Latest News

ചാന്നാര്‍ ലഹള മുതല്‍ ‘വത്തയ്ക്ക’ വരെ: സ്ത്രീ ശരീരം പറയുന്ന രാഷ്ട്രീയം

കേരളത്തിലെ ചരിത്രം മാത്രമെടുത്താൽ ചാന്നാര്‍ ലഹള മുതല്‍ വർത്തമാനകാലത്ത് പരസ്യമായി മുലയൂട്ടിയ അമൃതയില്‍ വരെ ആ രാഷ്ട്രീയ ശരീരങ്ങളുടെ പോരാട്ട ചരിത്രം വ്യാപിച്ചിട്ടുണ്ട്

resmi r nair

മറ്റൊരു ജീവിക്കുമില്ലാത്ത വണ്ണമുള്ള അതിജീവിനത്തിന്‍റെയും അടിച്ചമർത്തപ്പെടുന്നതിന്‍റെയും രാഷ്ട്രീയം സംസാരിക്കാനുണ്ട് സ്ത്രീ ശരീരത്തിന്. ശരീരത്തിന്‍റെ വ്യത്യസ്ഥതകൾ കൊണ്ടും, സ്ത്രീയുടെ മാത്രമായ കഴിവുകൾ കൊണ്ടും ഉയർന്നു നിൽക്കേണ്ട ശരീരമാണ് അടിമച്ചർത്തപ്പെട്ടത്. അധികാരപ്പേടിയുടെ പേരിൽ​ സൃഷ്ടിക്കപ്പെട്ട ബ്രാഹ്മണിക്കൽ ആൺകോയ്മയുടെ കൂടെ, കൊളോണിയൽ കാലത്ത് അതിനൊപ്പം പാലും വെളളവുമെന്നപോലെ ചേർന്നൊഴുകിയ ‘വിക്ടോറിയൻ’ സദാചാരപ്പേടിയുടെ മതാധികാരഘടനയും ചേർന്നപ്പോൾ ​ആ അടിച്ചമർത്തൽ അതിശക്തമായി.

ഈ കാരണം കൊണ്ട് തന്നെ സ്ത്രീ ശരീരങ്ങൾക്ക് മറ്റൊരു ജീവികള്‍ക്കും ഇല്ലാത്ത ഒരു അടിച്ചമര്‍ത്തലിന്‍റെയും പോരാട്ടത്തിന്‍റെയും രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ട് എന്ന് പറയേണ്ടി വരും. സ്ത്രീ ശരീരത്തിന്‍റെ അവകാശത്തിന് മേൽ അണധികാരങ്ങളുടെ അടിച്ചമർത്തൽ നിലനിൽക്കുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും. പുരുഷാധിപത്യവും അതിന്‍റെ പ്രയോക്താക്കളായ മതങ്ങളും കുടുംബ വ്യവസ്ഥിതിയും ജാതിയും നിറവും തുടങ്ങി സാമൂഹിക വ്യവഹാരങ്ങളിലെ അധികാര സമവാക്യങ്ങള്‍ വരെ സ്ത്രീ ശരീരത്തിന് മേല്‍ പല രീതിയിലുള്ള അധികാരം നിയന്ത്രണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്നും പല രീതിയില്‍ തുടര്‍ന്നു പോരുന്നുമുണ്ട്.

മലയാളിയുടെ മുലപ്പേടിയുടെ ചരിത്രം വളരെ പഴക്കമുളളതാണ്. അതിന്‍റെ വർത്തമാനകാലമാണ് ‘തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം’ എന്ന ക്യാംപെയിൻ പോലും രൂപപ്പെടുന്നതിന് കാരണമാകുന്നത്. മുലൂയട്ടൽ എന്നത് പോലും ആണധികാര പരിധിയിൽ ചർച്ച ചെയ്യപ്പെടുന്ന ദുരന്തചിത്രമാണ് കേരളത്തിലെ മുഖ്യധാര പോലും നിറവേറ്റുന്നത്. ഈ സാഹചര്യത്തിൽ അധ്യാപകവേഷധാരികളുടെ അസംബന്ധങ്ങൾ അധികാരത്തിന്‍റെ ചുരൽവടികളുടെ ബലത്തിലുളളവ മാത്രമാണ്.

