scorecardresearch

പദ്മനാഭദാസനല്ലാത്ത ഒരു പൗരൻ്റെ സന്ദേഹങ്ങൾ

ഈ വിധിയിൽ തൃപ്തിയടുന്നത് ഒരു ജനാധിപത്യ സംസ്ക്കാരത്തിനു യോജിച്ചതാണോ എന്ന സന്ദേഹവും എന്നെ അലട്ടുന്നുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ സർക്കാർ അത്തരമൊരു തീരുമാനത്തിലേക്ക് പോകുന്നത് നിരാശയുളവാക്കുന്നു. ജനാധിപത്യത്തെ വികസിതമാക്കാനുള്ള ഒരവസരമായി ഇതിനെ കണ്ട് നീതിയുടെ ബാക്കിയുള്ള വാതായനങ്ങൾ ഇതിനായി തുറക്കുമോ എന്ന് ചിന്തിക്കാമായിരുന്നു

പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണാധികാരത്തെപ്പറ്റിയുള്ള തർക്കത്തിൽ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. ഈ വിഷയത്തിലെ അവസാന വിധിയാവാൻ “വിധിയ്ക്കപ്പെട്ടേക്കാവുന്ന ” ഈ വിധിയുടെ പൊതുവായന എന്നെ പല തലത്തിൽ അസ്വസ്ഥനാക്കുന്നു. നിയമസാധ്യതകൾ ഇനിയും ബാക്കികിടപ്പുണ്ടെങ്കിലും എല്ലാ “ദാസന്മാരെയും ” പൊതുവിൽ തൃപ്തിപ്പെടുത്തുന്ന ഒന്നായതിനാൽ ഇതൊരു അടഞ്ഞ അധ്യായമാവനാണ് സാധ്യത. പദ്മനാഭദാസനല്ലാത്ത ഒരു പൗരനെ ഈ വിധി അസ്വസ്ഥനാക്കും. പല തലത്തിൽ നോക്കുമ്പോൾ ഇതൊരു ആധുനിക സമൂഹത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ഇവിടെ വ്യക്തിപരമായ മതവിശ്വാസമോ, ദൈവചിന്തയോ അല്ല, പൗരബോധമാണ് എൻ്റെ സന്ദേഹങ്ങളുടെ കാതൽ.

ക്ഷേത്രഭരണം കേരള സംസ്ഥാന സർക്കാരിനാണ് എന്ന നമ്മുടെ ഹൈക്കോടതിയുടെ നേരത്തെയുണ്ടായ വിധിയെ തള്ളുകയും  ക്ഷേത്രഭരണത്തിനായ് രണ്ട് സമിതികളെ പ്രഖ്യാപിക്കുകയുമാണ് സുപ്രിം കോടതി ഈ പുതിയവിധിയിലൂടെ ചെയ്തിരിക്കുന്നത്. ഇതുവഴി പുതുതായി രണ്ടു ഭരണസമിതികൾ ഉടൻ നിലവിൽ വരും. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി നിലവിൽ വരുന്ന മുഖ്യ സമിതിയിൽ ക്ഷേത്രത്തിലെ  മുഖ്യതന്ത്രി, രാജകുടുംബം നിർദ്ദേശിക്കുന്ന ഒരാൾ, സംസ്ഥാന സർക്കാരിൻ്റെ ഒരു പ്രതിനിധി, കേന്ദ്ര സർക്കാരിൻ്റെ ഒരു പ്രതിനിധി എന്നിവരായിരിക്കും അംഗങ്ങൾ.  വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു മൂന്നംഗ ഉപദേശക സമിതി വേറെയും നിലവിൽ വരും. ഇതിൽ ട്രസ്റ്റി നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ വ്യക്തിയും ഒരു പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റുമായിരിക്കണം മറ്റ് അംഗങ്ങൾ. ഇവരെല്ലാം ഹിന്ദുമത വിശ്വാസികളായിരിക്കണം എന്ന പ്രത്യേക നിഷ്ക്കർഷയുമുണ്ട്. ഇതാണ് പുതിയ സംവിധാനം. ഈ സംവിധാനത്തിൻ്റെ അധികാരങ്ങളെപ്പറ്റിയും സുപ്രീം കോടതി വിധിയിൽ വിശദമാക്കിയിട്ടുണ്ട്.

Read More: രാഷ്ട്രീയ മൂല്യത്തകർച്ചയും അസംബന്ധങ്ങളുടെ സാമൂഹ്യവ്യാപനവും

ഇതിൽ മുഖ്യ കമ്മറ്റിയുടെ അധ്യക്ഷൻ തിരുവനന്തപുരത്തെ ജില്ലാ ജഡ്ജിയായിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അത് യഥാർത്ഥത്തിൽ വളരെ കുഴപ്പം പിടിച്ച ഒരു തീരുമാനമാണ്. പദ്മനാഭസ്വാമി ക്ഷേത്രം നിലനിൽക്കുന്നേടത്തോളം കാലം, അഥവാ ഈ വിധി നിലനിൽക്കുന്നേടത്തോളം കാലം തിരുവനന്തപുരം എന്ന ജില്ലയ്‌ക്ക് ഹിന്ദുവായ ഒരു ജില്ലാ ജഡ്ജി വേണമെന്നും കൂടി ഇങ്ങനെയൊരു വിധിയിലൂടെ പരമോന്നത കോടതി പറയാതെ പറയുകയാണ്. ഒരു മതേതര രാജ്യത്തെ ഭരണഘടനയെ മുൻനിർത്തി പുറപ്പെടുവിച്ച ഒരു വിധിയിലാണ് ഇങ്ങനെയൊരു മതേതരമല്ലാത്ത കുരുക്ക് വന്നുപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി കോടതി ചിന്തിച്ചതേയില്ലെന്നു വേണം കരുതാൻ.

ഹിന്ദുവല്ലാത്ത ഒരാൾക്ക്  ഇനിയങ്ങോട്ട് തിരുവനന്തപുരം ജില്ലാ ജഡ്ജിയാവാൻ കഴിയില്ല എന്നർത്ഥം. സംശയങ്ങൾ പലതാണ്. മതവിശ്വാസിയല്ലാത്ത ഒരാൾക്ക് ഈ സ്ഥലത്തെ ജില്ലാ ജഡ്ജിയാവാമോ? ജഡ്ജി ഒരു ഹിന്ദു നാമധാരിയായാൽ മാത്രം മതിയോ? എന്തായാലും ജുഡിഷ്യറിയിൽ മതം ഒരനിവാര്യ ഘടകമായി കരുതുന്ന ഒരു പരമോന്നത കോടതിയാണ് നമുക്കുള്ളത് എന്നുകൂടി ഇതിൽ നിന്നും സ്പഷ്ടമാകുന്നു. നീതിപീഠത്തിൽ ഇരിക്കുന്ന വ്യക്തി ഒരു പ്രത്യേക മതവിശ്വാസിയാവരുത് എന്ന് വിധിക്കുന്ന  ഇന്ത്യ എൻ്റെ സ്വപ്ന രാജ്യമാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും അവരുടെ പ്രതിനിധികളെ നിയമിക്കുമ്പോഴും ഹിന്ദുക്കളെ കണ്ടെത്തണം. ചുരുങ്ങിയ പക്ഷം ഹിന്ദു നാമധാരിയെ എങ്കിലും കണ്ടെത്തിയേ മതിയാവൂ.

