Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഇസ്ലാമിന്റെ ഹിംസ : നിര്‍ണയവാദങ്ങള്‍ക്കപ്പുറം

മുസ്‌ലിംകള്‍ ആഗോള ഹിംസയുടെ ഭാഗമല്ല എന്നല്ല, എന്നാൽ പൊതുസംവാദങ്ങള്‍ ആഗോള ഹിംസയുടെ സങ്കീര്‍ണതയെയും കലര്‍പ്പിനെയും കുറച്ചു കാണുകയാണ് ചെയ്യുന്നത്.

isis, t p snekumar, islam

ആഗോള രാഷ്ട്രീയത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രചാരണങ്ങളിലൊന്ന് ചുവപ്പ് ഭീഷണി (red menace) കാലം എന്ന് വിശേഷിക്കപെട്ട ശീതയുദ്ധത്തിനു ശേഷം പച്ച ഭീഷണി (green menace) ശക്തിപ്പെട്ടുവെന്നാണ്‌. വിശിഷ്യ 2001 സെപ്തംബര്‍ പതിനൊന്നിനു ശേഷം, ഇസ്‌ലാം ആഗോള സമാധാനത്തിനു ഏകഭീഷണിയായി രൂപാന്തരപ്പെടുകയും ഇസ്ലാം, മുസ്ലിം ജീവിതം, മുസ്ലിംങ്ങളുടെ രാഷ്ട്രീയം ഒക്കെ തീവ്രവാദം ഭീകരത ഇവയുടെ പര്യായമായിതീരുകയും ചെയ്തു. ഇന്നിപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ വരെ ഇസ്ലാമിക ഹിംസയെക്കുറിച്ചുള്ള മിത്തുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ടി പി സെന്‍കുമാറിനെപ്പോലുള്ള ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഒരാൾ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകുന്നത് ഈ പശ്ചാത്തലത്തിൽ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതുമല്ലല്ലോ സെന്‍കുമാറിന്റെ ഹിംസയെക്കുറിച്ച നിരീക്ഷണങ്ങളുടെ പശ്ചാത്തലം.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭൗമ-രാഷ്ട്രീയ താൽപര്യങ്ങള്‍ക്കും അതിനെ നിലനിർത്തുന്ന വൈജ്ഞാനിക രാഷ്ട്രീയത്തിന്റെയും താൽപര്യം വലിയൊരു ഘടകമായി തന്നെ സമകാലിക ഇസ്ലാം വായനയെ പരുവപ്പെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍. പുതിയ മാധ്യമങ്ങള്‍ സാധ്യമാകുന്ന ആഗോള വീക്ഷണം ഇസ്ലാമിന്റെ ആഗോള സ്വഭാവത്തെ എല്ലാ തരത്തിലും നിര്‍ണയിക്കുന്നു. ആഗോള പൊതുമണ്ഡലത്തില്‍ ശക്തിപെട്ട ഇസ്ലാമുമായി ബന്ധപെട്ട വായനകള്‍ ഇങ്ങിനെ ദേശീയ രാഷ്ട്രീയം / ആഗോള രാഷ്ട്രീയം , ശീതയുദ്ധം/ 9/11 തുടങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്തമായ നിര്‍ണയങ്ങളില്‍ മാറി മറിയുന്നുണ്ട്. ഓരോ രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് സാധ്യമാക്കുന്ന പരികൽപ്പനകൾ ഏറെ പ്രാധാന്യത്തോടെ തന്നെ നോക്കേണ്ടതുണ്ട്.

മുസ്‌ലിം സമൂഹങ്ങളെ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന വായനയുടെ ചട്ടക്കൂടുകള്‍ നിർമ്മിക്കപ്പെടുന്നതു മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൂടിയാണെന്നും അതിനെ വിശകലനം ചെയ്യാതെ മുസ്ലിങ്ങള്‍ നേരിടുന്ന പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ മനസ്സിലാകാന്‍ സാധിക്കുകയില്ലെന്നുമുളള സമീപനമാണ് ഇതിനോടുള്ള പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി വികസിച്ചത്. പ്രധാനമായും അക്കാദമിക സമൂഹത്തിന്റെയുള്ളില്‍ സാധ്യമായ ചെറുത്തുനിൽപ്പുകൾ തന്നെയാണ് ഇസ്‌ലാമിന്റെ മാധ്യമവല്‍കൃത വായനകളെക്കുറിച്ച് പുന: പരിശോധന സാദ്ധ്യമാക്കിയത്.

