scorecardresearch
Latest News

ഞാൻ മുഹമ്മദ് സുബൈർ

എല്ലാ സർക്കാരുകളും ഇത്തരം വീമ്പിളക്കലുകളിൽ കുറ്റക്കാരാണ്, എന്നാൽ ഈ സർക്കാർ അതിരുകടക്കുന്നു, ഒരു പോരായ്മയും ഒരിക്കലും സമ്മതിക്കുന്നില്ല. “വിശ്വസിക്കുക, പക്ഷേ, സ്ഥിരീകരിക്കുക” എന്ന ഹാരി ട്രൂമാന്റെ വിവേക ബുദ്ധിയുള്ള വാക്കുകൾ ഞാൻ ഓർക്കുന്നു… പി ചിദംബരം എഴുതുന്നു

ഞാൻ മുഹമ്മദ് സുബൈർ

വസ്‌തുത പരിശോധിക്കുന്നത് (ഫാക്ട് ചെക്കിങ്) വളരെ ഗൗരവമേറിയ കാര്യമാണ്. അതിന് നിഷ്പക്ഷ മനസ്സും വിശാലമായ വായനയും ആഴത്തിലുള്ള ഗവേഷണവും അക്കാദമിക് വിശ്വാസ്യതയും ആവശ്യമാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതോ നിർവ്യാജമായ തെറ്റുകളിൽ നിന്ന് മൈലേജ് നേടുന്നതോ അല്ല വസ്തുതാ പരിശോധന. വസ്‌തുത പരിശോധിക്കുന്നത് നിസാര കാര്യങ്ങളോ അനാവശ്യമായ കാര്യങ്ങളോ ഉന്നയിക്കുന്നതല്ല , ആരെങ്കിലും ഈ ഉയർച്ച താഴ്ചകൾക്ക് അനുമതി നൽകണം. വസ്തുതാ പരിശോധന നിർമ്മാണ തൊഴിൽ പരിശോധകന്റെ ജോലിയല്ല, അത് കല്ലുകളുടെ കൂമ്പാരത്തിൽ നിന്ന് വജ്രങ്ങൾ തരംതിരിക്കുന്നതാണ്.

2014 മുതൽ ( മെയ് 31 വരെയുള്ള) എട്ട് വർഷക്കാലത്തെ കുറിച്ച് ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കിയ അവരുടെ നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഗ്ലോസി കാറ്റലോഗുകൾ എന്റെ മുന്നിലുണ്ട്. “എട്ട് വർഷം: സേവ, സുഹാസൻ, ഗരീബ് കല്യാൺ” എന്നിങ്ങനെയുള്ള തലക്കെട്ടിലുള്ള രണ്ട് ബുക്ക് ലെറ്റുകളും ആകർഷകമായ നിരവധി ലഘുലേഖകളും അതിലുണ്ട്. ഈ തലക്കെട്ടുകൾ വിവർത്തനം ചെയ്താൽ, “സേവനം, സദ് ഭരണം, ദരിദ്രരുടെ ക്ഷേമം” എന്നിങ്ങനെയാകും ഏകദേശ അർത്ഥം,

എന്റെ ധാരണയിൽ നേട്ടങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വസ്തുതകളാണ്. സത്യത്തിൽ സർക്കാർ എന്താണ് ചെയ്തത്. എട്ട് വർഷം കൊണ്ട് ഒന്നും ചെയ്തില്ല എന്ന് വാദിക്കുന്നത് മണ്ടത്തരമായിരിക്കും. ന്യായമായ കാലയളവിൽ അധികാരത്തിലിരിക്കുന്ന, പൊതു പണം ചെലവഴിക്കുന്ന ഏതൊരു സർക്കാരും ചില നേട്ടങ്ങൾ അവരുടെ ക്രെഡിറ്റിൽ ഉണ്ടാകും.
ഉദാഹരണത്തിന്, കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത ഒരു സർക്കാർ ഉള്ളിടത്തോളം കാലം ഇന്ത്യയുടെ ജിഡിപി പ്രതിവർഷം അഞ്ച് ശതമാനമായി വളരും, കാരണം കൃഷി സ്വകാര്യമേഖലയിലാണ്, സേവനങ്ങളുടെ ഭൂരിഭാഗവും സ്വകാര്യമേഖലയിലാണ്. നിർമ്മാണരംഗത്തിലെ ഗണ്യമായ അനുപാതവും സ്വകാര്യമേഖലയിൽ നിന്നാണ്.

സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ പോലും ഈ സ്ഥിതിക്ക് ചെറിയൊരു ദോഷം പോലും വരുത്താൻ സാധിക്കില്ല. എന്നാൽ, നോട്ട് അസാധുവാക്കൽ പോലെ – ഗുരുതരമായ ഹാനി വരുത്തുമ്പോൾ മാത്രമാണ് സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുക.

