/indian-express-malayalam/media/media_files/uploads/2019/01/padmapriya-1.jpg)
നവോത്ഥാനത്തില്‍ നിന്നുറവെടുക്കുന്നതോ, നവോത്ഥാനത്തെ സൃഷ്ടിക്കുമ്പോഴോ ഉണ്ടാകുന്ന വേദനയും മുറിവുകളും ഭയപ്പാടും കൊണ്ട് വികൃതമായ വര്‍ഷമായിരുന്നു 2018. മാസങ്ങളും, വര്‍ഷം മുഴുവനും തന്നെ നീണ്ടു നില്‍ക്കുന്ന രാജ്യമെമ്പാടുമുള്ള തെരുവ് യുദ്ധങ്ങള്‍, എണ്‍പതുകള്‍ മുതലുള്ള എന്റെ ജീവിത കാലഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ളതാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിക്കുകയും അതേ സമയം നിങ്ങള്‍ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടോ എന്ന് സ്വയം ചോദിക്കാനും പ്രേരിപ്പിക്കുന്ന തരത്തില്‍ മനസ്സിനെ മഥിക്കുന്ന ദൃശ്യങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല.
പൂർണ്ണമായും പിതൃമേധാവിത്വമപരമായി വർത്തിക്കുന്ന ഒരു സമൂഹത്തിലെ അധികാരശ്രേണിയെ വെല്ലുവിളിച്ചുകൊണ്ട് #MeToo പ്രസ്ഥാനം നമ്മെ ഉണർത്തിയെങ്കിൽ, ചുവന്ന കൊടികളുമേന്തി വന്ന വിണ്ടു കീറിയ പാദങ്ങളുള്ള കർഷകർ, കമ്പോളത്തിന്റെ ലാഭനഷ്ടങ്ങളെപ്പറ്റി പുനരാലോചിക്കുവാൻ നമ്മളോടാവശ്യപ്പെടുകയാണു ചെയ്തത്. ദേശീയവും പ്രാദേശികവുമായ മാധ്യമങ്ങളെ പണവും അധികാരവും ഉപയോഗിച്ച് പരസ്യമായി ഭീഷണിപ്പെടുത്തപ്പെടുകയോ വശീകരിക്കപ്പെടുകയോ ചെയ്തുവെങ്കിലും, കൊലപാതകങ്ങൾക്കും, വധ ഭീഷണികള്‍ക്കും വീട്ടുതടങ്കലുകള്‍ക്കും ഇടയില്‍ നിന്നും പ്രതിരോധങ്ങള്‍ ഉയരുക തന്നെ ചെയ്തു.
സ്വതന്ത്ര ജോലികളും ഹ്രസ്വകാല ഉടമ്പടികൾക്കും പ്രാധാന്യമുള്ള സാമ്പത്തിക വ്യവസ്ഥ തൊഴിലിടങ്ങൾക്കു പുതിയൊരു മുഖം നൽകി. ഒപ്പമത് തൊഴിലിടത്തിലെ സുരക്ഷിതത്വവും, തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും എന്താണെന്ന ഒരു ചോദ്യവും ഉന്നയിച്ചു. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ (സാമൂഹ്യ മാധ്യമങ്ങൾ), ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (നിർമ്മിത ബുദ്ധി) സാങ്കേതിക വിദ്യയിലെ കൗതുകകരമായ കണ്ടെത്തലുകൾ എന്നിവ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതോടൊപ്പം, അവ കൊണ്ട് വരും എന്നുറപ്പ് വരുത്തിയ 'ഓട്ടോണമി'യ്ക്ക് തന്നെ ഭീഷണിയാകുകയാണു ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുദ്ധഭേരി മുഴക്കുന്നു - ജ്ഞാനത്തിന്റെ പാതയില്‍ സ്വാതന്ത്യം ആവശ്യപ്പെട്ടു കൊണ്ടും, നിശബ്ദ കാണികളായിരിക്കുന്നവരോട് കലഹിച്ചു കൊണ്ടും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് ദാനച്ചടങ്ങിൽ നിന്ന് ആത്മാഭിമാനത്തിന്റെ പേരിൽ ഇന്ത്യന്‍ സിനിമാ ലോകം വിട്ടു നിന്നതും, ജീവിത കാലം മുഴുവൻ ആഗ്രഹിച്ച് പ്രയത്നിച്ച് നേടിയെടുത്ത അവാർഡുകൾ, കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മടക്കി നൽകിയതും അപൂർവ്വ കാഴ്ചകളായിരുന്നു.