islam, senkumar, k ashraf

മൗലികവാദി മുതല്‍ ഭീകരവാദിവരെ

കൂടുതല്‍ വ്യക്തതയ്ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ 9/11 ന് മുമ്പ് ഇസ്ലാമിക ചിന്ത, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഒക്കെ വിമര്‍ശനാത്മകമായി വായിക്കുന്ന ഗവേഷകര്‍ വിവരണത്തിന് ഉപയോഗിച്ച വാക്കുകള്‍ ഗവേഷകനും പണ്ഡിതനുമായ ഇര്‍ഫാന്‍ അഹമ്മദ് ( 2013 -ൽ എഴുതിയ Islam and Politics in South Asia എന്ന ലേഖനം) പരിശോധിക്കുന്നത് കാണുക . ” 1980 കളുടെ മധ്യത്തില്‍ രചിച്ച മുഹമദ് ഷഫീക് അഗ്വാനിയുടെ ഇസ്ലാമിക് ഫണ്ടമെന്റലിസം ഇന്‍ ഇന്ത്യ എന്നാ പുസ്തകം ജമാഅത്തെ ഇസ്ലാമിയെ വിവരിക്കുന്നത് മൗലികവാദം (fundamentalism) എന്ന വാക്കിലൂടെയാണ് . മുഷീറുല്‍ ഹസന്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ എഴുതിയ ദി ലെഗസി ഓഫ് എ ഡിവൈഡട് നേഷന്‍ : ഇന്ത്യ സിന്‍സ് ഇൻഡിപെന്റന്‍സ് എന്ന പുസ്തകം പുരോഗമന വിരുദ്ധം (anti progressive), മതേതര വിരുദ്ധം (anti secular) തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയെ വിവരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ നിന്നാണ് ഈ വായനകള്‍ ഉണ്ടായിവന്നിട്ടുള്ളതെന്നാണ് ഇര്‍ഫാന്‍ അഹമ്മദ് നിരീക്ഷിക്കുന്നത്.”

എന്നാല്‍ 9/11 നു ശേഷമുള്ള കാലത്ത് ഇസ്ലാമിക ചിന്തകളെയെയും പ്രസ്ഥാനങ്ങളെയും വിവരിക്കപ്പെടുന്നത് മേല്‍സൂചിപ്പിച്ച വാക്കുകളില്‍ നിന്ന് മാറി ഭീകരവാദം (terrorism) എന്ന വാക്ക് ഉപയോഗിച്ചാണ്. ലോകത്തിന്റെ വിവിധ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള മാര്‍ക്ക് ജുര്‍ഗന്‍സ് മെയറുടെ പഠനം “ടെറര്‍ ഇന്‍ ദി മൈന്‍ഡ് ഓഫ് ഗോഡ് : ഗ്ലോബല്‍ റൈസ് ഓഫ് റിലീജ്യസ് വയലന്‍സ് ” പുറത്തിറങ്ങിയത് രണ്ടായിരത്തി മൂന്നിന് ശേഷമാണ് . ഇന്ത്യയിലെ നിരവധി പ്രാദേശിക /ദേശീയ സ്വഭാവമുള്ള സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച് പഠിച്ച ജുര്‍ഗന്‍സ്‌മെയര്‍ വളര പെട്ടെന്ന് നേരത്തെ സൂചിപ്പിച്ച പുരോഗമന വിരുദ്ധം , മതേതര വിരുദ്ധം, മൗലികവാദം തുടങ്ങിയ വായനകള്‍ക്ക് ഒപ്പം തന്നെ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അവയുമായി ബന്ധപെട്ട വായനകളെയും ഭീകരത എന്ന് വിശേഷിപ്പിക്കുകയും ആഗോള രാഷ്ട്രീയ സാഹചര്യത്തിലേയ്ക്കും ആഗോള രാഷ്ട്രീയ താൽപര്യങ്ങളിലേയ്ക്കും വിവര്‍ത്തനം ചെയ്യുന്നതും കാണാം.

തീര്‍ച്ചയായും അത് ഇസ്ലാം, മുസ്ലിംജീവിതം, ഇസ്ലാമിക രാഷ്ട്രീയം ഇവയുമായി ബന്ധപ്പെട്ട വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ 9/11 അനന്തര സാഹചര്യം ആയി വരുന്നു. നേരത്തെ നിലനിർത്തിയ ദേശീയ രാഷ്ട്രീയത്തിന്റെ പരിധിക്കുളില്‍ നിലനിന്ന വായനാസംസ്കാരം മാറുന്നതിന്റെ പുതിയ അടിയന്തിര സാഹചര്യം എന്താണ് ? ഭീകരവാദം എന്ന വാക്ക് ഇന്നത്തെ പൊതുസംവാദങ്ങളെ അതിനിര്‍ണയിക്കുന്നത് ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്.

ഹിംസ : കലര്‍പ്പും സത്താവാദവും

ലഭ്യമായ സ്ഥിതിവിവരണക്കണക്കുകള്‍ അനുസരിച്ചു ലോകത്ത് നടക്കുന്ന ഭരണകൂടേതര കൊലപാതകങ്ങളുടെ കാര്യത്തിലോ ആയുധ ശേഖരത്തിന്റെ കാര്യത്തിലോ വിൽപ്പനയുടെ കാര്യത്തിലോ സൈനിക സന്നാഹത്തിന്റെ കാര്യത്തിലോ മുസ്ലിം രാഷ്ട്രീയ/സാമൂഹിക സ്ഥാനത്തു നിന്നു വരുന്നവര്‍ പങ്കെടുക്കുന്നുവെങ്കിലും അവര്‍ താരതമ്യേന പിന്നിലാണ്.

തീര്‍ച്ചയായും വ്യവസ്ഥാപിതമായും സംഘടിതമായും ഭരണപരമായും നടക്കുന്ന കൊലപാതകങ്ങളുടെ കണക്കെടുപ്പ് മതം/മതേതരത്വം തുടങ്ങിയ വിഭജനങ്ങളില്‍ ഒതുങ്ങി നില്‍കുന്ന കാര്യമല്ല. തലാല്‍ അസദിനെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നത് കലര്‍പ്പാണ് (hybridity) ആഗോള ഹിംസയുടെ ഏറ്റവും നിര്‍ണായകമായ പ്രത്യേകതയെന്നാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ മത ഹിംസയും മതേതര ഹിംസയും കൂടിക്കുഴഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹിംസയുടെ കാര്യത്തില്‍ മതപരമായ ഉദ്ദ്യേശവും മതേതരമായ ഉദ്യേശവും തമ്മില്‍ വേര്‍തിരിക്കാന്‍ വിശകലനപരമായി അത്ര എളുപ്പം സാധ്യമാവുകയില്ല. ഇന്നത്തെ സാഹചര്യത്തില്‍ ആധുനിക ഹിംസയുടെ രാഷ്ട്രീയം മത, മതേതര വിഭജനത്തില്‍ ഊന്നിയ സത്താവാദപരമായ വിശകലനങ്ങളെ കവിഞ്ഞുനില്‍കുന്ന ഏര്‍പ്പാടാണെന്നു വില്യം കാവനോ നിരീക്ഷിക്കുന്നുണ്ട്. കാവനോ എഴുതിയ പഠനം The Myth of Religious Violence : Secular Ideology and the Roots of Modern Conflict (Oxford University Press 2009) ശ്രദ്ധിച്ചു വായിച്ചാല്‍ ഹിംസയെക്കുറിച്ച് സത്താവിരുദ്ധമായ ഒരു സമീപനം ആവശ്യമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

എങ്കിലും ഇപ്പോഴതെ സാഹചര്യത്തില്‍ മുസ്ലിം / ഇസ്ലാമിക ‘ഭീകരത’യെ കുറിച്ചുള്ള സ്ഥിതിവിവരണക്കണക്കുകള്‍ ഉള്‍പെടുന്ന ചര്‍ച്ച ധാരാളം നടക്കുന്നുണ്ട് എന്നതൊരു പ്രശനമാണ്.

