Latest News

പകര്‍പ്പവകാശവും പകർപ്പവകാശ ലംഘനവും: അറിയേണ്ട കാര്യങ്ങൾ

കേരളത്തിൽ വീണ്ടുമൊരിക്കൽ കൂടി പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്നു.ഈ സാഹചര്യത്തിൽ പകർപ്പവകാശനിയമം എന്താണെന്നും ലംഘനം എന്താണെന്നും വിശദീകരിക്കുകയാണ് അധ്യാപകനും ഗവേഷകനുമായ അനൂപ് ശശികുമാർ

Copyright violation All you need to know

പകര്‍പ്പവകാശം അഥവാ copyright എന്ന വാക്ക് സ്ഥിരമായി കേള്‍ക്കുന്നതാണ്. നിലവിൽ കേരളത്തിൽ ഇതൊരു സംവാദവും വിവാദമായിരിക്കുകയാണ്. ഇതിന് മുമ്പും കേരളത്തിൽ പകർപ്പവകാശം വളരെ ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സാഹിത്യ മേഖലയിലാണ് കേരളത്തിൽ കൂടുതലും ഈ വിഷയം ചർച്ചയായിട്ടുളളത്. ചെറിയ തോതിൽ ബിസിനസ് മേഖലയിലും മറ്റും ഇത് കേസുകൾക്കും കേരളത്തിൽ വഴി തുറന്നിട്ടുണ്ട്. പകർപ്പവകാശം ഏതാണ്ട് എല്ലാ മേഖലകളിലും നിലനിൽക്കുന്ന ഒന്നാണ്. അക്കാദമിക് മേഖല മുതൽ സാധാരണക്കാർ നിത്യേന ഇടപെടുന്ന വിഷയങ്ങളുമായി ഒക്കെ പകർപ്പവകാശം പല തലത്തിൽ ഇടപെടുന്നു.

എന്താണ് പകര്‍പ്പവകാശം?

പകർപ്പവകാശം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇതിനെപ്പറ്റി പറയുമ്പോൾ ബൗദ്ധികസ്വത്തവകാശം(Intellectual Property Rights) അഥവാ IPR എന്തെന്ന് അറിയേണ്ടി വരും. ഒരു വ്യക്തിയോ കൂട്ടായ്മയോ സ്ഥാപനമോ  അവരുടെ കഴിവുകൾ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എന്തും IPRന്റെ പരിധിയില്‍ വരും. പുതിയതായി ഗവേഷണം ചെയ്ത് കണ്ടുപിടിച്ച ഒരു മരുന്ന്, പുതിയ ഒരു സാങ്കേതിക വിദ്യ, സോഫ്റ്റ്‌വെയര്‍, കഥ, കവിത, വ്യാപാര രഹസ്യങ്ങള്‍ (ഉദാഹരണത്തിന് കൊക്കകോളയുടെ രഹസ്യ ചേരുവ), ട്രേഡ് മാര്‍ക്കുകള്‍, കമ്പനി അടയാളങ്ങള്‍, (ഉദാഹരണത്തിന് ആപ്പിള്‍ ലോഗോ) ഇതെല്ലാം ബൗദ്ധിക സ്വത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.

ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയില്‍ പെടുന്ന ഒന്നാണ് പകര്‍പ്പവകാശം. പകര്‍പ്പവകാശം എന്നത് ഒരു മൗലിക സൃഷ്ടിക്ക് മേൽ അതിന്റെ സ്രഷ്ടാവിനുള്ള അവകാശമാണ്. ഇത് നിയമ പരിരക്ഷയുള്ള ഒന്നാണ്. ഒരു സൃഷ്ടി, അതെന്തുമായിക്കൊള്ളട്ടെ; അതിനെ എങ്ങനെ പ്രസിദ്ധീകരിക്കണം, ഏതു രീതിയില്‍ പ്രസിദ്ധീകരിക്കണം, എത്ര നാളേക്ക് പ്രസിദ്ധീകരിക്കണം, ഏതൊക്കെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം, അതില്‍ നിന്നുണ്ടാകുന്ന രണ്ടാം സൃഷ്ടികള്‍ (Derived Works) എങ്ങനെയൊക്കെ ആകാം, ഇതെല്ലാം പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ പെടുന്നതാണ്.

പകര്‍പ്പവകാശം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത് ഗുട്ടെന്‍ബര്‍ഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതിനു ശേഷമാണെന്ന് പറയാം. പുസ്തകങ്ങള്‍ വ്യാപകമായി ജനങ്ങളിലേക്ക് എത്തുകയും, പുസ്തക നിര്‍മാണത്തിന് ഒരു കച്ചവട സ്വഭാവം കൈവരികയും ചെയ്തപ്പോള്‍ മുതലാകണം ആളുകള്‍ ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്.  എല്ലാ രാജ്യങ്ങളിലും പകര്‍പ്പവകാശത്തിനു നിയമ പരിരക്ഷയുള്ളതാണ്.  18ആം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ ആണ് ആദ്യ പകര്‍പ്പവകാശ നിയമം നിലവില്‍ വന്നത്.

പകര്‍പ്പവകാശത്തിന്റെ പരിമിതികളും ഒഴിവാക്കലുകളും

പകര്‍പ്പവകാശ നിയമങ്ങളുടെ പരിമിതികള്‍ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടതല്ല. ഉപയോക്താവിന്റെ അവകാശം, ന്യായമായ ഉപയോഗം എന്നീ രണ്ടു വാദങ്ങള്‍ ആണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കച്ചവട താല്‍പ്പര്യങ്ങള്‍ നിലനില്‍ക്കാത്ത സാഹചര്യങ്ങളില്‍. (ഉദാഹരണത്തിന് വിദ്യാഭ്യാസം, ഗവേഷണം,നിരൂപണം, വാര്‍ത്ത, വിമര്‍ശം, പരിഹാസം) പകര്‍പ്പവകാശമുള്ള സൃഷ്ടികളുടെ പകര്‍പ്പുകള്‍/ ഭാഗങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശമാണ് ന്യായമായ ഉപയോഗം എന്ന വാദം. രാജ്യ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമായ ഉപയോഗത്തിന് വേണ്ടി പകര്‍ത്താവുന്ന അളവ് ഏറിയും കുറഞ്ഞും ഇരിക്കും. പലയിടത്തും ഒരു രചനയുടെ പത്തു ശതമാനം വരെ പകര്‍ത്തുന്നത് ന്യായമായ ഉപയോഗത്തിന്റെ പരിധിയില്‍ വരും. പക്ഷെ ഈ കണക്ക് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പകര്‍പ്പവകാശ ലംഘനവും രചനാമോഷണവും

ന്യായമായ ഉപയോഗത്തിന്റെ പരിധിയില്‍ വരാത്ത ഏത് പകര്‍ത്തിയെടുക്കലും പകര്‍പ്പവകാശ ലംഘനമാണ്. ഇതിനോട് കൂടി നില്‍ക്കുന്ന മറ്റൊരു വിഷയമാണ് രചനാമോഷണം. മറ്റൊരാള്‍ സൃഷ്ടിച്ച ഒന്നിനെ സ്രഷ്ടാവിനെ മറച്ചു വെച്ച് സ്വന്തം പേരില്‍ അവതരിപ്പിക്കുന്നതാണ് രചനാമോഷണം. പാട്ടിന്റെ ഈണം മോഷ്ടിക്കുന്നതും, പുസ്തകങ്ങളില്‍ നിന്നോ സാമൂഹിക മാധ്യമങ്ങളില്‍ നിന്നോ എഴുത്തോ വരയോ പകർപ്പവകാശ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് എല്ലാം രചനാമോഷണം തന്നെ. രചനാമോഷണത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നതും കണ്ടുപിടിക്കുന്നതും പ്രയാസമാണ്.

ഗവേഷണ സ്വഭാവമുള്ള എഴുത്തുകളില്‍ മുന്‍കാല രചനകള്‍ ഉപയോഗിക്കേണ്ടതായി വരും. അങ്ങനെ വരുമ്പോള്‍ ആകെയുള്ളതിന്റെ 10 മുതല്‍ 15 ശതമാനം വരെ സാദൃശ്യമാകാം എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. (ഇത് സാഹചര്യമനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും) വിമര്‍ശം, നിരൂപണം എന്നീ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ അളവില്‍ യഥാര്‍ഥ രചനയുടെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമാണ്.

ഇംഗ്ലീഷില്‍ രചനാമോഷണം കണ്ടുപിടിക്കാന്‍ Grammarly, iTthenticate, Turnitin എന്നീ സോഫ്റ്റ്‌വയറുകള്‍ ലഭ്യമാണ്. പ്രാദേശിക ഭാഷകളില്‍ ഇതു പോലെയുള്ള സങ്കേതങ്ങള്‍ ഇതു വരെ വന്നിട്ടില്ല എന്നാണ് അറിവ്. നേരിട്ടുള്ള പകര്‍ത്തലിന് പകരം ഗണ്യമായ അളവില്‍ വ്യാഖ്യാനരീതിയില്‍ (paraphrasing) എഴുതുന്നതും രചനാ മോഷണത്തിന്റെ പരിധിയില്‍ വരും. അതില്‍ ഒരു പൊതു അളവുകോല്‍ സാധ്യമല്ലാത്തതിനാല്‍ വിസ്തരിക്കുന്നില്ല.

ഇതെങ്ങനെ പകര്‍പ്പവകാശ ലംഘനമാകും എന്ന് സ്വാഭാവികമായും ചോദ്യം വരും, ഉത്തരം ലളിതമാണ്. തന്റേത് എന്ന് തെളിവു കാണിക്കാന്‍ പറ്റുന്ന എന്തും പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരും. അങ്ങനെയുള്ള ഒന്ന്, (അതെന്തുമായിക്കൊള്ളട്ടെ, ഒരു ഡയറിക്കുറിപ്പ്‌ പോലും) അത് അനുവാദം കൂടാതെ മറ്റൊരാള്‍ എടുത്താല്‍ നിയമലംഘനമാണ്. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം: നിങ്ങള്‍ പുസ്തകം എഴുതി, അത് അനുവാദമില്ലാതെ മറ്റൊരാള്‍ ഫോട്ടോകോപ്പി എടുത്തു വില്‍പ്പന നടത്തി എന്ന് വെയ്ക്കുക, അത്, പകര്‍പ്പവകാശ ലംഘനമാണ്. ഇതേ പുസ്തകം വേറെ ഒരാള്‍ സ്വന്തം പേരില്‍ അച്ചടിച്ച്‌ വില്‍പ്പന നടത്തി എന്ന് കരുതുക, പകര്‍പ്പവകാശ ലംഘനവും രചനാ മോഷണവും ഒരുമിച്ചു വരും.

പകര്‍പ്പവകാശനിയമം ഇന്ത്യയില്‍

1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമവും (Indian copyright act) അതിന്റെ 2012 ലെ ഭേദഗതിയുമാണ് പകര്‍പ്പവകാശം സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമം.[iii] ഇന്ത്യന്‍ പകര്‍പ്പവകാശനിയമപ്രകാരം സാഹിത്യം, സിനിമ, നാടകം, സംഗീതം, മറ്റ് കലകള്‍ എന്നിവ ഈ നിയമത്തിന്റെ പരിധിയില്‍ പെടും. പകര്‍പ്പവ കാശത്തിന്റെ അളവും തോതും സൃഷ്ടിയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. സാഹിത്യം, സിനിമ, നാടകം,സംഗീതം, മറ്റ് കലകള്‍ എന്നിവയുടെ പകര്‍പ്പവകാശം സ്രഷ്ടാവ് മരിച്ചു അറുപത് വര്‍ഷം വരെ നിലനില്‍ക്കും. സിനിമ, സൗണ്ട് റിക്കാര്‍ഡുകള്‍ മുതലായവയുടേത് അവ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ തുടങ്ങി അറുപത് വര്‍ഷം വരെയുമാണ്.

ഗവേഷണം, വ്യക്തിപരമായ ഉപയോഗം,വിദ്യാഭ്യാസം, വാര്‍ത്ത, നിരൂപണം, വിമര്‍ശനം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പകര്‍പ്പെടുക്കല്‍ ഇന്ത്യന്‍ നിയമ പ്രകാരം ന്യായമായ ഉപയോഗത്തിന്റെ പരിധിയില്‍ വരും. ഇന്ത്യന്‍ പകര്‍പ്പവകാശനിയമത്തില്‍ ന്യായമായ ഉപയോഗം എന്നത് എങ്ങും കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷേ, നിരൂപണം, വിമര്‍ശനം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പകര്‍ത്തല്‍ ന്യായമാണ് എന്ന് സിവിക് ചന്ദ്രന്‍ vs . അമ്മിണിയമ്മ കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. (തോപ്പില്‍ ഭാസി എഴുതിയ “നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി” എന്ന നാടകത്തിന് ബദലായി സിവിക് ചന്ദ്രന്‍ “നിങ്ങള്‍ ആരെ കമ്മ്യൂണിസ്റ്റ് ആക്കി” എന്ന നാടകം എഴുതുകയും, പ്രമേയപരമായ സാദൃശ്യം ഉണ്ട് എന്ന കാരണത്താല്‍ തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിയമനടപടി സ്വീകരി ക്കുകയുമാണ് ഉണ്ടായത്. [iv])

പകര്‍പ്പവകാശലംഘനം നടത്തുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ പകര്‍പ്പവകാശനിയമപ്രകാരം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇതില്‍ പ്രകാരം വാദിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാ വുന്നതാണ്.കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് പ്രതികള്‍ക്ക് ഒരുലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവ്‌ ശിക്ഷ എന്നിവയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.[v]

പകര്‍പ്പവകാശം ഇല്ലാതാകുമ്പോള്‍

എല്ലാത്തിനും പകര്‍പ്പവകാശം ഉണ്ടോ? തീര്‍ച്ചയായും ഇല്ല. പകര്‍പ്പവകാശം ബാധകമല്ലാത്ത സൃഷ്ടികളും ഉണ്ട്.

1. പകര്‍പ്പവകാശ സമയം കഴിഞ്ഞ സൃഷ്ടികള്‍

2. പകര്‍പ്പവകാശ നിയമം വരുന്നതിന് മുന്‍പുള്ള സൃഷ്ടികള്‍

3. കര്‍ത്താവ് പകര്‍പ്പവകാശം ഇല്ലാതെ പുറത്തിറക്കിയ സൃഷ്ടികള്‍

ഇതില്‍ ഒന്നും രണ്ടും വിഭാഗത്തെപ്പറ്റി അധികം പറയേണ്ടതില്ല. മൂന്നാമത്തേതിനെ copyleft(പകർപ്പുപേക്ഷ) എന്ന് വിളിക്കാം. ഇവിടെ കര്‍ത്താവ് തന്‍റെ പകര്‍പ്പവകാശം മൊത്തമായോ ഭാഗീകമായോ ഉപേക്ഷിക്കുന്നു. Copyleft ആയ സൃഷ്ടികള്‍ മറ്റുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പകര്‍ത്താനും മാറ്റം വരുത്താനും വിതരണം ചെയ്യാനും (കച്ചവട സ്വഭാവത്തോട് കൂടിയും ഇല്ലാതെയും) അനുവാദമുണ്ടായിരിക്കും. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1985 ല്‍ എഴുതിയ GNU Manifesto(ഗ്നു മാനിഫെസ്റ്റോ) യില്‍ ആണ് ഈ ആശയം ആദ്യമായി വിപുലമായ രീതിയില്‍ വിശദീകരിക്കപ്പെട്ടത്.[vi] Copyleft സ്വഭാവമുള്ള ലൈസന്‍സുകള്‍ കൈകാര്യം ചെയ്യുന്ന നിരവധി സംഘടനകള്‍ നിലവിലുണ്ട്. അതില്‍ creative commons എന്ന അമേരിക്കന്‍ not-for-profit സംഘടനയുടെ ലൈസന്‍സുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

മുന്നോട്ടുള്ള യാത്ര

സാങ്കേതിക വിദ്യ മാറി വരുന്നതിനനുസരിച്ച് പകര്‍പ്പവകാശം എന്ന ആശയവും മാറിക്കൊണ്ടിരിക്കുന്നു. പുത്തന്‍ സാങ്കേതികവിദ്യകള്‍ പകര്‍പ്പവകാശ ലംഘനം വളരെ എളുപ്പമാക്കുന്നു. കോടികള്‍ മുതല്‍മുടക്കുന്ന സിനിമാ പ്രവര്‍ത്തകരെ വരെ മുട്ടുകുത്തിക്കാന്‍ ഒരു കാമറയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനും ധാരാളമാണ് എന്ന് thamilrockers പോലെയുള്ള വെബ്‌സൈറ്റുകള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. DRM (ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ്) പോലെയുള്ള സാങ്കേതിക വിദ്യകള്‍ മറികടന്ന് മലയാളത്തിലെ യുവസാഹിത്യകാരന്‍ അഖില്‍ പി ധര്‍മ്മജന്റെ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ കടന്നുകൂടിയതും നാം കണ്ടു. എഴുത്തുകാരന് പുസ്തക വില്‍പ്പന വഴി കിട്ടാവുന്ന പണം ആണ് ഇവിടെ നഷ്ടപ്പെടുന്നത്.

സാഹിത്യത്തിലും സിനിമയിലും ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഗവേഷണ ത്തില്‍ മറിച്ചാണ്. പൊതുഘജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചുനടത്തുന്ന ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പല ജേണലുകളും എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കാറില്ല. മറിച്ച് വരിക്കാരിൽ നിന്നും ഈടാക്കുന്നത് വഴി ചില പ്രസാധകര്‍ ലാഭം കൊയ്യുന്ന കാര്യം ഒരുപക്ഷേ എല്ലാവര്‍ക്കും അറിവുണ്ടാ കണം എന്നില്ല. ഉദാഹരണത്തിന് തോന്നുംപടി വില കൂട്ടിയെന്ന പേരില്‍ ജര്‍മന്‍ സര്‍വകലാശാലകള്‍ Elsevier ന്റെ സബ്സ്ക്രിപ്ഷന്‍ നിര്‍ത്തിയത് ഈ അടുത്തകാലത്താണ് എന്ന് കാണാം. [vii]

പകര്‍പ്പവകാശലംഘനത്തില്‍ കൃത്യമായ അഭിപ്രായം പറയുക പ്രയാസമാണ്. അറിവ് എന്നത് എല്ലാവര്‍ക്കും ലഭിക്കണം എന്ന വാദത്തോട് ഒരു പരിധി വരെ യോജിക്കാം, പക്ഷെ അതേ സമയം സൃഷ്ടികര്‍ത്താവിന്റെ മൗലികതയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. എല്ലാത്തിനും മുകളിലാണ് നൈതികത. അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കുക എന്നത് നീതിയാണ്. അങ്ങനെ ചെയ്യാത്ത എന്തും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നീതിരഹിതവും മോഷണത്തിന് സമാനവും ആണ് എന്ന് പറയേണ്ടിവരും.

 

അവലംബം

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Plagiarism copyright violation all you need to know

Next Story
അത് ഒന്നിച്ച് മരിക്കലായിരുന്നില്ല, കൊലപാതകമായിരുന്നു; അയാളൊരു വഞ്ചിക്കപ്പെട്ട കാമുകനായിരുന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express