ധിക്കാരവും ധാർഷ്ട്യവും മുഖമുദ്രയായ മലയാളിയുടെ പ്രസന്നവും അർപ്പണബോധത്തിലൂന്നിയതുമായ മുഖം ഏതെന്നു ചോദിച്ചാൽ മലയാളി മാത്രമല്ല, മലയാളിയെ അറിയുന്ന ആരും പറയുന്ന ഒറ്റ ഉത്തരമേയുള്ളൂ, അത് മലയാളി നഴ്‌സ് ആണ്.

പൊതുവെ ധാർഷ്ട്യവും അധികാരഭാവവും കൊമ്പുപിടിച്ചവരാണ് മലയാളികള്‍. ഏത് തൊഴിലിലും ഈ സ്വഭാവം പ്രതിഫലിക്കുന്നതും കാണാം. ഇതിനു തീർത്തും വിപരീതമാണ് നഴ്‌സിങ്ങ്. അത് സർക്കാർ ആശുപത്രിയായിക്കോട്ടെ, സ്വകാര്യ ആശുപത്രിയായിക്കോട്ടെ – പൊതു മലയാളി സ്വഭാവം കാണിക്കുന്നവർ വളരെക്കുറവാണ്. പൊതുവെ പ്രസന്നരും, സഹാനുഭൂതിയും, അർപ്പണബോധവും നിറയെയുള്ളവരുമാണ്  നഴ്സുമാർ.

ആശുപത്രിയിൽ എത്തിപ്പെടുന്ന ഏതു വമ്പനും നിസ്സഹായനാണ്. ഡോക്ടർമാർ എത്ര നല്ലവരെന്നും സഹാനുഭൂതിയോടെ പെരുമാറുന്നവരെന്നും പറഞ്ഞാലും അവസാനം നമ്മുടെ മുൻപിൽ ചിരിച്ചുകൊണ്ട് വന്നു നിൽക്കുന്ന നഴ്‌സ് തന്നെയാണ് ആശുപത്രികിടക്കയിലുളളവരുടെ ആശ്വാസം. കാരണം ഒരു പ്രൈവറ്റ് ആശുപത്രിയിലെ ബില്ല് കണ്ടു കണ്ണ് തള്ളുന്നവനും ഈ പിടിച്ചുപറിക്കാരുടെ അടുത്തേക്ക് വരേണ്ടി വന്നല്ലോ എന്ന് പ്രാകുന്നവനും ഒപ്പം കൊണ്ട് പോകുന്ന സഹാനുഭൂതിയോടെ, സ്നേഹനത്തിന്‍റെ ഓർമ്മ അവിടെത്തെ നഴ്‌സുമാരെ കുറിച്ച് മാത്രം ആവും.

Read More:നഴ്‌സ് സമരം: സർക്കാരേ, സ്വകാര്യ ആശുപത്രികളെ ചികിത്സിക്കൂ

മരുന്ന് തരുന്നതും, മുറിവു കെട്ടുന്നതും, വൃത്തിയാക്കുന്നതും മാത്രമല്ലല്ലോ അവർ ചെയ്യുന്നത്.   രോഗാവസ്ഥയിൽ നിന്നും കടന്നു വരാൻ അവർ പകർന്നു തരുന്ന ധൈര്യം, ആത്മവിശാസം, പിന്നെ അവരുടെ സ്നേഹം നിറഞ്ഞ കണ്ണുകൾ ഒക്കെ കുറേകാലം രോഗിയുടെയും അവരുടെ പ്രിയപ്പെട്ടവരുടേയും മനസ്സിലുണ്ടാവും.

പക്ഷെ ആരും ഒരിക്കലും അന്വേഷിക്കാറില്ല, അവർ എട്ടും പത്തും മണിക്കൂർ പണിയെടുത്തിട്ടു അവർക്കു ഒരു രോഗിയുടെ ഒരു ദിവസത്തിന്‍റെ ബില്ലിന്‍റെയത്രപോലുമുള്ള തുക മാസാവസാനം ശമ്പളമായി കിട്ടുന്നുണ്ടോ എന്ന് ? അവർക്കോ അവരുടെ പ്രിയപെട്ടവർക്കോ രോഗം വന്നാൽ ആശുപത്രിയിലെ ചികിത്സ നേടാൻ അവർക്കവുമോ എന്ന്?

ഒരു തൊഴിലിന്‍റെ പ്രധാന ഘടകമാണ് തൊഴിലാളിയുടെ അന്തസ്സ് മാനിക്കുന്ന തൊഴിലുടമ. ആ അന്തസ്സിന്‍റെ  അടിസ്ഥാനം തൊഴിലാളികളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ആണ്. മിനിമം വേതനമില്ലാതെ, യാതൊരു ആനുകുല്യങ്ങളുമില്ലാതെ തൊഴിലുടമ പറയുന്നത്ര സമയം കഴുതയെ പോലെ പണിയെടുക്കുക എന്ന അവസ്ഥ ഒരു ജീർണിച്ച സാമൂഹ്യ വ്യവസ്ഥയുടെ തുറന്നെഴുത്താണ്.

മറ്റു തൊഴിലിടങ്ങളെ പോലെ അല്ല ഒരു ആശുപത്രി, മറ്റു തൊഴിലാളികളെ പോലെ അല്ല ഒരു മെഡിക്കൽ പ്രൊഫെഷണലിന്‍റെ  തൊഴിൽ. അവർക്കു കൈകാര്യം ചെയ്യേണ്ടത് ജീവനുള്ള മനുഷ്യരെ ആണ് – അത് കുഞ്ഞു കുട്ടി മുതൽ നവതി കഴിഞ്ഞവർ വരെ. തൊഴിലെ പ്രാവീണ്യം, ജാഗ്രത, അർപ്പണബോധം, ഉത്തരവാദിത്തം ഒക്കെ ഏതൊരു ജോലിയെക്കാളും ഏറെ ആവശ്യപ്പെടുന്ന ഒരു തൊഴിലാണ് നഴ്‌സിങ്. ഒരു പിഴയോ അശ്രദ്ധയോ വന്നാൽ അതിന്‍റെ  ഒരുപക്ഷെ വില ഒരു മനുഷ്യ ജന്മത്തിന്‍റെതാണ്. അത് ആരുടേതും ആരാവാം – സാധാരണക്കാരന്‍റെ , ആശുപത്രി മുതലാളിയുടെ, രാഷ്ട്രീയക്കാരന്‍റെ , ആരുടേയും.

ഒരു നഴ്‌സിന്‍റെ  തൊഴിലിൽ ശാരീരിക അദ്ധ്വാനവും മാനസിക പിരിമുറുക്കങ്ങളും നിറഞ്ഞതാണ്. അപ്പോൾ ഒരു തൊഴിൽ പ്രധാനം ചെയ്യുന്ന മിനിമം സാഹചര്യങ്ങൾ മാത്രമല്ല അതിലും മേലുള്ളതിനുള്ള അർഹതയുള്ള ഒരു കൂട്ടർക്കാണ് മിനിമം വേതനം പോലും നൽകില്ലെന്ന് ഉടമകൾ പറയുന്നത്.

ഡോക്ടർക്ക് ലക്ഷങ്ങൾ വേതനം കൊടുക്കുമ്പോൾ അതിന്‍റെ  പത്തു ശതമാനമെങ്കിലും ഒരു നഴ്‌സിനു കൊടുക്കുന്നില്ലെങ്കിൽ അതുണ്ടാക്കുന്ന അസമത്വം തന്നെ ആ തൊഴിൽ സ്ഥാപനത്തിന്‍റെ  ഗുണമേന്മയെ ബാധിക്കുന്നതാണ്. ഡോക്ടർ എത്ര പിടിപ്പുള്ളവനും പ്രശസ്തനും ആണെങ്കിൽ പോലും നല്ലൊരു സപ്പോർട്ടിങ് സ്റ്റാഫ് ഇല്ലെങ്കിൽ ആ ഡോക്ടറുടെ ചികിത്സയ്ക്കു വലിയ പ്രയോജനമില്ല – ആ സപ്പോർട്ടിങ് സ്റ്റാഫ് ആണ് നഴ്‌സ്. അവരുടെ പ്രശ്നങ്ങളിൽ ഡോക്ടർമാരും, അവരുടെ സഹായം തേടുന്ന രോഗിയും രോഗിയുടെ ബന്ധുക്കളും ഒക്കെ ആയി ചെല്ലുന്ന ജനമാണ് സപ്പോർട്ട് ആയി വരേണ്ടത്. അവർ അവരുടെ രോഗികളോട്‌ കാണിക്കുന്ന സഹാനുഭൂതി ജനം അവരോടു കാണിക്കാനുള്ള അവസരമാണ് ഈ സമരം.

nurses strike, resmi bhaskaran, nurse,

രോഗികളെയും തൊഴിലാളികളെയും പിഴിഞ്ഞ് ലാഭമുണ്ടാക്കാനുള്ളതല്ല ആശുപതികൾ. പല ആശുപത്രികളും ചാരിറ്റബിൾ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന ഗവൺമെന്‍റ് പറയുന്ന വേതനം നൽകാനും അവർ ബാധ്യസ്ഥരാണ്. ചികിത്സാ നിരക്കുകളും ഗവൺമെന്‍റ് നിർദ്ദേശപ്രകാരമുളളതാകണം.

മെഡിക്കൽ ടൂറിസം പ്രൊമോട്ട് ചെയ്യുന്ന ആശുപത്രികളുടെ പ്രധാന ആകർഷകമായ ‘ആപ്തവാക്യം’ (USP) അർപ്പണബോധമുള്ള സപ്പോർട്ടിങ് സ്റ്റാഫ് ആണ്. സ്വന്തം സാമ്പത്തിക ആകുലതകളിൽ നട്ടം തിരിയുന്ന ഒരു സപ്പോർട്ടിങ് സ്റ്റാഫിനെ വച്ച് വലിയ വലിയ നേട്ടങ്ങളെ ലക്ഷ്യമാക്കുന്നത് സ്വന്തം ബ്രാൻഡിനെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവർക്ക് മാത്രമേ കഴിയൂ.

‘ടേക്ക് ഓഫ്’ എന്ന ചലച്ചിത്രത്തിൽ പാർവ്വതിയുടെ കഥാപാത്രം പറയുന്ന പോലെ, ‘മാലാഖമാരെന്നോക്കെ പറച്ചിലിലേ ഉള്ളു’, കാര്യത്തോടടുക്കുമ്പോൾ അവർക്കു ഒരു വീട്ടു ജോലിക്കാരുടെ സ്ഥാനമെങ്കിലും ഉണ്ടോ എന്ന് സമൂഹം സ്വയം ചോദിക്കേണ്ടതാണ്.

ലോകത്തിന്‍റെ ഏതു ഭാഗത്തു പോയാലും ഒരു മലയാളി നഴ്‌സിനെ കാണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല. മലയാളിക്ക് കിട്ടുന്ന ഒരു അംഗീകാരം അവർ പകർന്നു കൊടുത്ത അർപ്പണബോധത്തിന്‍റെ ബാക്കിപത്രമാണ്. ഇന്ന് സമരത്തിലിരിക്കുന്നവർക്കു പിന്തുണ നൽകേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം കൂടിയാണ്.

മലയാളി എന്ന സമൂഹത്തിന്‍റെ ലോകം വ്യാപിച്ചു പ്രവർത്തിക്കുന്ന ബ്രാൻഡ് അംബാസിഡർ ആണ് നേഴ്സ്. മാലാഖ ആക്കിയില്ലെങ്കിലും ഭിക്ഷക്കാരി ആക്കാതിരിക്കുക അവരെ. ഉചിതമായ വേതനവും, അന്തസുള്ള തൊഴിൽ അന്തരീക്ഷവും അവരുടെ അവകാശം മാത്രമല്ല, അത് സമൂഹത്തിനും സർക്കാരിനും, അവരുടെ തൊഴിൽ ദാതാവിനും അവരോടുള്ള കടപ്പാട് കൂടിയാണ്.

ഡെവലപ്‌മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമാണ് ലേഖിക

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