പാർവ്വതിക്കെതിരായ ആക്രമണം, നമ്മുടെ അസഹിഷ്ണുതയുടെ അടയാളം

“പാര്‍വതി തന്റെ ഹൃദയത്തില്‍ നിന്നാണ് സംസാരിച്ചത്. സ്ത്രീകളും പുരുഷന്മാരും അടക്കം ഉറച്ച അഭിപ്രായങ്ങള്‍ ഉള്ള വ്യക്തികളെ സൃഷ്ടിക്കുന്ന സമൂഹത്തിന്റെ തന്നെ സൃഷ്ടിയാണവര്‍ “സംവിധായകയും അഭിനേത്രിയുമായ രേവതി എഴുതുന്നു

സമൂഹ മാധ്യമങ്ങള്‍ ഒരു ജീവിതരീതി ആണിന്ന്. ഒരു ശീലമെന്നോണം ഉണർന്നാലുടനെ നാം ആദ്യം ചെയ്യുന്നത് ഫോണെടുത്ത് വാട്സാപ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അങ്ങനെ എന്തെങ്കിലും ഒക്കെ നോക്കുക എന്നതാണ്. സെല്‍ഫികള്‍ എടുത്തു ലോകത്തിനു മുന്നില്‍ കമന്റും ലൈകും ഷെയറും മറ്റും കിട്ടാനായി നിരത്തുന്നതും നമ്മുടെ വിചിത്രമായ ഒരു ശീലമായി മാറിയിരിക്കുന്നു. ലോകം ചലിക്കുന്നത്‌ ഇങ്ങനെക്കൂടിയാണ് എന്നത് നാം അംഗീകരിച്ചേ പറ്റു.

ആയിരക്കണക്കിന് ആളുകളിലേക്ക് കണ്ണടച്ച് തുറക്കും മുന്പ്  ഏതു  കാര്യവും എത്തിക്കാനുള്ള ഈ മാധ്യമങ്ങളുടെ ശക്തി ഞാന്‍ തിരിച്ചറിയുന്നു. ഒരു ക്ലിക്കിലൂടെ ഓരോ വ്യക്തിയുടെയും ചിന്തകള്‍, കാഴ്ചകള്‍, ശബ്ദങ്ങള്‍, വിചാരങ്ങള്‍, സൃഷ്ടികള്‍ അങ്ങനെ എല്ലാമെല്ലാം ലക്ഷക്കണക്കിനു അപരിചിതരിലേയ്ക്ക് പോലും എത്താൻ ശേഷിയുള്ള ഇടങ്ങള്‍. ഫലപ്രദമായി ഉപയോഗിച്ചാല്‍ എത്ര മനോഹരമാണിവ. എന്നാല്‍, വളരെ അസ്വസ്ഥജനകമായ ചില ട്രെന്‍ഡുകള്‍ ഈയിടെ ഇവിടെ നാം കാണുന്നുണ്ട്. എന്നാല്‍, ഈ ഇടങ്ങള്‍ അല്ല പ്രശ്നം, അവ ദുരുപയോഗം ചെയ്യുന്ന നമ്മളാണ് എന്നാണെന്റെ നിഗമനം.

Read More: മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

തിരുവനന്തപുരത്ത് ഈയിടെ സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപൺ ഫോറത്തില്‍ മലയാള സിനിമയിലെ ‘മെയില്‍ ഗേസി’നെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും ആയ പാര്‍വതി തന്റെ വ്യക്തിപരമായ ഒരഭിപ്രായം പറഞ്ഞിരുന്നു. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമയിലെ സ്ത്രീ വിരുദ്ധമായ ചില രംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും എല്ലാം, തങ്ങളുടെ സൃഷ്ടികളെ സംബന്ധിച്ച് ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നും പാര്‍വതി പറഞ്ഞു. മാത്രമല്ല, ഇത്തരം ഒരു സന്ദര്‍ഭത്തെ സിനിമയില്‍ ന്യായീകരിച്ചും മഹത്വവല്‍ക്കരിച്ചും ആണോ ചിത്രീകരിച്ചിരിക്കുന്നത്, അതോ സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന വസ്തുനിഷ്ടമായ നിലയില്‍ മാത്രമാണോ എന്നും കൂടി നാം നോക്കേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

revathi , mammootty ,parvathy , kasaba

മിക്ക മാധ്യമങ്ങളും ഈ സാന്ദര്‍ഭികത കൂട്ടിച്ചേര്‍ക്കാതെ ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍വതി ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്കു നേരെ ഉയര്‍ത്തിയ വിമര്‍ശനം മാത്രമായാണ് ഇത് ജനങ്ങളില്‍ എത്തിയത്. ഉടന്‍ തന്നെ ട്രോളിംഗ് ആരംഭിക്കുകയും ചെയ്തു.

Read More: ‘കുട്ടികളല്ലെ, അവരെന്തെങ്കിലും പറഞ്ഞോട്ടെ’; പാര്‍വതിയോട് പരിഭവം ഇല്ലാതെ മമ്മൂട്ടി

കേരളത്തെ പോലെ വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കപ്പെട്ട തീര്‍ത്തും സംസ്കാരശൂന്യമായ ഭാഷ എന്നെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. സാംസ്കാരികമായി ഉയര്‍ന്നതും, നല്ല വായനാശീലം ഉള്ളതും രാഷ്ട്രീയ ബോധമുള്ളതും ലോക സിനിമയുമായി അടുത്ത പരിചയം ഉള്ളതുമായി ഞാന്‍ കണക്കാക്കിയിരുന്ന ഈ സമൂഹം ഇത്ര നിന്ദ്യമായ ഭാഷ ഉപയോഗിക്കും എന്നെനിക്ക് വിശ്വസിക്കാനായില്ല.

ഒരു മലയാളിയുടെ സാന്നിധ്യത്തില്‍ പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുമ്പോള്‍ നിശബ്ദയായിരുന്നു കേള്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ള അവരില്‍ നിന്നും പലതും എനിക്ക് പഠിക്കാനുണ്ട് എന്ന് തോന്നിയിട്ടാണത്.

100 ശതമാനം വിദ്യാസമ്പന്നമായ ഈ സമൂഹത്തിലെ ജനങ്ങള്‍ ഇത്തരത്തില്‍ ആക്രമണോത്സുകരാവുന്നതെങ്ങിനെ?

അജ്ഞാതനായിരുന്നു അഭിപ്രായപ്രകടനം നടത്താന്‍ സോഷ്യല്‍ മീഡിയ തരുന്ന ഇടമാണോ നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്? അതോ, അടിച്ചമര്‍ത്തപ്പെട്ട മറ്റു വികാരങ്ങളുടെ പുറം തള്ളലാണോ ഇവിടെ നടക്കുന്നത്? പലകാരണങ്ങളാല്‍ ഉടലെടുത്ത ദേഷ്യത്തിന്റെ ലക്ഷ്യംതെറ്റിയുള്ള പ്രകടനമാണോ ഇതെന്നും ഞാന്‍ സംശയിക്കുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നും വരുന്ന കുറെ മലയാളികളോട് ഇടപഴകാന്‍ എനിക്ക് കഴിഞ്ഞു. അവരെല്ലാം വീണ്ടും വീണ്ടും ഉപയോഗിച്ച ‘നാണക്കേട്‌’ എന്ന വാക്ക് എന്നെ അസ്വസ്ഥയാക്കിയിരുന്നു. എല്ലാ പ്രായത്തിലുമുള്ളവരുടെ സംസാരത്തിലും ഇത് കടന്നു വന്നിരുന്നു. ‘അപമാനം’, ‘നാണക്കേട്‌’ എന്നീ ആശയങ്ങള്‍ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണിവിടെ. ചെറിയ തെറ്റുകള്‍ക്ക് പോലും അപമാനിതരാക്കപ്പെട്ടു വളരുന്ന കുഞ്ഞുങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ഇത്തരത്തില്‍ രൂപപ്പെടുന്ന ദേഷ്യം വ്യക്തികള്‍ക്കുള്ളില്‍ കെട്ടിക്കിടന്നു സോഷ്യല്‍ മീഡിയയുടെ അദൃശ്യത ലഭിക്കുമ്പോള്‍ പുറം തള്ളപ്പെടാന്‍ ഏറെ സാധ്യതയുണ്ട്.