ഇതേ പ്രശ്നം ഇതിനു മുമ്പും ഉയർന്നു വന്നിട്ടുണ്ട്. ദേവസ്വം ബോർഡിൻ്റെ മന്ത്രിയ്ക്കും  ഈ നിബന്ധന ബാധകമാണെന്നു കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഇപ്പോഴത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ കാര്യം നോക്കാം. അദ്ദേഹം കമ്യൂണിസ്റ്റു പാർട്ടിയുടെ അംഗമാണ്. കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിൽ  വിശ്വസിക്കുന്ന ആളാണോ എന്നറിയില്ല. ഹിന്ദു നാമധാരിയാണ്. ഹിന്ദു മത വിശ്വാസിയാണോ എന്നറിയില്ല. ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പിനായുള്ള ദേവസ്വം ബോർഡിൻ്റെ മന്ത്രിയാവാൻ ഈ യോഗ്യത മതി. എന്നാൽ അദ്ദേഹം മന്ത്രിയായതും എം.എൽ.എ ആയതും ഹിന്ദുക്കൾ മാത്രം വോട്ടു ചെയ്തതു കൊണ്ടല്ല. നിതിയിലെ ഈ സത്യസന്ധതയില്ലായ്മ , ഈ വൈരുദ്ധ്യം ആരും കണ്ടതായി ഇപ്പോഴും നടിക്കുന്നില്ല. ജില്ലാ ജഡ്ജിയുടെ കാര്യത്തിലും ഇത്തരം അസംബന്ധം നിലനിർത്തുവാനാണ് സുപ്രീം കോടതി ഇപ്പോൾ ശ്രമിച്ചിരിക്കുന്നത്. അദ്ദേഹം ജഡ്ജിയായത് ഹിന്ദുവായതു കൊണ്ടല്ല. പക്ഷേ, അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്ര കമ്മറ്റി അധ്യക്ഷനാവുന്നത് ഹിന്ദു നാമധാരിയായ ജഡ്ജിയായതുകൊണ്ടാണ്! ഒരു ദളിത് ഹിന്ദുവിനും ഈ സ്ഥാനത്തിന് അർഹതയുണ്ടാവുമെന്ന് നമുക്ക് കരുതാം. രാജാക്കന്മാരും തന്ത്രിയുമൊക്കെയാണ് മറ്റ് അംഗങ്ങൾ എന്നതുകൊണ്ടാണ് എനിക്ക് അക്കാര്യത്തിൽ ഉറപ്പില്ലാത്തത്.  എതായാലും നീതിനിർവഹണത്തിലെ ഈ കല്ലുകടി എന്നെ അസ്വസ്ഥനാക്കുന്നു.

രാജകുടുംബത്തിൻ്റെ പരമ്പരയിൽപ്പെട്ടവരായിരിക്കണം  എപ്പോഴും ഈ പൊതു ക്ഷേത്രത്തിൻ്റെ ട്രസ്റ്റി എന്ന് കോടതി വിധിച്ചു. ഇവിടെയും ഒരു ഭാവി പ്രതിസന്ധി കാണാൻ കോടതി മിനക്കെട്ടില്ല. ഒരു മതേതര രാജ്യത്തെ കുടംബ പരമ്പരയിൽ എല്ലാ കാലത്തും ഹിന്ദു മത വിശ്വാസികൾ നേതൃത്വത്തിലുണ്ടാവും എന്ന മുൻ ധാരണ കോടതി എടുത്തതെങ്ങനെ ? പരമത ബന്ധത്തിലേർപ്പെടാനുള്ള ആ കുടുംബത്തിൻ്റെ മൗലിക അവകാശത്തെ കോടതി നിഷേധിക്കുന്നു എന്നു ഞാൻ പറയില്ല. കണ്ടില്ലെന്നു നടിച്ചു എന്നു കരുതാതെ വയ്യ. ഈ ക്ഷേത്ര കമ്മറ്റിയുടെ ഭാഗമാവുക വഴി മതസങ്കലനം,  മതം മാറ്റം എന്നിവ അവർക്ക് നിഷിദ്ധമാവുകയാണോ? തലമുറകൾകപ്പുറമുള്ള പിന്തുടർച്ചയിൽ എപ്പോഴും ഇപ്പോൾ ആ കുടുംബം വെച്ചു പുലർത്തുന്ന മതവിശ്വാസം ഉറപ്പാക്കാൻ സാധിക്കുമോ?

