ഫ്രാങ്കോയുടെ അറസ്റ്റ് കത്തോലിക്കാസഭാ അധികാരികൾക്കും യാഥാസ്ഥിതിക സമൂഹത്തി നും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സാധാരണ ക്രിമിനൽപുള്ളികളോടൊപ്പം ഒരു ബിഷപ്പ് ജയിലിൽ കിടക്കേണ്ടി വരുന്ന സാഹചര്യം ആർക്കും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അസാധാരണമായൊരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

കന്യാസ്ത്രീകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങുമെന്നതും പ്രതീക്ഷിക്കാവുന്നതായിരു ന്നില്ല. മുമ്പെല്ലാം കന്യാസ്ത്രീകൾ തെരുവിലിറങ്ങിയത് സഭയുടെ ആവശ്യപ്രകാരമാണ്. വിമോചനസമരത്തിനും “ആറാം തിരുമുറിവ്” നാടകത്തിന്റ പേരിൽ കുണ്ടുകുളം എന്നൊരു ബിഷപ്പ് വിശ്വാസികളെ തെരുവിലിറക്കിയപ്പോഴുമൊക്കെ ആയിരുന്നു അങ്ങനെ സംഭവിച്ചത്. അതെല്ലാം സഭയുടെ അധികാരവും സമ്പത്തും രാഷ്ട്രീയശേഷിയുമെല്ലാം സംരക്ഷിക്കാനാ യിരുന്നു. എന്നാൽ സഭയുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ടാണ് ഇപ്പോൾ അഞ്ച് കന്യാസ്ത്രീകൾ നീതിക്കുവേണ്ടി അതിസാഹസികമായൊരു സമരം നയിച്ചത്.

ധീരരായ ഈ പഞ്ചകന്യകമാരുടേത് ലോകചരിത്രത്തിലെ തന്നെ അപൂർവമായൊരു സമരചരിത്രമാണ്. നിസ്സഹായരായ ഈ അഞ്ച് കന്യാസ്ത്രീകൾക്ക് മുന്നിൽ പണവും സ്വാധീനവും ആണധികാരവും ഉരുക്കുപേശികൾ നൽകിയ ഒരു ആഗോളശക്തിയാണ് പരാജ യമടഞ്ഞത്. സംരക്ഷണച്ചങ്ങലകളെല്ലാം മുറിഞ്ഞ് ഫ്രാങ്കോ ഒടുവിൽ അഴികൾക്കുള്ളി ലുമായി.

ലോകചരിത്രത്തിൽ തന്നെ ഒരു മെത്രാന് ഇങ്ങനെയൊരു സ്ഥിതിവിശേഷം നേരിടേണ്ടി വന്നിട്ടുണ്ടോ?  ലോകക്രിസ്തുമതത്തിന്റെ ചരിത്രത്തിൽതന്നെ ഇത് രേഖപ്പെടുത്തപ്പെടും. സഭയ്ക്കും സമൂഹത്തിനും മുമ്പിൽ വലിയ കുറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് സമര പ്രതീകങ്ങളായി മാറിയ കന്യാസ്ത്രീകൾ എറണാകുളത്തെ ഹെക്കോടതിക്ക് മുന്നിൽ നിന്ന് കുറവിലങ്ങാട്ടെ മഠത്തിലേയ്ക്ക് മടങ്ങിയത്. കേരളത്തിന്റെ ഇതുവരെയുള്ള സ്ത്രീവിമോചനചരിത്രത്തിന്റെ ഭാഗം കൂടെയായിരുന്നു എറണാകുളത്തേയ്ക്കുള്ള അവരുടെ വരവും മടങ്ങിപ്പോക്കും.boby thomas, nun,

