scorecardresearch
Latest News

സിംഹക്കൂട്ടിലകപ്പെട്ട അഭയാർത്ഥികൾ

റോഹിങ്ക്യൻ വംശജരുടെ ചരിത്രവും വർത്തമാനവും ഇന്ത്യൻ ബന്ധവുമെല്ലാം ചെന്നൈയിലെ ബർമ്മ ബസാറിന്റെ പശ്ചാതലത്തിൽ സാഹിത്യകാരനായ ലേഖകൻ എഴുതുന്നു

സിംഹക്കൂട്ടിലകപ്പെട്ട അഭയാർത്ഥികൾ

അതിർത്തികളിലെ “അഴുക്ക്” 
“എന്താണ്അഴുക്ക്?”
രണ്ട്  വസ്തുക്കൾ പരസ്പരം തൊടുമ്പോൾഅവശേഷിക്കുന്ന അടയാളമാണത്.  വസ്തുക്കൾഅങ്ങോട്ടുമിങ്ങോട്ടുമൊക്കെ സ്പർശിച്ചിരുന്നു എന്നതിന്റെ തെളിവ്.”

Sauna(Filth/2008) എന്ന ഫിന്നിഷ് ‌സിനിമയിലെ സംഭാഷണ ശകലമാണ്  മുകളിൽകൊടുത്തിരിക്കുന്നത്. റഷ്യയും സ്വീഡനുമായി പത്തിരുപത്തിയഞ്ച്  വർഷത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിച്ചതിന്  ശേഷം സമാധാന ഉടമ്പടിയുടെ  ഭാഗമായി അതിർത്തി നിർണ്ണയിക്കാനുള്ള സംഘത്തിന്റെ ഭാഗമാകുന്ന രണ്ട്   സഹോദരമാരുടെ കഥയാണ് ‌പ്രമേയം. മൂത്തവൻ പടയാളിയാണ്. വർഷങ്ങളോളം തുടർന്ന യുദ്ധത്തിൽ പങ്കാളിയായവൻ. യുദ്ധം നിലച്ചപ്പോൾ വാളും കൈയ്യിൽപിടിച്ച് എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയവൻ. ഇളയവൻ ഭൂമിശാസ്ത്രം, ഭൂപടനിർ‌മ്മാണം എന്നിവയിൽവൈദഗ്ദ്ധ്യമുള്ളവനാണ്. ആ യുദ്ധങ്ങളും, പഠനോപകരണങ്ങളും ഒക്കെ കോപ്പുകൂട്ടി അവരുടെ സം‌ഘം നയിക്കുന്ന യാത്രയിൽ പ്രേതങ്ങൾ  ഇടപെടുന്നതോടെ കഥയിൽ വഴിത്തിരിവുണ്ടാകുന്നു. അധികാരത്തിനും അതിർത്തികൾക്കും വേണ്ടിയുള്ള സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവശേഷിപ്പ് ഭയമായി മാറുന്ന അവസ്ഥയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്ന സിനിമയിലാണ് പരസ്പരം തൊട്ടുകിടക്കുന്ന, തൊട്ടതിന്റെ പേരിൽ അഴുക്കും അതിർത്തിയുമുണ്ടാകുന്ന രാജ്യങ്ങളുടെ അവസ്ഥയെ ചെറിയൊരു സംഭാഷണം കൊണ്ട് അടയാളപ്പെടുത്തുന്നത്. മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും അതുമായി ബന്ധപ്പെട്ട പലായനങ്ങളും ശ്രദ്ധയിൽപെട്ടപ്പോൾ ആദ്യമായി മനസ്സിൽ തെളിഞ്ഞതും ഈ ശബ്ദശകലമാണ്.

