അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രണം ചെയ്തത് പോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തിയ അദ്ദേഹം ഇരുപതിനായിരം കോടി രൂപ വരുന്ന ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിന് രൂപം നല്‍കിയെങ്കിലും സമഗ്രമായ ഒരു വ്യാപാര കരാറിന് തയ്യാറായതുമില്ല. ട്രംപ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മോദിയെ പുകഴ്ത്തി പറഞ്ഞിരുന്നെങ്കിലും മോദി ഒരു കടുപ്പക്കാരനാണെന്നും ട്രംപ് ഓര്‍മിപ്പിക്കുണ്ടായിരുന്നു. ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ മോദി വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ലെന്നതാണ് കടുപ്പക്കാരന്‍ എന്ന പ്രയോഗത്തിനു പിന്നിലുള്ളതെന്ന് സ്പഷ്ടമാണ്. അത് പക്ഷെ മോദിയുടെ നിലപാടിന്റെ പ്രശ്‌നമല്ല. രണ്ടു ദശകത്തിലധികം കാലമായി ഇന്ത്യ സ്വീകരിച്ചു പോരുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണത്. ഇന്ത്യയുടെ സാമ്പത്തിക
വളര്‍ച്ചയെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കുക എന്നതൊന്നും ട്രംപിന്റെ മുന്നിലുള്ള വിഷയമല്ല. തിരഞ്ഞെടുപ്പ് കാലത്ത് സജീവ ചര്‍ച്ചാവിഷയമാവാനിടയുള്ള ആഗോള രാഷ്ട്രീയ വിഷയങ്ങളാണ് ട്രംപിനെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. സമീപകാലത്ത് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെങ്കിലും ലോക കോടതിയുടെ വിധി തീര്‍പ്പിനെ പാടേ അവഗണിച്ചു കൊണ്ട് തെക്കന്‍ ചൈനാ കടലിലെ ദ്വീപുകളില്‍ ചൈന സ്വന്തം സൈനിക താവളങ്ങള്‍ പണിയുന്നതും ശാന്തസമുദ്രം മൊത്തത്തില്‍ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം അമേരിക്കന്‍ ജനതയെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളാണ്.
ചൈനയുടെ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനെന്ന മട്ടിലാണ് ഇന്ത്യയെ മുന്‍ നിര്‍ത്തിക്കൊണ്ട് ശ്രീലങ്കയില്‍ നിന്ന് തുടങ്ങി തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളെയും ആസ്‌ത്രേലിയയെയും ജപ്പാനെയും തെക്കന്‍ കൊറിയയേയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്‍ഡോ പസഫിക് മുന്‍കൈ(initiative) എന്നൊരു അനൗപചാരിക കൂട്ടുകെട്ടിന് അമേരിക്ക രൂപം നല്‍കിയത്.
ഇന്‍ഡോ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്ക അനൗപചാരികമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഈ ബന്ധത്തിലെ നിര്‍ണായക കണ്ണിയാണ് ഇന്ത്യ. തിരഞ്ഞെടുപ്പ് വേളയില്‍ ചൈനയുടെ പേരില്‍ അമേരിക്കക്കാര്‍ക്കിടയില്‍ വളര്‍ന്നു വരാനിടയുള്ള ആശങ്കകള്‍ക്ക് ഒരു പ്രതിവിധിയായി ഇന്‍ഡോ പസഫിക് കൂട്ടായ്മയെന്ന ബദല്‍ ഉയര്‍ത്തിക്കാട്ടാന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടെന്നു കരുതാവുന്നതാണ്.
ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ആ ബദല്‍ സാധ്യതയെ അമേരിക്കക്കാര്‍ക്ക് മുന്നില്‍ സമൂര്‍ത്തമായി അവതരിപ്പിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ട്രംപു മാത്രമല്ല മോദിയും കണക്ക് കൂട്ടിയിരിക്കാന്‍ ഇടയില്ലാത്ത വിധം ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു സംഭവമായി തീര്‍ന്നിരിക്കുകയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ട്രമ്പ് തന്റെ ലക്ഷ്യം നേടിയെന്നു പറയാം.
ഇന്ത്യയെക്കുറിച്ച്, ട്രംപിനെപ്പോലെ ആഴത്തിലുള്ള ചിന്തയോ അറിവോ ഒന്നുമില്ലാത്ത ഒരു സാധാരണ രാഷ്ട്രീയ നേതാവിന്, ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ദരിദ്ര രാജ്യം എന്ന ഉപരിപ്ലവ ധാരണ മാത്രമേ ഉണ്ടാവാന്‍ ഇടയുള്ളൂ. എന്നാല്‍ ഈ സന്ദര്‍ശനം ട്രംപിന്റെ അത്തരം ധാരണയില്‍ കാര്യമായ മാറ്റമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ട്രംപിന്റെ ധാരണയിലും മനോഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം ഇന്ത്യക്ക് അനുകൂലമായി എത്രത്തോളം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് കഴിയും എന്നത് കാണാനിരിക്കുന്നതേയുള്ളൂ.
പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നിരന്തരം ഭീകരവാദികളെ പരിശീലിപ്പിച്ചു അയക്കുന്നു എന്ന ആരോപണത്തോട് ട്രംപ് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ഭീകരവാദത്തിനെതിരായ സമീപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പാക്കിസ്ഥാന്‍ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ട്രംപ് ചെയ്തത്. ഭീകരവാദത്തിനെതിരായി അമേരിക്കയും പാകിസ്ഥാനും ഒരുമിച്ച് ആസൂത്രിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണഫലങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയുണ്ടായി.
ഇതിനു മുന്‍പ് ഒരു അമേരിക്കന്‍ പ്രസിഡന്റും ചെയ്തിട്ടില്ലാത്ത വിധം ട്രംപ് ഇന്ത്യയിലേക്ക് മാത്രമായിട്ടാണ് ഈ യാത്ര ചെയ്തതെന്നത് പാക്കിസ്ഥാനെ അലോസരപ്പെടുത്തുന്ന സംഗതി തന്നെയാണ്. ആദ്യകാലങ്ങളില്‍ ഇന്ത്യയെ അവഗണിച്ചുകൊണ്ട് ഏറെക്കുറെ എല്ലാ കാര്യങ്ങളിലും പാകിസ്ഥാന് ഏകപക്ഷീയമായ പിന്തുണ നല്‍കുകയാണ് അമേരിക്ക ചെയ്തിരുന്നത്.
ഇന്ത്യ അക്കാലത്ത് സോവിയറ്റ് പക്ഷത്തു നിലയുറപ്പിച്ചതാണ് അമേരിക്കയുടെ ഇത്തരമൊരു ഏകപക്ഷീയ നിലപാടിന് കാരണമായത്. ഈ പഴയ നിലപാടിന്റെ സ്ഥാനത്താണ് ഇപ്പോള്‍ അമേരിക്ക പാകിസ്ഥാനെ വലിയൊരു പരിധി വരെ അവഗണിച്ചു കൊണ്ട് ഇന്ത്യക്ക് പ്രഥമസ്ഥാനം നല്‍കുന്ന നടപടികളിലേക്ക് നീങ്ങിയിട്ടുള്ളത്. തീര്‍ച്ചയായിട്ടും മനുഷ്യചരിത്രത്തില്‍ ഇത്തരം ഏറ്റിറക്കങ്ങള്‍ സര്‍വ സാധാരണമാണ്; വ്യക്തികളുടെ കാര്യത്തിലായാലും രാജ്യങ്ങളുടെ കാര്യത്തിലായാലും. അതില്‍ അസ്വാഭാവികമായൊന്നുമില്ല.
അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ടു വന്‍ശക്തികളായി ലോകത്തെ പങ്കിട്ടെടുത്തുകൊണ്ടിരുന്ന കാലത്ത് ഇന്ത്യയുടെ ചേരിചേരാ നയം ഫലത്തില്‍ സോവിയറ്റ് അനുകൂല നിലപാടായി മാറിയ കാലത്താണ് ഇന്ത്യക്കും സോവിയറ്റ് യൂണിയനും എതിരായി അമേരിക്ക പാകിസ്ഥാനെ സ്വന്തം ചേരിയിലേക്ക് അടുപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകരാഷ്ട്രീയാന്തരീക്ഷം പാടേ മാറുകയുണ്ടായി. ലോകത്തിന്നു വന്‍ ശക്തിയെന്നു പറയാവുന്നത് അമേരിക്ക മാത്രമാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമാണെങ്കിലും ആ രാജ്യം ഒരു വന്‍ ശക്തിയൊന്നും ആയിട്ടില്ല. അവര്‍ വന്‍ ശക്തിയാവാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതും വാസ്തവമാണ്.
ഇപ്പോഴത്തെ ചൈനീസ് സ്വേച്ഛാധിപതിയായ സി ജിന്‍പിംഗ് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകവ്യാപാരം മുഴുവന്‍ തങ്ങളുടെ പിടിയിലൊതുക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മഹാപദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം ചൈനീസ് സഞ്ചാരികള്‍ ലോകം ചുറ്റിയതിനെ അനുസ്മരിപ്പിക്കും വിധം കരയിലൂടെയും കടലിലൂടെയും ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഒരു ലോക വ്യാപാര ശൃംഖലയാണ് ചൈനീസ് നേതാവ് ആസൂത്രണം ചെയ്തത്. ആ പദ്ധതിയനുസരിച്ചുള്ള ഏറെ പ്രവര്‍ത്തനങ്ങളും മുന്നേറി കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും പദ്ധതിയുടെ ഭാഗമായ കരപാത ചൈനയില്‍നിന്ന് ആരംഭിച്ച് പാക് അധീന കാശ്മീരിലൂടെ അഫ്ഘാനിസ്ഥാന്‍ വഴി യൂറോപ്പിലേക്കാണ് പോകുന്നത്. തുറമുഖങ്ങളും റോഡുകളുമെല്ലാമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിന്റെ പണികള്‍ നടക്കുന്നുണ്ട്. പക്ഷെ സമീപ കാല റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ‘ഒരു ബെല്‍റ്റ് ഒരു റോഡ്’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിക്കു വേണ്ടി ധന സമാഹരണം നടത്തിയ ചൈന ഇപ്പോള്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്നാണു. അതോടൊപ്പം കൊറോണ വൈറസ് ബാധയെ കൂടി ചൈനക്ക് നേരിടേണ്ടി വന്നതോടെ സ്ഥിതിഗതികള്‍ വിവരണാതീതമായിരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം അമേരിക്കയും യൂറോപ്പുമായിട്ടുള്ള വ്യാപാര, സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണു പരിശോധിക്കേണ്ടത്. അത്തരം സാധ്യതകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം തന്നെയാണ്. ആവേശം പകരുന്ന റിപ്പോര്‍ട്ടുകള്‍ക്കും പ്രസ്താവനകള്‍ക്കും അപ്പുറം സമൂര്‍ത്ത നടപടികളായി ഈ സാഹചര്യത്തെ രൂപാന്തരപ്പെടുത്താന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടുതന്നെ അറിയണം.