മോദി സർക്കാർ സ്വീകരിച്ച ഹാനികരമായ പ്രവൃത്തികൾ വേറെയുമുണ്ട്. അതിലെയൊന്നും ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യുന്നില്ല, നിസ്സംശയം വ്യക്തമാകുന്ന തെറ്റായ നയങ്ങൾക്ക് വേണ്ടിയുള്ള മർക്കടമുഷ്ടിയെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ജനന വൈകല്യങ്ങളുള്ള അത്തരമൊരു നയമാണ് ജിഎസ്ടി നിയമം. ഇലക്ടറൽ ബോണ്ടുകൾ മറ്റൊന്നാണ്: തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും. കോർപ്പറേറ്റുകളെ ഒരു പാർട്ടിയുമായി സഹകരിക്കാനും പാർട്ടി മുഖേന സർക്കാർ രൂപീകരണത്തെ സ്വാധീനിക്കാനും ഇത് വഴിയൊരുക്കി. ഇത്തരം സമീപനത്തിനുള്ള സമീപകാല ഉദാഹരണമാണ് അഗ്നിപഥ്: കാലക്രമേണ, ഈ പദ്ധതി ഇന്ത്യൻ കരസേനയെ (നാവികസേനയെയും വ്യോമസേനയെയും) ത്യാഗ സന്നദ്ധരായി പോരാടാനുള്ള ഇച്ഛാശക്തിയില്ലാത്ത കരാർ-സൈനികരുടെ സൈന്യമാക്കി മാറ്റിത്തീർക്കുകയാണെന്ന് നമുക്ക് മനസ്സിലാകും,

ഈ ലേഖനത്തിന്റെ വിഷയം പക്ഷേ, സാധരാണാമായ ഒന്നാണ്. ലഘുലേഖകളിലെയും ബുക്ക് ലെറ്റുകളിലെയും അവകാശവാദങ്ങൾ എത്രത്തോളം ശരിയാണ്? ഊതിപ്പെരുപ്പിക്കുന്നതിലൂടെ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ബോധപൂർവമായ ശ്രമമുണ്ടോ? വ്യത്യസ്‌ത സ്രോതസ്സുകൾ മുഖേനയുള്ള വസ്തുതാ പരിശോധനയുടെ ഫലമായി ലഭിച്ച ചില നിഗമനങ്ങൾ ഇതാ:

ഊതിപ്പെരുപ്പിക്കലുകൾക്കപ്പുറം

അവകാശവാദം: പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) 2016-ൽ ആരംഭിച്ചത് 2022-ഓടെ എല്ലാ നഗരവാസികൾക്കും താങ്ങാനാവുന്ന വിലയിൽ വീട് നൽകാനാണ്. ആവശ്യം വിലയിരുത്തിയ ശേഷം 1.15 കോടി വീടുകൾ അനുവദിച്ചതായി മന്ത്രി പറഞ്ഞു; 70 ലക്ഷം വീടുകൾ പൂർത്തിയാക്കി; 46 ലക്ഷം വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.

വസ്തുത: 58.59 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. 2022 മാർച്ച് 31-ന് ശേഷം പദ്ധതി നീട്ടിയിട്ടില്ല. വീടില്ലാത്ത ആയിരക്കണക്കിന് ആളുകൾ ഇന്ത്യയിലെ പട്ടണങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലുണ്ട് ഉണ്ടായിരിക്കും.

അവകാശവാദം: 99.99 ശതമാനം വീടുകളും വൈദ്യുതീകരിച്ചു.

വസ്തുത: നിതി ആയോഗുമായി ചേർന്ന് സ്മാർട്ട് പവർ ഇന്ത്യ നടത്തിയ സർവേയിൽ, ഇന്ത്യയിലെ ജനസംഖ്യയുടെ 13 ശതമാനവും ഒന്നുകിൽ ഗ്രിഡ് ഇതര സ്രോതസ്സുകൾ വൈദ്യുതിക്കായി ഉപയോഗിക്കുന്നു അല്ലെങ്കിൽ വൈദ്യുതി ഉപയോഗിക്കുന്നില്ല എന്ന് കണ്ടെത്തി. “എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു” എന്ന് പ്രധാനമന്ത്രി മ്യൂണിക്കിൽ അവകാശപ്പെട്ട ദിവസം, എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീമതി ദ്രൗപതി മുർമുവിന്റെ ജന്മഗ്രാമത്തിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു!