ഇന്ത്യയും ചൈനയും ബംഗ്ലാദേശും തായ്‌ലാന്റുമായൊക്കെ അതിർത്തി പങ്കിടുന്ന രാജ്യമാണ് ‌മ്യാൻമർ അഥവാ ബർമ്മ. റോഹിങ്ക്യൻ ജനവിഭാഗം ബംഗ്ലാദേശിൽ നിന്നും   കുടിയേറിയവരാണെന്ന വാദത്തിന്മേലാണ് അവർക്കെതിരെ വംശീയകലാപം ആരംഭിക്കുന്നത്. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നൂറ്റാണ്ടുകളായി കുടിയേറ്റം നടക്കുകയും, ആഭ്യന്തരപ്രശ്നങ്ങൾ മൂലം പല കാലങ്ങളിലായി പലയിടത്തേയ്ക്ക് പലായനങ്ങളുണ്ടാകുകയും ചെയ്തൊരു രാജ്യത്തെ സംബന്ധിച്ചാണ് ഇത്തരമൊരുവാദമുയരുന്നതെന്നാണ്  കൗതുകകരമായകാര്യം.

ഒമ്പതാം നൂറ്റാണ്ട്  മുതൽ ഇസ്‌ലാം മതത്തിന്റെ സാന്നിദ്ധ്യമുള്ള രാജ്യമാണ് ബർമ്മ. അറബ്  വ്യാപാരികൾ  വഴി ഇസ്‌ലാമുമായി ബന്ധപ്പെട്ട റോഹിങ്ക്യകൾ പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പടിഞ്ഞാറൻ ബർമ്മയ്ക്കും ബംഗാളിനും സമീപത്തുള്ള അറാക്കൻ പ്രദേശത്തുവസിക്കുന്നു. 1700കളുടെ അവസാനത്തിൽ ബർമ്മയിലെ രാജാവ് അറാക്കൻ പ്രദേശം ആക്രമിച്ച്  കീഴ്പ്പെടുത്തിയതോടെ അവിടെ നിന്നുള്ള നിരവധിപേർക്ക്   ബംഗാളിലേയ്ക്ക് പലായനം ചെയ്യേണ്ടതായിവന്നു.  അക്കാലത്ത് ഇന്ത്യ-പാക്കിസ്ഥാൻ-ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡം പിരിഞ്ഞിട്ടില്ലായിരുന്നു എന്നതോർക്കണം.

ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ ഉദ്യോഗസ്ഥനും പിന്നീട്  ബംഗാൾ ഗവർണ്ണറുമായിത്തീർന്ന ഹിറാംകോക്സാണ്   അഭയാർത്ഥികൾക്കായി പുനരധിവാസ സൗകര്യങ്ങൾ ഒരുക്കിയത്.   തുടർന്ന് ആസാമും മണിപ്പൂരും ചിറ്റഗോംഗും  ധാക്കയും ‌മുർഷിദാബാദുമെല്ലാം തർക്കവിഷയമായപ്പോൾ പ്രവിശ്യകൾ പിടിച്ചടക്കലും അതിർത്തിതർക്കങ്ങളുമെല്ലാം മൂർച്ചിച്ച് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുമായി മൂന്ന് ‌യുദ്ധങ്ങൾ നടത്തി  ബർമ്മ. മൂന്നാമത്തെ യുദ്ധത്തിലെ പരാജയത്തെതുടർന്ന് ആ രാജ്യം ‌പൂർണ്ണമായും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി, അതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്  വലിയതോതിൽ കുടിയേറ്റവുമുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ ബർമ്മീസ്  ജനസംഖ്യയുടെ പകുതിയോളം ഇന്ത്യക്കാരാകുന്ന അവസ്ഥവരെയുണ്ടായി.

Photo: AP

രണ്ടാം ലോക മഹായുദ്ധകാലത്ത്  ജപ്പാൻ ആക്രമിച്ചപ്പോൾ റോഹിങ്ക്യകൾ ബ്രിട്ടനെയും ഭൂരിപക്ഷമതക്കാരായ ബുദ്ധമതക്കാർ ജപ്പാനെയും പിന്തുണച്ചതോടെയാണ് ‌വംശീയകലാപങ്ങൾക്ക് തുടക്കമായത്. ബർമ്മീസ് ദേശീയവാദികളിൽ നിന്ന് റോഹിങ്ക്യകൾക്കു നേരെ ആക്രമണങ്ങളുണ്ടായി. ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ ബർമ്മ പിന്നെയും  ‌ബ്രിട്ടീഷ് ‌കോളനിയായിതുടർന്നു.  ഇന്ത്യയ്ക്ക് ‌സ്വാതന്ത്ര്യം നൽകിയി നാലുമാസത്തിനുശേഷം ബ്രിട്ടീഷുകാർ ബർമ്മയിൽ നിന്നും ഒഴിഞ്ഞുപോയെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലായിരുന്നു. അറാക്കൻ പ്രദേശം പാക്കിസ്ഥാനിൽ ചേരണമെന്ന്  ചിലവിഭാഗങ്ങൾ ആവശ്യമുന്നയിച്ചതോടെ കലാപങ്ങളും അടിച്ചമർത്തലുകളുമൂണ്ടായി.

അതിന്, ശമനമുണ്ടായതിനെ തുടർന്നൊരു‌ പതിനഞ്ചുകൊല്ലംകൂടി  കാര്യങ്ങൾ വലിയകുഴപ്പമില്ലാതെ നീങ്ങി.  വംശീയപദവികളും പൗരത്വവുമെല്ലാം അംഗീകരിക്കുന്ന നിലപാടാണ്  ബർമ്മീസ്  പ്രധാനമന്ത്രിമാർ സ്വീകരിച്ചതെങ്കിലും 1962ൽ സൈനിക അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ ജനറൽ നെവിൻ രാജ്യത്ത് ആദ്യമായി നടപ്പിലാക്കാൻ ശ്രമിച്ചത് സ്വദേശിവാദവും ദേശസാൽക്കരണവുമായിരുന്നു. ബർമ്മീസ് ‌വംശജരല്ലാത്തവരെയെല്ലാം രാജ്യത്തുനിന്ന്  കുടിയൊഴിപ്പിക്കാൻ പട്ടാളവും തദ്ദേശീയരും കൈകോർത്ത് ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇന്ത്യൻ ‌വംശജരുൾപ്പെടെ ലക്ഷക്കണക്കിനാളുകൾക്ക്  രായ്ക്കുരാമാനം നാടുവിടേണ്ടിവന്നു. തുടർന്ന് 1978ലെ ഓപ്പറേഷൻ കിംഗ്ഡ്രാഗൺ എന്ന ക്രൂരമായ സൈനികനീക്കത്തിലൂടെ പടിഞ്ഞാറൻ അറാക്കൻ പ്രദേശത്തുള്ള രണ്ടു ലക്ഷത്തിൽപരം റോഹിങ്ക്യകളെ നാടുകടത്തി.  1982ൽ  ബർമ്മയിൽ ‌പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ‌അതിലുൾപ്പെട്ട നൂറ്റിമുപ്പതിൽപരം ഗോത്രങ്ങളിൽ റോഹിങ്ക്യകളെ ഉൾപ്പെടുത്തിയില്ല. ചുരുക്കിപ്പറഞ്ഞാൽ, ഏറെക്കാലമായി ആ പ്രദേശത്തു ജീവിച്ചിരുന്നവർക്ക് ഒറ്റയടിയ്ക്ക് ‌പൗരത്വം നഷ്ടമായി.

തുടർന്നിങ്ങോട്ട്  ആ രാജ്യത്തെ ഭൂരിപക്ഷമായ ബുദ്ധമതക്കാരുടെ വംശീയപീഡനങ്ങൾക്ക് ഇരയാണ്    റോഹിങ്ക്യൻജനത. തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനായി ചില റോഹിങ്ക്യൻ സംഘടനകളും, നേരിയ രീതിയിലെങ്കിലും ‌പ്രത്യാക്രമണങ്ങൾക്ക് ശ്രമങ്ങളുമൊക്കെ ഉണ്ടായെങ്കിലും കാര്യമായ ചെറുത്തു നിൽപ്പിനാകാതെ അഭയാർത്ഥികളാകേണ്ട അവസ്ഥയാണ് തുടർന്നു പോരുന്നത്.

ഞാൻഈകുറിപ്പെഴുതുന്നത്ചെന്നൈയിലിരുന്നാണ്. ഇവിടെ ബർമ്മബസാർ എന്നൊരു ചെറുകിട കച്ചവടകേന്ദ്രമുണ്ട്. അതുണ്ടായതിന്റെ ചരിത്രമിങ്ങനെയാണ്.പേർഷ്യയും  ദുബായിയുമൊക്കെ ‌‌പണം വാരാനുള്ള‌ സ്വപ്നഭൂമിയാകുന്നതിനും മുമ്പുള്ള തലമുറകൾ പെട്ടിയും പൊക്കണവുമെടുത്ത്ക കരയും കടലും താണ്ടി ചിതറിയെത്തിയിരുന്നത്  സിലോണിലും മലേഷ്യയിലും സിങ്കപ്പൂരിലും ബർമ്മയിലുമൊക്കെയായിരുന്നു. നിർമ്മാണത്തൊഴിലാളികളായും കണക്കപ്പിള്ളമാരായും സാങ്കേതികവിദഗ്ദരായും കൃഷിക്കാരായും സൈനികരായുമെല്ലാം ലക്ഷക്കണക്കിന് ഇന്ത്യക്കാർ ബ്രിട്ടീഷ് കോളനിയായ  ബർമ്മയിലെത്തി. എന്നാൽ ‌പട്ടാള അട്ടിമറിയ്ക്ക് ​ശേഷമുണ്ടായ വംശീയ  കലാപത്തിനിടെ പലായനം ചെയ്ത ആയിരക്കണക്കിന് ഇന്ത്യൻവംശജരെ കാണാതായി, പലരും മരണപ്പെട്ടു. ‌പ്രതിഷേധങ്ങൾ ശക്തമായതോടെ, ചൈനയുമായുള്ള യുദ്ധത്തിന്റെ മുറിവുണങ്ങുന്നകാലമായിരുന്നിട്ടും, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്രു അവശ്യം വേണ്ടുന്ന ‌നടപടികൾ കൈക്കൊണ്ടു.  അഭയാർത്ഥികളെ രക്ഷിയ്ക്കാൻ വിമാനങ്ങളും കപ്പലുകളുമയച്ചു. തങ്ങളുടെ അദ്ധ്വാനമായ കൃഷിയിടങ്ങളും തോട്ടങ്ങളും കച്ചവടസ്ഥാപനങ്ങളുമുപേക്ഷിച്ച് ലക്ഷക്കണക്കിന് ആളുകൾ ‌മടങ്ങിയെത്തി. കൈയ്യിൽ കിട്ടിയതെടുത്ത് ബർമ്മയിൽനിന്ന് ‌രക്ഷപ്പെട്ടുവന്നവരിൽ വർഷങ്ങളോളം നെൽക്കൃഷിക്കാരായും തോട്ടംതൊഴിലാളികളായും ‌പണിയെടുത്തവരുണ്ടായിരുന്നു.

മദ്രാസിലെത്തിയ അവരിലൊരുവിഭാഗം പകച്ചുനിന്നു. ചിലർ പട്ടിണി മാറ്റാനായി വഴിയരികിൽ ഒരിടത്ത്  നിരയായി ഇരുന്ന്  തങ്ങളുടെ കൈയ്യിലുള്ള പണിയായുധങ്ങളും വസ്ത്രങ്ങളുമെല്ലാം വിൽക്കാനാരംഭിച്ചു. അവരെ അവിടെനിന്ന് ആട്ടിയോടിക്കുകയോ, താന്താങ്ങളുടെ ഇടങ്ങളിലേയ്ക്ക്  മടങ്ങിപ്പോകണമെന്ന്  ഭീഷണിപ്പെടുത്തുകയോഅല്ല  അന്നത്തെ സർക്കാർ ചെയ്തത്. പകരം അവർ അവിടെത്തന്നെ കച്ചവടം ചെയ്തു ജീവിച്ചു പോകട്ടെയെന്നു കരുതി. അങ്ങനെ അന്നവർക്ക് സർക്കാർ അനുവദിച്ച ആശ്വാസമാണ്   ചെന്നൈയിലെ ഈ ബർമ്മ ബസാർ.

Photo: AP

ആശയറ്റ് ‌മടങ്ങി വന്നവരാകട്ടെ നിരനീളമുള്ള കൊച്ചുകച്ചവടമുറികളിൽ ഇടംകിട്ടിയപ്പോൾ പലതും വാങ്ങിയും  വിറ്റും ജീവിതം മുന്നോട്ട് നയിച്ചു. അവരുടെ പിൻതലമുറകൾ ഇപ്പോഴും അവിടങ്ങളിലുണ്ട്. റോഹിങ്ക്യൻ അഭയാർത്ഥികളെപ്പറ്റി ചർച്ചകൾ നടത്തുമ്പോൾ ഈ ‌പഴയകാല ചരിത്രമാണ് അതിർത്തി രാജ്യങ്ങളിലെ ഭരണകർത്താക്കളും രാഷ്‌ട്രീയനേതാക്കളും നയതന്ത്ര ഉദ്യോഗസ്ഥരുമൊക്കെ  ഓർക്കേണ്ടത്.

ഒരു സിനിമാ സംഭാഷണത്തിൽ നിന്നാണല്ലോ ഈ കുറിപ്പ് തുടങ്ങിയത്, അതിനാൽ തന്നെ മറ്റൊരു സിനിമാ സംഭാഷണത്തിൽ നിർത്താം. ഹാസ്യാഭിനയ ജോടികളായ ലൊറേൽ-ഹാർഡിമാരുടെ Utopia(Atoll K/1951)എന്ന സിനിമയിൽ ഒരു കഥാപാത്രമുണ്ട്. സ്വന്തമായി രാജ്യമോ പൗരത്വമോ പാസ്പോർട്ടോ ഇല്ലാത്തതിനാൽ എല്ലായിടത്തുനിന്നും പുറന്തള്ളപ്പെടുകയും, കപ്പലിൽ കയറ്റുന്ന മൃഗങ്ങളുടെ കൂടുകളിൽ കയറിപ്പറ്റിക്കൊണ്ട് മറ്റൊരു രാജ്യത്തേയ്ക്ക് അനധികൃതമായി കടക്കാനായി ശ്രമിക്കുകയും ചെയ്യുന്നൊരാൾ. കുരങ്ങുകളുടെ കൂട്ടിൽ നിന്ന് പോലീസ് പിടി കൂടുമ്പോൾ താനും ഒരു  കുരങ്ങനാണെന്നാണ് അയാൾ സ്വയം സാക്ഷ്യപ്പെടുത്തുന്നത്.

ആ മനുഷ്യൻ തന്റെ കപ്പലിൽ കയറിയിട്ട്  മാസങ്ങളായെന്നും പെട്രയിലും കോവാക്കിലും നാഗസാക്കിയിലും സിഡ്നിയിലും ബ്രൂക്ക്‌ലിനിലുമൊക്കെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഒരു നടപടിയുമായില്ലെന്ന് കപ്പിത്താനും സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി രാജ്യമില്ലാത്തതിനാൽ രേഖകളില്ലെന്നും, രേഖകളില്ലാത്തതിനാൽ ഒരുരാജ്യത്തും കയറാനാകുന്നില്ലെന്നതുമാണ് അയാളുടെ പ്രശ്നം. അതുകൊണ്ട്  തന്നെ അയാൾക്ക്  തുടർന്നും മൃഗക്കൂടുകളിൽ കയറിപ്പറ്റി തുറമുഖങ്ങളിൽ നിന്നും തുറമുഖങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ടി വരുന്നു.

ഉട്ടോപ്യ എന്ന സിനിമയുടെ അന്ത്യഭാഗത്ത് അയാളുടെ മരണത്തെക്കുറിച്ച് സൂചനയുണ്ട്.  ‘ഇത്തവണ അയാൾ  തെറ്റായ കൂട്ടിലാണ് കയറിപ്പറ്റിയതെന്ന് തോന്നുന്നു’ എന്ന ശബ്ദശകലത്തോടൊപ്പം  സിംഹത്തിന്റെ കൂട്ടിൽ അയാളുടെ ഷൂസുകളും വസ്ത്രങ്ങളും മാത്രം കാഴ്ചയിൽ തെളിയുന്നു. റോഹിങ്ക്യകളിപ്പോൾ അത്തരമൊരു സിംഹക്കൂട്ടിലാണ് പലായനം നടത്തുന്നത്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: No country for rohingyas devadas vm