പ്രിയപ്പെട്ട മകളെ,
ഉയർത്തിപ്പിടിച്ച പ്ളക്കാർഡിലൂടെ നീ ഉന്നയിച്ച ചോദ്യം മറ്റു പലരെയും പോലെ എന്നെയും സങ്കടത്തിലാഴ്ത്തിയിരിക്കുന്നു. രാഷ്ട്രീയത്തെ പറ്റി ഒരു സംഭാഷണം ചെറിയ പെൺകുട്ടിയായ നിന്നോട് പാടില്ല എന്ന് കരുതുന്നവർ കാണും. പക്ഷേ വളരെ ചെറുപ്രായത്തിൽത്തന്നെ ചുറ്റുമുള്ള രാഷ്ട്രീയ ദുഷ്ടതകളെക്കുറിച്ച് നീയിന്ന് ബോധവതിയായിരിക്കുന്നുവെന്നു കാണുമ്പോൾ, ആ വളർച്ചയെ, അത് എത്ര നിർഭാഗ്യകരമായ സാഹചര്യം മൂലമായാലും, അംഗീകരിക്കുകതന്നെ വേണം. അതുകൊണ്ടാണ് ഈ കത്തെഴുതാൻ ഞാൻ തുനിയുന്നത്.
എന്നെ നീ അറിയാൻ ഇടയില്ല. നിൻറെ പിതാവിൻറെ രാഷ്ട്രീയത്തിൽ നിന്നും, അദ്ദേഹത്തിൻറെ ശത്രുക്കളുടെ രാഷ്ട്രീയത്തിൽ നിന്നും, ഒരു പോലെ മാറി നിൽക്കുകയും, അവയെ നിരന്തരം വിമർശിക്കുകയും ചെയ്യുന്ന, നിന്റ അമ്മയോ, ഒരുപക്ഷേ അമ്മൂമ്മയോ പോലും ആകാൻ പ്രായമുള്ള സ്ത്രീ എന്ന് സ്വയം പരിചയപ്പെടുത്തട്ടെ . ആ രണ്ടു പാർട്ടികളുടെയും പ്രവർത്തനത്തെ വർഷങ്ങളായി വീക്ഷിക്കുന്ന ഒരുവൾ. ഇന്ത്യാക്കാരും മനുഷ്യരും എന്ന നിലകളിൽ നാം വിലവെയ്ക്കുന്ന ആദർശങ്ങളെ – ബിജെപിയാണെങ്കിൽ, ദേശസ്നേഹത്തെ, സിപിഎം ആണെങ്കിൽ മനുഷ്യസമത്വത്തെ – സ്ഥാപിതതാത്പര്യങ്ങൾക്കായി ദുരുപയോഗിക്കുന്നതു കണ്ട് നിലവിളിച്ച് തൊണ്ടപൊട്ടാറായവൾ.
“എനിക്കിപ്പോഴും മറുപടി കിട്ടിയിട്ടില്ല, എൻറെ പിതാവിനെ അവർ എന്തിനു വധിച്ചു” എന്ന്, നീ എഴുതുന്നു. ആ ചോദ്യത്തിനു മറുപടി തരാൻ നിന്റെ പിതാവിന്റെ രാഷ്ട്രീയകക്ഷിക്കോ, അവരുടെ വൈരികളായ എതിർകക്ഷിക്കോ കഴിയില്ല. നീ ഹിന്ദിയിൽ എഴുതിയതു വായിക്കുന്ന വടക്കേയിന്ത്യൻ ബിജെപി അനുകൂലികൾക്കും കഴിയില്ല. അതിനുള്ള ധാർമ്മികമായ അവകാശം അവർക്കാർക്കും ഇല്ല, കാരണം അവരെല്ലാമാണ് ഈ അവസ്ഥയ്ക്കുത്തരവാദികൾ. വെറുപ്പും വൈരാഗ്യവും മാത്രം വമിപ്പിച്ചുകൊണ്ട് ഇരുപക്ഷത്തെയും ചെറുപ്പക്കാർ കേരളത്തിലിന്നും, മുൻപും, പരസ്പരം വെട്ടിമരിക്കുന്നത് കണ്ട് നിലവിളിക്കുന്ന, ഇരുവശത്തേയും നഷ്ടം എല്ലായ്പ്പോഴും ഏറ്റുവാങ്ങുന്ന, സ്ത്രീകൾക്കു മാത്രമേ അതിനു കഴിയൂ. മഹാഭാരതത്തിലെ ഗാന്ധാരി മുതൽ, ഗ്രീക്കുനാടകത്തിലെ ആൻറിഗണി മുതൽ, ഇന്നുവരെയും രാഷ്ട്രീയകൊലപാതകങ്ങളുടെ നഷ്ടങ്ങൾ പേറുന്നവർ നിരപരാധികളായ സ്ത്രീകളും നിന്നെപ്പോലെയുള്ള കുഞ്ഞുങ്ങളും മാത്രം.

devika, cpm, rss,
എന്നാലിന്ന് മനുഷ്യസ്നേഹത്തിനു വിലകുറഞ്ഞുപോയ കാലമാണ്. അതുകൊണ്ട്പലരും വിചാരിക്കുന്നതിലും കുറച്ചു ദൂരം മാത്രമേ ഈ കൊലപാതകസംഘങ്ങൾ തമ്മിലുള്ളൂ, പലരും കരുതുന്നതിൽ കുറഞ്ഞ വ്യത്യാസം മാത്രമേ അവ തമ്മിലുള്ളൂ എന്ന സത്യം ആരെങ്കിലും നിന്നോടു പറയുമോ എന്ന് എനിക്കറിയില്ല. 1980കളുടെ ആരംഭം മുതൽ -എനിക്ക് നിന്റെ പ്രായം മാത്രം ഉണ്ടായിരുന്ന കാലം മുതൽ – 2009 വരെയുള്ള കാലത്ത് കുറഞ്ഞത് 31 ആർഎസ്സ്എസ്സ്-ബിജെപി പ്രവർത്തകരാണ്  ഈ കൊലക്കളിയിൽ നഷ്ടമായതെങ്കിൽ, അതേ കാലത്ത് കുറഞ്ഞത് 33 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് വിശ്വാസ്യമായ കണക്ക്. 1970കളിലും ഇതുപോലെ തന്നെ, ഏകദേശം തുല്യസംഖ്യകളിൽ ഈ കക്ഷിരാഷ്ട്രീയങ്ങൾ തങ്ങളുടെ പ്രവർത്തകരെ –മനുഷ്യരെ – മക്കളും മാതാപിതാക്കളും സുഹൃത്തുക്കളുമുള്ള ചെറുപ്പക്കാരായ പുരുഷന്മാരെ – നിർദ്ദയം ബലികഴിച്ചു. ഇന്നും അതേ കഥ, കൂടുതൽ രക്തരൂഷിതമായി, 1990കളിലും ശേഷവും തുടരുന്നു.
നിന്റെ പിതാവ് വിശ്വസിച്ചിരുന്ന രാഷ്ട്രീയസംസ്കാരത്തെക്കുറിച്ച് നീ സ്വയം പഠിക്കുന്ന ഒരു നാൾ വരും. ആ ലോകത്തേയ്ക്കു സ്വയം പ്രവേശിച്ച് സ്വയമറിയേണ്ട കാര്യമാണതെന്ന് ബോധ്യമുണ്ട് എനിക്ക്. പക്ഷേ ഒരു കാര്യം പറയാം – ഈ രണ്ടു രാഷ്ട്രീയങ്ങളും തമ്മിൽ അത്ര വലിയ ദൂരം പ്രായോഗികതലത്തിൽ ഇല്ല. ഇപ്പോഴല്ല, അനേകം നാൾ മുൻപും. അതായത്, ഇന്ന് ബിജെപി മറ്റെല്ലാവരിലും സൃഷ്ടിക്കാൻ ശ്രമിക്കുന്ന തീവ്രദേശീയതാബോധവും, അതിനു വേണ്ടി നടത്തുന്ന അനാശാസ്യമായ ബലപ്രയോഗങ്ങളും, ഒരുകാലത്ത് സിപിഎം എന്ന കക്ഷി കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയതാണ്. നീ പൗരിയായിത്തീരുമ്പോൾ കേരളത്തിൽ ഒരു കാലത്ത് ശക്തമായിരുന്ന തീവ്ര-ഇടതുപക്ഷപ്രവർത്തകരുടെ ചരിത്രം വായിക്കണം – ദേശദ്രോഹികളെന്ന് മുദ്രകുത്തി അവരെ നിരന്തരം പീഡിപ്പിച്ചിരുന്നത് കോൺഗ്രസ് കക്ഷി മാത്രമായിരുന്നില്ലെന്ന് നിനക്ക് മനസ്സിലാകും.  ഇന്ത്യൻ സർക്കാർ നമ്മുടെ അതീർത്തിസംസ്ഥാനങ്ങളിലെ ജനങ്ങളോട് കടുത്ത അനീതികൾ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചതിന്, സാർവ്വദേശീയഗാനം പാടിയതിന്, നായനാർ സർക്കാർ അറബിക്കടലിൽ (സിപിഎമ്മിൻറെ മുഖ്യമന്ത്രിയും നിന്റെ നാടായ വടക്കേ മലബാറിലെ നേതാവുമായിരുന്ന നായനാരെ വിമർശിച്ചുകൊണ്ട്) മുദ്രാവാക്യം വിളിച്ചതിന് – എല്ലാം അവർക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിച്ച് നടപടിയെടുത്തത് നിന്റെ പിതാവ് ശത്രുവായി കരുതിയ സിപിഎം തന്നെയായിരുന്നു. ഇന്ന് കേന്ദ്രത്തിലെ ബിജെപിസർക്കാർ നടത്തിവരുന്ന മർദ്ദനരീതികളാണ് ഇവ. ഞാൻ പറഞ്ഞുവരുന്നത് ഇതാണ് – ഇന്ത്യൻ ഭരണഘടന ജനങ്ങൾക്കു നൽകുന്ന സ്വാതന്ത്ര്യങ്ങളെ ബിജെപിയും സിപിഎമ്മും ഒരുപോലെ തൂത്തെറിഞ്ഞിട്ടുണ്ട്.

ഇനി, നീ ആ പ്ളാക്കാർഡിലൂടെ ചോദിച്ച ചോദ്യത്തിൻറെ ഉത്തരം. മനസ്സു മുറിവേറ്റ ഒരു പന്ത്രണ്ടുകാരിയോട് ഇതു പറയാൻ എനിക്ക് വല്ലാത്ത ദുഃഖമുണ്ട്, എങ്കിലും പറഞ്ഞേ തീരൂ: നിന്റെ പിതാവ് വധിക്കപ്പെട്ടത്, അദ്ദേഹം തന്റെ കക്ഷിയുടെ വെറുമൊരു സാധാരണപ്രവർത്തകൻ മാത്രമായിരുന്നതുകൊണ്ടാണ്. അദ്ദേഹം ധനികനോ ശക്തനോ ആയിരുന്നില്ല. നിനക്കറിയാമോ, ഇങ്ങനെ കൊല്ലപ്പെട്ടവർ -രണ്ടു പക്ഷത്തും – അധികവും ചെറിയവരുമാനക്കാരും സാധാരണക്കാരുമായ ആണുങ്ങളാണ്. അവരാരും നേതാക്കളോ പണക്കാരോ അല്ല. 1970കൾ മുതലുള്ള കണക്കെടുത്താൽ രണ്ടു പക്ഷത്തും ഇങ്ങനെ കൊലയ്ക്കു കൊടുക്കപ്പെട്ടവരിൽ എഴുപതു ശതമാനവും സാധാരണക്കാർ -പാവപ്പെട്ടവർ- മാത്രമാണ്. ഈ മരണങ്ങളിൽ നിന്ന് രാഷ്ട്രീയലാഭം കൊയ്യുന്നവർ, പക്ഷേ, നേതാക്കളും സ്വാധീനമുള്ളവരുമാണ്. നിന്റെ വീട് സന്ദർശിച്ചവരും രോഷം പ്രകടിപ്പിച്ചവരുമായ രാഷ്ട്രീയക്കാർ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കാവൽ ഇല്ലാതെ പോകാറില്ല. അവരുടെ മക്കൾ വിദേശങ്ങളിലെ വരേണ്യസർവ്വകലാശാലകളിലോ രാഷ്ട്രീയഹിംസയോ, രാഷ്ട്രീയം തന്നെയോ, തൊട്ടുതീണ്ടാത്ത മുന്തിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും മറ്റുമാണ്. നിൻറെ പിതാവിന്റെ രാഷ്ട്രീയ എതിരാളികളും അവരുടെ മക്കളും ഇങ്ങനെ തന്നെ. അതായത്, ഈ പോരിൽ പാവപ്പെട്ടവർ മാത്രമാണ് ബലിയാടുകളാകുന്നത്.
അതുകൊണ്ട്, നാം സ്നേഹിക്കുന്നവരെ കൊലയ്ക്കുകൊടുക്കുന്ന എല്ലാത്തരം രാഷ്ട്രീയങ്ങളെയും ഏതുവില കൊടുത്തും നാം എതിർക്കുക. കേരളത്തിലിന്ന് മനോവികാസവും വകതിരിവും ധൈര്യവും ജീവനോടുള്ള കൂറും, മനുഷ്യത്വത്തിൻറെ കാതലായ അലിവും സ്ത്രീകൾക്കാണുള്ളത്. ആണുങ്ങൾ പോറ്റിവളർത്തുന്ന എല്ലാത്തരം കൊലപാതകരാഷ്ട്രീയങ്ങളെയും സ്ത്രീകളും കുഞ്ഞുങ്ങളും എതിർക്കണം, ഈ സമൂഹം നിലനിൽക്കണമെങ്കിൽ. ഇരുപക്ഷവും ഉയർത്തിവിടുന്ന വെറുപ്പിനെയും അവിശ്വാസത്തെയുമാണ് പരസ്പരസ്നേഹവും പങ്കുവയ്ക്കലുകളും കൊണ്ട് തോൽപ്പിക്കേണ്ടത്. അല്ലാതെ ഒരു കൊലപാതകിയെപ്പറ്റി മറ്റൊരു കൊലപാതകിയോട് സങ്കടം പറയുന്നതിൽ അർത്ഥമില്ല.

സസ്നേഹം

ജെ ദേവിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook