തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍ പിതാവിനെയും മകനെയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം, ശിക്ഷിക്കപ്പെടില്ലെന്ന പൊലീസിന്റെ ഉറപ്പ് സംബന്ധിച്ച വിഷയം വീണ്ടും ഉയര്‍ത്തുന്നു. വെടിയുണ്ടകൾ കൊണ്ട് ക്ഷണമായിരുന്നില്ല ഇരുവരുടെയും മരണം. എത്ര ക്രൂരമായിരുന്നു പൊലീസ് പീഡനമെന്നത് ഇരുവരെയുടെയും ആന്തരികാവയവങ്ങള്‍ തകര്‍ന്നതിൽനിന്ന് വ്യക്തമാക്കുന്നു. ക്രിമിനൽ കുറ്റം ചെയ്തതിന്റെ പേരിലായിരുന്നില്ല ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരിൽ ആരോപിക്കപ്പെട്ട കുറ്റമെന്തായിരുന്നു? കോവിഡ് പ്രതിരോധ കാലത്ത് കട അനുവദനീയമായതിലും കൂടുതല്‍ സമയം  തുറന്നിരുന്നു. ഇത് താരതമ്യേനെ ലഘുമായ സിവില്‍ കുറ്റമാണ്. അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയ്‌ഡ് കേസുമായി സാമ്യമുള്ള സംഭവമാണിത്. എന്നാല്‍ ഇന്ത്യയുടെ ഫ്‌ളോയ്ഡ്  മുന്നേറ്റം എവിടെ?

Also Read: വാരിയംകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?

2003 ലുണ്ടായ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പൊലീസുകാരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത് ഈ ആഴ്ച ആദ്യമാണ്. കോടതി ഉത്തരവ് പ്രകാരമുള്ള സസ്‌പെന്‍ഷന്‍ നിയമപരമായി അസാധുവാക്കാന്‍ സര്‍ക്കാര്‍ കഴിയില്ല. ഇതു ചൂണ്ടിക്കാട്ടി യൂനുസിന്റെ അമ്മ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. ഐടി എന്‍ജിനീയറായിരുന്നു ഖ്വാജ യൂനുസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചില്ല. യൂനുസിന്റെ മൃതദേഹം പോലും അമ്മയ്ക്ക് കാണാന്‍ കഴിഞ്ഞില്ല.

യൂനുസിന്റെ കുടുംബം നീതി തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. യൂനുസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്. കസ്റ്റഡിയില്‍ മരിച്ചുവെന്നാണ് സിഐഡി അന്വേഷണത്തില്‍ വ്യക്തമായത്. യൂനുസിനെ ലോക്കപ്പില്‍, ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റിയശേഷം ബെല്‍റ്റ് ഉപയോഗിച്ച് നെഞ്ചിലും അടിവയറ്റിലും മർദിച്ചു. കുറ്റാരോപിതരായ 14 പൊലീസുകാരില്‍ നാലുപേര്‍ക്കെതിരെ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തത്. കൊലപാതകം, നിര്‍ബന്ധിത കുറ്റസമ്മതത്തിനായി കഠിനമായ ദേഹോപദ്രവം, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നിവയ്ക്കുള്ള കേസ് ഇപ്പോഴും അവശേഷിക്കുകയാണ്.

യുഎസിലെ പ്രക്ഷോഭം കണ്ട് നമുക്ക് വിസ്മയവും ആശ്ചര്യവും തോന്നുന്നു. ‘ബ്ലാക്ക് ലൈവ്‌സ് മാറ്ററി’നെ പിന്തുണച്ച് ലണ്ടനിലും പാരീസിലും റാലികള്‍ നടന്നു. പ്രതിവര്‍ഷം ആയിരത്തോളം കറുത്തവംശജരെ യുഎസ് പൊലീസ് വെടിവച്ച് കൊല്ലുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ യുവാക്കളെ ‘കുറ്റവാളികള്‍’ എന്ന് വംശീയമായി അടയാളപ്പെടുത്തുകയും അവരെ കൊണ്ട് അമേരിക്കന്‍ ജയിലുകള്‍ നിറയ്ക്കുകയും ചെയ്യുന്നു. ചരിത്രപരമായി, അമേരിക്കയിലെ ആദ്യത്തെ പൊലീസ് യൂണിറ്റുകളില്‍ ചിലത് രക്ഷപ്പെട്ട അടിമകളെ പിടികൂടാനുള്ള പട്രോളായിരുന്നു. പിന്നീട്, പൊലീസ് യൂണിറ്റുകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഏര്‍പ്പെടുകയോ അതിനു സഹായിക്കുകയോ ചെയ്യുകയും വംശീയ വേർതിരിവ് ഉറപ്പാക്കിയിരുന്ന് ജിം ക്രോ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തു. കൈയാമം ധരിപ്പിച്ച ഫ്‌ളോയ്ഡിനെ റോഡില്‍ വീഴ്ത്തുകയും അദ്ദേഹത്തിന്റെ കഴുത്തില്‍ പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുകയും ചെയ്തു. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.

‘ബക്രിയാച്ചി ബോഡി’ (ആടിന്റെ ശരീരം) എന്ന പേരിൽ മറാത്തി മാധ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സമര്‍ ഖാദാസിന്റെ കഥയുണ്ട്. യൂനുസ് കേസിനെ ആസ്പദമാക്കിയുള്ള കഥയില്‍, മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തശേഷം  പൊലീസ് സ്റ്റേഷനില്‍ കസേരയില്‍ കെട്ടിയിടുന്നു. അവര്‍ അവന്റെ മുഖത്ത് തൂവാലയിട്ട് അതിലേക്ക് വെള്ളം ഒഴിക്കുന്നു. അയാള്‍ കുതറുന്നു, യാചിക്കുന്നു, പതുക്കെ അയാളുടെ അപേക്ഷയും ശബ്ദവും ദുര്‍ബലമാവുന്നു. അവസാനം നിശബ്ദത മാത്രം. ഈ സമയമത്രയും അയാള്‍ക്കു ചുറ്റുമിരുന്ന് പൊലീസുകാര്‍ തമാശകള്‍ പറയുകയും ഭക്ഷണം കഴിക്കുകയും ടിവി കാണുകയും ചെയ്യുന്നു.

1992-93 ലെ ബോംബെ ലഹളയില്‍ കുറ്റക്കാരെന്നു ശ്രീകൃഷ്ണ കമ്മിഷന്‍ കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറ്റം ചുമത്തുന്നതില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ വിമുഖത കാട്ടി.

ഇത്തരത്തിലുള്ള പൊലീസ് പെരുമാറ്റം പലപ്പോഴും ‘സമ്മര്‍ദം’ അല്ലെങ്കില്‍ ‘പൊലീസും സാധാരണക്കാരാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ന്യായീകരിക്കപ്പെടുന്നത്. ഈ വളച്ചൊടിച്ച വാദം, ഒരു വശത്ത് പോലീസിനെ അഹംഭാവമുള്ള, പ്രതികാര സ്വഭാവമുള്ള വീരന്മാരായി തുടരാന്‍ അനുവദിക്കുകയും മറുവശത്ത് അവര്‍ക്ക് ആയുധങ്ങളും അടച്ച ഇടങ്ങളും അനന്തരഫലങ്ങളില്‍നിന്നുള്ള പ്രതിരോധവും ലഭ്യമാക്കുകയും ചെയ്യുന്നു.

Also Read: തൂത്തുക്കുടിയിലെ ക്രൂരത ലോകമറിഞ്ഞത് ഇങ്ങനെ; സുചിയുടെ വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ

ഇന്ത്യയില്‍, പൊലീസ് ക്രൂരത സാധ്യമാക്കുന്ന ഘടനകള്‍ക്കു ബ്രിട്ടീഷ് രാജിന്റെ പഴക്കമുണ്ട്. ഗോത്രവര്‍ഗക്കാര്‍, ദലിതര്‍, മുസ്ലിംകള്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ ഏറ്റവും താഴ്ന്ന വിഭാഗങ്ങളെ അടക്കിനിര്‍ത്തുന്നതിനായി കൊളോണിയല്‍ സര്‍ക്കാര്‍ വെടിയുണ്ടകള്‍, പീഡനം, കുറ്റവാളികളായി മുദ്രകുത്തല്‍ എന്നിവ ഉപയോഗിച്ചു. സ്വാതന്ത്ര്യാനന്തരവും പൊലീസ് വകുപ്പുകള്‍ ക്രൂരവും മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നയും ശാസ്ത്രീയ പൊലീസിങ് തന്ത്രങ്ങളുടെ അഭാവമുള്ളതുമായി തുടര്‍ന്നു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വാഭാവികമായും “വളരെയധികം സാധ്യത’യുള്ളവരാണു” മുസ്ലിങ്ങളെന്നാണ് 14 ശതമാനം പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നതെന്ന് സര്‍ക്കാരേതര സംഘടനയായ കോമണ്‍ കോസ്, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ഡല്‍ഹി എന്നിവ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ”അല്‍പ്പം സാധ്യതയുള്ളവരാണ്” മുസ്ലിങ്ങളെന്നാണ് മറ്റു 36 ശതമാനം ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്.

നിലവിലെ വലതുപക്ഷ രാഷ്ട്രീയ ഭരണം അതിന്റെ രാഷ്ട്രീയ എതിരാളികളെ ‘ഒരു പാഠം പഠിപ്പിക്കാന്‍’ ശ്രമിക്കുമ്പോള്‍ ഈ പക്ഷപാതം വളരെ എളുപ്പമാണ്. കശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ ഡല്‍ഹി വരെയും ജെഎന്‍യു, ജാമിയ മുതല്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വരെയും പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമം നാം കണ്ടതാണ്.

വിഭജനത്തിനു മുമ്പ് ആരംഭിച്ച ഹിന്ദു-മുസ്ലിം ഭിന്നത കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ വലതുപക്ഷം വിജയകരമായി ഇന്ധനമാക്കി. 2006 ലെ ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതുപോലെ, ‘അപകടകരമായ ന്യൂനപക്ഷ” വ്യവഹാരം മുസ്ലിംകളുടെ വ്യവസ്ഥാപരമായ വിവേചനവും സാമ്പത്തിക പിന്നോക്കാവസ്ഥയും മറികടക്കുന്നത് മുസ്ലിം ഒബിസികള്‍ (മുസ്ലിങ്ങള്‍ക്കിടയിലെ താഴ്ന്ന ജാതികള്‍) സാമൂഹികവും സാമ്പത്തികവുമായ സൂചകങ്ങളില്‍ മുങ്ങിപ്പോകാന്‍ കാരണമായി. മുസ്ലിംകളെ വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രചാരണം പൊലീസിന് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നു.

പൊലീസ് മേധാവികള്‍ക്കുള്ള ‘കമാന്‍ഡ് ഉത്തരവാദിത്ത’ തത്വം ഇന്ത്യ പിന്തുടരുന്നില്ല. ഇതുകാരണം, തന്റെ ചുമതലയിലുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടാല്‍ സേനാ കമാന്‍ഡര്‍ കുറ്റക്കാരനല്ല.

Also Read: തൂത്തുക്കുടി കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് സർക്കാർ

പൊലീസ് ഉദ്യോഗസ്ഥനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധാരണ പൗരന്മാരെ നിയമം അനുവദിക്കുന്നില്ല. ആ വിവേചനാധികാരം സര്‍ക്കാരിനു മാത്രമുള്ളതാണ്. പൊലീസിലെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുന്നവര്‍ക്കു നീതിയിലേക്കുള്ള വഴി മുള്ളായി മാറ്റുന്നതിലൂടെ സര്‍ക്കാരുകളും ഉന്നത ഉദ്യോഗസ്ഥരും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആരോപിക്കപ്പെടുന്നു.

നിലവിലെ ഘടനയില്‍ കേവല പരിഷ്‌കാരങ്ങളല്ല വേണ്ടതെന്നും പൊലീസ് വകുപ്പുകളെ മൊത്തത്തില്‍ അഴിച്ചുപണിയണമെന്നുമാണ് യുഎസിലെ കറുത്തവര്‍ഗക്കാര്‍ ആവശ്യപ്പെടുന്നത്. ഫ്‌ളോയിഡിന്റെ സ്മരണാര്‍ഥം ”എനിക്ക് ശ്വസിക്കാന്‍ കഴിയില്ല” എന്ന് മുദ്രാവാക്യം മുഴക്കി അവര്‍ തെരുവുകളില്‍ മാര്‍ച്ച് ചെയ്യുകയാണ്. എനിക്ക് ശ്വസിക്കാന്‍ കഴിയില്ല എന്നതിനര്‍ഥം ”എന്റെ കഴുത്തില്‍ അവര്‍ കാല്‍ വച്ചാല്‍ എനിക്ക് സ്വതന്ത്രനാകാന്‍ കഴിയില്ല” എന്നതു കൂടിയാണ്. “എനിക്ക് സഞ്ചരിക്കാന്‍ കഴിയില്ല, എനിക്ക് ജോലി ചെയ്യാനോ സ്ഥലം വാടകയ്ക്കെടുക്കാനോ പ്രാര്‍ഥിക്കാനോ സര്‍വകലാശാലയിലേക്കു പോകാനോ കഴിയില്ല. എനിക്ക് ഒരു പൗരനാകാന്‍ കഴിയില്ല.”

കറുത്ത ജനതയുടെ ആവശ്യങ്ങളെ പിന്തുണച്ച്, ”നീതിയില്ലെങ്കിൽ, സമാധാനമില്ല” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് വെള്ളക്കാര്‍ യൂറോപ്പിലെയും യുഎസിലെയും തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗങ്ങളും സര്‍ക്കാരുകളും ഇതു പിന്തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

  • മുന്‍ രാജ്യസഭാ എംപിയാണ് ഹുസൈന്‍ ദല്‍വായ്. ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ പ്രൊഫസറാണ് സമീന ദല്‍വായ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook