scorecardresearch
Latest News

വിജയനെ കുറിച്ച് സക്കറിയോട് പറയാനുളളത്

ബാബ്റി മസ്ജിദ് കെട്ടിടമല്ല, സ്വത്വമാണ് എന്ന് വിശ്വസിച്ച വിജയൻ അത് തകർക്കപ്പെട്ട ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ അതിനെതിരേ ലേഖനമെഴുതി. ഒരുവേള, ആ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ശക്തമായ ലേഖനം. ആ വിജയനെയാണ് സക്കറിയ മൃദു ഹിന്ദുത്വ വാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്

വിജയനെ കുറിച്ച് സക്കറിയോട് പറയാനുളളത്

ഒ.വി.വിജയനെ അടുത്തറിഞ്ഞ ഒരാളാണ് സക്കറിയ. അനവധി വർഷങ്ങളുടെ പരിചയം അവർക്കിടയിലുണ്ടായിരുന്നു. കുടുംബ രഹസ്യങ്ങൾ പോലും പങ്കിടാവുന്ന സുതാര്യത അതിനുണ്ടായിരുന്നു എന്ന് വിജയൻ എഴുതിയിട്ടുണ്ട്. എന്റെ വീടിന്റെ ഉള്ളറകളെ നേരിട്ടു കാണാൻ അവകാശമുള്ള സുഹൃത്ത് എന്നും വിജയൻ സക്കറിയയെ വിശേഷിപ്പിച്ചു. “സക്കറിയയ്ക്ക് ഒരു വിശദീകരണം ” എന്ന ലേഖനത്തിലാണ് വിജയൻ ഇതൊക്കെ തുറന്നു പറഞ്ഞത്. വിജയൻ ഹിന്ദു മതമൗലികവാദിയാണ് എന്നാരോപിച്ചു കൊണ്ട് കലാകൗമുദി വാരികയിൽ സക്കറിയ എഴുതിയ ‘കലികാല ചിന്തകൾ ‘ എന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു വിജയൻ. സക്കറിയയുടെ ആരോപണങ്ങളെ വിജയൻ വിനയപൂർവ്വം സഹിഷ്ണുതയോടെ നേരിട്ടു. തന്റെ നിലപാടുകളെ കൃത്യമായി വിശദീകരിച്ചു. സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന ആ വിശദീകരണത്തോടെ ആ ചർച്ച അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വിജയൻ പറഞ്ഞതൊന്നും സക്കറിയയ്ക്ക് ബോദ്ധ്യമായില്ല. അഥവാ സക്കറിയ അങ്ങനെ നടിച്ചു. ആ ആരോപണങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരിക്കുന്നു.

2005-ൽ ഒ.വി.വിജയൻ അന്തരിച്ചു. അദ്ദേഹത്തിന്റെ കൃതികൾക്ക് മാത്രമേ ഇനി അദ്ദേഹത്തിനെതിരേയുള്ള വിമർശനങ്ങളെയും ആരോപണങ്ങളെയും പ്രതിരോധിക്കുവാനൊക്കൂ. പിന്നെ, ആ ചിന്തയെ മനസ്സിലാക്കിയ വായനക്കാർക്കും. ഈ കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഒരു വിജയൻ സ്മൃതിയിൽ വെച്ച് സക്കറിയ വീണ്ടും വിജയനെതിരേ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നു. പുതുതായ ആരോപണങ്ങളൊന്നുമില്ല. വിജയൻ ഒരു മൃദു ഹിന്ദുത്വവാദിയാണ് എന്നാണ് സക്കറിയ അവിടെ സമർത്ഥിക്കാൻ ശ്രമിച്ചത്. വർഗീയവാദി എന്ന് പറയാതെ പറഞ്ഞു വെച്ചു. അതിനദ്ദേഹം തെളിവായി നിരത്തിയത് 20o4-ൽ തപസ്യയുടെ സജ്ഞയൻ പുരസ്കാരം വിജയൻ സ്വീകരിച്ചിട്ടുണ്ട് എന്നതാണ്. തപസ്യ ആർ.എസ്.എസ്സിന്റെ ഭാഗമായ ഒരു സംഘടനയാണ്. അതിനാൽ ആ പുരസ്കാരം സ്വീകരിച്ച വിജയനും ഹിന്ദു വർഗീയതയോട് ചേർന്നു നിൽക്കുന്നു എന്നതായിരുന്നു സക്കറിയയുടെ വാദത്തിന്റെ പൊരുൾ.

