scorecardresearch
Latest News

മലയാളി സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ചുവന്ന ചിന്തകൾ

കേരളത്തിന്റെ സാമ്പത്തികരംഗത്തെ കുറിച്ചുളള വൈവിധ്യമാര്‍ന്ന മേഖലകളിൽ നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല

Naxalbari,naxalite,charumajumdar, vargheese, maoist,

കാൽപ്പനികമായ വാഴ്ത്തുകൾക്കും വിദ്വേഷം നിറഞ്ഞ പരദൂഷണങ്ങൾക്കുമപ്പുറം എന്താണ് നക്‌സലൈറ്റുകൾ കേരളത്തിന് നൽകി സംഭാവനകളെ കുറിച്ച്  അന്വേഷണം. മുതിർന്ന മാധ്യമ പ്രവർത്തകനും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നിരീക്ഷകനായ ലേഖകന്റെ പഠനം.
സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകൾക്കപ്പുറം കേരളത്തിന്റെ സന്പദ് ശാസ്ത്രത്തെയും വികസനത്തെയും കുറിച്ചുളള ​രാഷ്ട്രീയ പരികൽപ്പനകളുടെ ലളിതയുക്തികളെ നിർദ്ധാരണം ചെയ്ത പ്രസ്ഥാനമെന്നതാണ് ഈ രാഷ്ട്രീയചിന്താധാരയുടെ അടിസ്ഥാന പ്രസക്തി.

 

ന്റര്‍നെറ്റ് യുഗത്തിന്റെ സ്വതസിദ്ധമായ അതിവേഗതയില്‍ ഓര്‍മ, പ്രതീകം, സംഭവം തുടങ്ങിയ പല ഗണങ്ങളിലായി ചരിത്രം വെട്ടിയൊട്ടിക്കുന്നതിന്റെ തിക്കിലും, തിരക്കിലും ഏറെ വാഴ്ത്തുകളും, അതിലേറെ ഇകഴ്ത്തലുകളുമായി നക്‌സല്‍ബാരിയുടെ അന്പതാം വാര്‍ഷികം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചരിത്രത്തിന്റെ കാലഗണനയില്‍ നക്‌സല്‍ബാരി ഇടംതേടിയതിന്റെ വിവരണങ്ങളുടെ അതിപ്രസരം മാറ്റിനിര്‍ത്തിയാല്‍ ഓര്‍മയില്‍ ബാക്കിയാവുന്നതെന്താണ്. മാര്‍ക്‌സിസത്തിന്റെ പേരില്‍ ഇന്ത്യയിലും, കേരളത്തിലും പ്രബലമായിരുന്ന യാന്ത്രികധാരണകളെ നിശിതമായി വിമര്‍ശനവിധേയമാക്കി നിരാകരിച്ച ഒരു നവീന ഇടതുപക്ഷ ധൈഷണികധാരയുടെ ആവിര്‍ഭാവമാണ് നക്‌സല്‍ബാരി കലാപത്തിന്റെ കേരളത്തിലെ മൗലികമായ സംഭാവന. കേരളത്തിലെ രാഷ്ട്രീയ-സമ്പദ്ഘടനയുടെ സവിശേഷതകളെ ആഴത്തില്‍ വിശകലനവിധേയമാക്കിയ അന്വേഷണങ്ങളും, പഠനങ്ങളും മേല്‍പ്പറഞ്ഞ ധൈഷണികധാരയുടെ ആവിര്‍ഭാവത്തിന്റെ നല്ല ദൃഷ്ടാന്തമാണ്. ഇന്ത്യനവസ്ഥയെപ്പറ്റിയുള്ള അര്‍ദ്ധകൊളോണിയല്‍-അര്‍ദ്ധഫ്യൂഡല്‍ വ്യാഖ്യാനത്തിന്റെ ലളിതയുക്തിയില്‍ നിന്നും വിടുതല്‍ നേടിയെന്നതാണ് കേരളത്തിന്റെ സമ്പദ്ഘടനയെപ്പറ്റി നടന്ന പഠനങ്ങളുടെ പ്രധാന സവിശേഷത. അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലഘട്ടത്തിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ അരങ്ങേറുന്നത്. കേരളമാതൃകയെക്കറിച്ചുള്ള സംവാദങ്ങള്‍ മുഖ്യധാരമാധ്യമങ്ങളില്‍ നടപ്പുദീനംപോലെ സാധാരണമാവുന്നതിനും മുമ്പ് ഈ വിഷയത്തെപ്പറ്റിയുള്ള ഗൗരവമായ അന്വേഷണങ്ങള്‍ക്ക് ഈ പഠനങ്ങള്‍ തുടക്കമിട്ടു. കാര്‍ഷികമേഖല, തോട്ടംകൃഷി, ഗള്‍ഫ് കുടിയേറ്റം, വികസന പ്രതിസന്ധി തുടങ്ങി സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മൗലികമായ അന്വേഷണങ്ങള്‍ക്ക് തുടക്കമിടുവാന്‍ ഈ പഠനങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തിന്റെ സാമൂഹികപഠനമേഖലയില്‍ അവ ചെലുത്തിയ സ്വാധീനം ഗൗരവമായ വിശകലനങ്ങള്‍ക്ക് ഇനിയും വിധേയമാക്കേണ്ടിയിരിക്കുന്നു.

Read More: നക്സൽബാരി അവസാനിക്കാത്ത വെടിയൊച്ചകൾ

.ഭൂപരിഷ്‌ക്കരണം കേരളത്തിലെ നാടുവാഴിത്ത ബന്ധങ്ങളില്‍ ഏതുതരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയതെന്നും, അതിന്റെ ഫലമായുണ്ടായ സാമൂഹികസ്ഥിതിയെ അര്‍ദ്ധഫ്യൂഡലായി വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യത്തെപ്പറ്റിയും ഉയര്‍ന്ന സംശയങ്ങളാണ് സാമ്പത്തികമേഖലയിലെ പഠനങ്ങളെ ഉത്തേജിപ്പിച്ചത്. ഇന്ത്യനവസ്ഥയെ വിലയിരുത്തുന്നതിന് സിപഐ-എം.എല്‍-ന്റെ രൂപീകരണവേളയില്‍ സ്വീകരിച്ച അര്‍ദ്ധഫ്യൂഡല്‍ പ്രയോഗം അതുപോലെ യാന്ത്രികമായി കേരളത്തില്‍ ഉപയോഗിക്കുന്നതില്‍ കാര്യമില്ലെന്ന തിരിച്ചറിവ് അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ശക്തമായിരുന്നുവെങ്കിലും അതു സംബന്ധിച്ച മൂര്‍ത്തമായ അന്വേഷണങ്ങള്‍ സജീവമാവുന്നത് 1980-കളുടെ തുടക്കത്തിലാണ്. ടി.ജി ജേക്കബ്ബിന്റെ ‘ഇന്ത്യ; വികാസവും, മുരടിപ്പും’ എന്ന ശ്രദ്ധേയമായ കൃതിയുടെ പൊതുദിശയെ ആസ്പദമാക്കി കേരളത്തിന്റെ സവിശേഷസാഹചര്യം വിശകലനം ചെയ്യുന്ന സമീപനമാണ് രൂപം കൊണ്ടത്. കേരളം;നവകൊളോണിയല്‍ വഴിയിലെ ഒരു പിന്നോക്ക സമ്പദ്ഘടന എന്നപേരില്‍ 1984-ല്‍ സി.ആര്‍.സി സിപിഐ-എം.എല്‍ പ്രസിദ്ധീകരിച്ച രേഖയ അതിന് തുടക്കമിട്ടു. കൊളോണിയല്‍ കാലഘട്ടം മുതല്‍ കേരളത്തിന്റെ സമ്പദ്ഘടന സാമ്രാജ്യത്വമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയതാണെന്നും, സ്വാതന്ത്യത്തിനുശേഷവും ഈ കെട്ടുപാടുകളില്‍ മൗലികമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഈ പഠനത്തിന്റെ പ്രധാന ഊന്നല്‍. തനതായ നിലയിലുള്ള സാമ്പത്തികവളര്‍ച്ചക്ക് പകരം ഒരു ആശ്രിതസമ്പദ്ഘടനയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും, സംസ്ഥാനം നേരിടുന്ന വളര്‍ച്ചാപ്രതിസന്ധിയുടെ മൗലികമായ കാരണം ഈ ആശ്രിതസാമ്പത്തിക ബന്ധമാണെന്നും പഠനം വിലയിരുത്തി. കൊളോണിയല്‍ കാലഘട്ടത്തില്‍ പ്രകടമായിരുന്ന പ്രത്യക്ഷത്തിലുളള ചൂഷണത്തിനും, അധീശത്വത്തിനും പകരം പരോക്ഷമായ ചൂഷണത്തിന് ഒത്താശചെയ്യുന്ന നിയോ-കൊളോണിയല്‍ ബന്ധങ്ങളാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷിക-വ്യവസായ മേഖലകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മത്സ്യമേഖല, ഉല്‍പാദന-ഉപഭോഗ മേഖലകള്‍, ഗള്‍ഫിള്‍ നിന്നുള്ള വരുമാനം എന്നിവയെപ്പറ്റിയുള്ള വിശകലനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിനോടുള്ള കേന്ദ്ര അവഗണന, നിക്ഷേപത്തിന്റെ അഭാവം, തൊഴിലില്ലായ്മ തുടങ്ങിയ വികസനചര്‍ച്ചകളുടെ മുഖ്യപ്രമേയങ്ങളെ നിയോ-കൊളോണിയല്‍ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുവാനുള്ള ശ്രമങ്ങളായിരുന്നു ഈ പഠനങ്ങള്‍. സാമ്പത്തികമേഖലയില്‍ സംസ്ഥാനം നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളെ കേരളത്തിന്റെ ദേശീയപ്രശ്‌നം എന്ന നിലയില്‍ വിശദീകരിക്കുവാന്‍ 1980-കളുടെ രണ്ടാം പകുതിയില്‍ നക്‌സലൈറ്റുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ അടിസ്ഥാനവും ഈ ദിശയിലുള്ള പഠനങ്ങളായിരുന്നു.
naxalite, naxalbari,maoist, kp sethunath

Read More: അടിച്ചമർത്തലുകൾക്കെതിരായ ദലിതരുടെ ദൃഢപ്രതിജ്ഞയാണ് ഭീം ആർമി

അടിസ്ഥാനപരമായ സാമ്പത്തികപുരോഗതി കൈവരിക്കാതെ സാമൂഹിക പുരോഗതയുടെ സൂചികകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെയടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ ഖ്യാതി നേടിയ കേരള മാതൃകയെപ്പറ്റി പൊതുവെ അക്കാദമികവൃത്തങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ചര്‍ച്ചകള്‍ 1980-കളുടെ രണ്ടാം പകുതിയോടെ മുഖ്യധാര മാധ്യമങ്ങളുടെ വിഷയമായതിനുള്ള ഒരു കാരണം കേരളദേശീയതയുമായി ബന്ധപ്പെട്ട് നക്‌സലൈറ്റുകള്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ്. കേരളമാതൃകയുടെ അവകാശവാദങ്ങളെ അതേപടി സ്വീകരിക്കുകയും, അതിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് സ്വന്തം പേരില്‍ എഴുതിയെടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ സമീപനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പ്രവണതയും ഇക്കാലയളവില്‍ സജീവമായി. കേരളമാതൃകയുടെ അവകാശവാദങ്ങളെ പിന്തുണക്കുന്ന റിച്ചാര്‍ഡ് ഫ്രാങ്കി, ബാര്‍ബറ ചാസിന്‍ എന്നിവരുടെ ഒരു ലേഖനത്തെ പൂര്‍ണ്ണമായും പിന്താങ്ങിയ സമീര്‍ അമിന്റെ നിലപാടിനോട് പ്രതികരിച്ചുകൊണ്ട് 1991-ല്‍ മന്ത്‌ലി റിവ്യു എന്ന പ്രശസ്ത അമേരിക്കന്‍ മാര്‍ക്‌സിസ്റ്റു പ്രസിദ്ധീകരണത്തില്‍ കെ.ടി. രാംമോഹന്‍ എഴുതിയ ദ ട്രാജഡി ഓഫ് റാഡിക്കല്‍ സ്‌കോളര്‍ഷിപ്പ് അതിന്റെ നല്ല ഉദാഹരണമാണ്. മാവൂര്‍ സമരവും, കൊച്ചി സ്‌റ്റോക് എക്‌സചേഞ്ചുമായി ബന്ധപ്പെട്ട സമരവും കേരളമാതൃക എത്രത്തോളം മാതൃകാപരമാണെന്ന ചോദ്യം സജീവമായി മുന്നോട്ടുവയ്ക്കുകയുണ്ടായി. ബിര്‍ളാ ഗ്രൂപ്പിന്റെ അധീനതയില്‍ കോഴിക്കോടിനടുത്ത് മാവൂരില്‍ 1957-ലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലഘട്ടത്തില്‍ സ്ഥാപിതമായ റയോണ്‍സ് ഫാക്ടറിയുമായി ബന്ധപ്പെട്ട് 1988-ല്‍ എ.വാസുവിന്റെയും, മോയിന്‍ ബാപ്പുവിന്റെയും നേതൃത്വത്തില്‍ നടന്ന സമരം വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി. കൊച്ചിയിലെ ഓഹരി വിപണി കേരളത്തില്‍ നിന്നുള്ള സമ്പത്ത് പുറത്തേക്ക് കടത്തുന്നതിനുളള ഒരുപാധി മാത്രമാണെന്ന വിലയിരുത്തലുമായി ബന്ധപ്പെട്ട് 1980-കളുടെ അവസാനം നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന സംവാദങ്ങളും കേരളത്തിന്റെ സാമ്പത്തിക-സാമൂഹികമേഖലകളുടെ നിജസ്ഥിതിയെപ്പറ്റിയുള്ള അന്വേഷണങ്ങളെ ത്വരിതപ്പെടുത്തി. കേരളത്തിലെ ശുഷ്‌ക്കമായ കേന്ദ്ര നിക്ഷേപം, ബാങ്കുകളിലെ ശോചനീയമായ വായ്പ-നിക്ഷേപ അനുപാതം, മണി ഓര്‍ഡര്‍ എക്കോണമി തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അക്കാലത്ത് ഉയര്‍ന്നു വരികയുണ്ടായി.
kp sethunath, naxalbari, maoist, naxalite movments

Read More: ഇടിമുഴക്കത്തിന്റെ ബാക്കിപത്രം-അമ്പത് വർഷമാകുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവർത്തമാനം

കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണത്തിന്റെ അപര്യാപ്തകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും നക്‌സലൈറ്റുകളുടെ സാമ്പത്തികപഠനമേഖലയിലെ ഒരു സുപ്രധാനവിഷയമായിരുന്നു. ഭൂപരിഷ്‌ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കളാകേണ്ടിയിരുന്ന ദളിത് ജനവിഭാഗങ്ങള്‍ ഭൂവുടമസ്ഥതയില്‍ നിന്നും എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന വിഷയം ഗൗരവമായ സംവാദങ്ങളുടെ ഭാഗമാവുന്നത് ഈ പഠനങ്ങളുടെ ഭാഗമായിരുന്നു. കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ വികാസം പുതിയ രൂപത്തിലുള്ള ആശ്രിതത്വങ്ങള്‍ രൂപപ്പെടുന്നതിന്റെ ലക്ഷണമായി തിരിച്ചറിയുന്ന ചില പഠനങ്ങളും ശ്രദ്ധേയമാണ്. കേരളത്തിലെ കാര്‍ഷികമേഖലയുടെ തനതായ പ്രശ്‌നങ്ങള്‍, നാണ്യവിളകര്‍ഷകര്‍ അനുഭവിക്കുന്ന ചാക്രികമായ പ്രതിസന്ധികള്‍ എന്നിവ ഒരു ആശ്രിത സമ്പദ്ഘടനയില്‍ സ്വാഭാവികമായും സംഭവിക്കുന്ന ഏങ്കോണിപ്പികളുടെ പ്രതിഫലനമാണെന്ന നിരീക്ഷണങ്ങളുടെ പ്രസക്തി ഇപ്പോഴും നഷ്ടമായിട്ടില്ല. കൃഷിയിടങ്ങളെന്ന നിലയില്‍നിന്നും ഊഹക്കച്ചവടത്തിനുള്ള ചരക്കായുളള ഭൂമിയുടെ പരിവര്‍ത്തനം, പുറംനാടുകളിലെ വിപണിയെ മാത്രം മുഖ്യമായും ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായ-സേവനമേഖലകള്‍ നിരന്തരം അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ, പ്രാദേശികമൂലധനത്തിന്റെ ആശ്രിതത്വം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഇനിയും നഷ്ടമായിട്ടില്ല. 1980-കളിലും 90-കളുടെ തുടക്കത്തിലും സജീവമായി നിലനിന്ന ഈ പഠനങ്ങളും, അന്വേഷണങ്ങളും പുതിയ നൂറ്റണ്ടിന്റെ ആവിര്‍ഭാവത്തോടെ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായെന്നു പറയാം. ആഗോളവല്‍ക്കരണം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യവസായ-മുതലാളിത്തത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വികസനസങ്കല്‍പ്പങ്ങള്‍ ആകമാനം ഗൗരവമായ പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാകുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെപ്പറ്റി നക്‌സല്‍ബാരിയുടെ പ്രചോദനമുള്‍ക്കൊണ്ട് നടന്ന പഠനങ്ങളുടെ പിന്തുടര്‍ച്ച അധികപ്പറ്റാവില്ല.

ഡെക്കാൺ ക്രോണിക്കിൾ ദിനപത്രത്തിലെ സീനിയർ എഡിറ്ററാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Notable contribution of naxalites in kerala could be their critique of economy kp sethunath