറൊ പറയുന്നത് പെന്‍സെല്‍വാനിയ അതിരൂപതകളിലെ അധികാരികളുടെയും വത്തിക്കാനിലെ ചിലരുടെ പിന്‍ബലത്തോടെയുമാണ് ഈ പീഡന പരമ്പരകള്‍ അരങ്ങേറിയത് എന്നാണ്. ഇതില്‍ ആശ്ചര്യമുളവാക്കുന്ന ഒരു ഘടകം ഈ വെളിപ്പെടുത്തലുകളില്‍ പലതും സഭകള്‍ രഹസ്യമാക്കി സൂക്ഷിച്ച രേഖകളില്‍ നിന്നും സമാഹരിച്ചവയാണ്”.

ഹാരിസ് ബര്‍ഗില്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഷാപിറോ പറഞ്ഞു, “വളരെ സങ്കീര്‍ണ്ണമായാണ് അവര്‍ കാര്യങ്ങള്‍ മൂടിവച്ചിരിക്കുന്നത്. പള്ളിയുടെ അധികൃതര്‍ തന്നെ ഒരേ സമയം പീഡനങ്ങളുടെയും അവ മറച്ചു വെച്ചതിന്റെയും രേഖകള്‍ സൂക്ഷിച്ചിരുന്നു. രൂപതകളുടെ രഹസ്യഗ്രന്ഥപുരകളില്‍ കണ്ടെത്തിയ ഈ രേഖകളാണ് അന്വേഷണങ്ങളുടെ നെടുംതൂണായത്”,  ചെലാലെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

“ഗ്രാന്റ് ജൂറിയുടെ അന്വേഷണം ഏകദേശം 3.2 ദശലക്ഷം വരുന്ന പെന്‍സില്‍വാനിയയിലെ കത്തോലിക്കാ വിശ്വാസികളിലേയ്ക്ക് നീണ്ടു. ആൺകുട്ടികളും പെൺകുട്ടികളും അവര്‍ അനുഭവിച്ച അനൗചിത്യ സ്പര്‍ശനങ്ങളുടെയും, സ്വയംഭോഗം ചെയ്യിപ്പിച്ചതിന്റെയും, യോനി-ഗുദ ലൈംഗിക ചേഷ്ടകളുടെയും കഥകള്‍ പറഞ്ഞു. സ്വാഭാവികമായി സഭ അവര്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന ഗ്രാന്റ് ജൂറിയുടെ അന്വേഷണത്തില്‍ ഏകദേശം 70-വര്‍ഷങ്ങളായി മുന്നൂറോളം വൈദികര്‍ ആയിരത്തോളം കുട്ടികളെ പീഡനങ്ങള്‍ക്കിരയാക്കി എന്നാണ് തെളിഞ്ഞത്. ബിഷപ്പുമാരും മറ്റ് പള്ളി അധികാരികളും അത് മൂടി വയ്ക്കുക മാത്രമല്ല ചെയ്തത്, കുറ്റമാരോപിക്കപ്പെട്ടവരെ പുതിയ സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും പലപ്പോഴും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ഒരു വൈദികന്റെ കൊടിയ ലൈംഗിക പീഡനം മൂലം ഒരു പയ്യന്റെ പുറത്ത് മാരകമായ മുറിപ്പാടുണ്ടായി. ഈ വേദനയില്‍ നിന്നും ആശ്വാസത്തിനായി മയക്കു മരുന്നുകൾ നിറച്ച വേദനസംഹാരികള്‍ നൽകിയെങ്കിലും ആ മരുന്നുകളില്‍ ആശ്രിതമായ അവന്റെ ജീവിതം വൈകാതെ അവസാനിച്ചു. മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു വൈദികന്‍ ഒരു കുടുംബത്തിലെ അഞ്ചു സഹോദിരിമാരെ പീഡിപ്പിച്ചു”.sexual abuse,priest,kerala,k shankunni

ലോകത്തിന്റെ പല കോണുകളിൽ നിന്നും കേരളത്തിന്റെ ഉൾനാടൻ ഗ്രാമത്തിൽ നിന്നു പോലും ഉയർന്ന നിലവിളികളും ആരോപണങ്ങളും എത്രത്തോളം ലോകവ്യാപകമാണ് കത്തോലിക്കാ സഭയിൽ എന്നാണ് ഈ വരികൾ വിരൽ ചൂണ്ടുന്നത്.

ചെലാല ആ വിഷയത്തിൽ​ തുടർന്ന്​ ഇങ്ങനെ എഴുതുന്നു. “ഈ കപട വൈദികരുടെ മുഖം വത്തിക്കാന്റെ മുമ്പില്‍ തുറന്നു കാണിച്ചിട്ടും അവര്‍ക്കെതിരെ നടപടികള്‍ ഒന്നും തന്നെയെടുക്കാത്തതാണ് ഈ വിഷയത്തിന്റെ ഗൗരവം കൂട്ടുന്നത്. എന്നാൽ ഇതില്‍ നിന്നും വിപരീതമായാണ് ചിലിയില്‍ ശിശുപീഡനമാരോപിക്കപ്പെട്ട 80-വൈദികരുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇതു പോലെയുള്ള പീഡനങ്ങള്‍ നടക്കാതിരിക്കാന്‍ എന്താണ് ചെയേണ്ടത്? കത്തോലിക്കാ സഭ അവരുടെ നിലപാടുകള്‍ മാറ്റണം എന്ന് ഈ ജീര്‍ണ്ണതകള്‍ കാണുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാവും”.

ചെലാലയുടെ ഈ നിരീക്ഷണം കേരള സാഹചര്യത്തിലും പ്രസക്തമാകുന്ന ഒന്നാണ്. ഇവിടുത്തെ കാര്യങ്ങളെ കുറിച്ച് അറിയുന്നവർക്കും ഇതേ അഭിപ്രായമുണ്ടാകാം. കേരളത്തിൽ ​ഉൾപ്പെടെ ഒരു തുറന്ന ചർച്ചയ്ക്ക് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വഴി തുറന്നേയ്ക്കാം എന്ന പ്രതീക്ഷ ഉളളവരും കത്തോലിക്കാ സഭയിലുണ്ട്.

പിബിഎസ് ‘ന്യുസ് അവറില്‍’ ജൂഡി വുഡ്‌റഫ്, റിലീജിയസ് ന്യൂസ് സർവീസമായി ബന്ധപ്പെട്ട ഫാദര്‍ തോമസ് റീസുമായി നടത്തിയ അഭിമുഖം ഉദ്ധരിച്ച് സെസാർ ചെലാല മുൻകരുതലുകളെ കുറിച്ച് എഴുതുന്നു. ഫാദര്‍ റീസിന്റെ അഭിപ്രായത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.

  1. കുട്ടികളായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്ന കത്തോലിക്കാ സഭയിലുള്ള എല്ലാ വൈദികരും പൊലീസ് പരിശോധനയ്ക്ക് വിധേയരാകണം.
  2. ഏതുതരം പീഡനമായാലും അത് നിര്‍ബന്ധമായും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
  3. കുറ്റാരോപിതരായ എല്ലാ വൈദികരെയും അന്വേഷണം കഴിയുന്നത് വരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കണം. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ സഭയില്‍ നിന്നും ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തണം.

“ഈ നടപടികള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതാണ്. മാത്രമല്ല വൈദികര്‍ക്ക് ലൈംഗികതയിലും കുടുംബ ജീവിതത്തിലുമൊക്കെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പുനഃപരിശോധിക്കണം. ലൗകിക-ലൈംഗിക സുഖങ്ങള്‍ പരിത്യജിക്കുന്നവരെ സൃഷ്ടിക്കലായിരുന്നു ലക്ഷ്യമെങ്കിലും അത് കൊണ്ടെത്തിച്ചത് ലൈംഗിക അസംതൃപ്തി നിറഞ്ഞവരുടെ കൂട്ടായ്മയിലാണ്. എല്ലാത്തിലുമുപരി കത്തോലിക്കാ സഭ ലൈംഗികാരോപണം ഉയർന്ന വൈദികരെ മനഃശാസ്ത്രപരമായ പരിശോധനയ്ക്ക് വിധേയരാക്കണം. ഇതു പോലെയുള്ള നിരവധി ആരോപണങ്ങള്‍ സഭയെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ലക്ഷക്കണക്കിനുള്ള വിശ്വാസികളുടെ ആത്മീയമായ ആശ്രയമാണ് ഭീഷണിയിലാവുന്നത്”, സെസാർ ചെലാല ലേഖനം നിർത്തുന്നത് ഇങ്ങനെയാണ്.

ഈ വാദമുഖങ്ങൾ അർജന്റീനയിലും അയർലൻഡിലും അമേരിക്കയിലും മാത്രമല്ല, കേരളത്തിലും പ്രസക്തമാണെന്ന് വെളിപ്പെടുത്തുന്നതാണ് സമകാലിക സംഭവങ്ങൾ. മറിയക്കുട്ടി കൊലപാതകക്കേസ് മുതൽ ജലന്ധർ ബിഷപ്പിനെതിരെയുളള ലൈംഗികാരോപണങ്ങൾവരെയും കന്യാസ്ത്രീ മഠങ്ങളിലെ പീഡന പർവ്വങ്ങളെ കുറിച്ചുളള​ വെളിപ്പെടുത്തലുമെല്ലാം കുടുതൽ​ തുറന്ന ചർച്ചയ്ക്കും വഴിയൊരുക്കേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നവയാണ് പൊതുജനാരോഗ്യ വിദഗ്‌ദൻ കൂടിയായ സെസാർ ചെലാലയുടെ ലേഖനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook