scorecardresearch
Latest News

ജനകീയ പൊലീസ് എന്ന കെട്ടുകഥ

അധികാര സംവിധാനത്തിലെ നിര്‍ണായക ഘടകങ്ങളായ പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും ജനാധിപത്യവല്‍ക്കരണം എന്തുകൊണ്ടാണ് സംഭവിക്കാത്തത് “നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു എഴുതുന്നു

ജനകീയ പൊലീസ് എന്ന കെട്ടുകഥ

കേരളത്തിലെ പൊലീസിന്‍റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുന്‍ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് ഏതാനും തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളെ ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കി നടത്തിയ പരീക്ഷണം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന പരിശോധന നടന്നു കണ്ടിട്ടില്ല. ഇവിടെ അത്തരമൊരു പരിശോധന ഉദ്ദേശിക്കുന്നില്ല. പൊലീസിന്‍റെ സമീപനത്തില്‍ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ച് ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍പോലും നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു ചര്‍ച്ച ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.

ജനമൈത്രി പൊലീസ് ആ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന കാര്യം കാണാതിരുന്നുകൂട. പൂര്‍ണമായിട്ടല്ലെങ്കിലും പരാതിയുമായി വരുന്നവരോട് എടാ പോടാ വിളികള്‍ നിര്‍ത്തുകയോ ചുരുക്കുകയോ ചെയ്ത് അവരോടു ഇരിക്കാന്‍ പറഞ്ഞ് അല്‍പം മര്യാദയോടെ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നു കാണാം. അപ്പോഴും ചില പൊലീസുകാരെങ്കിലും അല്പം പരിഹാസഭാവത്തിലാണ് ഈ പുതിയ ശൈലി നടപ്പിലാക്കുന്നതെന്ന് അനുഭവസ്ഥര്‍പറഞ്ഞ് കേട്ടിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ കൂട്ടോ ശുപാര്‍ശയോ ഇല്ലാതെ നാട്ടുകാര്‍ക്ക് നേരിട്ട് പൊലിസ് സ്റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയണം എന്നത് ജനമൈത്രീ പൊലീസ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. പക്ഷെ, ജനകീയ പൊലീസ് സ്റ്റേഷനുകളോടുള്ള സമീപനത്തില്‍പോലും  ജനങ്ങൾക്കിടയിൽ  കാര്യമായ മാറ്റങ്ങള്‍വന്നിട്ടില്ലെന്ന് അന്വേഷിച്ചാല്‍ അറിയാം. ജനമൈത്രി പൊലീസ്സ്റ്റേഷനുകളിലെ പെരുമാറ്റ രീതികളിലെ ചെറിയ ചില മാറ്റങ്ങള്‍അല്ലാതെ പൊലീസുകാരുടെ ജനങ്ങളോടുള്ള സമീപനത്തില്‍കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ജനങ്ങള്‍ ശരിയായി തിരിച്ചറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഏറെ മെച്ചപ്പെട്ട ഒരു ജനാധിപത്യ ഭരണഘടന നമുക്കുണ്ടെങ്കിലും നമ്മുടെ ഭരണ സമ്പ്രദായം ഇപ്പോഴും പഴയ ഫ്യൂഡല്‍ കൊളോണിയല്‍ ശൈലികളില്‍നിന്നും വിടുതല്‍ നേടിയിട്ടില്ലെന്ന വസ്തുതയാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ഫ്യൂഡല്‍ രാജവാഴ്ചക്കാലത്ത് ജനങ്ങളെ പ്രജകൾ അഥവാ ഭരിക്കപ്പെടുന്നവര്‍ മാത്രമായി കണ്ടു അവരുടെ മുകളില്‍കുതിര കയറിയിരുന്ന രാജകിങ്കരന്മാരാണ് കൊളോണിയല്‍കാലത്ത് പൊലീസ് ആയത്. ബ്രിട്ടീഷുകാരുടെ പൊലീസ് സങ്കല്പത്തില്‍മാറ്റങ്ങള്‍വന്നിരുന്നുവെങ്കിലും ഇവിടെ അവരുടെ കൊളോണിയല്‍ താല്‍പ ര്യങ്ങള്‍ക്ക് വേണ്ടി രാജകിങ്കരന്മാരായി തന്നെയാണ് അവര്‍ പൊലീസിനെ ഉപയോഗപ്പെടുത്തിയത്. രാജ്യം ജനാധിപത്യ റിപ്പബ്ലിക്കായി മാറിയെങ്കിലും ഭരണ സംവിധാനത്തില്‍കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്ന യാഥാര്‍ത്ഥ്യമാണ് നമ്മെ തുറിച്ച് നോക്കികൊണ്ടിരിക്കുന്നത്. ഭരണസംവിധാനത്തെ ജനാധിപത്യവല്‍ക്കരിക്കാനായി ശ്രമങ്ങളൊന്നും നടന്നിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കെണ്ടിയിരുന്നത്. പക്ഷെ, ആരും അത് ചെയ്തതായി കാണാനില്ല. കേരളത്തിന്‍റെ പുരോഗമനരാഷ്ട്രീയത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നവരും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ സമൂഹത്തി ലും പൊലീസിലുമെല്ലാം യൂണിയന്‍ സംഘടിപ്പിച്ചവര്‍ ഭരണ സംവിധാനത്തെ പഴയ രൂപത്തില്‍ ഉറപ്പിക്കുകയാണ് ചെയ്തത്.

kerala police, k.venu

ഒരു ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ഭരണസംവിധാനം കൈകാര്യം ചെയ്യുന്നവര്‍ ജനങ്ങളുടെ സേവകരായിരിക്കും. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ ഇത്തരമൊരു ജനാധിപത്യവല്‍ക്കരണം വലിയൊരു പരിധി വരെ നടന്നിട്ടുള്ളത് കാണാം. ആ രാജ്യങ്ങളില്‍ പൊലീസുകാരും സര്‍ക്കാർ ഉദ്യോഗസ്ഥരുമെല്ലാം സാധാരണക്കാരെ, തെരുവിലെ യാചകരെ ഉള്‍പ്പെടെ, സര്‍, എന്ന് സംബോ ധന ചെയ്യുമെന്ന് പറയുന്നത് അതിശയോക്തിപരമല്ല. ജനാധിപത്യ സംസ്കാരത്തില്‍ നിന്നാണ് അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. തോളിലും ശരീരത്തിലുമെല്ലാമായി വലിയ ലഗേജും താങ്ങി നടക്കുന്ന ഒരു പാശ്ചാത്യ ടൂറിസ്റ്റ് കയ്യിലുള്ള ഒരു തുണ്ട് കടലാസിടാന്‍മാലിന്യനിക്ഷേപസ്ഥലം പരതി നടക്കുന്നത് പരിഹാസ ത്തോടെ നോക്കികാണുന്നവരാണ് നമ്മുടെ പുരോഗമന മലയാളികള്‍. മാത്രമല്ല, നമ്മുടെ പുരോഗമാന മാന്യന്‍ വിലകൂടിയ കാറ് വിജനസ്ഥലത്ത് നിര്‍ത്തി മാലിന്യസഞ്ചി വലിച്ചെറിയുന്നത് കൂടി ഈ ചിത്രത്തോട് ചേര്‍ത്ത് വെയ്ക്കണം. പാശ്ചാത്യ ടൂറിസ്റ്റിന്റെയും പുരോഗമനമാന്യന്റെയും സാമൂഹികബോധം തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് നോക്കുക. ഇങ്ങിനെയുള്ള ഒരു സമൂഹത്തില്‍ സര്‍ക്കാര്‍ ഓഫീസിലെ ശിപായിയും ഒരു സാദാ പൊലീസുകാരനും സാധാരണ ജനങ്ങളുടെ മുന്നില്‍ അധികാരികളാവുന്നത് തികച്ചും സ്വാഭാവികം മാത്രം.

അധികാര ഘടനയുടെ ജനാധിപത്യവല്‍ക്കരണം തന്നെയാണ് നമ്മുടെ മുന്നിലുള്ള മുഖ്യപ്രശ്നം. ജനാധിപത്യസമൂഹങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ തന്നെയാണ് അതിന്‍റെ ഉത്തരവാദിത്വവും. ജനങ്ങള്‍ക്ക്‌ ആ ദിശയില്‍പ്രേരണ ചെലുത്താന്‍ മാത്രമേ പറ്റൂ. പക്ഷെ, ഇവിടെ ഒരു രാഷ്ട്രീയ നേതൃത്വവും ഇത്തരം പങ്ക് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. പൊലീസ്, ഉദ്യോഗസ്ഥ സംവിധാനങ്ങളെ ആശ്രയിച്ച് കൊണ്ടു മാത്രമേ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ തങ്ങളുടെ അധികാരം ഉറപ്പിച്ചു നിർത്തുവാന്‍ കഴിയൂ. അതുകൊണ്ടാണ് പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരേ നടപടി കള്‍വേണ്ടി വരുമ്പോൾ പൊലീസിന്‍റെ മനോവീര്യം തകരുന്നതിനെപ്പറ്റി നേതൃത്വങ്ങള്‍വേവലാതിപ്പെടുന്നത്.

എ.കെ. ആന്റണി, മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കോൺഗ്രസ്സുകാര്‍പൊലീസിനെ ഭരിക്കാന്‍ പോകരുതെന്ന് നിര്‍ദേശിക്കുകയുണ്ടായി. തത്വത്തില്‍ ശരിയെന്ന്‍ തോന്നിക്കുന്ന ഈ നിര്‍ദേശം കേരള സാഹചര്യത്തില്‍ ഗുണകരമായിരിക്കുകയില്ലെന്ന് ഈ ലേഖകന്‍ അപ്പോള്‍ത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് സംവിധാനമാണ് ഇവിടെയുള്ളത് എങ്കില്‍ ആന്റണിയുടെ നിലപാട് തികച്ചും ശരിയാണ്. പക്ഷെ, ഇവിടെ അതല്ലല്ലോ സ്ഥിതി. ഇവിടെ ഓരോ പൊലീസുകാരനും ഓരോ രാഷ്ട്രീയമുണ്ടാകും. മുകളില്‍ നിന്ന് നിയന്ത്രണങ്ങള്‍ ഒന്നുമില്ലെങ്കില്‍ അത്തരം താല്‍പര്യങ്ങള്‍ക്കനുസരിച്ച്, അധികാരം പ്രയോഗിക്കുകയും ചെയ്യും. അത് സമൂഹത്തിന് ദോഷമാണ് വരുത്തിവെയ്ക്കുക എന്നു കാണാന്‍ വിഷമമില്ല. അതിലും ഭേദം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ അധികാരം പ്രയോഗിക്കുന്നതായിരിക്കും. ഇപ്പോള്‍ പലയിടത്തും സംഭവിക്കുന്നത്‌ പോലെ അത് അധികാര ദുര്‍വിനിയോഗമാകാതെ നോക്കുകയാണ് വേണ്ടത് എന്നുമാത്രം

kerala police, k. venu

പൊലീസിനെ ജനകീയവൽക്കരിക്കുകയല്ല ഇപ്പോള്‍ വേണ്ടത്. രാഷ്ട്രീയമായി അര്‍ത്ഥശുന്യമായ ഒരു ലക്ഷ്യപ്രഖ്യാപനമാണത്. പൊലീസിനെ ജനങ്ങളുമായി .അടുപ്പിക്കുന്നത് ആവശ്യമല്ലേ എന്നു ചോദിക്കാം. അത് ചില പെരുമാറ്റ പരിശീലനം കൊണ്ട് നടക്കുന്ന കാര്യമല്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ പൊലീസിന്‍റെ പങ്കെന്താണ് എന്ന് അവരെ രാഷ്ട്രീയമായി അഭ്യസിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളെ ഭരിക്കുകയല്ല അവരെ സേവിക്കുകയാണ് തങ്ങളുടെ കടമ എന്ന് അവര്‍ക്ക് രാഷ്ട്രീയമായി ബോധ്യപ്പെടണം. അപ്പോള്‍മാത്രമേ ജനങ്ങളോടുള്ള അവരുടെ സമീപനം ആരോഗ്യകരമായി തീരുകയുള്ളു. അതല്ലാതെ ഇപ്പോള്‍ ചെയ്യുന്നത് പോലെ കുറ്റാന്വേഷണത്തിനു മൂന്നാംമുറ ഉപയോഗിക്കരുത് എന്നെല്ലാമുള്ള മാമൂല്‍ ക്ലാസുകള്‍കൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ല. അത് മനോഭാവത്തില്‍മാറ്റമുണ്ടാക്കാന്‍ സഹായിക്കണമെന്നില്ല.

അധികാര സംവിധാനത്തിലെ നിര്‍ണായക ഘടകങ്ങളായ പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും ജനാധിപത്യവല്‍ക്കരണം എന്ന രാഷ്ട്രീയ ലക്ഷ്യം നേടണമെങ്കില്‍ ഉറച്ച സാമൂഹ്യപ്രതിബദ്ധതയും അതിനനുസരിച്ചുള്ള ദൃഡനിശ്ചയവും ഉള്ള നേതൃത്വം തന്നെ വേണം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളില്‍ അത്തരം നേതൃത്വങ്ങളുടെ അഭാവം ഏറെ പ്രകടമാണ്. ഈ രംഗത്ത് കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ പരാജയം ശ്രദ്ധേയമാണ്. ജനാധിപത്യത്തെ കുറിച്ചെല്ലാമുള്ള അവരുടെ വികലധാരണകള്‍ ഈ അവസ്ഥയ്ക്ക് ഒരു കാരണമാണ്. സാദാഭരണവർഗ പ്രസ്ഥാനമായിട്ടുള്ള അവരുടെ പരിണാമവും ഇതിന് പശ്ചാത്തലമോരുക്കിയിട്ടുണ്ടെന്ന് കാണാം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Police reforms janamaithry police k venu