രക്ഷാധികാരികൾക്ക് ആദരവു നൽകുന്നതിനുള്ള ഭാഗമായി, പൊതുവേ നിശബ്ദരായ സാംസ്കാരിക സംഘടനകളും ലാഭേതര സ്ഥാപനങ്ങളും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യങ്ങൾ പല രീതിയിൽ ഉന്നയിച്ചു. റിസര്‍വ് ബാങ്ക്, ഇലക്ഷൻ കമ്മീഷൻ, സി ബി ഐ, ജുഡീഷ്യറി എന്നിവയുടെ അപചയത്തിന് പല വട്ടം അടിവരയിടപ്പെട്ട വര്‍ഷം കൂടിയായിരുന്നു കടന്നു പോയത്.
മേല്‍പ്പറഞ്ഞവയുടെയെല്ലാം അരൂഡമായ സത്യങ്ങള്‍ ഇവയൊക്കെയാണ്: ഒന്ന്, 'കളക്റ്റിവ്' ആയ എന്തിന്റെയും ശക്തി 'നോണ്‍-ട്രേടബിള്‍' ആണ്. കുറഞ്ഞ 'അറ്റന്‍ഷന്‍ സ്പാന്‍', വിവരബാഹുല്യം എന്നിവയുടെ കാലത്ത്, പ്രശ്നങ്ങളെയും അവയുടെ സാംഗത്യത്തെയും മുൻനിരയിലേക്ക് കൊണ്ടു വരാന്‍ 'കളക്റ്റിവ്' ശക്തികള്‍ക്ക് സാധിക്കും. അത് വഴി, 'കളക്റ്റിവ്' അംഗങ്ങള്‍ക്ക് ശക്തി പ്രദാനം ചെയ്യാനും. രണ്ട്, 'കളക്റ്റിവ്' പ്രസ്ഥാനങ്ങള്‍ വെറും വാഗ്യുദ്ധങ്ങളല്ല. സ്ഥാപനങ്ങളുടെ അനിയന്ത്രിതാധികാരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വ്യക്തി സ്വഭാവങ്ങളോ പരാജയങ്ങളൊ ആയി കരുതി തള്ളിക്കളയാവുന്നതല്ല എന്ന് വ്യക്തികളും, സമൂഹവുംമ തിരിച്ചറിയുന്നത് ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണ്.
മൂന്ന്, ഒരു സമൂഹവും അതിന്റെ സ്ഥാപനങ്ങളും തന്നെ അതിന്റെ ജനങ്ങളെ തോല്‍പ്പിക്കുമ്പോൾ, ജനങ്ങൾ തങ്ങളുടെ പരാതി പറയാൻ മാത്രമല്ല, മറിച്ച് സമത്വത്തിലേയ്ക്ക് മുന്നേറുന്ന ഒരു സംവിധാനം നിർമ്മിക്കുവാൻ തക്ക വിധത്തിലുള്ള തീരുമാനങ്ങൾ ആവശ്യപ്പെടുക കൂടിയാണു ചെയ്യുന്നത്. നാലാമത്, അന്ത്യവിധിദിനമല്ലെങ്കില്‍ കൂടി, #TimesUp എന്നു 2018 കാണിച്ചു തന്നു. ഒരു മാറ്റവും ഉണ്ടാവില്ല എന്ന് നാം കരുതുന്ന സ്ഥാപനങ്ങളിൽ പോലും ആഴത്തിലുള്ള മാറ്റങ്ങൾ വരുത്താന്‍ സാധിക്കും എന്നും. രാഷ്ട്രീയ സൈദ്ധാന്തികനായ റിച്ചാർഡ് പിറ്റ്‌ഹൗസ് പറയുന്നു, “കുടുംബം, പള്ളി, സർവ്വകലാശാല, കലകൾ, രാഷ്ട്രീയം എന്നവയൊന്നും തന്നെ അഭയസ്ഥാനങ്ങള്‍ ആവും എന്ന ഉറപ്പു തരുന്നില്ലെന്ന് തിരിച്ചറിയുവാനുള്ള സമയമാണിത്. അതിനര്‍ത്ഥം, പൊതു ജീവിതത്തിലും സ്വകാര്യ ഇടപെടലുകളിലും മാത്രമാണ് ഉണർവ്വും കര്‍ത്തൃത്വവുമുള്ള വ്യക്തികൾ വിഹരിക്കുന്നത് എന്നാണ്."
രാഷ്ട്രീയ വിഭാഗങ്ങളും സംഘടനകളുമെല്ലാം എത്ര വിഫലമാണെങ്കിലും, മടുപ്പിന്റെയും വിമർശനത്തിന്റെയും പേരിൽ, നമുക്ക് 'അതോറിട്ടേറിയന്‍ പോപുലിസത്തി'ലേയ്ക്ക് പോകാനാകില്ല. പകരം, സ്ഥാപനങ്ങളിലും രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണു കാലം ആവശ്യപ്പെടുന്നത്. 2019ലും അത് കഴിഞ്ഞും , ആരെ തെരഞ്ഞെടുത്താലും, രാജ്യത്തെ ഓരോ വ്യക്തിയും ജാതി, മത, ലിംഗ ഭേദങ്ങൾ കൂടാതെ, വലുതും ചെറുതുമായ ഈ മുന്നേറ്റങ്ങളുടെ അന്തർധാരയെ സ്വാംശീകരിക്കേണ്ടതുണ്ട്. എന്തെന്നാൽ അസമത്വം സഹിക്കുക എന്നത്, നമ്മുടെ ജീവിതങ്ങൾക്കു മേൽ അസ്വീകാര്യമായ തോതിൽ മറ്റുള്ളവർക്ക് നിയന്ത്രണാധികാരം നൽകുക എന്നതാണ്.
എഴുത്തുകാരി ഇസബെൽ അലെൻഡേ ഒരിക്കൽ പറഞ്ഞു; “സ്വകാര്യ ജീവിതത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു, അയാൾ മകളെ ഉപേക്ഷിച്ചു, അയാളൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു, പല കവിതകളും പൗരുഷ പ്രദർശനങ്ങളാണ്, പക്ഷേ നെരൂദയുടെ ബാക്കി രചനകൾക്ക് ബൃഹദ് മൂല്യമുണ്ട്. “
2019ലേയ്ക്ക് കണ്ണുകൾ തുറക്കുമ്പോൾ, ഇത്തരത്തിലെ ‘ബൃഹദ്‌മൂല്യ'ങ്ങള്‍ നമുക്ക് എന്താണ് എന്ന് നിർവ്വചിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ ഭാരം കൂടി നമ്മള്‍ ചുമക്കേണ്ടി വരുമോ? എങ്ങനെയാണു നാം അതിന്റെ പൂര്‍ണ്ണവും സത്യസന്ധവുമായ അർത്ഥത്തിൽ, ഇന്ത്യൻ ഭരണഘടന പ്രതിപാദിക്കുന്ന നീതിപൂർവ്വകവും സമത്വപൂർണ്ണവുമായ ഒരു സമൂഹത്തിന് അടിത്തറയിടുക? 2018ൽ ഇന്ത്യൻ സമൂഹം സാക്ഷ്യം വഹിച്ച ഭീതിയെ എങ്ങനെയാണു തടുക്കുക? അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടം കാണുമ്പോള്‍
അതിനെ അവഗണിക്കണോ അതോ അംഗീകരിക്കണോ എന്ന് ചിന്തിക്കാതെ, അതിനെ പിന്തുണയ്ക്കാനും പരിഹരിക്കാനുമുളള ആര്‍ജ്ജവം കാട്ടണം.
ചുറ്റുമുള്ള ലോകത്തെപ്പറ്റി ഔന്നത്യപരമായ അവബോധത്തോടെ ശരിയായ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ നമ്മുടെ ജീവിതങ്ങൾ മെച്ചപ്പെടുന്നു. പക്ഷേ ആ അവബോധം സ്വാഭാവികമായി വന്നു ചേരുക സാധ്യമല്ല. മറിച്ച്, ആവശ്യമായ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക- രാഷ്ട്രീയ ഉപാധികൾ നടപ്പാക്കാനുതകുന്ന സംഘടിത പദ്ധതികളിൽ നിന്നു മാത്രമേ അത് ഉണർന്നു വരുകയുള്ളു. അതിനാൽ നൈതിക അടിയന്തിരാവസ്ഥയുടെ ഈ കാലഘട്ടത്തിൽ, ഒരു സമൂഹമെന്ന നിലയിൽ, നാമെല്ലാം ഒത്തു ചേരുകയും, വ്യത്യാസങ്ങൾ മറന്ന് കൂടുതൽ ആരോഗ്യകരവും ഉദാരവുമായ ഒരു ലോകത്തിനായി പ്രവർത്തിക്കുകയും വേണം.
കവി ദുഷ്യന്ത് കുമാർ എഴുതുന്നു:
സിർഫ് ഹംഗാമ ഖഡാ കർനാ ഹമാര മൿസദ് നഹി/ സഹി കോശിഷ് ഹെ കി യെ സൂരത് ബദൽനി ചാഹിയേ (നമ്മുടെ ലക്ഷ്യം ഒരു പ്രദർശനമൊരുക്കുക മാത്രമല്ല/കാര്യങ്ങളുടെ മുഖം തന്നെ മാറ്റുക എന്നതാണ്. )
നടിയും നര്‍ത്തകിയും 'പബ്ലിക് പോളിസി റിസര്‍ച്ചറു'മാണ് ലേഖിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.