scorecardresearch

Latest News

മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

വിമര്‍ശിക്കുന്നവരെ അറയ്ക്കുന്ന ഭാഷയില്‍, ശാരീരികമായി പീഡിപ്പിക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന ഫാന്‍സിനെ ഒരു ചെറു പുഞ്ചിരിയുടെ നൈസ് ആയി പുറത്ത് തട്ടി വിടുന്നവര്‍. അതിലെ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവര്‍ക്ക് സമ്മാനമായി തന്‍റെ അടുത്ത ഷോയുടെ ടിക്കറ്റ് കൈമാറുന്നവര്‍. ഉളുപ്പ് വേണം ഉളുപ്പ്, ഇല്ലെങ്കില്‍ സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും ആയാലും മതി

mammootty

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘മാസ്റ്റര്‍പീസ്’ റിലീസ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഷോ നടക്കുന്നത്രേ! സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമാണത്രേ ഈ മനോഹര സ്ത്രീദിന ആചരണം. അതിന്റെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങിയത് മമ്മൂട്ടി ഫാനും സ്ത്രീയുമായ സുജ. കെ. സുജ. കെ ആരാണ് എന്ന് കൂടി രണ്ടു വാക്ക്. അടുത്തിടെ പാർവതി എന്ന അഭിനേത്രി മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഒരു തല്ലിപ്പൊളി കഥാപാത്രത്തെ വിമര്‍ശിച്ചു. അതിനെതിരെ മമ്മൂട്ടിയുടെ ഫാന്‍സ് എന്ന ആള്‍ക്കൂട്ടം നടത്തിയ പേക്കൂത്തില്‍ ഉയര്‍ന്നു കേട്ട ഒരു സ്ത്രീ ശബ്ദമാണ് സുജ. കെ. ഫെയ്സ്ബുക്കിലാണ് സുജ തന്നെ പാർവതിയെ ‘കൊച്ചമ്മ’ എന്ന് അഭിസംബോധന ചെയ്തു അധിക്ഷേപിച്ചത്.   അതില്‍ അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ‘എന്താണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം…?’ ഈയൊരു ചോദ്യത്തിന്റെ എസ്സേ രൂപത്തിലുള്ള ഉത്തരമാണ് സുജയുടെ പോസ്റ്റില്‍ ബാക്കി. ‘ഒരു സാധാരണ ആസ്വാദക’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുജയെ ഈ സിനിമ എന്നല്ല പൊതുവില്‍ സിനിമ എങ്ങനെ സ്വാധീനിച്ചു എന്നുള്ളതിന്റെ ദൃഷ്ടാന്തവും കൂടിയാണ് ആ ഫെയ്സ്ബുക്ക്‌ കുറിപ്പ്.

