scorecardresearch
Latest News

നുണക്കഥകളുടെ വെളിപാടുകളും വിദ്വേഷത്തിന്റെ വചനങ്ങളും

കേരളത്തിലെ മതനിരപേക്ഷമായ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വർഗീയ ശക്തികളുടെ താൽപ്പര്യത്തിന് അനുഗുണമായി വഴിവെട്ടുകയാണ് പാലാ ബിഷപ്പ് നടത്തിയ വസ്തുതാവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രസ്താവനയെന്ന് എഴുതുത്തുകാരിയും ആക്ടിവിസ്റ്റുമായ സി എസ് ചന്ദ്രിക

love jihad, narcotic jihad, pala bishop mar joseph kallarangatt, bishop mar joseph kallarangatt on love jihad, bishop mar joseph kallarangatt narcotic jihad, bjp love jihad, bjp narcotic jihad, haritha msf, haritha muslim league, cs chandrika, indian express malayalam opinion, indian express malayalam, ie malayalam

കേരളം ഇപ്പോൾ കടന്നുപോകുന്നത് വർഗീയമായൊരു ചേരിതിരിവിലെ കനൽപ്പാലത്തിലൂടെയാണ്. സംഘടിതവും സംഹാരാത്മകവുമായി ആ കനലിനെ വർഗീയതയുടെ ആലയിൽ ഊതിക്കത്തിക്കാനുള്ള നീക്കത്തെ അതിജീവിക്കാനുള്ള യത്നത്തിലാണ് കേരളം.

ഇതെല്ലാം താനേ കെട്ടടങ്ങിക്കോളുമെന്ന്‌ സമാധാനിച്ച്‌ കണ്ണടച്ചിരിക്കാന്‍ പറ്റുന്നത്ര ലളിതമല്ല കാര്യങ്ങള്‍. ഇല്ലാത്ത ‘ലവ്‌ ജിഹാദി’ന്റെ പേരില്‍ കുറച്ചുകാലമായി കേരളത്തിന്റെ മതനിരപേക്ഷതയുടെ അന്തരീക്ഷം കലുഷമാക്കാന്‍ സംഘപരിവാര്‍ ആഞ്ഞുശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ പൊലീസ്‌ അന്വേഷണങ്ങളും കോടതി വിധികളും കേന്ദ്രസർക്കാരും ‘ലവ്‌ ജിഹാദ്‌’ ഇല്ലെന്ന്‌ തീര്‍ത്തു പറഞ്ഞതോടുകൂടി വർഗീയ വിദ്വേഷത്തോടെ നടത്തിയ കുപ്രചാരണത്തിന്റെ മുന ഒടിഞ്ഞുപോയിരുന്നു.

ചാരം മൂടിക്കിടക്കുകയായിരുന്ന ആ വിഷാഗ്നിയെയാണ്‌ പാലാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഊതിയാളിക്കത്തിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റേതായി വന്ന പ്രസ്‌താവനയും പരാമര്‍ശങ്ങളും കേരളത്തിന്റെ മതസാഹോദര്യ ത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷത്തിന്‌ ആപല്‍ക്കരമായ വെല്ലുവിളിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. ഇസ്‌ലാം മതത്തിൽപ്പെട്ടവരെ അപരവല്‍ക്കരിക്കും വിധമുള്ള ‘ലവ്‌ ജിഹാദ്‌’, ‘ലഹരി ജിഹാദ്‌’ തുടങ്ങിയ നിര്‍മിത ദുരാരോപണങ്ങള്‍ നീതിബോധവും ധര്‍മബുദ്ധിയും ഉള്ള ഒരു വ്യക്തിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലതാത്താണ്. വസ്തുതാപരമായ തെളിവുകളൊന്നും ഇല്ലാത്ത, അസത്യമായ ആരോപണങ്ങളാണ് വൈദികരിലെ ഉന്നതസ്ഥാനമലങ്കരിക്കുന്ന ബിഷപ്പ് പദവിയിലിരിക്കുന്ന മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്തരവാദിത്ത രഹിതമായി ഉന്നയിച്ചത്.