revathi , mammootty ,parvathy , kasaba

ഞാനൊരു മനഃശാസ്ത്രവിദഗ്ദ്ധയല്ല, സാമൂഹിക ചിന്തകയും അല്ല. പക്ഷെ മനുഷ്യരെക്കുറിച്ച് സാമാന്യമായ ധാരണ എനിക്കുണ്ട്. അപരിചിതരായ വ്യക്തികള്‍ക്കും പ്രശസ്തര്‍ക്കും നേരെ അസഭ്യമായ വാക്കുകള്‍ പ്രയോഗിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് ഇതൊക്കെയാവുമോ? സമൂഹത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തത്രപ്പാടാവുമോ ഇത്? ഇതാണ് വസ്തുതയെങ്കില്‍ ഞാനതില്‍ ദുഃഖിക്കുന്നു.

എന്നാല്‍, ഇതിനൊരു മറുപുറവും ഞാന്‍ കാണുന്നു. പുതുതലമുറയിലെ സ്ത്രീകള്‍ നിശബ്ദത തകര്‍ത്ത് സ്വയം പുതിയൊരു പാത ഉണ്ടാക്കുകയാണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. വീട്ടിലും, ജോലിസ്ഥലത്തും പൊതുഇടങ്ങളിലും തങ്ങളെ അടിച്ചമര്‍ത്തുന്ന പുരുഷന്മാരെ അവര്‍ വകവെച്ചു കൊടുക്കുന്നില്ല. സാമ്പത്തിക സ്വാതന്ത്ര്യവും സാഹിത്യത്തിലൂടെയും സിനിമയിലൂടെയും ലഭിച്ച ലോകത്തെ വൈവിധ്യങ്ങളെക്കുറിച്ചുള്ള സാംസ്കാരികമായ അറിവും ഈ ചെറുപ്പക്കാരികള്‍ക്ക് ഊര്‍ജം നല്‍കുന്നു. അന്തസ്സോടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഊര്‍ജം.

revathi , mammootty ,parvathy , kasaba

പാര്‍വതി തന്റെ ഹൃദയത്തില്‍ നിന്നാണ് സംസാരിച്ചത്. സ്ത്രീകളും പുരുഷന്മാരും അടക്കം ഉറച്ച അഭിപ്രായങ്ങള്‍ ഉള്ള വ്യക്തികളെ സൃഷ്ടിക്കുന്ന സമൂഹത്തിന്റെ തന്നെ സൃഷ്ടിയാണവര്‍. കേരളത്തില്‍ വേരുകളുള്ള ഞങ്ങളെല്ലാം ലോകത്തിന്റെ പല ഭാഗത്തും പല നിലകളില്‍ ഇരിക്കുമ്പോള്‍ അഭിമാനത്തോടെയാണ് നാടിനെക്കുറിച്ചു ഓര്‍ക്കുക. എന്നാല്‍, അതേ സമൂഹം ഒരു അഭിപ്രായത്തോട് കാണിക്കുന്ന അസഹിഷ്ണുതയാണിത്. അസഭ്യങ്ങളും ദേഷ്യവുമല്ല അഭിപ്രായങ്ങളും ആരോഗ്യകരമായ ചര്‍ച്ചകളും ആണ് നമ്മെ മുന്നോട്ടു നയിക്കുക എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍, മനസ്സും ഹൃദയവും തുറന്നു സംസാരിക്കാന്‍ ഭയമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചു എന്ന കുറ്റം നമ്മുടെ തലമുറയുടേതാവും.

‘Where the mind is without fear and the head is held high …into that heaven of freedom my father, let my country awake’ എന്ന രബീന്ദ്രനാഥ ടാഗോറിന്റെ വരികളിലെപ്പോലെ പുരോഗമനാത്മകമായ ഒരു സമൂഹത്തില്‍ വേണം എനിക്കെന്റെ കുട്ടിയെ വളര്‍ത്താന്‍. അതിപ്പോഴും ഒരു സ്വപ്നം മാത്രം ആണെന്നതാണ് ദുഖഃസത്യം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Parvathy troll fans associations social media abuse revathy

Next Story
മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍mammootty
The moderation of comments is automated and not cleared manually by malayalam.indianexpress.com