ഭീകരത : അവരും നമ്മളും എന്ന അതിര്‍ത്തി മായുമ്പോള്‍

ലിബറല്‍ രാഷ്ട്രീയ നിരീക്ഷകനായ ഹുവാന്‍ കോള്‍ തന്റെ പേഴ്സണല്‍ വെബ്‌സൈറ്റില്‍ കൊടുത്ത കണക്കുകള്‍ പറയുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് വ്യവസ്ഥാപിതമായി നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ മുസ്ലിം പശ്ചാത്തലമുള്ളവര്‍ക്കുള്ള പങ്ക് രണ്ടു ശതമാനമാണ്. 1916 നും 1930 നും ഇടയ്ക്കു സാറിസ്റ്റ് റഷ്യയും സോവിയറ്റ് റഷ്യയും കൊന്നൊടുക്കിയത് ഒന്നര മില്ല്യന്‍ മനുഷ്യരെയാണ്. ബെൽജിയം കോംഗോയിൽ നടത്തിയ നരഹത്യയില്‍ കൊല്ലപ്പെട്ടത് എട്ടു മില്യന്‍ മനുഷ്യരാണ്. യുറോപ്യന്‍ പുരോഗമന വിപ്ലവങ്ങളുടെ കേന്ദ്രമായ ഫ്രാന്‍സ് പതിനൊന്നു മില്യന്‍ മാത്രം മുസ്ലിം ജനസംഖ്യ ഉണ്ടായിരുന്ന അല്‍ജീരിയയില്‍ 1954-1962 കാലയളവില്‍ കൊന്നൊടുക്കിയത് ഏകദേശം ഒരു മില്യന്‍ മനുഷ്യരെയാണ്. ഇസ്രയേല്‍ കൊന്നൊടുക്കിയ പലസ്തീനികളുടെ എണ്ണം താരതമ്യം പോലും അര്‍ഹികാത്തവിധം വലുതാണ്‌.

ഇനി ഭരണകൂടേതര ഹിംസയുടെ കാര്യമെടുക്കാം. അമേരിക്കയില്‍ തന്നെ 1985- 2015 വരെയുള്ള വര്‍ഷങ്ങളില്‍ നടന്ന ഭീകര അക്രമങ്ങളില്‍ മുസ്ലിം സമുദായ അംഗങ്ങളുടെ പങ്ക് ആകെ നാല് ശതമാനമാണ് എന്നാണ് എഫ് ബി ഐ യുടെ തന്നെ കണക്കുകള്‍ പറയുന്നത്. യുറോ പോള്‍ ഫലങ്ങള്‍ പറയുന്നത് യുറോപ്പില്‍ നടക്കുന്ന ഭീകര അക്രമങ്ങളില്‍ നാല് ശതമാനം മാത്രമാണ് മുസ്ലിം പശ്ചാത്തലത്തില്‍ നിന്നുള്ള അക്രമികള്‍. യുറോപ്പിലെ നവ-നാസികള്‍, വിഘടന വാദികള്‍, ഉപദേശീയവാദികള്‍, സായുധ ഇടതുപക്ഷക്കാര്‍ ഇവര്‍ക്കൊക്കെ താഴെയാണ് മുസ്ലിം പേരുള്ള അക്രമികളുടെ എണ്ണമെന്നാണ് അലന്‍ ഗാബോണ്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന കൂട്ടകൊലപാതകങ്ങളില്‍ ആകെ കൊല്ലപ്പെട്ടത് 102 മില്ല്യന്‍ മനുഷ്യരാണ് എന്നാണ് കോള്‍ പറയുന്നത്. ഇതില്‍ നല്ലൊരു ശതമാനം കൊലപാതകങ്ങളും നടത്തിയത് യുറോ -അമേരിക്കന്‍ ക്രൈസ്തവ പശ്ചാത്തലമുള്ള രാജ്യങ്ങളണ്. തീര്‍ച്ചയായും ജപ്പാന്‍ പോലുള്ള ബുദ്ധിസ്റ്റ് സ്വഭാവമുള്ള രാജ്യങ്ങളും കമ്യൂണിസ്റ്റ്/ സോഷ്യലിസ്റ്റ്/മതേതര രാജ്യങ്ങളും നരഹത്യയുടെ കണക്കില്‍ ഹിംസയുടെ മുസ്ലിം ഏജന്റുകളെ കവച്ചുവെക്കുന്നത് കാണാന്‍ കഴിയും. പറഞ്ഞുവരുന്നത് മുസ്‌ലിംകള്‍ ആഗോള ഹിംസയുടെ ഭാഗമല്ല എന്നല്ല. അതുമല്ലെങ്കില്‍ ഹിംസയുടെ പ്രത്യക്ഷ കാരണങ്ങളെക്കുറിച്ച് ലളിതമായ പ്രത്യയശാസ്ത്ര വായനകള്‍ നാം നടത്തണം എന്നുമല്ല. പൊതുസംവാദങ്ങള്‍ ആഗോള ഹിംസയുടെ സങ്കീര്‍ണതയെയും കലര്‍പ്പിനെയും കുറച്ചു കാണുകയാണ്.