വ്യാജമായി നിർമിക്കപ്പെട്ട വസ്തുതകളുടെ പിൻബലമില്ലാത്ത, ഈ ദുരാരോപണത്തിനെതിരെ ചില മുസ്‌ലിം സംഘനടകളുടെ പക്ഷത്തുനിന്നുണ്ടായ തീവ്രമായ പ്രതികരണവും വിഷയത്തെ ആളിക്കത്തിക്കുന്നതിന് എണ്ണയൊഴിക്കുന്നതായി. പാലാ ബിഷപ്പിനെ അനുകൂലിച്ചുണ്ടായ വര്‍ഗീയ ചേരിയിലും കാണാനിടയായ തികഞ്ഞ ഇസ്ലാം മത സ്‌പര്‍ദ്ധയുടെ, ഇസ്‌ലാമോ ഫോബിയയുടെ ആള്‍ക്കൂട്ടങ്ങളെ നിസ്സാരമായി കാണാനാവുന്നതല്ല. പാലാ ബിഷപ്പിന്റെ മുസ്‌ലിം സമുദായ വിരുദ്ധ പ്രസ്‌താവനകളെ ഏറ്റെടുത്തിരിക്കുന്നത്‌ സംഘപരിവാര്‍ ആണെന്നതില്‍ ആരും അത്ഭുതപ്പെടുകയുമില്ല.

cs chandrika, pala bishop statement, opinion, iemalayalam

വര്‍ഗീയത അധികാരത്തില്‍ കൊഴുത്തുവളര്‍ന്നു നില്‍ക്കുന്ന ഇന്ത്യയില്‍ അതിനെ ചെറുത്തു നില്‍ക്കേണ്ടുന്ന കേരളത്തിലെ ക്രിസ്‌ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍നിന്നു പൊട്ടിത്തെറിച്ചു പുറത്തുവരുന്ന മതതീവ്രവാദപരമായ നിലപാടുകള്‍ തികച്ചും ആത്മഹത്യാപരമാണ്‌. ‘ലവ്‌ ജിഹാദ്‌’ എന്നും ‘നാര്‍ക്കോട്ടിക്‌സ്‌ ജിഹാദ്‌’ എന്നുമുള്ള നുണക്കഥകള്‍ പ്രചരിപ്പിച്ച ബിഷപ്പും ബിഷപ്പിനെ അനുലിക്കുന്നവരും, ഇന്ത്യയിലെ ക്രിസ്‌തുമതവിശ്വാസികളോട്‌ സംഘപരിവാര്‍ നടത്തിയിട്ടുള്ളതും തുടരുന്നതുമായ നിഷ്‌ഠൂരതകൾ മറന്നുപോകരുത്. മനപ്പൂര്‍വ്വമായ മറവി അനുഗ്രഹമല്ല, വലിയ ദോഷവും ദുരന്തവുമാണ്‌.

സര്‍ക്കാരിനും പ്രതിപക്ഷത്തിനും ബിഷപ്പ് ആളിക്കത്തിച്ച തീ തടയുന്നതിൽ പ്രഥമമായ ഉത്തരവാദിത്വമുണ്ട്‌. കാരണം, ഇതൊരു വലിയ സൂചനയാണ്‌. കേരളത്തില്‍ വർഗീയമായ ചേരിതിരിവ് കൂടുതൽ ശക്തമാക്കാൻ ഉന്നമിട്ട്‌, പുതിയ തരം വര്‍ഗീയതാ സഖ്യ രാസപ്രവര്‍ത്തനത്തിന്റെ ലിറ്റ്‌മസ്‌ ടെസ്റ്റാണ്‌ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

Also Read: ഈശോ വിവാദവും വർഗീയതയുടെ വെളിപാടുകളും

വര്‍ഗീയ കലാപങ്ങള്‍ക്ക്‌ മതരാഷ്‌ട്രീയ സഖ്യം പലപ്പോഴും തിരികൊളുത്തുന്നത്‌ അതാത്‌ മതങ്ങളിലെ സ്‌ത്രീകളുടെ സംരക്ഷണത്തിനായി എന്ന വ്യാജേനയാണ്‌. പൊതുവേ മത പുരോഹിതന്‍മാരും മതരാഷ്‌ട്രീയ നേതൃത്വങ്ങളും ആണ്‍കോയ്‌മയുടെ മൂര്‍ത്തവാഹകരാണ്. സമുദായ ‘സ്‌ത്രീ സംരക്ഷകരു’ടെ രൂപത്തിലാണ് അവര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത്‌.

മതം നോക്കാതെ ‘മനുഷ്യനെ’ പ്രണയിക്കുന്നത്‌ വിശേഷിച്ച്‌ മുസ്‌ലിം മതത്തില്‍ പെട്ടവരെ സ്‌നേഹിച്ച്‌ വിവാഹം കഴിക്കുന്നത്‌ വലിയ തെറ്റാണെന്നും കുറ്റമാണെന്നും സമുദായത്തിലെ പെണ്‍കുട്ടികളെ അർത്ഥശങ്കക്കിടയില്ലാത്ത വിധം ഓര്‍മപ്പെടുത്തുക കൂടിയായിരുന്നു പാലാ ബിഷപ്പ്‌.

സംഘപരിവാര്‍ ഹിന്ദു സമുദായത്തിലെ സ്‌ത്രീകളോടു പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്‌. ഈ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കാത്തിരിക്കുന്നത്‌ വലിയ ശിക്ഷയായിരിക്കുമെന്ന്‌ ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്യുന്ന തന്ത്രമാണ്‌, ഇല്ലാത്ത ‘ലവ്‌ ജിഹാദ്‌ ‘ കഥകളിലൂടെ കേരളത്തിലും സ്ഥാപിച്ചെടുക്കുന്നത്‌. ഇല്ലാത്ത ലവ്‌ ജിഹാദിനെതിരായി നിയമ നിര്‍മാണം നടത്തുന്നവരാണ്‌ ബിജെ പി സര്‍ക്കാരുകൾ. അതിനെ സര്‍വ്വാത്മനാ പിന്തുണയ്‌ക്കുകയാണ്‌ പാലാ ബിഷപ്പും കൂട്ടരും.

cs chandrika, pala bishop statement, opinion, iemalayalam

എന്നാല്‍ ബുദ്ധിയും ബോധവുമുള്ള, വിദ്യാസമ്പന്നരായ പുതിയ തലമുറയിലെ അനേകം പെണ്‍കുട്ടികളും സ്‌ത്രീകളും ഈ പൗരോഹിത്യ പുരുഷാധികാര തന്ത്രങ്ങളെ കൃത്യമായി മനസ്സിലാക്കുന്നുണ്ട്‌. സ്‌ത്രീകളുടെ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ ആരെ, എപ്പോള്‍ വിവാഹം കഴിക്കണം, എങ്ങനെ വിവാഹം കഴിക്കണം, എപ്പോള്‍ പ്രസവിക്കണം, എത്ര കുട്ടികള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വയം നിര്‍ണയാവകാശവും അതിനുള്ള സ്വാതന്ത്ര്യവുമാഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം ഭീഷണികള്‍ കൊണ്ട്‌ സമ്പൂര്‍ണമായി കീഴ്‌പ്പെടുത്തി നിര്‍ത്താനാവുകയില്ല.

ആണ്‍കോയ്‌മയുടെ പല രൂപത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാനും സ്വതന്ത്രരാവാനും പെണ്‍കുട്ടികള്‍ സ്വന്തമായ ജീവിത വഴികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന കാലം കൂടിയാണിത്‌. നവോത്ഥാനത്തിന്റെ വലിയ ചരിത്രമുള്ള, വിശേഷിച്ച്‌ ബൗദ്ധികതയുടെയും സര്‍ഗാത്മകതയുടെയും വിപ്ലവ ബോധമുള്ള, പ്രേമമൂല്യങ്ങളെയും മിശ്രവിവാഹങ്ങളെയും സംബന്ധിച്ച സ്‌ത്രീചരിത്രമാണ് കേരളത്തിലേത്.

