സ്ത്രീ ‘No’, ഇല്ല, വേണ്ട എന്നൊക്കെയുളള​ തിരസ്ക്കരണ വാക്കുകൾ പറയുമ്പോൾ അതിനെ ഒരു പൂർണവാചകമായി കാണാൻ ആണധികാര വ്യവസ്ഥ വിസമ്മതിക്കുന്നു. രാഷ്ട്രീയ പ്രവർത്തകയായ ജയ ജയ്റ്റ്‌ലി എഴുതുന്നു

രണ്ട് ലിംഗഭേദങ്ങൾക്കിടയിലെ യഥാർത്ഥ സമത്വമായി കാണപ്പെടുന്നതിനെ അംഗീകരിക്കുക എന്നത്, ഭൂരിപക്ഷം പ്രബുദ്ധ പുരുഷന്മാരുടെയും സമനില തെറ്റിക്കുന്ന കാര്യമാണ്. ഒരു മകൻ, ഗൃഹാന്തരീക്ഷത്തിലെ ബന്ധങ്ങളുടെ സ്വഭാവങ്ങൾ തന്നിലേയ്ക്കാവാഹിക്കുന്ന സമയം മുതൽ, അൽപ്പസ്വൽപ്പം വീട്ടുപണി ചെയ്യുന്നുണ്ടെങ്കിൽ കൂടി പിതാവാണ് കുടുംബത്തിന്റെ അധിപൻ എന്നാണ് പഠിക്കുന്നത്. അച്ഛന്റെ സ്വരം, സാധാരണ ഗതിയിൽ ഉച്ചത്തിലായിരിക്കും, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും കല്‍പ്പനകളും അനായാസം തന്നെ എല്ലാവരും അനുസരിക്കുന്നു. “വേഗമിത് ചെയ്യ്, അല്ലെങ്കിൽ അച്ഛൻ വരുമ്പോൾ പറഞ്ഞുകൊടുക്കും,” എന്ന അമ്മയുടെ ഭീഷണി ഇതെല്ലാം ഈ അറിവിനെ പിന്താങ്ങുന്നു. അതുപോലെ, “വിശക്കുന്നു,” “എന്റെ സോക്സ് കണ്ടില്ല,” എന്നിങ്ങനെ അമ്മയോടുള്ള അലർച്ചകളൊന്നും ആൺകുട്ടികൾ അച്ഛനോട് നടത്താറില്ല. അധികാരങ്ങളുടെയും കർത്തവ്യങ്ങളുടെയും വിഭജനമായി വ്യക്തമായി അഗീകരിക്കപ്പെട്ടതാണിതെങ്കിൽ, അതിൽ തെറ്റില്ല. പക്ഷേ, ഇത് സ്ത്രീകൾ എത്രത്തോളോം അംഗീകരിക്കുന്നു,” എന്ന് നമ്മൾ ചോദിച്ചിട്ടുണ്ടോ? അതോ ഇത് ‘മനസ്സിലാക്കപ്പെടേണ്ട” ഒരു സന്ദർഭം മാത്രമോ? അധിപതി എന്നതിൽ നിന്നു തീരുമാനമെടുക്കുന്നയാൾ എന്നതിലേയ്ക്കും അതിൽ നിന്ന് കീഴടങ്ങലാവശ്യപ്പെടുന്നതിലേയ്ക്കുമുള്ള മാറ്റം പുരുഷന് അത്ര ആയാസകരമല്ല.

