ഹരിഗോവിന്ദന്‍

വനാന്തരങ്ങളിലെ മനുഷ്യരൂപികള്‍ മൃഗങ്ങളുടെ തോല്‍ വസ്ത്രമായി ഉപയോഗിച്ചതിന്‍റെ ഭാഗമായി എപ്പോഴോ ഒരു തോല്‍, ഉള്ളു പൊള്ളയായ വൃക്ഷത്തടിയില്‍ (മുളയില്‍) ഉണക്കാനിടുകയും ആ കുറ്റിയില്‍ വലിഞ്ഞു കിടക്കുന്ന തോലില്‍ അറിയാതെ തട്ടുകയോ അതിലേക്കു വല്ലതും വന്നു വീഴുകയോ ചെയ്തപ്പോൾ ആവാം ആദ്യത്തെ തുകല്‍ വാദ്യം (skinned instrument) ആവിര്‍ഭവിച്ചത് എന്ന ഒരു അതി ഭാവുകത്വത്തോടെ വിഷയം തുടങ്ങാം.

കാട് വിട്ട് നാടാവുന്ന പ്രക്രിയയും ആദ്യത്തെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനവുമായ കൃഷിയുടെ ഭാഗമായി വികസിച്ച വാദ്യ സംസ്കൃതി ആണ് രണ്ടാം പാദം. വിള നശിപ്പിക്കാന്‍ വന്ന കാട്ടു ജീവികളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ കെട്ടിയുണ്ടാക്കിയ ‘ഏറു’മാടത്തില്‍ ഇരുന്ന് കല്ല് എറിയുന്നതോടൊപ്പം ഇത്തരം വാദ്യങ്ങളില്‍ കൊട്ടി വലിയ ശബ്ദമുണ്ടാക്കി മൃഗങ്ങളെ പേടിപ്പിച്ച് ഓടിക്കുന്നതിനും തുകലൊട്ടിച്ച വാദ്യങ്ങള്‍ വികസിപ്പിച്ചെടുത്തു. ”വെടിക്കെട്ടുകാരന്‍റെ വീട്ടിലെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കണ്ടാ” തുടങ്ങിയ ചരിത്രമുറങ്ങുന്ന ചൊല്ലുകള്‍ വരെ ഉണ്ടായി.

ഈ ചൊല്ലുകളിലേക്കുള്‍ചേര്‍ക്കാവുന്ന വിധം ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ ലേഖനത്തിന്‍റെ തലക്കെട്ട് ”മാപ്പിളയില്ലെങ്കില്‍ മാരാര്‍ കൊട്ടുമോ”എന്നായിരുന്നു. അശനിപാതംപോലെ ഇതാ ആ ലേഖനത്തിലെ കാര്യങ്ങള്‍ ഒക്കും വിധം കേന്ദ്രസര്‍ക്കാരിന്‍റെ ബില്‍ അവതരണം!

കാട്ടിലും കാവിലും കൊട്ടുകയും പാടുകയും ചെയ്തിരുന്ന മാംസാഹാരികളേയും അവരുടെ വാദ്യങ്ങളേയും ക്ഷേത്രങ്ങളിലേക്ക് ദത്തെടുത്ത് അവരെ പ്രത്യേക ജാതി കല്‍പിച്ച് നിയമനം നടത്തപ്പെട്ടവരാണ് മാരാരും പൊതുവാളുമായ ക്ഷേത്ര വാദ്യക്കാര്‍ എന്ന് സാമാന്യയുക്തിയില്‍ മനസിലാവുമല്ലോ. ക്ഷേത്രവൃത്തിയിലെത്തുമ്പോൾ അവര്‍ ശുദ്ധ സസ്യാഹാരികള്‍ ആയിരിക്കണമെന്ന് ക്ഷേത്രകാര്യങ്ങളില്‍ അവസാനതീര്‍പ്പുകാരായ തന്ത്രിമാരോ ക്ഷേത്ര ഉടമകളോ നിര്‍ബന്ധിച്ചിരിക്കാം. എന്നിട്ടും കോഴിക്കോടിനു വടക്കോട്ടുള്ള മാരാര്‍ സമുദായക്കാരില്‍ നമ്പൂതിരി സംബന്ധാദി മാറ്റങ്ങള്‍ വന്നിട്ടില്ലാത്ത നല്ലൊരു ശതമാനം മാരാന്‍മാര്‍ ഇപ്പോഴും മാംസാഹാരികള്‍ ആയി തുടരുന്നു; മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉള്‍പ്പെടെ.

ക്ഷേത്രത്തിലെ വാദ്യങ്ങളൊന്നും കഴിഞ്ഞ 50 വര്‍ഷങ്ങളെങ്കിലുമായി അതിന്‍റെ പ്രയോക്താക്കളല്ല നിര്‍മിക്കുന്നത്. അവര്‍ക്ക് അവയുടെ ചെറിയ ചില അറ്റകുറ്റപ്പണികള്‍ മാത്രമേ അറിയാവൂ. കൃത്യമായി പറഞ്ഞാല്‍ ഇടക്കയിലെ തോലിനു കേടുവന്നാല്‍ മാറ്റാന്‍ മാത്രമേ പ്രയോക്താക്കള്‍ക്കു സാധിക്കൂ. ചെണ്ട ഉള്‍പ്പെടെ ബാക്കിയെല്ലാ വാദ്യങ്ങളുടെയും തോല്‍ വാദ്യത്തില്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെ മുഴുവന്‍ ജോലിയും ആശാരി, തോല്‍ക്കൊല്ലന്‍, തയ്യല്‍ക്കാര്‍ തുടങ്ങിയ വിവിധ വൈദഗ്ധ്യമുളളവർക്ക് മാത്രമേ സാധിക്കൂ.

ഒരു ചെണ്ടയുണ്ടാവാന്‍ രണ്ടു പശുവിന്‍റെയെങ്കിലും പുറം തോല്‍ വേണം. പോത്ത്, കാള എന്നിവയുടെ പുറം തോലും ഇതിന് ഉപയോഗിക്കുന്നു. ഇതില്‍ ഏത് മൃഗത്തിന്‍റെ തോലാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രയോക്താക്കള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അറവു ശാലകളില്‍ നടക്കുന്ന അറവുകളുടെയും കേരളത്തിലെ ചെണ്ടപ്രയോക്താക്കളുടെ എണ്ണത്തിന്‍റെയും അനുപാതം നോക്കിയാല്‍ 85 ശതമാനം  ചെണ്ടകളിലും പോത്തിന്‍ തോലാണെന്ന് അനുമാനിക്കാം. പശുവിന്‍ തോലേ ക്ഷേത്രത്തിനകത്ത് ഉപയോഗിക്കാവൂ എന്നൊക്കെ പറയുമെന്നത് മറ്റൊരു ഹാസ്യം.
ഒരു മദ്ദളമുണ്ടാക്കാന്‍ രണ്ടു പോത്തിന്‍റെ തോലെങ്കിലും വേണം. അതിന്‍റെ കൊട്ടുന്ന ഭാഗവും രണ്ടു മുഖങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വാറും (കയര്‍) എല്ലാം തോലാണ്!

ഇടക്കയില്‍ പശുവിന്‍റെ/കാളക്കുട്ടിയുടെ വയറിനകത്തെ ചാണകപ്പെട്ടിയുടെ(വന്‍കുടലെന്നോ ആമാശയമെന്നോ വിളിക്കാവുന്ന ഭാഗം) തോലാണ് ഉപയോഗിക്കുക. പൊതി, ചവ്വ്, ഉള്ളൂരി, ഒതളി എന്നീ പേരുകളിലും ഈ തോല്‍ അറിയപ്പെടുന്നു. ബോട്ടി ഫ്രൈ ആയി കഴിക്കുന്നതിന്‍റെയൊക്കെ അടുത്തുള്ള ഭാഗമാണിത്. ചില വിദഗ്ദര്‍ ഏഴു അടുക്കുകളായി ചീന്തി വേര്‍തിരിച്ചെടുത്താണ് ഇതുണ്ടാക്കുക എന്നും കേട്ടിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്ര ജീവനക്കാരായ അമ്പലവാസികള്‍ അഥവാ അന്തരാള വിഭാഗങ്ങളെല്ലാം ശുദ്ധ സസ്യാഹാരികള്‍ ആവണമെന്നാണ് നിയമമെങ്കിലും എല്ലാ ക്ഷേത്രവാദ്യങ്ങളും purely non vegetarian ഉല്‍പന്നങ്ങളാണ് എന്നതാണ് വൈരുദ്ധ്യം. ധനികരുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന പശുക്കള്‍ പ്രായാധിക്യത്താല്‍ ചത്തുപോയാല്‍ അവിടുത്തെ കാര്യസ്ഥന്‍ അപ്രദേശത്തെ പറയ സമുദായക്കാരുടെ കുടിലില്‍ വിവരമറിയിക്കും. പറയന്‍ (പറകൊട്ടുന്നവന്‍, പറയുന്നവന്‍ എന്നൊക്കെ അര്‍ഥമുണ്ടാവാം) (പറയന്‍/പാക്കനാര്‍)‍ വന്ന് ചത്ത പശുവിനെ വലിച്ച് കുടിലില്‍ കൊണ്ടുപോയി അതിന്‍റെ മാംസം ഉപ്പിട്ടുണക്കി ഭക്ഷണത്തിനായി സൂക്ഷിക്കും. തോലുകൊണ്ട് വാദ്യങ്ങളും എല്ലുകളാല്‍ ആഭരണങ്ങളും ഉണ്ടാക്കും. ബാക്കി കുഴിച്ചു മൂടും. അത്ര കൈവേല വിദഗ്ദരായിരുന്നു ആ സമുദായം.”പശു ചത്താല്‍ പറയന്”എന്നൊരു ചൊല്ലു തന്നെ വള്ളുവനാട്ടില്‍ പ്രസിദ്ധമായിരുന്നു.

ഒരു ചെണ്ടയിലെയോ മദ്ദളത്തിലേയോ തോല്‍ പരമാവധി രണ്ടു വര്‍ഷത്തോളമേ നില്‍ക്കൂ. പിന്നീട് മാറ്റണം. അപ്രകാരം ചിന്തിച്ചാല്‍ കേരളത്തിലെ ഇന്നു പ്രയോഗിക്കുന്ന ഒരു വാദ്യത്തിലെയും തോല്‍ വളര്‍ത്തു പശുക്കളുടെതല്ല. അറവുശാലകളില്‍ നിന്നു കിട്ടിയ തോലാണ്. നമ്പൂതിരി ഉള്‍പ്പെടെ ഉള്ളോര്‍ ഇക്കാലത്ത് മാംസം കഴിക്കുന്നവരായി കേരളത്തില്‍ ഉണ്ടെങ്കിലും ആരാണ് അറവുശാല നടത്തുന്നതും അറവു നടത്തുന്നതും? നാരായണന്‍ നമ്പൂതിരിയോ, കൃഷ്ണന്‍ മാരാരോ, കേശവ വാര്യരോ, രാഘവന്‍ നായരോ അവരുടെ മക്കളോ അല്ലല്ലോ? 90 ശതമാനം  അറവു ശാലകളും നടത്തുന്നതും ഇസ്മയില്‍, ബഷീര്‍, അലവി, മുസ്തഫ എന്നീ പേരുകളിലുള്ള ഇസ്ലാമിക സഹോദരങ്ങളും ബാക്കി പന്നിയെ കൊല്ലുന്ന അറവുശാലകള്‍ ഉള്‍പ്പെടെ ഉള്ള ചെറു ശതമാനം ജോര്‍ജും ജോസഫും മത്തായിയുമായ കൃസ്തീയ സഹോദരങ്ങളുമാണ്…! അതായത് ഇവരുടെ അറവുശാലകളില്‍ നിന്ന് മാംസമൊട്ടി നില്‍ക്കുന്ന ദുര്‍ഗന്ധമാര്‍ന്ന തോല്‍ വാങ്ങിക്കൊണ്ടുപോയി പറയരും ചക്ലിയരും തോല്‍ക്കൊല്ലന്‍മാരും അവരുടെ ഭാര്യമാരുമൊക്കെ ശുദ്ധീകരിച്ച്, പാലക്കാട് പെരുവെമ്പ് പോലുള്ള വാദ്യനിര്‍മാണ കേന്ദ്രങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും ലഭ്യമാക്കുന്ന തോലാണ് ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങളിലെ ”പരിശുദ്ധമായ”(!!!) പാണി കൊട്ടുന്ന മരം ഉള്‍പ്പെടെ ഉള്ള വാദ്യങ്ങളില്‍ കിടക്കുന്നത്.

വളര്‍ത്തിയ പശുവിന്‍റെയല്ല കൊന്ന പശു, പശുക്കുട്ടി, കാള, പോത്ത്, ആട് (തബല,ഗഞ്ചിറ,ദഫ്,അറബന എന്നിവക്ക്) എന്നിവയുടെ തോലാണ് എന്നര്‍ഥം. കുറച്ച് മതഭ്രാന്തന്മാർ ചേര്‍ന്ന് നാളെ മുതല്‍ ഒരുത്തര്‍ക്കും അറവിന്‍റെ വേസ്റ്റ് ആയ തോല്‍ കൊടുക്കേണ്ട എന്നും പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങളനുസരിച്ച് അവ മണ്ണില്‍ കുഴിച്ചു മൂടിക്കളയാം എന്നും തീരുമാനിക്കുകയോ വന്‍കിട കമ്പനികള്‍ക്ക് തുകലുല്‍പന്നങ്ങളുണ്ടാക്കാനായി കൂടിയ വിലയ്ക്ക് വില്‍ക്കുകയോ ചെയ്താല്‍ കേരളത്തിലെ വാദ്യക്കാരുടെ കാര്യം ഗോവിന്ദ…ഗോവിന്ദ… വാദ്യത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന കഥകളി, കൂടിയാട്ടം, തുള്ളല്‍, സോപാനസംഗീതം തുടങ്ങി മുഴുവന്‍ കലാകാരന്മാരുടെയും കാര്യവും തഥൈവ.. ഈ തോലിനു പകരം സംവിധാനമുണ്ടാക്കാനോ തോലിന്‍റെ സുഗമമായ ലഭ്യത ഉറപ്പു വരുത്താനോ വേണ്ടി ഒന്നും ചെയ്യാതെ സ്വന്തം പിറന്നാളും വീരശൃംഖലയും ആഘോഷിച്ചു സ്വയം പൊക്കികളായി കഴിയുന്ന വങ്കരുണ്ടോ കഥയറിയുന്നു?

വാദ്യങ്ങള്‍ക്കുള്ള തോല്‍ പഴയതുപോലെ കിട്ടുമായിരിക്കും. പക്ഷെ കോര്‍പ്പറേറ്റുകള്‍ പാക്കറ്റിലാക്കി വിതരണം ചെയ്യുന്ന അവയുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കും. തുച്ഛ വരുമാനക്കാരായ വാദ്യക്കാര്‍ അതു വാങ്ങി ഉപയോഗിക്കാന്‍ പാടുപെടും. സ്വന്തമായി തോല്‍ ശുദ്ധീകരിച്ചെടുക്കാനറിയാവുന്നതും ക്ഷേത്രത്തിനകത്ത് വാദ്യപ്രയോഗം നിഷേധിക്കപ്പെട്ടതുമായ സമുദായങ്ങളില്‍പ്പെട്ട ചില മിടുക്കര്‍ അതീവ രഹസ്യമായി തോല്‍ ഉണ്ടാക്കി സ്വന്തം വാദ്യത്തിലൊട്ടിക്കും.

പക്ഷെ അവ പരസ്യമായി കൊട്ടാനെത്തുമ്പോള്‍ പിടിക്കപ്പെടും. അങ്ങനെ മര്‍ദ്ദനമേറ്റ് അവര്‍ കൊല്ലപ്പെടുമ്പോൾ കീറിയ തോലിലെ ഒരു തുണ്ടെടുത്ത് തന്‍റെ ഉടുക്കിലൊട്ടിക്കുന്ന പാണന്‍ നാടുനീളെ ഈ നീച കൃത്യങ്ങള്‍ പാടി നടക്കും. ഒരു ചാവേറായി…

മാരാര്‍ ക്ഷേമ സഭയും പൊതുവാള്‍ സമാജവും ക്ഷേത്ര വാദ്യപ്രയോഗം തങ്ങളുടെ മാത്രം അവകാശമെന്നു മിഥ്യാഭിമാനംകൊണ്ട് കുലത്തൊഴിലിന്‍റെ പേരില്‍ ദുരഭിമാനം കൊണ്ട് യോഗം സംഘടിപ്പിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് നിവേദനം നല്‍കി കാലക്ഷേപം ചെയ്യുമ്പോള്‍ കുലത്തൊഴിലിന്‍റെ ആധാരമായ വാദ്യത്തിനു തോല്‍ കിട്ടാനുള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പോലും ആവാതെ വിയര്‍ക്കും. തോല്‍ ശുദ്ധീകരിക്കുന്നവര്‍ ഹിന്ദുക്കളെങ്കിലും അത് അറവ് നടക്കുന്നിടത്തു നിന്ന് ഹിന്ദുക്കള്‍ക്ക് കൊടുക്കണോ വേണ്ടയോ എന്ന് അഹിന്ദുക്കള്‍ തീരുമാനിക്കും. തൃശൂര്‍പൂരം വരെ മുടക്കാന്‍, ഗുരുവായൂരിലെ നിത്യ കര്‍മങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാം അവര്‍ ഉറച്ചൊരു തീരുമാനമെടുത്താല്‍ സാധിക്കും. പത്മശ്രീക്കാരായ വാദ്യക്കാര്‍ അപ്പോഴും പത്മഭൂഷണ്‍ കിട്ടാന്‍ കേന്ദ്രത്തില്‍ പിടിയുള്ളോരുടെ പാദസേവയിലായിരിക്കും…!

അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സൈനികനേക്കാള്‍ വിലയുണ്ടാവും താനെ വീണു ചാവുന്ന പശുവിനും കാളക്കും. അതിന്‍റെ തോലിനു പറഞ്ഞ കാശു കിട്ടും വരെ. മധുര മനാജ്ഞ ചൈന കൃത്രിമ തോല്‍ ഇവിടേക്കൊഴുക്കും. പാരമ്പര്യവാദം പറഞ്ഞ് ക്ഷേത്ര ചടങ്ങുകള്‍ക്ക് മാരാരോ പൊതുവാളോ മാത്രം മതി എന്നു വാശിപിടിച്ചിരുന്ന തന്ത്രിമാര്‍ ക്രിയകള്‍ക്ക് അകംപടിയായി കൊട്ടു യന്ത്രങ്ങളെ സ്വീകരിക്കും. അപ്പോഴും മനുഷ്യരെ ജാതീയമായി വേര്‍തിരിച്ചു നിര്‍ത്തും. അല്ലെങ്കില്‍ സസ്യേതരമായ തുകല്‍ വാദ്യം ഇനിമുതല്‍ ക്ഷേത്രത്തിനകത്ത് വേണ്ടാ എന്ന് തന്ത്രി സമാജം തീരുമാനം പ്രഖ്യാപിക്കും. അഷ്ടപദിയുണ്ടായി പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള  കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നിലവില്‍ തോല്‍വാദ്യങ്ങളും തുകല്‍ സഞ്ചികളും പോലും നിഷിദ്ധമാണ്. കേരളത്തിലെ ക്ഷേത്ര വാദ്യ അവകാശത്തിന്‍റെ പേരില്‍ ഞെളിഞ്ഞ് സഹപ്രവര്‍ത്തകരായ വാദ്യക്കാരെ അപമാനിച്ചവര്‍ (ഗുരുവായൂരിലെ ബാബുവിന്‍റെ അനുഭവം ഉള്‍പ്പെടെ) ഇളിഭ്യരായി മറ്റു പണിക്കു പോകും. നിര്‍മാണ ശേഷം കൂത്തമ്പലത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരു മനുഷ്യക്കുട്ടിയെ ഉപനയനാദി കര്‍മങ്ങള്‍ ചെയ്ത് പൂണൂല്‍ അണിയിക്കുന്ന സമാന ക്രിയകള്‍ക്കു വിധേയമാകുമായിരിക്കും തോല്‍ വാദ്യവും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള theatre drum ആണ് മിഴാവ്. ആ മിഴാവിനു പിറകിലിരുന്ന് കുഞ്ചന്‍ നമ്പ്യാര്‍ ചിരിക്കും. അതിനല്‍പം പിറകിലായി നിന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറയും… ”ദയവുചെയ്ത് എത്രയും വേഗം ഈ കന്നുകാലി ബില്‍ നിയമമായി, കേരള വാദ്യക്കാര്‍ക്കുള്ള തോലിന്‍റെ ലഭ്യത പൂര്‍ണ‍മായും ഇല്ലാതാക്കി ഒരു പാഠം പഠിക്കാനുള്ള അവസരം ഇവിടുത്തെ വാദ്യ സംസ്കാര പാരമ്പര്യ വാദികള്‍ക്കുണ്ടാക്കൂ” എന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook