ഇടതുപക്ഷത്തിന് തന്നെ ഉറച്ച പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന ഒരു വിജയമാണ് പാലായില്‍ അവര്‍ക്കു ലഭിച്ചിരിക്കുന്നത്. എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ യുഡിഎഫിന് 2016-ലെ 42 ശതമാനം 48 ശതമാനമായി ഉയരുകയും എല്‍ഡിഎഫിന് 39-ല്‍ നിന്ന് 32-ലേക്ക് താഴുകയും ചെയ്യുമെന്ന് പ്രവചിച്ചിരുന്നിടത്താണ് യുഡിഎഫ് 40-ലേക്ക് വീഴുകയും എല്‍ഡിഎഫ് 42-ലേക്ക് കയറുകയും ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച വന്‍ ജനപിന്തുണയും എല്‍ഡിഎഫ് നേരിട്ട തിരിച്ചടിയുമായും ഒരു ബന്ധവുമില്ലാത്ത വിധമാണ് പാലായിലെ വിധിയെഴുത്ത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെയോ ഇന്ത്യയിലെയോ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത്ര വലിയ മാറ്റമെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? ഒറ്റനോട്ടത്തില്‍ ഒന്നും കാണാനാവില്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ ചിലതൊക്കെ കാണുകയുമാവാം.
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നേക്കുമെന്ന് അഥവാ വരണമെന്ന് യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പിന്നിലുള്ള ഭൂരിപക്ഷം ജനങ്ങളും ചിന്തിച്ചിരുന്നു. അതാണ് യുഡിഎഫ് അനുകൂല തരംഗമായി മാറിയത്. എന്നാല്‍ ഫലം വ്യത്യസ്തമായതോടെ എല്ലാവരും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
പാലായിലെ ഉപതിരഞ്ഞടുപ്പ് ഫലം അവിടത്തെ സവിശേഷ സാഹചര്യത്തില്‍ നിന്നാണ് പരിശോധിക്കേണ്ടത്. കെ.എം.മാണിയുടെ രാഷ്ട്രീയതട്ടക മെന്ന നിലക്ക് രാഷ്ട്രീയത്തിനുപരിയായി മാണിയെന്ന നേതാവിനെ മാത്രം കേന്ദ്രീകരിച്ചാണ് പാലായിലെ രാഷ്ട്രീയം ചലിച്ചിരുന്നത്. മാണി മരിക്കുന്ന തുവരെയും മറ്റാര്‍ക്കും അവിടെ ഇടപെടാന്‍ കഴിയുമായിരുന്നില്ല. മകന്‍ ജോസ്.കെ.മാണിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ മാണി ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. മാണിയുടെ ഒരു നിഴലായി നില്‍ക്കാനല്ലാതെ സ്വന്തമായ ഒരു രാഷ്ട്രീയ വ്യക്തിത്വം കരുപിടിപ്പിക്കുന്നതില്‍ ജോസ്.കെ.മാണി അമ്പേ പരാജയപ്പെടുകയായിരുന്നു. മാണിയുടെ കാലം മുതല്‍ക്കു തന്നെ നേതൃത്വത്തിലെത്തിയ പി.ജെ.ജോസഫുമായി ഐക്യപ്പെട്ടുപോകാന്‍ ജോസ് കെ.മാണി വിസമ്മതിച്ചതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. തിരഞ്ഞടുപ്പ് വേളകളില്‍ മാണിയുടെ ചിഹ്നമായി പാലക്കാര്‍ നെഞ്ചിലേറ്റിയിരുന്ന രണ്ടില കൂടി നഷ്ടപ്പെട്ടതോടെ അന്തരീക്ഷം കൈവിട്ടു പോവുകയായിരുന്നു.
Read Also: പാലാ വിജയം പിണറായിയുടേതും
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ തനതായ ഇടം നേടിയ കേരള കോൺഗ്രസിന്‍റെ അസ്തമയത്തിന്‍റെ ആരംഭമാണോ ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 1960-കളുടെ ആരംഭത്തില്‍ കോൺഗ്രസ് നേതാവായിരുന്ന പി.ടി.ചാക്കോ വ്യക്തിപരമായ ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ കോൺഗ്രസ് നേതാവായിരുന്ന കെ.എം. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വേറിട്ട് പോയി രൂപംകൊടുത്ത കേരള കോൺഗ്രസ് മധ്യ തിരുവിതാംകൂറിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടി കൂടിയായിരുന്നു. ആ സാഹചര്യങ്ങള്‍ തന്നെയാണ് ഇത്രയും നാള്‍ അതിനെ നിലനിര്‍ത്തിപ്പോന്നതും.
മധ്യതിരുവിതാംകൂറിലെ ധനിക, ഇടത്തരം കര്‍ഷകരായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ മുഖ്യ സാമൂഹ്യാടിസ്ഥാനം. സാമൂഹ്യമായി നോക്കിയാല്‍ ക്രിസ്ത്യന്‍, നായര്‍ വിഭാഗങ്ങളാണ് പ്രധാനമായും ഈ പ്രസ്ഥാനത്തില്‍ അണിനിരന്നത്. ചെറിയ തോതിലാണെങ്കിലും മറ്റെല്ലാ സാമൂഹ്യവിഭാഗങ്ങളും ഉള്‍പ്പെടുന്ന മതേതരജനാധിപത്യ പ്രസ്ഥാനം തന്നെ ആയിരുന്നു അത്. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും എന്‍എസ്എസ് നേതാവ് മന്നത്ത് പദ്മനാഭനുമെല്ലാമായിരുന്നു ആരംഭം മുതല്‍ക്കേ കേരളാ കോൺഗ്രസിന്‍റെ സംരക്ഷകര്‍. കേരളത്തില്‍ ഏറ്റവുമധികം പിളര്‍പ്പുകള്‍ നേരിട്ട ഒരു പാര്‍ട്ടിയാണിതെന്നും പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ അന്തരീക്ഷത്തില്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും സന്ദര്‍ഭോചിതമായി പങ്കു ചേരാനുള്ള മെയ് വഴക്കമാണ് ഈ പാര്‍ട്ടിക്ക് അതിജീവിക്കാനുള്ള ശേഷി നല്‍കിയത്. താരതമ്യേന പിന്‍നിരയില്‍ നിന്ന് ഉയര്‍ന്നുവന്ന കെ.എം.മാണി ഈ മെയ് വഴക്കത്തിന്‍റെ കാര്യത്തില്‍ മറ്റുള്ളവരെയെല്ലാം പിന്നിലാക്കി മുന്നേറുകയായിരുന്നു. ആ മുന്‍കൈ തന്നെയാണ് അനവധി പിളര്‍പ്പുകളെ അതിജീവിച്ച് കേരള കോൺഗ്രസിന്‍റെ മുഖ്യധാരയെ തന്നോടൊപ്പം നിര്‍ത്താന്‍ കെ.എം.മാണിയെ പ്രാപ്തനാക്കിയത്.
പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലേക്ക് തന്നെ വരാം. കേരളാ കോൺഗ്രസിലെ രണ്ടു ചേരികള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ വഷളായപ്പോൾ യുഡിഎഫ് നേതൃത്വം നേരിട്ട് പ്രചാരണത്തിന്‍റെയും മറ്റും ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുണ്ടായിരുന്നിട്ടും വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. പ്രാദേശികപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പകരം നില്‍ക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക്, അവര്‍ എത്ര പ്രഗത്ഭരായിരുന്നാലും, കഴിയില്ല എന്ന ലളിത യാഥാർഥ്യം തന്നെയാണ് പാലായിലും തെളിയിക്കപ്പെട്ടത്. പ്രാദേശിക നേതൃത്വം പരസ്പര ധാരണ യോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പതിവ് ചിഹ്നം നഷ്ടപ്പെടുമായിരുന്നില്ലെന്നു തിരിച്ചറിയുന്ന ജനങ്ങള്‍ അത്തരക്കാരോട് സഹതാപം പുലര്‍ത്തുക യില്ലെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
Read Also: ‘പ്രശ്‌നങ്ങളില്‍ ഞാന്‍ ഒപ്പമുണ്ടാകും’; പാലായിലെ ജനങ്ങളോട് മാണി സി.കാപ്പന്‍
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും കെ.എം.മാണിയോട് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത് ഈ നാലാം തവണയെങ്കിലും തനിക്കൊരു വോട്ടു നല്‍കാനാണ്. കെ.എം.മാണി ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങളില്‍ ഒരു ചെറു വിഭാഗമെങ്കിലും അങ്ങിനെ ചിന്തിക്കാന്‍ ഇടയാകുന്നത് സ്വാഭാവികം മാത്രമാണ്. അതുതന്നെയാണ് സംഭവിച്ചതും. അഖിലേന്ത്യാതലത്തിലും കേരളത്തിലും സജീവമായി നിലനില്‍ക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു മുന്നണികളും തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്.
കേരളാ കോൺഗ്രസിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ വോട്ടു ചോരാനിടയാകുംവരെ രൂക്ഷമായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ തന്നെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച മറ്റു ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിയെ തുടര്‍ന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തുകയും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിന്‍റെ പേരില്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി സ്വയം വിമർശനം നടത്തുകയും ഗൗരവപൂര്‍വ്വം ജനസമ്പര്‍ക്കപരിപാടിയും മറ്റും നടത്തി ജനപിന്തുണ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ക്ക് പിന്തുണ വർധിക്കുന്നതില്‍ അത് ഒരു കാരണം തന്നെയാണ്. അതോടൊപ്പം തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വോട്ടു പങ്കാളിത്തവിവരങ്ങള്‍ ശ്രദ്ധേയമാണ്. 2016-നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടു ആറായിരത്തിലധികമാണ് കുറഞ്ഞിരിക്കുന്നത്. ബിഡിജെഎസും പി.സി.ജോര്‍ജിന്‍റെ ജനപക്ഷവും പാലയില്‍ എന്‍ഡിഎക്കു വോട്ടു ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതു മാത്രമാണോ ബിജെപിയുടെ വോട്ടു ഇത്രയും കുറയാന്‍ കാരണമെന്ന് വ്യക്തമല്ല. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്നു ഉറപ്പു പറയുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്‍റെ ചിത്രം ഇവിടെ വ്യക്തമായി കാണാം. കേരളം അവകാശപ്പെട്ടുകൊണ്ടിരുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രധാന ഭാഗമായിരുന്നു രാഷ്ട്രീയ സദാചാരം. രാഷ്ട്രീയ സദാചാരം കൊണ്ട് ഉദ്ദേശിക്കുന്നത് തത്വ ദീക്ഷയില്ലാത്തതും അവസരവാദപരവുമായ കൂട്ടുകെട്ടുകള്‍ക്ക് അവസരമുണ്ടാക്കില്ലെന്നാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന ബിഡിജെഎസിന്‍റെയും ജനപക്ഷത്തിന്‍റെയും വോട്ടു ഇപ്പോള്‍ ഇടതുപക്ഷത്തിന് ലഭിക്കാനിടയായിട്ടുള്ളത്, ഏതായാലും രാഷ്ട്രീയ സദാചാരത്തിനു ഒരു മാതൃകയല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ അത്തരം പരിഗണനകള്‍ക്ക് പ്രസക്തിയില്ലെന്ന് സമർത്ഥിക്കാം.
പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ഇടതുപക്ഷം, വലതുപക്ഷം എന്ന രീതിയിലുള്ള വിവക്ഷകള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് ഈ ലേഖകന്‍. പാര്‍ലമെന്‍ററി രാഷ്ട്രീയം അടിസ്ഥാനപരമായി അംഗീകരിക്കുന്നവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാകണം. അങ്ങനെയുള്ളവര്‍ക്ക് വിപ്ലവസ്വഭാവമുള്ള പരിപാടികളുമായി സഹകരിക്കാനാവില്ല. ഇടതുപക്ഷ പരിപാടികളെല്ലാം വിപ്ലവസ്വഭാവമുള്ളവ ആയിക്കൊള്ളണമെന്നില്ലെന്നു പറയാം. എങ്കിലും അങ്ങോട്ടൊരു ചായ്‌വെങ്കിലും ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടാണ് അതിനു ജനാധിപത്യവുമായി പൂര്‍ണമായി പൊരുത്തപ്പെട്ടു പോവാനാവില്ലെന്നു പറയേണ്ടി വരുന്നത്.
പാലാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് വോട്ടുബാങ്ക് രാഷ്ട്രീയം തന്നെയാണ്. അതില്‍ അസ്വാഭാവികമായിട്ടു ഒന്നുമില്ലെന്ന് നമുക്ക് സമാധാനിക്കുകയുമാവാം.