സംസ്ഥാന സർക്കാരും ഗവർണർമാരും തമ്മിലുള്ള അഭിപ്രായഭിന്നതയും പ്രതിസന്ധികളും കേരളത്തിനോ രാജ്യത്തിനോ പുതുമയുള്ളതല്ല. എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ജനാധിപത്യത്തിന്റേയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റേയും കടയ്ക്കൽ കത്തിവെക്കുന്ന നിലയിലായിട്ടുണ്ട് ഇപ്പോഴുള്ള പ്രശ്നങ്ങൾ.
ഇത് കേരളത്തിലെ മാത്രമായൊരു പ്രതിസന്ധിയല്ല. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കോ സംഘപരിവാറിനോ അധികാരത്തിൽ കാൽകുത്താൻ ഇടം കിട്ടാത്ത മൂന്ന് സംസ്ഥാനങ്ങളിലാണ് ഗവർണർമാരും സർക്കാരുകളും തമ്മിൽ ഇടയുന്നത്. കേരളത്തിന് മുമ്പ് തന്നെ ബംഗാളിലും ഇപ്പോൾ തമിഴ് നാട്ടിലും ഗവർണർ സർക്കാരുമായി ഏറ്റുമുട്ടുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. മറ്റ് രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ ഗവർണറോട് കൊമ്പ് കോർത്ത് തിരിച്ചടിക്കുമ്പോൾ കേരളം പൊതുവിൽ ഒത്തുതീർപ്പിന്റെ പാതയാണ് സ്വീകരിക്കുന്നത്.
ബംഗാളിനോടും തൃണമൂൽ സർക്കാരിനോടും ഒട്ടും മമതയില്ലാതെ പെരുമാറുന്ന കേന്ദ്രസർക്കാർ സമീപം ഇത് ആദ്യമല്ല.മമത ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങിയില്ല, എന്നുമാത്രമല്ല അതിശക്തമായ രീതിയിൽ എല്ലാ നിലകളിലും ഏറ്റുമുട്ടലിന്റെ പാത തന്നെ സ്വീകരിച്ചു മുന്നോട്ടു പോയി. തമിഴ് നാട്ടിൽ ഡി എം കെ സർക്കാരുമായുള്ള ഏറ്റുമുട്ടൽ പാതയും സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവന്നു കഴിഞ്ഞു. ഗവർണർ വിഷയത്തിൽ സ്റ്റാലിനും മമതയുടെ വഴിയിലാണ് എന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള നിലപാടുകൾ വിരൽ ചൂണ്ടുന്നത്.
കേരളത്തിൽ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ വന്നതിന് ശേഷം ഭരണഘടനാ പ്രതിസന്ധിയുടെ വക്കിൽ കാര്യങ്ങളെത്തിക്കുന്നത് ഇതാദ്യമാല്ല. സി എ എ യുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമീപനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച് നിലപാട് ഭരണപക്ഷത്തിൽ നിന്ന് മാത്രമല്ല, പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ക്ഷണിച്ച് വരുത്തി.
നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്തണെമെന്ന ഗവർണറുടെ നിലപാടാണ് 2020 ൽ വിവാദം ക്ഷണിച്ചു വരുത്തിയത്. ഇത് വലിയൊരു വിവാദത്തിനും ഭരണഘടനാ പ്രതിസന്ധിയിലേക്കും കാര്യങ്ങൾ നയിച്ചു. അവസാനം ഗവർണർ ഉത്തരവാദിത്തം നിറവേറ്റുക എന്ന ഭരണഘടനാപരമായ ബാധ്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നിർബന്ധിതനാവുകയായിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹത്തെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തണമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണറുടേത് സഭയുടെ മഹത്വത്തെ ബാധിക്കുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ആ നിയമസഭാ സമ്മേളനത്തിൽ ‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ചരിത്രമെഴുതി. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് അന്ന് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഒരുമിച്ച് നിൽക്കുന്ന സമയത്താണ് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യ സംരക്ഷണാർത്ഥം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റില്ലെന്ന ഭീഷണി ഗവർണർ മുഴക്കിയെന്നതായിരുന്നു അന്നത്തെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ആരോപണം.
ഇതിന് ശേഷം കേരള ഗവർണർക്ക് വിവാദമൊഴിഞ്ഞ് നേരമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബില്ല് വിവാദമായ കാലത്ത് അതിനെതിരെ കേരള സർക്കാർ പ്രമേയം കൊണ്ടുവരുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനത്തിനെതിരെയും ആദ്യം ഗവർണർ നിലപാട് സ്വീകരിച്ചു. പിന്നീട് സംസ്ഥാന സർക്കാർ സ്വീകരിച്ച അനുനയത്തിനൊടുവിൽ ഗവർണർ പ്രത്യേക സമ്മേളനത്തിന് അനുമതി നൽകുകകയായിരുന്നു.
ഇതിന് ശേഷം വിവാദങ്ങൾക്ക് തിരശ്ശീല വീണു എന്ന് കരുതിയിരിക്കുമ്പോഴാണ് എൽ ഡി എഫ് ചരിത്രമെഴുതി തുടർഭരണം നേടി വീണ്ടും അധികാരത്തിലെത്തിയത്. ഇതോടെ കാര്യങ്ങൾ വീണ്ടും സങ്കീർണമാകുന്ന കാഴ്ചയാണ് ഗവർണറും സർക്കാരും തമ്മിലുള്ള സമീപനത്തിൽ ഉണ്ടായത്.
പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ഒരുവർഷം തികയുന്നതിന് മുമ്പ് തന്നെ വിവാദത്തിന് തിരികൊളുത്തിയ ഗവർണർ ഇത്തവണ ചാൻസിലർ പദവി ഉപേക്ഷിക്കുമെന്ന ഭീഷണിയാണ് ഉയർത്തിയത്. കണ്ണൂർ വി സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തിരികൊളുത്തിയത്.
മാധ്യമങ്ങളും പ്രതിപക്ഷവും ഇതിന് പിന്നാലെ സർക്കാരിനെതിരെ രംഗത്ത് വന്നു. എന്നാൽ, കളം മുഴുവൻ മാറ്റിയ ആരോപണമാണ് തൊട്ടുപിന്നാലെ ഉയർന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് കേരള സർവകലാശാലയോട് ഗവർണർ ആവശ്യപ്പെടുകയും അത്തരമൊരു കീഴ്വഴക്കം ഇല്ലാത്തതിനാൽ അത് നൽകാൻ കഴിയില്ലെന്ന് സർവകലാശാല അറിയിച്ചുവെന്നതും ആരോപണമായി ഉയർന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആരോപണത്തെ കുറിച്ച് സ്വീകരിച്ച സമീപനം ഗവർണറെയും രാജ്ഭവനെയും സർക്കാരിനെയും ഒരേസമയം പ്രതിരോധത്തിലാക്കി. അധികം വൈകാതെ പ്രതിപക്ഷം കൂടെ ഈ ആരോപണം ഏറ്റുപിടിച്ചതോടെ വിവാദത്തിന് ചൂടേറി.
മറ്റൊരു നിലയിൽ ഗവർണറും ബംഗാൾ സർക്കാരും തമ്മിൽ ചാൻസിലർ വിഷയത്തിൽ ഇതേസയമം തർക്കം കൊടുമ്പിരിക്കുക്കൊള്ളുകയായിരുന്നുവെന്നും ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും നീക്കം ചെയ്യാൻ ബംഗാൾ സർക്കാർ തീരുമാനിച്ചുവെന്നും വാർത്ത പരക്കുന്ന സമയം കൂടെയായിരുന്നു ഇത്.
കേരളവും ഈ വഴിക്ക് പോകുമോ എന്ന ആശങ്ക പലരും ഉയർത്തിയെങ്കിലും സംസ്ഥാന സർക്കാർ സമയവായത്തിന്റെ പാതയാണ് ഇവിടെയും സ്വീകരിച്ചത്. അതോടെ വിവാദമൊക്കെ തണുത്തു. ഇതുസംബന്ധിച്ച കേസുകളിൽ സർക്കാരിന് അനുകൂല വിധികൂടെ വന്നതോടെ ഗവർണർ സർക്കാർ പോരാട്ടത്തിന് അറുതിയായി.
എന്നാൽ, ആ സമവായത്തിന്റെ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തലേ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും പുതിയ വിവാദത്തിന് വെടിപൊട്ടിച്ചു. നയപ്രഖ്യാപനം വായിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
അതിന് പിന്നിൽ എന്താണെന്നതിനെ കുറിച്ച് പലവിധ ആശങ്കകൾ ഉയർന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ കേരളത്തിൽ ഒരു ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും അതുവഴി കേന്ദ്ര സർക്കാരിന് കേരളത്തിലെ ഭരണസംവിധാനത്തിൽ ഇടപെടാനുള്ള വഴിയൊരുക്കാനുള്ള ഗവർണറുടെ പുതിയ നീക്കമാണോ ഇതെന്ന സംശയമാണ് ആദ്യം ഉന്നയിക്കപ്പെട്ടത്.
ബി ജെ പി സംസ്ഥാന സമിതി അംഗവും ആർ എസ് എസ് മുഖപത്രമായ ജന്മഭൂമിയുടെ മുൻ പത്രാധിപരും ബി ജെ പി മാധ്യമ വിഭാഗം മേധാവിയുമായിരുന്ന ഹരി എസ് കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡിഷണൽ പഴ്സണൽ അസിസ്റ്റന്റ് ആയി നിയമിച്ചതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്.
സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുക എന്ന കീഴ്വഴക്കമില്ലെന്ന കാര്യം ഗവർണറുടെ ആവശ്യപ്രകാരം നിയമനം അംഗീകരിച്ചസർക്കാർ വ്യക്തമാക്കി. ഇതുവരെ അങ്ങനെ നിയമങ്ങൾ നടത്തിയിട്ടില്ലെന്നും അങ്ങനെയുള്ള കീഴ്വഴക്കമാണ് നല്ലതെന്നും ഗർവണർ അതീവ താൽപ്പര്യം പ്രകടപ്പിച്ചതകൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ ഹരി കർത്തയുടെ നിയമന ഉത്തരവ് ഇറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗവർണർ വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവച്ചു എന്നതും കർത്തയുടെ നിയമത്തെ കൂടുതൽ വീര്യം പകർന്ന വിവാദമാക്കി മാറ്റിയിരുന്നു.
ഇതിന് പിന്നാലെ രാജ്ഭവനിലെ ഫൊട്ടോഗ്രാഫറുടെ നിയമനം സ്ഥിരപ്പെടുത്തണെന്ന ഗവർണറുടെ ആവശ്യവും സർക്കാർ അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാനം സംബന്ധിച്ച് ഗവർണറുടെ നിലപാട് വിവാദത്തിന് വഴിയൊരുക്കിയത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ ഇടപെട്ടാണ് ഗവർണറുമായി അനുനയ ചർച്ചകൾ നടത്തി. പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതി ലാലിനെ തൽസ്ഥാനത്ത് നിന്നും മാറ്റി. സർക്കാർ തീരുമാനം രാജ്ഭവനെ അറിയിച്ച സെക്രട്ടറിയെ ബലിയാടാക്കി ജനാധിപത്യത്തെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ഗവർണർ ഉയർത്തിയ ഭീഷണിക്ക് മുന്നിൽ ജനാധിപത്യ മര്യാദ അനുസരിച്ച് രാഷ്ട്രീയനേതൃത്വം നിർദേശിച്ച പ്രകാരം കത്ത് നൽകിയ ഉദ്യോഗസ്ഥൻ ബലിയാടായി. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ് ചൂട് മാറും മുമ്പ് രാജ്ഭവനിലെ ഉദ്യോഗസ്ഥാനായ എസ് ഡി പ്രിൻസിന് കാലാവധി നീട്ടി നൽകി സർക്കാർ ഉത്തരവും ഇറങ്ങിയെന്ന വാർത്തയും പുറത്തുവന്നു.
ഹരി കർത്തയുടെയും പ്രിൻസിന്റെയും യോഗ്യതകളും കഴിവുമൊന്നും വിവാദവിഷയമാകേണ്ട കാര്യമില്ല. അവരുടെ യോഗ്യതയും കഴിവുമൊക്കെ ആ നിർദ്ദിഷ്ട തസ്തികകൾക്ക് അനുയോജ്യവുമാണ്. എന്നാൽ, ആ നിയമനങ്ങളും നീട്ടിനൽകലും അതിന് രാജ്ഭവൻ സ്വീകരിച്ച രീതിയും ശൈലിയുമൊക്കെ എത്രത്തോളം ജനാധിപത്യപരമാണ് എന്നത് തുറന്ന മനസ്സോടെ ഗവർണറും സർക്കാരും പരിശോധിക്കേണ്ടതാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരിന് പിന്തുണയ്ക്കുകയും വഴികാട്ടുകയും ചെയ്യുക എന്നതും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക എന്നതും ഗവർണർ എന്ന പദവിയിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള റോളാണ്. എന്നാൽ, കേരളത്തിലെ ഗവർണറും സർക്കാരും തമ്മിലുള്ള കരുനീക്കങ്ങളും ഒത്തുതീർപ്പുകളും ജനങ്ങളെയും ജനാധിപത്യത്തെയും പരിഹസിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുയാണെന്ന് എന്നതിന് ഉദാഹരണമാകുന്നവയാണ് ഓരോ പ്രവൃത്തിയും.