മലയാളിയ്ക്ക് മലയാള സിനിമ നല്‍കിയ ഒരു അതുല്യ സംഭാവനയാണ് ‘ഫെമിനിസ്റ്റ് കൊച്ചമ്മ’ എന്ന സങ്കല്പ രൂപം. മമ്മൂട്ടിയുടെ തന്നെ കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്താല്‍ ‘ബേബിഫുഡില്‍ കൊഴുപ്പിന്റെ അളവ് കൂടിയതിനു ഭര്‍ത്താവിനെ പട്ടിണിക്കിടുന്ന കൊച്ചമ്മ’, ‘മൂടും മുലയും ഇളക്കി താളത്തിനൊപ്പിച്ചു നൃത്തം വയ്ക്കുന്ന മമ്മിമാര്‍’, ‘ഒരു ആണിന്റെയും നേരെ ഉയരാന്‍ പാടില്ലാത്ത കൈകള്‍ ഉള്ള വെറും പെണ്ണിന്റെ അഹങ്കാരം’. സ്ലീവ്‌ലെസ് ബ്ലൗസും ലിപ്സ്റ്റിക്കുമിട്ട് കൂളിങ് ഗ്ലാസ്സും വച്ച് ക്ലബ്ബില്‍ പോകുന്ന, ഇംഗ്ലീഷ് പാട്ടുകള്‍ കേള്‍ക്കുന്ന, മദ്യപിക്കുന്ന, പട്ടികളെ സ്‌നേഹിക്കുന്ന, ഭര്‍ത്താവിനെ അനുസരിക്കാത്ത, അവരെ കൊണ്ട് വീട്ടുജോലി എടുപ്പിക്കുന്ന, വീട്ടിലിരിക്കാത്ത സ്ത്രീ കഥാപാത്രങ്ങളോട് മലയാള സിനിമയ്ക്ക് പുച്ഛമാണ്, ആണ്ടുകളായി. ഇത്തരം സ്ത്രീകളെ മടിക്കുത്തിനു പിടിച്ചും, കരണത്തടിച്ചും, റേപ്പാഹ്വാനം നടത്തിയും, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ കമന്റടിച്ചും സിനിമ കഴിയുമ്പോഴേക്ക് ‘ഉത്തമ സ്ത്രീരത്‌നങ്ങള്‍’ ആക്കി മാറ്റല്‍ ആണ് പാട്ടിന്റെയും സ്റ്റണ്ടിന്റെയും ഇടയില്‍ സൂപ്പര്‍സ്റ്റാറിന്റെ പ്രധാന ഐറ്റം. അതിനല്ലെങ്കില്‍ പിന്നെ എന്തൊത്തിനാ 60 വയസ്സിലും വെളുപ്പിച്ച് ചൊകചൊകാന്നു ചോപ്പിച്ച് വയറും വരിഞ്ഞു കെട്ടി മകളുടെ പ്രായമുള്ള നായികയുടെ കൂടെ ഇവരെയൊക്കെ ഇറക്കുന്നത്?

Read More: പാർവ്വതിക്കെതിരായ ആക്രമണം, നമ്മുടെ അസഹിഷ്ണുതയുടെ അടയാളം

സുജയുടെ കുറിപ്പില്‍ മുഴുവനും ഇത്തരം സിനിമകള്‍ക്ക് പോയി വായും പൊളിച്ചിരുന്നു കയ്യടിച്ച് വീട്ടില്‍ കൊണ്ട് വരുന്ന ചിന്താഗതികള്‍ ആണ്. ബിയറും, സിഗരറ്റും, തെറിയും, ചുംബനവും, വസ്ത്രസ്വാതന്ത്ര്യവും എല്ലാം പുരുഷന്റെ മാത്രമാണെന്ന് സുജയുടെ എഴുത്തില്‍ കാണാം. ഇതേ പ്രവര്‍ത്തികള്‍ ചെയ്ത സ്ത്രീകളെ സിനിമകളിലെ അതേ പുച്ഛത്തോടെ, ആണ്‍പോരിമയോടെ ഒരു സ്ത്രീ അറപ്പുളവാക്കുന്ന ഭാഷയില്‍ സംബോധന ചെയ്യുമ്പോള്‍ ഇത്തരം സിനിമകള്‍ ആണധീശബോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വിജയിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അവ സമൂഹത്തെ സ്വാധീനിച്ച് കഴിഞ്ഞു. സ്ത്രീകളെ ആക്ഷേപിച്ച് കടന്നു പിടിക്കുന്നതാണ് ആണത്തം എന്ന് സുജയെ പോലുള്ളവരെ വിശ്വസിപ്പിക്കാന്‍ ഇത്തരം സിനിമാ രംഗങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു!