ഒരു പൊതുക്ഷേത്രമാണെന്ന് വ്യക്തമാക്കി കൊണ്ടു തന്നെ  രാജകുടുംബത്തിൻ്റെ അവകാശങ്ങളെ ഇങ്ങനെ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതിലെ നിയമവശങ്ങൾ ഈ ലേഖകന് പരിചയമില്ല. അവയെ നിയമത്തിൻ്റെ പരിമിതിയായി മനസ്സിലാക്കാനാണ് എന്നിലെ ആധുനിക പൗരൻ ആഗ്രഹിക്കുന്നത്. പൊതു ക്ഷേത്രം എന്നതിൻ്റെ നിർവചനം തീർച്ചയായും പരിഷ്ക്കരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിർവചനപ്രകാരം അതിൽ രാജ്യമുണ്ടാകുന്നതിനു മുൻപുള്ള  പിന്തുടർച്ചക്കാർക്ക് പോലും അവകാശം നേടാൻ കഴിയും എന്നാണ് ഈ വിധി പറയുന്നത്. ഈ ചോദ്യങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന് നേരിടുമ്പോൾ ഞാൻ അസ്വസ്ഥനാണ്. രാജാവിൽ നിന്ന് ജനപ്രതിനിധിയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ച പിഴവുകളാണോ ഈ “പിന്തുടർച്ച ” നീതിയെ നിലനിർത്തുന്നത് എന്ന് ഞാൻ സംശയിക്കുന്നു. ആണെങ്കിൽ തിരുത്തുകൾക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദ്യം അസ്വസ്ഥനായ പൗരൻ ടിപി സുന്ദർരാജൻ എന്ന  ഒരു ക്ഷേത്ര ഭക്തനാണ്. നിർഭാഗ്യവശാൽ  വിധിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വാർത്തകളിൽ അർഹിക്കുന്ന സ്ഥാനം അദ്ദേഹം നേടിയില്ല. അവിടെയും ആവശ്യത്തിൽക്കവിഞ്ഞ ഇടം കരസ്ഥമാക്കിയത് മുൻ രാജകുടുംബാംഗങ്ങളാണ്. അവസാനത്തെ രാജാവിൻ്റെ സഹോദരൻ ക്ഷേത്ര സ്വത്തുക്കൾ കുടുംബസ്വത്താണെന്ന വാദത്തോടെ മുന്നേറിയപ്പോൾ അതിനെ തടഞ്ഞു കൊണ്ട് ക്ഷേത്ര സ്വത്തുക്കൾ കണക്കെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവുമായി സുന്ദർരാജൻ ഹൈക്കോടതിയെ സമീപിച്ചു. 2009 ഡിസംബറിൽ അദ്ദേഹം തുടങ്ങി വച്ച കേസാണ് ഇപ്പോൾ പുതിയ വിധിയോടെ അവസാനിക്കുന്നത്.

Read More: എൻ ഇ സുധീറിന്റെ മറ്റു രചനകൾ വായിക്കാം

ഹൈക്കോടതി ഇടപെടൽ മൂലം പിന്നീട് ക്ഷേത്രത്തിലെ ചില അറകൾ തുറന്നു പരിശോധിച്ചു കണക്കെടുത്തു. ആകെയുള്ള ആറ് അറകളുള്ളതിൽ ‘ബി നിലവറ’  തുറന്നു പരിശോധിക്കുന്നതിനെ മുൻ രാജകുടുംബം ആദ്യം മുതലേ  എതിർത്തു പോന്നു. ലക്ഷക്കണക്കിന് കോടി രൂപ വിലവരുന്ന സ്വത്തുക്കളാണ് മറ്റ് നിലവറകളിൽ നിന്ന് കണ്ടെത്തിയത്. ‘ബി നിലവറ’യിൽ മാത്രം ഇതിൽക്കൂടുതൽ സമ്പത്തുണ്ടെന്നും അന്വേഷണത്തിൽ വിലയിരുത്തപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പിൻബലത്തോടെയാണ് മുൻ രാജകുടുംബം ഇതിനെ തടഞ്ഞു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇപ്പോഴും ഇടപെട്ടില്ല. അത് തുറക്കണോ വേണ്ടയോ എന്ന തിരുമാനിക്കാനുള്ള അവകാശം പുതിയ കമ്മറ്റിയ്ക്ക് വിട്ടുകൊടുക്കുകയാണ് സുപ്രീം കോടതി ചെയ്തത്. അതായത് ഈ ഗൗരവമായ കാര്യം രാജാവിൻ്റെ പ്രതിനിധിയും തന്ത്രിയും ഉൾപ്പെട്ട കമ്മറ്റി തന്നെ തീരുമാനിക്കട്ടെ എന്ന് സുപ്രീം കോടതി പറയുന്നു. ഇതൊരു ഒഴിഞ്ഞു മാറലാണ്. ഒരർത്ഥത്തിൽ ‘ബി നിലവറ’യിൽ എന്താണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് നമ്മൾ  ഒരിക്കലും അറിയാൻ പോകുന്നില്ല.  എന്തിനാണ് അതൊക്കെ ഇങ്ങനെ അടച്ചു വെച്ചിരിക്കുന്നത് എന്ന ശുദ്ധമായ, നിഷ്ക്കളങ്കമായ ചെറിയ ചോദ്യത്തെ ആരും നേരിടുന്നില്ല. അതിങ്ങനെ അടച്ചു പൂട്ടി വെച്ചിരിക്കുന്നത് കൊണ്ട് ആർക്കാണ് പ്രയോജനം? സുപ്രീം കോടതിയ്ക്ക് ഇക്കാര്യത്തിലെങ്കിലും ഒരു ഉറച്ച നിലപാടിൽ എത്താമായിരുന്നു എന്ന് ഞാൻ കരുതുന്നു.

സുന്ദർരാജൻ  ഹൈക്കോടതിയെ സമീപിച്ചതിൻ്റെ  പുറകിൽ അവിടെ നടന്ന അഴിമതിക്കഥകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. പിന്നീട് നടന്ന ഓഡിറ്റിലും അന്വേഷണത്തിലും ഇത് വ്യക്തമായതാണ്. മുൻ സിഎജി വിനോദ് റായിയുടെ ഓഡിറ്റ്  റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിൻ്റെ ‘Rethinking Good Governance’ എന്ന പുസ്തകത്തിൽ ഇതേപ്പറ്റി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അദ്ദേഹത്തിന് അവിടെ കണ്ടെത്താൻ കഴിഞ്ഞത്. അതിൻ്റെ ഉത്തരവാദികൾ ആരെന്നത് പകൽ വെളിച്ചം പോലെ സുവ്യക്തവുമാണ്. സുപ്രീം കോടതിയ്ക്കും ഇക്കാര്യത്തിൽ സംശയങ്ങളുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ 25 കൊല്ലത്തെ കണക്കുകൾ പരിശോധിക്കണം എന്ന് വിധിയിൽ നിഷ്ക്കർഷിച്ചത്. എന്നാൽ ഈ കണക്കെടുപ്പും അതിൻ്റെ തുടരന്വേഷണവും തിർപ്പുകൽപ്പിക്കലും പുതിയ കമ്മറ്റിയെ ഏല്പിക്കുകയാണ് അവർ ചെയ്തിരിക്കുന്നത്.  സുന്ദർരാജൻ മുന്നോട്ടുവെച്ച സംശയങ്ങൾ അവർ പാടേ അവഗണിച്ചു കളഞ്ഞു. കള്ളൻ കപ്പലിൽ എന്ന ചൊല്ലു പോലെ അന്വേഷണ വിധേയരാവേണ്ടവരും കമ്മറ്റിയിൽ എന്ന നില ഒഴിവാക്കാമായിരുന്നു. സുന്ദർരാജൻ എന്ന ഭക്തനായ പൗരൻ്റെ നിതി ബോധത്തോട് അങ്ങനെയെങ്കിലും നമുക്ക് കടം വീട്ടാമായിരുന്നു.

സർക്കാർ ഖജനാവിൽ നിന്ന് ക്ഷേത്രത്തിൻ്റെ സുരക്ഷയ്ക്കായി ചിലവഴിച്ച തുക തിരിച്ചു കിട്ടും എന്നതാണ് ഈ വിധിയിലൂടെ ഉണ്ടായ മുഖ്യ നേട്ടം എന്ന് ഒറ്റനോട്ടത്തിൽ ഈ പൗരൻ്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നു. സർക്കാരിനുണ്ടായ നിയമച്ചിലവ് കിട്ടുമോ എന്നറിയില്ല. സുരക്ഷാ ചിലവ് ഇനിയങ്ങോട്ട് ക്ഷേത്രം തന്നെ വഹിക്കണമെന്നും വിധിയിലുണ്ട്. അതും ഒരാശ്വാസം. ഈ തീരുമാനത്തിൻ്റെ  പിന്നിൽ മറ്റ് ദുർബുദ്ധിയില്ലെന്നു കരുതിയാണ് ആശ്വസിക്കുന്നത്.
ഈ വിധിയിൽ തൃപ്തിയടുന്നത് ഒരു ജനാധിപത്യ സംസ്ക്കാരത്തിനു യോജിച്ചതാണോ എന്ന സന്ദേഹവും എന്നെ അലട്ടുന്നുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ സർക്കാർ അത്തരമൊരു തീരുമാനത്തിലേക്ക് പോകുന്നത് നിരാശയുളവാക്കുന്നു. ജനാധിപത്യത്തെ വികസിതമാക്കാനുള്ള ഒരവസരമായി ഇതിനെ കണ്ട് നീതിയുടെ ബാക്കിയുള്ള വാതായനങ്ങൾ ഇതിനായി തുറക്കുമോ എന്ന് ചിന്തിക്കാമായിരുന്നു. അവിടെയും വില്ലനായി നിൽക്കുന്നത് ഇനിയും മതേതരമാവാത്ത കേരളീയ സമൂഹമാണ്.

തിക്കും തിരക്കുമില്ലാതെ ഭക്തർ യഥേഷ്ടം സമയം ചിലവഴിച്ചിരുന്ന ആ ആരാധനാലയത്തെ ലോകത്തിലെ ഏറ്റവും കരുതലുള്ള സുരക്ഷാ ക്രമീകരണത്താൽ കാത്തു സൂക്ഷിക്കേണ്ട ഒന്നാക്കി മാറ്റിയത് ഈ നിയമപ്പോരാട്ടങ്ങളാണല്ലോ. യൗവനകാലത്ത് യാതൊരു അല്ല ലുമില്ലാതെ  ചില കൂട്ടുകാരോടൊപ്പം  ആ ക്ഷേത്രവളപ്പിൽ ചിലവഴിച്ച ചില  സയാഹ്നങ്ങളെ ഓർത്തുകൊണ്ട് ഞാനീ കുറിപ്പ് അവസാനിപ്പിക്കാം. അപ്പോഴും ഇപ്പോഴും ഒന്നിൻ്റെയും ദാസനല്ലാതെ നിലകൊള്ളാൻ എന്നെ പ്രാപ്തനാക്കിയത് ആ അലസ നടത്തങ്ങളാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Padmanabha swamy temple supreme court verdict