scorecardresearch

ദാസും അമ്മയും

'ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി. ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി,' കേരളം തോറ്റ ജനതയാണെന്ന് മുൻകൂട്ടി കണ്ട് സ്വയം ഇറങ്ങിപ്പോയ സുബ്രഹ്മണ്യദാസിന്റെ അമ്മയെ കുറിച്ച് കവി ഗോപികൃഷ്ണൻ എഴുതുന്നു

'ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി. ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി,' കേരളം തോറ്റ ജനതയാണെന്ന് മുൻകൂട്ടി കണ്ട് സ്വയം ഇറങ്ങിപ്പോയ സുബ്രഹ്മണ്യദാസിന്റെ അമ്മയെ കുറിച്ച് കവി ഗോപികൃഷ്ണൻ എഴുതുന്നു

author-image
PN Gopikrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
subrahmanya das, p.n gopi krishnan , poet ,amma

എഴുത്തുകാരനാകാൻ തത്രപ്പെട്ട ഒരാൾ ആയിരുന്നില്ല സുബ്രഹ്മണ്യദാസ്. മാധ്യമങ്ങളിൽ, അതിനാൽ, അധികം പ്രസിദ്ധീകരിച്ചതുമില്ല. സച്ചിദാനന്ദൻ എഡിറ്റ് ചെയ്തിരുന്ന 'ഉത്തര'ത്തിലും ജനകീയ സാംസ്കാരിക വേദിയുടെ മുഖമാസികയായിരുന്ന 'പ്രേരണ' യിലും  ചില കുറിപ്പുകൾ.  അവയെല്ലാം ചേർത്തടിച്ചാൽ അല്പം നീണ്ട ലഘുലേഖയുടെ വലിപ്പം വരും.

Advertisment

പക്ഷേ അയാൾ നിരന്തരം കത്തുകൾ എഴുതിയിരുന്നു. വെങ്കിടിയ്ക്ക്, സച്ചിദാനന്ദന്, ബ്രഹ്മപുത്രന്, അശോകന്, മറ്റനേകം സുഹൃത്തുക്കൾക്ക്. കത്തെഴുത്ത് ജീവശ്വാസം പോലെ ഒന്നാകുന്നത് മറ്റാരിലും ഞാൻ കണ്ടിട്ടില്ല.  ഒരുപക്ഷേ, കത്തെഴുത്ത് എന്ന കല തന്നെ നിലച്ചുപോയ കാലം ആയതു കൊണ്ട് ഇനി കാണാനും പോകുന്നില്ല.

തന്‍റെ ഓരോ ദിവസത്തെയും വിചാരത്തിന്‍റെ കലയാക്കി അയാൾ കത്തെഴുത്തിലൂടെ മാറ്റിത്തീർത്തു. രാഷ്ട്രീയ സമസ്യ കൂടിയായി മാറിയ കാലത്തിന്‍റെ കെട്ടഴിക്കുകയായിരുന്നു അയാൾ, ഈ കത്തെഴുത്തിലൂടെ. കത്തിലൂടെ അയാൾ തെളിഞ്ഞു. ഇരുണ്ടു. അയാളുടെ രാത്രികളും പകലുകളും കത്തിൽ കാണാം. മനോഗാധത്തിലെ പർവ്വതങ്ങളെയും കടലുകളെയും അയാൾ കത്തുകളിലൂടെ അഭിമുഖീകരിച്ചു.

ആ കത്തുകൾ ചെന്നു നിന്നത് 'കേരളീയർ തോറ്റ ജനതയാണ്' എന്ന വാചകത്തിൽ ആയിരുന്നു. ആ നിഗമനം എഴുതി അവസാനിപ്പിച്ച് അയാൾ ഒരു തീവണ്ടിയ്ക്കടിയിലേക്ക് പോയി.

Advertisment

1981 ലോ 1982 ലോ ആയിരുന്നു അത്. അയാൾക്കന്ന് 23 ന്നോ 24 ലോ പ്രായം. അടിയന്തിരാവസ്ഥ കഴിഞ്ഞ്, കെ ജി എസ് എഴുതിയ പോലെ, 'തരളരും തരുണരും പ്രതികരണശേഷിയാൽ നിർഭരരുമായിരുന്ന ചിലർ തടങ്കലിൽ, ചിലർ വിഷങ്ങളിൽ, കാലമന്ദത മടുത്തവർ ഭ്രാന്തിൻ നിശിത വേഗങ്ങളിൽ' ആയിരുന്ന കാലത്തെ മനുഷ്യരെപ്പോലെ അയാൾ ആ വയസ്സിലും എത്രയോ കൂടുതൽ സഞ്ചരിച്ചിരുന്നു. മാർക്‌സിലും ബ്രെഹ്റ്റിലും ലൂക്കാച്ചിലും ബെൻയാമിനിലുമൊക്കെ അയാൾ സഞ്ചരിച്ചതിന്‍റെ വിപുലമായ യാത്രാവിവരണം ആ കത്തുകളിൽ.

സഞ്ചാരവിവരണത്തിന്‍റെ അവസാനം സ്വന്തം തല എറിഞ്ഞുടച്ച ആ സഞ്ചാരിയെ ഞാൻ ആദ്യമായിക്കാണുന്നത് 'ഒഴിഞ്ഞ മുറി' എന്ന സച്ചിദാനന്ദൻ കവിതയിലൂടെയാണ്. എട്ടിലോ ഒമ്പതിലോ പഠിയ്ക്കുന്ന കാലത്ത് അങ്ങനെ സുബ്രഹ്മണ്യദാസ് എന്നിലേയ്ക്ക് വന്നു.  ദാസിന്‍റെ മരണത്തിനു തൊട്ടു ശേഷം എഴുതിയ കവിത ആയിരുന്നു അത്. എന്‍റെ നാട്ടിൽ നിന്നും ഏതാനും കാതങ്ങൾ അകലെ ആയിരുന്നു അയാളുടെ വീട്. ലോകം വീടാക്കിയ ഒരാളെ സാമ്പ്രദായികത കൊണ്ട് വിവരിക്കുകയാണെങ്കിൽ.

subrahmanya das, p.n gopi krishnan , poet ,amma

പക്ഷേ, ആ വീട്ടിലെത്താൻ വീണ്ടും വർഷങ്ങൾ താണ്ടേണ്ടിയിരുന്നു. രണ്ടായിരത്തിന്‍റെ തുടക്കത്തിൽ കവിത ശ്വാസവും രക്തവുമായിരുന്നപ്പോൾ ഞങ്ങൾ 'കവിതാസംഗമം' എന്ന മാസിക ഏറ്റെടുത്ത് നടത്തിയിരുന്നു. അപ്പോൾ ആ കത്തുകൾ എന്‍റെ കയ്യിൽ എത്തി. സി എസ് വെങ്കിടേശ്വരൻ ആയിരുന്നു അവ തന്നത്.  അയാൾക്കും ഡോ. ബ്രഹ്മപുത്രനും എഴുതിയ കത്തുകൾ.  അച്ചടിയ്ക്കു മുമ്പ് പഴകിയ ഇൻലന്റിലെ ആ നീല മഷി വാക്കുകളിലൂടെ കടന്നു പോകുന്നത് ഒരർത്ഥത്തിൽ ഒരു സർറിയൽ അനുഭവം കൂടിയായിരുന്നു. അവ ഞാൻ വായിക്കുമ്പോൾ ഒരു ബുനുവൽ സിനിമയിൽ എന്ന പോലെ തീവണ്ടികളും ഒച്ചുകളും എന്‍റെ മുറിയിലൂടെ കടന്നു പോയി.

ഒരു സ്വപ്നം എന്നെ കാണാൻ തുടങ്ങി. മരിച്ച ആൾ അവശേഷിപ്പിച്ച എന്തിനേക്കാളും അയാളെ കാണിച്ചു തരിക അയാളുടെ കൈപ്പടയാണ്. ഗുഹയുടെ ഭിത്തികളിൽ ആദി മനുഷ്യർ ഭാഷ ആവിഷ്കരിച്ച അതേ സത്യസന്ധതയുടെ തിളക്കം കൈപ്പടയ്ക്കുണ്ട്. കംപ്യുട്ടറിലെ കീ കൊണ്ട് നുണയെഴുതുന്നതിനെ പോലെ അത്ര എളുപ്പമല്ല പേന കൊണ്ട് നുണ എഴുതാൻ. കാരണം നിങ്ങൾക്ക് വെട്ടിതിരുത്തേണ്ടിവരും. പ്രത്യക്ഷമായി. എന്ത് കൊണ്ട് സുബ്രഹ്മണ്യദാസ് തന്‍റെ സുഹൃത്തുക്കളിൽ നീറുന്ന ഒരു സാന്നിധ്യമായി തുടരുന്നു എന്ന് എനിയ്ക്കന്ന് മനസ്സിലായി.

ഇപ്പോൾ അയാൾ മരിച്ചിട്ട് മുപ്പത്തഞ്ചോ മുപ്പത്താറോ വർഷങ്ങൾ കഴിഞ്ഞു.  ജീവിച്ചിരുന്നതിലും കൂടുതൽ വർഷങ്ങൾ അയാൾ മരിച്ചതിനു ശേഷം പിന്നിട്ടു കഴിഞ്ഞു.  'ഒഴിഞ്ഞ മുറി' കഴിഞ്ഞു വർഷങ്ങൾക്കു ശേഷം സച്ചിദാനന്ദൻ മറ്റൊരു കവിത കൂടി എഴുതി.   'ഓറഞ്ചുമരങ്ങൾക്കിടയിൽ സുബ്രഹ്‌മണ്യദാസ് മരണത്തെക്കുറിച്ച് സംസാരിക്കുന്നു' എന്നോ മറ്റോ. ഇന്നലെ എന്നത്, പ്രകാശവർഷങ്ങൾക്ക് അകലെയുള്ള ഒന്നായിത്തീരുന്ന കാലത്ത്,  സച്ചിദാനന്ദനിൽ ദാസ് ഇത്രയും അധികം കാലം വസിച്ചതെങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്.  വെങ്കിടിയിലും ബ്രഹ്മപുത്രനിലും അശോകനിലും അയാൾക്ക് വലിയ മുറി ഉണ്ടായതെങ്ങനെ എന്നാലോചിച്ച് തല പുകഞ്ഞിട്ടുണ്ട്.  ജീവിച്ചു, വിചാരിച്ചു, മരിച്ചു എന്നതിനേക്കാൾ വലുതായിരുന്നു അയാൾ.

subrahmanya das, p.n gopi krishnan , poet ,amma സുബ്രഹ്മണ്യദാസിന്‍റെ അമ്മ പാർവ്വതി ടീച്ചർ

എന്നാൽ ആ സത്യം എന്നെ സംബന്ധിച്ച് പ്രശ്ന സങ്കുലമായത് പിന്നീടാണ്. പാർവ്വതി ടീച്ചറെ കണ്ടപ്പോൾ. പെരിഞ്ഞനം സ്‌കൂളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി ജയിച്ച കുട്ടി നക്സലൈറ്റാകാൻ ഇറങ്ങിത്തിരിച്ചപ്പോൾ, അയാളുടെ അഭാവത്തിൽ അയാൾ വരിക്കാരനായിരുന്ന കനേഡിയൻ കമ്മ്യുണിസ്റ് പാർട്ടിയുടെയും മറ്റും മുഖമാസികകൾ ലക്കം തെറ്റാതെ അവർ മകന്‍റെ മുറിയിൽ അടുക്കി വെച്ചു. അയാൾ പോയപ്പോൾ അയാൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ തന്‍റെ വീട്ടുമുറ്റത്ത്  'കൂടക്കര സുബ്രഹ്മണ്യദാസ് ലൈബ്രറി'യുണ്ടാക്കി അടുക്കും ചിട്ടയിലും ആക്കി.

ദാസിനെപറ്റി ഞാൻ ഒരിയ്ക്കലും ടീച്ചറോട് സംസാരിച്ചിട്ടില്ല,  ടീച്ചർ പറഞ്ഞിട്ടുമില്ല.  വെങ്കിടിയ്ക്കും ബ്രഹ്മപുത്രനും മുത്തുലക്ഷ്മിയ്ക്കും കുട്ടപ്പനും അമ്മിണിയ്ക്കും അസലുവിനും മണിലാലിനും രമേശേട്ടനും ജോയ് ചേട്ടനും മുഹമ്മദിനും ഒപ്പം അവരുടെ അടുത്ത് പലതവണ ഇരുന്നെങ്കിലും അവർ ദാസിനെ കുറിച്ച് പരാമർശിക്കുന്നത് കേട്ടിട്ടില്ല. എന്നാൽ ആ ലൈബ്രറിയെ കുറിച്ച് അവർ ഏറെ പറഞ്ഞിട്ടുണ്ട്. നോക്കാൻ കഴിയാതെ വന്നപ്പോൾ കുറെ പുസ്തകങ്ങൾ ഒരു ലൈബ്രറിയ്ക്ക് കൊടുത്തതിനെ പറ്റി. അത് അടച്ചിടേണ്ടി വന്നതിനെ പറ്റി...

ആ ലൈബ്രറിയുടെ ചുവരിൽ കേറിപ്പറ്റി ലോകത്തെ ചുഴിഞ്ഞു നോക്കുന്ന ദാസിന്‍റെയും ചിത്രങ്ങൾ ഒരിക്കൽ ഞാൻ എടുത്തു.  മരിച്ച മകന്‍റെ മുഖത്ത് ഫ്‌ളാഷ് അടിച്ചപ്പോൾ അവർ എന്നെ നോക്കി നാലോ അഞ്ചോ നിമിഷം നിശ്ശബ്ദയായിരുന്നു. ഗോർക്കിയുടെ അമ്മയെക്കാളും ആ നിമിഷങ്ങളിൽ അവർ വലുതായി.

subrahmanya das, p.n gopi krishnan , poet ,amma സുബ്രഹ്മണ്യദാസ്

ആ നിമിഷങ്ങളിൽ ആകണം 'ദാസിന്‍റെ അമ്മ' എന്ന കവിത ഉള്ളിൽ വീണത്.   'അമ്മ അറിയാൻ' എന്ന ജോൺ സിനിമ ഒരു ചരിത്രത്തെ രേഖപ്പെടുത്താൻ പിന്നാമ്പുറങ്ങളിലെ അമ്മമാരിലൂടെ സഞ്ചരിച്ചെ തീരൂ, എന്ന് ഉറപ്പിച്ച് പറഞ്ഞ സിനിമ ആണ്.  പിന്നാമ്പുറങ്ങളുടെ 'അമ്മ ലോകം' എത്ര വിസ്തൃതമായിരുന്നു എന്ന് അനന്തമൂർത്തിയും പറഞ്ഞു തന്നിരുന്നു.

പിന്നീട് ഒരിയ്ക്കൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ വീട്ടിൽ നിന്നും കുറച്ചു നാൾ അവർ മാറി നിന്നിരുന്ന സന്ദർഭത്തിൽ ഞങ്ങൾ അവരെ കാണാൻ പോയി. അസുഖ ബാധിതയായിരുന്നു അവർ.  ആ വീട് ഞങ്ങൾക്കറിയുമായിരുന്നില്ല.  വഴികൾ ആയ വഴികൾ ഒക്കെ ഞങ്ങളെ ചുറ്റിച്ചു. പെരിഞ്ഞനത്തെ വഴി സിരകളെ ഞങ്ങൾ അറിവില്ലായ്മ കൊണ്ട് കൂട്ടിക്കെട്ടി എന്ന് പറയുന്നതാകും ശരി. അവശയായിരുന്നിട്ടും ആ വഴികളെ അവർ ഫോണിലൂടെ അഴിച്ചു തന്നു.  അതോടെ ആ കവിത എഴുതാൻ വയ്യെന്നായി.

പിന്നീടൊരു നാള്‍ പാർവ്വതി ടീച്ചറുടെ നിശ്ചലദ്ദേഹം നോക്കി നിന്നപ്പോൾ 2011 ൽ ആ കവിത എഴുതിയതിനു ശേഷം ടീച്ചറെ ഒളിച്ചു നടന്നത് ഞാൻ ഓർത്തു. അത് അവരെ വേദനിപ്പിച്ചിട്ടുണ്ടാകാം എന്ന് എനിക്ക് തോന്നി. കവിതയെന്നാൽ വശങ്ങൾക്ക് മൂർച്ചയുള്ള ഒരിനം പുൽക്കൊടിയാണ്, ചിലപ്പോഴെങ്കിലും. അത് മുറിയ്ക്കും. ചോര പൊടിയ്ക്കും. നീറ്റും. എങ്കിലും, പിന്നീട് ആ അമ്മയെ കണ്ടപ്പോൾ വിശേഷാൽ ഒന്നും പറഞ്ഞില്ല. പോകാൻ നേരത്ത് ചായ കുടിച്ചു എന്നൊക്കെ പറയും പോലെ അവർ പറഞ്ഞു. 'കവിത വായിച്ചു.'  അത് എന്‍റെ കാവ്യ ജീവിതത്തിലെ ഒരു യഥാതഥ മുഹൂർത്തം ആയിരുന്നു.

Read More:  ദാസിന്രെ അമ്മയെ കുറിച്ച് ഗോപി കൃഷ്ണൻ എഴുതിയ കവിത ഇവിടെ വായിക്കാം *ദാസിന്‍റെ അമ്മ

ബുദ്ധൻ പറഞ്ഞ പോലല്ലാത്ത ശൂന്യതകളാൽ നിർഭരമാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്ഥലി. ഞങ്ങളുടെ നാട് കണ്ട ആദ്യത്തെയും അവസാനത്തെയും ദാര്‍ശനിക ആത്മഹത്യ സുബ്രഹ്മണ്യ ദാസിന്‍റെതായിരുന്നു. ഏത് നാടും ദിവസവും കണ്ടു കൊണ്ടിരിക്കുന്ന സ്വാഭാവിക മരണങ്ങളുടെ പരമ്പരയിലെ മരണങ്ങളിലൊന്ന് മാത്രമായിരുന്നു പാർവ്വതി ടീച്ചറുടെ. സുബ്രഹ്മണ്യദാസ് അർത്ഥം കണ്ടെത്താൻ പോയ രാഷ്ട്രീയ പരിസരത്തിന്‍റെ ആദ്യാക്ഷരം പോലും ടീച്ചർക്കറിയില്ലായിരുന്നു. പക്ഷേ 'അമ്മ' എന്ന വാക്കിനെ അവർ ജന്മബന്ധങ്ങളിൽ നിന്നും വിച്ഛേദിച്ചു. ഞങ്ങൾ ഒക്കെ മക്കൾ ആയിരുന്നു അവർക്ക്. ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി.  ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി.

Satchidanandan Memories Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: