അസാധാരണനായൊരു രാഷ്ട്രീയക്കാരനാണ് നിതിൻ ഗഡ്‌കരി. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ഭക്ഷണപ്രിയനും, സ്റ്റൈലിഷ് ആയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവനും, ജീവിതം ആസ്വദിക്കുന്നവനുമായ ഒരാള്‍.

അതേ സമയം തന്നെ അദ്ദേഹമൊരു സ്വയംസേവകാണ്. ആർഎസ്എസിന്റെ പ്രിയങ്കരനാണ് എന്നും വിശ്വസിക്കപ്പെടുന്നു. തന്റെ നിയോജകമണ്ഡലത്തിന്റെ (മഹാരാഷ്ട്രയിലെ നാഗ്പ്പൂർ) ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റുന്നു. ആർഎസ്എസിനെയും, പാർട്ടി നേതാക്കളെയും പാർട്ടി പ്രവർത്തകരെയുമെല്ലാം സന്തോഷവാന്മാരാക്കി നിലനിര്‍ത്തുന്നു.

നാഗ്പൂര്‍ സ്വദേശികളാണ് ഗഡ്കരിയും ദേവേന്ദ്ര ഫഡ്‌നാവിസും. ഒരേ പ്രദേശത്തിന്റെയും, രാഷ്ട്രീയ അടിത്തറയുടെയും, പാർട്ടി നേതാക്കളുടെയും അണികളുടെയും പിന്തുണ കാംക്ഷിക്കുന്നവരാണ്. ഗഡ്‌കരി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും, എന്നാൽ നരേന്ദ്ര മോദി ആ പദ്ധതിയെ പൊളിച്ചു കൊണ്ട് തന്റെ വിശ്വസ്തനായ ഫഡ്‌നാവിസിനു ആ സ്ഥാനം നൽകിയെന്നുമാണ് മഹാരാഷ്ട്രയിലെ വര്‍ത്തമാനം. ഗഡ്കരിയുടെ ആഗ്രഹങ്ങൾക്ക് (അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍) തടയിടാനുള്ള സമർത്ഥമായ നീക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ നിയന്ത്രിച്ചു നിര്‍ത്താന്‍ അത്ര എളുപ്പമല്ലാത്ത നിതിൻ ഗഡ്‌കരി, വിലക്കുകള്‍ ഭേദിച്ച്, തനിക്കായി വേറിട്ടൊരു ഒരു പാത ഉണ്ടാക്കിയെടുത്തു.

Read More: ‘സ്വന്തം വീട് നോക്കാത്തവന് രാജ്യം നോക്കാനാവില്ല’; മോദിക്കെതിരെ നിതിന്‍ ഗഡ്കരിയുടെ ഒളിയമ്പെന്ന് ആരോപണം

ഗഡ്‌കരി ‘ജെംസ്’

മന്ത്രിയെന്നുള്ള നിലയിൽ തന്റെ വകുപ്പികളിലേക്ക് അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ പരക്കെ അറിയപ്പെടുന്നതാണ്. ഹൈവേ, റോഡ് ഗതാഗതം, ജല വിഭവങ്ങൾ, നദി വികസനം പ്രത്യേകിച്ചും ഗംഗ നദിയുടെ പുനരുജ്ജീവനം എന്നിവ ഉദാഹരണങ്ങളാണ്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹൈവേ നിര്‍മ്മാണം നല്ല രീതിയിൽ നടത്തുകയും, ജലവിഭവ വികസനത്തിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനം കാഴ്ച വയ്ക്കുകയും, ജലസേചന പദ്ധതികളിൽ തീർത്തും പുറകിലായിപ്പോവുകയും, ഗംഗയുടെ പുനരുജ്ജീവനം എന്നത് വെറും പ്രചാരണവുമായി നിലനിൽക്കുകയും ചെയ്തു.

ഓഫീസിന് പുറത്ത് അദ്ദേഹം തന്റെ നിലപാടുകൾ സ്പഷ്ടമായി തുറന്നടിച്ചു പറയുന്നു. “കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങള്‍ ‘അച്ഛേ ദിൻ’നെ ചൊല്ലിയുള്ള ചോദ്യങ്ങൾ ചോദിച്ചു ഞങ്ങളെ കുടുക്കുകയാണ്. ഞാൻ പറയുന്നതിനെ നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്. ‘അച്ഛേ ദിൻ’ എന്നൊന്ന് ഇല്ല. ‘അച്ഛേ ദിൻ’ ഒരു വിശ്വാസമാണ്. അങ്ങനെയൊന്നുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ അതുണ്ട്,” 2018 മാർച്ച് മാസം മാധ്യമങ്ങൾ സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

2018 ആഗസ്റ്റ് മാസത്തിൽ സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തി പ്രാപിച്ചു കൊണ്ടിരുന്നപ്പോൾ, “സംവരണം നൽകിയാൽ തന്നെ ഇവിടെ തൊഴിലില്ല. സാങ്കേതികവിദ്യയുടെ ഉപയോഗം കാരണം ബാങ്കുകളിൽ ഒഴിവില്ല. സർക്കാർ നിയമനം മരവിച്ച അവസ്ഥയിലാണ്,” എന്നാണദ്ദേഹം പ്രതികരിച്ചത്. സംവരണത്തിന് വേണ്ടി സംഘർഷം സൃഷ്ടിച്ചവരെയല്ല, മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത മോദി സർക്കാറിനെയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം വിമർശിച്ചതെന്നു പലരും സംശയിച്ചു.

സമർത്ഥമായി മെനഞ്ഞെടുക്കുന്ന പ്രസ്താവനകൾ കൊണ്ട് ഈ അടുത്ത കാലത്തായി ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട് ഗഡ്‌കരി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്‌ എന്നീ സംസഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഗഡ്കരിക്കു ഒരു വലിയ അവസരം നൽകി. അതദ്ദേഹം പാഴാക്കിയതുമില്ല. “വിജയങ്ങൾക്കു അനേകം പിതാക്കന്മാരുണ്ടാകും, എന്നാൽ പരാജയം എന്നും അനാഥനാണ്. വിജയമുണ്ടായാൽ അതിന്റെ അംഗീകാരം നേടിയെടുക്കാൻ വലിയൊരു മത്സരം തന്നെയുണ്ടാകും, പക്ഷേ പരാജയപ്പെടുമ്പോൾ എല്ലാവരും പരസ്പരം വിരൽ ചൂണ്ടും,” ഗഡ്‌കരി പറഞ്ഞു.

“തോൽവിയും പരാജയവും ഏറ്റെടുക്കാനുള്ളൊരു മനോഭാവം നേതൃത്വത്തിന് ഉണ്ടാവണം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തിടത്തോളം നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വസ്തത തെളിയിക്കപ്പെടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ലെ റിപ്പബ്ലിക്ക് ദിനത്തിൽ അദ്ദേഹം പിന്നെയും ഒരു തുറന്ന പരാമർശം നടത്തി. “സ്വപ്‌നങ്ങൾ കാട്ടിക്കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. പക്ഷേ ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കിൽ അവർ തന്നെ ഈ നേതാക്കളെ മെതിച്ചു കളയും.” അദ്ദേഹം പറഞ്ഞു.

 

വെല്ലുവിളിക്കുള്ള തയ്യാറെടുപ്പ്

നരേന്ദ്ര മോദിയാണ് ഗഡ്കരിയുടെ ലക്ഷ്യം എന്ന കാര്യത്തില്‍ ആരുടെ മനസ്സിലും സംശയമില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലോ, സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലോ, പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മോദിക്ക് ഗഡ്‌കരി വെല്ലുവിളിയുയർത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

മുൻപ് ബിജെപി പാർട്ടി പ്രസിഡന്റ് അമിത് ഷായെയും അദ്ദേഹം പരോക്ഷമായി ലക്ഷ്യം വെച്ചിരുന്നു. “ഞാൻ പാർട്ടി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ എന്റെ എംപി-മാരും, എംഎൽഎ-മാരും നല്ല പ്രകടനം കാഴ്ച വെച്ചില്ലെങ്കിൽ അതിന് ഉത്തരവാദി ആരാണ്? ഞാന്‍ തന്നെ,” 2018 ഡിസംബർ മാസം ഇരുപത്തി നാലാം തീയതി നടന്ന ഐബി എൻഡോവ്മെന്റ് ലെക്ചറിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ വേദിയില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയും അദ്ദേഹം ഒരു വെല്ലുവിളി ഉയർത്തുകയുണ്ടായി. “ഇന്ത്യൻ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് സഹിഷ്ണുതയാണ്. നന്നായി പ്രസംഗിക്കുന്നതു കൊണ്ടു മാത്രം നിങ്ങള്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. നിങ്ങൾ വലിയ വിദ്വാനായിരിക്കാം, പക്ഷേ ജനങ്ങൾ നിങ്ങൾക്ക് വോട്ട് തരില്ല. തനിക്കെല്ലാം അറിയാമെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. കൃത്രിമമായ വിപണനരീതികളിൽ നിന്ന് നമ്മൾ മാറി നിൽക്കണം.”

Read More:വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ ജനം പ്രഹരിക്കും; മോദിക്കെതിരെ വീണ്ടും നിതിൻ ഗഡ്കരിയുടെ ഒളിയമ്പ്

ബിജെപി പാർട്ടിയുടെ ഒരു വിമതൻ പറയേണ്ടതോ അല്ലെങ്കിലൊരു പ്രതിപക്ഷ നേതാവ് പറയേണ്ടതോ ആയിട്ടുള്ളതെല്ലാം ഗഡ്‌കരി ഇതിനോടകം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ‘പരാജയപ്പെട്ട സ്വപ്നവ്യാപാരി’ എന്ന് നരേന്ദ്ര മോദിയെ ഫലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് ഗഡ്‌കരി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിന് മോദിയെ അദ്ദേഹം അധിക്ഷേപിക്കുകയുമുണ്ടായി. പ്രധാനമന്ത്രി കൃത്രിമമായ വിപണന തന്ത്രങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നും, അദ്ദേഹം അസഹിഷ്ണുത വെച്ച് പുലർത്തുന്നുവെന്നും ഗഡ്‌കരി ആരോപിച്ചു. ഒരേ മന്ത്രിസഭയിലെ സഹപ്രവർത്തകനിൽ നിന്ന് വരുമ്പോൾ ഇത് തീർത്തും ശക്തമായ വാക്കുകളാണ്.

സ്‌തബ്‌ധരായ നേതൃത്വം

ഗഡ്‌കരി ഇത്രയൊക്കെ പ്രസ്താവനകൾ നടത്തിയിട്ടും ബിജെപി നേതൃത്വം പൊതുസമക്ഷം ഒരു വാക്ക് പറഞ്ഞിട്ടില്ല. ആർഎസ്എസും ഗഡ്കരിയെ ശാസിച്ചിട്ടില്ല. എങ്ങനെയാണ് ഈയൊരു സന്ദർഭത്തെ നേരിടുകയെന്നോർത്ത് എല്ലാരും അമ്പരന്നിരിക്കുകയാണ് എന്ന് വേണം കണക്കാക്കാൻ. ലോക് സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചോർത്തും ആശങ്കയുള്ള ഒരുപാട് നേതാക്കളുണ്ടെന്ന് (പ്രത്യേകിച്ച് ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പാർലമെൻറ് അംഗങ്ങൾ) പാർട്ടി നേതൃത്വത്തിന് അറിയാമെന്നുള്ളതാണ്, നടപടി എടുക്കുന്നതിൽ ഒരാശങ്ക സൃഷ്ടിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. 2014ലെ തെരഞ്ഞെടുപ്പിൽ ഈ നാല് സംസഥാനങ്ങളിലെ 145 സീറ്റുകളിൽ 135 സീറ്റുകളും ബിജെപിയും, ബിജെപിയുടെ യു.പിയിലെ സഖ്യ കക്ഷിയായ അപ്ന ദല്ലും ചേർന്ന് ജയിച്ചിരുന്നു. ജയിച്ച 135 സീറ്റുകളിൽ ഏതൊക്കെ തരത്തിൽ കണക്കുക്കൂട്ടിയാലും ഇത്തവണ 80 സീറ്റ് ബിജെപിയ്ക്ക് നഷ്ടപ്പെടും. ഗഡ്കരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആത്മാർത്ഥമായും ആഗ്രഹിക്കുന്നതും അത്തരമൊരു ഫലത്തിനായിട്ടായിരിക്കും. ആ നഷ്ടത്തിന്റെ മർമരം ദിവസം കഴിയും തോറും കൂടിക്കൂടി വരുന്നത്, ഗഡ്‌കരിക്കും അദ്ദേഹത്തിന്റെ സന്തുഷ്ടരായ അനുയായികൾക്കും ഒരു സംഗീതം പോലെ ചെവിയിൽ മുഴങ്ങുന്നുണ്ടാകും.

282 സീറ്റ്‌ എന്ന 2014ലെ ബിജെപി യുടെ വ്യക്തിഗത നേട്ടത്തിൽ ഇടിവ് വരാൻ സാധ്യതയുണ്ടെന്ന അഭിപ്രായം കൂടിക്കൂടി വരികയാണ് (ഏറ്റവും അടുത്തായി റാം വിലാസ് പാസ്വാൻ പറയുകയുണ്ടായി). ആ ഇടിവ് കൂടി വരും തോറും ‘ഗഡ്‌കരി ജെംസുക’ളുടെ വരവിന്റെ ആവർത്തനവും കൂടുമെന്ന കാര്യം ഉറപ്പിക്കാം.

Read in English Logo Indian Express

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