scorecardresearch
Latest News

ആണധികാര​ കേരളം

കേരളത്തിലെ ഭരണകൂടം ജനക്ഷേമോന്മുഖവും ലിബറൽസ്വാതന്ത്ര്യങ്ങളെ അനുകൂലിക്കുന്നതുമാണെന്ന ധാരണ അഭിപ്രായഭിന്നതകൾക്കതീതമായി നാമറിയാതെ നമ്മിൽ തങ്ങിനിൽക്കുന്നതുതന്നെയാണ് ജാഗ്രതക്കുറവിനു കാരണം

j devika, feminist,

കേരളത്തിലിന്ന് സ്ത്രീകൾ വല്ലാത്തൊരു കാലത്തിൽ കൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകൾക്കു പൊതുവിൽ, സമുദായ-വർഗ-പ്രായഭേദമന്യേ, കാലം മോശമാണെന്നാണു പറയുന്നത് . സ്ത്രീകളിൽത്തന്നെ ചില പ്രത്യേകവിഭാഗക്കാരെ, സർക്കാർ നിഷ്ക്കരുണം ചവിട്ടിമെതിക്കുന്നുണ്ട്, പക്ഷേ, ചില വ്യക്തികളെ ഒഴിച്ചു നിർത്തിയാൽ, സ്ത്രീവിഭാഗങ്ങൾ ആനുകൂല്യം അനുഭവിക്കുന്നു എന്നല്ല ഇതിനർത്ഥം. കേരളത്തിൽ ഒരുവശത്ത് സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് ആരംഭിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. സർക്കാരിൻറെ വികസന വ്യവഹാരത്തിൽ സ്ത്രീശാക്തീകരണത്തെ പ്രതിഷ്ഠിച്ചതുകൊണ്ടുണ്ടായ രാഷ്ട്രീയലാഭം നാട് ഭരിക്കുന്ന കക്ഷി തുടർന്നും കൊയ്തുകൊണ്ടിരിക്കുന്നു. എങ്കിലും എല്ലാ സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബദ്ധപ്പെടുന്നു എന്ന് ഇതു കൊണ്ടർത്ഥമാകുന്നില്ല.

കേരളാ പൊലീസ് എല്ലാ വിഭാഗക്കാരായ സ്ത്രീകളെയും ചവിട്ടിമെതിക്കാനും പ്രാകൃതമായ ആൺ അധികാരബോധത്തെയും സ്ത്രീവിരുദ്ധസംസ്കാരത്തെയും പുനഃസ്ഥാപിക്കാനും പ്രതിജ്ഞാബദ്ധമായതുപോലെയുണ്ട്. മുസ്‌ലിം മതം സ്വീകരിച്ച സ്ത്രീയെ തടവിൽ പാർപ്പിച്ച് ശിക്ഷിക്കുന്നതിൽ അവർ ഉത്സാഹത്തോടെ പങ്കുചേർന്നെങ്കിൽ, ലിബറൽസ്വാതന്ത്ര്യങ്ങൾ വിനിയോഗിക്കാൻ ശ്രമിച്ച യുവതീ യുവാക്കന്മാരെ വെറുതേ വിടാൻ അവർ ഉദ്ദേശിച്ചിട്ടില്ലെന്നു സമീപകാലസംഭവങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ഭരിക്കുന്ന കക്ഷിക്കും അവരുടെ വലിയ നേതാവിനും ഇഷ്ടമില്ലാത്തവരോട് ഇടപഴകുക, അല്ലെങ്കിൽ ആ കക്ഷിയെ വിമർശിക്കുക തുടങ്ങിയ പ്രവൃത്തികളിലേർപ്പെട്ടാൽ മുസ്‌ലിമായാലും മുസ്‌ലിം ഭീതിയെ അലങ്കാരമായിക്കൊണ്ടു നടക്കുന്നവരായാലും ശരി, ഭരണകൂടപക്ഷത്തു നിന്ന് മനുഷ്യാവകാശലംഘനം പ്രതീക്ഷിക്കാം.

എന്നാൽ മാദ്ധ്യമശ്രദ്ധയും ആക്ടിവിസ്റ്റുകളുടെ പെരുമാറ്റവും അധികവും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒതുങ്ങുന്നതു കൊണ്ടാവണം, ഈ വൃത്തങ്ങളിൽ നിന്നു നോക്കിയാൽ കാണാത്ത തലങ്ങളിൽ വളർന്നു വരുന്ന സ്ത്രീവിരുദ്ധത ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ദേശീയതലത്തിൽ തിരുത്തപ്പെട്ട തെറ്റുകൾ ഇവിടെ പുനഃസ്ഥാപിക്കുമെന്ന വാശി അധികാരികൾ കാണിച്ചുതുടങ്ങിയോ എന്ന് സംശയം തോന്നിപ്പോകും ചിലപ്പോൾ. വികസന വേലയിലേക്കു സ്ത്രീകളെ കൂട്ടാൻ ഉത്സാഹിക്കുന്ന അതേ അധികാരിവർഗം അങ്ങേയറ്റം യാഥാസ്ഥിതികമായ ലിംഗമൂല്യങ്ങളിൽ അവരെ തളയ്ക്കാനും പണിപ്പെടുന്നു, നമ്മുടെ കൺവെട്ടത്തിനപ്പുറത്തും.

j devika, feminist,
ഇങ്ങനെ തോന്നിയത് ഇവിടുത്തെ ആരോഗ്യവകുപ്പ് ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകളുടെ വൈദ്യപരിശോധനയ്ക്കായി തയ്യാറാക്കിയ മാർഗരേഖയും നിർദ്ദേശങ്ങളും കാണാനിടയായപ്പോഴാണ്. 2014ൽ ദേശീയ സർക്കാർ അംഗീകരിച്ച കൂടുതൽ സ്ത്രീ സൗഹാർദ്ദപരമായ മാർഗനിർദ്ദേശങ്ങളെ ഈ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ തിരുത്തിയെഴുതാൻ ചില ശ്രമങ്ങൾ ആരംഭിച്ചതായും സൂചനയുണ്ട്. ഇതിൽ നിർഭയാ കേസിന് ശേഷം ഇന്ത്യയിൽ ലൈംഗികാതിക്രമത്തെ സംബന്ധിച്ചുള്ള നിയമത്തിൽ ഉണ്ടായ പുരോഗമനപരമായ മാറ്റങ്ങളെ ഇല്ലാതാക്കുന്ന ചട്ടങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
‘സംശയകര’മായ കേസുകളിൽ പ്രായം തെളിയിക്കാൻ നിയമസാധുതയുള്ള രേഖകൾ ഉണ്ടെങ്കിലും പരിശോധിക്കുന്ന ഡോക്ടർ പ്രായം അനുമാനിക്കണമെന്ന നിർദ്ദേശം 2015ലെ ബാലാവകാശ നിയമത്തിൻറെ (Juvenile Justice Act) വകുപ്പുകൾക്ക് വിരുദ്ധമാണ്. അതുപോലെ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ (അപ്രസക്ത)വിവരങ്ങൾ ശേഖരിക്കണമെന്ന നിർദ്ദേശം പരിശോധനയ്ക്കു വിധേയമാകുന്ന വ്യക്തിയുടെ മുൻകാല ലൈംഗിക പരിചയത്തെക്കുറിച്ചുള്ള പതിവു അനുമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. അതിജീവിച്ച വ്യക്തിയുടെ ലൈംഗിക ഭൂതകാലത്തെപ്പറ്റിയോ ലൈംഗിക പരിചയത്തെപ്പറ്റിയോ ആരായേണ്ടതില്ല എന്ന ദേശീയ മാർഗരേഖാ നിർദ്ദേശത്തിന് വിരുദ്ധമാണ് ഇത്. ലൈംഗികാതിക്രമത്തെ അതിജീവിച്ച വ്യക്തിയുടെ മാനസികനില, സ്ഥലകാലബോധം മുതലായവയെ നിരീക്ഷിക്കണമെന്ന നിർദ്ദേശം കേരള മാർഗരേഖയിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

പൊതുവേ അതീജീവിച്ച വ്യക്തിക്ക് സ്വയം തീരുമാനങ്ങളെടുക്കാനുള്ള സാദ്ധ്യതയെ ഈ നിർദ്ദേശങ്ങൾ കാര്യമായി എടുക്കുന്നില്ല, തന്നെയുമല്ല, ലൈംഗികാതിക്രമത്തിനു വിധേയരാകുന്നവരെപ്പറ്റിയുള്ള പിതൃമേധാവിത്വ മുൻവിധികളെ മുഴുവൻ വീണ്ടും ഉറപ്പിക്കാൻ ഉതകുന്നവയാണവ. ഈ നിർദ്ദേശങ്ങളെ ദേശവ്യാപകമായി അംഗീകരിക്കാനുള്ള നീക്കം ചിലയിടങ്ങളിൽ നിന്ന് ഉണ്ടായിത്തുടങ്ങിയതോടെ CEHAT മുതലായ ജനകീയ ആരോഗ്യസംഘടനകൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയിരിക്കുന്നു. വിവരംകെട്ട പോലീസുകാരെ മാത്രം മലയാളി സ്ത്രീകൾ പേടിച്ചാൽ മതി, ബാക്കിയെല്ലാം ഭദ്രമാണെന്നു കരുതുന്നത് തീരെ ബുദ്ധിയല്ല എന്നർത്ഥം.

സ്ഥിതി ഇതാണെങ്കിലും ഇത്തരം മാറ്റങ്ങളെ സംബന്ധിച്ചുള്ള ജാഗ്രത കേരളത്തിലെ ഫെമിനിസ്റ്റുകൾ എന്നു അവകാശപ്പെടുന്ന ഇളം തലമുറയ്ക്ക് വേണ്ടത്രയുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. പൊതുവേ പറഞ്ഞാൽ ഇന്നത്തെ ചെറുപ്പക്കാർ മറ്റേതു കാലത്തെക്കാളും ലോകപരിചയവും ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാപരിചയവും ഉള്ളവരാണ്. കേരളത്തിനു പുറത്തുള്ള മുന്തിയ സർവകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും ദീർഘകാലം ചെലവഴിച്ച് ഉന്നത ബിരുദങ്ങൾ നേടിയ സ്ത്രീകൾ ഇന്ന് താരതമ്യേന കൂടുതലുണ്ട്. എന്നാൽ ഭരണകൂടത്തെ വിമർശനബുദ്ധിയോടെ ഫെമിനിസ്റ്റ് പക്ഷത്ത് നിന്ന് സസൂക്ഷ്മം വീക്ഷിക്കാനും ആഗോള തലത്തിൽത്തന്നെ സ്ത്രീകളെ ബാധിക്കുന്ന സർക്കാർ നയങ്ങളെയും അവയെക്കുറിച്ചുള്ള ഫെമിനിസ്റ്റ്ചർച്ചകളെയും മറ്റും പിന്തുടരാനും ഇവിടെ എത്രപേർ മെനക്കെടുന്നുണ്ട്? ഇത്തരം ആക്ടിവിസം കെളവികൾക്കു പറഞ്ഞിട്ടുള്ളതാണ്, അത് വേണ്ടത്ര കൂൾ അല്ല എന്ന തോന്നൽ വ്യാപകമാണോ? വായന തന്നെ കൂൾ അല്ലെന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയായാലും അത്ഭുതമില്ല.