നങ്ങേലിയോടു മുലക്കരം ചോദിച്ച് എത്തിയ ജന്മിയുടെ തുടര്‍ച്ച തന്നെയാണ് ‘മാറിടം കച്ചവടത്തിനുള്ള വത്തക്ക ആണ് പുറത്തു കാണരുത്’ എന്ന അധ്യാപക മത പ്രഭാഷക താരതമ്യം വരെ. ‘മാറിടം മറയ്ക്കരുത് തുറന്നിട്ട്‌ നടക്കണം’ എന്ന് കീഴാളരോട് പറഞ്ഞ പുരുഷാധിപത്യത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പോസ്റ്റ്‌ വിക്ടോറിയന്‍ കാലത്തെ എന്‍റെ ‘ഉരുപ്പടിയുടെ’ മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന സദാചാര ബോധം. എന്തിന്‍റെ പേരിലാണോ വിവേചനം നടപ്പിലാക്കുന്നത്, പ്രതിവിവേചനത്തിനും അത് തന്നെയാകും മാധ്യമം.

സ്ത്രീയ്ക്ക് പുരുഷാധിപത്യം കല്‍പ്പിച്ച ഏറ്റവും വലിയ അധികാരം ശരീരമാണ്  എന്നതു കൊണ്ട് തന്നെ അതിനെതിരെ ഉള്ള പോരാട്ടങ്ങളിലും ശരീരം ഒഴിച്ച് കൂടാന്‍ കഴിയാത്ത മാധ്യമമാണ്. കേരളത്തിലെ ചരിത്രം മാത്രമെടുത്താൽ ചാന്നാര്‍ ലഹള മുതല്‍ വർത്തമാനകാലത്ത് പരസ്യമായി മുലയൂട്ടിയ അമൃതയില്‍ വരെ ആ രാഷ്ട്രീയ ശരീരങ്ങളുടെ പോരാട്ട ചരിത്രം വ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ നഗ്നത ഒരു സമര മാര്‍ഗം ആയി ഉപയോഗിക്കപ്പെടിട്ടുള്ളത് ഈ ലിംഗരാഷ്ട്രീയ തലങ്ങളില്‍ മാത്രമല്ല. തങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി ലോകത്ത് പല തവണ സ്ത്രീയുടെയും പുരുഷന്‍റെയും നഗ്നത സമരായുധമായിട്ടുണ്ട്‌. 1914 ലെ പ്രശസ്തമായ Doukhobor മൂവ്‌മെന്റില്‍ (ആത്മീയതയുടെ രാഷ്ട്രീയ പരിസരത്ത് നിന്നായിരുന്നു ഇത്) നഗ്നരായി അണിനിരന്ന മനുഷ്യര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടു ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. പിന്നീടങ്ങോട്ടു ലോകത്ത് നൂറു കണക്കിന് സമരങ്ങള്‍ നഗ്ന ശരീരങ്ങള്‍ നടത്തിയിട്ടുണ്ട്, അതില്‍ പല വിഷയങ്ങളും ഉണ്ട്. പരിസ്ഥിതി സമരങ്ങളും യുദ്ധ വിരുദ്ധ സമരങ്ങളും ഭൂവകാശ സമരങ്ങളും മരുന്ന് മാഫിയകള്‍ക്കെതിരെയുള്ള സമരങ്ങളും വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള സമരങ്ങളും ട്രാന്‍സ്​ പേഴ്സൺസ് അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളും, എന്തിന് രാജ്യാന്തര രാഷ്ട്രീയ കാര്യങ്ങളിൽ പോലും നഗ്ന ശരീരങ്ങള്‍ സമരം ചെയ്ത് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ഒന്നും തന്നെ ആ ശരീരങ്ങള്‍ ഒരു രാഷ്ട്രീയവും സംവദിച്ചിരുന്നില്ല, കേവലമായ ശ്രദ്ധക്ഷണിക്കല്‍ എന്നതിനപ്പുറമുള്ള കര്‍ത്തവ്യം ഒന്നും ആ ശരീരങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ഈ പറഞ്ഞവയ്ക്കപ്പുറം ശരീരത്തെ സമരായുധമാക്കിയ സ്ത്രീകൾ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്.

resmi nair,

ചാന്നാര്‍ ലഹളയും, മുല അറുത്ത് വാഴയിലയില്‍ നല്‍കിയ നങ്ങേലിയും മുതല്‍ രാഷ്ട്രീയ ശരീരങ്ങള്‍ നടത്തിയ സമരങ്ങള്‍ ഒന്നും മുഖംമൂടികള്‍ അണിഞ്ഞുള്ളവ ആയിരുന്നില്ല.

തങ്ങളുടെ നഗ്ന ശരീരം എന്തെങ്കിലും തരത്തിലുള്ള അപമാനം ജനിപ്പിക്കുന്നു എന്ന തോന്നല്‍ തങ്ങള്‍ പറയുന്ന രാഷ്ട്രീയത്തെ തന്നെ റദ്ദ് ചെയ്തു കളയും എന്ന ബോധ്യം ആ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. അല്ലെങ്കില്‍ അത്തരത്തില്‍ അപമാനമോ ശരീരഭയമോ ഉള്ളവര്‍ക്ക് ആ സമരത്തിന്‍റെ ഭാഗമാകാനേ കഴിയില്ലല്ലോ. ചരിത്രം ചിലപ്പോള്‍ വികലമായ അനുകരണങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കേണ്ടി വരും.

ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, ‘ശരീരത്തിന്‍റെ രാഷ്ട്രീയം പറയാന്‍ ഞാന്‍ മോഡലിംഗ് ചെയ്യുന്നു’ എന്ന് അവകാശപ്പെടുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഹെക്ടർകണക്കിന് വനഭൂമി വെട്ടി തെളിച്ചു സര്‍വ്വകലാശാല കെട്ടിടം പണിയുന്നു എന്ന് പറയുന്നത് പോലെ പരിഹാസ്യമാണ്.

അത്തരത്തില്‍ പരിഹാസ്യമായ ഒരു അനുകരണം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ രൂപത്തിൽ കാണുകയുണ്ടായി. സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം വരാതെ ക്യാമറയില്‍ പകര്‍ത്തിയ മാറിടത്തിന്‍റെ ചിത്രവും മുഖം മൂടി ധരിച്ചു പ്രദര്‍ശിപ്പിക്കുന്ന മാറിടത്തിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ്‌ ചെയ്തു ശരീര ഭയം ഇല്ലാതാക്കാന്‍ കഴിയും എന്ന് കരുതുന്നത് പ്രതിലോമകരമാണ്. മുഖം വരാതെ ക്യാമറയില്‍ പകര്‍ത്തിയ മാറിടത്തിന്‍റെ ചിത്രവും മുഖം മൂടി ധരിച്ചു പ്രദര്‍ശിപ്പിക്കുന്ന മാറിടത്തിന്‍റെ ചിത്രവും പകര്‍ന്നു നല്‍കുന്ന ബോധം മുഖം ദൃശ്യമാകുന്ന അല്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി ഉള്ള സ്ത്രീയുടെ നഗ്ന മാറിടം ലൈംഗീക അവയവമാണ് അല്ലെങ്കില്‍ അത് പരസ്യപ്പെടുത്തുന്നത്‌ അപമാനം സൃഷ്ടിക്കുന്ന ഒന്നാണ് എന്നതാണ്. പുരുഷാധിപത്യം നൂറ്റാണ്ടുകളായി സ്ഥാപിച്ചു വച്ചിട്ടുള്ള അധികാരവും അതാണ്‌.

പട്ടാളക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന മണിപ്പൂരിലെ സ്ത്രീകള്‍ നടത്തിയ പോലുള്ള തീവ്രമായ രാഷ്ട്രീയ സമരങ്ങള്‍ ഇന്ത്യന്‍ സ്ത്രീ ശരീരങ്ങള്‍ നടത്തിയിട്ടുണ്ട്. പൊള്ളുന്ന രാഷ്ട്രീയമാണ് ആ തീവ്ര സഹനസമരങ്ങള്‍ പങ്കുവയ്ക്കുന്നത്. അതിലെ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധ്യം പോലും ഇല്ലാതെ അവയുടെ കേവലമായ അനുകരണങ്ങളും, ആ പ്രതിലോമകമായ അനുകരണങ്ങളെ അത്തരം ചരിത്ര സമരങ്ങളോട് ചേര്‍ത്ത് വയ്ക്കാനുള്ള ശ്രമങ്ങളും പരിഹാസ്യമാണ്. അനാട്ടമി ക്ലാസില്‍ വിശദീകരിക്കപ്പെടാന്‍ ഉള്ള സ്ത്രീ ശര്രീരത്തിന്‍റെ ഫോസിലുകള്‍ അല്ല ഇത്തരം ഐതിഹാസിക സമരങ്ങളിലെ രാഷ്ട്രീയ ശരീരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകളുടെ, മാറ്റി നിര്‍ത്തലുകളുടെ, അവകാശ നിഷേധങ്ങളുടെ, അതിജീവനത്തിന്‍റെ ഒക്കെ സഹനം കൂടി പേറിയാണ് ഇത്തരം സമരങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌. ആ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം പോലും മനസിലാക്കാതെ നടത്തുന്ന അനുകരണങ്ങള്‍ ആ മൂവ്‌മെന്റ്റ്കളുടെ തുടര്‍ച്ചയില്‍ ദുരന്തമായി മാറും.

ജൈവികമായി ഒരു ലൈംഗീക അവയവം അല്ല മുലകള്‍. അവയ്ക്ക് ജൈവീകമായി നിര്‍വ്വഹിക്കാനുള്ള ധര്‍മവും അതല്ല. മുലകളെ അതില്‍ നിന്നും മാറ്റി കേവലമായ ഒരു ലൈംഗീക ‘പോര്‍ട്രൈറ്റ്’ ആക്കി മാറ്റിയതും സ്ത്രീ ശരീരങ്ങളെ അഴകളവുകള്‍ ഉള്ള മാംസ ഗോളങ്ങള്‍ ആക്കി മാറ്റിയതും പുരുഷാധിപത്യവും മതവും മുതലാളിത്തവും ചേര്‍ന്ന മൂലധന താൽപര്യത്തിന്‍റെ അധികാര വ്യവസ്ഥിതിയാണ്.

മതങ്ങള്‍ പോലെ തന്നെ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു ചൂഷക സൗന്ദര്യ ശാസ്ത്രമാണ് അത്. രാഷ്ട്രീയ കൃത്യത ഇല്ലാത്ത കേവല പ്രഹസനങ്ങള്‍ കൊണ്ട് അതിനെ പോറല്‍ ഏല്‍പ്പിക്കാന്‍ കഴിയും എന്ന് കരുതുന്നത് യൂട്ടോപ്യന്‍ സ്വപ്നമാണ്. കുറഞ്ഞത്‌ കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ടെങ്കിലും നടക്കുന്ന ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍ ആ സ്ത്രീ ശരീരങ്ങളെ അതിന്‍റെ സ്വത്വത്തിലേക്ക്‌ വീണ്ടെടുക്കാന്‍ കൂടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതൊന്നും കാണാത്ത, രാഷ്ടീയ ബോധ്യങ്ങളില്ലാത്ത, മധ്യവര്‍ഗ ‘എലീറ്റിസ’ത്തിന് സോഷ്യല്‍ മീഡിയയില്‍ കൂടി പറയാൻ കഴിയുന്നതല്ല, ആ രാഷ്ട്രീയം.  കാരണം അതിന് നിങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ ആഴമുണ്ട്.

മോഡലും ആക്ടിവിസ്റ്റുമാണ് ലേഖിക

 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Politics of womens bodies rights resmi nair

Next Story
ദയാവധം: ജീവിതത്തിനും മരണത്തിനുമപ്പുറം
The moderation of comments is automated and not cleared manually by malayalam.indianexpress.com