മൃഗങ്ങളോടുള്ള ക്രൂരതയും, രക്തച്ചൊരിച്ചിലും കശാപ്പും എപ്പോഴും കൂട്ടിവായിക്കപ്പെടുന്നത് കശാപ്പുശാലകളോടും ബീഫ് ഉപഭോഗത്തോടുമൊക്കെയാണ്. എന്നാല്‍ ഇതിലും വലിയ ക്രൂരതകള്‍ കാലികള്‍ നേരിടേണ്ടി വരുന്നത് ക്ഷീര മേഖലയിലാണെന്ന വസ്തുത പലപ്പോഴും മറന്നാണ് ബീഫ് നിരോധനത്തിനുള്ള മുറവിളി ഉയരുന്നത്. നമ്മള്‍ വിശ്വസിച്ച് വെച്ചിരിക്കുന്നത് പോലെ മനുഷ്യന് വേണ്ടി സന്തോഷത്തോടെ പാല്‍ ചുരത്തുന്ന ഒരു പശുവും ഭൂമിയില്‍ ഇല്ല!

ക്ഷീര കാര്‍ഷിക മേഖലയില്‍ കാലികള്‍ ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഇവയ്ക്ക് ജീവിക്കേണ്ടി വരുന്നതും. 2016 ജൂണില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (എഫ്ഐഎപിഒ) ആല്‍വാര്‍, ജയ്പൂര്‍, ജോധ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. കന്നുകാലികളോടുള്ള ക്രൂരതയും പരിതാപകരമായ സാഹചര്യങ്ങളിലെ ഇവയുടെ ജീവിതവും ഫെഡറേഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നമ്മള്‍ മനുഷ്യരെ പോലെ തന്നെ പശുക്കള്‍ പാല്‍ ചുരത്തുന്നത് അവയുടെ കിടാക്കള്‍ക്കാണെന്ന് നമുക്ക് അറിയാം. കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടി കാലികള്‍ നിരന്തരം പ്രസവിക്കേണ്ടി വരുന്നു. മിക്കപ്പോഴും കൃത്രിമബീജസങ്കലനത്തിലൂടെയാണ് കാലികള്‍ ഗര്‍ഭിണികളാവുന്നത്.

കൂടുതല്‍ പാല്‍ ഉണ്ടാവാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാലികള്‍ പ്രസവിക്കേണ്ടി വരുന്നു. കൃത്രിമ ഗര്‍ഭധാരണം കാലികളുടെ ആയുസ് കുറക്കുന്നതായും എഫ്ഐഎപിഒയുടെ  പഠനങ്ങളില്‍ പറയുന്നു. സാധാരണയായി 25 വയസുവരെ ജീവിക്കുന്ന കാലികള്‍ ക്ഷീരോത്പാദനത്തിലൂടെ വെറും പത്ത് വര്‍ഷത്തോളം മാത്രമാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിലും വലിയ ക്രൂരതകളാണ് ഫാമുകളില്‍ ഈ മിണ്ടാപ്രാണികള്‍ നേരിടേണ്ടി വരുന്നത്.

ക്ഷീരമേഖലയിലെ വിലയില്ലാച്ചരക്കാണ് കാളകുട്ടികൾ. മാംസത്തിലൂടേയും ലെതര്‍ നിര്‍മ്മാണത്തിലൂടേയുമാണ് കാളകളില്‍ നിന്നും വരുമാനം കണ്ടെത്തുന്നത്. കുറഞ്ഞത് അഞ്ച്മാസം പ്രായമായാല്‍ മാത്രമേ ഒരു കാളയെ കശാപ്പിനായി ഉപയോഗിക്കാവു എന്നാണ് മൃഗചികിത്സാ വിദഗ്‌ധർ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്രയും കുറഞ്ഞ മാസം പോലും കാളക്കുട്ടികള്‍ക്ക് അമ്മയുടെ അടുത്ത് ജീവിക്കാനുള്ള അവകാശം ക്ഷീരമേഖലയില്‍ നല്‍കുന്നില്ല. അമ്മയുടെ അകിടില്‍ നിന്നും പാല്‍ കുടിക്കുന്ന കാളക്കുട്ടികളെ വെറും ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കശാപ്പുശാലകളിലേക്കും തുകല്‍ നിര്‍മ്മാണ മേഖലകളിലേക്കും അയക്കുന്നത്. അമ്മയെ പിരിഞ്ഞിരിക്കുന്ന കിടാവിനും കുട്ടിയെ പിരിഞ്ഞിരിക്കുന്ന അമ്മയ്ക്കും ശാരീരികമായും മാനസികമായതുമായ ബുദ്ധിമുട്ടുകളും വിലകല്‍പ്പിക്കപ്പെടുന്നില്ല. നമ്മുടെ ഉപഭോഗത്തിനായി പശുക്കളുടെ പാല്‍ ചുരത്തപ്പെടുമ്പോള്‍ കിടാവിന്  വിശപ്പടക്കാൻ പാലിന് പകരം വില കുറഞ്ഞ മറ്റെന്തെങ്കിലും കൊടുക്കും.

കൊടുക്കുന്ന ഭക്ഷണത്തിന് പോരാതെ പാല് തരുന്ന പശുക്കളേയും, പാല് വറ്റിത്തീര്‍ന്ന പശുക്കളേയും ഉപേക്ഷിക്കുകയോ കശാപ്പുശാലകളിലേക്ക് അയക്കുകയോ ചെയ്യുന്നു. ആരോഗ്യവതികളായ പശുക്കള്‍ മേല്‍പറഞ്ഞത് പോലെ പാല് ചുരത്തി ചുരത്തി അവസാനം കശാപ്പുശാലകളിലേക്ക് അയക്കപ്പെടുന്നു. മൃഗസംരക്ഷണത്തിന്റെ പേരില്‍ കശാപ്പുശാലകള്‍ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ പാലും മാംസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മറന്നുപോകുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