j devika, feminist,

എന്നാൽ ഒരുപക്ഷേ ഈ അലസതയുടെ കാരണം നമ്മുടെ കഴിവുകേടോ, ബൗദ്ധിക വിഭവമില്ലായ്മയോ ആയിരിക്കില്ല. പൊതുവേ പറഞ്ഞാൽ നാം ഇന്നും കേരളത്തിലെ ഭരണകൂടത്തെപ്പറ്റി അപക്വധാരണകളാണ് കൊണ്ടു നടക്കുന്നത്. 2000നു ശേഷം ഇവിടുത്തെ രാഷ്ട്രീയകക്ഷികളിൽ പ്രവർത്തിക്കുന്നവരിൽ ചില വിഭാഗങ്ങൾ ഒരു വശത്ത് എൻ ആർ ഐ മലയാളി മൂലധനവും ഭരണകൂടവും തമ്മിൽ പലതരം അടുപ്പങ്ങളുണ്ടാക്കാൻ സഹായിക്കുന്ന ഇടപാടുകാരുടെ കൂട്ടങ്ങളും, മറുവശത്ത് കാര്യങ്ങൾ ഒതുക്കിത്തീർക്കാനും നടത്തിക്കൊടുക്കാനും സഹായിക്കുന്നവരുടെ റാക്കറ്റുകളും ആയി മാറാൻ തുടങ്ങി. ആ മാറ്റം ഇന്നും തുടരുകയാണ്. ദേശീയ ഭരണകൂടത്തിന്റെയത്ര വേഗത്തിലല്ലെങ്കിലും, ഇവിടുത്തെ ഭരണകൂടവും ഇരപിടിയൻ മുതലാളിത്തത്തിന് വേണ്ടി വിഭവങ്ങൾ സംഭരിച്ചുകൊടുക്കുന്ന, മുസ്ലീങ്ങളെയും ദലിത്-ആദിവാസിവിഭാഗങ്ങളെയും വേട്ടയാടുന്ന സുരക്ഷാഭരണകൂടത്തിന്റെ ഭാവഹാവാദികൾ കൈക്കൊണ്ട് തുടങ്ങിക്കഴിഞ്ഞു. സാംസ്കാരിക മണ്ഡലത്തിൽ മേൽക്കൈ നേടാൻ മത്സരിക്കുന്നവർ ഇത് ശ്രദ്ധിക്കുന്നില്ല.

ചുംബനസമരക്കാലത്ത് അങ്ങേയറ്റം യാഥാസ്ഥിതികമായ ഈ ഭരണകൂടം മതകീയമല്ലാത്ത ജീവിതസ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവരെ ആക്രമിച്ചപ്പോൾ ആ ആക്രമണത്തെ ഫലത്തിൽ ന്യായീകരിച്ച് കൊണ്ട് മത യാഥാസ്ഥിതികത്വത്തെ ഉയർത്തിപ്പിടിക്കാൻ ചില മുസ്‌ലിംസംഘടനകൾ തയ്യാറായെങ്കിൽ, ഇന്ന്, നേരെ മറിച്ച്, ഭരണകൂടം അഴിച്ചുവിടുന്ന ഇസ്‌ലാം ഭീതിയെ പൊലിപ്പിക്കാനും പരത്താനും തയ്യാറായി പല മതേതരവാദികളും നിൽക്കുന്നു. രണ്ടിലും ഫലം കൊയ്ത്തത് യാഥാസ്ഥിതികവും ജനാധിപത്യവിരുദ്ധവുമായ ഭരണകൂടം തന്നെയാണ്.

കേരളത്തിലെ ഭരണകൂടം ഇപ്പോഴും അധികവും ജനക്ഷേമോന്മുഖവും ലിബറൽസ്വാതന്ത്ര്യങ്ങളെ അനുകൂലിക്കുന്നതുമാണെന്ന ധാരണ അഭിപ്രായഭിന്നതകൾക്കതീതമായി നാമറിയാതെ നമ്മിൽ തങ്ങിനിൽക്കുന്നതുതന്നെയാണ് മേൽപ്പറഞ്ഞ ജാഗ്രതക്കുറവിനു കാരണം. ഇന്നും ഈ ഭരണകൂടത്തിൽ ജനക്ഷേമോന്മുഖമായ ഘടകങ്ങളുണ്ടെന്നു തർക്കമില്ല, എന്നാൽ ഭരണകൂടത്തിൻറെ പൊതുസ്വഭാവം മാറിത്തുടങ്ങിയത് ശ്രദ്ധിക്കാതിരിക്കുന്നത് അപകടം തന്നെ. ഇക്കാര്യത്തിൽ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പറയാൻ മടിക്കുന്നില്ല. കാരണം, ഇന്ന് ജാഗ്രതയില്ലായ്മ കൊണ്ടുള്ള വലിയനഷ്ടം സ്ത്രീകൾക്കാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Patriarchy policing feminist discourse government policy j devika