കന്യാസ്ത്രീകൾ എന്നവിഭാഗംതന്നെ സഭയുടെ ആണധികാരഘടനയിലെ ആണിക്കല്ലുകളാ ണ്. സഭയുടെ മുന്തിരിത്തോട്ടത്തിലെ കന്യകമാരാണവർ. സഹനം കൊണ്ട് മുതുകുകൾ കുനിച്ച്  പുരുഷാധിപത്യ സഭാധികാരത്തെ താങ്ങിനിർത്താൻ വിധിക്കപ്പെട്ടവർ. അങ്ങനയേ അവരെപ്പറ്റി ആർക്കും സങ്കൽപ്പിക്കാനാകുമായിരുന്നുള്ളു. അൽഫോൻസാമ്മയു‌ടെ വിശുദ്ധലാക്കലിലൂടെ ഈ സഹനശേഷിയെ പ്രതീകവത്കരിക്കാനാണ്  സഭാനേതൃത്വം ശ്രമിച്ചത്.  എന്നാൽ പലപ്പോഴായി അവിടവിടെ ചില നെടുവീർപ്പുകൾ ഭാവിയിൽ ഒരു തിരത്ത ള്ളൽ പോലെ ആഞ്ഞടിക്കാവുന്ന രോഷത്തിന്റെ ബഹിർസ്ഫുരണങ്ങളായി ഉയർന്നിരുന്നു. ഇനിയുമത് കൂടുതൽ ശക്തമായ രൂപങ്ങളാർജിക്കുമെന്ന് സംശയം വേണ്ട.

കന്യാകത്വമെന്ന പരികൽപ്പന തന്നെ ആണധികാരത്തിന്റെ ഒരുതരം നോട്ടമാണ്. കന്യകമാർ എന്നത് പുരുഷന് പ്രിയമുള്ള ഭാവനയാണ്. കന്യകന്മാരില്ല. പുരുഷന്മാർ ഭേദിക്കുന്നവരാണ്. ഭേദിക്കപ്പെടുന്നിടത്തേ തകർച്ചയുണ്ടാകൂ എന്നാണ്. ലൈംഗികതയെപ്പറ്റിയുള്ള തലതിരിഞ്ഞ കാഴ്ചപ്പാട് എന്നും സഭയുടെ പുരുഷാധിപത്യവീക്ഷണങ്ങളെ സംരക്ഷിച്ചു കൊണ്ടിരുന്നു.

കന്യകാമറിയം എന്ന വിശ്വാസഭാവനയാണ് സഭയ്ക്കൊരു വലിയ മൂലധനമായി മാറിയിരുന്നത്. അതിൽനിന്നുള്ള പലിശയും പലിശയ്ക്കുപലിശയും കുന്നുകൂടിക്കൊണ്ടിരുന്നു. അങ്ങനെ സഭ ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി. യഥാർത്ഥത്തിൽ മറിയം കന്യകയാണോ? മറിയം എക്കാലത്തും കന്യകയാണെന്ന് ബൈബിൾതന്നെ പറയുന്നില്ല. അത് സഭ പിന്നീട് വരുത്തിയ ഒരു കൂട്ടിച്ചേർക്കലാണ്. കന്യകത്വത്തിൽ ഇത്ര ആഘോഷിക്കാനെന്താണു ള്ളത്? യേശുവിന്റെ ജനനസമയത്ത് മറിയം കന്യകയായിരുന്നു എന്നുമാത്രമേ ബെബബിൾ രചയിതാക്കളും ഉദ്ദേശിച്ചിട്ടുള്ളു.

ദൈവത്തിന്റെ ജനനം അസാധാരണമായ സാഹചര്യത്തിലാണെന്ന കാഴ്ചപ്പാടവതരിപ്പിക്കാ നായി യേശുവിന്റെ മരണത്തിന് വളരെശേഷം ചിലർ രൂപപ്പെടുത്തിയ കാഴ്ചപ്പാടായിരുന്നു അത്.  യേശുവിന്റെ പിതൃത്വം ഒരു റോമൻ പടയാളിയിൽ ആരോപിക്കുന്നവിധമുള്ള ചില അധിക്ഷേപിക്കലും അക്കാലത്ത് ശത്രുവിഭാഗക്കാർ നടത്തിയിരുന്നു. ഒരു പക്ഷേ, അതിനെ പ്രതിരോധിക്കാൻ കൂടിയാകാം കന്യകാജനനം എന്ന കാഴ്ചപ്പാട് ആദിമ സഭ രൂപപ്പെടുത്തിയത്. യേശുവിന് സഹോദരൻമാരും സഹോദരിമാരു മുള്ളതായി ബൈബിൾതന്നെ പറയുന്നുമുണ്ട്. മറിയവും ജോസഫും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും മക്കളുണ്ടായി എന്നാണല്ലോ അതിനർത്ഥം. അത് ജോസഫിന്റെ സഹോദര പുത്രരാണെന്ന് സഭ വ്യാഖ്യാനവുമുണ്ടാക്കി. കാരണം കന്യാകത്വം എന്ന സങ്കൽപ്പത്തിന് വലിയൊരു മുതൽമുടക്ക് സാധ്യതയുള്ളതായി ആണധികാരത്തിന്റെ പ്രായോജകർകൂടിയായ സഭാ നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും.boby thomas,

