കേരളത്തിന്റെ ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലും പതിവില്ലാത്തതും ശ്രദ്ധേയമായതുമായ തുടർഭരണം സംഭവിച്ചിരിക്കുന്നു. അത് സാധ്യമാക്കിയതിൽ താങ്കളുടെ നേതൃത്വത്തിനുള്ള പങ്ക് യാഥാർത്ഥ്യബോധത്തോടെ എന്നെപോലുള്ളവർ തിരിച്ചറിയുന്നുണ്ട്. വ്യക്തി വൈദഗ്‌ധ്യത്തെ അംഗീകരിക്കുന്നത് വ്യക്തിപൂജയായി ആരും തെറ്റിദ്ധരിക്കില്ലെന്നു കരുതാം. വ്യക്തിപൂജ പ്രശ്നമായി നിൽക്കുന്നുമുണ്ട്. ഏതായാലും ഈ തിരിച്ചുവരവിൽ ആത്മാർത്ഥമായി താങ്കളെ അനുമോദിക്കുന്നു. കേരളം കാണിച്ച തുറന്ന മനസ്സ് ആദരവോടെ കാണേണ്ടതുണ്ട്.
ഇതൊരു ചെറു കാര്യമല്ല. പത്തു വർഷം തുടർച്ചയായി കേരളം ഭരിക്കുക എന്ന സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്ക് ഈ ഭരണത്തിലുള്ള വിശ്വാസമാണ് ഇത് വെളിവാക്കുന്നത്. അതും വിചിത്രമായ ഇന്നത്തെ സാഹചര്യത്തിൽ. അതിലൂടെ പല സന്ദേശങ്ങളും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്. ഒന്ന് വർഗീയ രാഷ്ട്രീയത്തോടുള്ള മലയാളിയുടെ കടുത്ത വിയോജിപ്പ്. വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ താങ്കൾ പ്രാപ്തനാണ് എന്ന വിശ്വാസം. കൂടാതെ ഭാവി കേരളം കെട്ടിപ്പടുക്കുന്നതിൽ നിങ്ങളുടെ രാഷ്ട്രീയത്തിനും കൂട്ടായ്മയ്ക്കും ഒരു റോളുണ്ട് എന്ന തിരിച്ചറിവ്.
പാർട്ടിയേയും മുന്നണിയേയും ഇതിനായി ഉണർത്തിക്കൊണ്ടു വരുന്നതിൽ പിണറായി വിജയൻ എന്ന നേതാവ് കാണിച്ച മിടുക്ക് സമാനതകളില്ലാത്തതും ചരിത്രം ഓർത്തുവെക്കുന്നതും ആയിരിക്കും. പാർട്ടിയുടെയും ഇടതുപക്ഷ മുന്നണിയുടെയും അടിത്തറ മാറ്റി പണിയാനുള്ള ശ്രമമാണ് താങ്കളെ വിജയത്തിലേക്കെത്തിച്ചത്. അക്കാര്യത്തിൽ നിങ്ങൾ വർത്തമാന ശരികളെ മടികൂടാതെ മുറുകെപ്പിടിച്ചു. കേരളീയ സമൂഹത്തിന്റെ സ്വഭാവത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഒപ്പിയെടുത്ത് അനുകൂല നിലപടുകളെടുക്കുന്നതിൽ താങ്കൾ കാണിച്ച കുശാഗ്രബുദ്ധി വേറിട്ട ഒന്നായിരുന്നു.

ക്ഷേമത്തിന്റെ രാഷ്ട്രീയം
വെൽഫെയർ സമൂഹം എന്ന ചിന്തയിലേക്കാണ് കേരളത്തിന്റെ മധ്യവർഗം ഇന്ന് പൊതുവിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന വികസനം ഉറപ്പുവരുത്തുകയും അതിന്റെ തുടർച്ചയെന്നോണം കൂടുതൽ ക്ഷേമസങ്കൽപ്പങ്ങളെ അണിനിരത്തുകയും ചെയ്യുക. അതാണ് അവർക്ക് വേണ്ടത്. മലയാളി ഇന്ന് നോക്കിക്കാണുന്നത് വിവിധ പാശ്ചാത്യ മോഡലുകളെയാണ്. അവർ മുമ്പെന്നത്തേക്കാളും ആഗോള ജീവിയായി മാറിക്കഴിഞ്ഞു, ലോക നഗരങ്ങളുമായി അടുപ്പമുള്ളവരായി മാറിയിരിക്കുന്നു. അവിടങ്ങളിൽ കാണുന്ന വൻ സാധ്യതകളെയാണ് സ്വന്തം നാട്ടിലും ആഗ്രഹിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു എന്നതാണ് താങ്കൾ കാണിച്ച മിടുക്ക്. ക്ഷേമസമൂഹം എന്ന ആശയത്തിനു മുന്നിൽ മതവും വിശ്വാസങ്ങളും തകർന്നത് നമ്മൾ കണ്ടു. വികസനം വെറും വാക്കായില്ല. അത് നടപ്പിലാക്കുന്നതിലും ജനങ്ങളെ അറിയിക്കുന്നതിലും ഭരണകൂടം വിജയിച്ചു. അതിന്റെ രാഷ്ട്രീയം താങ്കൾ വളരെ വേഗം പിടിച്ചെടുത്തു. അതോടൊപ്പം പാർട്ടിയുടെ അടിത്തറയായി നിലകൊള്ളുന്ന ജനസാമാന്യത്തെ താൽക്കാലിക സൗകര്യങ്ങളൊരുക്കിക്കൊടുത്ത് കൂടെ നിർത്താനും ശ്രദ്ധിച്ചു. ആ ഭാഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ബാക്കിയുണ്ട് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ. അവിടെ ഒരു പാട് വിമർശനങ്ങൾക്ക് ഇടവുമുണ്ട്. ഒരു പക്ഷേ, ഇത്തവണ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവും എന്ന പ്രതിക്ഷയും എനിക്കുണ്ട്. മറിച്ചായാൽ അതൊരു ദുരന്തമായേക്കും.
കോർപ്പറേറ്റ് മൂലധനം കേരളത്തിന്റെ വികസനത്തിന് ലഭ്യമായിരിക്കണം എന്ന കാര്യത്തിലും താങ്കൾ ബോധവാനായിരുന്നു. കേരളത്തിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷിയോ സ്രോതസ്സുകളോ ഇവിടെയില്ല എന്ന ബോധ്യത്തിൽ നിന്നാവണം അത്തരമൊരു കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിൽ താങ്കളും ടീമും എത്തിച്ചേർന്നിരിക്കുക. അതിൽ കുറ്റം കണ്ടെത്തിയിട്ട് കാര്യവുമില്ല. ഇന്നല്ലെങ്കിൽ നാളെ ആ യാഥാർത്ഥ്യത്തെ ഈ സംസ്ഥാനം തിരിച്ചറിഞ്ഞേ പറ്റൂ. അതിനു മടിച്ചില്ല എന്നതിൽ താങ്കളെ അനുമോദിക്കാതെ വയ്യ. തീർച്ചയായും അത്തര മൂലധനങ്ങളുടെ കൂടപ്പിറപ്പുകളായ ചില ചതിക്കുഴികൾ അവയോടൊപ്പം വന്നു എന്നത് മറക്കുന്നില്ല. അതിനെ മുൻകൂട്ടി കണ്ടില്ല. വേണ്ട കരുതലുകളുണ്ടായില്ല. എന്നാൽ താങ്കൾ അവിടെയും പതറിയില്ല. അക്കാര്യത്തിലും പാർട്ടി അപ്പാരറ്റസ് താങ്കൾക്കെതിരാവാതെ നോക്കാൻ താങ്കൾക്ക് സാധിച്ചു. അവിടെയാണ് താങ്കൾ കാണിച്ച മറ്റൊരു സുപ്രധാന മിടുക്ക് . ഭരണത്തോടൊപ്പം പാർട്ടിയെയും ഇതിനൊന്നും എതിരുപറയാത്ത തലത്തിൽ പിടിച്ചുകെട്ടാൻ താങ്കൾ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ദാർശനികമായ ശരിതെറ്റുകളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്തായാലും പാർട്ടിയെ എന്നും കൂടെ നിർത്തുന്നതിൽ താങ്കൾ മിടുക്കുകാണിച്ചു. സംഘടനാപരമായി പോറലേൽക്കാതെ തന്നെ അത്തരം നിലപാടുകളിലേക്ക് പാർട്ടി സംവിധാനത്തെ നയിക്കാൻ താങ്കൾക്ക് കഴിഞ്ഞു.

പാർട്ടിയിലെ തലമുറ മാറ്റം
പാർട്ടിയിൽ ഒരു തലമുറ മാറ്റത്തിന് താങ്കൾ വ്യക്തമായ തുടക്കം കുറിച്ചു കഴിഞ്ഞു. മിടുക്കരും ജനപ്രിയരും അധികാരതല്പരരുമായ (എന്നാൽ അവരാരും ഇതുവരെ അധികാര മോഹികളായി രൂപാന്തരപ്പെട്ടിട്ടുമില്ല) ഒരു കൂട്ടം യുവ നേതാക്കളെ കൂടെ നിർത്താനും അവർക്കൊക്കെ പാർട്ടിയിൽ അർഹമായ സ്ഥാനം ഉറപ്പുവരുത്താനും താങ്കൾക്ക് കഴിഞ്ഞു. അവരിൽ പലരും ഇന്ന് താങ്കളുടെ മന്ത്രിസഭയിലും സ്ഥാനം നേടുകയാണ്. സുഗമമായ ഒരു തലമുറ മാറ്റം ഉറപ്പാക്കപ്പെട്ടു. ഇതൊന്നും ചെറിയ കാര്യങ്ങളല്ല. പ്രത്യേകിച്ചും ഇന്ത്യയിലെ ഇടതുപക്ഷം വംശനാശ ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ. ഇവരിൽ കേരളം വലിയ പ്രതിക്ഷയർപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും മധ്യവർഗ്ഗ യുവതലമുറ. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അവർ കിണഞ്ഞു പരിശ്രമിക്കും എന്ന് കാര്യം തീർച്ചയാണ്. കാരണം അവരെ നിരന്തരം ഓഡിറ്റു ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ അവരുടെ കൂടെ കേരളത്തിൽ നിലനിൽക്കുന്നു. ഇത് താങ്കളുടെ രണ്ടാം സർക്കാരിനും മികവുണ്ടാക്കാൻ വഴിയൊരുക്കും.
കേരളത്തിലെ മാധ്യമ രംഗത്ത് വന്ന മാറ്റം താങ്കൾ ഒരു പരിധി വരെ ഉൾക്കൊണ്ടിട്ടുണ്ട്. അവിടെ സംഭവിച്ച കോർപ്പറേറ്റ് വൽക്കരണവും ചേർന്നു നിൽക്കുന്ന നിലവിലെ വർഗീയ സമീപനവും യാഥാർത്ഥ്യമാണ്. അത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. നടത്തിപ്പുകാരേയോ പ്രത്യക്ഷ നേതൃത്വങ്ങളെയോ കുറ്റപ്പെടുത്തിയതുകൊണ്ടോ, അവഗണിച്ചതുകൊണ്ടോ തീരുന്നതല്ല ഈ പ്രതിസന്ധി. അവരെ അവരുടെ താല്പര്യ സംരക്ഷണങ്ങൾക്കൊപ്പം വിട്ടു കൊണ്ട് അവരിലൂടെ ജനങ്ങളിലേക്ക് എത്താൻ താങ്കളുടെ സായാഹ്നങ്ങളിലെ പത്രസമ്മേളനം പ്രയോജനപ്പെട്ടു. ഈ അർത്ഥത്തിലാവില്ല അതിന് തുടക്കം കുറിച്ചത് എന്നറിയാം. പക്ഷേ, അത് വിജയം കാണുകയും താങ്കൾക്ക് വ്യക്തിപരമായും സർക്കാരിന് പൊതുവിലും ഇത് വലിയ പ്രയോജനമാവുകയും ചെയ്തു. അതിൻ്റെ ആധികാരികതയിൽ ഇപ്പോഴും ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഓർക്കുക, ഇക്കാര്യത്തിൽ ആദ്യകാലത്ത് താങ്കൾ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഇന്നത് ഒരു ജനാധിപത്യ സാധ്യതയായി നില നിൽക്കുന്നു. മാധ്യമങ്ങളുടെ പുതിയ അജണ്ടകളോട് ഏറ്റുമുട്ടാതെ ക്രിയാത്മക നിലപാടുകളിലൂടെ അവരെ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് എല്ലാ ഭരണകൂടങ്ങളും നേരിടുന്ന വെല്ലുവിളിയാണിത്.
നേരിട്ടുള്ള ജനസമ്പർക്കം കൂടുതൽ മെച്ചപ്പെടുത്തിയാൽ ഉപദേഷ്ടാക്കളെക്കാൾ അപ്രസക്തരായിത്തീരും. അവരൊക്കെ അധികപ്പറ്റാണെന്ന ഒരു തോന്നലാണ് ജനങ്ങൾക്ക് പൊതുവിലുള്ളത്. പിണറായി വിജയനും കാനം രാജേന്ദ്രനും മനസ്സിലാക്കാനാവാത്ത സാമൂഹ്യ പ്രശ്നങ്ങളൊന്നും കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. പാർട്ടിയും സഖ്യകക്ഷികളുമാവട്ടെ പ്രധാന ഉപദേശകർ.
വിയോജിപ്പുകൾ
കഴിഞ്ഞ അഞ്ച് വർഷത്തെ താങ്കളുടെ ഭരണത്തെ വിമർശനാത്മകമായി വിലയിരുത്തുമ്പോൾ മുഴച്ചു നിൽക്കുന്ന ചില അപരാധങ്ങളെപ്പറ്റി പറയാതിരുന്നാൽ അത് കുറ്റകരമായ മൗനമായിരിക്കും. പ്രധാനം എട്ട് പേരെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ വെടിവച്ചു കൊലപ്പെടുത്തി എന്നതാണ്. കേരള ചരിത്രത്തിൽ ഇന്ന് വരെ കേട്ടുകേൾവിയില്ലാത്ത വിധം താങ്കളുടെ ഭരണത്തിലെ അഞ്ച് വർഷത്തിനിടയിലാണ് മൂന്ന് തവണയായി ഈ ഭരണകൂട കൊലപാതകങ്ങൾ അരങ്ങേറിയത്. എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ എന്ന പേരിലാണ് പൊലീസ് കൊന്നുകളഞ്ഞത്. കേന്ദ്ര സർക്കാരിന്റേതിനേക്കാൾ ക്രൂരമായ നിലപാടാണ് താങ്കളുടെ ഭരണകൂടം ഇക്കാര്യത്തിൽ കൈക്കൊണ്ടത്. താങ്കളിലെ കമ്യൂണിസ്റ്റ് ബോധത്തിന് കാതലായ പ്രശ്നമുണ്ടെന്ന് അത് വെളിവാക്കി.
മറ്റൊന്ന് യുഎപിഎ ചാർത്തി അലൻ, താഹ എന്ന രണ്ട് കൗമാരക്കാരായ വിദ്യാർത്ഥികളെ തടവിലിട്ട സംഭവം തന്നെയാണ്. യുഎപിഎ യുടെ കാര്യത്തിൽ പാർട്ടി നിലപാടിനെ പോലും കണക്കിലെടുക്കാതെയാണ് താങ്കൾ മുന്നേറിയത്. മാപ്പർഹിക്കാത്ത അപരാധമാണിത്. ഇതൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് താങ്കൾക്ക് ഇപ്പോഴും തോന്നുന്നില്ലെങ്കിൽ താങ്കളിലെ ജനാധിപത്യ ബോധത്തിന് കാതലായ എന്തോ തകരാറുണ്ട്.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പൊലീസിന് മേൽകൈ നൽകാനും ജനങ്ങളെ ഭയപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാമെന്നുമുള്ള വിശ്വാസം മുഖ്യമന്ത്രിയിൽ അടിയുറച്ച് നിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യ ലോക്ക് ഡൗൺകാലം മുതൽ ഇത് കാണാവന്നതാണ്. കോവിഡ് കാലത്ത് ആളുകളെ ഏത്തമിടിയിച്ച ഏമാന്മാർ ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. . പൂന്തുറയിൽ കമാൻഡോകളെ ഇറക്കിയ അസംബന്ധനാടകം അതിന് ഉദാഹരണമാണ്. കോവിഡ് ആദ്യതരംഗത്തിൽ ഒരു ദിവസം രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പ്രധാനമന്ത്രി മോദിയുടെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുകയാണ് ചെയ്തത്. പലപ്പോഴും ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തേക്കാൾ ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ അടിച്ചേൽപ്പിക്കൽ നയത്തിനാണ് മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചത് എന്ന തോന്നൽ ഒരു വിഭാഗം ജനങ്ങൾക്ക് ഉണ്ടാകുന്നതിന് ഇതെല്ലാം കാരണമായിട്ടുണ്ട്. അടിച്ചമർത്തലും അക്രമവും അല്ല രോഗത്തെ നേരിടാൻ വേണ്ടത് എന്നത് ജനാധിപത്യത്തിലെ മാത്രമല്ല, ആരോഗ്യരംഗത്തെയും ബാലപാഠമാണ്. അത് കോവിഡിന്റെ രണ്ടാം വരവിൽ മാത്രമല്ല, സർക്കാരിന്റെ രണ്ടാം വരവിലെങ്കിലും ഓർമ്മയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ജനാധിപത്യവാദിയെന്ന നിലയിലോ കമ്യൂണിസ്റ്റുകാരനെന്ന നിലയിലോ താങ്കൾ ഒരിക്കലും ആവേശമോ. പ്രതിക്ഷയോ നൽകുന്നില്ല. നിലവിലെ നിറവാർന്ന പ്രവർത്തനങ്ങൾ ക്കിടയിലും അതൊരു വലിയ വിടവായി നിലകൊള്ളുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിൽ താങ്കളുടെ ഭരണത്തിന് കീഴിലും പൊലീസ് മടി കാണിച്ച സന്ദർഭങ്ങൾ ഏറെയാണ്. ഒരുപക്ഷേ, ഈ നൂറ്റാണ്ടിലെ ആദ്യ രണ്ട് ദശകങ്ങളിൽ കേരളത്തിൽ സംഭവിച്ച ക്രൂരമായ കസ്റ്റഡി കൊലപാതകങ്ങളുടെ എണ്ണം നോക്കിയാൽ അത് ഏറ്റവും കൂടുതൽ ഉണ്ടായത് കഴിഞ്ഞ അഞ്ച് വർഷമായിരിക്കും. ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സന്ദർഭങ്ങളിലെല്ലാം മുഖ്യമന്ത്രി കസേരയിൽ, ആഭ്യന്തരമന്ത്രിയായ താങ്കൾ മൗനം പൂണ്ടു. നിശ്ചയമായും അടിയന്തരമായി മാറ്റമുണ്ടാവേണ്ട ഒരു മേഖലയാണിത്. മറ്റെന്തിനേക്കാളും പ്രധാനമാണ് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നേരിടുന്ന പ്രതിസന്ധി. അക്കാര്യത്തിൽ കരുതലുണ്ടായില്ലെങ്കിൽ ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിക്കും. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഈ വിഷയത്തിലെ സർക്കാരിന്റെ ഗ്രാഫ് ഇടതുപക്ഷ മുന്നണിയുടെ ചരിത്രത്തിലെ മായ്ചു കളയാനാവാത്ത കരടായി നിലകൊള്ളും. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയനെന്ന ലീഡർക്ക് മോചനവുമില്ല.

മുഖ്യമന്ത്രിയും പാർട്ടിയും
എൻ.എസ് . മാധവൻ ഈയിടെ ഒരഭിമുഖത്തിൽ സൂചിപ്പിച്ചതു പോലെ ഒരു ചീഫ് മിനിസ്റ്റീരിയൽ ഭരണമായിരുന്നു താങ്കൾ നടത്തിയത്. അതാകട്ടെ ഒരു ഇടതുപക്ഷ രീതിയുമായിരുന്നില്ല. ആ ശൈലിയാണ് താങ്കളുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ആരോപണങ്ങൾക്ക് വഴിയൊരുക്കിയത്. ശിവശങ്കർ എന്ന ഉദ്യോഗസ്ഥനുണ്ടാക്കിയ കളങ്കം ചെറുതായിരുന്നില്ല. അങ്ങനെയൊരാൾ അവിടെ സ്വതന്ത്രമായി വിലസിക്കൊണ്ടിരുന്നത് ആരും അറിയാതെ പോയത് ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണപരമായ റോൾ ഇല്ലാതെ പോയതുകൊണ്ടാണ്. മുമ്പൊന്നും അങ്ങനെ ആയിരുന്നില്ല എന്ന് താങ്കൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ? ഭരണത്തിൽ ഒരു ശരിയല്ലാത്ത ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അത് കണാനുള്ള തൃക്കണ്ണ് എല്ലാ കാലത്തും പാർട്ടിക്കുണ്ടായിരുന്നു. പാർട്ടി അറിഞ്ഞതിനു ശേഷമേ അത്തരം പ്രശ്നങ്ങൾ മുമ്പൊക്കെ പുറം ലോകമറിഞ്ഞിരുന്നുള്ളൂ. എന്നാൽ താങ്കളുടെ ഭരണകാലത്ത് അത് ഒരു രീതിയിലും പ്രവർത്തിച്ചില്ല. സമയോചിത തിരുത്തലുകൾ പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായതേയില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെയും ഭരണത്തിലെയും പ്രശ്നങ്ങൾ പുറം ലോകം അറിഞ്ഞതിനു ശേഷമാണ് പാർട്ടിയും താങ്കളും അതിനെ നേരിട്ടത്. ഇതൊരു വലിയ ന്യൂനതയായിരുന്നു. ആവർത്തിക്കാൻ പാടില്ലാത്തത്.
ഭരണം സുതാര്യമാവുക തന്നെ വേണം. പ്രശ്നങ്ങൾ സംഭവിക്കാം. പിഴവുകൾ വന്നു പെടാം. വിട്ടു പോവലുകൾ ഉണ്ടാവാം. എന്നാൽ അവ തിരിച്ചറിയാനും തിരുത്താനുമുള്ള ആന്തരിക സംവിധാനം പ്രവർത്തനക്ഷമമായേ പറ്റൂ.
വ്യക്തിപ്രഭാവം – വ്യക്തി പൂജ
അസാധാരണ സാഹചര്യങ്ങളിലൂടെയാണ് താങ്കളുടെ മന്ത്രിസഭ കടന്നു പോയത്. കേരള തീരത്ത് ആഞ്ഞടിച്ച ഓഖിയിലാണ് പ്രതിസന്ധികൾ ആരംഭിച്ചത്. അടുത്ത വർഷം നിപ വൈറസ് ആക്രമണം, പിന്നീട് രണ്ട് വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയങ്ങൾ, വൻ ഉരുൾപൊട്ടലുകൾ, തുടർന്ന് ലോകത്തെ കടന്നാക്രമിച്ച കോവിഡ് മഹാമാരി. സ്വസ്ഥമായ വർഷങ്ങൾ ഇല്ലായിരുന്നു എന്നു തന്നെ പറയാം. സമാനതകളില്ലാത്ത ഈ ദുരന്തങ്ങളെ നേരിട്ടതിൽ രണ്ട് വ്യക്തിപ്രഭാവങ്ങൾക്കുള്ള പങ്ക് ലോകം അംഗീകരിച്ചതാണ്. ഭരണത്തിന്റെ ലീഡർ എന്ന നിലയിൽ താങ്കൾ എല്ലാ പ്രതിസന്ധിയിലും വലിയ ആത്മവിശ്വാസം പകർന്നു തന്നു. വളരെ മനുഷ്യത്വപൂർണ്ണമായ സമീപനമാണ് താങ്കൾ കൈക്കൊണ്ടത്. പ്രതിപക്ഷത്തിനു പോലും മറിച്ചു പറയാൻ അധികമവസരമുണ്ടായില്ല. അതുപോലെ തിളക്കമാർന്ന പ്രവർത്തന മികവാണ് ആരോഗ്യ മന്ത്രി എന്ന നിലയിൽ കെ.കെ. ശൈലജ കാഴ്ചവെച്ചത്. ലോക ശ്രദ്ധ തന്നെ അവരെത്തേടിയെത്തി. അവർ ആരോഗ്യരംഗത്തിന് നൽകിയ ആത്മവിശ്വാസം ഫലം കണ്ടു. കേരളം ഭയരഹിതമായാണ് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടത്. കേരളത്തിലാണ് എന്നത് ഒരു ഭാഗ്യമായി എന്ന് ഒറ്റക്കെട്ടായി ജനം ഏറ്റുപറഞ്ഞു. ഭരണകൂടം നിലനിർത്തിയ ആത്മവിശ്വാസമാണ് ജനങ്ങളെ ഇതിനു പ്രാപ്തമാക്കിയത്. ആരോഗ്യമന്ത്രി ശൈലജ ഈ പ്രതിസന്ധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ടു. ആരോഗ്യ പ്രവർത്തകർ പരാതികളില്ലാതെ അഹോരാത്രം അവരുടെ കൂടെ അണിചേർന്നു. തുടർ ഭരണം സാധ്യമാക്കിയതിൽ ഇതിനുള്ള പങ്ക് ആർക്കും മറച്ചു പിടിക്കാനാവില്ല.
കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെ ഗ്രസിക്കുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് വന്നു. തിരഞ്ഞെടുപ്പിനെ കോവിഡ് പരമാവധി ഉപയോഗിച്ചു. മാരകമായ വൈറസ് വ്യാപനം അരങ്ങേറി. അതിനെ പിടിച്ചുകെട്ടാനായി വീണ്ടും ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. ഇവിടെ രണ്ട് പ്രശ്നങ്ങൾക്ക് അരങ്ങൊരുങ്ങി. ഒന്ന് ലോക്ക് ഡൗൺ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു സത്യപ്രതിജ്ഞാ ചടങ്ങ് വെറും കടുപിടുത്തമാണ്. 500 പേരെയെ പങ്കെടുപ്പിക്കുന്നുള്ളു എന്ന ഔദാര്യ രൂപത്തിലുള്ള സമീപനം തികച്ചും അനവസരത്തിലുള്ളതാണ്. ചരിത്ര വിജയത്തിന് മങ്ങലേൽപ്പിക്കുന്നതമാണ്.
ഇനി ആരോഗ്യമന്ത്രിയുടെ വിഷയത്തിലേക്ക് വരാം. പൂർണ്ണമായും പുതിയവരുടെതായ മന്ത്രിസഭ എന്ന ആശയത്തെ സ്വാഗതം ചെയ്യുമ്പോഴും ആരോഗ്യമന്ത്രിയായി ശൈലജ തുടരുക എന്നത് കാലത്തിന്റെ ആവശ്യമായിരുന്നു. ജനം ആഗ്രഹിച്ചതുമായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ തുടർച്ച അനാവാര്യവും അതിന് പരിചയവും വൈദഗ്‌ധ്യവുമുള്ള മുൻ മന്ത്രിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകുമായിരുന്നു. കോവിഡ് പോയാലും കേരളത്തിന്റെ ആരോഗ്യം ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയുടെ നയപരമായ തീരുമാനം എന്ന പിടിവാശിക്ക് മുന്നിൽ ഒഴിവാക്കേണ്ടതായിരുന്നില്ല ശൈലജയുടെ മുന്ത്രിസ്ഥാനം.
ജനങ്ങളുടെ തീരുമാനം അനുകൂലമായതു കൊണ്ടാണ് നിങ്ങൾ വീണ്ടും അധികാരത്തിലെത്തുന്നത്. ജനങ്ങളുടെ തിരുമാനത്തെ അട്ടിമറിക്കുന്നതാവരുത് ഒരിക്കലും പാർട്ടി തീരുമാനം. ഇവിടെ വ്യക്തി വൈദഗ്‌ധ്യം പ്രധാന ഘടകമാവേണ്ടതായിരുന്നു. അത് വ്യക്തിപൂജയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് പാർട്ടി അനുകൂലികൾ ശ്രമിക്കുന്നത്. ഇതൊരു തെറ്റായ സമീപനമാണ്. തുടങ്ങും മുൻപു വരുത്തിവെച്ച കല്ലുകടികളായി സത്യപ്രതിജ്ഞയിലെ പിടിവാശിയും പുതുമയെന്ന നയവും കേരളത്തിനു മുന്നിലുണ്ട്. എല്ലാവിധ ന്യായീകരണങ്ങൾക്കുമപ്പുറം അതൊരു നിറം മങ്ങലായി തന്നെ നിലകൊള്ളും.

ഇടതുപക്ഷം, മനുഷ്യപക്ഷം
തുടർഭരണം കൊണ്ട് സാധിച്ചെടുക്കേണ്ടത് ഒരു ഇടതു സാമൂഹികബോധമാണ്. മതേതരമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള സാഹചര്യമൊരുക്കലാണ്. വർഗീയ ശക്തികളെ പൂർണ്ണമായും പ്രതിരോധിക്കേണ്ടതുണ്ട്. സ്ത്രീ സുരക്ഷയും സമത്വവും ലിംഗനിതിയും ഉറപ്പുവരുത്തുക എന്നത് ഏറെ പ്രധാനമാണ്. ആദിവാസികൾക്കും പാവപ്പെട്ടവർക്കും പൊതുമണ്ഡലത്തിൽ പ്രാധാന്യവും കരുതലുമുള്ള ഒരു പുതിയ സാമൂഹികാന്തരിക്ഷമുണ്ടാവേണ്ടതുണ്ട്. അവരുടെ ഭൂമി പ്രശ്നത്തിന് എത്രയും പെട്ടന്ന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. കാസർഗോഡ് എൻഡോസൾഫാൻ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണേണ്ടതുണ്ട്. കൃഷിയിൽ സ്വയം പര്യാപ്തത ഒരു മഹാസാധ്യതയാണ്. ഒഴിഞ്ഞ നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് പാർട്ടിക്ക് പോലും കാർഷിക വിപ്ലവം നടത്താവുന്നതേയുള്ളൂ. മനുഷ്യത്വപൂർണ്ണമായ സമീപനമുള്ള ക്രമസമാധാന പാലനം ഉറപ്പുവരുത്തിയേ മതിയാവൂ. ഇതിലെല്ലാമുപരിയായ പ്രധാന കാര്യം കേരളം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ്. കാലാവസ്ഥാമാറ്റം കേരളത്തെ വലിയ പ്രതിസന്ധികളിലേക്കും ദുരന്തങ്ങളിലേക്കും വലിച്ചിഴച്ചു തുടങ്ങി. വലിയ ജാഗ്രതയോടെ നേരിടേണ്ട ഒരു പ്രതിസന്ധിയാണിത്. ഇതിനെപ്പറ്റി ഗൗരവമായ ചിന്തകൾ നടക്കേണ്ടതുണ്ട്. ദീർഘവീക്ഷണത്തോടെ നടപടികളിലേക്ക് കടക്കേണ്ടതുണ്ട്. രാഷട്രീയലാഭങ്ങൾ നോക്കാതെ ഭാവി ദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.
തുടർഭരണം നേടിയ പിണറായി വിജയനോടല്ലാതെ ഇതൊക്കെ മറ്റാരോട് പറയാൻ? കേരളത്തെ പുതുക്കി പണിയാൻ ലഭിച്ച ഈ അവസരം മുനുഷ്യത്വപൂർണ്ണമായ നിലപാടുകളിലൂടെ, പിടിവാശികളില്ലാത്ത ജനാധിപത്യബോധത്തോടെ, ജനങ്ങളോട് കരുതലുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ വിവേകത്തോടെ മുന്നോട്ടു കൊണ്ടുപോവാൻ താങ്കൾക്കും താങ്കളുടെ ചുറുചുറുക്കുള്ള സഹപ്രവർത്തകർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. സ്വതന്ത്ര പൗരരെന്ന നിലയിൽ കേരളത്തിലെ ഓരോ മനുഷ്യനും സ്വൈരജീവിതം സാധ്യക്കുന്നതിൽ നിങ്ങൾക്കുള്ള പങ്ക് ഓർമ്മപ്പെടുത്താൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.