ദേശീയ കുടുംബാരോഗ്യ സർവേ ( നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS 5) പ്രകാരം, 2015-16 ൽ 88 ശതമാനം ജനങ്ങളും വൈദ്യുതി ഉള്ള വീടുകളിലാണ് താമസിച്ചിരുന്നത്. മോദി സർക്കാർ 8.8 ശതമാനം കൂട്ടി 96.8 ശതമാനമാക്കി. നിരവധി ഗ്രാമങ്ങളിലും വിദൂര വാസസ്ഥലങ്ങളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ലെന്നും വൈദ്യുതിയില്ലാത്ത ആയിരക്കണക്കിന് വീടുകളുണ്ടെന്നും സമ്മതിക്കുന്നതിൽ നാണക്കേടില്ല.

സത്യത്തിൽ നിന്ന് അകലെ

അവകാശവാദം: 4,371 നഗരങ്ങൾ തുറസ്സായ മലമൂത്ര വിസർജ്ജന രഹിതമായി (ODF) പ്രഖ്യാപിച്ചു. സ്വച്ഛ് ഭാരത് മിഷൻ കീഴിൽ ഗ്രാമീണ മേഖലകളിൽ ശുചിത്വം 100 ശതമാനമായി വർദ്ധിച്ചു. 11 കോടിയിലധികം വീടുകളിൽ കക്കൂസുകൾ നിർമിച്ചു.

വസ്തുത: സൗത്ത് ഏഷ്യൻ ലേബർ നെറ്റ്‌വർക്കിന്റെ 2021-ലെ സർവേയിൽ ഇന്ത്യയിലെ ജനസംഖ്യയുടെ 45 ശതമാനം ഇപ്പോഴും തുറസ്സായ മലമൂത്ര വിസർജനം നടത്തുന്നുണ്ടെന്ന് കണ്ടെത്തി. നിർമിച്ചതായി പറയപ്പെടുന്ന 12 ലക്ഷം ശൗചാലയങ്ങൾ നിർമിച്ചിട്ടില്ലെന്നും കണ്ടെത്തി. ഒഡിഎഫ് പ്രഖ്യാപിച്ച 4,320 നഗരങ്ങളിൽ 1,276 എണ്ണത്തിൽ മാത്രമാണ് വെള്ളമുള്ളതും ശുചിത്വമുള്ളതും നന്നായി പരിപാലിക്കുന്നതുമായ ടോയ്‌ലറ്റുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അവകാശവാദം: 2022-ഓടെ ഇന്ത്യ പോഷകാഹാരക്കുറവിൽ നിന്ന് മുക്തമാകും. പോരാട്ടം: പോഷകാഹാര ലഭ്യതയ്ക്കായി. ആയുധം: മിഷൻ പോഷൻ. ഫലങ്ങൾ: ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ മൊത്തം 1,81,000 കോടി രൂപ.

വസ്തുത: ആഗോള പട്ടിണി സൂചിക ( GHI- ഒക്ടോബർ 2021) പ്രകാരം 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. NHFS-5 കൂടുതൽ മോശം വാർത്തകൾ പുറത്തുവിട്ടു. 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ ഭൂരിഭാഗവും (57 ശതമാനം) വിളർച്ചയുള്ളവരാണ്. 6മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിൽ 11.3 ശതമാനം പേർക്ക് മാത്രമാണ് മതിയായ ഭക്ഷണം ലഭിച്ചത്. ഭാരക്കുറവുള്ള (32.1 ശതമാനം), വളർച്ച മുരടിച്ച (35.5), ഭാരക്കുറവ് (19.3), ഗുരുതരമായി ഭാരക്കുറവ് (7.7) ഉള്ള കുട്ടികളുടെ അനുപാതം വളരെ കൂടുതലാണ്.

ബുക്ക്‌ലെറ്റുകളിലെ ചില അവകാശവാദങ്ങൾ സത്യമാണ്, ചിലത് അതിശയോക്തിക്ക് വഴിതുറക്കുന്ന രീതിയിൽ കുറച്ചൊക്കെ ശരിയുണ്ട്. എന്നാൽ, ഭൂരിപക്ഷവും വെറും പൊങ്ങച്ചമാണ്. എല്ലാ സർക്കാരുകളും ഇത്തരം വീമ്പിളക്കലുകളിൽ കുറ്റക്കാരാണ്, എന്നാൽ ഈ സർക്കാർ അതിരുകടക്കുന്നു, ഒരു പോരായ്മയും ഒരിക്കലും സമ്മതിക്കുന്നില്ല. “വിശ്വസിക്കുക, പക്ഷേ, സ്ഥിരീകരിക്കുക” എന്ന ഹാരി ട്രൂമാന്റെ വിവേകപൂർവ്വമായ വാക്കുകൾ ഞാൻ ഓർക്കുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: P chidambaram on fact checking mohammed zubair