കന്യാകത്വം ഇങ്ങനെ ആഘോഷിക്കപ്പെടേണ്ട ഒന്നല്ല. പുരോഹിതരുടെ ബ്രഹ്മചര്യംതന്നെ നൂറ്റാണ്ടുകൾക്കുശേഷമാണ് ഒരു സഭാനിയമമാക്കിയത്. അതിനുമുമ്പുള്ള വിവാഹിതരായ പുരോഹിതരും സഭാപിതാക്കൻമാരുമെല്ലാം നരകത്തിൽ പോകുമെന്നാണോ സഭ കരുതുന്നത്? വിവാഹിതരായ പോപ്പുമാരും ഉണ്ടായിരുന്നു. യേശു വിവാഹിതനായിരുന്നെങ്കിൽതന്നെ ക്രിസ്തീയ വിശ്വാസത്തിന് അതെന്തെങ്കിലും കുഴപ്പമുണ്ടാക്കുമായിരുന്നോ?

പിന്നീട് കത്തോലിക്കാസഭയിൽ ആഗോള പിളർപ്പുണ്ടാക്കിയ മാർട്ടിൻ ലൂഥർ വിവാഹിതനാകു കയും തന്റെ അനുയായികളായ പ്രൊട്ടസ്റ്റന്റ് പുരോഹിതരോട് വിവാഹം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പുരോഹിതരേയും ബിഷപ്പുമാരെയും വിവാഹിതരാകാൻ അനുവദിക്കുകയാണ് കത്തോലാക്കാസഭയ്ക്കും ഇനി നല്ലത്. അല്ലെങ്കിൽ ശരീരങ്ങൾ ഇനിയും വിശ്വാസത്തോട് കലഹിച്ചുകൊണ്ടിരിക്കും.

എന്തിനാണ് സഭയ്ക്ക് കന്യാസ്ത്രീകൾ? കന്യാപുരുഷന്മാരില്ലല്ലോ. കന്യാപുരുഷന്മാരില്ലാത്ത യിടത്ത് കന്യാസത്രീകൾ വേണമെന്നുണ്ടോ? കത്തോലിക്കാ സഭ ഉണ്ടാകുമ്പോൾ വിശുദ്ധ അഗസ്തിനോസിന് സ്ത്രീ-പുരുഷ സമത്വ സങ്കൽപ്പം തീരെ ഉണ്ടായിരു ന്നില്ല. പൗലോസും സ്ത്രീയെ പുരുഷന് തുല്യയായി കണ്ടില്ല. സഭാപിതാക്കൻമാർ സ്ത്രീ രണ്ടാംകിട ജന്മമാണെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു. ഹവ്വയുടെ കഥ കാരണമായി പറഞ്ഞു. ആദാമിനെയും പാപം ചെയ്യാൻ പ്രേരിപ്പിച്ചത് ഹവ്വയാണ്.  ആദവും ഹവ്വയും ഏദൻ തോട്ടവുമെല്ലാം വെറും കെട്ടുകഥകളാണെന്ന് ആർക്കാണ് അറിയാത്തത്? ഇങ്ങനെ ധാരാളം കെട്ടുകഥകളെ പുരുഷാധിപത്യം ഊട്ടിയുറപ്പിക്കാൻ മതങ്ങൾ ഉപയോഗിക്കാറുണ്ട്.

സ്ത്രീ-പുരുഷ ബന്ധം സംബന്ധിച്ച മനുഷ്യബോധം കൂടുതൽ നീതിയുക്തമായത് സഭ ഇപ്പോഴും അറിഞ്ഞിട്ടേയില്ല. കന്യാസ്ത്രീകൾ സഭയുടെ ഉദ്യോഗസ്ഥരാണ്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ നിരവധി സഭാസ്ഥാപനങ്ങളിൽ ഇവർ ധാരാളം ജോലിചെയ്യുന്നു. ശമ്പളം പക്ഷെ നാമമാത്രമായെ ഉള്ളൂ. യഥാർത്ഥ ശമ്പളം കണക്കിൽ മാത്രമെ ഉണ്ടാകൂ.അത് സഭയുണ്ടാക്കുന്ന മിച്ചമൂല്യമാണ്; സഭാസൗധങ്ങളുയർത്താൻ അതും ഉപയോഗിക്കുന്നു.

എന്നാൽ സ്ത്രീകളെ പുരോഹിതരാക്കാൻ സഭ തയ്യാറല്ല. അപ്പോഴവർ കന്യാസ്ത്രീ എന്ന നിസ്സഹായാവസ്ഥയിൽ നിന്നുമാറി അധികാരത്തിൽ പങ്കാളിയാകും.കന്യാസ്ത്രീകളെ പുരോഹിതരാക്കട്ടെ, ബിഷപ്പുമാരാക്കട്ടെ, കർദ്ദിനാളുമാരാക്കട്ടെ, പോപ്പുമാരാക്കട്ടെ. പുരുഷാധിപത്യം ചോദ്യം ചെയ്യപ്പെടട്ടെ. യേശുവിന്റെ നീതി നടപ്പാക്കപ്പെടട്ടെ. നീതി വെള്ളംപോലെ ഒഴുകുന്നതിനെപ്പറ്റിയാണല്ലോ ബൈബിൾ പറയുന്നത്.boby thomas

മലയാളി ശുംഭത്തരത്തിന്റെ പ്രതീകവും ജനപ്രതിനിധിയും കേരളാ കോൺഗ്രസുകാരനുമാ യയാൾ ചോദിച്ചത് ‘അപ്പോഴവർ കന്യാസ്ത്രീ അല്ലാതായില്ലേ’ എന്നാണ്. ബലാൽസംഗം ചെയ്ത മെത്രാൻ കൂടുതൽ കേമനായെന്ന പോലെയും. ബലാൽസംഗം ചെയ്തപ്പോൾ ബിഷപ്പിന്റെ കന്യാകത്വത്തിന് പോറലൊന്നുമേറ്റില്ല. ആ അർത്ഥത്തിൽ പുരുഷന് സംഭവിക്കുന്നതിൽ കൂടുതലൊന്നും സ്ത്രീക്കും സംഭവിക്കുന്നില്ല എന്നറിയുന്നതിലാണ് സമൂഹത്തിന്റെ ബോധം പരിപക്വത നേടുക.

പുരുഷാധിപത്യഘടന കത്തോലിക്കാ സഭയുടെ മാത്രം കാര്യമായി കരുതേണ്ടതില്ല. യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ തുടങ്ങിയ പൗരസ്ത്യ പാരമ്പര്യം പിൻതുടരുന്ന സഭകളും പുരുഷാധിപത്യ ഘടനകൾ തന്നെയാണ്. അവയെല്ലാം സ്ത്രീയുടെ രണ്ടാംകിട ജന്മത്തെപ്പറ്റിയുള്ള മൂല്യങ്ങൾ നിരന്തരം പുനരുൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മതങ്ങളെല്ലാം നിർവഹിക്കുന്ന കടമയാണത്. ഇസ്‌ലാം സ്ത്രീകളോട് ചെയ്യുന്നത്. വേദ ഇതിഹാസ പുരാണ വിശ്വാസങ്ങളുടെ പിൻബലത്തിൽ ഹിന്ദു മതബോധവും സ്ത്രീകളോട് ചെയ്യുന്നത്. എല്ലാ മതങ്ങളിലേയും സ്ത്രീകൾ ആണധികാരത്തിന് മുമ്പിൽ സമാന സാഹചര്യത്തിലാണ് നിലനിൽക്കുന്നത്. ഇതാണ് കന്യാസ്ത്രീ സമരം ഉന്നയിച്ച ആദ്യ പ്രശ്നം. സ്ത്രീകൾ നീതിക്കായി നടത്തിയിട്ടുള്ള സമരങ്ങളുടെ തുടർച്ചയാണിതും.

രണ്ടാമത് മതങ്ങളിലെ ജനാധിപത്യത്തിന്റെ പ്രശ്നമാണ്. ഏകാധിപതിയായ ബിഷപ്പ് ഇനി വേണ്ട. അധികാരം കൂടുതൽ ജനങ്ങളിലേക്കെത്തട്ടെ. വെള്ളക്കാരനെത്തുന്നതിന് മുമ്പുള്ള കേരള ക്രിസ്ത്യാനികളുടെ രീതി അതായിരുന്നു.കേരളത്തിലെ പുരാതന നസ്രാണിസഭയിൽ ഇടവകക്കൂട്ടങ്ങളായിരുന്നു കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. വിശ്വാസികളുടെ പ്രതിനിധിയാണ് സഭാഭരണം നടത്തിയത്. പേർഷ്യയില്‍ നിന്നു വന്ന മെത്രാൻമാരാണുണ്ടായിരുന്നത്. അവർ ആത്മീയ മേൽനോട്ടക്കാർ മാത്രമായിരുന്നു. പിന്നീട് യൂറോപ്പിൽനിന്നു വന്ന അധിനിവേശകർ റോമാസഭാ സങ്കൽപ്പം കൊണ്ടുവന്നപ്പോഴാണ് റോമാചക്രവർത്തിയുടെ മാതൃകയിലുള്ള ഏകാധിപതിയായ ബിഷപ്പ് ഇവിടെ ഉണ്ടായത്. അവർക്ക് അധികാര ചിഹ്നങ്ങളുണ്ടായത്. ബിഷപ്പിന്‍റെ അധികാരം എടുത്തുകളഞ്ഞ് കേരളത്തിന്റെ പൈതൃകത്തിനനുരൂപമായി വിശ്വാസകൾക്ക് അധികാരവും ഭരണപങ്കാളിത്തവുമുള്ള സഭയുണ്ടാകണമെന്നാണ് സഭാ നവീകരണവാദികൾ നാളുകളായി ആവശ്യപ്പെടുന്നത്.

സമരമുന്നയിച്ച മൂന്നാമത്തെ പ്രധാന കാര്യം ഒരു മതത്തിന്റ പ്രശ്നം ഇനി മേലിൽ ആ മതത്തിന്റെ ആഭ്യന്തര പ്രശ്നമല്ല എന്നതാണ്. അത് സമൂഹത്തിന്റെ പൊതുവായ ജനാധിപത്യ പ്രശ്നമാണ്. ദൈവങ്ങളെ ദൈവങ്ങളുടെ സ്ഥാനത്തുമാത്രം നിർത്തി ആദരിച്ച് ജനാധിപത്യം സംരക്ഷിക്കുമെന്നാണ്. അതിനുള്ള ധാർമികശക്തിയാണ് ഈ സമരം കേരളത്തിന് നൽകുന്നത്. സമരം കേരളത്തിന് നൽകിയ വലിയ സംഭാവനയും അതാണ്. അതിനാൽ എല്ലാ മതങ്ങളിലേയ്ക്കും സമൂഹത്തിന്റെ നാനാമേഖലകളിലേയ്ക്കും പടരേണ്ടതാണീ സമരജ്ജ്വാല. മൂന്നാറിലെ കൊളുന്തുനുള്ളുന്ന സ്ത്രീകളുടെ മുതൽ വിൽപ്പനശാലകളിൽ ഇരിക്കാൻ ഒരിരിപ്പിടം തേടുന്ന സ്ത്രീകൾ വരെയുള്ളവരുടെ സമരബോധത്തെ ഉൾക്കൊള്ളുന്നതു കൂടിയാണിത്.

‘ക്രിസ്ത്യാനികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook