scorecardresearch
Latest News

മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ : ഒക്‌ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചില വീണ്ടു വിചാരങ്ങൾ

ലോകത്തെ പിടിച്ചു കുലുക്കിയ വിപ്ലവത്തിന് നൂറ് വർഷം പൂർത്തിയാകുമ്പോൾ അതിന് വഴിയൊരുക്കിയ പ്രത്യയശാസ്ത്രത്തെയും അത്തരം പ്രസ്ഥാനങ്ങളുടെയും ഇന്നത്തെ അവസ്ഥ എന്ത്? ഇന്ത്യൻ സമകാല സാഹചര്യത്തിൽ എന്ത് പങ്കാണ് ഇതിന് വഹിക്കാനുളളത്?​ സംവാദം ആരംഭിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ : ഒക്‌ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചില വീണ്ടു വിചാരങ്ങൾ

സോവിയറ്റ് യൂണിയന്‍റെ സ്ഥാപനത്തിനു വഴിയൊരുക്കിയ ഒക്‌ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വര്‍ഷമാണിത്. നൂറുവര്‍ഷങ്ങള്‍. സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടേയും മുന്നേറ്റത്തിന്‍റെയും വിജയങ്ങളുടേയും തിരിച്ചടികളുടേയും പരാജയങ്ങളുടേയും ഒരു ശതാബ്ദമാണ് കഴിഞ്ഞു പോയത്. സമകാലസ്ഥിതി എന്താണ്?

സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടി നിലകൊണ്ടിരുന്ന പുരോഗമനശക്തികള്‍ വലിയ തിരിച്ചടികളെ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മിക്കവാറും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വ്യവസ്ഥാപിതമാകുകയും അപചയത്തിനു വിധേയമാകുകയും ചെയ്തിരിക്കുന്നു. പ്രപഞ്ചത്തിന്‍റെയും ജീവിതത്തിന്‍റെയും ചാലകശക്തിയായി മാറ്റത്തേയും പരിവര്‍ത്തനത്തേയും കാണുന്ന ശാസ്ത്രീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആശയലോകത്തിന്, മാര്‍ക്‌സിസത്തിന്, ഈ തിരിച്ചടികളേയും വെല്ലുവിളികളേയും തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ദിശാസൂചികള്‍ നൽകാന്‍ കഴിയേണ്ടതാണ്. എന്നാല്‍, അതിനെ തടയുന്ന രീതിയിലുള്ള പ്രവണതകളാണ് കമ്മ്യൂണിസത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും തന്നെ ശക്തമായി നിലനില്‍ക്കുന്നത്. മാര്‍ക്‌സിസത്തിന്‍റെ പ്രയോഗങ്ങള്‍ അടഞ്ഞ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള കൊടുക്കല്‍-വാങ്ങലുകള്‍ നിലച്ചിരിക്കുന്നു. വികസിക്കാത്ത സിദ്ധാന്തം മുരടിച്ച പ്രയോഗങ്ങളെ നിലനിര്‍ത്തുന്നു. നിര്‍ണ്ണയവാദപരവും മതാത്മകവുമായ നിലപാടുകളാണ് മിക്ക പ്രസ്ഥാനങ്ങളും പിന്തുടരുന്നത്. ഇത് മാര്‍ക്‌സിസ്റ്റുപ്രയോഗങ്ങളെ ജഡസമാനമായ അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പ്രയോഗങ്ങള്‍ക്കു സംഭവിച്ച ജാഡ്യമാണ് സോഷ്യലിസ്റ്റു ശക്തികള്‍ക്കേൽക്കുന്ന തിരിച്ചടികളായും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അപചയമായും പുറത്തേക്കു പ്രകടമാകുന്നത്. മാര്‍ക്‌സിസം ഒരു പ്രതിസന്ധിയിലാണെന്നു നിഗമിക്കാവുന്ന അവസ്ഥാവിശേഷമാണിത്. വലിയ മാറ്റങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സ്വയം വിധേയമായിക്കൊണ്ടു മാത്രമേ ഈ​ അവസ്ഥയെ മറികടന്ന് മാര്‍ക്‌സിസത്തിനു മുന്നോട്ടു പോകാനാകൂ. മാറ്റത്തിന്‍റെ അലംഘനീയതയെ കുറിച്ചു പറയുന്ന മാര്‍ക്‌സിസത്തിന് സ്വയം മാറിത്തീരാനും കഴിയും. ശാസ്ത്രത്തിലെ വിപ്ലവങ്ങളേയും രാഷ്ട്രീയവിപ്ലവങ്ങളേയും സമാനമായി കണ്ട തോമസ്‌കുണിന്റെ പദാവലി കടമെടുത്തു പറഞ്ഞാല്‍, മാര്‍ക്‌സിസം ഒരു ആശയപ്രരൂപവ്യതിയാനത്തിനു വിധേയമാകേണ്ട സന്ദര്‍ഭമാണിത്. മാര്‍ക്‌സിസത്തിനുളളിലെ ആശയപ്രരൂപമാറ്റം നിര്‍ണ്ണയവാദപരമായ പലമുന്‍ധാരണകളേയും തളളിക്കളയുന്നതിനും പുത്തന്‍ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും വിപ്ലവാത്മകമായി അതിനെ നവീകരിക്കുന്നതിന് പ്രാപ്തമാക്കുന്നതുമാകണം.

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമോ പുരോഗമനശക്തികള്‍ നേരിടുന്ന തിരിച്ചടികളോ മാത്രമല്ല, മാര്‍ക്‌സിസം നേരിടുന്ന പ്രതിസന്ധിയെ നമുക്കു കാണിച്ചു തരുന്നത്. ഇക്കാര്യങ്ങള്‍ മാത്രമാണെങ്കില്‍ അവയെ സംഘടനാപരമായ ദൗര്‍ബല്യങ്ങളുടേയോ തിരുത്തല്‍വാദത്തിന്റേയോ വ്യതിചലനങ്ങളുടേയോ ഫലമെന്നു കാണാന്‍ ശ്രമിക്കാമായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി ബൂര്‍ഷ്വാ അധീശത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതിന്റെ ഫലമല്ലെന്നു തിരിച്ചറിയേണ്ടതാണ്. മുതലാളിത്തവ്യവസ്ഥ അഭിമുഖീകരിച്ചിട്ടുളള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ മുപ്പതു വര്‍ഷമായി അത് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്റെ വിശ്വാസ്യത എന്നെത്തേക്കാളുമേറെ നഷ്ടപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ അതു ശ്രമിക്കുന്നത് ചോര വാര്‍ക്കുന്ന കഴുത്തറപ്പന്‍ പരിഷ്‌ക്കാരങ്ങളുമായിട്ടാണ്. മുതലാളിത്തത്തിന്റെ ഈ വലിയ പ്രതിസന്ധികള്‍ക്കിടയിലും മാര്‍ക്‌സിസ്റ്റുകള്‍ക്ക് ശരിയായ ചുവടുകള്‍ വയ്ക്കാന്‍ കഴിയുന്നില്ല. മാര്‍ക്‌സിസം നേരിടുന്ന വെല്ലുവിളികള്‍ എത്രമാത്രം ബൃഹത്താണെന്നു നമ്മെ ബോദ്ധ്യപ്പെടുത്തേണ്ടുന്ന സവിശേഷസന്ദര്‍ഭമായി സമകാലഘട്ടം മാറിത്തീരുന്നുണ്ട്. മുതലാളിത്തത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു പറയുമ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസം എത്രമാത്രം വിശ്വാസമുളളതായി തുടരുന്നുവെന്നു കൂടി അന്വേഷിക്കണം.

marx, lenin, october revolution,

മാര്‍ക്‌സിസം ജനങ്ങളില്‍ നിന്നു പഠിക്കണമെന്നു പറയുന്ന ചിന്താപദ്ധതിയാണ്. നാം ജനങ്ങളില്‍ നിന്നു പഠിക്കാന്‍ തയ്യാറാണെങ്കില്‍, അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാനും അവരുടെ വിചാരങ്ങളെ അറിയാനും തയ്യാറാകുന്നുവെങ്കില്‍, മതാത്മകവും ജാഡ്യം ബാധിച്ചതുമായ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ മാറിപ്പോകുന്നതിനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് നാം കേള്‍ക്കണം. പാപികളേ, നിങ്ങള്‍ വരൂ, സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുളളതാണ്’എന്ന ശൈലിയിൽ നിന്നും കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുളള ശാസ്ത്രീയ സോഷ്യലിസ്റ്റ്‌വിശ്വാസിയുടെ ഇപ്പോഴത്തെ ആഹ്വാനത്തിന് വലിയ വ്യത്യാസമൊന്നുമില്ലെന്നു കാണാം.

വിമര്‍ശബുദ്ധിയോടെയല്ലാതെ മാര്‍ക്‌സിനെയോ ലെനിനെയോ ഉദ്ധരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍ വേദപുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്ന പുരോഹിതനില്‍ നിന്നും വളരെയൊന്നും വ്യത്യസ്തനല്ല. ശാസ്ത്രീയതയെ നിരാകരിക്കുകയും ശാസ്ത്രമാത്രവാദത്തെ സ്വീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ മതാത്മകതയുടെ മൂല്യങ്ങളെയാണ് കടത്തിക്കൊണ്ടു വരികയെന്നു തീര്‍ച്ച! ശാസ്ത്രത്തിന്റെ നിരന്തരനവീകരണക്ഷമതയെ ഉപേക്ഷിച്ചാൽ​ മാര്‍ക്‌സിസം മറ്റൊരു മതമായി മാറുന്നു. സോഷ്യലിസ്റ്റ് ശക്തികള്‍ അഭിമുഖീകരിക്കുന്ന സമകാലപ്രതിസന്ധിയെ തരണം ചെയ്യുന്നതിന് അധീശത്വത്തിന്റെ സംവിധാനങ്ങളെ ഒഴിവാക്കുകയും ജനാധിപത്യത്തിന്റെ വിപുലനത്തേയും ജനകീയമായ നിയന്ത്രണസംവിധാനങ്ങളേയും ആശ്രയിക്കുകയും വേണം. മുന്‍വിധികളില്ലാതെയുളള വിശകലനത്തിലുടെ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ വെല്ലുവിളികളെ നേരിടണം.

നിശ്ചിതദിശയിലുളള ചരിത്രത്തിന്റെ മുന്നേറ്റത്തിലൂടെ സോഷ്യലിസത്തിലെത്തിച്ചേരുന്ന വികാസനിയമങ്ങളെ കുറിച്ചുളള ഉറപ്പാണ് സാമ്പത്തികവാദത്തെപരമമായി സ്വീകരിക്കുന്ന മാര്‍ക്‌സിസ്റ്റുധാര മുന്നോട്ടുവെക്കുന്നത്. ഈ പരിപ്രേക്ഷ്യത്തില്‍ രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ സാമ്പത്തികപ്രക്രിയയുടെ ഉപരിഘടന മാത്രമാണ്. ഇവിടെ, സാമൂഹികക്രമത്തെ രൂപീകരിക്കുന്ന ഘടകങ്ങളായി രാഷ്ട്രീയപ്രക്ഷോഭങ്ങളെ തിരിച്ചറിയുന്നില്ല. ഈ സങ്കല്പനത്തിനെതിരെ, രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ പ്രാഥമ്യത്തെ ഉറപ്പിക്കുന്ന നിലപാടുകളിലൂടെ മാര്‍ക്‌സ് തന്നെ കടന്നു പോകുന്നുണ്ടെന്നു തീര്‍ച്ച!

വരട്ടുതത്ത്വവാദപരമായ നിലപാടുകളോട് മാര്‍ക്‌സ് ഒരിക്കലും യോജിച്ചിരുന്നില്ലെന്നു മാത്രമല്ല, വലിയ അകലം സൂക്ഷിക്കുകയും ചെയ്തിരുന്നു. ഉല്പാദനവികാസത്തിന്റെ വിവിധഘട്ടങ്ങളെ കുറിച്ചും മുതലാളിത്തത്തിന്റെ പരമകാഷ്ഠയില്‍ നടക്കേണ്ടുന്ന തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ലവത്തെ കുറിച്ചുമുള്ള തന്റെ നിലപാടുകളെ മാറ്റമില്ലാതെ സ്വീകരിക്കേണ്ടുന്ന അന്തിമവാക്കുകളായി മാര്‍ക്‌സ് കണ്ടിരുന്നില്ല. റഷ്യന്‍ ഗ്രാമീണ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസ്റ്റ് ദിശയിലേക്കുളള വികാസത്തിനു പ്രാപ്തമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് വേരാ സസുലിച്ച് എഴുതിയ കത്തിന് മാര്‍ക്‌സ് നല്‍കുന്ന മറുപടി ഇതിനുളള നല്ല തെളിവാണ്. വേരാ സസുലിച്ച് റഷ്യയിലെ സോഷ്യലിസ്റ്റ് തീവ്രവാദികളുടെ സംഘടനയായ നരോദ്‌നിക്കുകളില്‍ ഉള്‍പ്പെട്ട ഒരു വനിതയായിരുന്നു. യൂറോപ്പിന്റെ പാതയില്‍ സഞ്ചരിക്കാതെ, മുതലാളിത്തത്തെ സ്വീകരിക്കാതെ, സോഷ്യലിസത്തിലേക്കു വികസിക്കാന്‍ റഷ്യക്കു കഴിയുമോയെന്നാണ് വേര ചോദിച്ചത്. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തില്‍, ചരിത്രപരമായി അനിവാര്യമായ നശീകരണത്തിനു ശപിക്കപ്പെട്ടതാണോ റഷ്യയിലെ ഗ്രാമീണ കമ്മ്യൂണുകളെന്ന് വേര ഉത്ക്കണ്ഠാകുലയാകുന്നുണ്ട്. യൂറോപ്പിലെ രോഗിയെന്നു കരുതിയിരുന്ന, ദരിദ്രരാഷ്ട്രമായ റഷ്യയെകുറിച്ചുളള വേരയുടെ ചോദ്യത്തെ ഒരു ജീവന്മരണപ്രശ്‌നമായി മാര്‍ക്‌സ് കണ്ടിരുന്നുവെന്ന് മകളായ ജെന്നി എഴുതുന്നു. പ്ലഖ്‌നോവിനെ പോലെ നേര്‍രേഖീയമായ സിദ്ധാന്തങ്ങളെ കൈപ്പറ്റിയിരുന്നവരില്‍ നിന്നും വ്യത്യസ്തമായി, മുതലാളിത്ത ഭരണക്രമത്തിന്റെ എല്ലാ നിര്‍ഭാഗ്യവിപര്യയങ്ങളില്‍നിന്നും രക്ഷപ്പെടുന്നതിന് ചരിത്രം റഷ്യക്ക് അവസരം നല്കിയേക്കാമെന്നാണ് മാര്‍ക്‌സ് നിരീക്ഷിച്ചത് .

യൂറോപ്പിന്റെ ചരിത്രത്തെ ഒരു രാജ്യത്തിനു മേലും കൃത്രിമമായി അടിച്ചേല്പിക്കാന്‍ മാര്‍ക്‌സ് തയ്യാറായിരുന്നില്ല. ചരിത്രവികാസത്തെ കുറിച്ചുള്ള യൂറോകേന്ദ്രിതവും നേര്‍രേഖീയവുമായ നിലപാടുകളെ മാര്‍ക്‌സ് തളളിക്കളയുകയായിരുന്നു. വരട്ടുതത്ത്വവാദത്തിന് മാര്‍ക്‌സിസത്തില്‍ സ്ഥാനമില്ലെന്ന് തെളിയിക്കുകയായിരുന്നു. സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കും രാഷ്ട്രീയമായ ഇച്ഛാശക്തിക്കുമുള്ള പ്രാധാന്യത്തിലാണ് മാര്‍ക്‌സ് ഊന്നിയിരുന്നത്. മൂലധനത്തിന്റെ ഫ്രഞ്ച് പതിപ്പില്‍ അദ്ദേഹം വരുത്തുന്ന തിരുത്തുകള്‍ നിര്‍ണ്ണയവാദപരമായ ഒരു സമീപനത്തേയും പിന്‍പറ്റുന്നില്ലെന്ന് കാണിച്ചു തരുന്നുണ്ട്. കാള്‍ മാര്‍ക്‌സിന്റെ നിലപാടുകള്‍ രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതായിരുന്നുവെങ്കിലും മഞ്ഞ ഇന്റര്‍നാഷണല്‍ എന്നു വിളിക്കുന്ന രണ്ടാം ഇന്റര്‍നാഷണലിലൂടെ ചരിത്രത്തെ കുറിച്ചുളള കേവലനിര്‍ണ്ണയവാദപരമായ സമീപനങ്ങള്‍ മാര്‍ക്‌സിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ ഉറപ്പിക്കപ്പെടുന്നുണ്ട്. രണ്ടാം ഇന്റര്‍നാഷണലില്‍ മാര്‍ക്‌സിസത്തിന്റെ സങ്കല്പനങ്ങള്‍ ക്രമീകൃതമാക്കാനുളള വലിയ ശ്രമങ്ങള്‍ നടന്നു. മുതലാളിത്ത വികാസത്തിന്റെ അനിവാര്യനിയമങ്ങള്‍, അടിത്തറയേയും ഉപരിഘടനയേയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ശാസ്ത്രീയത എന്നിവയെല്ലാം മാര്‍ക്‌സിസത്തിന്റെ പ്രാഥമികസങ്കല്പനങ്ങളായി മുന്നോട്ടുവയ്ക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയസമരം ഒരു കീഴ്‌സങ്കല്പനമായി മാത്രമാണ് അവിടെ പരിഗണിക്കപ്പെട്ടത്.

സംഘടനാതത്ത്വങ്ങളുടെ ‘ഭാഗമായി മാര്‍ക്‌സിസത്തെ ക്രമീകൃതമാക്കുന്ന ആദ്യസന്ദര്‍ഭം രണ്ടാം ഇന്റര്‍നാഷണലിന്റേതായിരുന്നു. അതിനു മുമ്പ് മാര്‍ക്‌സിസ്റ്റുകള്‍ ഇടപെട്ടു കൊണ്ടിരുന്ന പ്രശ്‌നങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മേഖലകളിലെ പല പ്രശ്‌നങ്ങളേയും ഇപ്പോള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നു. പാര്‍ലമെന്ററി പ്രക്ഷോഭങ്ങള്‍, തൊഴിലാളി സംഘടനകളും അവയുടെ നേതൃത്വത്തിലുളള പ്രക്ഷോഭങ്ങളും, ദേശീയരാഷ്ട്രീയത്തിലെ നിലപാടുകള്‍… എന്നിങ്ങനെ പല കാര്യങ്ങളേയും മാര്‍ക്‌സിസ്റ്റ് സംഘടനകള്‍ക്ക് ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാല്‍, ചരിത്രത്തെ കുറിച്ചുളള നിര്‍ണ്ണയവാദപരമായ സമീപനങ്ങളും നാളെ എന്താകുമെന്ന് നന്നായി അറിയാവുന്നവരുടെ പ്രയോജനവാദപരമായ സമീപനങ്ങളും കൊണ്ട് ഇന്ന് എന്തു സംഭവിക്കണമെന്നു തീരുമാനിക്കപ്പെടുന്ന രീതി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതിന്റെ ‘ഭാഗമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരങ്ങള്‍ കീഴ്‌നിലയിലുളള കാര്യങ്ങളായി മാറിത്തീര്‍ന്നു. ദൈനംദിന രാഷ്ട്രീയപ്രയോഗവും ചരിത്രനിയമങ്ങളെ കുറിച്ചുളള പൂര്‍വ്വനിശ്ചിതവിജ്ഞാനവും തമ്മില്‍ ഒരു വലിയ വിടവാണ് സ്ഥാപിക്കപ്പെട്ടത്. രാഷ്ട്രീയസമരങ്ങള്‍ ഉപരിഘടനയുടെ പ്രശ്‌നമായി ചുരുക്കപ്പെട്ടതിന്റെ’ഭവിഷ്യതായിരുന്നു ഇത്.

രാഷ്ട്രീയപ്രക്ഷോഭത്തിന്റെ പ്രാഥമ്യത്തെ എടുത്തുപറഞ്ഞതിലാണ് ലെനിന്റെ സൈദ്ധാന്തികഇടപെടലിന്റെ പ്രാധാന്യം കാണേണ്ടത്. കേവലനിര്‍ണ്ണയനത്തിന്നുതകുന്ന ഏകഘടകമായി ഉല്പാദനബന്ധങ്ങളെ കണ്ടെത്തുന്ന സമീപനത്തെ തന്നെയാണ് ലെനിന്‍ മറികടന്നത്. സാമ്പത്തികവാദപരമായ മാതൃകയുടെ അപചയത്തിനു തുടക്കം കുറിച്ച ലെനിന്‍ രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ലെനിന്‍ എന്ന വിപ്ലവകാരി സര്‍ഗ്ഗാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ചരിത്രം നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണമാണ്. സര്‍ഗാത്മകമായ വിപ്ലവരാഷ്ട്രീയപ്രയോഗത്തെ കുറിച്ചു പറയുന്ന ലെനിന്‍ എല്ലാ സമരമാര്‍ഗ്ഗങ്ങളും സ്വീകരിക്കണമെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. ചരിത്രം മുഴുവനായും വിപ്ലവങ്ങളുടെ ചരിത്രം സവിശേഷമായും ഏറ്റവും ഉയര്‍ന്ന വര്‍ഗ്ഗത്തില്‍ പെട്ട മുന്നണിപ്പടയാളികള്‍ക്കു പോലും വിവേചിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഉള്ളടക്കത്തില്‍ സമ്പന്നവും ബഹുരൂപമാര്‍ന്നതും വൈവിദ്ധ്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും ധൈഷണികവുമാണെന്ന് ലെനിന്‍ എഴുതുന്നു. രാഷ്ട്രീയപ്രയോഗത്തെ ഏതെങ്കിലും സവിശേഷരീതിശാസ്ത്രത്തിലേക്കു ചുരുക്കുന്നവര്‍ ചരിത്രം നിരന്തരം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ധാരണകളെ അറിയാതിരിക്കുന്നവരാണ്. പരമ്പരാഗതമായ ധാരണകളില്‍ തളച്ചിടപ്പെടാതിരിക്കാന്‍ ചരിത്രം വച്ചു നീട്ടുന്ന പുതിയ സാദ്ധ്യതകളെ സ്വീകരിക്കാന്‍ തുറന്ന സമീപനങ്ങളെടുക്കേണ്ടതുണ്ട്. രണ്ടാം ഇന്റര്‍നാഷണലിന്റെ കേവലനിര്‍ണ്ണയവാദപരമായ നിലപാടുകള്‍ക്കെതിരെ ഉറച്ച നിലപാടാണ് ലെനിന്‍ സ്വീകരിച്ചത്. മുതലാളിത്തത്തിന്റെ ഉയര്‍ന്നഘട്ടത്തില്‍ സംഭവിക്കുന്ന തൊഴിലാളിവര്‍ഗവിപ്ലവത്തെ കുറിച്ചുളള മാര്‍ക്‌സിസ്റ്റു നിരീക്ഷണത്തെ മാറ്റിവയ്ക്കുന്നതിനും ലോകമുതലാളിത്തവ്യവസ്ഥയെ സാമ്രാജ്യത്വത്തിന്റെ ഒരു ചങ്ങലയായി കാണാനും അതിലെ ദുര്‍ബ്ബലകണ്ണികളെ ഭേദിച്ചുകൊണ്ട് തൊഴിലാളിവര്‍ഗവിപ്ലവം നടക്കുന്നതിനുളള സാദ്ധ്യതയെ കുറിച്ചു പറയാനും ലെനിനു കഴിഞ്ഞത്, കേവലനിര്‍ണ്ണയവാദത്തിന്റെ സമീപനങ്ങളില്‍ നിന്നും മാറിനടന്നതുകൊണ്ടാണ്. ഇപ്പോള്‍, ലെനിന്റെ നിരീക്ഷണത്തില്‍, വിപ്ലവമെന്നത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ബിന്ദുവില്‍ നടക്കുന്ന പ്രതിഭാസമല്ലാതായി മാറിത്തീര്‍ന്നു. ചരിത്രം സവിശേഷമായ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന സങ്കല്പനങ്ങളും സാമ്പത്തികവാദപരമായ നിലപാടുകളും നിരാകരിക്കപ്പെട്ടു. മുതലാളിത്തത്തെ സാമ്രാജ്യത്വത്തിന്റെ ചങ്ങലയായി കണ്ടെത്തുന്നതിലൂടെ മുതലാളിത്തം എന്നത് കൊളോണിയലിസം കൂടിയാണെന്ന വസ്തുതയെ ശരിയായി ഉറപ്പിക്കാനും ലെനിനു കഴിഞ്ഞു.

വര്‍ഗവൈരുദ്ധ്യങ്ങളും വിവിധ സാമൂഹികവിഭാഗങ്ങള്‍ക്കിടയിലെ ബന്ധങ്ങളും ഉല്പാദനബന്ധങ്ങളുടെ അഥവാ സാമ്പത്തികബന്ധങ്ങളുടെ തുടര്‍ച്ചയോ പരിണിതഫലമോ മാത്രമല്ലെങ്കില്‍, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, അത് ഒരു മുഖ്യവൈരുദ്ധ്യത്തിന്റെ ഫലമല്ലെങ്കില്‍, ഏതൊരു രാഷ്ട്രവും ലോകമുതലാളിത്തവ്യവസ്ഥയോട് എങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന അതിനിര്‍ണ്ണയനത്തില്‍നിന്നും ഉരുവം കൊളളുന്ന പ്രശ്‌നമാണെങ്കില്‍, ഈ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൂട്ടി നിശ്ചയിക്കുന്ന അടിസ്ഥാനതത്ത്വങ്ങളുണ്ടെന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയസമരങ്ങള്‍ കൊണ്ടു മാത്രമേ ഇതു പരിഹരിക്കപ്പെടുന്നുളളൂ. എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ പ്രാഥമ്യം സ്ഥാപിക്കുന്നതിലാണ് നാം എത്തിച്ചേരുന്നത്. മെന്‍ഷേവിക്കുകളുടെ നിലപാടുകളില്‍ നിന്നും ലെനിന്റെ നിലപാടുകള്‍ വ്യത്യസ്തമായത് രാഷ്ട്രീയസമരത്തിന്റെ പ്രാഥമ്യവും പ്രാധാന്യവും അദ്ദേഹം തിരിച്ചറിഞ്ഞുവെന്നതുകൊണ്ടാണ്. സമൂര്‍ത്തസാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനമെന്ന് ലെനിന്‍ പറയുമ്പോള്‍ വര്‍ഗങ്ങള്‍ക്കിടയിലെ രാഷ്ട്രീയബന്ധങ്ങളെയാണ്അദ്ദേഹം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.

രാഷ്ട്രീയബന്ധങ്ങളെ കുറിച്ചുളള വിശകലനവും ധാരണകളും രാഷ്ട്രീയസമരത്തിലേക്കു നയിക്കുന്നതാണ്. കൊളോണിയല്‍ തിസീസിലൂടെ, കോളനികളായി മാറ്റപ്പെട്ട രാഷ്ട്രങ്ങളുടെ വിപ്ലവപാതയെ കുറിച്ചു പറയാന്‍ ലെനിനു കരുത്തു നല്കിയതും രാഷ്ട്രീയസമരത്തിന്റെ പ്രാധാന്യത്തെ തിറിച്ഛറിഞ്ഞ ഈ നിലപാടുകളായിരുന്നു. ജനകീയ ജനാധിപത്യവിപ്ലവത്തെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ മുന്നോട്ടുവക്കപ്പെട്ട ശേഷം തൊഴിലാളിവര്‍ഗത്തെ വിപ്ലവത്തിന്റെ നേതൃശക്തിയായി കണ്ടിരുന്നുവെങ്കില്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ സമരകാലഘട്ടത്തില്‍ വിശാലമായ ഐക്യമുന്നണിയുടെ രൂപീകരണത്തെ സഹായിച്ചത് ഈ ലെനിനിസ്റ്റ് നിലപാടായിരുന്നു. കര്‍ഷകരും സ്ത്രീകളും അധ:കൃതജനവിഭാഗങ്ങളും ഉള്‍പ്പെടെ മുഴുവന്‍ ബഹുജനങ്ങളും വിപ്ലവത്തിന്റെ ചാലകശക്തിയാണെന്ന് കണ്ടറിയുന്നതിനു മാവോയെ പോലുള്ള നേതാക്കളെയും സഹായിച്ചതും മറ്റൊന്നായിരുന്നില്ല.

ലെനിന്റെ ഇടപെടല്‍ വളരെ പ്രാധാന്യമുളള ഒന്നായിരുന്നുവെങ്കിലും സാമ്പത്തികവാദപരമായ വ്യവഹാരങ്ങള്‍ക്കിടയില്‍ ഈ ഇടപെടലിനു നിര്‍വ്വഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പരിമിതമായിരുന്നു. ലെനിനിസ്റ്റ് നിലപാടുകളില്‍ ഒരു അസ്പഷ്ടതയുണ്ടായിരുന്നു. അത് രാഷ്ട്രീയസമരത്തിന്റെ പ്രാഥമ്യത്തെ കുറിച്ചുളള സങ്കല്പനങ്ങളെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഉള്‍ക്കൊളളുകയും മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്തില്ല. ലക്ലാവുവും മൗഫേയും ചൂണ്ടിക്കാണിക്കുന്നതുപോലെ, ലെനിനിസം വിപ്ലവത്തെ കുറിച്ചുളള ഒരു സിദ്ധാന്തമായി ചുരുങ്ങിപ്പോകുകയും സമൂഹത്തിന്റെ സിദ്ധാന്തമാകാതിരിക്കുകയും ചെയ്തു. വര്‍ഗങ്ങളുടെ രാഷ്ട്രീയബന്ധങ്ങള്‍ക്കപ്പുറം സാമൂഹികവ്യവസ്ഥയുടേതായ ഒരു സത്ത നിലനില്ക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ ലെനിനു കഴിഞ്ഞില്ല. സാമ്പത്തികവാദത്തിനെരായ സമീപനങ്ങള്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും വിപ്ലവത്തിനുള്ള തെരഞ്ഞെടുക്കപ്പെട്ട ഏക വര്‍ഗമായി തൊഴിലാളിവര്‍ഗത്തെ കണ്ടെത്തുന്ന സമീപനം കൈയ്യൊഴിയപ്പെട്ടതുമില്ല. കോമിന്റേണിന്റെ രാഷ്ട്രീയ നിലപാടുകളുടെ പരിമിതികള്‍ കൊണ്ടു തന്നെ സാമ്പത്തികനിര്‍ണ്ണയവാദത്തിന്റെ നിലപാടുകള്‍ പല ഘട്ടങ്ങളിലും അധീശത്വം സ്ഥാപിക്കുകയും സ്റ്റാലിന്റെ കാലമാകുമ്പോഴേക്കും വളരെ യാന്ത്രികവാദപരമായ നിലപാടുകളിലൂടെ മാര്‍ക്‌സിസത്തെ ശാശ്വതസത്യങ്ങളുടെ വ്യവസ്ഥയാക്കി മാറ്റുകയും ചെയ്തു.

stalin, lenin, october revolution,russia,ussr,

മാര്‍ക്‌സിസത്തെ ജഡാവസ്ഥയിലേക്കു നയിച്ചത് സ്റ്റാലിനിസമായിരുന്നു. സ്റ്റാലിനിസ്റ്റ് നിലപാടുകളാണ് ഇപ്പോഴും പ്രച്ഛന്ന രൂപത്തില്‍ ഇവിടെ പ്രചരിക്കുന്നത്. മാര്‍ക്‌സിസത്തെ മറ്റൊരു മതമാക്കി പരിവര്‍ത്തിപ്പിച്ച സ്റ്റാലിനിസ്റ്റ് ജഡാവസ്ഥയില്‍ നിന്നും അതിനെ വിമോചിപ്പിക്കുകയെന്നതാണ് ഓരോ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റിന്‍റെയും കടമ. എന്നാല്‍, സ്റ്റാലിന്റെ കാലത്തു തന്നെ കോമിന്റേണിന്‍റെ രാഷ്ട്രീയ നിലപാടുകളുടെ പരിമിതി പുറത്തു വരികയുണ്ടായി. ഫാസിസത്തിനെതിരെ രൂപീകരിക്കപ്പെട്ട ഐക്യമുന്നണിയുടെ ഘട്ടമായിരുന്നു അത്. ജനാധിപത്യവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ വിപുലപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള പങ്കിനെ വിശദീകരിക്കുന്ന ദിമിത്രോവിന്‍റെ ഐക്യമുന്നണിയെ കുറിച്ചുള്ള നയം (ഏഴാം കോമിന്റേണ്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്) ചില സന്ദിഗ്ദ്ധതകളെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. പാര്‍ലമെന്ററി ‘ഭരണക്രമങ്ങളെ ബൂര്‍ഷ്വാ അധികാരത്തിന്റെ ഉപരിഘടനകളായി മാത്രം കാണുന്നവര്‍ക്ക് അവ കൂടി ഉള്‍ക്കൊള്ളുന്ന ഫാസിസത്തിനെതിരായ ഐക്യമുന്നണിയെ അടവുപരമായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വിശാല ഐക്യമുന്നണി വര്‍ഗപരമായ ഐക്യത്തിന്റെ മുന്നണി ആയിരുന്നില്ല. ഈ വിശാല ഐക്യമുന്നണിയില്‍ മുഴുവന്‍ ബഹുജനങ്ങളും പങ്കെടുത്തു. നാം പരിഗണിക്കേണ്ടിരിക്കുന്ന രാഷ്ട്രീയഗണങ്ങള്‍ വര്‍ഗപരമായവ മാത്രമല്ലെന്ന്, ബഹുമുഖമായ സാമൂഹികവൈരുദ്ധ്യങ്ങളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന വ്യത്യസ്തങ്ങളായ അനേകം രാഷ്ട്രീയവിഷയങ്ങളെ സോഷ്യലിസ്റ്റ്ശക്തികള്‍ പരിഗണിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് തിരിച്ചറിയപ്പെട്ട സന്ദര്‍ഭമായിരുന്നു ഇത്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഹിന്ദുത്വഭീകരതക്കെതിരായ ഐക്യമുന്നണിയെ കുറിച്ചു പറയുമ്പോള്‍ ചരിത്രത്തില്‍ നിന്നും കിട്ടുന്ന ഈ പാഠങ്ങള്‍ വളരെ പ്രസക്തമാണ്.

ഫാസിസത്തിനെതിരായ സമരം നല്‍കുന്ന പാഠത്തെ ശരിയായി ഏറ്റെടുത്തത് അന്റോണിയോ ഗ്രാംചി ആയിരുന്നു. ഗ്രാംഷിയുടെ ചിന്ത ലെനിനിസത്തിന്‍റെ തുടര്‍ച്ചയും വിച്ഛേദവുമായിരുന്നു. ലളിതമായ നിയാമകങ്ങള്‍ക്കനുസരിച്ചല്ല ചരിത്രം സഞ്ചരിക്കുന്നതെന്ന ലെനിന്‍റെ ഉള്‍ക്കാഴ്ച ഗ്രാംഷി നിലനിര്‍ത്തുന്നു. എന്നാല്‍, ലെനിനില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയത്തിന്‍റെ പ്രാഥമ്യത്തെ വിപ്ലവത്തിന്‍റെ സാന്ദര്‍ഭികസ്ഥാനങ്ങളിലേക്കു മാത്രമായി ചുരുക്കി കാണാതെ എല്ലാ സാമൂഹികസാഹചര്യങ്ങളേയും സ്പഷ്ടമായി കൂട്ടിച്ചേര്‍ക്കുന്ന നിയമമായി കാണുന്നതിനു ഗ്രാംഷിക്കു കഴിഞ്ഞു. ഒരു വര്‍ഗത്തിന് രാഷ്ട്രീയമായ അധീശത്വം ലഭിക്കുന്നതിന് അതിന്‍റെ ഇടുങ്ങിയ സാമ്പത്തികതാല്പര്യങ്ങളും കാഴ്ചപ്പാടുകളും ഉപേക്ഷിച്ചു കൊണ്ട് ധൈഷണികവും സാംസ്‌ക്കാരികവുമായ അധീശത്വം നേടണമെന്ന്, ഇതിനായി സമൂഹത്തിലെ വിവിധ രാഷ്ട്രീയഗണങ്ങളുമായി സഖ്യങ്ങളിലും സമവായങ്ങളിലുമെത്തണമെന്ന് ഗ്രാംഷി കാണുന്നു. ഇതിനെ ചരിത്രപരമായ കൂട്ടായ്മയെന്നു ഗ്രാംഷി വിളിച്ചു. ഇത്തരമൊരു ഉന്നതഘടന അടിത്തറയുമായുള്ള ബന്ധത്തെ നിലനിര്‍ത്തുന്നതിനും വിച്ഛേദിക്കുന്നതിനുമെല്ലാം ആവശ്യമാണ്. മാര്‍ക്‌സിസത്തിന് മതത്തിന്‍റെ സാംസ്‌ക്കാരികാവസ്ഥയെ തരണം ചെയ്യണമെങ്കില്‍ ജനങ്ങളുടെ ആത്മീയാവശ്യങ്ങളെ അത് നിവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഗ്രാംഷി കണ്ടെത്തുന്നുണ്ട്. രാഷ്ട്രീയാധികാരത്തെ സ്ഥാപിച്ചെടുക്കുന്നതിന്നപ്പുറം ഗ്രാംഷി കാര്യങ്ങളെ കാണുന്നു. എന്നാല്‍, വിമോചനത്തിനായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ ഗ്രാംചിയും കൈയ്യൊഴിഞ്ഞില്ല. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗം എന്ന സങ്കല്‍പ്പനത്തിനുള്ളില്‍ തന്നെ നിര്‍ണ്ണയവാദപരമായ മൂലകങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നുണ്ടെന്നതാണ് കാര്യം. വ്യാവസായികതൊഴിലാളിവര്‍ഗ്ഗം നയിക്കുന്ന വിപ്ലവം എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും ആദിവാസികളും സ്ത്രീകളും പ്രകൃതി കൂടിയും ഭേദങ്ങളേതുമില്ലാതെ അണിചേരുന്ന വിപ്ലവത്തെയാണ് കാലം ആവശ്യപ്പെടുന്നത്.

വ്യത്യസ്ത സാമൂഹികഗണങ്ങളുടെ സ്വതന്ത്രമായ ഇടപെടലിനേയും സ്വേച്ഛാചലനങ്ങളേയും അംഗീകരിക്കുന്ന, അവരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തെ അംഗീകരിക്കുന്ന ഒരു കൂട്ടായ്മയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിത്തീരേണ്ടതുണ്ട്. ഈ ഐക്യം സങ്കല്പിക്കപ്പെടേണ്ടതല്ല, കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടേണ്ടതാണ്. ഇവിടെ, വ്യത്യസ്ത സാമൂഹികപ്രസ്ഥാനങ്ങള്‍ പാര്‍ട്ടിയുടെ പോഷകസംഘടനകളോ ‘വര്‍ഗബഹുജനസംഘടന’കളോ അല്ല. അതാത് സവിശേഷമേഖലകളില്‍ സവിശേഷമായ പ്രവര്‍ത്തനം ഏറ്റെടുക്കുന്നവരാണ്. ഇവിടെ, വനിതകളുടെ മേഖലയിലെ പ്രവര്‍ത്തനവും പാരിസ്ഥിതിക പ്രവര്‍ത്തനവുമെല്ലാം സാമ്പത്തികമേഖലയിലെ പ്രവര്‍ത്തനത്തിന്‍റെ അനുബന്ധമല്ല. എന്നാല്‍, ഈ സാമൂഹികപ്രസ്ഥാനങ്ങള്‍ സ്വന്തം സ്വത്വത്തില്‍ രമിച്ച് തങ്ങളുടെ സവിശേഷതക്ക് സാമാന്യത്തിലുള്ള സ്ഥാനവും ഉത്തരവാദിത്തവും കാണാതിരിക്കുന്നവരുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രസ്വഭാവമുള്ള ഇത്തരം സമൂഹസംഘടനകളുടെ കൂട്ടായ്മ മാത്രമാണ്. സാമ്പത്തികവാദത്തിന്‍റെ ന്യൂനീകരണത്തിലേക്കു നിപതിക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നത് സാമ്രാജ്യത്വവ്യവസ്ഥയേയോ സമ്പദ്സ്ഥിതിയുടെ ആപേക്ഷികപ്രാധാന്യത്തെയോ കാണാതിരിക്കാനുള്ള മാര്‍ഗമെന്ന നിലയ്ക്കല്ല, സാമൂഹികവൈരുദ്ധ്യങ്ങള്‍ അനിശ്ചിതസ്വഭാവമുള്ളതാണെന്നു കാണുന്നതു കൊണ്ടാണ്. വര്‍ഗവൈരുദ്ധ്യങ്ങളുടെ പ്രാധാന്യത്തേയും മുതലാളിവര്‍ഗത്തിന്‍റെ അധീശത്വത്തേയും മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാന്‍ മുതലാളിത്തത്തിനു കഴിയില്ലെന്ന മര്‍മ്മപ്രധാനമായ വസ്തുതയേയും ഇവിടെ കാണാതിരിക്കുന്നില്ല.

marxism, marx, october revolution, lenin, stalin,

ഉല്പാദനബന്ധങ്ങളേക്കാളുപരിയായി പ്രത്യുല്പാദനബന്ധങ്ങള്‍ക്കോ ജാതിപ്രശ്‌നത്തിനോ പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളുണ്ടാകാമെന്നു കൂടി പറയുന്നുവെന്നു മാത്രം. എന്നാല്‍, മുതലാളിത്തത്തിന്‍റെ വികാസം അനിവാര്യമായും സോഷ്യലിസത്തിലേക്കു നയിക്കപ്പെടുമെന്ന നിര്‍ണ്ണയവാദപരമായ സമീപനം ഉപേക്ഷിക്കപ്പെടണം. മറിച്ച്, മുതലാളിത്തത്തിന്‍റെ വികാസം പ്രകൃതിവിഭവങ്ങളുടേയും സമകാലനാഗരികതയുടേയും ഭൂമിയുടെ തന്നെയും നാശത്തിലേക്കാണ് നയിക്കപ്പെടുന്നതെന്നു നമ്മുടെ അനുഭവങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്‍റെയര്‍ത്ഥം മറ്റേതൊരു മേഖലയേയും എന്നതു പോലെ തന്നെ സമ്പദ്‌മേഖലയും രാഷ്ട്രീയസമരത്തിന്റെ വേദിയാണെന്നാണ്. സമ്പദ്‌മേഖലയിലെ ചലനത്തെ ലളിതമായ അനിവാര്യ നിയമങ്ങള്‍ കൊണ്ട് വിശദീകരിക്കുക അസാദ്ധ്യമാണ്.

സമ്പദ്‌മേഖലയിലെന്ന പോലെ എല്ലാ സാമൂഹിക പ്രശ്‌നമേഖലകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടപെടുകയും പൊതുസമൂഹത്തില്‍ ധൈഷണികവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മ നേടിയെടുക്കുകയും വേണം. ഭരണകൂടാധികാരം സ്ഥാപിച്ചെടുക്കുകയെന്നതു മാത്രമല്ല അതിന്റെ ലക്ഷ്യം. അതിന്‍റെ പ്രധാന പ്രവര്‍ത്തനമേഖല പൊതുമണ്ഡലമാണ്. ഗ്രാംഷി സൂചിപ്പിക്കുന്നതു പോലെ ഭരണാധികാരവും മര്‍ദ്ദനോപകരണങ്ങളുമെല്ലാം ഉള്‍പ്പെടുന്ന അധികാരരാഷ്ട്രീയമണ്ഡലത്തെ ചുരുക്കി കൊണ്ടുവരികയും പൊതുമണ്ഡലത്തെ സ്വയംപര്യാപ്തമാകുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരികയുമായിരിക്കണം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയമണ്ഡലത്തിന്‍റെ ന്യൂനവല്ക്കരണം ഭാവിയില്‍ ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കിനുള്ള സാദ്ധ്യതയെ സൂചിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: October revolution centenary communism marxism socialism marx engels lenin stalin