ഇതിന് മറുപടി എളുപ്പമായിരുന്നു. നിർഭാഗ്യവശാൽ ആ വേദിയിലും സദസ്സിലുമുണ്ടായവർ ആരും അത് ഓർത്തെടുത്ത് സക്കറിയയെ നേരിട്ടില്ല. 2017-ലെ ഗൾഫ് മാധ്യമം നൽകിയ കമലാ സുരയ്യ പുരസ്കാരം സ്വീകരിച്ച സക്കറിയയെ ജമായത്തെ ഇസ്‌ലാമിയുടെ പക്ഷക്കാരൻ എന്നു വിളിച്ചാലോ? ന്യൂനപക്ഷ വർഗീയതയെ സക്കറിയ പ്രശ്നമായിക്കാണുന്നില്ല എന്നാണോ അതിലൂടെ വായിച്ചെടുക്കേണ്ടത്? ജനാധിപത്യവാദിയും മതേതര വാദിയുമായി അറിയപ്പെടുന്ന സക്കറിയ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നതേയില്ല. ഇതാണ് കാപട്യം. എന്തായാലും സക്കറിയയെ വർഗീയ വാദിയെന്ന് (മൃദുവോ ,അതിയോ !) വിളിക്കാൻ എന്റെ വിവേകം അനുവദിക്കുന്നില്ല.

ഇനി വിജയനിലേയ്ക്ക് വരാം. വിജയൻ അദ്ദേഹം ജീവിച്ച കാലത്തിന്റെ പ്രശ്നങ്ങളോട് സത്യസന്ധമായും ക്രിയാത്മകമായും പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത വ്യക്തിയാണ്. മറയില്ലാതെ ജീവിച്ച മനുഷ്യനുമാണ്. തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെ വിനയപൂർവ്വം നേരിട്ട ഒരു ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് സക്കറിയയുടെ ലേഖനത്തിന് പോലും മറുപടി ലേഖനം എഴുതിയത്. തന്റെ നിലപാടുകളിൽ ഉറച്ച വിശ്വാസവും അവയിൽ തെറ്റിദ്ധാരണകൾക്ക് ഇടമുണ്ടാവരുത് എന്ന ആഗ്രഹവും വിജയനുണ്ടായിരുന്നു. അങ്ങനെ ചുരുക്കം പേരെ മാത്രമേ കേരളത്തിന്റെ സാംസ്കാരിക മണ്ഡലം കണ്ടിട്ടുള്ളു. അങ്ങനെയൊരാളെ മരണാനന്തരം വർഗീയ വാദിയായി ചിത്രീകരിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. പ്രത്യേകിച്ചും വിജയന് ശേഷം വളർന്നു വന്ന ഒരു യുവതലമുറയോട്.khasakkinte ithihasam, n e sudheer

വിജയൻ എന്തു കൊണ്ട് ഹിന്ദുത്വ വാദിയല്ല എന്ന് വിജയന്റെ ലേഖനങ്ങൾ വായിച്ചാൽ ബോദ്ധ്യപ്പെടും. അദ്ദേഹം സംവാദത്തിന്റെ തത്വശാസ്ത്രത്തിൽ വിശ്വസിച്ചു. മനുഷ്യന്റെ ചെയ്തികൾ അവന്റെ അറിവില്ലായ്മ കൊണ്ടാണെന്നും അതിനാൽ അത് നിരന്തരം തിരുത്ത് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു. ഇസ്‌ലാമിക സംഘടനയായ സിമിയുടെ യോഗത്തിൽ വിജയൻ പങ്കെടുത്തിട്ടുണ്ട്. അതിന് ക്ഷണിക്കാൻ വന്നവരോട് താനൊരു ജൂത പക്ഷക്കാരനാണെന്നും ഇസ്രായേൽ അനുകൂലിയാണെന്നും തുറന്നു പറഞ്ഞു. എന്നാൽ ഇസ്‌ലാമിന്റെ സാത്വികാംശത്തെ അകം നിറഞ്ഞു സ്നേഹിക്കുന്ന ഒരാളാണെന്ന് എഴുതിയിട്ടുമുണ്ട്. ബാബ്റി മസ്ജിദ് കെട്ടിടമല്ല, സ്വത്വമാണ് എന്ന് വിശ്വസിച്ച വിജയൻ അത് തകർക്കപ്പെട്ട ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ അതിനെതിരേ ലേഖനമെഴുതി. ഒരുവേള, ആ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ശക്തമായ ലേഖനം. ആ വിജയനെയാണ് സക്കറിയ മൃദു ഹിന്ദുത്വ വാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.

വിജയൻ വർഗീയതയെ തിരിച്ചറിഞ്ഞതു പോലെ മറ്റാരാണ് അതിനെ അറിഞ്ഞത് ? അദ്ദേഹം ചോദിച്ചു: “വത്തിക്കാനുമായുള്ള ഇന്ത്യൻ കൃസ്ത്യാനികളുടെ ബന്ധം ആർക്കും ഒരു പ്രശ്നമല്ല. അത് ഒരു ആത്മബന്ധമാണ്. എന്നാൽ ഖുമൈനിയോടും സദ്ദാമിനോടും മുസ്ലിംകൾക്ക് ഇതേ ബന്ധമാണോ ഉള്ളത്? ”

ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയെ വർഗീയവത്ക്കരിക്കാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ വിജയൻ എഴുതി: “മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താൽപര്യമുളള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതി ഹൈന്ദവനിൽ നിന്ന് തിരിച്ചു മാറ്റുക എന്നത്. ആ തിരിച്ചു മാറ്റലിലൂടെ ഹൈന്ദവന്റെ വർഗ്ഗീയ വേരുകൾ ദുർബലപ്പെടുത്താൻ കഴിയും.” ഇന്നും ജനാധിപത്യവാദിയുടെയും മതേതരവാദിയുടെയും മുന്നിൽ ഈ പോംവഴി മാത്രമേ തുറന്നു കിടപ്പള്ളൂ. അത് ഇസ്‌ലാമിന്റെ കാര്യത്തിലും മറ്റേതൊരു മതത്തിന്റെ കാര്യത്തിലും അനുവർത്തിക്കേണ്ട പോംവഴിയാണ്. ഈ ബോദ്ധ്യമാണ് വിജയനു വേണ്ടി വാദിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. മൃദു ഹിന്ദുത്വ വാദിയെന്ന് സക്കറിയ വിശേഷിപ്പിച്ച വിജയൻ യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് പുതിയ തലമുറ മനസ്സിലാക്കണം.

വിജയൻ ഒന്നുകൂടി പറഞ്ഞു. ആർ.എസ്.എസ്സിന്റെ ത്യാഗസന്നദ്ധത അവരുടെ പ്രത്യയശാസ്ത്രത്തെ വിലയിരുത്തുമ്പോൾ കണക്കിലെടുക്കരുത് എന്ന്. “പ്രതിലോമപരവും അയഥാർത്ഥവുമായ ഒരു സമൂഹ സംവിധാനത്തിനു വേണ്ടിയാണ് ഈ ത്യാഗമത്രയുമെങ്കിൽ ത്യാഗത്തെ ത്യാഗമായി മാത്രം കാണുക ഭാഗിക വീക്ഷണമായിരിക്കും … അഖണ്ഡ ഭാരതമെന്ന ഒരു ഹൈന്ദവ സങ്കല്ലത്തിന്നു വേണ്ടിയാണ് ആർ.എസ്.എസ്സ് നിലകൊള്ളുന്നതെങ്കിൽ, ഖൊമൈനിമാരുടെ ഇറാനിലെന്നപോലെ, ഇവിടെയും സംഘർഷവും ഹിംസയും സൃഷ്ടിക്കാനേ അവർക്കു കഴിയൂ.”

ഇസ്‌ലാം ലോകത്ത് സൃഷടിച്ച അമിതാധികാരത്തെ വിജയൻ ചോദ്യം ചെയ്തിരുന്നു. ക്രിസ്തീയത ദുർബലമായതുക്കൊണ്ടാണ് ഈ നീക്കം വിജയിച്ചത് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. “പഴയ സോവിയറ്റ് യൂണിയനിലെ ഏഷ്യൻ ഘടകങ്ങളിൽ തുടങ്ങി ചൈനയിലൂടെ, ബംഗ്ലാദേശിലൂടെ, ഇന്ത്യയിലൂടെ, പാക്കിസ്ഥാനിലൂടെ, അറബിനാടുകൾ വരെ നീളുന്ന ഒരു ഇസ്‌ലാമിക ശാക്തേയം ഇന്നു വെറും സങ്കല്പമല്ല. ബിൽ ക്ലിന്റന്, തന്റെ സാമ്രാജ്യത്വത്തെ വിറ്റുതീർക്കാൻ കെന്റകി ഫ്രൈഡ് ചിക്കൻ എന്ന കോഴിക്കറിയേ ഉള്ളൂ ഇന്ന്. ഖൊമൈനിമാർക്ക് അനുമതിയുടെ ആവശ്യമില്ല, അവർക്ക് ഏത് രാഷ്ട്രത്തിനകത്തും കടന്നു ചെല്ലാം, ആരുടെ വധങ്ങൾക്കു വേണ്ടിയും ഫത് വ പുറപ്പെടുവിക്കാം. ദൈവം അവരോട് സ്വകാര്യം പറയുന്നു, ആക്രമിക്കുക, രാസപദാർത്ഥങ്ങൾ കൊണ്ട് യുദ്ധം ചെയ്യുക, എണ്ണയുടെ മഹാനിക്ഷേപങ്ങൾക്കു മുകളിൽ മണൽത്തട്ടിൽ കുത്തിയിരുന്ന് സേച്ഛാധിപത്യങ്ങളിൽ മൂഢ സംതൃപ്തി കൊള്ളുക, ദൈവം ബിൽ ക്ലിന്റനോട് സംസാരിക്കാറില്ല. നമ്മുടെ നാട്ടിലാകട്ടെ, സംഗതി കൂടതൽ വഷളാണ്. നാം നേതി നേതി എന്ന് പറഞ്ഞ് ദൈവത്തെ പിടികൂടാൻ ശ്രമിക്കുന്നു, ദൈവം തിരിച്ചു പറയുന്നു, നേതി നേതി.”khasakkinte ithihasam, ov vijayan

ഈ വാചകങ്ങൾ എഴുതിയ ആളിനെ നിങ്ങൾ ഏത് മതത്തിന്റെ ചട്ടക്കൂട്ടിലാണ് തളച്ചിടുക ? ഇസ്‌ലാമിക വിശുദ്ധ യുദ്ധത്തിന് അപ്രകാരം തന്നെ ഹിന്ദുവിന്റെ വിശുദ്ധ യുദ്ധത്തിന്നും ഇവിടെ ആളെ കിട്ടില്ല എന്നാണ് വിജയൻ വാദിച്ചത്. എന്നാൽ ഒരു പതിറ്റാണ്ടിനിപ്പുറം രണ്ടിനും ഈ നാട്ടിൽ ആളുകളുണ്ടായി. ആ യാഥാർഥ്യമാണ് എന്നെപ്പോലുള്ള മതബോധമോ, മത ബന്ധമോ ഇല്ലാത്തവരെ ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ വിശുദ്ധ യുദ്ധങ്ങളുടെ കൊതിപൂണ്ട ഭ്രാന്തന്മാരുടെ കൂട്ടത്തിലേക്കാണ് സക്കറിയ വിജയനെ തള്ളിയിടാൻ നോക്കുന്നത്- അത് ആപത്കരമാണ്. വിജയന്റെ ഇന്ത്യ ഏറെ മാറിയിരിക്കുന്നു. ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് – മതപഠനത്തിനായി കണ്ണൂരിലെ ഇസ്‌ലാം സഹോദരന്മാർ യമനിലേക്ക് വരെ പോകുന്ന ഇന്ത്യയാണ്. ഈ വർത്തമാനകാല ഇന്ത്യയിൽ നിങ്ങൾ വർഗീയതയെപ്പറ്റി ചിന്തിക്കുന്നതും പറയുന്നതും തീവ്ര ശ്രദ്ധയോടെ വേണം. കാരണം അതിന്റെ പരിണത ഫലം എരിതീയിൽ എണ്ണയൊഴിച്ചതു പോലാവും.

ഇന്നാണെങ്കിൽ വിജയൻ തപസ്യയുടെ പുരസ്കാരം തിരസ്ക്കരിക്കും എന്നാണ് ഞാൻ കരുതുന്നത്. വർഗീയ വാദിയുടെ പുരസ്ക്കാരത്തിന് 2004-ൽ നിന്ന് 2017 ലേക്കെത്തുമ്പോൾ വിഷം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. അതിൽ ഭൂരിപക്ഷ – ന്യൂനപക്ഷ വേർതിരിവ് അപ്രസക്തവുമാണ്. അവിടെയാണ് സക്കറിയ എന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പരാജയപെടുന്നത്. ഈ വീണ്ടുവിചാരമില്ലായ്മയാണ്, തുച്ഛമായ നേട്ടങ്ങൾക്കു വേണ്ടി വിജയനെന്ന സുഹൃത്തിനെയും ചിന്തകനെയും കുരുതി കൊടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് .

വിജയൻ പച്ചയായ മനുഷ്യനായിരുന്നു. അതു കൊണ്ട് അദ്ദേഹം മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു. ശരീരം തളർന്ന് മരണത്തോടടുത്ത നാളുകളിലാണ് അദ്ദേഹത്തിന് സക്കറിയയുടെ ആരോപണങ്ങളെ നേരിടേണ്ടി വന്നത്. മറുപടിയിൽ അവസാനമായി വിജയനെഴുതി… “എനിക്ക് ഒരു പാട് വേദനകളുണ്ട്. അവയെ നേരിടാൻ എനിക്ക് പ്രയാസമാണ്. ഈശ്വര സഹായം തേടുകയാണ് ഞാൻ. എന്റെ തിരച്ചിൽ പരുക്കനും പൊട്ടത്തരങ്ങൾ നിറഞ്ഞതും ആണെന്ന് തന്നെയിരിക്കട്ടെ. മറുപുറത്ത് എന്റെ പ്രതിയോഗി മരണമാണ്, കാലത്തിന്റെയും സ്ഥലത്തിന്റെയും പിടികിട്ടാത്ത, പിടി കിട്ടാത്ത, പിടികിട്ടാത്ത കടങ്കഥയാണ് … ഞാൻ ക്രിസ്തുവിനെ ആരാധിക്കുന്നു. ക്രിസ്തു പലപ്പോഴും എന്റെ ഗാഢമായ ഒരനുഭവമായിരുന്നിട്ടുണ്ട്. അപ്പോലെ തന്നെ അറേബ്യയിലെ പ്രവാചകനും. എനിക്ക് ദൈവാനുഭവത്തിന്റെ ബഹു ധ്രുവപ്രത്യക്ഷങ്ങൾ പരസ്പര പൂരകങ്ങളായേ തോന്നിയിട്ടുള്ളൂ.”

Read More : ഇത്തിരി കടലാസ്സും, ഇത്തിരി മഷിയും കൊണ്ട് വിജയന്‍ താണ്ടിയ ദൂരങ്ങള്‍

ഇതാണ് വിജയന്റെ ആത്മീയത. അതിൽ വെള്ളം ചേർക്കുന്നതും വിഷം ചേർക്കുന്നതും അവിവേകവും, കടുത്ത അപരാധവുമാണ്. വർഗീയതയെ തിരിച്ചറിയുന്നതിലും അടയാളപ്പെടുത്തുന്നതിലും വിജയൻ കാണിച്ച ശ്രദ്ധ നമ്മുടെ മുന്നിലുണ്ട്. വർഗീയത തീവ്രവാദമാണ്. മതമൗലികവാദമാണ്. അത് ആര് നടത്തിയാലും വർഗീയത തന്നെയാണ്. ഇതിനെ എതിർത്ത് തോൽപ്പിക്കുവാനാണ് ഓരോ ജനാധിപത്യവാദിയും ശ്രമിക്കേണ്ടത്. ഓരോ ഹിന്ദു വിശ്വാസിയും, ഇസ്‌ലാം വിശ്വാസിയും ക്രൈസ്തവ വിശ്വാസിയും ശ്രമിക്കേണ്ടത്. അവർക്കു കരുത്തു പകരുകയാണ് മതേതരവാദികൾ ചെയ്യേണ്ടത്. നമ്മുടെ കാലം അതാണ് ആവശ്യപ്പെടുന്നത്. അല്ലാതെ മരിച്ചു പോയ ഒരാളെപറ്റി പച്ച കള്ളം പ്രചരിപ്പിച്ച്‌ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്.

ഈ സാഹചര്യത്തിലാണ് വിജയനെ വർഗീയതയുടെ താവളത്തിലേയ്ക്ക് തള്ളിയിടാൻ ചിലർ ശ്രമിക്കുന്നത്. ഏതു ചെകുത്താനുമായും കൂട്ടുകൂടാൻ തയ്യാറുള്ള വർഗീയ വാദികൾ ഒ.വി.വിജയനെ തിരിച്ചറിഞ്ഞാൽ അവരുടെ പക്ഷത്തു ചേർക്കാനിടയില്ല. കാരണം വിജയനെപ്പോലുള്ള ഒരു ശത്രുവിനെ അവർക്ക് ഇന്ന് നേരിടാനില്ല. വിജയനെ നമ്മൾ മലയാളികൾ ഇനിയും വായിച്ചറിയേണ്ടതുണ്ട്, തിരിച്ചറിയേണ്ടതുണ്ട്. ഈ വർഗീയ വിളയാട്ട കാലത്ത് അയാൾ വല്ലാതെ ഒറ്റപ്പെട്ടു പോവുന്നു, അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Ov vijayan paul zacharia hindutva rss bjp islamic fundamentaism