സ്‌ത്രീകള്‍ക്കു വോട്ടവകാശം നിഷേധിച്ചിരുന്ന രാജ്യങ്ങളില്‍പ്പോലും ഇന്ന്‌ സ്‌ത്രീകള്‍ സമ്പൂര്‍ണ പൗരരും സാമൂഹിക രാഷ്‌ട്രീയ ജനാധിപത്യ പ്രക്രിയകളില്‍ നിര്‍ഭയമായി പങ്കെടുക്കുന്നവരും തങ്ങളുടെ നിലപാടുകളും അവകാശങ്ങളും സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്നവരും സമരശേഷിയുള്ളവരുമാണ്‌. അതേസമയം, സ്‌ത്രീവിരുദ്ധതകളുടെ കട്ടിയുള്ള പുറന്തോടുകള്‍ പൊളിച്ച്‌ മുന്നേറുന്ന സ്‌ത്രീകളുടെ ഐക്യത്തെ തടയാനുള്ള ശ്രമങ്ങളും ശക്തമാണ്‌. “ഞങ്ങളുടെ സ്‌ത്രീകളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം” എന്ന മതപൗരോഹിത്യത്തിന്റെ വായ്‌ത്തലകള്‍ അന്തരീക്ഷത്തില്‍ സീല്‍ക്കാരമുയര്‍ത്തുന്നുണ്ട്‌.

cs chandrika, pala bishop statement, opinion, iemalayalam

മുസ്‌ലിം ലീഗിന്റെ ഹരിത എന്ന സംഘടനയിലെ പെണ്‍കുട്ടികള്‍ പാര്‍ട്ടിയുടെ ആണ്‍കോയ്‌മാ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ തീരുമാനത്തിനെതിരെ മുന്നോട്ടുവച്ച അവകാശബോധത്തിന്റെ പ്രതികരണങ്ങളെയും ഈ പശ്ചാത്തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. മതങ്ങളുടെ/ പാർട്ടികളുടെ ആണ്‍കോയ്‌മ എന്നാല്‍ സ്‌ത്രീകളുടെ കാലുകളെ എന്നെന്നും തളച്ചുനിര്‍ത്താനായി ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ചങ്ങലകളാണ്‌. അവകാശങ്ങളും തുല്യനീതിയും സ്വാതന്ത്ര്യവും നഷ്‌പ്പെടുത്തി, ഭയന്ന്‌ ജീവിക്കുന്ന അനുസരണയുള്ള ‘പെണ്‍കുഞ്ഞാടു’കളെ നീതിക്കായി ശബ്‌ദിക്കുന്ന സ്‌ത്രീകള്‍ക്കെതിരായി അണിനിരത്തുന്നതിലും എല്ലാതരം ആണ്‍കോയ്‌മയും വിജയിച്ചുകൊണ്ടിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന മാറു മറയ്‌ക്കല്‍, മേല്‍മുണ്ടു സമരക്കാലത്തും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ നടന്ന ശബരിമലയിലെ കോടതിവിധി നടപ്പാക്കുന്നതിനെതിരെ നടന്ന ആൺകോയ്മാ ഹിന്ദുത്വയുടെ അക്രമങ്ങളും വ്യാജ ലവ്‌ജിഹാദ്‌ ആരോപണക്കാലത്തും ഹരിതയില്‍ നീതിക്കുവേണ്ടി ശബ്‌ദിച്ച പെണ്‍കുട്ടികളെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിലും ഒക്കെ അതു കാണാനാവും.

ഇത്തരത്തില്‍ സമുദായത്തിലെ സ്‌ത്രീകളെ വരുതിയില്‍ നിര്‍ത്താനും നിയന്ത്രിക്കാനുമായിരിക്കും പാലാ ബിഷപ്പ്‌ ആളിക്കത്തിച്ച ഇസ്‌ലാമോഫോബിയ പ്രാഥമികമായി പ്രവർത്തിക്കുക. എന്നാല്‍ അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ സ്‌ത്രീകള്‍ മാത്രമല്ല, ഒരു മതസമുദായം ഒട്ടാകെത്തന്നെയും നേരിടേണ്ടതായി വരും. അതിലുപരിയായി കേരളമെന്ന പ്രദേശം തന്നെ ഇതിലെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്നതാണ് ഇതിലെ ദുരന്തം. പാലാ ബിഷപ്പിന്റെ വസ്തുതകൾക്കു നിരക്കാത്ത വാക്കുകൾ കേരളത്തിൽ നിലനിൽക്കുന്ന മതനിരപേക്ഷമായ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുന്നതിന് വഴിയൊരുക്കുക മാത്രമാകും ആത്യന്തികമായി സഹായിക്കുക.

Also Read: കളി തുടരുന്ന കെ സി; കളിയറിയാതെ ഒസിയും ആർ സിയും

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Pala bishops remark love jihad narcotic jihad