 

‘മമ്മൂക്ക എന്റെ കൂടെ അച്ഛനായി അഭിനയിക്കണം’ എന്ന് മമ്മൂട്ടിയുടെ സ്വന്തം മക്കളെക്കാള്‍ പ്രായം കുറഞ്ഞ രേഷ്മ (ലിച്ചി) എന്ന പെണ്‍കുട്ടി പറഞ്ഞതിന് കണ്ണ് പൊട്ടുന്ന അസഭ്യവും ഭീഷണികളും അവര്‍ക്കെതിരെയുണ്ടായി. അവസാനം അവര്‍ കരഞ്ഞു മാപ്പു പറഞ്ഞതിന് ശേഷമാണ് മമ്മൂട്ടിയടക്കം കനിയുന്നത്. ‘പുലിമുരുക’ നെ കുറിച്ച് തമാശ രൂപേണ വിമര്‍ശിച്ച നിഷ മേനോന്‍ എന്ന സ്ത്രീയ്ക്ക് നേരെയും ഉണ്ടായ സൈബര്‍ ആക്രമണം ചര്‍ച്ചയായതാണ്. മാവാട്ടുന്ന വീട്ടമ്മക്ക് ആ പണി നോക്കിയാല്‍ പോരേയെന്നും, അവരെയും വീട്ടിലുള്ളവരെയും ലൈംഗികമായി ആക്രമിക്കും എന്ന് വരെയുള്ള ഭീഷണികള്‍ നിഷ കാണേണ്ടി വന്നു.

‘സുര’ എന്ന വിജയ് സിനിമയെ വിമര്‍ശിച്ച ധന്യ രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകയെ വിജയ് ഫാന്‍സ് ഇതുപോലെ പിന്തുടര്‍ന്ന് ശല്യം ചെയ്തത് അറിഞ്ഞ വിജയ് വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി. ‘ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എല്ലാവര്‍ക്കും ആരുടേയും സിനിമയെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. പക്ഷെ എന്ത് കാരണം കൊണ്ടായാലും ഒരു സ്ത്രീയെ മോശമായ രീതിയില്‍ പരാമര്‍ശിക്കുന്നത് തെറ്റാണെന്നു ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കുകയാണ് നാം ചെയ്യേണ്ടത്. ആരും അവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വേദനിപ്പിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ പറയരുത്’ എന്നും വിജയ് തന്‍റെ ഫാന്‍സിനെ വിലക്കി.

Read More: ‘കുട്ടികളല്ലെ, അവരെന്തെങ്കിലും പറഞ്ഞോട്ടെ’; പാര്‍വതിയോട് പരിഭവം ഇല്ലാതെ മമ്മൂട്ടി

അത്മാഭിമാനമുള്ള, സ്ത്രീ സുരക്ഷയ്ക്കും സമത്വത്തിനും വേണ്ടി നില്‍ക്കുന്ന (കണ്ണില്‍ പൊടിയിടാന്‍ ആണെങ്കിലും ഷോ കാണിക്കുന്ന) താരങ്ങള്‍ ചെയ്യേണ്ടുന്ന മിനിമം മര്യാദയാണ് വിജയ് ചെയ്തത്. മലയാളത്തിലെ താരരാജാക്കന്മാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നതും. സിനിമയിലെ കഥാപാത്രമല്ലേ അത്, എന്ന ചോദ്യത്തിനുള്ള അവരുടെ ഉത്തരമാണ് ഈ മൗനം.

തന്‍റെ കഥാപാത്രത്തെ വിമര്‍ശിച്ചവരെ അറയ്ക്കുന്ന ഭാഷയില്‍, ശാരീരികമായി പീഡിപ്പിക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന ഫാന്‍സിനെ ഒരു ചെറു പുഞ്ചിരിയുടെ നൈസ് ആയി പുറത്ത് തട്ടി വിടുന്നവര്‍. എന്നിട്ട് അതിലെ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവര്‍ക്ക് സമ്മാനമായി തന്‍റെ അടുത്ത ഷോയുടെ ടിക്കറ്റ് കൈമാറുന്നവര്‍. ഉളുപ്പ് വേണം ഉളുപ്പ്, ഇല്ലെങ്കില്‍ സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും ആയാലും മതി.

തങ്ങളുടെ കൂട്ടത്തിലുള്ള ഒരു നടിയ്ക്ക്, ജോലിയുടെ ഭാഗമായി തന്നെ യാത്ര ചെയ്യുമ്പോള്‍ നീചമായ രീതിയില്‍ ആക്രമിക്കപ്പെട്ടവൾക്ക് പിന്തുണ പ്രഖ്യാപിച്ച്, ‘ഞങ്ങളുടെ പെങ്ങള്‍ക്ക് സംഭവിച്ചത് ഈ സംസ്ഥാനത്തെ മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കാതിരിക്കാന്‍ അമ്മ നടപടി എടുക്കും’ എന്നു പറഞ്ഞ സൂപ്പര്‍സ്റ്റാറുകളും അതിനു കൈകെട്ടി, തല കുനിച്ച്, സങ്കടത്തില്‍ നിന്ന് കൊണ്ട് മറ്റുള്ളവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തവരെയും നമ്മള്‍ കണ്ടു. ഫെയ്സ്ബുക്കില്‍ എല്ലാവരും ഹൃദയത്തിന്റെ മഷിയിലൊക്കെ മുക്കി തോര്‍ത്തി വാചാലരുമായി. ‘നട്ടെല്ലില്ലാത്ത ഇത്തരം തെമ്മാടികളെ കേരളാ പൊലീസ് പിടിക്കട്ടെ’ എന്ന് തന്റെ തന്നെ ഫെയ്സ്ബുക്ക് വഴി ആശിച്ച ദുല്‍ഖര്‍ സല്‍മാന്‍ , ‘പ്രായഭേദമന്യേ പുരുഷന്മാര്‍ എല്ലാവരും കൂടുതല്‍ ജാഗരൂകരാകേണ്ട സമയമാണിതെന്നും; സ്ത്രീകളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഓരോരുത്തരുടെയും കടമ ആണെന്നും’ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കത്തി നിന്ന സമയത്ത് ‘അമ്മ’ സംഘടനയില്‍ കണ്ട നിലപാടുകള്‍ യാതൊരു തരത്തിലുള്ള ശങ്കക്കോ, പിന്നീട് വന്ന വിശദീകരണങ്ങള്‍ക്കോ മങ്ങലേല്പിക്കാന്‍ ഉതകുന്നതായിരുന്നില്ല. സ്‌ക്രീനില്‍ സ്ത്രീകളുടെ ചാരിത്ര്യ-ചരിത്ര- പവിത്രതയെ തങ്ങളുടെ ഉരുക്കു മനസ്സും ശരീരവും കൊണ്ട് ലെഫ്‌റ്റ് റൈറ്റ് സംരക്ഷിക്കുന്ന താരങ്ങള്‍ ഒരാളും മീറ്റിങ്ങില്‍ മിണ്ടിയില്ല.

കയ്യിലെ രേഖ അടുത്ത അഞ്ച് സിനിമയ്ക്കും തെളിഞ്ഞിട്ടുണ്ടോ എന്നും നോക്കി, മീശ താഴ്ന്നു പോകാതെയിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റിയും, ദിലീപിനെതിരെ ഉയര്‍ന്ന മാധ്യമ ചോദ്യങ്ങളെ അട്ടഹസിച്ചും കയ്യടിച്ചും കൂക്കിയും, ‘അവനോടൊപ്പം’, ‘എന്നും, എപ്പോഴും’ എന്ന് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

നടിയോടൊപ്പം നില്‍ക്കാനുള്ള തീരുമാനം എടുത്ത്, മറ്റുള്ളവരില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ടാണ് ‘വിമന്‍സ് കളക്ടീവ്’ പിറവി എടുക്കുന്നത്. അടിമുടി പുരുഷാധിപത്യത്തിന്റെയും, ഹീറോ വര്‍ഷിപ്പിന്റെയും, സ്ത്രീ വിരുദ്ധതയുടെയും തറവാടായ സിനിമ ലോകത്ത് നിന്നും ഒരു കൂട്ടം സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ – അവരെ ‘ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍’ എന്നും, വേശ്യകള്‍ എന്നും, ശ്രദ്ധയാകര്‍ഷിക്കാന്‍ എന്തും ചെയ്യുന്നവള്‍ ആയും തരംതാഴ്ത്താന്‍ അധികം നേരം വേണ്ടി വന്നില്ല. അവര്‍ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ച വിഷയങ്ങള്‍ ഒന്നുമായിരുന്നില്ല ചര്‍ച്ച ചെയ്യപ്പെട്ടത്. അതിലുള്ള അംഗങ്ങളുടെ കഴിവും, ചാരിത്രശുദ്ധിയും, ഉദ്ദേശശുദ്ധിയും ആണ് വീണ്ടും വീണ്ടും വലിച്ചിഴക്കപ്പെട്ടത്. സിനിമയിലെ ആണ്‍ ലോകം ഇവരുടെ ഒരുക്കങ്ങളെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല അവരെ പൂർണമായി അവഗണിക്കുകയും, നടിക്കെതിരെ വീണ്ടും ഒളിഞ്ഞും തെളിഞ്ഞും പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

അമ്മയുടെ പ്രസിഡന്റും ലോക്‌സഭയിലേയ്ക്ക് സ്ത്രീകളടക്കമുളളവരുടെ വോട്ട് നേടി എംപിയുമായ ഇന്നസെന്റിന്റെ ഒട്ടും ഇന്നസെന്റല്ലാത്ത വാചക കസര്‍ത്തുകള്‍ ആയിരുന്നു ഇതില്‍ അസഹനീയമായിരുന്നത്. ‘അവളെ ഞാന്‍ ഇനി സിനിമാ സെറ്റില്‍ വച്ച് കാണുമ്പോള്‍ ‘ഇരേ ഇരേ’ എന്ന് വിളിക്കണോ, അതോ അപ്പോഴും പേര് വിളിക്കാന്‍ പാടില്ലേ’ എന്നും ‘മോശമായ സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും’ എന്നുമുള്ള പരാമര്‍ശങ്ങള്‍ തമാശയെന്ന വ്യാജേന വിളന്പുമ്പോഴും ഇടക്കിടക്ക് ‘ഞങ്ങള്‍ ഇരയോടൊപ്പമാണ്’ എന്ന് പറയാന്‍ അദ്ദേഹം മറക്കുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടനെ ജയിലില്‍ സന്ദര്‍ശിക്കാനും നടനെ പിന്തുണച്ച് പ്രസ്താവനകളും പോസ്റ്റുകളും ഇറക്കാനും ആളുകളുണ്ടായി.

ഈ ആക്രമണം സിനിമാ രംഗത്ത് മാത്രമല്ല ഒതുങ്ങി നിന്നത് – പി.സി.ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പോലുള്ളവര്‍ രാഷ്ട്രീയമായ തലങ്ങളിലേക്കും ഇതിനെ എത്തിച്ചു. അവിടെയും സന്പൂര്‍ണ്ണ പിന്തുണ #അവനൊപ്പം തന്നെ. ‘ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് പിറ്റേ ദിവസം പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നത്?’ എന്ന് തുടങ്ങി ‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല’ എന്ന് വരെ ഒരു ജനപ്രതിനിധി പരസ്യമായി മൈക്കിലൂടെ വിളിച്ച് പറയുന്ന നാട്ടില്‍ പൊതുജനം അതിനനുസരിച്ച് മനസ്സിലാക്കുകയും പെരുമാറുകയും ചെയ്യുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. വനിതാ കമ്മീഷന്‍ തനിക്കെതിരെ കേസെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ‘പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും ‘തറപ്പെണ്ണുങ്ങള്‍’ ഇറങ്ങി നശിപ്പിക്കുകയാണ്’, ‘അവളുമാരുടെയൊക്കെ തനിനിറം കമ്മീഷന്‍ മൊഴിയിലൂടെ പുറത്ത് കൊണ്ടുവരു’ മെന്നും മറ്റും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഉപയോഗിക്കുന്ന ഭാഷയുടെയും പ്രയോഗങ്ങളുടെയും തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ഇവരുടെയൊക്കെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ എവിടെ നില്‍ക്കേണ്ടവള്‍ ആണെന്ന് വ്യക്തമാണ്.

ഇത് സിനിമയുടെ ലോകത്ത് മാത്രമല്ല, കേരളത്തിലെ പൊതു സമൂഹത്തിലും നിറഞ്ഞു നില്‍ക്കുന്ന വസ്തുതയാണ്. സിനിമാ ഫാന്‍സ് ആയാലും ബിസിനസ് മാഗ്‌നെറ്റ് ആയാലും സ്ത്രീ സ്വത്വത്തെ കുറിച്ചും സ്ത്രീപക്ഷധാരയെ കുറിച്ചും സംസാരിക്കേണ്ടി വരുമ്പോള്‍ പലരും ആണധീശ്വത്തിന്രയും പാട്രിയാര്‍ക്കിയുടെയും ബിംബങ്ങളായി രൂപപ്പെടുന്നത് കാണാം. സ്ത്രീയായിരിക്കുമ്പോള്‍ തന്നെ പുരുഷാധീശ്വവാദങ്ങളുടെ പിന്‍പറ്റുകാരായി മാറുന്നവരുമുണ്ട്‌ ആ കൂട്ടത്തില്‍ എന്നതാണ് സങ്കടം.

ബീന കണ്ണന്‍ എന്ന പ്രശസ്ത ബിസിനസ്സ് മാഗ്നറ്റ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. അവരുടെ ചെറുപ്പകാലത്ത് അച്ഛന്റെ കൂടെ ഇന്ത്യയുടെ പല ദിക്കിലേക്കും യാത്ര പോകുമ്പോള്‍ പല ജോലികള്‍ ചെയ്യുന്ന, കാര്‍ ഓടിക്കുന്ന സ്ത്രീകളെ കാണുകയും അങ്ങനെ സ്ത്രീകള്‍ക്ക് എന്തും ചെയ്യാമെന്നുമുള്ള ബോധ്യം ഉണ്ടായെന്നും ഇന്റര്‍വ്യൂവിന്റെ തുടക്കത്തില്‍ പറയുന്ന ബീന, അവതാരക ‘സ്ത്രീ ശാക്തീകരണം എന്ന ആശയം നിങ്ങളുടെ സ്ഥാപനത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടല്ലേ’ എന്ന് ചോദിക്കുന്നതോടെ ബോഡി ലാംഗ്വേജ് തന്നെ മാറ്റി, ഉത്തരം പറയുകയാണ്‌. കുറച്ച് നീണ്ട ഒന്നാണെങ്കില്‍ പോലും അത് ഇവിടെ എടുത്ത് പറയേണ്ട ആവശ്യമുണ്ട്.

ഞാന്‍ ഒരു ഫെമിനിസ്റ്റേയല്ല! എനിക്ക് സ്ത്രീ ശാക്തീകരണം എന്നുറക്കെ പറയുന്നത് പോലും ഇഷ്ടമല്ല. ഞാന്‍ സ്ത്രീകളെക്കാള്‍ എത്രയോ മടങ്ങ്‌ പുരുഷന്മാര്‍ക്ക് വിലകല്‍പ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ ഞങ്ങള്‍ ഒരിക്കലും കാണാത്ത ഒരു കാര്യമാണ് ആണുങ്ങളെ റെസ്പക്റ്റ് ചെയ്യുക എന്ന് പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്.

‘അച്ഛനോടും ഭര്‍ത്താവിനോടും തറുതല പറഞ്ഞാലും അവസാനം അനുസരിക്കുന്നതും അവരെ തന്നെയാണ്. നമ്മള്‍ പുരുഷന്മാരെ ബഹുമാനിക്കുന്നു. അവരെ വിലകല്പിക്കുന്നു. എന്റെ വിജയത്തിന് പിന്നില്‍ ഒരു വലിയ ആണ്‍കൂട്ടമാണ് ഉള്ളത്. എന്റെ സ്റ്റാഫ് മുക്കാലും ആണുങ്ങളായിരിക്കും. എന്റെ സപ്പോര്‍ട്ട് സിസ്റ്റം മുഴുവനും ആണുങ്ങളായിരിക്കും. രണ്ടു കസേരയും മൂന്നു പേരും ഉണ്ടെങ്കില്‍ ഞാന്‍ ആണുങ്ങളെ ആദ്യം ഇരുത്താനേ നോക്കൂ… . ആണുങ്ങളോട് ഒരു മര്യാദ, ഒരു ബഹുമാനം ഉണ്ടായേ തീരൂ. അതങ്ങനെയാണ്… ഞങ്ങളുടെ ബ്ലഡിലും, ഞങ്ങളെ വളര്‍ത്തി വിട്ടതും. ആണ്‍പീക്കോക്കിനേ ഫെദേഴ്സ് ഉള്ളൂ, പെണ്‍പീക്കോക്കിനെ കണ്ടാല്‍ ഞങ്ങള്‍ തിരിഞ്ഞോടും. കൊന്പനാനക്ക് മാത്രമേ കൊന്പുള്ളൂ… പുരുഷന്മാര്‍ പ്രകൃതിപരമായി തന്നെ ഗുണസമ്പുഷ്ടരാണ്- എല്ലാ ജീവജാലങ്ങളിലും അങ്ങനെ തന്നെയാണ്. മരം കേറാനും, ഹിമാലയത്തില്‍ കേറാനും, നാല് പെട്ടി പിടിച്ച് വയ്ക്കാനും പറഞ്ഞാല്‍ നടുവെട്ടി എന്നും പറഞ്ഞു പെണ്ണുങ്ങള്‍ മാറി നില്‍ക്കും’. ശുഭം.

 

ഫെമിനിസം, തുല്യനീതി, സ്ത്രീ ശാക്തീകരണം, ലിംഗസമത്വം എന്നിവയെ കുറിച്ചൊക്കെ മുന്പത്തേക്കാളും വാചാലമാണ് സമൂഹം. പക്ഷെ വാചാലത മാത്രമായി അവ ചുരുങ്ങുന്നു എന്ന് വേദനയോടെ തന്നെ മനസ്സിലാക്കേണ്ടി വരും. ഫെമിനിസം എന്നത് സ്ത്രീ അധീശ്വതം ആണെന്നാണ് പൊതുധാരണ. അതിന്റെ ഉറവിടം വളരെ സങ്കീര്‍ണ്ണമായ ഒരിടവുമല്ല. പുരുഷന്‍ എങ്ങനെ സ്ത്രീകളോട് പെരുമാറുന്നു, അതുപോലെ സ്ത്രീകളും പുരുഷനോട് പെരുമാറിയാല്‍ ഞങ്ങള്‍ എങ്ങനെ സഹിക്കും? എന്നുള്ള വളരെ സിംപിള്‍ ആയ മറു ചോദ്യമാണ് ഫെമിനിസം എന്ന ആശയത്തെ ഭയപ്പെടുന്നവര്‍ ചോദിക്കുന്നത്. എപ്പോഴൊക്കെ എവിടെയൊക്കെ സ്ത്രീകള്‍ അവര്‍ക്ക് വേണ്ടി വരച്ചിട്ട രേഖകള്‍ ചവിട്ടിയിട്ടുണ്ടോ, അവിടെയൊക്കെ ‘ഫെമിനിസം’ തെറ്റായി, വികൃതമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഫെമിനിസം എന്നാല്‍ പുരുഷാധപതനം ആഗ്രഹിക്കുന്നവളുടെ, ‘ചന്തപ്പെണ്ണുങ്ങളുടെ’, ‘അഴിഞ്ഞാടി നടക്കുന്നവളുടെ’, ‘കെട്ടഴിച്ച് വിട്ടവളുടെ’, വീട്ടില്‍ ആണുങ്ങള്‍/ ആണൊരുത്തന്‍ ‘ഇല്ലാത്തവളുടെ’, ‘കഴപ്പ് മൂത്തവളുടെ’, ‘അഹങ്കാരി’കളുടെ എന്തോ വിശ്വാസപ്രമാണം ആണെന്നാണ് ബീന കണ്ണനടക്കം ഉള്ളവരുടെ ‘തിരിച്ചറിവ്’. പുരുഷനാണ് കസേരയില്‍ ആദ്യം ഇരിക്കേണ്ടവനെന്നും, കൂടെ ജോലി ചെയുന്ന എല്ലാ സ്ത്രീകളെയും വളരെ വ്യക്തമായ ഭാഷയില്‍ ശൂന്യകളാക്കി ഫലത്തില്‍ ഉപയോഗശൂന്യരാക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള വികാരം ‘ഞാന്‍ ഫെമിനിസ്റ്റല്ല’, എന്ന പ്രഖ്യാപനത്തിനു ശക്തി പകരാനാണ്. കാരണം ഫെമിനിസ്റ്റുകള്‍ എല്ലാം ‘നികൃഷ്ട കൂത്തിച്ചികള്‍’ ആണ്.

ഫെമിനിസം എന്ന ചിന്താധാര മൂന്നോ നാലോ കാലഘട്ടത്തിലൂടെ; അതിന്റെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും, വ്യാഖ്യാനങ്ങളും മാറ്റി എഴുതപ്പെട്ട് കൊണ്ട് ഉരുത്തിരിഞ്ഞു വന്ന ഒന്നാണ്. ഇനിയും മാറുകയും ചെയ്യും. 1800 കളില്‍ തുടങ്ങിയ ഫെമിനിസം എന്ന ചിന്താധാര നിരവധി സമത്വാവകാശ സമരങ്ങള്‍ ചെയ്തു മാറ്റങ്ങളുമായി ഒരു പാട് ദൂരം പിന്നിട്ടിരിക്കുന്നു. ഇന്ന് ഫെമിനിസം എന്നത്, പൊതുവായി അംഗീകരിച്ച ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍, സാമൂഹികവും, രാഷ്ട്രീയവും സാന്പത്തികവുമായ തുല്യത സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്നുള്ള ഏറ്റവും അടിസ്ഥാന വിശ്വാസത്തിലാണ്. എന്നിരുന്നാലും ഫെമിനിസം എന്നത് ഒരാള്‍ക്ക് തന്റെ ലിംഗാടിസ്ഥാനത്തില്‍ നേരിടുന്ന ഏതൊരു വിവേചനത്തിനുമെതിരെയുള്ള അസ്വസ്ഥതയാണ്. തനിക്കിഷ്ടമില്ലാത്ത ഒരു വ്യക്തിയെ കുറിച്ചോ അനുഭവത്തെ കുറിച്ചോ ആശയത്തെ കുറിച്ചോ ഉറച്ച സ്വരത്തില്‍ എന്ത് കൊണ്ട് അത് തനിക്ക് തെറ്റായി തോന്നി എന്ന് പറയാനുള്ള സിംപിള്‍ സ്വാതന്ത്ര്യം. അത് മുടക്കി കൊണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ പാര്‍വ്വതിയെ, ഗീതുവിനെ, റിമയെ അവരുടെ ശരീരഭാഗങ്ങളും അതെങ്ങനെ ഉപയോഗിക്കണമെന്നും പഠിപ്പിക്കാന്‍ കൂട്ടംകൂട്ടമായി വേട്ടയാടുന്നത്. ആ വേട്ട കണ്ടു കൊണ്ട് നിശബ്ദമായി അതിനെ അംഗീകരിക്കുന്നതാണ് മമ്മൂട്ടിയെ പോലെയുള്ള പ്രായം കൊണ്ടും ജീവിതാനുഭവം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന അഭിനേതാവ് ചെയ്യുന്ന തെറ്റ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Parvathy kasaba controversy mammootty fans