പൊതുമണ്ഡലത്തിൽ, ഈ ഒരു സവിശേഷ വർഗ്ഗത്തിന് നേരെ അതിന്റെ വിരോധികൾക്ക് അഗാധമായ വെറുപ്പോ അതല്ലെങ്കിൽ അവജ്ഞയോ ഉണ്ട്. തങ്ങൾക്കവരെ അടിച്ചമർത്തുന്നതിനുള്ള അധികാരമുണ്ടെന്നുള്ള അറിവും ആധിപത്യ മനോഭാവവുമാണിതിന് കാരണം. അടിമത്തം, കരാർ തൊഴിൽ, മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നിവയെല്ലാം തന്നെ പുരുഷന്റെ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ, നിസ്സഹായരും അതുകൊണ്ടുതന്നെ അതിജീവനത്തിനായി കീഴടങ്ങിക്കൊടുക്കേണ്ടി വരികയും ചെയ്യുന്ന ഇരകളുടെ മേൽ തങ്ങൾക്ക് പൂർണ്ണാധികാരവും നിയന്ത്രണവും ഉള്ള മേഖലകളാണ്.

പുരുഷൻ പുറത്ത് പോയി നായാടുകയും സ്ത്രീ വീട്ടിലിരുന്നു അടുക്കളപ്പണികളും മറ്റു ഗൃഹജോലികളും നോക്കുകയും ചെയ്തിരുന്ന പുരാതനസമൂഹങ്ങളിൽ ലളിതമായി അംഗീകരിക്കപ്പെട്ടിരുന്ന പുരുഷന്റെ നൈസർഗ്ഗികമായ കായികാധിപത്യത്തിൽ നിന്നും പൗരുഷശൗര്യത്തിൽ നിന്നുമാണു സ്ത്രീകളെ തരം താഴ്ത്തിക്കാണുന്ന രീതി ഉരുവപ്പെടുന്നത്. പുരുഷൻ സ്ത്രീക്ക് നൽകിയ സം‌രക്ഷണം, അവരുടെ രണ്ടു കൂട്ടരുടെയും മനസ്സുകളിൽ അടിഞ്ഞുകൂടിക്കിടന്നു. ആ പഴയ അവബോധങ്ങളൊന്നും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ബൗദ്ധികതയുടെയും യന്ത്രങ്ങളുടെയും ഈ യുഗത്തിൽ പോലും പൂർണ്ണമായും മായ്ക്കപ്പെട്ടിട്ടില്ല. അഹിംസയ്ക്കും സമാധാനത്തിനും നൽകുന്ന മുൻ‌ഗണനയാണ് ഒരു പ്രബുദ്ധ സമൂഹത്തിന്റെ മുഖമുദ്ര. ഇത്തരം സമൂഹത്തിലാണ് സ്ത്രീ സ്വന്തം കാലിൽ നിൽക്കുവാൻ ശ്രമിക്കുന്നത്. ഇവിടെയാണവൾ സ്വന്തം കുടുംബമുണ്ടാക്കുകയും തന്റെ തന്നെ കണ്ണുകളിൽ സുന്ദരിയായിരിക്കുകയും സ്ത്രൈണസവിശേഷങ്ങളായ സൗമ്യതയും ആകർഷകത്വവും നിലനിർത്തുകയും ചെയ്യുമ്പോൾ തന്നെ പുരുഷനൊപ്പം ജോലി ചെയ്യുവാനും സാമ്പത്തികമായ സ്വാശ്രയയാകുവാനും അധ്വാനിക്കുന്നത്.

പുരുഷന്റെ നിലവിലുള്ള ലോകവീക്ഷണവും സ്ത്രീകൾ കാണുന്ന വാഗ്ദത്ത ലോകവും തമ്മിലുള്ള സംഘർഷത്തിന്റെ ഫലമാണ്, #MeToo പ്രസ്ഥാനം പോലെയുളള വിഷയങ്ങൾ. പുരുഷന്റെ മുൻ‌കാല ഔദ്ധത്യങ്ങളും ആധുനിക സ്ത്രീകളൊടുള്ള അവന്റെ പ്രതികരണവും സൂക്ഷ്മമായി പരിശോധിച്ചാൽ, ഒരു പൊതു സ്വാഭാവിക തിരിച്ചടിയായതിനെ കാണാൻ കഴിയും. മുൻ‌കാലത്ത്, പുരുഷന് തനിക്കാവശ്യമുള്ളതെന്തും സ്ത്രീയോടാവശ്യപ്പെടുന്നതിനും അത് നേടിയെടുക്കുന്നതിനുമുള്ള ജന്മാധികാരവും അവകാശവും ഉണ്ടെന്ന് കരുതപ്പെട്ടിരുന്നു. അലക്കിയ വസ്ത്രം, ചൂടുള്ള ആഹാരം, ആരോഗ്യമുള്ള ആണ്മക്കൾ, കൂടാതെ പൂർണ്ണമായ അടിയറവും എല്ലാം ഇങ്ങനെ ആവശ്യപ്പെടാവുന്ന അധികാരങ്ങളിൽ പെടുന്നു, ഒപ്പം തീർച്ചയായും സെക്സും. എന്നാൽ തനിക്കും ഇതിൽ തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടെന്ന് കരുതുന്ന ആധുനിക സ്ത്രീയെ ഒരു പുരുഷൻ നേരിടുമ്പോൾ എന്താണ് സംഭവിക്കുക? അവനതിൽ ക്ഷമാപണം പറഞ്ഞ് പിന്തിരിയുകയില്ല. പകരം ബലം പ്രയോഗിക്കും, കാരണം അതാണവനെ ആത്യന്തികമായി അധിപതിയാക്കിയിരിക്കുന്നത്. തിരസ്കരണത്തിന്റെ സാധ്യതകളെ പടിക്കു പുറത്താക്കി കതകടച്ചിരിക്കുകയാണവൻ.

കഴിവും സാമർത്ഥ്യവും അറിവുമുള്ള, ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുള്ളൻ എന്നാൽ അടിയറവ് പറയാൻ തയ്യാറല്ലാത്ത സ്ത്രീകളെ ഇപ്പോൾ ആകർഷിക്കുന്ന മേഖലകളിൽ സിനിമാസംവിധായകരും പ്രൊഫസ്സർമാരും കോർപ്പറേറ്റ് മേലുദ്യോഗസ്ഥരും എഡിറ്റർമാരുമുള്ളവയാണ്. വേട്ടക്കാരന്റെ മനസ്സുള്ള ഒരു പുരുഷൻ, ഇത്തരത്തിലുള്ള ഒരു സ്ത്രീയെ നേരിടുമ്പോൾ, പലപ്പോഴുമവളെ മറ്റു മാർഗ്ഗങ്ങളിലൂടെ അപായപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. എന്തെന്നാൽ, ‘Feminists: What were they Thinking?’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ജെയ്ൻ ഫോണ്ട പറഞ്ഞതുപോലെ “വേണ്ട” (നോ) എന്നതൊരു പൂർണ്ണവാചകമാണെന്ന് മനസ്സിലാക്കുവാനവർക്ക് കഴിയുന്നില്ല. ഒരു സ്ത്രീയ്ക്ക് തന്റെയൊപ്പം ചിന്തിക്കുവാനും അനുഭവിക്കുവാനും കഴിയുമെന്നും അവന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുവാൻ അവളാഗ്രഹിക്കുന്നില്ല എന്നതിനർത്ഥമവൾ വിലകെട്ടവളാണെ ന്നതല്ലെന്നും പുരുഷനിനിയും പഠിച്ചിട്ടില്ല.

രാഷ്ട്രീയരംഗം പുരുഷനായാട്ടുകാർക്ക് ഇക്കാര്യത്തിൽ അത്ര എളുപ്പത്തിൽ വഴങ്ങുന്നതല്ലെന്നുള്ളത് കൗതുകകരമാണ്. എന്തെന്നാൽ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരുന്ന സ്ത്രീകൾ പൊതുവെ, ധീരയും ആത്മവിശ്വാസവും താൻപോരിമയുമുള്ളവരായിരിക്കും. അധികം ഒളിത്താവളങ്ങളോ, മദ്യവിരുന്നുകളോ ഉണ്ടാകാറില്ല. പക്ഷേ തങ്ങൾക്കിരയാക്കാൻ കഴിയില്ലെന്നറിയാവുന്ന സ്ത്രീകളുടെ തൊഴിൽ മാർഗ്ഗങ്ങൾ അട്ടിമറിക്കുവാനുള്ള പ്രവണത പുരുഷാധിപത്യം കാണിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ സ്ത്രീകളെ എല്ലായ്പ്പോഴും ദുർബലരായോ പുരുഷന്മാരുടെ പകരക്കാരായോ മാത്രമാണ് പരിഗണിക്കുക. മിക്കവാറും ‘സമാന‘ മണ്ഡലങ്ങളിൽ പുരുഷന്മാർ, രാഷ്ട്രീയത്തിന് ബാഹ്യമായുള്ളവയിലും, സമ്മേളനങ്ങളിൽ സ്ത്രീകൾ ആകർഷകമായി വന്നെത്തണമെന്നും അവർ ചായ നൽകണമെന്നുംപ്രതീക്ഷിക്കുന്നു. അങ്ങനെയൊരു ‘ഗൃഹനാഥ” യുടെ വേഷം എപ്പോഴും ഓർമ്മിപ്പിക്കപ്പെടുന്നു. അതുപോലെ ദൃശ്യമാധ്യമങ്ങളിലെപ്പോലെ അവർ പുരുഷനേത്രങ്ങൾക്ക് മുൻപിൽ ആകർഷകരായിരിക്കണമെന്നും കരുതപ്പെടുന്നു. അവൾ ഒരു പുരുഷനെ പരസ്യമായോ സ്വകാര്യമായോ വെല്ലുവിളിക്കുകയാണെങ്കിൽ, ഡൊണാൾഡ് ട്രംപ്, അതിസുന്ദരിയായ സ്റ്റോമി ഡാനിയത്സിനെ, ലോകത്തിനു മുൻപിൽ വച്ച് ‘Horseface’ എന്നു വിളിച്ചതു പോലെയും സംഭവിക്കാം.

ശക്തയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ തന്റെ ആഗ്രഹങ്ങൾക്ക് ലഭിക്കുകയില്ലെന്ന്,  മനസ്സിലാകുന്ന ഒരു പുരുഷൻ, അവളുടെ കഴിവുകൾ അംഗീകരിക്കുന്നതിന് പകരം അധികാരത്തിലിരിക്കുന്ന മറ്റാരുടെയെങ്കിലും ‘പ്രിയപ്പെട്ടവൾ’ ‘സ്നേഹിത’, ‘വെപ്പാട്ടി’, എന്നിങ്ങനെ പല പേരുകൾ കൊണ്ട് വിശേഷിപ്പിച്ച് തരം താഴ്ത്തുകയാണ് ചെയ്യുന്നത്. സാമൂഹിക സന്ദർഭങ്ങളിൽ, ഇക്കൂട്ടർ ബുദ്ധിയും കഴിവുമുള്ള സ്ത്രീകളോട് മര്യാദയുടെ പേരിൽ സംസാരിക്കേണ്ടിവരുമ്പോൾ, ഉദാസീനമട്ടിൽ, യാതൊരു പ്രാധാന്യവും കൊടുക്കാതെ ഏതാനും നിമിഷങ്ങൾ സംസാരിച്ചതിനുശേഷം പ്രധാന ചർച്ചകൾക്കായി പുരുഷന്മാരിലേയ്ക്ക് തിരിയുന്നു. എന്തെന്നാൽ സ്ത്രീകളെ ബൗദ്ധികമായി തുല്യരായി പരിഗണിക്കുവാനോ, അവരെ ശരീരികമുതലെടുപ്പിനായി കീഴ്‌പ്പെടുത്തുവാനോ  കഴിയില്ലെന്നുള്ളതാണിതിന്റെ കാരണം. ഇതിൽ ഒളിഞ്ഞിരിക്കുന്നത് സ്ത്രീ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല.

സമതാ പാർട്ടിയുടെ മുൻ പ്രസിഡന്റാണ് ലേഖിക

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