isis, political islam, tp senkumar

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹിംസ

ഇനി ഇപ്പോഴത്തെ ഇസ്ലാമിക സ്റ്റേറ്റ് എന്ന സായുധ സംഘം തന്നെയെടുക്കുക്ക. ഈ സംഘത്തിലെ മൊത്തം ആളുകളുടെ എണ്ണം എത്രയാണ് ? ഹുവാന്‍ കോള്‍ നല്‍കുന്ന കണക്കുകള്‍ (23 മാർച്ച് 2016) പറയുന്നത് പ്രകാരം 160 കോടി മുസ്ലിങ്ങളില്‍ മുപ്പതിനായിരം വിദേശികളാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തില്‍ ഉള്ളത്. ISIS : A History ( Princeton University Press 2016) എന്ന പുസ്തകത്തില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഫവാസ് ഗിര്‍ഗിസ് പറയുന്നത് ഇസ്ലാമിക് സ്റ്റേറ്റ്ന്റെ ആകെ അംഗബലം മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെയെന്നാണ് (Baghdadi now has a growing mini- army of between thirty thousand and one hundred thousand members) (പേജ് 213). മതേതര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന സദ്ദാം ഹുസൈന്റെ അനുയായികള്‍ ധാരാളമുള്ള, ബാത്തിസ്റ്റ് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരും മുന്‍ സൈനികരും, ഇറാഖിലെയും സിറിയയിലെയും ദരിദ്ര കര്‍ഷകരും ഉള്‍പെട്ടതാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനിക വിങ് (പേജ് 273). ഇതില്‍ തന്നെ വിദേശികള്‍ മുപ്പതു ശതമാനം മാത്രമാണ്.

സിറിയയെപ്പറ്റി പഠിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ തന്നെ കണക്കുകള്‍ പറയുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹിംസയുടെ എണ്ണം റഷ്യയുടെയും ഇറാന്റെയും കണ്ണിലുണ്ണിയായ ബഷാര്‍ അസദിന്റെ എത്രയോ താഴെ മാത്രമേ വരൂ. അസദിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പീഡനയന്ത്രത്തിന്റെ നൈപുണ്യം ഇസ്ലാമിക് സ്റ്റേറ്റ് ഒരിക്കലും ആർജിച്ചിട്ടില്ല എന്നാണ് ദമാസ്കസില്‍ നിന്ന് സീസര്‍ എന്ന പേരിലുള്ള ഒരു ചാരന്‍ ലീക്ക് ചെയ്ത രേഖകള്‍ പറയുന്നത്. ബഷാര്‍ അസദ് ഭരണകൂടസ്വഭാവമുള്ള മതേതര ഹിംസയിലൂടെ ആളുകളെ കൊല്ലുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് മതവ്യാഖ്യാനം നല്‍കി ഭരണകൂടേതര മാര്‍ഗങ്ങളിലൂടെ ആളുകളെ കൊല്ലുന്നുവെന്നാണ് പ്രധാന വ്യത്യാസം. ഈ രണ്ടു കൂട്ടരുടെയും അക്രമങ്ങളുടെ ഇരകള്‍ പക്ഷെ ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും മുസ്ലിംകള്‍ തന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത.

ഇന്ത്യ പോലുള്ള കോടിക്കണക്കിന് ജനസംഖ്യയുള്ള മുസ്ലിം രാജ്യങ്ങളില്‍ നിന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ പോയ ഏതാനും നൂറു പേരെക്കുറിച്ച് ഇപ്പോഴും അവ്യക്തമായ ചില നിഗമനങ്ങള്‍ മാത്രമാണു മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇന്നത്തെ ഭരണകൂട സര്‍വൈലൻസിന്റെ ശക്തിയും വ്യാപ്തിയും മുസ്‌ലിംവിരുദ്ധ മുന്‍വിധികളും വെച്ചുനോക്കുമ്പോള്‍ ഈ കണക്കില്‍ അപ്പുറം ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇവിടം കൊണ്ട് തീരുമായിരുന്നില്ല. ലഭ്യമായ സ്ഥിതിവിവരണക്കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ഏതാനും ലക്ഷങ്ങള്‍ മാത്രം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അത്രത്തോളം വരില്ല ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടുപോയ മുസ്ലിംകള്‍.

ഇന്ത്യയിലെ ഭീകരവാദം

തീര്‍ച്ചയായും, ദക്ഷിണേഷ്യയിലെ ഭരണകൂടങ്ങള്‍ തന്നെയാണ് മേഖലയില്‍ നടക്കുന്ന ഹിംസയുടെ ഏറ്റവും വലിയ ഏജൻസികള്‍. ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും ഏതു സായുധ പ്രസ്ഥാനത്തെയും നാണിപ്പിക്കുന്ന ഹിംസകള്‍ നടത്തിയിട്ടുണ്ട്. ഭരണകൂട ഭീകരത എന്ന പ്രശ്നം പക്ഷെ ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നതല്ല. മിക്കവാറും മാധ്യമങ്ങള്‍ ഭരണകൂടേതര ഹിംസയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുളളത്.

ആകാര്‍ പട്ടേല്‍ സ്ക്രോളില്‍ ( 6 April 2015) എഴുതിയ കണക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണകൂടേതര ഭീകരവാദത്തിന്റെ വസ്തുതകൾ പുറത്തുകൊണ്ട് വന്നിരുന്നു. ഉദാഹരണമായി ഇന്ത്യയില്‍ ഭരണകൂട എജൻസികള്‍ക്ക് പുറത്തു നടക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള കൊലപാതകങ്ങളുടെ എണ്ണം രണ്ടായിരത്തി പതിനാലില്‍ 976 ആയിരുന്നു. ഇതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഭരണകൂടേതര കൊലപാതകങ്ങള്‍ നടന്നത് : 465 എണ്ണം. തൊട്ടു പിന്നില്‍ 314 കൊലപാതകങ്ങളുമായി മാവോവാദികള്‍. 193 പേരെയാണ് ജമ്മു കാശ്മീരില്‍ വിഘടന വാദികള്‍ കൊന്നത് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ‘ഭീകരരാല്‍’ ആ വർഷം കൊല്ലപെട്ടത് നാല് പേര്‍. മറ്റു വര്‍ഷങ്ങളില്‍ സമാനമായ ഒരു നിലവാരം ഇന്ത്യയിലെ ഭരണകൂടേതര കൊലപാതകങ്ങളുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുമെന്നു ആകാര്‍ പട്ടേല്‍ പറയുന്നു.

k ashraf, islam, senkumar,

ഗുജറാത്ത് കലാപത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടായിരത്തി പന്ത്രണ്ടില്‍ ഔട്ട്‌ലുക്ക് വാരികയില്‍ സബ നഖ്‌വിയും സ്മൃതി കൊപ്പികറും ചേര്‍ന്നെഴുതിയ ഒരു ലേഖനം (http://www.outlookindia.com/magazine/story/a-beast-asleep/280032 എന്ന ലിങ്ക് കാണുക) 1967 മുതല്‍ ഇന്ത്യയില്‍ നടന്ന പ്രധാന വര്‍ഗീയ കലാപങ്ങളുടെ എണ്ണം നാല്പത്തിഏഴെണ്ണം ആണെന്ന് പറയുന്നു. അമ്പതുകളിലും അറുപതുകളിലെ തുടക്കത്തിലും ഇന്ത്യയില്‍ താരതമ്യേനെ വര്‍ഗീയ സംഘര്‍ഷം കുറവായിരുന്നു. 12828 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ഈ കലാപങ്ങളില്‍ ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ പങ്ക് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പോള്‍ ബ്രാസിനെ പോലുള്ള ഗവേഷകര്‍, വിഭൂതി നാരായന്‍ റായിയെ പോലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഒക്കെ നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഏറ്റവുമധികം മനുഷ്യര്‍ കൊല്ലപെട്ടത്‌ അവര്‍ മുസ്ലിം സമുദായത്തിലായത് കൊണ്ട് മാത്രമാണെന്ന നിരീക്ഷണവും നാം ഇതിനോട് കൂട്ടി വായിക്കണം.

കേരളത്തിലെ ഹിംസ

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. ഭരണകൂടേതര രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ നാല് ദശകങ്ങളായി ഇരുനൂറോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഈ വിഷയത്തിൽ രുചി ചതുര്‍വേദി നടത്തിയ പഠനത്തിലെ (“Political violence, community and its limits in Kannur, Kerala.” Contributions to Indian Sociology 49.2 (2015): 162-187) കണക്കുകള്‍ കാണിക്കുന്നത്. സീ പീ എം , ആര്‍ എസ് എസ് , ബി ജെ പി ,കോൺഗ്രസ് (ഐ) തുടങ്ങിയ ഹിന്ദു/മതേതര പശ്ചാത്തലമുള്ള രാഷ്ട്രീയ സംഘടനകളുടെ താഴെയാണ് മുസ്ലിം സംഘടനകള്‍ നടത്തുന്ന ഭരണകൂടേതര കൊലപാതകങ്ങളുടെ എണ്ണം. കേരളത്തില്‍ ആകെയുള്ള കണക്കെടുത്താലും ഇത് തന്നെയാണ് അവസ്ഥ.
രണ്ടായിരത്തി ഒമ്പതില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍കാരിന്റെ കാലത്ത് ആറു ദരിദ്ര മുസ്ലിം മത്സ്യതൊഴിലാളികളെ വെടി വെച്ചുകൊന്ന ബീമാപള്ളി സംഭവം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഭരണകൂട മുൻ കൈയ്യില്‍ കേരളത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ഭരണകൂട കൊലപാതകങ്ങളിൽ കഴിഞ്ഞ അറുപത് വർഷത്തിനുളളിൽ പതിനൊന്ന് മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടിട്ടുളളത്.
കൊടിഞ്ഞിയിലെ ഫൈസല്‍ മൗലവിയും കാസറഗോട്ടെ റിയാസ് മൗലവിയും ആയിരുന്നു. ഇതിലെ പ്രതിസ്ഥാനത്ത് സംഘപരിവാറുകാരാണ്. ഇങ്ങിനെയുള്ള കണക്കുകള്‍ ഒന്നും തന്നെ പരിശോധിക്കാതെയാണ് ടി പി സെന്‍കുമാര്‍ വിദ്വേഷം ആളിക്കത്തിക്കാന്‍ രംഗത്തിറങ്ങിയത്.

കേരളത്തില്‍ ലിബറല്‍ ഭീകരവാദവിരുദ്ധ വ്യവഹാരത്തിന്റെ ഭാഗമയി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രയോഗിക്കാന്‍ തുടങ്ങിയ യു എ പി എ പ്രകാരം അന്യായമായി ജയിലില്‍ കിടക്കുന്നതില്‍ വലിയൊരു ശതമാനം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്ന വൈരുധ്യവും നമുക്ക് കാണാതിരിക്കരുത്. ഒരു സമുദായം എന്ന നിലയില്‍ യു എ പി എ മുസ്ലിംകളെ സവിശേഷമായി ടാര്‍ഗറ്റ് ചെയ്യുന്നുവെന്നത് പല തവണ തെളിയിക്കപ്പെട്ടതാണ്.
ഇവിടെ കൊടുത്ത കണക്കുകള്‍ പറയുന്നത് മത/മതേതര ഹിംസകള്‍ ഒരു യാധാര്ത്യമാണ്. എല്ലാ മതങ്ങളും മതേതര വിശ്വാസങ്ങളും ഹിംസയുടെ ആഗോള വ്യവസ്ഥയുടെ ഭാഗമാണ്. അതിനെ യാധാര്ത്യബോധത്തോടെയും വിവേചനബുദ്ധിയോടെയും കാണുന്നതാണ് ഉചിതം.ഹിംസയുടെ കാരണങ്ങളെ പറ്റിയും പ്രതിവിധിയെപറ്റിയും സെന്സേഷനല്‍ ചെയ്തു സംസാരിക്കുന്നത് ഒട്ടും ശരിയല്ല .മാത്രമല്ല ചില സമുദായങ്ങളുടെയോ സമൂഹങ്ങള്ടെയോ മാത്രം പ്രശന്മായി ഹിംസയുടെ ഉത്തരവാദിത്തം ചുരുക്കുന്നതും ശരിയല്ല. നമ്മുടെ മാധ്യമങ്ങളും ഭീകരവാദത്തെ പറ്റിയുള്ള നയനിര്‍മാണ വിദഗ്ദ്ധരും ചുരുങ്ങിയത് ഇത്രയും കാര്യങ്ങള്‍ എങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍.

മത പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും നോക്കിയാലും മുസ്ലിം പശ്ചാത്തലമുള്ള ഭരണകൂടേതര ഹിംസ ഇന്ത്യയിലും കേരളത്തിലും പരിഗണിക്കാവുന്ന ഒരു ശക്തിയല്ലെന്നു തന്നെപറയാം. ചാള്‍സ് കുർസ്‌മാന്‍ മുസ്ലിം ഭരണകൂടേതര ഹിംസയെകുറിച്ചുള്ള കണക്കുകള്‍ വിശകലനം ചെയ്യുന്ന തന്റെ പുസ്തകമായ The Missing Martyrs : Why There Are So Few Muslim Terrorists (Oxford University Press 2011) പറയുന്ന പോലെ പലരാജ്യങ്ങളിലും മുസ്ലിം ഭരണകൂടെതര ഹിംസയെക്കാള്‍ റോഡ്‌ നിര്‍മാണത്തിലെ അപാകതകള്‍ സാധാരണ മനുഷ്യരുടെ ജീവനു അപകടമാണ്. ഒരുപക്ഷെ ഇന്ത്യന്‍ ഭരണകൂടം മുസ്ലിം ഭീകരവേട്ടക്കു വകയിരുത്തുന്ന തുക മറ്റു ജനക്ഷേമ നടപടികള്‍ക്ക് വകയിരുത്തിയാല്‍ കൂടുതല്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് ആകാര്‍ പട്ടേല്‍ നല്‍കുന്ന കണക്കുകള്‍ നമ്മോടു പറയുന്നത്. ഇപ്പോള്‍ ടി പി സെന്‍കുമാര്‍ അടക്കമുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഊര്‍ജം നൂറിലേറെ പേര്‍ മരിച്ച, പനി മരണത്തിനിടയാക്കിയ പാരിസ്ഥിതിക സാഹചര്യങ്ങളോട് പോരാടാന്‍ ഉപയോഗിച്ചുകൂടെ എന്നാണ് വിവേകമതികള്‍ ചോദിക്കുന്നത്.

ഭീകരത ഒരു വ്യവഹാരമാണ്

കണക്കുകള്‍ ഒക്കെ വ്യത്യസ്തമായിട്ടും മുസ്ലിംങ്ങള്‍ എപ്പോഴും ഭീകരവാദത്തിന്റെ സംശയം പേറിനടക്കുന്നത് എന്തുകൊണ്ടാണ് ? ഉറച്ച സാമൂഹിക യാഥാര്ത്യങ്ങളുടെയും അതിനു ഉപോല്പലകമാകുന്ന കണക്കുകള്‍ക്കും അപ്പുറമാണ് മുസ്ലിം ഭീകരവാദത്തെ പറ്റിയുള്ള വ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു കാണാം.മുസ്ലിം ഭീകരത ഒരു വ്യഹാരമെന്ന നിലയില്‍ ഭാഷയുടെയും പ്രതിനിധാനതിന്റെയും തലത്തില്‍ തന്നെ പരിഗണിക്കേണ്ടതുണ്ട്. എങ്ങിനെയാണ് ലോകം ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നത്? ? എങ്ങിനെയാണ് മുസ്ലിം എന്ന സ്ഥാനം ഭീകരവാദത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത് ? തുടങ്ങിയ കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഭീകരവാദത്തെ പറ്റിയുള്ള വ്യവഹാരം മുസ്ലിം എന്ന വിഷയിസ്ഥാനത്തെ നിർമ്മിച്ചെടുക്കുന്ന രീതികളും അതിലൂടെ മുസ്ലിമിനു മേലെ സാധ്യമാകുന്ന അധികാരങ്ങളും അന്വേഷിക്കാനുള്ള ശ്രങ്ങള്‍ ഉണ്ടാവണം . അതായത് ഭീകരവാദം ഒരു വ്യവഹാരമെന്ന നിലയില്‍ ചരിത്രപരമയും സാമൂഹ്യപരമായും നിർമിക്കപ്പെട്ടതാണ് എന്ന സമീപനം വളരെ പ്രധാനമാണ്.

 

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗ് സർവകലാശാലയിൽ റിലീജ്യൻ സ്റ്റഡീസ് വിഭാഗത്തിലെ ഗവേഷകനാണ് ലേഖകൻ 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Notions about islamic violence tp senkumar k ashraf

Next Story
പ്രസ്ഥാനം മറന്ന പിണറായിയിലെ ആ സഖാവ്NE Balaram, ne sudheer, ems, cpi
The moderation of comments is automated and not cleared manually by malayalam.indianexpress.com